Tuesday, December 20, 2011

ദൈവനാമത്തില്‍ അരങ്ങേറുന്ന പൈശാചികത്വം

വിശ്വാസികള്‍ സ്നേഹമയനും നീതിമാനുമായ അവരുടെ ദൈവത്തെ പുകഴ്ത്താനായി അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പലതും ക്വോട്ട് ചെയ്യാറുണ്ടു്‌. അവയില്‍ തന്നെയുള്ള മറ്റു്‌ ചില ഇരുണ്ട ചിത്രങ്ങള്‍ മറഞ്ഞുതന്നെ ഇരിക്കുന്നതാണു്‌ അവര്‍ക്കു്‌ കൂടുതല്‍ ഇഷ്ടം. അതുപോലുള്ള എത്രയോ ഉദാഹരണങ്ങളില്‍ ഒന്നു്‌ - ബൈബിളില്‍ നിന്നും:

അനന്തരം യഹോവ മോശെയോടു്‌ അരുളിച്ചെയ്തതു്‌: യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു്‌ പ്രതികാരം നടത്തുക; അതിനുശേഷം നീ നിന്റെ ജനത്തോടു്‌ ചേരും. ... ... യഹോവ മോശെയോടു്‌ കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു്‌ യുദ്ധം ചെയ്തു്‌ ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു്‌ രാജാക്കന്മാരെയും കൊന്നു. ... ... യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി. അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു്‌ ചുട്ടുകളഞ്ഞു. ... ...

മൊശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു്‌ പുറത്തു്‌ അവരെ എതിരേറ്റുചെന്നു. ... ... എന്നാല്‍ മോശെ സൈന്യനായകന്മാരോടു്‌ കോപിച്ചു്‌ പറഞ്ഞതെന്തെന്നാല്‍: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. ... ... ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍. പുരുഷനോടുകൂടി ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍ - സംഖ്യാപുസ്തകം ൩൧: ൧, ൧൮. (കന്യകമാരോടു്‌ മോശെ കരുണയുള്ളവനാണു്‌. അതിനാല്‍ മൊശെയുടെ നിലപാടേ യഹോവക്കും എടുക്കാനാവൂ! ഭരണാധികാരവും പൗരോഹിത്യവും ഇണ ചേര്‍ന്നപ്പോഴൊക്കെ ജന്മമെടുത്തതു്‌ സമാനതകളില്ലാത്ത ഭീകരരൂപങ്ങളായിരുന്നു.)

ആരായിരുന്നു ഈ മിദ്യാന്യര്‍?

ഒരു മിസ്രയീമ്യനെ (ഈജിപ്ഷ്യന്‍) അടിച്ചുകൊന്നു്‌ മണലില്‍ മറവുചെയ്ത മോശെ നാല്പതുവര്‍ഷം ഒളിച്ചുപാര്‍ത്ത ദേശമാണു്‌ മിദ്യാന്‍. ഒരു മിദ്യാന്യപുരോഹിതന്‍ തന്റെ മകളായ സിപ്പോറയെ മോശെക്കു്‌ ഭാര്യയായി കൊടുക്കുക പോലും ചെയ്തു - പുറപ്പാടു്‌ ൨: ൧൧ - ൨൨. അവിടെ വച്ചാണു്‌ സാക്ഷാല്‍ യഹോവ 'എരിഞ്ഞുപോകാത്ത മുള്‍മരത്തിന്റെ' രൂപത്തില്‍ മോശെക്കു്‌ പ്രത്യക്ഷപ്പെട്ടതും - പുറപ്പാടു്‌ ൩:൧ - ൬.

ഈ മിദ്യാന്യര്‍ അബ്രഹാമിനു്‌ അവന്റെ മറ്റൊരു ഭാര്യയായിരുന്ന കെതൂറായില്‍ ജനിച്ച ആറു്‌ ആണ്മക്കളില്‍ ഒരുവനായിരുന്ന മിദ്യാന്റെ വംശമാണെന്നും ബൈബിള്‍ പറയുന്നു - ഉല്പത്തി ൨൫: ൧, ൨.  അതായതു്‌, മിദ്യാന്യനായ ഒരു പ്രവാചകനു്‌ വേണമെങ്കില്‍ അബ്രഹാമിന്റെ മക്കളുടെ (യിസഹാക്ക്, യിശ്മായേല്‍) വംശത്തിന്റെ മതങ്ങളായ യിസ്രായേല്‍, ഇസ്ലാം എന്നിവയോടൊപ്പം മൂന്നാമതൊരു മതം 'മിദ്യാനിസം' എന്ന പേരില്‍ സ്ഥാപിക്കുന്നതിനു്‌ പിന്‍തുടര്‍ച്ചാവകാശപ്രകാരം തടസ്സമൊന്നും ഉണ്ടായിരുന്നില്ല. മിദ്യാന്യരോടു്‌ യഹോവ (അല്ലാഹു) പെരുമാറിയ രീതിയെ ന്യായീകരിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലും കാണാനാവും. ഖുര്‍ആന്‍ പ്രകാരം അതൊന്നും അല്ലാഹു അവരോടു്‌ കാണിച്ച അക്രമമല്ല, അവര്‍ അവരോടുതന്നെ ചെയ്ത അക്രമമാണു്‌! (൯:൭൦) മനുഷ്യരക്തം മണക്കുന്ന ഇത്തരം ഗ്രന്ഥങ്ങളും കക്ഷത്തില്‍ വച്ചുകൊണ്ടാണു്‌ സമാധാനത്തിന്റെ മാടപ്രാവുകളായ വിശ്വാസികള്‍ ദൈവത്തെ ന്യായീകരിക്കാനും ശാസ്ത്രത്തെ തെറി പറയാനുമായി ലോകമാസകലം പരക്കം പായുന്നതു്‌. 

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിന്‍തലമുറക്കാരായിരുന്ന, അഭയാര്‍ത്ഥി ആയിരുന്ന സമയത്തു്‌ മോശെക്കു്‌ അഭയം നല്‍കിയ, ഒരു ഭാര്യയെ സമ്മാനിച്ചു്‌ ബഹുമാനിച്ച, തനിക്കു്‌ പ്രത്യക്ഷപ്പെടാനായി യഹോവ തിരഞ്ഞെടുത്ത ഒരു നാട്ടിലെ ജനതയായിരുന്ന മിദ്യാന്യരോടു്‌ പെരുമാറേണ്ടതെങ്ങനെ എന്നു്‌ മാതൃകാപരമായി കാണിച്ചുതരുന്ന മോശെയും സകല മനുഷ്യരുടെയും സ്രഷ്ടാവായ യഹോവയും! അവര്‍ അന്യവിശ്വാസികളായിരുന്നു എന്നതായിരുന്നു കാരണം. ഈ അന്യവിശ്വാസം ഇപ്പറഞ്ഞ അവസരങ്ങളിലൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഈ വസ്തുതക്കു്‌ അന്നത്തെപ്പോലെതന്നെ ഇന്നും മാറ്റമൊന്നുമില്ല. ഞങ്ങള്‍ക്കു്‌ നേട്ടമുണ്ടാക്കുന്നതെന്തോ അതാണു്‌ ഞങ്ങളുടെ ദൈവത്തിന്റെയും ഇഷ്ടം! ഞങ്ങളുടെ ദൈവത്തെയോ, പ്രവാചകന്മാരെയോ, ഗ്രന്ഥങ്ങളെയോ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു്‌. അതേസമയം ഞങ്ങള്‍ക്കു്‌ ആരെയും എന്തിനെയും വിമര്‍ശിക്കാനും തെറിപറയാനും ചെളി വാരിയെറിയാനും അവകാശമുണ്ടുതാനും.  ദൈവവിശ്വാസം എന്ന മൊണോപ്പൊളി!

2 comments:

VANIYATHAN December 20, 2011 at 7:19 PM  

വളരെ വ്യക്തമായി, ബൈബിൾ വാക്യങ്ങൾ സഹിതം എഴുതിയിരിക്കുന്ന പോസ്റ്റിനു നന്ദി. ദൈവത്തെ അനുസ്സരിക്കാതെ നടന്ന മനുഷ്യനോട്‌ ദൈവം ഇതിൽക്കൂടുതലും ചെയ്തിട്ടുണ്ട്‌. നോഹയുടെകാലത്ത്‌ പെട്ടകത്തിൽ ഉൾപ്പെടാതിരുന്ന സർവ്വ ജീവജാലങ്ങളെയും ദൈവം പ്രളയത്താൽ ഉൽമൂലനം ചെയ്തു. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ വരവോടുകൂടി മനുഷ്യനോടുള്ള ദൈവത്തിന്റെ അവർണ്ണനീയമായ സ്നേഹത്തെയാണു് നമുക്ക്‌ കാണുവാൻ കഴിയുന്നത്‌. ബാക്കിയെല്ലാം ബാബുവിന്‌ അറിവുള്ളതാണല്ലോ.

സി.കെ.ബാബു December 21, 2011 at 8:44 AM  

"എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ വരവോടുകൂടി മനുഷ്യനോടുള്ള ദൈവത്തിന്റെ അവർണ്ണനീയമായ സ്നേഹത്തെയാണു് നമുക്ക്‌ കാണുവാൻ കഴിയുന്നത്‌."

"എനിക്കു്‌ കാണാന്‍ കഴിയുന്നതു്‌ എന്നായിരുന്നേനെ" കൂടുതല്‍ ശരിയും ഭംഗിയും. ചുരുങ്ങിയ പക്ഷം എന്റെ ബ്ലോഗിലെങ്കിലും ബഹുവചനം ഭോഷ്ക്കാണു്‌. കാരണം, ഞാന്‍ ഒരു ദൈവത്തെയോ, ആ ദൈവത്തിന്റെ സ്നേഹത്തേയോ, മകനെയോ ഒന്നും കാണുന്നില്ല. നിങ്ങള്‍ എന്തു്‌ കാണുന്നു, കാണുന്നില്ല എന്നതു്‌ എന്നില്‍ ഒരു താത്പര്യവും ഉളവാക്കുന്നുമില്ല. തുറന്നുപറഞ്ഞാല്‍, നിങ്ങള്‍ യാത്ര ചെയ്യുന്ന വഴി എനിക്കു്‌ അറപ്പുളവാക്കുന്നതാണു്‌. അതു്‌ ഏതാണ്ടു്‌ ഇതേ അര്‍ത്ഥത്തില്‍ എന്റെ മറ്റൊരു ബ്ലോഗിലെ താങ്കളുടെ കമന്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഒന്നുരണ്ടുവട്ടമൊന്നും പറഞ്ഞാല്‍ മനസ്സിലാവാത്ത ജനുസ്സുകളാണു്‌ വിശ്വാസികള്‍ എന്നറിയാവുന്നതിനാല്‍ ഒരിക്കല്‍ കൂടി പറയുന്നു. മേലില്‍ താങ്കള്‍ എന്റെ ബ്ലോഗുകളില്‍ ഇടുന്ന കമന്റുകള്‍ മറുപടിയില്ലാതെ ഡിലീറ്റ് ചെയ്യപ്പെടും.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP