Tuesday, March 16, 2010

ബര്‍ണബാസ്‌ സുവിശേഷം - അദ്ധ്യായം 39

(ഒരു സ്വതന്ത്ര തർജ്ജമ)

ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും -1 എന്ന കഴിഞ്ഞ ലേഖനത്തിന്റെ തുടർച്ചയല്ല ഇതു്. ബർണബാസ്‌ സുവിശേഷത്തിലെ മൃഗ-മനുഷ്യസൃഷ്ടിയുടെ വർണ്ണന ആയതിനാൽ ഇതു് അതിന്റെ ഒരു അനുബന്ധം ആവുകയുമാവാം.

സാധുമനുഷ്യരെ കബളിപ്പിച്ചു് ചാക്കിലാക്കാൻ ദൈവവചനങ്ങൾ എന്ന പേരുപറഞ്ഞു് 'മാർക്കറ്റിൽ' എത്തിക്കുന്ന 'സുവിശേഷമൊഴിമുത്തുകൾ' ഏതു് കമ്പോസ്റ്റ്‌ കുഴിയിലാണു് നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നു് അറിയണം എന്നുള്ളവർ മാത്രം ഇതു് വായിക്കാൻ അപേക്ഷ.

അപ്പോൾ യോഹന്നാൻ പറഞ്ഞു: "നീ നന്നായി പറഞ്ഞു, ഗുരോ, പക്ഷേ, അഹങ്കാരം മൂലം മനുഷ്യർ പാപം ചെയ്തതെങ്ങനെയെന്നു് ഞങ്ങൾക്കറിയില്ല." യേശു മറുപടി പറഞ്ഞു: "ദൈവം സാത്താനെ പുറത്താക്കിയശേഷം ഗബ്രിയേൽ മാലാഖ സാത്താൻ തുപ്പിയ ഭൂമിയിലെ മണ്ണു് ശുദ്ധീകരിക്കുകയും അതിൽ നിന്നും ദൈവം എല്ലാത്തരം ജീവികളെയും, പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായ എല്ലാത്തരം മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകത്തെ അവയ്ക്കുള്ള എല്ലാം കൊണ്ടും അലങ്കരിക്കുകയും ചെയ്തു. ഒരു ദിവസം സാത്താൻ പറുദീസയുടെ വാതിലുകളെ സമീപിച്ചു് അവിടെ പുല്ലുതിന്നുകൊണ്ടു് നിന്നിരുന്ന കുതിരകളോടായി പറഞ്ഞു: ഈ മണ്ണിനു് ആത്മാവു് ലഭിച്ചാൽ അതിന്റെ ഫലം നിങ്ങൾക്കു് വേദനാജനകമായ ജോലിയായിരിക്കും; അതുകൊണ്ടു് ഈ ഭൂപ്രദേശം ഒന്നിനും കൊള്ളാതാവുന്ന വിധത്തിൽ ചവിട്ടിക്കൂട്ടി നശിപ്പിക്കുന്നതാണു് നിങ്ങൾക്കു് കൂടുതൽ പ്രയോജനപ്രദം.

അതുകേട്ട കുതിരകൾ ആവേശഭരിതരായി റോസാപ്പൂവുകളുടെയും ആമ്പൽപ്പൂവുകളുടെയും ഇടയിൽ കിടന്നിരുന്ന ആ ഭൂപ്രദേശത്തിലൂടെ തിടുക്കപ്പെട്ടു് ഓടാൻ തുടങ്ങി. ആ സമയം ദൈവം ഗബ്രിയേൽ ഭൂമിയിൽ നിന്നും എടുത്തതും സാത്താന്റെ തുപ്പൽ കിടന്നിരുന്നതുമായ അശുദ്ധമായ ഭാഗം മണ്ണിനു് ജീവൻ നൽകി പട്ടിയെ സൃഷ്ടിക്കുകയും പട്ടിയുടെ കുരകേട്ടു് ഭയചകിതരായ കുതിരകൾ അവിടെനിന്നും ഓടിപ്പോവുകയും ചെയ്തു. അപ്പോൾ, പരിശുദ്ധരായ മാലാഖമാർ "ഞങ്ങളുടെ യജമാനനായ ദൈവമേ, നിന്റെ നാമം വാഴ്ത്തപ്പെടട്ടെ" എന്നു് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ, ദൈവം അവന്റെ ആത്മാവു് മനുഷ്യനു് നൽകി. ആദാം കാലിൽ നിവർന്നു് നിന്നപ്പോൾ അവൻ വായുവിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നതായ "ഒരു ദൈവം മാത്രമേ ഉള്ളു, മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്" എന്നൊരു ലിഖിതം കണ്ടു.

അതുകണ്ടപ്പോൾ ആദാം വാതുറന്നു് പറഞ്ഞു: "എന്റെ യജമാനനായ ദൈവമേ, എന്നെ സൃഷ്ടിക്കാൻ കനിവുണ്ടായതിനു് ഞാൻ നിനക്കു് നന്ദി പറയുന്നു. എങ്കിലും ഞാൻ നിന്നോടു് യാചിക്കുന്നു, എന്താണു് ഈ വാക്കുകളുടെ സന്ദേശം എന്നു് എനിക്കു് പറഞ്ഞു് തരൂ. 'മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്.' അപ്പോൾ എനിക്കു് മുൻപേ മറ്റു് മനുഷ്യർ ഉണ്ടായിരുന്നോ?" അപ്പോൾ ദൈവം പറഞ്ഞു: "എന്റെ ദാസനായ ആദാമേ, നിനക്കു് സ്വാഗതം. ഞാൻ നിന്നോടു് പറയുന്നു, നീയാണു് ഞാൻ സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. നീ സൂചിപ്പിച്ച മനുഷ്യൻ നിന്റെ മകനാണു്, അവൻ ഒരുപാടു് വർഷങ്ങൾക്കു് ശേഷം ഭൂമിയിലേക്കു് വരേണ്ടവനാണു്. എന്റെ ദൂതനായ അവനുവേണ്ടിയാണു് ഞാൻ എല്ലാം ഉണ്ടാക്കിയിരിക്കുന്നതു് . അവൻ വരുമ്പോൾ ലോകത്തിനു് പ്രകാശം കൊടുക്കും. ഞാൻ മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപേതന്നെ അവന്റെ ആത്മാവു് ഒരു ദിവ്യതേജസ്സായി സൃഷ്ടിക്കപ്പെട്ടിരുന്നു."

അപ്പോൾ ആദാം ദൈവത്തോടു് യാചിച്ചുകൊണ്ടു് പറഞ്ഞു: "യജമാനനേ, ആ ലിഖിതം എന്റെ കൈനഖങ്ങളിൽ ആക്കിത്തരേണമേ!" അപ്പോൾ ദൈവം ഒന്നാം മനുഷ്യന്റെ കൈയിലെ പെരുവിരൽ നഖങ്ങളിലേക്കു് ആ ലിഖിതം എഴുതി. വലത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ "ഒരു ദൈവം മാത്രമേ ഉള്ളു" എന്ന ആദ്യവാക്യവും, ഇടത്തുകൈയിലെ പെരുവിരലിന്റെ നഖത്തിൽ "മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാണു്" എന്ന രണ്ടാമത്തെ വാക്യവുമായിരുന്നു എഴുതിക്കൊടുത്തതു്. അപ്പോൾ ആദാം പിതൃനിർവിശേഷമായ സ്നേഹനിർഭരതയോടെ ആ വാക്കുകളെ ചുംബിച്ചു് കണ്ണുകൾ തിരുമ്മിക്കൊണ്ടു് പറഞ്ഞു: "നീ ഭൂമിയിലേക്കു് വരുന്ന ആ ദിനം വാഴ്ത്തപ്പെടട്ടെ."

മനുഷ്യൻ ഏകനാണെന്നു് കണ്ട ദൈവം പറഞ്ഞു: "അവൻ ഒറ്റക്കു് കഴിയുന്നതു് നല്ലതല്ല." അതിനാൽ അവൻ അവനു് ഒരു നിദ്ര വരുത്തി, അവന്റെ ഹൃദയത്തിനോടു് ചേർന്നുള്ള ഒരു വാരിയെല്ലു് എടുത്തു് ആ വിടവിൽ മാംസം പിടിപ്പിച്ചു. ആ വാരിയെല്ലിൽ നിന്നും അവൻ ഹവ്വയെ സൃഷ്ടിച്ചു് അവളെ ആദാമിനു് ഭാര്യയായി നൽകി. അവരെ രണ്ടുപേരേയും പറുദീസയിലെ പ്രഭുക്കളായി വാഴിച്ചശേഷം ദൈവം അവരോടു് പറഞ്ഞു: "ശ്രദ്ധിക്കൂ! ആപ്പിളും ചോളവും ഒഴികെ ബാക്കി എല്ലാ പഴങ്ങളും ഞാൻ നിങ്ങൾക്കു് തിന്നാനായി നൽകുന്നു" അവൻ തുടർന്നു് പറഞ്ഞു: "നിങ്ങൾക്കു് ഇവിടെ തുടർന്നു് വസിക്കാനും, ക്ലേശം മൂലം ഞാൻ നിങ്ങളെ പുറത്താക്കി നിങ്ങൾ വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരാതിരിക്കാനുമായി ഒരു കാരണവശാലും ഈ പഴങ്ങൾ തിന്നു് നിങ്ങൾ അശുദ്ധരാവാതിരിക്കുക.

----------

സൃഷ്ടിക്കപ്പെട്ട ആദാം ആദ്യമായി വായുവിൽ ദർശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണം! ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ്‌ സുവിശേഷത്തിൽ ആദാമിനെക്കൊണ്ടു് എഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങൾ ഉരുവിടുവിക്കുന്ന ഭാഗം അവിശ്വസനീയം എന്നതിനേക്കാൾ രസകരം എന്നു് വിശേഷിപ്പിക്കുന്നതാണു് കൂടുതൽ ഉചിതം എന്നു് തോന്നുന്നു.

ബർണബാസ്‌ സുവിശേഷത്തിലെ ഈ ഭാഗം വെള്ളം തൊടാതെ വിഴുങ്ങാൻ നിങ്ങൾക്കു് ബുദ്ധിമുട്ടു് തോന്നുന്നുണ്ടോ? എങ്കിൽ ഇതു് കാണൂ: അപ്പോൾ യേശു പറഞ്ഞു: "ദൈവം എനിക്കു് ഉറപ്പു് നൽകിയിട്ടുള്ളതായതിനാൽ ഇക്കാര്യം സത്യമാണു്. അതുകൊണ്ടു്, ഇതു് സത്യമാണെന്നു് എല്ലാവരും അറിയുന്നതിനുവേണ്ടി, ദൈവനാമത്തിൽ സൂര്യൻ അനക്കമില്ലാതെ, പന്ത്രണ്ടു് മണിക്കൂർ നേരത്തേക്കു് നിശ്ചലമായി നിൽക്കട്ടെ." അപ്പോൾ സകല ജെറുസലേമിലും ജുദെയായിലും ഉഗ്രഭയം സൃഷ്ടിച്ചുകൊണ്ടു് അങ്ങനെ സംഭവിച്ചു. (ബർണബാസ്‌: അദ്ധ്യായം 189)

ഇത്രയും വലിയ ഒരത്ഭുതം പോലും നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, പൊന്നുചങ്ങാതിമാരേ, പിന്നെ ബർണബാസ്‌ സുവിശേഷത്തിലെ ബാക്കിയുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത്തരം അത്ഭുതങ്ങൾ വിശ്വസിച്ചില്ലെങ്കിൽ വേണ്ട, മനുഷ്യജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാൻ അത്യാവശ്യമായ ദൈവവിശ്വാസത്തിന്റെ ഒരു അടിത്തറ എന്ന നിലയിലെങ്കിലും ബർണബാസ്‌ സുവിശേഷത്തെ അംഗീകരിക്കാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണെന്നേ ഒരു അവസാനവാക്കെന്ന നിലയിൽ എനിക്കു് നിങ്ങളോടു് പറയാനുള്ളു.

16 comments:

cALviN::കാല്‍‌വിന്‍ March 16, 2010 at 9:42 PM  

ഇത് ഒറിജിനലാണോ അല്യോന്നറിയാൻ എമ്മേ വരെ പഠിക്കേണ്ടതില്ല :)

അപ്പൂട്ടന്‍ March 17, 2010 at 11:16 AM  

ഒറിജിനലായാലും ഡ്യൂപ്ലിക്കേറ്റ്‌ ആയാലും വ്യത്യാസമൊന്നുമില്ല.
ഇതെല്ലാം വിശ്വാസം ആണ്‌ എന്നു സമ്മതിക്കുന്നവർ പോലും ആവശ്യമനുസരിച്ച്‌ ആത്യന്തികസത്യമെന്നോ പച്ചക്കള്ളമെന്നോ ഒക്കെ പറയും. താന്താങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ (ആ സമയത്തിനനുസരിച്ച്‌) പ്രസക്തമാകാം, അപ്രസക്തമാകാം.
എന്തായാലും ദൈവവിശ്വാസികളല്ലാത്തവർ അഭിപ്രായം പറഞ്ഞാൽ അത്‌ പക്ഷം പിടിക്കലുമാകും.

സി.കെ.ബാബു March 17, 2010 at 3:16 PM  

കാല്‍വിന്‍‍,
പക്ഷേ, ഇത് ഡ്യൂപ്ലിക്കേറ്റ് ആണോ അല്ല്യോന്നറിയാന്‍ ഭീയേ വരെ പഠിക്കാതെ പറ്റൂല്ല.

കാല്‍വിന്‍: പറ്റും.
ഞാന്‍: പറ്റൂല്ല.
കാല്‍വിന്‍: പറ്റും.
ഞാന്‍: പറ്റൂല്ല.

പത്ത് കൊല്ലത്തിനുശേഷം...

കാല്‍വിന്‍: പറ്റും.
ഞാന്‍: പറ്റൂല്ല.
കാല്‍വിന്‍: പറ്റും.
ഞാന്‍: പറ്റൂല്ല.

ഇരുപത് കൊല്ലത്തിനുശേഷം....

കാല്‍വിന്‍: പറ്റും.
ഞാന്‍: പറ്റൂല്ല.
.......
.......
.......

(രണ്ടിലൊന്നിന്‍റെ വെടി തീരുവോളം ഇതിങ്ങനെ തുടരെത്തുടര്‍ന്നുകൊണ്ടിരിക്കും. ചര്‍ച്ച എന്ന് മലയാളംബ്ലോഗ് ഫാഷ.) :)

അപ്പൂട്ടന്‍,

വിശ്വാസത്തിന് പുറത്ത് നില്‍ക്കുന്നവര്‍ക്കേ വിശ്വാസത്തിലെ അര്‍ത്ഥശൂന്യത മനസ്സിലാക്കാനാവൂ.

കാണാന്‍ ആഗ്രഹിക്കുന്നതേ മനുഷ്യന്‍ കാണൂ എന്ന അംഗീകൃതസത്യം കേട്ടിട്ടുണ്ടാവുമല്ലോ.

കാക്കക്കുഞ്ഞ് തള്ളക്കാക്കയുടെ ദൃഷ്ടിയില്‍ 'കറുത്തത്' അല്ല. കുഞ്ഞിന്‍റെ സൌന്ദര്യം വര്‍ണ്ണിക്കുന്ന തള്ളകാക്കയോടും, ദൈവവിശ്വാസിയോടും തര്‍ക്കിക്കാന്‍ പോകരുത്.

ബാഹ്യമായ ഒരു ദൈവത്തിലുള്ള വിശ്വാസംവഴി അവനവനില്‍ തന്നെയുള്ള വിശ്വാസത്തിന് മൂര്‍ത്തീകരണം നല്‍കുക മാത്രമാണ് മനുഷ്യര്‍ ചെയ്യുന്നത്. ഇത് മനസ്സിലാക്കുന്നവരുടെ കാഴ്ചപ്പാടില്‍ ദൈവവിശ്വാസം അനാവശ്യവും പരിഹാസ്യവുമായിരിക്കും. അവിടേക്ക് എത്താത്തവരാണ് വിമര്‍ശിക്കുന്നവരുടെ നേരെ ആക്രമണോത്സുകരാവുന്നത്. ആര് എന്ത് പറഞ്ഞാലും, അത് അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കാനേ അവര്‍ക്ക് കഴിയൂ. അതുകൊണ്ടാണ് രണ്ട് വാക്കില്‍ തീരേണ്ട പല കാര്യങ്ങളും രണ്ട് പുസ്തകമെഴുതിയാലും തീരാത്ത രീതിയിലുള്ള ചര്‍ച്ചകളായി മാറുന്നത്. അവര്‍ സ്വയം നിസ്സഹായരാണ്. അങ്ങോട്ട് ചെന്നില്ലെങ്കിലും അവര്‍ ഇങ്ങോട്ടുവരും. അതും ഇത്തരക്കാരുടെ ഒരു സ്വാഭാവവിശേഷം മാത്രം. സംസാരിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ലാത്തവരോട് സംസാരിക്കാന്‍ പോകാതിരുന്നാല്‍ സമയമെങ്കിലും ലാഭിക്കാം. അതാണ് ഇക്കൂട്ടരോടുള്ള എന്‍റെ സ്ട്രാറ്റെജിയുടെ അടിസ്ഥാനം.

സന്തോഷ്‌ March 17, 2010 at 7:15 PM  

ബര്‍ണബാസ്‌ സുവിശേഷം മലയാളം പതിപ്പ് ഇന്‍റര്‍നെറ്റില്‍ ലഭ്യമാണോ? കുറെ നോക്കി കിട്ടിയില്ല....

സി.കെ.ബാബു March 17, 2010 at 7:44 PM  

സന്തോഷ്,

മലയാളം പതിപ്പ് ഞാനും കണ്ടിട്ടില്ല. ഇംഗ്ലീഷ് വേര്‍ഷന്‍ പലതുണ്ടെന്നതിനാല്‍ കണ്ടുകാണുമെന്ന് കരുതുന്നു.

- സാഗര്‍ : Sagar - March 18, 2010 at 9:32 AM  

ശ്രദ്ധിക്കൂ! ആപ്പിളും ചോളവും ഒഴികെ ബാക്കി എല്ലാ പഴങ്ങളും ഞാൻ നിങ്ങൾക്കു് തിന്നാനായി നൽകുന്നു"


അപ്പോ ഒതളങ്ങ തിന്നാല്‍ കൊഴപ്പമില്ലാ അല്ലെ..

സി.കെ.ബാബു March 18, 2010 at 12:18 PM  

സാഗര്‍
ഒതളങ്ങ തിന്നുമ്പോള്‍ ഏകാഗ്രതയോടെ ഒറ്റക്കാലില്‍ ചാടിക്കൊണ്ട് "ഞാന്‍ പിഴയാളി" എന്ന പ്രാര്‍ത്ഥന വലത്തുനിന്ന് ഇടത്തോട്ട് ചൊല്ലിയാല്‍ ഒരു കുഴപ്പവുമില്ല. പ്രാര്‍ത്ഥനയുടെ ഡെസിബെല്‍ കതിന, അമിട്ട്, പാറവെടി മുതലായവയുടേതില്‍ നിന്നും ഒട്ടും താഴെ ആവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നേയുള്ളൂ. ഒരുപാട് സ്വര്‍ഗ്ഗങ്ങള്‍ കടന്ന് വേണ്ടേ പ്രാര്‍ത്ഥനാശബ്ദവേവന്‍ ദൈവസന്നിധിയില്‍ എത്താന്‍ ?

പോരെങ്കില്‍ "പാണ്ടന്‍ നായുടെ ചെവിയുടെ ശേഷി പണ്ടേപ്പോലെ ഫലിക്കുന്നുമില്ല". :)

കിടങ്ങൂരാൻ March 18, 2010 at 2:09 PM  

സൂര്യൻ 12 മണിക്കൂർ നിശ്ചലമായി നിന്നു.. ഭൂമി അപ്പൊഴും കറങ്ങിക്കൊണ്ടിരുന്നു.നക്ഷത്രങ്ങൾ ഓടിയൊളിച്ചു.ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു..കുറുക്കന്മാർ ഓരിയിട്ടു..ഭൂമിയുടെ മറ്റേ പകുതിയിൽ ഇരുട്ടായിരുന്നതുകൊണ്ട്‌ കള്ളന്മാർ കോഴി മോഷണം നടത്തി......ആമ്മേൻ

അപ്പൂട്ടന്‍ March 18, 2010 at 2:28 PM  

കിടങ്ങൂരാ,
മറ്റേ പകുതിയോ? എന്താദ്‌? ഭൂമീടെ അടിഭാഗമോ? അതല്ലേ സാർ ഈ നരകം (പാതാളം എന്ന് ആർഷഭാഷ, അവിടെ നരകം വേറെ ഏതോ പഞ്ചായത്തിലാ). അവിടെ വറക്കുന്ന ചട്ടീടെ താഴ്‌ഭാഗത്തൊഴികെ ബാക്കിയെല്ലാം ഇരുട്ടു തന്നെ.

ഭൂമി കറങ്ങുകയോ? മേശപോലെ നാലു കാലിൽ സെറ്റായി ഉറപ്പിച്ചുവെച്ച സാധനം എങ്ങിനാ കറങ്ങുന്നത്‌? കറങ്ങുന്നതൊക്കെ മറ്റവന്മാരല്ലെ? ആ കറക്കമല്ലേ സാർ ഒടേതമ്പിരാൻ നിർത്തിത്തന്നത്‌? (പുള്ളാര്‌ ചുമ്മാ കറങ്ങിയടിച്ച്‌ നടന്നാൽ വദ്ധ്യാര്‌ ഹെഡ്‌മാസ്റ്ററുടെ റൂമിൽ കൊണ്ടുനിർത്തില്ലേ, അതുപോലൊരു സ്മാൾ കലാപരിപാടി)

കാവലാന്‍ March 18, 2010 at 3:09 PM  

"ഒതളങ്ങ തിന്നുമ്പോള്‍ ഏകാഗ്രതയോടെ ഒറ്റക്കാലില്‍ ചാടിക്കൊണ്ട് "ഞാന്‍ പിഴയാളി" എന്ന പ്രാര്‍ത്ഥന വലത്തുനിന്ന് ഇടത്തോട്ട് ചൊല്ലിയാല്‍ ഒരു കുഴപ്പവുമില്ല."

ഇതെവിടുന്നു കിട്ടുന്നു മാഷേ ഇമ്മാതിരി ഗുണ്ടുകള്‍??? ഹൊ! :)

മുക്കുവന്‍ March 18, 2010 at 8:26 PM  

"ഒതളങ്ങ തിന്നുമ്പോള്‍ ഏകാഗ്രതയോടെ ഒറ്റക്കാലില്‍ ചാടിക്കൊണ്ട് "ഞാന്‍ പിഴയാളി" എന്ന പ്രാര്‍ത്ഥന വലത്തുനിന്ന് ഇടത്തോട്ട് ചൊല്ലിയാല്‍ ഒരു കുഴപ്പവുമില്ല."..

I love those lines :)

ബിജു ചന്ദ്രന്‍ March 19, 2010 at 10:00 AM  

കൂടോത്ര, ദുര്‍മന്ത്രവാദ യന്ത്രങ്ങള്‍ ഏഷ്യാനെറ്റ്‌ വഴി വില്‍ക്കുന്ന ജ്യോതിഷി പറയുന്നതു കേട്ടിരുന്നു അയാളുടെ ഏതോ ഒരു യന്ത്രം ഇപ്പറഞ്ഞത്‌ പോലെ പൌര്‍ണമി ദിവസം അര്‍ദ്ധരാത്രി പതിനൊന്നു മണിക്ക് തെക്ക് വടക്ക് ദിശയിലേക്കു ദര്‍ശനമായി നിന്ന് ശനീശ്വര മന്ത്രങ്ങള്‍ ചൊല്ലി വേണം കെട്ടാന്‍ എന്ന്. ഹി ഹി ! അതും ഈ ഒതളങ്ങ മന്ത്രവും തമ്മില്‍ സാമ്യം തോന്നുന്നു.
അത് പോലെ തന്നെ ഈ "ഞാന്‍ പിഴയാളി " മന്ത്രം 100001 തവണ ചൊല്ലിയാല്‍ വല്ല അത്ഭുതസിദ്ധികളും കിടയ്ക്കുമോ? അറിവുള്ളവര്‍ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.

സി.കെ.ബാബു March 19, 2010 at 2:49 PM  

കിടങ്ങൂരാൻ, അപ്പൂട്ടൻ,
ഭൂമിയുടെ തലകറങ്ങുന്നതും, നക്ഷത്രങ്ങൾ 'ഒളിച്ചേ പിടിച്ചേ' കളിക്കുന്നതുമൊക്കെ നിസ്സാര കാര്യങ്ങളല്ലേ? അവസാനനാളുകളിൽ നക്ഷത്രങ്ങൾ തമ്മിൽ 'നുള്ളിപ്പറിക്കുന്നതും', മലകളും പാറകളും തമ്മിൽ 'കടിപിടി' കൂടുന്നതും, സമുദ്രങ്ങൾ മലപോലെ ഉയരുന്നതും പാതാളം പോലെ വീണ്ടും താണു് കാണാൻ പോലുമില്ലാതാവുന്നതുമെല്ലാം ഏതു് വിശ്വാസിക്കുഞ്ഞുങ്ങൾക്കുപോലും മനസ്സിലാവുന്ന വിധത്തിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടു് ആ സുവിശേഷത്തിൽ. ദൈവം പറഞ്ഞാൽ കുറുക്കൻ ഓരിയിടുക മാത്രമല്ല, നക്ഷത്രങ്ങളെ ഒന്നില്ലാതെ വിഴുങ്ങുക വരെ ചെയ്യും, പിന്നെയാണു്. അതൊന്നും നിങ്ങൾക്കു് മനസ്സിലാവില്ല. ദൈവവചനങ്ങൾ ശരിയായി മനസ്സിലാക്കാൻ നിങ്ങൾ ദൈവവചനവ്യാഖ്യാതാക്കളല്ലല്ലോ. :)

കാവലാൻ,
ഇതോ ഗുണ്ടു്? മതബ്ലോഗുകളിൽ കാളമൂത്രം പോലെ ഒഴുകി നടക്കുന്ന മൊഴിമുത്തുകളോ ഗുണ്ടു്? ദൈവം ഉറക്കത്തിൽ വെളിപ്പെട്ടു് എന്നോടു് അരുളിച്ചെയ്യുന്ന ഓരോരോ ഗുണ്ടുകൾ കേട്ടാൽ കാവലാൻ പൊട്ടിത്തെറിച്ചില്ലെങ്കിൽ ഞെട്ടിത്തരിക്കുകയെങ്കിലും ചെയ്തേനെ! മനുഷ്യരോടു് പറയാൻ പോലും കൊള്ളാത്ത ഗുണ്ടുകളല്ലേ കാവലാനേ ദൈവത്തിന്റെ കൈയിൽ? ഗുണ്ടിന്റെ കാര്യത്തിൽ നമ്മളൊക്കെ വെറും ശിശു, അശു, കിശു. :)

മുക്കുവൻ,
നന്ദി.

സി.കെ.ബാബു March 19, 2010 at 2:49 PM  

ബിജു ചന്ദ്രൻ,
ആത്മാർത്ഥമായി പറയട്ടെ: ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും - 'വിദ്യാസമ്പന്നർ' എന്നു് മിഥ്യാഭിമാനം കൊള്ളുന്ന കേരളീയർ ഉൾപ്പെടെ - പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ വളർച്ച പ്രാപിച്ച ലോകസമൂഹങ്ങളെ അപേക്ഷിച്ചു് നൂറ്റാണ്ടുകൾ പുറകിലാണു്. ഒരു ദൃശ്യമാധ്യമം ഇത്തരം കൂടോത്രാദി വെടിക്കെട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതുതന്നെ അതിനു് ആവശ്യത്തിനുമാത്രം കാഴ്ചക്കാർ ഉള്ളതുകൊണ്ടല്ലേ? അല്ലെങ്കിൽ അതുപോലൊരു പരിപാടി തുടർന്നുകൊണ്ടുപോകാൻ സാമ്പത്തികത്തിന്റെ മാത്രം പേരിൽ അവർക്കു് കഴിയുമായിരുന്നില്ല.

തീർച്ചയായും ഏതു് പരിഷ്കൃതസമൂഹത്തിലുമുണ്ടു് മരിച്ചുപോയ വേണ്ടപ്പെട്ടവരോടു് ബന്ധപ്പെടാം എന്നും മറ്റുമുള്ള തരികിടയുമായി എത്തുന്ന കശ്മലന്മാരുടെ വലയിൽ വീഴുന്നവർ. പക്ഷേ, അവരുടെ എണ്ണം വളരെ പരിമിതമാണു്. (ഇക്കൂട്ടരിൽ നിന്നാണു് നമ്മുടെ പല പണ്ഡിതരും - പലപ്പോഴും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ - ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാറുള്ളതു്.) പോരെങ്കിൽ, അവിടങ്ങളിൽ ബോധവത്കരണം എന്നതു് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുമാണു്. നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഒരു പത്രം പോലുമില്ലാത്ത നാട്ടിൽ സംഭവിക്കുന്നതു് ബോധവത്കരണമല്ല, പാർശ്വവത്കരണമാണു്. ഏതെങ്കിലും ഒരു പക്ഷത്തിന്റെ ജിഹ്വയായി പ്രവർത്തിക്കുന്നവർ - അതു് മാധ്യമങ്ങളായാലും വ്യക്തികളായാലും - സമൂഹത്തിൽ ഭിന്നിപ്പു് വളർത്താനേ സഹായിക്കൂ. ഒരു പക്ഷം ചെയ്യുന്ന കുറ്റകൃത്യം എതിർപക്ഷത്തിന്റെ ഏതെങ്കിലും കുറ്റകൃത്യം ചൂണ്ടിക്കാണിച്ചു് ലളിതവത്കരിക്കാനുള്ള പ്രവണത അരാജകത്വത്തിലേക്കേ നയിക്കൂ. ആക്രമണത്തിന്റെ കേവലമായ പരിണതഫലമാണു് പ്രത്യാക്രമണം. വേണ്ടുവോളം വിമർശനം സ്വന്തം ചേരികൾ അർഹിക്കുന്നുണ്ടെന്നിരിക്കെ, അതിനു് തുനിയാതെ, പലപ്പോഴും പരിതാപകരമായ സ്വന്തം അവസ്ഥ മറച്ചുപിടിക്കുക എന്ന ദുരുദ്ദേശ്യത്തോടുകൂടിത്തന്നെ, അന്യരെ വിമർശിക്കാനുള്ള തിടുക്കം ആശാസ്യമായ ഒരു നിലപാടല്ല.

എന്തും ഏതും റ്റബൂ ആയ ഒരു സമൂഹം. അവിടെ കമ്മ്യൂണിസ്റ്റുണ്ടു്, ക്യാപിറ്റലിസ്റ്റുണ്ടു്, ഹിന്ദുവുണ്ടു്, മുസ്ലീമുണ്ടു്, ക്രിസ്ത്യാനിയുണ്ടു്. ഒരു മതവിശ്വാസം, ഒരു രാഷ്ട്രീയ നിലപാടു് അതെല്ലാം മനുഷ്യരുടെ മൗലികമായ അവകാശങ്ങളാണു്, സംശയമൊന്നുമില്ല. പക്ഷേ, കേരളത്തിന്റെ പ്രശ്നം, അതുപോലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾ വിഭാഗീയ ചിന്താഗതികളായി രൂപാന്തരം പ്രാപിച്ചു് പൊതുസമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കുന്ന പദ്ധതികളെപ്പോലും നശിപ്പിക്കുവാൻ മടിക്കാത്ത വിഡ്ഢിത്തത്തിലേക്കു് വളർന്നുകഴിഞ്ഞു എന്നതാണു്.

നന്ദന March 20, 2010 at 9:25 AM  

എല്ലാം ഒന്നേന്ന് പഠിച്ചു വരട്ടെ

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP