Monday, February 13, 2012

ഖുര്‍ആനിലെ ബ്ലാക്ക് ഹോള്‍

ചിത്രത്തിലെ ഖുര്‍‌ആന്‍ വാക്യം രണ്ടുവട്ടം വായിക്കുക: "മനുഷ്യാ നീ ചിന്തിക്കുന്നതുപോലെയല്ല, ഞാന്‍ സത്യം ചെയ്യുന്നു, നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ'സ്ഥ'മിക്കുന്ന) ഒരു സ്ഥാനത്തെ ചൊല്ലി ഞാന്‍ സത്യം ചെയ്യുന്നു. (v:qur an:su: waqia)"

ഇനി, ഖുര്‍ആനിലെ Surah No.56 Waqia-ല്‍ ആ വാക്യം (75) ശ്രദ്ധിക്കുക. അതിങ്ങനെ: "അല്ല, നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെക്കൊണ്ടു്‌ ഞാന്‍ സത്യം ചെയ്തു്‌ പറയുന്നു."

വാക്യത്തില്‍ നിന്നും ഒട്ടും മുറിച്ചുമാറ്റിയിട്ടില്ല എന്നറിയാനായി അതിനു്‌ മുന്‍പും പിന്‍പുമുള്ള ഓരോ വാക്യങ്ങള്‍ കൂടി: "ആകയാല്‍ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക(74)". "തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണു്‌ (76)".

നക്ഷത്രങ്ങളുടെ അസ്തമനസ്ഥാനങ്ങളെ 'ബ്ലാക്ക് ഹോള്‍' ആക്കി മാറ്റി ഖുര്‍ആന്‍ ശാസ്ത്രീയമാണെന്നു്‌ വരുത്താന്‍ വ്യാഖ്യാതാവു്‌ പെടുന്ന പാടുകള്‍! 'ദൈവത്തിന്റെ' ഭാഷയില്‍ നക്ഷത്രങ്ങളുടെ "അസ്തമനസ്ഥാനങ്ങള്‍" ആയതിനെ വ്യാഖ്യാതാവിന്റെ വക്രബുദ്ധി "നക്ഷത്രങ്ങള്‍ പതിക്കുന്ന (വീഴുന്ന, അ'സ്ഥ'മിക്കുന്ന) 'ഒരു സ്ഥാനം'" ആക്കി മാറ്റുന്നു. നക്ഷത്രങ്ങള്‍ ചെന്നു്‌ പൊത്തോന്നു്‌ വീഴുന്ന കുഴിയും ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ചങ്ങാതി ശ്രദ്ധിച്ചിട്ടുണ്ടു്‌. വിശ്വാസികള്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നവരാണെന്നതിനാല്‍ ഹൈഡ്രജനും ഹീലിയവും തീര്‍ന്നു്‌ കാറ്റുപോയ ബലൂണ്‍ പോലെ ചുരുങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ ആകാശത്തുള്ള ഏതു്‌ അ'ഗാത'മായ കുഴിയിലേക്കാണു്‌ ചെന്നു്‌ വീഴുന്നതു്‌/പതിക്കുന്നതു്‌/അ'സ്ഥ'മിക്കുന്നതു്‌  എന്നു്‌ ചോദിക്കാതിരിക്കില്ലല്ലോ. വ്യാഖ്യാതാക്കള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ ദീര്‍ഘവീക്ഷണം ഉള്ളവരും മുന്‍കൂട്ടി ചിന്തിക്കുന്നവരുമാണു്‌.

എന്തിനു്‌ ഈ വളഞ്ഞ വഴികള്‍? അതും നീതിമാന്‍ എന്നു്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ നാമത്തില്‍? ഇത്തരം വഴികളിലൂടെ നടക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നാണോ? ഇക്കൂട്ടരാണു്‌ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നരകം തന്നെയാണു്‌ ഭേദം.

വേദഗ്രന്ഥത്തില്‍ ബിഗ് ബാംഗും ബ്ലാക്ക് ഹോളും ഒക്കെയുണ്ടെന്നു്‌ വ്യാഖ്യാനിച്ചൊപ്പിക്കാന്‍ നടക്കുന്നവര്‍ അതിലെ സാമാന്യബുദ്ധിക്കുപോലും മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും കാണുന്നില്ലെന്നുണ്ടോ?

Surah No.56 Waqia തുടങ്ങുന്നതിങ്ങനെയാണു്‌:  "ആ സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല."

ന്ന്വച്ചാല്‍, ഏതെങ്കിലുമൊരു സംഭവം സംഭവിച്ചുകഴിഞ്ഞാല്‍ അതിന്റെ സംഭവ്യതയെ, അതായതു്‌, അതു്‌ സംഭവിക്കാനുള്ള സാദ്ധ്യതയെ, നിഷേധിക്കുന്ന ആരും ഉണ്ടാവില്ല എന്നു്‌! കൊണ്‍ക്രീറ്റ് ആയി പറഞ്ഞാല്‍, ഒരു കെട്ടിടം വീണു്‌ തകര്‍ന്നുകഴിഞ്ഞാല്‍ അതു്‌ വീണു്‌ തകരാനുള്ള സാദ്ധ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടാവില്ലെന്നു്‌! ബ്ലാക്ക് ഹോള്‍ പോലെ അ'ഗാത'മായ ഈ സത്യം പറയുന്നതു്‌ മറ്റാരുമല്ല, ദൈവമാണു്‌.

ദൈവം ബ്ലാക്ക് ഹോള്‍ രഹസ്യം വെളിപ്പെടുത്തിയ ഈ അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്ന മറ്റു്‌ കാര്യങ്ങള്‍ കൂടി വായിച്ചാല്‍ ഇത്തരം ശാസ്ത്രരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്തുകൊണ്ടും യോഗ്യനായ ഒരു ദൈവം തന്നെയാണു്‌ അവന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ വഴിയില്ല. വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, (സത്യവിശ്വാസത്തിലും സല്‍പ്രവര്‍ത്തികളിലും) മുന്നേറി പരലോകത്തിലും മുന്നോക്കക്കാരായി 'സാമീപ്യം' നേടിയെടുത്തവര്‍. പൂര്‍വ്വികന്മാരില്‍ നിന്നു്‌ ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്നു്‌ കുറച്ചുപേരും അടങ്ങുന്ന ഇവരാണു്‌ സ്വര്‍ഗ്ഗത്തില്‍ സുഖിക്കാന്‍ പോകുന്നതു്‌! സ്വര്‍ണ്ണനൂലുകൊണ്ടു്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകള്‍, കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവുമായി ചുറ്റിനടക്കുന്ന നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍, പഴവര്‍ഗ്ഗങ്ങള്‍, പക്ഷിമാംസം, വിശാലമായ നയനങ്ങളുള്ള "വെളുത്ത" തരുണികള്‍, ചിപ്പികളില്‍ ഒളിച്ചുവയ്ക്കപ്പെട്ട മുത്തു്‌ പോലെയുള്ളവര്‍ ....

"അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു്‌ നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ സൃഷ്ടിച്ചുണ്ടാക്കുന്നതു്‌? അതല്ല, നാമാണോ  സൃഷ്ടികര്‍ത്താവു്‌?" (58, 59)

"എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നതു്‌? അതല്ല നാമാണോ, അതു്‌ മുളപ്പിച്ചു്‌ വളര്‍ത്തുന്നവന്‍?" (63, 64)

"ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി ....." (68, 69, 70). "നിങ്ങള്‍ ഉരസിക്കത്തിക്കുന്നതായ തീയിനെപ്പറ്റി ...." (71, 72) 

ദൈവത്തിന്റെ ഇതിലും അ'ഗാത'വും രസകരവുമായ മറ്റു്‌ ജ്ഞാനങ്ങള്‍ വേറെയുമുണ്ടു്‌ ധാരാളം. അതെല്ലാം മനസ്സിലാക്കുവാന്‍ വിശ്വാസി വായിക്കുന്ന രീതിക്കു്‌ നേരെ വിപരീതമായ രീതിയില്‍ ആ ഗ്രന്ഥം വായിക്കുക.

ഇത്രയൊക്കെ ചെയ്തിട്ടും ബ്ലാക്ക് ഹോള്‍ പോലുള്ള പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ യോഗ്യത മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല - നിങ്ങളായി, നിങ്ങളുടെ സ്വര്‍ഗ്ഗമായി.

2 comments:

അപ്പൂട്ടൻ February 15, 2012 at 9:34 AM  

എന്നാലും ഈ ബ്ലാക്ക് ഹോളിന്റെ ഫോട്ടോയെടുത്തല്ലൊ, ഭയങ്കരൻ തന്നെ. ഏതാണാവോ ക്യാമറ. എന്റെ കയ്യിൽ ഒരു കാനൺ ക്യാമറയുണ്ട്, അതോണ്ട് കിട്ടുവോ ആവോ. (സാധ്യതയില്ല, കാനോനിക്കൽ ക്യാമറ വാങ്ങേണ്ടിവരുമെന്നു തോന്നുന്നു) കിട്ടുമെങ്കിൽ എവിടെ ചെന്നു നിക്കണം?

എന്റെ ബാബുമാഷെ... ഇനിയെങ്കിലും മനസിലാക്കൂ, നക്ഷത്രങ്ങൾ ഒരു കുഴിയിലാണ് ചെന്നു വീഴുന്നത്. നമ്മളെ കാണാതാവണമെങ്കിൽ നാം വെറും നിലത്ത് വീണാൽ പോരല്ലൊ, കുഴിയിൽ തന്നെ വീഴണ്ടേ. അല്ലാതെ ചുമ്മാ വീണാൽ നമ്മളവിടെ തന്നെ കാണില്ലേ... നക്ഷത്രവും അതുപോലെ തന്നെ. ഇത്ര കൃത്യമായി കുഴിയുടെ ചിത്രം ഫോട്ടോയെടുക്കാൻ കഴിവുള്ളവർ ദൈവത്തിന്റെ സ്വന്തം ആൾക്കാരല്ലാതെ വേറെയാരാണ്?

ഫേസ്‌ബുക്കിൽ ഇതുപോലുള്ള തമാശകൾ വായിച്ച് ചിരിച്ചുചിരിച്ചുമണ്ണുകപ്പി, (ഈ കപ്പിയ മണ്ണിൽ ഭാവിയിൽ ഉരുട്ടി മനുഷ്യനാക്കാൻ ദൈവം കണ്ടുവെച്ചിരുന്ന പോർഷൻ വല്ലതും ഉണ്ടായിരുന്നോ എന്നറിയില്ല). മനുഷ്യൻ ശാസ്ത്രത്തിനുപിന്നാലെ, ശാസ്ത്രം ഖുർആനു പിന്നാലെ എന്നതാണ് സ്ഥിരമായി കണ്ടുവരുന്ന മുദ്രാവാക്യം. പൂവാലശല്യം, അല്ലാതെന്ത് പറയാൻ.

ഷാജി December 7, 2012 at 12:14 PM  

10:17
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല.

അപ്പോള്‍ യു ടുബിലും പോതുവേദികളിലും കള്ളം പറഞ്ഞോണ്ട് അതൊക്കെ അല്ലാഹുവില്‍ ചേര്‍ത്ത് വെക്കുന്നവര്‍ക്കും തീര്‍ച്ചയായും കൊടിയ ശിക്ഷ ഉണ്ട്. എന്നിട്ടും ഇതിനു മുതിരുന്നത് അല്ലഹുവിനെ വിസ്വസമില്ലതോണ്ടല്ലേ?അതോ മുഹമ്മദ്‌ നബിയിലുള്ള അവിശ്വാസമോ?
പൂര്‍ണമായും ശരി ആണെന്ന് ശാസ്ത്രജ്ഞമാര്‍ പോലും അന്ഗീകരിക്കാത്ത പല കണ്ടെത്തലുകളുടെയും പേറ്റന്‍ട് അല്ലാഹുവിന്റെ മേല്‍ അടിച്ചേല്പിചിറ്റ് ഇവര്‍ എന്താണ് നേടുന്നത് ? ശാസ്ത്രം പിന്നീട് ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് പറഞ്ഞാല്‍ അല്ലാഹുവിലുള്ള വിശ്വാസം അല്ലെ തകരുക ?
മനുഷ്യനാല്‍() തെട്ടിധരിക്കപ്പെട്ടിടു ഇസ്ലാം മതം സ്വീകരിക്കപെട്ട ഒരാള്‍ അത് തെറ്റിപോയി എന്ന് ഭാവിയില്‍ മനസിലാക്കി, മതം വിട്ടു പോയാല്‍ നല്ലവരായ മുസ്ലിങ്ങള്‍ക്ക്‌ അതിലും വല്യ നാനക്കെടുണ്ടോ? മതങ്ങളുടെ ആത്മീയത മാത്രം എടുക്കുകയാണെങ്കില്‍ ഈ പ്രശനം വരില്ലെന്ന് തോന്നുന്നു('ഇസ്ലാം' എന്ന 'സംഘടനയില്‍' അംഗമായാലെ മോക്ഷം കിട്ടൂ എന്നാ രീതി എന്തിനാ? ഇസ്ലാമിന്റെ നല്ല വശങ്ങള്‍ ഉള്‍കൊണ്ട അന്യമതസ്തനെയും അള്ളാഹു കാത്തു സൂക്ഷിക്കും ).

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP