Wednesday, March 24, 2010

ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും-2

മുസ്ലീമുകളുടെ വിശ്വാസപ്രകാരം മായം ചേർക്കാത്ത ഒരേയൊരു ദൈവവചനഗ്രന്ഥവും, ഇസ്ലാമിന്റെ അടിത്തറയുമാണു് ഖുർആൻ. സമ്പൂർണ്ണമെന്നു് അവർ കരുതുന്ന അതുപോലൊരു സത്യഗ്രന്ഥത്തിൽ അവർ സംതൃപ്തരും സന്തുഷ്ടരും ആവേണ്ടതാണു്. പിന്നെ എന്തിനാണു് അവർ ക്രിസ്ത്യാനികൾ സത്യവചനമെന്നു് വിശ്വസിക്കുന്ന ബൈബിളിൽ കയറി പിടിച്ചിരിക്കുന്നതു്? ഉത്തരം ലളിതമാണു്. (നിസ്സംശയം വ്യാജമെന്നു് തെളിയിക്കാവുന്ന) ആന്റി-പൗളിൻ, പ്രോ-ഇസ്ലാം ആയ ബര്‍ണബാസ്‌ സുവിശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങൾ തിരുത്തപ്പെട്ടതാണെന്നും, യേശു അവതരിച്ചതു് യോഹന്നാൻ സ്നാപകൻ യേശുവിന്റെ വരവു് വിളിച്ചറിയിച്ചതുപോലെ മുഹമ്മദ്‌ എന്ന തന്റെ 'മുതിർന്ന സഹോദരന്റെ' വരവു് പ്രവചിക്കാനായിരുന്നുവെന്നുമൊക്കെ പെരുമ്പറമുഴക്കി രംഗപ്രവേശം ചെയ്തപ്പോൾ, അതു് ഇസ്ലാം പണ്ഡിതർക്കു് ക്രൈസ്തവ വിശ്വാസത്തെ തല്ലാനായി വീണുകിട്ടിയ ഒരു വടിയായി മാറി. ബൈബിളിൽ പോലും മുഹമ്മദിനെപ്പറ്റി സൂചനയുണ്ടെന്നു് സ്ഥാപിക്കാൻ കഴിഞ്ഞാൽ, യഹൂദ-ക്രൈസ്തവ മതങ്ങൾ എന്നപോലെതന്നെ, അബ്രാഹാമിന്റെ പിന്തുടർച്ചാവകാശത്തിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഇസ്ലാമിനെ സംബന്ധിച്ചു് അതൊരു ചില്ലറക്കാര്യവുമല്ല. പിന്നെ താമസമുണ്ടായില്ല - മുൻപിൻനോക്കാതെ, ക്രൈസ്തവപണ്ഡിതർ ഇതുസംബന്ധിച്ചു് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്യാതെ 'ബര്‍ണബാസ്‌ ബൈബിളിന്റെ' പതിപ്പുകൾ ഇസ്ലാമിന്റെ അഡ്രസ്സിൽ പുറത്തിറങ്ങി. മതപരമായ കാര്യങ്ങളിലെ സാധാരണ പതിവുപോലെ, ഇസ്ലാം പണ്ഡിതർ അവയിൽനിന്നും അനുയോജ്യമായ ഭാഗങ്ങൾ മാത്രം ചുഴിഞ്ഞെടുത്തു് പ്രസംഗങ്ങളിലൂടെയും ബ്ലോഗുകളിലൂടെയുമൊക്കെ വിളമ്പിയപ്പോൾ സ്വന്തം വേദഗ്രന്ഥം പോലും വായിച്ചിട്ടില്ലാത്ത വിശ്വാസികൾവരെ സ്വാഭാവികമായും അതേറ്റുപാടി. ബൈബിളിൽ - അതും യേശുവിനാൽ നേരിട്ടു് - മുഹമ്മദ്‌ പ്രവചിക്കപ്പെട്ടു എന്ന, ബൈബിളിലെ അംഗീകൃത സുവിശേഷങ്ങൾ ഉപയോഗിച്ചു് ഒരിക്കലും സ്ഥാപിക്കാൻ സാദ്ധ്യമാവാത്ത, 'വിശ്വാസയോഗ്യമായ' ഒരു തെളിവു് ലിഖിതരൂപത്തിൽ നിലനിൽക്കുന്നുണ്ടെന്ന തെറ്റായൊരു ധാരണ അങ്ങനെ ബർണബാസ്‌ സുവിശേഷത്തിന്റെ സഹായത്താൽ മനുഷ്യരുടെ, പ്രത്യേകിച്ചും മുസ്ലീമുകളുടെ മനസ്സിൽ നട്ടുപിടിപ്പിക്കപ്പെട്ടു.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്‌ രൂപമെടുത്ത എണ്ണമറ്റ രചനകളിൽ നിന്നും സ്വാഭാവികമായും ക്രോഡീകരിക്കപ്പെട്ട ബൈബിളിലെ നാലു് അംഗീകൃതസുവിശേഷങ്ങൾ ഏതോ സഭാപിതാക്കൾ തിരുത്തിയെഴുതിയതും, തന്മൂലം വിശ്വാസയോഗ്യമല്ലാത്തതും ആണെന്നു് സ്ഥാപിക്കാൻ പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ രൂപമെടുത്തതെന്നു് എല്ലാ തെളിവുകളും സൂചിപ്പിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന (വ്യാജം എന്നു് സ്പഷ്ടമായ!) ഒരേയൊരു കൃതി മതിയെന്നു് വരുന്നതിലെ വൈചിത്ര്യം ചിന്തിക്കാവുന്നതേയുള്ളു. ചുരുക്കത്തിൽ, ബൈബിളിൽ മുഹമ്മദ്‌ പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നു് സ്ഥാപിക്കാൻ ശ്രമിക്കുന്ന മുസ്ലീം അപ്പോളൊജിസ്റ്റുകൾക്കു് വിലപ്പെട്ടതു് ആരംഭകാലക്രൈസ്തവസഭയിൽ രൂപമെടുത്ത, അംഗീകരിക്കപ്പെട്ടവയും, അല്ലാത്തവയുമായ എണ്ണമറ്റ കൃതികളേക്കാൾ, പ്രത്യക്ഷത്തിൽത്തന്നെ അബദ്ധങ്ങൾ കുത്തിനിറച്ചിരിക്കുന്ന ബര്‍ണബാസ്‌ സുവിശേഷം എന്ന മദ്ധ്യകാലകൃതിയായിരുന്നു. കാരണം, അവർക്കു് വേണ്ടതു് അതിൽ നിന്നേ ലഭിക്കുമായിരുന്നുള്ളു. അതേസമയം, ഖുർആൻ അക്ഷരംപ്രതി കുറ്റമറ്റതും ഏകവും ആത്യന്തികവുമായ ദൈവികസത്യമാണെന്നു് കരുതുന്നവരാണു് മുസ്ലീം പണ്ഡിതർ എന്നതിനാൽ, ആ വിശ്വാസത്തെ കുറച്ചുകൂടി ആസ്വാദ്യകരമാക്കാൻ സഹായിച്ചേക്കാവുന്ന ഒരു കറിവേപ്പില എന്നതിൽ കവിഞ്ഞ യാതൊരു പ്രസക്തിയും അവരെ സംബന്ധിച്ചു് ബർണബാസ്‌ സുവിശേഷത്തിനു് ഉണ്ടാവാൻ സാദ്ധ്യതയുമില്ല.

ഓരോ മതവിശ്വാസിക്കും അവന്‍റെ വേദഗ്രന്ഥം ആത്യന്തികവും ദൈവികവുമായ നിത്യസത്യം ഉൾക്കൊള്ളുന്ന വിശുദ്ധഗ്രന്ഥമാണു്. ഒരു മതവിശ്വാസത്തെയോ, ആ മതത്തിലെ ഗ്രന്ഥത്തേയോ ആ മതത്തിലെതന്നെ അംഗങ്ങളോ, യുക്തിവാദികൾ, നിരീശ്വരവാദികൾ മുതലായ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരോ വിമർശിക്കുന്നതിൽ നിന്നും അങ്ങേയറ്റം വ്യത്യസ്തവും ലജ്ജാവഹവുമാണു് ഒരു മതത്തിലെതന്നെ വിശ്വാസികൾ മറ്റൊരു മതത്തിലെ വിശ്വാസികളെ വിമർശിക്കുന്നതു്. അതുപോലൊരു പ്രവൃത്തിക്കു് സാമാന്യയുക്തിയിലോ വിശ്വാസത്തിൽത്തന്നെയോ യാതൊരുവിധത്തിലുമുള്ള നീതീകരണവുമില്ല. ഒരു മതവിശ്വാസി തന്റെ സ്വന്തം മതത്തെ വിമര്‍ശിക്കുന്നതു്, കാലത്തിനു് നിരക്കാത്തതായി മാറിയ അതിലെ മാറാലകൾ നീക്കം ചെയ്യാനാണെങ്കിൽ, ഒരു നിരീശ്വരവാദി പൊതുവേതന്നെ മതങ്ങളേയും ദൈവത്തേയും വിമര്‍ശിക്കുന്നതു് അവന്റെ നിലപാടിന്റെ നീതീകരണം വ്യക്തമാക്കുന്നതിനു് വേണ്ടിയാണു്. സമഗ്രാധിപത്യവ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായി, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ സ്വന്തനിലപാടു് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണു്. കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളിൽ കടിച്ചുതൂങ്ങുന്നതിനുള്ള അവകാശം അതു് പൊതുജീവിതത്തിനു് ഒരു ഭീഷണി ആവാത്തിടത്തോളം മാത്രമേ ഒരു ആധുനിക ജനാധിപത്യസമൂഹത്തിനു് അനുവദിക്കാൻ ആവുകയുള്ളു. കാരണം, തിരുത്തൽ ആവശ്യമില്ലാത്ത, ഏകമായ, ആത്യന്തികമായ ഒരു സത്യം എന്നതു് കാലാനുസൃതമോ സാമാന്യബോധത്തിനു് നിരക്കുന്നതോ അല്ല.

ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ, ബർണബാസ്‌ സുവിശേഷത്തിന്റെ വെളിച്ചത്തിൽ ബൈബിളിനെ വിമർശിക്കാനുള്ള മുസ്ലീമുകളുടെ അർഹതയേക്കാൾ എത്രയോ കൂടുതൽ നീതീകരിക്കാവുന്നതാണു് ബൈബിളിന്റെ വെളിച്ചത്തിൽ ബർണബാസ്‌ സുവിശേഷത്തേയും ഖുർആനെയും വിമര്‍ശിക്കാനുള്ള ക്രൈസ്തവരുടെ അർഹത എന്നു് പറയാതിരിക്കാനും വയ്യ. ഇസ്ലാം അവകാശപ്പെടുന്ന മുഹമ്മദിന്റെ അബ്രാഹാം-യിശ്മായേൽ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവർ അവകാശപ്പെടുന്ന യേശുവിന്റെ അബ്രാഹാം-യിസഹാക്ക്‌ പൈതൃകത്തിന്റെ പിൻതുടർച്ചയും, ക്രൈസ്തവരുടെ മൗലികമായ വിശ്വാസപ്രമാണങ്ങൾ അതിനേക്കാൾ എത്രയോ ബലഹീനമായ മറ്റൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു് മുസ്ലീമുകൾ ചോദ്യം ചെയ്യുന്നതുമെല്ലാം ക്രൈസ്തവപക്ഷത്തിനു് ബർണബാസ്‌ സുവിശേഷത്തെ വിമർശിക്കാനുള്ള അർഹതയ്ക്കു് അനുകൂലമായ പല ഉദാഹരണങ്ങളിൽ ചിലതു് മാത്രമാണു്. എന്നിരുന്നാൽത്തന്നെയും, ഇസ്ലാം അപ്പോളൊജെറ്റിക്സ് ബർണബാസ്‌ സുവിശേഷത്തെ കൂട്ടുപിടിച്ചു് ബൈബിളിനെ ആക്രമിക്കാൻ തുടങ്ങിയില്ലായിരുന്നെങ്കിൽ ആവശ്യത്തിലേറെ അപ്പോക്രിഫൽ സുവിശേഷങ്ങളും ലേഖനങ്ങളും കണ്ടു് മതിവന്നിട്ടുള്ള ക്രൈസ്തവപണ്ഡിതരിൽ ആ സുവിശേഷം കാര്യമായ എന്തെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നോ എന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയം മുസ്ലീം ലോകത്തിൽ ചർച്ച ചെയ്യപ്പെടുന്നതിന്റെ നേരിയ ഒരംശം തീക്ഷ്ണതയിൽ പോലും ക്രൈസ്തവസഭയുടെ ഈറ്റില്ലമായ പാശ്ചാത്യരാജ്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതും, ചുരുക്കം പ്രതികരണങ്ങൾ ഉണ്ടാവുന്നതുതന്നെ വിദഗ്ദ്ധരുടെ ഭാഗത്തുനിന്നു് മാത്രമാണെന്നതും ശ്രദ്ധേയമാണു്. വ്യത്യസ്ത സമൂഹങ്ങളിൽ നിലവിലിരിക്കുന്ന ബൗദ്ധികമായ പക്വതയുടെ ലക്ഷണമായും ഇതിനെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഒരുപാടു് പാചകക്കാർ വിഭവം കുളമാക്കിയിട്ടേയുള്ളു! സ്വന്തം അജ്ഞതയെപ്പറ്റി ബോധമില്ലാത്തവർക്കു് അവർ മറ്റുള്ളവരെ വഴികാണിക്കാൻ ശ്രമിക്കുന്നതിനുള്ള അവരുടെ അയോഗ്യതയും തിരിച്ചറിയാൻ കഴിയില്ല. വായിച്ചിട്ടില്ലെങ്കിലും (അജ്ഞതമൂലം വായിച്ചിട്ടു് വലിയ കാര്യവുമില്ല!) കക്ഷത്തിൽ സ്ഥിരമായി കൊണ്ടുനടക്കുന്ന 'ദൈവദത്തമായ' ഒരു ആധികാരികഗ്രന്ഥം ആധാരമായി ഉള്ളതിനാൽ ഈ സർവ്വജ്ഞാനി ചമയൽ എളുപ്പം ന്യായീകരിക്കാനും കഴിയും. പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ നൂറ്റാണ്ടുകൾ പിന്നിൽ നിൽക്കുന്ന ജനങ്ങൾ ബഹുഭൂരിപക്ഷമായ ഒരു സമൂഹത്തിൽ ഇക്കൂട്ടർക്കു് വേരുറപ്പിക്കാൻ വേണ്ടത്ര വളക്കൂറുള്ള മണ്ണു് ലഭിക്കുന്നതിലും അത്ഭുതത്തിനു് വകയില്ല. താൻ എഴുതുന്നതു് എന്തെന്നു് പോലും കൃത്യമായി അറിയാൻ കഴിവില്ലാത്തവർ 'ദൈവവചനങ്ങളെ' മറ്റു് മനുഷ്യർക്കു് വ്യാഖ്യാനിച്ചു് കൊടുക്കാൻ ശ്രമിക്കുന്നതു് പരിഹാസ്യം മാത്രമല്ല, അതു് മനുഷ്യരോടു് ചെയ്യുന്ന ഒരു കുറ്റകൃത്യം പോലുമാണു്. അതുപോലൊരു പരിശോധന എനിക്കും ബാധകമാണെന്നതിനാൽ, ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ നിഷ്പക്ഷപണ്ഡിതരും, ക്രൈസ്തവപക്ഷവും നടത്തിയ പഠനങ്ങളെ ആധാരമാക്കിയുള്ളതാണെന്നും എന്റെ സ്വന്തം കണ്ടെത്തലുകൾ അല്ലെന്നും പ്രത്യേകം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവലംബങ്ങൾ ലേഖനം അവസാനിക്കുന്ന മുറയ്ക്കു് നൽകുന്നതായിരിക്കും.

കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നതുപോലെ, 1907-ൽ രണ്ടു് ക്രിസ്ത്യാനികളാൽ ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്യപ്പെട്ടതുകൊണ്ടുമാത്രം മുസ്ലീമുകളുടെ കയ്യിലെത്തിപ്പെടാൻ കഴിഞ്ഞ ബർണബാസ്‌ സുവിശേഷം പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു വ്യാജകൃതിയാണെന്നു് സംശയരഹിതമായി തെളിയിക്കാൻ അതിലെതന്നെ രേഖപ്പെടുത്തലുകൾ ധാരാളം മതി. പോരെങ്കിൽ, അതിൽ നൽകിയിരിക്കുന്ന പല വിവരങ്ങളും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി തെറ്റുകളുമാണെന്നും നമ്മൾ കണ്ടു. എങ്കിൽത്തന്നെയും, ബൈബിളിലെ പുതിയനിയമപ്രകാരം ബർണബാസ്‌ ഒരു സങ്കൽപകഥാപാത്രമല്ല എന്നതിനാൽ ആരംഭകാലക്രിസ്തുമതത്തിൽ ഒരു ബർണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എങ്കിൽ അതിൽ അതിശയോക്തി ഒന്നുമില്ല. (ബൈബിളിലെ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ നാലു് അംഗീകൃതസുവിശേഷങ്ങൾക്കു് പുറമേ,) തോമാസ്‌, ഫിലിപ്പോസ്‌, പത്രോസ്‌, യാക്കോബ്‌, ബാർത്തൊലോമിയസ്‌, മത്ഥിയാസ്‌, നിക്കൊദേമോസ്‌ മുതലായവരുടെ എല്ലാം പേരിലുള്ള സുവിശേഷങ്ങൾ പൂർണ്ണമോ ഭാഗികമോ ആയി ലഭിച്ചിട്ടുണ്ടെന്നിരിക്കെ, ബർണ്ണബാസും ഒരു സുവിശേഷം എഴുതിയിട്ടുണ്ടാവാം എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. ഈ ബര്‍ണബാസ്‌ യേശുവിനെ നേരിട്ടു് കണ്ടിട്ടുള്ളവൻ അല്ലെങ്കിൽ പോലും, (പുനരുത്ഥാനത്തിനു് മുൻപു് അവൻ ശിഷ്യഗണത്തിൽ ഇല്ലായിരുന്നെങ്കിൽ) ആ കുറവും ഒരു സുവിശേഷം എഴുതുന്നതിനു് തടസ്സമാവണമെന്നില്ല. ബൈബിളിലെ മൂന്നാമത്തെ സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതിയവൻ എന്നു് കരുതപ്പെടുന്ന ലൂക്കോസും യേശുവിനെ നേരിൽ കണ്ടിട്ടുള്ളവനല്ല. ലൂക്കോസ്‌ തന്നെ അതു് പറയുന്നുമുണ്ടു് (ലൂക്കോസ്‌ 1: 1-4). പൗലോസിന്റെ കൊലോസ്സ്യർ ലേഖനത്തിൽ (4: 10-11; 14) ലൂക്കോസ്‌ പരിച്ഛേദന ചെയ്യാത്തവൻ ആയിരുന്നു എന്നൊരു സൂചനയുള്ളതിനാൽ, ഒരു യഹൂദൻ പോലുമായിരുന്നില്ല എന്നു് കരുതുന്ന പണ്ഡിതരുണ്ടു്. 'ജാതിയിൽ' നിന്നു് വന്നവനായ, യേശുവിനെ നേരിൽ കാണാത്ത ലൂക്കോസിനു് സുവിശേഷവും അപ്പൊസ്തലപ്രവൃത്തികളും എഴുതാമെങ്കിൽ, യേശുജീവിതത്തിന്റെ ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ കഴിയുമായിരുന്ന ബർണബാസിനും ഒരു സുവിശേഷം എഴുതാൻ യോഗ്യതക്കുറവൊന്നുമില്ല. പത്രോസിന്റെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണു് ബർണബാസിന്റെ മച്ചുനനായ മർക്കോസ്‌ തന്റെ സുവിശേഷം എഴുതിയതു് എന്നതും ഇതിനോടു് കൂട്ടിവായിക്കാവുന്നതാണു്.

ഇതിന്റെയൊക്കെ വെളിച്ചത്തിൽ, ബർണബാസിന്റേതായി ഒരു സുവിശേഷം ആദ്യകാലത്തു് നിലനിന്നിരുന്നു എന്നു് അംഗീകരിച്ചാൽത്തന്നെ, അതു് ഇവിടെ പരാമര്‍ശവിഷയമായ ബർണബാസോ ആ ബർണബാസിന്റെ സുവിശേഷമോ ആവാൻ കഴിയില്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല. കാരണം, അതിലെ എല്ലാ തെളിവുകളും അതൊരു മദ്ധ്യകാലസൃഷ്ടിയാണെന്ന നിഷേധിക്കാനാവാത്ത സത്യത്തിലേക്കാണു് വിരൽ ചൂണ്ടുന്നതു്. അതിനാൽ, പൊതുവേ ഇസ്ലാം ചിന്താധാര ഉൾക്കൊള്ളുന്നതായ ഈ ബർണബാസ്‌ സുവിശേഷത്തിൽ കാണാൻ കഴിയുന്ന വിശ്വാസപരമായ അവകാശവാദങ്ങൾ ഭാഗികമായെങ്കിലും ആദ്യകാല ക്രിസ്തുമതത്തിൽ നിലവിലുണ്ടായിരുന്ന ഒരു മൂലകൃതിയെ ആധാരമാക്കിയുള്ളതാണോ എന്നതിനേക്കുറിച്ചുള്ള ഒരു അന്വേഷണത്തിനു് മാത്രമേ ഇവിടെ എന്തെങ്കിലും പ്രസക്തിയുള്ളു. പക്ഷേ, അതുപോലൊരു പുരാതന ബർണബാസ്‌ സുവിശേഷത്തിന്റെ നുറുങ്ങുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ, ലഭ്യമായ മറ്റു് തെളിവുകൾ വച്ചു് പ്ലോസിബിൾ എന്നു് തോന്നുന്ന നിഗമനങ്ങൾ നടത്തുകയല്ലാതെ പ്രായോഗികമായ മറ്റു് പരിഹാരങ്ങളൊന്നും ഈ പ്രശ്നത്തിനില്ല. ഇത്തരം കാര്യങ്ങളിൽ പൊതുവെ എന്നപോലെ, എത്രയായാലും, അന്തിമമായി ബർണബാസ്‌ സുവിശേഷം വ്യാജമോ അല്ലയോ എന്നു് ഒരുവൻ തീരുമാനിക്കുന്നതു്, വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്നതിലുപരി, അവൻ പിന്തുടരുന്ന മതവിശ്വാസപരവും ലോകദര്‍ശനപരവുമായ നിലപാടിൽ അധിഷ്ഠിതമായി ആയിരിക്കുംതാനും. വിശ്വാസത്തിനു് വിശകലനം ഒരു മുൻവ്യവസ്ഥയല്ലാത്തതിനാൽ അത്തരം തീരുമാനങ്ങൾ വളരെ എളുപ്പമാണെന്നു് മാത്രമല്ല, പലപ്പോഴും ഒരു സജീവചിന്തയുടെ സഹായമില്ലാതെതന്നെ സംഭവിക്കാവുന്നതുമാണു്. അത്തരം സന്ദർഭങ്ങളിൽ ചിന്ത എന്നതു് അന്ധമായി അംഗീകരിച്ച വിശ്വാസത്തെ ന്യായീകരിക്കുന്നതിനുള്ള, കാര്യമായ ഉള്ളടക്കമൊന്നുമില്ലാത്ത വാചാടോപത്തിനു് ഒരു ഉപാധി എന്ന നിലയിലേക്കു് അധഃപതിക്കാറുമാണു് പതിവു്.

ക്രൈസ്തവവിശ്വാസത്തിനോടും ഇസ്ലാമിക വിശ്വാസത്തിനോടുമുള്ള പൊരുത്തക്കേടുകൾ

മദ്ധ്യകാല ബർണബാസ്‌ സുവിശേഷത്തെ കാനോനികസുവിശേഷങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്ന ഉള്ളടക്കത്തിനു് ആധാരമായ ഒരു അടിത്തറ ആരംഭകാലക്രിസ്തുമതത്തിലെ ഏതെങ്കിലും രചനകളിൽ ഉണ്ടോ എന്നു് തിരയുന്നതിനു് മുൻപു് ക്രൈസ്തവ നിലപാടുകൾക്കു് വിരുദ്ധം എന്നപോലെതന്നെ ഖുർആൻ നിലപാടുകൾക്കും വിരുദ്ധമായി ബർണബാസ്‌ സുവിശേഷത്തിൽ വായിക്കാൻ കഴിയുന്ന പലതിൽ ചിലതുകൂടി ഇവിടെ രേഖപ്പെടുത്തുന്നു.

'ബർണബാസ്‌ സുവിശേഷം അദ്ധ്യായം-39' എന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ കാണാൻ കഴിയുന്നപോലെ, ക്രിസ്തുമതത്തിന്റെ ആദ്യകാലത്തു് രൂപമെടുത്തതു് എന്നവകാശപ്പെടുന്ന ബർണബാസ്‌ സുവിശേഷത്തിൽ ഭൂമിയിലെ ആദ്യമനുഷ്യനായ ആദാം സൃഷ്ടിക്കുശേഷം ആദ്യമായി കണ്ണുതുറന്നപ്പോൾ വായുവിൽ ദര്‍ശിക്കുന്നതു് ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളാണു്! ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഈ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ ഉടനെതന്നെ ആദാം വായിച്ചു് മനസ്സിലാക്കുന്നു! (ആ വാചകങ്ങൾ എഴുതിയിരുന്ന ലോകത്തിലെ ആദ്യഭാഷ ദൈവം ആദ്യമനുഷ്യനായ ആദാമിനു് ഒരു ബോണസ്സു് എന്ന രീതിയിൽ സൃഷ്ടിയോടൊപ്പം നൽകിയിരുന്നു എന്നുവേണം ഊഹിക്കാൻ!) ആ വിശ്വാസപ്രമാണങ്ങൾ ദൈവം ആദാമിന്റെ ആഗ്രഹപ്രകാരം അവന്റെ കൈകളിലെ പെരുവിരൽ നഖങ്ങളിൽ (അതേ ഭാഷയിൽ തന്നെയാവണം!) ലിഖിതം ചെയ്തുകൊടുക്കുന്നു! ബർണബാസ്‌ സുവിശേഷപ്രകാരം ദൈവം മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനും അറുപതിനായിരം വർഷങ്ങൾക്കു് മുൻപുതന്നെ മുഹമ്മദിന്റെ ആത്മാവു് ഒരു ദിവ്യതേജസ്സ്‌ ആയി സൃഷ്ടിക്കപ്പെടുന്നു! (ദൈവം ബിഗ്‌-ബാംഗ്‌ സൃഷ്ടിച്ചതു് അറുപതിനായിരം വർഷങ്ങൾക്കു് മുൻപോ അതിനു് ശേഷമോ എന്ന ചോദ്യം ഒരുപക്ഷേ ബാലിശമാണെന്ന അഭിപ്രായം ഉയർന്നേക്കാം. കാരണം, ഒരിക്കലും പഞ്ഞം വരാത്ത ഒന്നാണല്ലോ പൊതുജനാഭിപ്രായം! പക്ഷേ, ബാലിശമായ ചോദ്യങ്ങൾ അതിന്റെ പേരിൽ മാത്രം അർത്ഥശൂന്യം ആയിക്കൊള്ളണമെന്നില്ല.)

ബർണബാസ്‌ സുവിശേഷത്തിൽ ആദാം, അബ്രാഹം, 'യിശ്മായേൽ', മോശെ, ദാവീദ്‌, മറിയയുടെ മകനായ യേശു എന്നിവരെ മുഹമ്മദ്‌ ദൈവത്തിനു് മുന്നിൽ സാക്ഷികളായി അവതരിപ്പിക്കുന്നുണ്ടു് (അദ്ധ്യായം 55). പഴയ നിയമത്തിലെ മുഴുവൻ പുരാതനപിതാക്കളെയും ഖുർആനും പ്രവാചകന്മാരായി അംഗീകരിക്കുന്നുണ്ടു് എന്നതിനാൽ ഇതൊരു ഇസ്ലാമിക കാഴ്ചപ്പാടാണു്, ക്രിസ്തീയമല്ല. യഹൂദ-ക്രൈസ്തവ മതങ്ങൾ പുരാതനപിതാക്കന്മാരെ 'പ്രവാചകർ' എന്ന ഒരു ഒറ്റക്കൂട്ടിൽ ഒതുക്കുകയല്ല, അവർക്കോരോരുത്തർക്കും അവരുടേതായ സ്ഥാനങ്ങൾ നൽകി ബഹുമാനിക്കുകയാണു് ചെയ്യുന്നതു്. മാത്രവുമല്ല, പഴയനിയമപ്രകാരം അബ്രാഹാമിന്റെ മകൻ യിസഹാക്ക്‌, അവന്റെ മകൻ യാക്കോബ്‌ എന്നിങ്ങനെയാണു് യിസ്രായേൽ വംശത്തിലെ ദാവീദിന്റെയും യേശുവിന്റെയുമൊക്കെ തലമുറകളുടെ ആരംഭവും ഗതിയും. അബ്രാഹാമിനു് ഈജിപ്ഷ്യൻദാസിയായ ഹാഗാറിൽ ജനിച്ച പുത്രനാണു് യിശ്മായേൽ. യിസ്രായേൽ വംശം ഒരിക്കലും യിശ്മായേൽ വംശമാവില്ല എന്നു് സാരം. ബർണബാസ്‌ സുവിശേഷത്തിൽ യിസഹാക്കിന്റെ സ്ഥാനം ആദ്യജാതൻ എന്ന പേരിൽ യിശ്മായേലിനു് നൽകുന്നതു് ഒരു ക്രിസ്തീയ കാഴ്ചപ്പാടോ ബൈബിളിന്റെ അടിസ്ഥാനത്തിൽ പ്രാതിനിധ്യസ്വഭാവമുള്ളതോ അല്ല. ഉദാഹരണത്തിനു്, അന്ധനായ പിതാവു് യിസഹാക്കിനു് അമ്മ റിബേക്കയുടെ സഹായത്തോടെ ഇഷ്ടഭോജനമായ വേട്ടയിറച്ചി എന്ന പേരിൽ ആട്ടിറച്ചി നൽകി തൃപ്തിപ്പെടുത്തി ആദ്യജാതനും വേട്ടക്കാരനുമായിരുന്ന ഏശാവിന്റെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും യാക്കോബ്‌ ഏറ്റുവാങ്ങുന്നുണ്ടു്. മാറ്റപ്പെടാൻ പാടില്ലാത്ത ഒന്നല്ല ജ്യേഷ്ഠാവകാശം എന്നു് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു എന്നു് സാരം.

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വാഗ്ദാനം യിസഹാക്കിന്റെ വംശത്തിനല്ല, യിശ്മായേൽവംശത്തിനാണു് നൽകപ്പെടുന്നതു്. അബ്രാഹമിനോടു് യിസഹാക്കിനെയല്ല, യിശ്മായേലിനെയാണു് ബലികഴിക്കാൻ ദൈവം ആവശ്യപ്പെടുന്നതു്. ഇതും ഇസ്ലാമിക കാഴ്ചപ്പാടുകളാണു്, ക്രൈസ്തവരുടേതല്ല. അതുപോലെതന്നെ, ബൈബിളിലെ വ്യക്തമായ നിലപാടിൽ നിന്നും വിരുദ്ധമായി യേശു ജനിക്കുന്നതു് ദാവീദിന്റെ ഗോത്രത്തിലല്ല. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിനു് വീഞ്ഞും അശുദ്ധമായ പന്നിമാംസവും നൽകുന്നതിൽ നിന്നും ദൈവം മറിയയേയും യോസേഫിനേയും വിലക്കുന്നു. അതും ഇസ്ലാമികമാണു്, ഒരു ക്രിസ്തീയ നിലപാടല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, മോശെയുടെയും ദാവീദിന്റെയും പുസ്തകങ്ങൾ തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതിനാൽ (അദ്ധ്യായം 124, 159, 189) അതു് പഴയനിയമത്തിലെ തങ്ങൾക്കു് ആവശ്യമായ ഭാഗങ്ങളെ വിമര്‍ശിക്കാൻ പറ്റിയ ഒരു ആയുധമായി ഇസ്ലാം താർക്കികർ ഉപയോഗിക്കുന്നു. പക്ഷേ, ഈ തിരുത്തലിനു് യേശു ഉത്തരവാദികളാക്കുന്നതായി ബർണബാസ്‌ സുവിശേഷം ചൂണ്ടിക്കാണിക്കുന്നതു് മഹാപുരോഹിതന്മാരെയും പരീശന്മാരെയുമാണു്. പക്ഷേ, പരീശന്മാരുടെ പാർട്ടി രൂപമെടുത്തതു് B.C. 104-നും, 135-നും ഇടയിൽ മാത്രമാണു്.

നാലാം നൂറ്റാണ്ടിന്റെ അവസാനം രൂപമെടുത്തു് കത്തോലിക്കാസഭയുടെ ഔദ്യോഗികബൈബിൾ ആയിത്തീർന്ന വൾഗെയ്റ്റിൽ (Vulgate) നിന്നുമുള്ള വാക്യങ്ങൾ ബർണബാസ്‌ സുവിശേഷം ഉദ്ധരിക്കുന്നുണ്ടെന്നതിനാൽ, അതു് യേശുവിന്റെ ഒരു സമകാലികനാൽ എഴുതപ്പെട്ടതാവാൻ സാദ്ധ്യതയില്ല.

യേശുവും ശിഷ്യന്മാരും നാൽപതു് ദിവസം ഉപവസിച്ചതായി ബർണബാസ്‌ സുവിശേഷം പ്രസ്താവിക്കുന്നു. പക്ഷേ, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പു് നാൾ ആയ ഈസ്റ്റർ വരെ നാൽപതു് ദിവസത്തേക്കു് ഉപവസിക്കുന്ന രീതി ക്രൈസ്തവസഭയിൽ ആരംഭിച്ചതുതന്നെ നാലാം നൂറ്റാണ്ടിലാണു്. യേശുവിന്റെ കഷ്ടാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ആചരിക്കുന്നതിനായി നടപ്പിലാക്കിയ ഈ ഉപവാസം താൻ മരിക്കുന്നതിനു് മുൻപു് യേശുവും അവന്റെ ശിഷ്യന്മാരും ആചരിച്ചു എന്ന ബര്‍ണബാസിന്റെ അവകാശവാദം അബദ്ധമാണെന്നതിലേക്കും, ഈ സുവിശേഷം നാലാം നൂറ്റാണ്ടിനു് മുൻപു് രൂപം കൊണ്ടതാവാൻ കഴിയില്ല എന്നതിലേക്കുമാണു് ഈ പ്രസ്താവന വിരൽ ചൂണ്ടുന്നതു്. (അദ്ധ്യായം 92)

ബര്‍ണബാസ്‌ സുവിശേഷത്തിൽ പരാമര്‍ശിക്കപ്പെടുന്ന ദിനാർ എന്ന സ്വർണ്ണനാണയത്തിന്റെയും (അറുപതു് mites = ഒരു ദിനാർ) അടിസ്ഥാനം തെറ്റിദ്ധാരണയാണു്. പുതിയനിയമകാലത്തു് നിലവിലുണ്ടായിരുന്ന ഒരു സ്വർണ്ണനാണയം (aureus) 3200 ഓട്ടുനാണയത്തിനു് (lepton) (minuti എന്നു് ലാറ്റിൻ) തുല്യമായിരുന്നു. റോമൻ വെള്ളിനാണയമായിരുന്ന denarius-ന്റെ മൂല്യം 128 leptons ആയിരുന്നു. minuti എന്നാൽ അറുപതിൽ ഒന്നു് എന്നതു് കാനോനിക്കൽ മർക്കോസ്‌ സുവിശേഷത്തിലെ (12: 42)-നെപ്പറ്റി മദ്ധ്യകാലാന്ത്യത്തിൽ നിലവിലിരുന്ന തെറ്റായ ഒരു പൊതുധാരണയാണു്. (അദ്ധ്യായം 54)

ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, വീഞ്ഞു് സൂക്ഷിക്കാനായി മരം കൊണ്ടുള്ള വീപ്പകളല്ല, തോൽസഞ്ചികളായിരുന്നു യേശു ജീവിച്ച പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നതു്.

ഖുർആനിൽ നിന്നും വ്യത്യസ്തമായി ബർണബാസ്‌ സുവിശേഷത്തിൽ മറിയ യേശുവിനെ വേദനയില്ലാതെ പ്രസവിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവസഭയിൽ ഇങ്ങനെയൊരു സിദ്ധാന്തം രൂപം കൊണ്ടതു് മദ്ധ്യകാലത്തു് മാത്രമാണു്. (അദ്ധ്യായം 3)

ദാനധർമ്മം, ഉപവാസം, തീർത്ഥാടനം, യേശുവും നടത്തിയിരുന്നതായി അവകാശപ്പെടുന്ന ദിവസത്തിൽ അഞ്ചുനേരത്തെ പ്രാർത്ഥന മുതലായ കാര്യങ്ങൾ ബര്‍ണബാസ്‌ സുവിശേഷം ഊന്നിപ്പറയുന്നുണ്ടെന്നതിനാൽ, അതു് ഇസ്ലാം ജന്മമെടുത്ത ഏഴാം നൂറ്റാണ്ടിനു് ശേഷം മാത്രം എഴുതപ്പെട്ടതാവാനേ കഴിയൂ. (അദ്ധ്യായം 89)

ബർണബാസ്‌ സുവിശേഷത്തിൽ വ്യക്തമായി പറയുന്നപോലെ, പറുദീസയിൽ ആദാമിനും ഹവ്വയ്ക്കും നിരോധിക്കപ്പെട്ട പഴം ആപ്പിൾ ആണെന്നു് പഴയനിയമത്തിൽ ഒരു സൂചനയുമില്ല. അതും പിൽക്കാലസഭാചരിത്രത്തിൽ രൂപമെടുത്ത ഒരു ആശയമാണു്. (അദ്ധ്യായം 39)

ബർണബാസ്‌ സുവിശേഷപ്രകാരം, യേശുവിനു് 30-ാ‍ം വയസ്സിൽ ഉച്ചനമസ്കാരസമയത്തു് വെളിപാടു് ഉണ്ടാവുമ്പോൾ അവൻ തെളിഞ്ഞ പ്രകാശത്താലും മാലാഖമാരാലും പൊതിയപ്പെടുകയും, ഗബ്രിയേൽ മാലാഖ അവനു് ഒരു പുസ്തകം നൽകുകയും അതു് അവന്റെ ഹൃദയത്തിലേക്കു് ആഴ്‌ന്നിറങ്ങുകയും ചെയ്യുന്നു. ഗബ്രിയേൽ മാലാഖയാണു് മുഹമ്മദിനു് പ്രവചനങ്ങൾ എത്തിച്ചതെന്നതു് ഒരു മുസ്ലീം കാഴ്ചപ്പാടാണു്, ക്രൈസ്തവമല്ല. (അദ്ധ്യായം 10, 168)

ബർണബാസ്‌ സുവിശേഷത്തിൽ യേശു മുഹമ്മദിനെ 'മുതിർന്ന ജ്യേഷ്ഠനായി' വർണ്ണിക്കുന്നു. മുഹമ്മദിന്റെ നാമവും വരവും യേശു പ്രവചിക്കുന്നു! യേശുവിനെപ്പറ്റി സ്നാപകയോഹന്നാൻ പറയുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, മുഹമ്മദിനെപ്പറ്റി യേശുവും പറയുന്നു: "അവന്റെ ചെരിപ്പിന്റെ വാറു് അഴിപ്പാൻ ഞാൻ യോഗ്യനല്ല". ലോകത്തെ രക്ഷിക്കുന്നതിനായി മുഹമ്മദിനെ അയക്കാൻ യേശു ദൈവത്തോടു് അപേക്ഷിക്കുന്നു! യേശുവിന്റെ മരണത്തിനും ആറു് നൂറ്റാണ്ടുകൾക്കു് ശേഷം അറേബ്യയിൽ ഒരു മുഹമ്മദ്‌ ദൈവത്താൽ അയക്കപ്പെട്ടവനെന്നും, സത്യത്തിന്റെ ഘോഷകനെന്നും അവകാശപ്പെടുമെന്നു് യേശുവിന്റെ കാലത്തു് ആരും അറിഞ്ഞിരുന്നില്ല. അതായതു്, യേശു മുഹമ്മദിന്റെ വരവു് പ്രവചിക്കുന്നതും, തന്റെ പിതാവായ ദൈവത്തോടു് മുഹമ്മദിനെ അയക്കാൻ അപേക്ഷിക്കുന്നതും ക്രൈസ്തവ കാഴ്ചപ്പാടിൽ അങ്ങയറ്റം അസാദ്ധ്യമായ കാര്യമാണു്. (അദ്ധ്യായം 97)

ബര്‍ണബാസിന്റെ വർണ്ണന അനുസരിച്ചു് നരകം പാപികളുടെ ഒരു താത്കാലിക വാസസ്ഥലമാണു്. അതേസമയം, ഖുർആൻ പ്രകാരം ഒരിക്കൽ നരകത്തിൽ എത്തിപ്പെടുന്ന പാപികൾ എന്നാളും അവിടെ കഴിയാൻ സംശയരഹിതമായി വിധിക്കപ്പെട്ടവരാണു്.

ഖുർആനിൽ നിന്നും വിപരീതമായി, ബര്‍ണബാസ്‌ സുവിശേഷത്തിൽ മുഹമ്മദ്‌ മശിഹാ ആണെന്നും, യേശു മശിഹാ അല്ലെന്നും പലവട്ടം ആവർത്തിക്കപ്പെടുന്നു. അതേസമയംതന്നെ, ബർണബാസ്‌ യേശുവിനെ "chrissto" (Christus) എന്നും വിളിക്കുന്നു! അതിനാൽ, Christus എന്നതു് എബ്രായ ഭാഷയിലെ 'മശിഹാ' (അഭിഷിക്തനായവൻ) എന്ന വാക്കിന്റെ ഗ്രീക്ക്‌ തർജ്ജമയാണു് എന്ന വസ്തുത ലേഖനകർത്താവിനു് അറിയുമായിരുന്നില്ല എന്ന നിഗമനത്തിലേ എത്താനാവൂ.

ഖുർആൻ പ്രകാരം യേശു ജനിക്കുന്നതു് യേറുശലേമിലാണു്. ബര്‍ണബാസ്‌ സുവിശേഷത്തിൽ യേശുവിന്റെ ജനനം ബേത്ലഹേമിലാണു്. (അദ്ധ്യായം 3). ഖുർആനിൽ യേശു ജനിക്കുന്നതു് ഒരു ഈന്തപ്പനയുടെ കീഴിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ ജനനം ഒരു സത്രത്തിലാണു് സംഭവിക്കുന്നതു്. (അദ്ധ്യായം 3). ഖുർആനിൽ മറിയ തീവ്രമായ വേദന അനുഭവിച്ചാണു് യേശുവിനെ പ്രസവിക്കുന്നതു്. (Sure 19,23). ബർണബാസ്‌ സുവിശേഷത്തിലോ പ്രസവം യാതൊരു വേദനയുമില്ലാതെ സംഭവിക്കുന്നു! (അദ്ധ്യായം 3). ഖുർആൻ അറിയുന്നതു് ഏഴു് സ്വർഗ്ഗങ്ങൾ മാത്രം. (Sure 2,29). ബര്‍ണബാസ്‌ സുവിശേഷം ഒൻപതു് സ്വർഗ്ഗങ്ങൾ വർണ്ണിക്കുന്നു! പത്താമത്തേതു് അതിൽ പറുദീസയാണു്. (അദ്ധ്യായം 105, 178). ബർണബാസ്‌ വ്യക്തമായി ഏകപത്നീവ്രതത്തിനു് ആഹ്വാനം ചെയ്യുന്നു. (അദ്ധ്യായം 115). അതേസമയം, നല്ലൊരുപക്ഷം മുസ്ലീമുകളും Sure 4,3-ന്റെ അടിസ്ഥാനത്തിൽ ഒരേസമയം നാലു് ഭാര്യമാരുമായുള്ള ദാമ്പത്യജീവിതം അംഗീകരിക്കുന്നു.

ആദ്യകാലത്തെ യഥാർത്ഥ സുവിശേഷം തിരുത്തപ്പെട്ടു എന്നു് ബർണബാസ്‌ സുവിശേഷം ആരോപിക്കുന്നു. ഈ സുവിശേഷം എഴുതിയ 'ബര്‍ണബാസ്‌' യഥാർത്ഥത്തിൽ യേശുവിന്റെ സമകാലികൻ ആയിരുന്നുവെങ്കിൽ, അക്കാലത്തു് പുതിയനിയമത്തിന്റെ സൃഷ്ടി പൂർത്തീകരിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ, അതുപോലൊരു പ്രസ്താവന വഴി 'ബർണബാസ്‌' സ്വന്തം സുവിശേഷത്തിന്റെ വിധി മുൻകൂട്ടി പറയുകയല്ലേ ചെയ്തതു്? (തുടരും)

13 comments:

cALviN::കാല്‍‌വിന്‍ March 24, 2010 at 5:00 PM  

“ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ജയിച്ച അക്ബർ ചക്രവർത്തിക്ക് പടയാളികൾ സമ്മാനമായി നൽകുന്നത്” എന്ന് രേഖപ്പെടുത്തിയ വാൾ കണ്ടെടുത്തു എന്ന് പറഞ്ഞ പോലായിപ്പോയല്ലോ ഇത് :)

സി.കെ.ബാബു March 24, 2010 at 9:01 PM  

കൊച്ചിക്ക് പോകാന്‍ പറഞ്ഞു, കൊച്ചിക്ക് പോയി തിരിച്ചുവന്നു. അതുകഴിഞ്ഞു സ്ഥിരം തൊഴിലായ കുട്ടയും വട്ടിയും നെയ്ത്ത് തുടര്‍ന്നു. പിറ്റേദിവസവും കൊച്ചിക്ക് പോകാന്‍ പറഞ്ഞു, കൊച്ചിക്കുപോയി തിരിച്ചുവന്നു. നെയ്ത്ത് തുടര്‍ന്നു.

ചിലരോട് ഇതുപോലെ ദിവസം അഞ്ചുപ്രാവശ്യം കൊച്ചിക്ക് പോകാന്‍ പറഞ്ഞാല്‍ കൃത്യമായി അഞ്ചുപ്രാവശ്യം അവര്‍ കൊച്ചിക്ക് പോയി തിരിച്ചുവരും. നെയ്ത്ത് തുടരും.

ജീവിതകാലം മുഴുവന്‍ ഇങ്ങനെ കൊച്ചിക്ക് പോകലും തിരിച്ചുവരവും നെയ്ത്തും തുടര്‍ന്നുകൊണ്ടിരുന്നാലും എന്തിനാണ് എന്നെ നിങ്ങള്‍ സ്വൈര്യമായി നെയ്യാന്‍ സമ്മതിക്കാതെ ദിവസത്തില്‍ അഞ്ചുപ്രാവശ്യം ഇങ്ങനെ കൊച്ചിക്ക് അയക്കുന്നതെന്ന് അയക്കുന്നവനോട് ചോദിക്കാന്‍ തയ്യാറാവാത്തവരാണ് യഥാര്‍ത്ഥവിശ്വാസികള്‍ . അവര്‍ തുറുപ്പ് ഗുലാന്‍ കയ്യിലുണ്ടെങ്കിലും 'രാജാവിന്റെ' ഗുലാനെ കയറി വെട്ടുകയില്ല. ഉടയോന്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്നതിലാണ് അവരുടെ സായൂജ്യം.

"കല്‍പന നിഷേധിക്കാന്‍ ഞാനാര്?" എന്നതായിരിക്കും ഈ നിലപാടിന്റെ കാരണം തിരക്കുന്നവരോട് അവര്‍ കലികയറി ചോദിക്കുന്ന ചോദ്യം!

അപ്പൂട്ടന്‍ March 25, 2010 at 8:05 AM  

ബാബുമാഷെ,
ഒരു സംശയം ചോദിച്ചോട്ടെ.
യേശു പഴയ നിയമത്തെക്കുറിച്ചും, ഉൽപത്തി, ആദം-ഹവ്വ കഥകൾ പോലുള്ള കാര്യങ്ങളെക്കുറിച്ചും തന്റെ സുവിശേഷങ്ങളിൽ എപ്പോഴെങ്കിലും പ്രതിപാദിക്കുന്നതായി വായിച്ചിട്ടുണ്ടോ?

ഇതു ചോദിക്കാൻ കാരണമുണ്ട്.

അക്കാലത്തെ പൊതുജനത്തിന് ഇതുപോലുള്ള കഥകൾ അറിയുന്നത് സ്വാഭാവികമായിരിക്കും, അതിനാൽ തന്നെ യേശുവിന് ഇതേക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യം വരില്ല. ഉള്ള കഥകളിൽ തെറ്റുകൾ ഉള്ളതായി യേശുവിന് തോന്നുന്നുവെങ്കിൽ (എന്ന് ദൈവം ഡയറക്റ്റായി പറഞ്ഞുകൊടുത്തെങ്കിൽ) മാത്രമേ തിരുത്ത് എന്ന നിലയിൽ അവ പ്രസ്താവിക്കപ്പെടുകയുള്ളു. സ്വാഭാവികമായും ആ തിരുത്തുകൾ പൊതുജനം തന്നെ അംഗീകരിക്കുമായിരുന്നേനെ, വിശ്വാസത്തിന്റെ ഭാഗമായി തുടർന്നേനെ.

ഇവിടെ ബർണ്ണാബാസ് സുവിശേഷത്തിൽ മാത്രം പഴയ നിയമത്തിൽ നിന്നുമുള്ള ആദമിന്റെ കഥയിൽ വ്യത്യാസം എങ്ങിനെ വന്നു ആവോ? എന്തുതന്നെയായാലും യേശു പറയാതെ ഇവ ബർണ്ണാബാസിന് (സത്യസന്ധനായ കുഞ്ഞാടായിരുന്നെങ്കിൽ) അറിയാൻ വഴിയില്ല. മുഹമ്മദിനെക്കുറിച്ച് പറഞ്ഞതൊക്കെ തിരുത്തിയാലും ഇതുപോലുള്ള മൗലികവ്യത്യാസങ്ങൾ മൂടിവെയ്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ, യേശു പറയാതെ തന്നെ ബർണ്ണാബാസിന് ആദാമിന്റെ കാലത്തെ കാര്യങ്ങൾ എങ്ങിനെ പിടികിട്ടീ?

ഇനി ബർണ്ണാബാസിനാണോ ദൈവം വെളിപാടുകൾ ഇറക്കിക്കൊടുത്തത്?

നന്ദന March 25, 2010 at 9:05 AM  

"ഒരു നിരീശ്വരവാദി പൊതുവേതന്നെ മതങ്ങളേയും ദൈവത്തേയും വിമര്‍ശിക്കുന്നതു് അവന്റെ നിലപാടിന്റെ നീതീകരണം വ്യക്തമാക്കുന്നതിനു് വേണ്ടിയാണു്. സമഗ്രാധിപത്യവ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായി, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ സ്വന്തനിലപാടു് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണു്"
തീർച്ചയായും താങ്കളേപോലുള്ളവർ മനസ്സിലാക്കിയ സത്യങ്ങൽ പറയുമ്പോൽ എത്ര വലിയ എതിർപ്പുകളുണ്ടായാലും അതൊക്കെ കണ്ടെന്ന ഭാവം പോലും കാണിക്കാതെ അറിവുകൽ/ സത്യങ്ങൽ പറഞ്ഞ് കൊണ്ടേയിരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എതിർപ്പുകളെ ഭയന്ന് താങ്കളേ പോലുള്ളവർ ഇതൊക്കെ പൊളിച്ചെഴുതിയില്ലെങ്കിൽ അറിവില്ലാതെ വളരുന്ന പുതിയ തലമുറ ഇരുട്ടിൽ തപ്പുകയാരിക്കും ഫലം, എല്ലാ പിന്തുണയും അറിയിക്കുന്നു. നന്മ വരട്ടെ.

സി.കെ.ബാബു March 25, 2010 at 10:13 AM  

അപ്പൂട്ടൻ,
ബൈബിളിലെ പുതിയനിയമത്തിലെ ഒരു അനിഷേദ്ധ്യവ്യക്തിത്വമായ ബർണബാസിലേക്കു് ഞാൻ പിന്നീടു് വരുന്നുണ്ടു്.

മതഗ്രന്ഥങ്ങളിലെ 'കഥകൾ' മിക്കവാറും എല്ലാ വിശ്വാസികൾക്കും ദേവാലയങ്ങളിലെ പ്രസംഗങ്ങളിൽ നിന്നും മറ്റും കേട്ടറിവെങ്കിലും ഉള്ളവയായിരിക്കും. അതിനാൽ, ആദാം, ഹവ്വ മുതലായ പഴയനിയമത്തിലെ കഥകൾ യഹൂദർക്കും പരിചിതമായിരുന്നിരിക്കും എന്നു് കരുതുന്നതിൽ തെറ്റില്ല.

യേശു പഴയനിയമത്തെപ്പറ്റി പരാമർശിക്കേണ്ടി വന്നിരുന്നതു് പലപ്പോഴും ശാസ്ത്രിമാരുടെയും പരീശന്മാരുടേയുമൊക്കെ ചോദ്യങ്ങൾക്കു് മറുപടി എന്ന നിലയിലായിരുന്നു. അവരുടെ ചോദ്യങ്ങളുടെ ലക്ഷ്യം കാര്യങ്ങൾ അറിയുക എന്നതിനേക്കാൾ അവനെ ഉത്തരം മുട്ടിച്ചോ, തെറ്റായ മറുപടികൾ നൽകേണ്ട ഗതികേടിൽ എത്തിച്ചോ കുടുക്കിൽ വീഴിക്കുക എന്നതായിരുന്നു. യഹൂദസമൂഹത്തിൽ പരീശർ സദൂക്യർ മുതലായ വ്യത്യസ്ത വിശ്വാസശാഖകൾ ഉണ്ടായിരുന്നതിനാൽ, ഓരോരുത്തരും അവരുടെ നിലപാടു് ശരിയെന്നു് വരുത്താനായും ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഒരുദാഹരണം സൂചിപ്പിക്കട്ടെ: പുനരുത്ഥാനം ഇല്ല എന്നു് വിശ്വസിച്ചിരുന്ന സദൂക്യർ ഒരിക്കൽ അവനോടു് ചോദിച്ചു: "ഒരുത്തൻ മക്കളില്ലാതെ മരിച്ചാൽ, അവന്റെ സഹോദരർ അവന്റെ ഭാര്യയെ വിവാഹം കഴിച്ചു് തന്റെ സഹോദരന്നു് സന്തതിയെ ജനിപ്പിക്കേണം എന്നു് മോശെ കൽപിച്ചുവല്ലോ. എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു് സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു. സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു് വിട്ടേച്ചു. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെതന്നെ. എല്ലാവരും കഴിഞ്ഞിട്ടു് ഒടുവിൽ ആ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ ആർക്കു് ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ"

അതിനു് യേശു പറയുന്ന മറുപടി ശ്രദ്ധിക്കൂ: (ഇതു് മോശെയുടെ ന്യായപ്രമാണത്തെപ്പറ്റി അതിന്റെ പണ്ഡിതവക്താക്കൾ എന്നു് അഹങ്കരിക്കുന്നവരോടാണു് പറയുന്നതെന്നും ഓർക്കുക)

"നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയേയും അറിയായ്ക കൊണ്ടു് തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു് കൊടുക്കപ്പെടുന്നതുമില്ല. സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു് നിങ്ങൾ വായിച്ചിട്ടില്ലയോ? ഞാൻ അബ്രാഹാമിന്റെ ദൈവവും, യിസഹാക്കിന്റെ ദൈവവും, യാക്കോബിന്റെ ദൈവവും ആകുന്നു എന്നു് അവൻ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രെ. പുരുഷാരം ഇതു് കേട്ടിട്ടു് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. (മത്തായി 22:23-33)

ആ ഭാഗത്തുതന്നെ തുടർന്നു് വായിക്കാം: സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു് പരീശന്മാർ ഒന്നിച്ചുകൂടി, അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ ഏതു് കൽപന വലിയതു് എന്നു് ചോദിച്ചു. യേശു അവനോടു് : നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കൽപന. രണ്ടാമത്തേതു് അതിനോടു് സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഈ രണ്ടു് കൽപനകളിൽ സകല ന്യായപ്രമാണങ്ങളും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.

മോശെയുടെ ന്യായപ്രമാണത്തിൽ 'അക്ഷരപണ്ഡിതർ' ആയിരുന്ന ഇക്കൂട്ടരോടു് മറുപടി പറയുമ്പോൾ യേശു എത്രമാത്രം ശ്രദ്ധിക്കേണ്ടിയിരുന്നു എന്നു് ഇതിൽ നിന്നും ഊഹിക്കാം. ഇത്തരം പണ്ഡിതർ എന്നുമുണ്ടായിരുന്നു, ഇന്നുമുണ്ടു്. അതു് നമ്മൾ കാണുന്നുമുണ്ടല്ലോ. ഇന്നു് ദമ്പതികൾക്കു് കുഞ്ഞു് ജനിക്കുന്നില്ലെങ്കിൽ അവരെ മെഡിക്കൽ പരിശോധനക്കു് വിധേയരാക്കണം എന്നാവും യേശു പറയുക. ഭർത്താവു് മരിച്ചാൽ ഒരു സ്ത്രീ അവളുടെ ശരീരം സകല ഭർത്തൃസഹോദരന്മാർക്കും കാഴ്ചവയ്ക്കാൻ ബാദ്ധ്യസ്ഥയാണെന്നും ഇന്നു് വെളിവുള്ള ഏതെങ്കിലും യഹൂദനോ ക്രിസ്ത്യാനിയോ പറയുമെന്നും തോന്നുന്നില്ല.

cont'd..

സി.കെ.ബാബു March 25, 2010 at 10:15 AM  

=2=

ബൈബിളിലെ ഈ ഭാഗത്തിനു് തൊട്ടുതാഴെ യേശു പരീശന്മാരോടു് ഒരു മറുചോദ്യം ചോദിക്കുന്നുണ്ടു്: ക്രിസ്തുവിനെക്കുറിച്ചു് നിങ്ങൾക്കു് എന്തുതോന്നുന്നു? അവൻ ആരുടെ പുത്രൻ?

ദാവീദിന്റെ പുത്രൻ എന്നു് അവർ പറഞ്ഞു.

എന്നാൽ ദാവീദ്‌ ആത്മാവിൽ അവനെ കർത്താവു് എന്നു് വിളിക്കുന്നതെങ്ങനെ?

"ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിനു് എന്റെ വലത്തുഭാഗത്തു് ഇരിക്ക എന്നു് കർത്താവു് എന്റെ കർത്താവിനോടു് അരുളിച്ചെയ്തു."

ദാവീദ്‌ അവനെ കർത്താവു് എന്നു് പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു് എങ്ങനെ എന്നു് ചോദിച്ചു.

ദാവീദ്‌ ഗോത്രക്കാരനല്ലാത്ത മുഹമ്മദിനെ 'കർത്താവു്' ആക്കുന്നതിനു് ഈ ഭാഗവും 'ബർണ്ണബാസ്‌ സുവിശേഷം' ദുരുപയോഗം ചെയ്യുന്നുണ്ടു്.

ഇവിടെ ബർണ്ണാബാസ് സുവിശേഷത്തിൽ മാത്രം പഴയ നിയമത്തിൽ നിന്നുമുള്ള ആദമിന്റെ കഥയിൽ വ്യത്യാസം എങ്ങിനെ വന്നു ആവോ? എന്തുതന്നെയായാലും യേശു പറയാതെ ഇവ ബർണ്ണാബാസിന് (സത്യസന്ധനായ കുഞ്ഞാടായിരുന്നെങ്കിൽ) അറിയാൻ വഴിയില്ല. മുഹമ്മദിനെക്കുറിച്ച് പറഞ്ഞതൊക്കെ തിരുത്തിയാലും ഇതുപോലുള്ള മൗലികവ്യത്യാസങ്ങൾ മൂടിവെയ്ക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ, യേശു പറയാതെ തന്നെ ബർണ്ണാബാസിന് ആദാമിന്റെ കാലത്തെ കാര്യങ്ങൾ എങ്ങിനെ പിടികിട്ടീ?

യാതൊരു തർക്കത്തിനും അടിസ്ഥാനമില്ലാത്തവിധം ഒരു മദ്ധ്യകാലസൃഷ്ടി എന്നു് ഉറപ്പിച്ചു് പറയാവുന്നതാണു് ഈ ബർണബാസ്‌ സുവിശേഷം എന്നതിനാൽ, അതെഴുതിയ 'ബർണബാസിനു്' കാനോനിക്കലും അല്ലാത്തതും ആയ സുവിശേഷങ്ങളും (ചുരുങ്ങിയപക്ഷം അവയിൽ ചിലതെങ്കിലും) അതുപോലെതന്നെ പഴയനിയമവും ലഭ്യമായിരുന്നല്ലോ. അവയെ അനുയോജ്യമായ മൂശയിൽ ഒഴിച്ചു് വാർത്തെടുക്കേണ്ട ആവശ്യമേ ഈ 'ബർണബാസിനു്' ഉണ്ടായിരുന്നുള്ളു.

ഇനി, ഈ സുവിശേഷം ആധാരമാക്കുന്ന ഒരു മൂലകൃതി ആരംഭകാലത്തു് നിലവിലുണ്ടായിരുന്നു എന്നു് കരുതിയാലും, യേശുവിനും വളരെ മുൻപു് നിലനിന്നിരുന്നതും, B.C. 2/3 നൂറ്റാണ്ടുകളിൽ ക്രോഡീകരിക്കപ്പെട്ടതുമായ പഴയനിയമം ഈ സൃഷ്ടിയുടെ രചയിതാവിനു് അപ്രാപ്യമാവേണ്ട കാര്യമില്ല. അതായതു്, യേശുവിന്റെ കാലത്തു് ജീവിച്ചിരുന്ന ഒരു എഴുത്തുകാരനു് ആവശ്യമെങ്കിൽ - അവൻ ശിഷ്യഗണത്തിൽപ്പെട്ടവനായിരുന്നാലും അല്ലെങ്കിലും - പഴയനിയമത്തിലെ വിവരങ്ങൾ ലഭിക്കുന്നതിനു് യേശുവിനെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നു. അതുപോലെതന്നെ, ശിഷ്യന്മാരുടെ സുവിശേഷപ്രസംഗങ്ങളിലൂടെ യേശുചരിതവും ആർക്കും ലഭ്യമായിരുന്നു.

എന്റെ ആദ്യ ലേഖനത്തിൽ പറഞ്ഞിട്ടുള്ള നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനാലും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ രൂപമെടുത്തതാണു് ഈ സുവിശേഷം. ഒന്നാം നൂറ്റാണ്ടിൽ രൂപമെടുത്തതായിരുന്നെങ്കിൽ അതിൽ മറ്റു് പലതും എന്നപോലെതന്നെ, ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമികവിശ്വാസപ്രമാണങ്ങൾ ഉണ്ടാവുക എന്നതു് കേവലം അസാദ്ധ്യമായ ഒരു കാര്യമാണു്. അതു് സാദ്ധ്യമാണു് എന്നു് കരുതാൻ അസാമാന്യമായ 'വിശ്വാസശേഷി' ഉള്ളവർക്കേ കഴിയൂ. ക്രൈസ്തവ ആചാരക്രമങ്ങളിൽ കാലക്രമേണ പുതിയ രീതികൾ രൂപമെടുത്തു എന്നു് ഞാൻ ലേഖനത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. ഈസ്റ്ററിനു് മുൻപുള്ള നാൽപതു് ദിവസത്തെ നോമ്പു് ഒരുദാഹരണം. അങ്ങനെ പലതും.

'ബർണബാസ്‌' എന്ന പേരുതന്നെ ഒരു പഠനം അർഹിക്കുന്നതാണു്. എത്രത്തോളം വ്യക്തമാക്കാൻ കഴിയും എന്നറിയില്ലെങ്കിലും, അടുത്ത ലേഖനത്തിൽ അതിനു് ശ്രമിക്കണമെന്നുണ്ടു്.

സി.കെ.ബാബു March 25, 2010 at 10:15 AM  

നന്ദന,
പ്രോത്സാഹനത്തിന് നന്ദി.

അപ്പൂട്ടന്‍ March 25, 2010 at 2:22 PM  

ബാബുമാഷെ,
ഒരൽപം സർക്കാസ്റ്റിക്‌ ആയിത്തന്നെയാണ്‌ ഞാനിത്‌ ചോദിച്ചത്‌. പൊതുവിൽ ആദം-ഹവ്വ കഥകൾ പറയുന്നതിനു വ്യത്യസ്തമായി ബർണ്ണാബാസ്‌ സുവിശേഷമെഴുതിയിട്ടുണ്ടെങ്കിൽ രണ്ട്‌ സാധ്യതകളേ ഞാൻ കാണുന്നുള്ളു. (യേശുവിന്റെ സമകാലീനനായിരുന്നുവെങ്കിൽ, സത്യസന്ധമായി എഴുതിയിട്ടുണ്ടെങ്കിൽ)

1. യേശു തന്നെ (ദൈവവെളിപാടനുസരിച്ചോ ദൈവപുത്രനായതിനാൽ അറിയാവുന്നതുകൊണ്ടോ) ഈ കഥകൾ തിരുത്തി പറഞ്ഞുകൊടുത്തിരിക്കണം. മറ്റു സുവിശേഷങ്ങളിൽ ഒന്നിലും അത്തരമൊരു തിരുത്ത്‌ കാണാനില്ലെന്നിരിക്കെ, പൊതുവിശ്വാസം മാറിയിട്ടില്ലെന്നിരിക്കെ, ഈ സാധ്യത ഏതാണ്ട്‌ ഇല്ലെന്നുതന്നെ പറയാം.

2. ആകെ അറിയാവുന്ന വ്യക്തി പിന്നെ ദൈവമാണല്ലൊ. ദൈവം യേശുവിന്‌ പറഞ്ഞുകൊടുത്തില്ല, ബർണ്ണാബാസ്‌ സുവിശേഷത്തിലാണെങ്കിൽ ആദാമിന്റെ കഥ മണിമണിപോലെ പറയുകയും ചെയ്തിട്ടുണ്ട്‌. അപ്പോൾ ദൈവം നേരിട്ട്‌ ബർണ്ണാബാസിന്‌ വെളിപാട്‌ കൊടുത്തതായിരിക്കാം.


ബക്കറിന്റെ കഥാപാത്തിന്റെ "ആരാണീ ഉത്തമൻ" എന്ന തിരച്ചിൽ പോലെയാണ്‌ കാര്യങ്ങൾ. ഉത്തമൻ എന്ന പേരുകേട്ടാലുടനെ കണ്ണുകൾ വിടരും. യാഥാർത്ഥ്യങ്ങൾ ചികഞ്ഞുനോക്കിയാൽ താൻ വിചാരിച്ച ഉത്തമനല്ല ഈ ഉത്തമൻ എന്ന തിരിച്ചറിവ്‌ ഉണ്ടാവും. പക്ഷെ ആ തിരിച്ചറിവ്‌ അംഗീകരിക്കുമോ ഇല്ലയോ എന്നതാണ്‌ പ്രശ്നം.

അപ്പൂട്ടന്‍ March 25, 2010 at 2:41 PM  

Sorry, the name of the character being sought is Gouthaman, not Uththaman

സി.കെ.ബാബു March 25, 2010 at 3:10 PM  

അപ്പൂട്ടൻ,
ദൈവം ഒരു നനഞ്ഞ ടർക്കി ടവ്വൽ പോലെയാണ്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എങ്ങോട്ടു വേണമെങ്കിലും മാറ്റിയിടാം. 'ദൈവം' കിടന്നിടത്തുനിന്നും അനങ്ങുകയില്ല. ആർക്ക് വേണമെങ്കിലും തനിക്ക് ദൈവം വെളിപ്പെട്ടു എന്ന് അവകാശപ്പെടാം. തന്റെ മനസ്സിനിണങ്ങിയ എന്തുവേണമെങ്കിലും തന്നോട് അരുളിച്ചെയ്തു എന്നവകാശപ്പെടാം. അത് വിശ്വസിക്കാനും ഘോഷിക്കാനും അതിന്റെ പേരിൽ കുത്തിയിരുന്ന് ബ്ലോഗ് എഴുതാനും കുറേ കൊണാപ്പന്മാർ കൂടി ഉണ്ടെങ്കിൽ 'ദൈവം' വെളിപ്പെട്ടവന്റെ കാര്യം കുശാൽ. വ്യക്തീകരിക്കപ്പെട്ട ദൈവം വിഡ്ഢികളുടെ ദൈവമാണ്. അല്പമെങ്കിലും ചിന്താശേഷി അവശേഷിച്ചിട്ടുള്ള ഇന്നത്തെ മനുഷ്യരോട് അത് പ്രത്യേകം പറയേണ്ട ഒരു കാര്യവുമില്ല.

മറ്റൊന്നുള്ളത്, ഏത് വേദഗ്രന്ഥത്തിലും ഒരുവന്റെ ആവശ്യം പോലെ ഈശ്വരവാദത്തിനോ നിരീശ്വരവാദത്തിനോ യോജിച്ച വാക്യങ്ങൾ കണ്ടെത്താനാവുമെന്നതാണ്. ഒരു വേദഗ്രന്ഥം അഥവാ യുക്തിയുടെ ഒരു പരിശോധനക്ക് വിധേയമായിട്ടുണ്ടെങ്കിൽത്തന്നെ അത് ആ ഗ്രന്ഥം രൂപമെടുത്ത കാലത്തെ മനുഷ്യബുദ്ധിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുംതാനും.

പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന, ഇരുത്തിയാൽ ഇരുത്തിയേടത്ത് ഇരിക്കുന്ന തരത്തിൽപ്പെട്ട ശുദ്ധവിശ്വാസിക്ക് ഇതൊന്നും ബാധകമാവുന്ന കാര്യങ്ങളുമല്ല. അവർ 'ദൈവം' പറഞ്ഞതായി ആരോ പറഞ്ഞിടത്ത് പറഞ്ഞറിഞ്ഞ മൊഴിമുത്തുകൾ അക്ഷരം പ്രതി പാലിക്കും. അതിനെ ചോദ്യം ചെയ്യുന്നവരെ ദൈവസ്നേഹം പ്രസംഗിച്ചുകൊണ്ടുതന്നെ കല്ലെറിഞ്ഞുകൊല്ലും.

വസ്തുതകൾ അവ ആയിരിക്കുന്നതല്ലാത്ത രീതിയിൽ കാണാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന മാനസികാവസ്ഥയാണ് വിശ്വാസം.

സന്തോഷ്‌ March 26, 2010 at 7:35 PM  

താങ്കള്‍ നിരീശ്വരവാദി / ഞാന്‍ മതവിശ്വാസ്സി എന്ന വ്യത്യാസം ഉണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ തന്മയത്തോടെ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലിക്ക് അഭിനന്ദനങ്ങള്‍.

"ഒരു മതവിശ്വാസി തന്റെ സ്വന്തം മതത്തെ വിമര്‍ശിക്കുന്നതു്, കാലത്തിനു് നിരക്കാത്തതായി മാറിയ അതിലെ മാറാലകൾ നീക്കം ചെയ്യാനാണെങ്കിൽ, ഒരു നിരീശ്വരവാദി പൊതുവേതന്നെ മതങ്ങളേയും ദൈവത്തേയും വിമര്‍ശിക്കുന്നതു് അവന്റെ നിലപാടിന്റെ നീതീകരണം വ്യക്തമാക്കുന്നതിനു് വേണ്ടിയാണു്."

പക്ഷെ ഇങ്ങനെയുള്ള വിമര്‍ശനങ്ങളെ പക്വതയോടെ ഉള്‍ക്കൊള്ളുവാനുള്ള മനസ്സാണ് പലര്‍ക്കും ഇല്ലാത്തതും....

സന്തോഷ്‌ March 29, 2010 at 10:08 PM  

ബാബുമാഷേ താങ്കളൊക്കെ മതങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ വെറും ശിശു, അശു.. വിമര്‍ശനം എന്നാല്‍ ഇതുപോലെ വേണം.....

പുരാതനകാലത്തെ മന്ത്രവും മാരണവും ഉറുക്കും ശകുനം നോക്കലും അദൃശ്യപ്രവചനവും ജ്യോത്സ്യവും എല്ലാം ക്രൈസ്തവ സിദ്ധന്മാരും സ്വന്തമാക്കി. അങ്ങനെ വൃത്തിഹീനനും നഗ്നനുമായി ഏതെങ്കിലും കാട്ടിലോ ഗുഹയിലോ കഴിയുന്നവരെ ദൈവവുമായി നേരിട്ടു ബന്ധമുള്ള പുണ്യാളന്മാരായി ബഹുജനം കരുതി...ഒരു പുണ്യവാളന്‍ പ്രസിദ്ധനായത് 30 വര്‍ഷം മൗനവ്രതമനുഷ്ഠിച്ചതിന്റെ പേരിലാണ്. അദ്ദേഹം മിണ്ടുന്നതു കണ്ടിട്ടേയില്ല. മറ്റൊരാള്‍ തന്നെ ഒരു പാറയുമായി കൂട്ടിക്കെട്ടി. ഇനിയൊരാള്‍ വനത്തില്‍ ഇലയും പുല്ലും തിന്ന് അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞുകൂടി. വേറൊരാള്‍ സദാ വലിയൊരു ഭാരവും ചുമന്നാണ് നടന്നത്. ചില മഹാന്മാര്‍ സ്വന്തം കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ചു. ചില പുണ്യവാളന്മാര്‍ കാലിത്തൊഴുത്തിലോ പൊട്ടക്കിണറുകളിലോ പഴയ കല്ലറകളിലോ പാര്‍ത്തു. ചില മഹാന്മാര്‍ സദാ ദിഗംബരരായി വാണു

ഇതു എഴുതിയ മഹാന്‍ ബാബുമാഷേപ്പോലെ സാദാ നിരീശ്വരവാദി അല്ല അന്താരാഷ്‌ട്ര മതവിശ്വാസ്സിയാണ്... എന്നുവച്ചാല്‍.... ഒരു നവോത്ഥാന ശില്‍പി....

സി.കെ.ബാബു March 30, 2010 at 10:23 AM  

സന്തോഷ്‌,
മനുഷ്യർ ഇന്നു് ശാസ്ത്രീയമായി മനസ്സിലാക്കുന്ന പ്രപഞ്ചത്തിന്റെ ആദ്യകാരണം എന്ന അർത്ഥമാണു് ഈശ്വരൻ എന്ന പദം കൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ ഒരു 'നിരീശ്വരവാദി' അല്ല. അതുപോലൊരു ദൈവത്തെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ പോയിട്ടു് എന്തെങ്കിലും പറയാനുള്ള അറിവോ യോഗ്യതയോ എനിക്കില്ല എന്നതാണു് സത്യം. എങ്കിലും, പ്രപഞ്ചത്തെപ്പറ്റി കാര്യമായി ഒന്നുംതന്നെ മനുഷ്യർക്കറിയില്ല എന്നറിയാൻ മാത്രമുള്ള അറിവു് ഏതായാലും എനിക്കുണ്ടു്. നേരിയ ഒരംശം പോലും അറിയാൻ എനിക്കു് കഴിയില്ലെന്നു് ഉത്തമബോദ്ധ്യമുള്ള ഒരു പ്രപഞ്ചത്തിന്റെ ആദ്യകാരണത്തെപ്പറ്റി അഭിപ്രായപ്രകടനം നടത്തുന്നതു് വിഡ്ഢിത്തമാണെന്നു് മനസ്സിലാക്കാൻ എന്റെ സാമാന്യബോധം മാത്രം മതിതാനും.

അതേസമയം, വ്യക്തീകരിക്കപ്പെട്ടു് , അഥവാ, വെളിപ്പെടുക, കൽപിക്കുക, സൃഷ്ടിക്കുക മുതലായ ക്രിയാകർമ്മങ്ങളുടെ കർത്താവു് എന്ന നിലയിൽ സങ്കൽപിക്കപ്പെടുന്ന ഒരു ഈശ്വരനെയാണു് ഉദ്ദേശിക്കുന്നതെങ്കിൽ, ഞാൻ ഒരു നിരീശ്വരവാദിയാണു്. അതുപോലൊരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നെനിക്കുറപ്പുണ്ടു്. അതറിയാനും എന്റെ സാദാ ജ്ഞാനം ധാരാളം മതി. മനുഷ്യരിൽ നിന്നും ഏതെങ്കിലും അർത്ഥത്തിൽ എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടു് മനുഷ്യരെയും ലോകത്തേയും സൃഷ്ടിക്കുന്ന ഒരു ദൈവം, എന്റെ കാഴ്ചപ്പാടിൽ, എന്നോടുപോലും ഒപ്പം നിൽക്കാൻ യോഗ്യതയില്ലാത്ത ഒരു 'വ്യക്തിത്വത്തിന്റെ' ഉടമയാണു്. കാരണം, അത്രയും സങ്കുചിതത്വം ഇല്ലാതെ പ്രവർത്തിക്കാൻ മാത്രമുള്ള ജ്ഞാനവും ശേഷിയും മനസ്സും എനിക്കുണ്ടു്. അതുപോലൊരു ദൈവത്തെ ഞാൻ ആരാധിക്കുകയോ ബഹുമാനിക്കുകപോലുമോ ചെയ്താൽ അതു് എന്നെത്തന്നെ അവഹേളിക്കുന്നതിനു് തുല്യമായിരിക്കും. അതു് മനസ്സിലാക്കാൻ ഏതെങ്കിലും 'ആഗ്രഹപണ്ഡിതരുടെ' 'ദൈവവചന' വ്യാഖ്യാനങ്ങൾ എനിക്കാവശ്യവുമില്ല. കേരളം എന്നതു് തിരുത്താനാവാത്തവിധം ആത്മീയരും അല്ലാത്തവരുമായ ഉപദേശിവൃന്ദങ്ങളുടെ ഒരു സാമൂഹിക സാമ്പാറാണെന്നതിനാൽ ഇതു് പ്രത്യേകം പറയാതെ നിവൃത്തിയില്ല. മനുഷ്യരെ ഉപദേശിച്ചു് നന്നാക്കി ഭൗതികവും ആത്മീയവുമായ സ്വർഗ്ഗങ്ങളിൽ എത്തിക്കാൻ വ്രതം എടുത്തിരിക്കുന്ന 'നിസ്വാർത്ഥരായ പാവം മനുഷ്യസ്നേഹികൾ' എനിക്കുവേണ്ടി വെറുതെ ബുദ്ധിമുട്ടുന്നതു് എനിക്കത്ര ആസ്വാദ്യകരമായ കാര്യമല്ല.

സന്തോഷ്‌ ക്വോട്ട്‌ ചെയ്ത ഭാഗത്തെപ്പറ്റി: അത്തരം ചവറുകൾ വായിച്ചു് നഷ്ടപ്പെടുത്താനുള്ള സമയം എനിക്കില്ല. "ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം" എന്നപോലെ, ബ്ലോഗിലായാലും പുറത്തായാലും, ഒരു എഴുത്തുകാരന്റെ കൈമുതൽ എന്തെന്നും എത്രയെന്നും അറിയാൻ അവന്റെ ഒന്നോ രണ്ടോ രചനകൾ വായിച്ചാൽ ധാരാളം മതി.

ദൈവത്തിനു് തന്റെ സംരക്ഷണം ആവശ്യമുണ്ടു് എന്നു് വിശ്വസിക്കാൻ മനുഷ്യനും, തന്റെ സംഭോഗം വഴിയേ പിടിയാനക്കു് തൃപ്തിവരൂ എന്നു് വാശിപിടിക്കാൻ വീരശൂരപരാക്രമിയായ ഒരു കട്ടുറുമ്പിനും ഉള്ള മൗലികമായ അവകാശത്തെ ചോദ്യം ചെയ്യാൻ ഞാനാരുമല്ല. :)

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP