Tuesday, March 9, 2010

ബർണബാസിന്റെ സുവിശേഷം - നുണയും സത്യവും - 1

യേശുവിന്റെ യഥാർത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താർക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട ഒരു വ്യാജകൃതി എന്നു് അമുസ്ലീമുകളും വിശ്വസിക്കുന്ന ബർണബാസിന്റെ സുവിശേഷത്തിന്റെ ഒരു പരിശോധനയാണിതു്. ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം.

യേശുജീവിതത്തിന്റെ ദൃക്‌സാക്ഷിയായ ഒരു ബർണബാസിനാൽ എഴുതപ്പെട്ടതാണെന്ന ആ സുവിശേഷത്തിലെതന്നെ അവകാശവാദവാദമാണു് യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിതക്കും, ക്രിസ്തീയതയെപ്പറ്റിയുള്ള യഥാർത്ഥ സത്യം ആ സുവിശേഷത്തിൽ മാത്രമാണെന്നുമുള്ള മുസ്ലീം പണ്ഡിതരുടെ വാദഗതികളുടെ അടിത്തറ. ആ പുസ്തകം മാത്രമാണു് സത്യമെന്നു് ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നു എന്ന അവരുടെ ആർഗ്യുമെന്റ്‌ തികഞ്ഞ ഹേത്വാഭാസം (logical fallacy) ആവാതിരിക്കണമെങ്കിൽ ആദ്യം, ഏറ്റവും ചുരുങ്ങിയതു്, ആ പുസ്തകം അവകാശപ്പെടുന്ന ഒറിജിനാലിറ്റി അതിനുണ്ടോ എന്നു് അറിയണം. അല്ലെങ്കിൽ അതു് മാർപ്പാപ്പയുടെ അപ്രമാദിത്വം സ്ഥാപിക്കൽ പോലെയാവും. "മാർപ്പാപ്പ തെറ്റു് പറ്റാത്തവനായതുകൊണ്ടു് പാപ്പ വിശ്വസിക്കുന്നതെല്ലാം ശരിയാണു്. താൻ തെറ്റു് പറ്റാത്തവനാണെന്നും പാപ്പ വിശ്വസിക്കുന്നു. അതിനാൽ മാർപ്പാപ്പ യഥാർത്ഥത്തിൽ തെറ്റു് പറ്റാത്തവനാണു്."

ബർണബാസ്‌ സുവിശേഷത്തിന്റെ അൽപം ചരിത്രം:

ദീര്‍ഘകാലം ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ഇറ്റാലിയൻ പ്രതിയെപ്പറ്റി മാത്രമേ വിവരമുണ്ടായിരുന്നുള്ളു. അതു് ഇന്നു് വിയന്നയിലെ (ഓസ്ട്രിയ) നാഷണൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നു. അതുകൂടാതെ, പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്നതായി സൂചനകളുള്ള രണ്ടു് സ്പാനിഷ്‌ കയ്യെഴുത്തുപ്രതികളിൽ ഒന്നു് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാമത്തേതു് അപൂർണ്ണമായ രൂപത്തിൽ 1976-ൽ സിഡ്നിയിൽ പ്രത്യക്ഷപ്പെടുകയും ഇന്നും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞ മൂന്നു് പ്രതികളൊഴികെ, ഗ്രീക്കിലോ ലാറ്റിനിലോ എബ്രായഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു കോപ്പിയോ, പതിനാറാം നൂറ്റാണ്ടിനു് മുൻപു് ഒരു ബർണ്ണബാസ്‌ സുവിശേഷം നിലനിന്നിരുന്നു എന്നതിനു് ചരിത്രപരമായ തെളിവോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പ്രശ്നത്തിന്റെ ആരംഭം:

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ സുവിശേഷത്തിൽ നിന്നും ചില കഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതുവഴി ഇസ്ലാം ലോകത്തിലെ ക്രിസ്ത്യാനികൾക്കു് ഒട്ടേറെ കിംവദന്തികൾ നേരിടേണ്ടിവന്നു. തത്ഫലമായി ഈ ഇറ്റാലിയൻ പ്രതിയുടെ ഒരു സമ്പൂർണ്ണ തർജ്ജമ പുറത്തിറക്കാൻ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിൽപ്പെട്ട രണ്ടുപേർ തീരുമാനിക്കുന്നു (Lonsdale and Laura Ragg). അങ്ങനെയാണു് ബർണബാസ്‌ സുവിശേഷത്തിന്റെ ഒരു ദ്വിഭാഷാപ്പതിപ്പു് (ഇറ്റാലിയൻ-ഇംഗ്ലിഷ്‌) 1907-ൽ പുറത്തുവരുന്നതു്. അതായതു്, ആ സുവിശേഷത്തിന്റെ ഒരു പൂർണ്ണരൂപം ലോകത്തിനു് ആദ്യമായി ലഭ്യമാക്കിയതുതന്നെ ക്രിസ്ത്യാനികളാണു്, മുസ്ലീമുകളല്ല. ഒരുവർഷത്തിനുശേഷം, 1908-ൽ അതിന്റെ ഒരു അറബി പരിഭാഷ രൂപമെടുത്തു. അതുമുതലാണു് ഇസ്ലാംതാർക്കികർ ബർണബാസ്‌ സുവിശേഷത്തെ ക്രിസ്തുമതത്തിനെതിരായ ഒരു ആയുധമായി ഉപയോഗപ്പെടുത്തുന്നതുതന്നെ.

ഇസ്ലാം തള്ളിക്കളയുന്ന പല ക്രിസ്തീയ വിശ്വാസങ്ങളും ബർണബാസ്‌ സുവിശേഷവും തള്ളിക്കളയുന്നുണ്ടെന്നതു് ഈ പുസ്തകത്തിനോടുള്ള മുസ്ലീം താർക്കികരുടെ താത്പര്യം വർദ്ധിപ്പിച്ചു. ക്രിസ്തീയരുടെ മൗലികവിശ്വാസങ്ങളായ യേശുവിന്റെ ദൈവപുത്രത്വവും, മനുഷ്യരുടെ പാപമോചനത്തിനായുള്ള കുരിശുമരണവും, ഉയിർത്തെഴുന്നേൽപ്പും ബർണബാസ്‌ സുവിശേഷം നിഷേധിക്കുന്നതിനാൽ, പൗലോസിന്റെ ക്രിസ്തുമതം വ്യാജക്രിസ്തുമതമാണെന്നും, യഥാർത്ഥ ക്രിസ്തുമതം ഇസ്ലാമുമായി, അഥവാ, ഖുർആനുമായി പൊരുത്തപ്പെടുന്നതാണെന്നുമുള്ള പൊതുവായ മുസ്ലീം നിലപാടിനു് 'ക്രിസ്തീയതയിൽ' നിന്നുതന്നെയുള്ള ശക്തമായ ഒരു തെളിവായി അവർ ഈ സുവിശേഷത്തെ ഉയർത്തിപ്പിടിക്കാൻ തുടങ്ങി.

യഹൂദ-, ക്രൈസ്തവ-, മുസ്ലീംവിശ്വാസങ്ങളുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ബർണബാസ്‌ സുവിശേഷം യേശുക്രിസ്തുവിന്റെ ജന്മം സംബന്ധിച്ചുണ്ടായ വെളിപാടു് മുതൽ അന്ത്യം വരെയുള്ള കഥകൾ വർണ്ണിക്കുന്നതുകൂടാതെ, അവന്റെ ശിഷ്യന്മാരെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും ഉപമകളിലൂടെയുള്ള അവന്റെ പഠിപ്പിക്കലുകളെപ്പറ്റിയും അവസാനത്തെ അത്താഴത്തെപ്പറ്റിയും ഒറ്റിക്കൊടുക്കലിനെപ്പറ്റിയും വിചാരണയെപ്പറ്റിയുമൊക്കെ വിവരിക്കുന്നുണ്ടു്. പക്ഷേ, ആ സുവിശേഷപ്രകാരം കുരിശുമരണം വരിക്കുന്നതു് യേശുവല്ല, യൂദാസ്‌ ആണു് എന്നിടത്തു് അതിനൊരു ഇസ്ലാമികനിറം ലഭിക്കുന്നു. അതേസമയം, യേശു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നു് ഖുർആനിൽ വായിക്കാനാവുന്നതു് ഒരേയൊരിടത്തു് മാത്രമാണു്.

ആ ഭാഗം ഇതാണു്: "അല്ലാഹുവിന്റെ ദൂതനായ, മർയമിന്റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ (യാഥാർത്ഥ്യം) അവർക്കു് തിരിച്ചറിയാതാവുകയാണുണ്ടായതു്. തീർച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു് ഉയർത്തുകയത്രേ ചെയ്തതു്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു" (ഖുർആൻ 4, 157-158). അതായതു്, ക്രൂശിക്കപ്പെടാൻ അനുവദിക്കാതെ യേശുവിനെ അല്ലാഹു സ്വർഗ്ഗത്തിലേക്കു് ഉയർത്തി എന്നല്ലാതെ, ആരാണു് യഥാർത്ഥത്തിൽ ക്രൂശിക്കപ്പെട്ടതെന്നതിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കാത്ത ഖുർആനിലെ ഈ പ്രസ്താവന, ക്രൂശിക്കപ്പെട്ടതു് യൂദാസ്‌ ആയിരുന്നു എന്ന ബർണബാസ്‌ സുവിശേഷത്തിലെ വിശദീകരണം വഴി മൂർത്തീകരിക്കപ്പെടുന്നു. പക്ഷേ അതുവഴി, ബർണബാസ്‌ സുവിശേഷം ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാണെന്നും, വിശ്വാസപരമായ പൊരുത്തക്കേടുകളാൽ പൗലോസിന്റെ ക്രിസ്തുസഭ അതിനെ മനഃപൂർവ്വം നശിപ്പിക്കുകയായിരുന്നു എന്നുമുള്ള മുസ്ലീം പണ്ഡിതരുടെ ഇന്നത്തെ ആരോപണത്തിൽ സാമാന്യബുദ്ധിക്കു് നിരക്കാത്ത ഒരു വൈരുദ്ധ്യം ഉടലെടുക്കുന്നു. യൂദാസാണു് യേശുവിനു് പകരം കുരിശിൽ മരിച്ചതു് എന്നു് ആരംഭകാലക്രിസ്തുമതത്തിൽ തന്നെ ബർണബാസ്‌ രേഖപ്പെടുത്തിയിരുന്നിട്ടും അതിനും ഏഴു് നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഖുർആനിൽ "ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല" എന്നു് എഴുതേണ്ടിവരുന്നതിൽനിന്നും ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി മുഹമ്മദിനും അറിവുണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്? അതുപോലെതന്നെ അർത്ഥശൂന്യമാണു്, ജനസമക്ഷത്തിൽ നിന്നും ഈ സുവിശേഷം മറച്ചുപിടിക്കണം എന്നൊരു ഗൂഢോദ്ദേശ്യം ക്രിസ്ത്യാനികൽക്കുണ്ടെന്നുള്ള ആരോപണവും. 1907-ൽ ഈ സുവിശേഷം ഇറ്റാലിയനിൽ നിന്നും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തതും, അതുവഴി ഇന്നു് പലഭാഷകളിൽ അതിന്റെ പരിഭാഷ ഉണ്ടാവാൻ വഴിതെളിച്ചതും ക്രിസ്ത്യാനികളാണെന്ന യാഥാർത്ഥ്യം ഈ ആരോപണത്തെ അടിസ്ഥാനരഹിതമാക്കുന്നു.

ബർണബാസ്‌ സുവിശേഷം വ്യാജമാണെന്ന നിഗമനത്തിന്റെ ചില തെളിവുകൾ

മുൻവിധി ഇല്ലാതെയും പക്ഷം ചേരാതെയും കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറുള്ള ആർക്കും ബർണബാസ്‌ സുവിശേഷം ഒരു വ്യാജസൃഷ്ടിയാണെന്നു് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ സ്പെയിനിൽ രൂപമെടുത്തതാവാം ഈ സുവിശേഷം എന്ന നിഗമനത്തിലേക്കാണു് എല്ലാ സൂചനകളും നയിക്കുന്നതു്. ക്രിസ്തീയ സഭ ഈ കാലഘട്ടത്തിൽ നടത്തിക്കൊണ്ടിരുന്ന ഇൻക്വിസിഷനോടുള്ള പ്രതികാരം എന്നനിലയിൽ രൂപമെടുത്തിരിക്കാൻ ഇടയുള്ളതെന്നു് കരുതപ്പെടുന്ന ഈ സുവിശേഷം മുസ്ലീമായി പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയുടെ സൃഷ്ടിയാവാൻ നല്ല സാദ്ധ്യതയുണ്ടു്. ക്രിസ്തുമതത്തിലും ഇസ്ലാമിലും എഴുത്തുകാരൻ പ്രദര്‍ശിപ്പിക്കുന്ന മതിയായ പരിജ്ഞാനം അതിനൊരു ന്യായീകരണമാണു്. പക്ഷേ, മുസ്ലീം താർക്കികർ ഇതു് ക്രിസ്തുമതത്തിന്റെ ആരംഭകാലത്തു് ജന്മമെടുത്തതാണെന്ന ധാരണ പുലർത്തുന്നതിനാൽ, ആ കാലഘട്ടത്തിലെ രേഖകളിലെല്ലാം അവർ ഈ സുവിശേഷത്തിന്റെ മൂലകർത്താവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. അവയിൽ ഒന്നാണു് ബർണബാസിന്റെ ലേഖനം. പക്ഷേ, അതു് 21 ചെറിയ അദ്ധ്യായങ്ങളുടെ ഒരു സമാഹാരമാണു്. ബർണബാസ്‌ സുവിശേഷമാകട്ടെ 222 നീണ്ട അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതും! മുസ്ലീം താർക്കികർ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്നു് ബർണബാസിന്റെ പ്രവൃത്തികളാണു് (Acts of Barnabas). അതു് പക്ഷേ, അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു വ്യാജസൃഷ്ടിയാണു്. 4/5 നൂറ്റാണ്ടു് കാലഘട്ടത്തിൽ നിന്നുള്ള Gelasian Decree എന്നറിയപ്പെടുന്ന "കിട്ടിയതും കിട്ടാത്തതുമായ" പുസ്തകങ്ങളുടെ ലിസ്റ്റിലും 7/8 നൂറ്റാണ്ടുകളിൽ നിന്നുള്ള "60 പുസ്തകങ്ങളുടെ" ലിസ്റ്റിലും (The List of Sixty Books) ഒരു ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പേരെടുത്തു് പറയുന്നുണ്ടെങ്കിലും ആ രണ്ടു് ലിസ്റ്റിലും "ഒന്നും നിലവിലില്ല" (nothing extant) എന്നാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ രണ്ടു് ലിസ്റ്റുകളിലെ സൂചനക്കു് ശേഷം ബര്‍ണബാസ്‌ സുവിശേഷത്തെപ്പറ്റി പിന്നീടു് എന്തെങ്കിലും കേൾക്കുന്നതു് ഇവിടത്തെ വിഷയമായ മദ്ധ്യകാലത്തെ ഇറ്റാലിയൻ/സ്പാനിഷ്‌ സുവിശേഷങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ മാത്രമാണു്.

ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വൈരുദ്ധ്യങ്ങൾ

യേശുവിനോടൊപ്പം ജീവിച്ച ഒരു ബർണബാസ്‌ ആണു് ഈ സുവിശേഷരചയിതാവു് എങ്കിൽ പലസ്റ്റൈൻ പ്രദേശത്തെപ്പറ്റി അവനു് അറിയാതിരിക്കാൻ കഴിയില്ല. പക്ഷേ ഈ സുവിശേഷത്തിലെ സൂചനകൾ യഥാർത്ഥ പലസ്റ്റൈനുമായി ചരിത്രപരമായോ ഭൂമിശാസ്ത്രപരമായോ പൊരുത്തപ്പെടുന്നവയല്ല. ചില ഉദാഹരണങ്ങൾ: ബർണബാസ്‌ സുവിശേഷത്തിൽ പറയുന്നപോലെ, നസറേത്ത്‌ കിടക്കുന്നതു് ഗലീലിയ കടലിന്റെ (Sea of Genneseret) തീരത്തല്ല, ഒരു കുന്നിൻ മുകളിലാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നപ്രകാരം യേശു ഒരു കപ്പലിൽ കയറി യേറുശലേമിലേക്കു് പോയി എന്നതു് സാദ്ധ്യമായ കാര്യമല്ല, കാരണം, യേറുശലേം കിടക്കുന്നതു് ഒരു ഉൾപ്രദേശത്താണു്. ഈ സുവിശേഷത്തിൽ പറയുന്നപോലെ, നൈനവെ കിടക്കുന്നതു് മെഡിറ്ററേനിയൻ തീരത്തല്ല, ഉൾപ്രദേശത്തുള്ള ടൈഗ്രിസിനോടു് ചേർന്നാണു്. ബർണബാസ്‌ സുവിശേഷത്തിൽ പറയുന്ന യേശുവിന്റെ ജനനകാലം പീലാത്തോസിന്റെയും അനന്യാസിന്റെയും കയ്യഫായുടെയും ചരിത്രപരമായ ഭരണകാലവുമായി ഒത്തുപോകുന്നതല്ല. പലസ്റ്റൈനിൽ ആരംഭകാലക്രിസ്തുമതത്തിന്റെ കാലത്തു് 600000 റോമൻ പടയാളികൾ ഉണ്ടായിരുന്നതായി ഈ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, അക്കാലത്തു്, റോമാസാമ്രാജ്യത്തിൽ ആകെമൊത്തം ഏകദേശം അത്രയും പടയാളികളേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ പലസ്റ്റൈനിൽ മാത്രം ഒരുവിധത്തിലും അത്രയും റോമൻ പടയാളികൾ ഉണ്ടായിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. അതുപോലെ, പഴയനിയമകാലത്തു് ഉണ്ടായിരുന്ന 17000 പരീശന്മാരെപ്പറ്റി ബർണബാസ്‌ സുവിശേഷം സൂചിപ്പിക്കുന്നു. പക്ഷേ, പരീശരുടെ പാർട്ടി രൂപമെടുക്കുന്നതുതന്നെ ക്രി. മു. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണു്. ബർണബാസ്‌ സുവിശേഷം വർണ്ണിക്കുന്ന വേനൽക്കാലം യൂറോപ്യൻ വേനൽക്കാലമാണു്. പലസ്റ്റൈനിൽ, യൂറോപ്യൻ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി, മഞ്ഞുകാലത്തു് മഴയും വേനൽക്കാലത്തു് വരണ്ട കാലാവസ്ഥയുമാണു്.

മദ്ധ്യകാലത്തെ രൂപമെടുക്കലിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ

മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി ഇസ്ലാമിനെപ്പറ്റി പരാമർശമൊന്നുമില്ലെങ്കിലും ബർണബാസ്‌ സുവിശേഷം ഉൾക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.

ബർണബാസ്‌ സുവിശേഷം ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്ത Lonsdale Ragg മദ്ധ്യകാല ഇറ്റാലിയൻ സാഹിത്യസംബന്ധമായ കാര്യങ്ങളിൽ ഒരു പണ്ഡിതനാണു്. ബർണബാസ്‌ സുവിശേഷവും ഡാന്റെയുടെ (Dante Alighieri: 1265-1321) The Divine Comedy അടക്കമുള്ള ഗ്രന്ഥങ്ങളും തമ്മിൽ ശ്രദ്ധേയമായ സമാനതകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഡിവൈൻ കോമെഡിയിൽ ഡാന്റെ വർണ്ണിക്കുന്ന സ്വർഗ്ഗവും നരകവും പറുദീസയും ബർണ്ണബാസ്‌ സുവിശേഷത്തിലെ സ്വർഗ്ഗ-നരക വർണ്ണനകളുമായി ഒത്തുചേർന്നു് പോകുന്നവയാണു്. ഉദാഹരണത്തിനു്, ബർണബാസ്‌ സുവിശേഷത്തിലെ ഒൻപതു് (പറുദീസ അടക്കം പത്തു്) സ്വർഗ്ഗങ്ങളും, ഏഴു് 'കേന്ദ്രങ്ങൾ' ആയി തരംതിരിച്ചിരിക്കുന്ന നരകവുമെല്ലാം ഡാന്റെയുടെ ഡിവൈൻ കൊമെഡിയിലെ വർണ്ണനകളുമായി കൃത്യമായി യോജിച്ചുപോകുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ, ഡാന്റെയുടെ ഡിവൈൻ കോമെഡിയും ബർണബാസ്‌ സുവിശേഷവും തമ്മിൽ - നേരിട്ടുള്ള പരസ്പരബന്ധം ഇല്ലെങ്കിൽ തന്നെയും, അവയുടെ പശ്ചാത്തലവുമായി - നിഷേധിക്കാനാവാത്ത ബന്ധം പുലർത്തുന്നർത്തായി അദ്ദേഹം വിലയിരുത്തുന്നു. ഇത്തരം പരിഗണനകളുടെ എല്ലാം വെളിച്ചത്തിൽ, ബർണബാസ്‌ സുവിശേഷം A.D. 1300-നും 1350-നും ഇടയിൽ എഴുതപ്പെട്ടതാവാമെന്ന നിഗമനത്തിൽ Lonsdale Ragg എത്തുമ്പോൾ, പിന്നീടു് വന്ന ഗവേഷകർ അതിന്റെ രൂപമെടുക്കലിനു് പതിനാറാം നൂറ്റാണ്ടുവരെയുള്ള ഒരു കാലഘട്ടം ഒരു സാദ്ധ്യതയായി പരിഗണിക്കുന്നു.

ബർണബാസ്‌ സുവിശേഷപ്രകാരം 'യോബേൽ സംവത്സരം' ആഘോഷിക്കപ്പെടുന്നതു് ഓരോ നൂറു് വർഷങ്ങൾ കൂടുമ്പോഴുമാണു്. പക്ഷേ, 'യോബേൽ സംവത്സരം' എന്ന, മോശെയുടെ പഴയനിയമപ്രകാരം ഓരോ അൻപതു് വർഷങ്ങൾ കൂടുമ്പോഴും ആചരിക്കേണ്ട ഈ ഉത്സവം (ലേവ്യപുസ്തകം 25: 8-മുതലുള്ള വാക്യങ്ങൾ കാണുക) A.D.1300-ൽ അന്നത്തെ മാർപ്പാപ്പ ആയിരുന്ന St. Boniface VIII 100 വർഷത്തിൽ ഒരിക്കൽ എന്നു് തിരുത്തിയെങ്കിലും, 1343-ൽ തന്നെ, അന്നത്തെ മാർപ്പാപ്പയായിരുന്ന Clement VI വീണ്ടും അതു് പഴയപടി അൻപതുവർഷം ആക്കുകയും അടുത്ത ഉത്സവം 1350-ൽ ആയിരിക്കുമെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ബർണബാസ്‌ സുവിശേഷം അവകാശപ്പെടുന്നതുപോലെ, യോബേൽ സംവത്സരാഘോഷം 100 വർഷത്തിൽ ഒരിക്കൽ എന്നതു് A.D. 1300 മുതൽ A.D. 1343 വരെയുള്ള കാലഘട്ടത്തിൽ മാത്രമേ സഭയിൽ നിലനിന്നിരുന്നുള്ളു. (പിന്നീടു്, 1389-ൽ യോബേൽ സംവത്സരം 33 വർഷത്തിൽ ഒരിക്കൽ എന്നും, 1470-ൽ അതു് 25 വർഷത്തിൽ ഒരിക്കൽ എന്നും വീണ്ടും തിരുത്തപ്പെട്ടു. ആ ചട്ടം സഭ ഇന്നുവരെ പിന്തുടരുകയും ചെയ്യുന്നു.) അതായതു്. 100 വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന യോബേൽ സംവത്സരത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ബർണബാസ്‌ സുവിശേഷം ഒരിക്കലും A.D.1300-നു് മുൻപു് എഴുതപ്പെട്ടതാവാൻ കഴിയില്ല. പോരെങ്കിൽ, ആ സുവിശേഷം പ്രതിനിധീകരിക്കുന്ന പെരുമാറ്റച്ചിട്ടകളായ, ചിരിക്കുന്നതു് പാപം, കരയുന്നതു് ആത്മീയതയുടെ അടയാളം മുതലായ, മദ്ധ്യകാലത്തു് പ്രബലമായിരുന്ന, സന്യാസജീവിതത്തിന്റെ പെരുമാറ്റരീതികളും അതിന്റെ രൂപമെടുക്കൽ ആ കാലഘട്ടത്തിലായിരിക്കുമെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.

(തുടരും)

18 comments:

CKLatheef March 9, 2010 at 7:08 PM  

'മുഹമ്മദിനെപ്പറ്റിയല്ലാതെ ഔദ്യോഗികമായി ഇസ്ലാമിനെപ്പറ്റി പരാമർശമൊന്നുമില്ലെങ്കിലും ബർണബാസ്‌ സുവിശേഷം ഉൾക്കൊള്ളുന്നതു് ഇസ്ലാം ചിന്താധാരയാണു്. ഏഴാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇസ്ലാം ചിന്തകളെപ്പറ്റി ക്രൈസ്തവസഭയുടെ ആരംഭകാലത്തു് എന്തെങ്കിലും വിവരം ഉണ്ടാവുക എന്നതു് ആസംഭവ്യമാണെന്നതിനാൽ അതു് ആരംഭകാലക്രിസ്തുമതത്തിൽ രൂപമെടുത്തതാവാൻ കഴിയില്ല.'

ബര്‍ണബാസിന്റെ സുവിശേഷത്തെപ്പറ്റി വസ്തുതകള്‍ ഇനിയും വെളിപ്പെടേണ്ടതായിട്ടാണിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. എങ്കിലും ഏഴാം നൂറ്റാണ്ടില്‍ രൂപമെടുത്ത ഇസ്‌ലാം എന്ന് തുടങ്ങുന്ന പരാമര്‍ശം അബദ്ധമാണ്. പ്രവാചകമതങ്ങളൊക്കെ ഇസ്‌ലാമിന്റെ അതേ തത്വങ്ങളാണുള്‍കൊള്ളുക എന്നാണ് ഒരു മുസ്ലിം മനസ്സിലാക്കുന്നത്.

ബീമാപള്ളി / Beemapally March 9, 2010 at 7:44 PM  

നല്ല പോസ്റ്റ്....

ഈ പോസ്റ്റിലെ ശ്രീ ബാബുവിന്റെ ചില അഭിപ്രായങ്ങളോട് വിയോജിപ്പുമുണ്ട്...

വിയോജിക്കുന്ന വിഷയങ്ങള്‍ ബീമാപള്ളിയുടെ ഒരു പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടാം..!

ആശംസകളോടെ..!

ജാദൂഗര്‍ March 10, 2010 at 7:31 AM  

"യൂദാസാണു് യേശുവിനു് പകരം കുരിശിൽ മരിച്ചതു് എന്നു് ആരംഭകാലക്രിസ്തുമതത്തിൽ തന്നെ ബർണബാസ്‌ രേഖപ്പെടുത്തിയിരുന്നിട്ടും അതിനും ഏഴു് നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഖുർആനിൽ "ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല" എന്നു് എഴുതേണ്ടിവരുന്നതിൽനിന്നും ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി മുഹമ്മദിനും അറിവുണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്?"

ഇതാണ് പോയിന്റ്.പേടിക്കണ്ടാ..”ഇശ്ലാമിക പണ്ടിതര്‍” ആരും അതേക്കേറി തൂങ്ങൂലാ‍...

നന്ദന March 10, 2010 at 8:08 AM  

വായിച്ചു, തുടരട്ടെ.

കാട്ടിപ്പരുത്തി March 10, 2010 at 8:25 AM  

ബര്‍ണാബാസിന്റെ മാത്രമല്ല, പല സുവിശേഷങ്ങളും വേറെയുണ്ടായിരുന്നുവെന്നും എന്നാല്‍ അവയെല്ലാം ഒഴിവാക്കി കുരിശുമരനത്തെ പിന്താങ്ങുന്ന നാലു സുവിശേഷങ്ങള്‍ മാത്രം സഭ അംഗീകാരം നല്‍കുകയാണുണ്ടായതെന്നു മുസ്ലിം- ക്രൈസ്തവ സം‌വാദങ്ങളില്‍ കേട്ടിട്ടുണ്ട്. കൂടുതലൊന്നും അക്കാര്യത്തിലറിയില്ല. ഒരു സം‌വാദത്തിനുള്ള അറിവെനിക്കില്ല.

പക്ഷെ, ഇസ്ലാമിക വിശ്വാസം രൂപപ്പെടുന്നത് ബര്‍ണബാസിന്റെ സുവിശേഷം അടിസ്ഥാനപ്പെടുത്തിയല്ല. അന്നത്തെ അറേബ്യന്‍ ക്രൈസ്തവര്‍ കുരിശു മരണത്തെ അംഗീകരിക്കുന്ന്തിനാലാണല്ലോ വിമര്‍ശനമുണ്ടാകുന്നത്.

ചിന്തകന്‍ March 10, 2010 at 8:43 AM  

സി.കെ ബാബു
താങ്കള്‍ തന്നെ പറയുന്നു ബര്‍ണബാസിന്റെ സുവിശേഷം ആദ്യമായി പുറത്ത് കൊണ്ട് വന്നത് കൃസ്ത്യാനികളാണെന്ന്. ഒരു മുസ്ലീം രചിച്ച ഗ്രന്ഥം ബര്‍ണബാസിന്റെ പേരില്‍ കൃസ്ത്യാനികളുടെ ഗ്രന്ഥപുരയില്‍ എത്തിച്ചേരുക. എന്നിട്ട് കൃസ്ത്യാനികള്‍ തന്നെ അത് പ്രസിദ്ധീകരിക്കുക. ലോകത്ത് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന ഏറ്റവും വലിയ നുണകളില്‍ ഒന്നായിരിക്കും ഇത് എന്നതില്‍ സംശയമില്ല.

താന്‍ ഒരു പുതിയ മതവുമായി വന്നു എന്ന് ഒരിക്കലും മുഹമ്മദ് നബി അവകാശപെട്ടിട്ടില്ല. പൂര്‍വ്വ സമൂഹങ്ങളില്‍ വന്ന പ്രവാചകന്‍മാര്‍ പറഞ്ഞ യാഥാര്‍ഥ്യങ്ങളെ ഒന്ന് കൂടി ഉറപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇസ് ലാം(submission to god) അഥവാ ദൈവത്തിനുള്ള സമര്‍പ്പണം/കീഴൊതുങ്ങല്‍ എന്നത് മുഹമ്മദ് നബി തുടങ്ങിയ മതവുമല്ല. മനുഷ്യന്‍ എന്നുണ്ടായോ അന്നുമുതലതുണ്ട്. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ മുസ്ലീങ്ങളും, കൃസ്തുവിനെ ദൈവമായി കാണുന്നവര്‍ കൃസ്ത്യാനികളായി സ്വയം അറിയപെടുന്നത് പോലെ, മുഹമ്മദ് നബി കൊണ്ട് വന്ന മതത്തില്‍ വിശ്വസിക്കുന്നവര്‍ മുഹമ്മദീയര്‍ എന്നും സ്വയം അറിയപെടുമായിരുന്നു.


മുഹമ്മദ് നബി പൂര്‍വ്വ പ്രവാചകന്മാരാലും വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപെട്ടു എന്നതിലാണ് മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളേക്കാള്‍ വേഗത്തില്‍, വേദങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അനുയായികളായി മാറുകയും, ഇസ്ലാം മീഡിലീസ്റ്റില്‍ ഒന്നാകെ അതിവേഗം വ്യാപിക്കുകയും ചെയ്തത്.

സാവൂളിന്റെ(പൌലോസിന്റെ) മതമാണ് പില്‍കാലത്ത് കൃസ്തു മതമായി അറിയപെട്ടത്. കൃസ്തുവിനെ വളരെ വിചിത്രമായ രീതിയില്‍ അവതരിപ്പിച്ച്, റോമ സംസ്കാരത്തിലെ ദൈവങ്ങളെ കൂടി സമന്വയിപിച്ച് ഒരു പുതിയ മതത്തിന് രൂപം നല്‍കുകയായിരുന്നു സാവൂള്‍ എന്ന പൌലോസ്. ഇസ്രായില്യരുടെ പുണ്യദിവസമായ ശനിയാഴ്ച് (ശാബത്ത്) , കൃസ്ത്യാനികള്‍ക്ക് സൂര്യാരാധകരുടെ പുണ്യദിവസമായ ‘സണ്ഡേ‘ ആയി മാറിയത് അങ്ങിനെയാണ്.
cntnd....

ചിന്തകന്‍ March 10, 2010 at 8:45 AM  

അത് കൊണ്ട് തന്നെ സാവൂള്‍ സ്ഥാപിച്ച ആ മതത്തിന് അനുയോജ്യമല്ലാത്ത സുവിശേഷങ്ങളെല്ലാം തന്നെ കൃസ്തീയ സഭ തള്ളികളയുകയായാരുന്നു. ബര്‍ണബാസിന്റെ സുവിശേഷം ഒരു മുസ്ലീം രചനയല്ല എന്നതിന് തെളിവായി ഞാന്‍ നേരത്തെ എന്റെ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ചേര്‍ക്കുന്നു.


ക്രൈസ്തവ സാഹിത്യങ്ങള്‍ ഈ സുവിശേഷത്തെ പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ ഇപ്രകാരം തള്ളിപ്പറയാറുണ്ട്‌: 'ഇതൊരു പ്രക്ഷിപ്ത സുവിശേഷമാകുന്നു. ഏതോ മുസല്‍മാന്‍ രചിച്ച്‌ ബര്‍നബാസിന്റെ പേരില്‍ ആരോപിച്ചതായിരിക്കാം ഇത്‌.' എന്നാല്‍, ഈ സുവിശേഷത്തില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ചു സുവ്യക്തമായ പ്രവചനങ്ങള്‍ കാണപ്പെടുന്നുണ്ട്‌ എന്നതിന്റെ പേരില്‍ കെട്ടിച്ചമച്ച ഒരു കരിങ്കള്ളമാണിത്‌. ഒന്നാമതായി, ഈ സുവിശേഷം വായിച്ചുനോക്കിയാല്‍തന്നെ അറിയാം ഇതൊരു മുസല്‍മാന്റെ രചനയാവുക വയ്യെന്ന്‌.

രണ്ടാമതായി, മുസ്ലിം രചിച്ചതായിരുന്നുവേങ്കില്‍ മുസ്ലിംകള്‍ക്കിടയില്‍ ഇത്‌ വ്യാപകമായി പ്രചരിക്കേണ്ടതും മുസ്ലിം പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കേണ്ടതുമായിരുന്നു. പക്ഷേ, ഇവിടെ സ്ഥിതി നേരെ മറിച്ചാണ്‌. ജോര്‍ജ്‌ സെയിലിന്റെ ഇംഗ്ലീഷ്‌ ഖുര്‍ആന്‍ പരിഭാഷയ്ക്കു മുമ്പ്‌ ഇങ്ങനെയൊരു സുവിശേഷമുള്ളതായിത്തന്നെ മുസ്ലിംകളറിഞ്ഞിരുന്നില്ല. ത്വബരി, യഅ​‍്ഖൂബി, അല്‍ബിറൂനി, ഇബ്നുഹസം തുടങ്ങി നിരവധി മുസ്ലിം ഗ്രന്ഥകാരന്‍മാര്‍ ക്രൈസ്തവസാഹിത്യങ്ങളില്‍ അഗാധമായ വ്യുല്‍പത്തിയുള്ളവരായിരുന്നു. അതിലാരുംതന്നെ ക്രിസ്തുമതം ചര്‍ച്ച ചെയ്യുമ്പോള്‍ ബര്‍നബാസിന്റെ സുവിശേഷത്തെ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. മുസ്ലിംലോകത്തുണ്ടായിരുന്ന ഗ്രന്ഥങ്ങളുടെ ഏറ്റവും നല്ല സൂചികയാണ്‌ ഇബ്നുന്നദീമിന്റെ അല്‍ഫിഹ്‌റസ്തും ഹാജി ഖലീഫയുടെ കശ്ഫുള്ളുനൂനും. അവയും ഈ സുവിശേഷത്തെ പരാമര്‍ശിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പ്‌ ഏതെങ്കിലും മുസ്ലിം പണ്ഡിതന്‍മാര്‍ ബര്‍നബാസ്‌ സുവിശേഷത്തിന്റെ പേരു പറഞ്ഞതായിപ്പോലും കാണുന്നില്ല.

ബര്‍നബാസ്‌ സുവിശേഷം മുസ്ലിംരചനയാണെന്ന വാദം കളവാണെന്നുള്ളതിന്റെ മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ തെളിവ്‌ ഇതത്രേ: മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എഴുപത്തഞ്ചുവര്‍ഷം മുമ്പ്‌ പോപ്പ്‌ ഗെലാസിയൂസി (Gelasius)ന്റെ കാലത്തുതന്നെ അബദ്ധവിശ്വാസങ്ങളുടെയും പിഴച്ച (Heretical) പുസ്തകങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. ഒരു ഇടയലേഖനത്തിലൂടെ മാര്‍പ്പാപ്പ പാരായണം നിഷിദ്ധമാക്കിയവയുടെ കൂട്ടത്തില്‍ ബര്‍നബാസിന്റെ സുവിശേഷ (Evangelium Barnaba) വും ഉള്‍പ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത്‌ ഏതു മുസ്ലിമായിരിക്കാം ഈ പ്രക്ഷിപ്ത സുവിശേഷം തട്ടിപ്പടച്ചതു?! സ്പെയിന്‍, സിറിയ, ഈജിപ്ത്ങ്ങ തുടങ്ങിയ നാടുകളിലെ പ്രാഥമിക ക്രൈസ്തവസഭകളില്‍ ഈ കാലയളവുവരെ ബര്‍നബാസിന്റെ സുവിശേഷം പ്രചാരത്തിലുണ്ടായിരുന്നുവേന്നും ആറാം നൂറ്റാണ്ടിലാണ്‌ അത്‌ നിഷിദ്ധമായി വിധിക്കപ്പെട്ടതെന്നും ക്രൈസ്തവ പണ്ഡിതന്‍മാര്‍തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌.

സി.കെ.ബാബു March 10, 2010 at 9:22 AM  

ചിന്തകന്‍,

"ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം."

ലേഖനത്തിന്റെ ആരംഭത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. ചിന്തകന്‍ അത് കണ്ടുകാണില്ല.

ചിന്തകന്‍ said...

മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എഴുപത്തഞ്ചുവര്‍ഷം മുമ്പ്‌ പോപ്പ്‌ ഗെലാസിയൂസി (Gelasius)ന്റെ കാലത്തുതന്നെ അബദ്ധവിശ്വാസങ്ങളുടെയും പിഴച്ച (Heretical) പുസ്തകങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. ഒരു ഇടയലേഖനത്തിലൂടെ മാര്‍പ്പാപ്പ പാരായണം നിഷിദ്ധമാക്കിയവയുടെ കൂട്ടത്തില്‍ ബര്‍നബാസിന്റെ സുവിശേഷ (Evangelium Barnaba) വും ഉള്‍പ്പെടുകയും ചെയ്തിരുന്നു.

ചിന്തകന്‍ പറഞ്ഞ ഗെലേഷ്യസ് ഡിക്രി മാത്രമല്ല, The List of Sixty Books എന്ന മറ്റൊരു പട്ടികയുമുണ്ട്. രണ്ടിലും ബര്‍ണബാസ് സുവിശേഷം എന്നൊരു പുസ്തകം പരാമര്‍ശിച്ചിട്ടുമുണ്ട്. ലേഖനത്തില്‍ ഞാന്‍ അതും സൂചിപ്പിച്ചിരുന്നു. ചിന്തകന്‍ അതും കണ്ടുകാണാന്‍ വഴിയില്ല.

ലേഖനം തുടരുമെന്ന് എഴുതിയിരുന്നു. അതും കണ്ടോ എന്നറിയില്ല. ഏതായാലും ആ തുടര്‍ച്ചയില്‍ ആ പട്ടികകളിലേക്ക് ഞാന്‍ വിശദമായി കടക്കുന്നുണ്ട്. പക്ഷേ, അതുവഴി ചിന്തകനെപ്പോലെയുള്ളവരെ കണ്‍വിന്‍സ് ചെയ്യിക്കാം എന്ന വ്യാമോഹമൊന്നും എനിക്കില്ല എന്നുകൂടി സൂചിപ്പിക്കട്ടെ.

CKLatheef March 10, 2010 at 11:07 AM  

'ബ്ലോഗിലോ പുറത്തോ ഉള്ള 'ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ' 'ഉത്തമബോദ്ധ്യ' വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്.'

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന് ശക്തിപകരാന്‍ ബര്‍ണബാസിന്റെ സുവിശേഷം അവശ്യഘടകമേ അല്ല. ഇന്നും അതിന്റെ പ്രബോധത്തിലോ പ്രചാരണത്തിലോ ആ സുവിശേഷം വല്ല പങ്കുവഹിക്കുന്നുണ്ടോ എന്നറിയാന്‍ പുതിയഗവേഷണം വേണ്ടിവരും. ബാബുവിന്റെ പഠനങ്ങള്‍ ആകാംക്ഷപൂര്‍വം വായിക്കുന്നു. അതോടൊപ്പം ഒരു മുസ്ലിമിന്റെ കണ്ണിലൂടെയല്ലാതെ നോക്കിയാലും കാണപ്പെടുന്ന ചില പൊരുത്തക്കേടുകള്‍ ഒരു മുസ്ലിമായി പോയതിന്റെ പേരില്‍മാത്രം ചുണ്ടികാണിക്കേണ്ടതില്ല എന്ന നിലപാടും ശരിയല്ല. മുഹമ്മദ് നബിയുടെ ജനനത്തിന് മുമ്പ് തന്നെ അത്തരമൊരു സുവിശേഷത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുകയും പിന്നീട് അത് ലഭിക്കുകയും ചെയ്താല്‍. അതിലുള്ള വിഷയത്തിന്റെ സ്വഭാവം വെച്ച് അത് മുസ്്‌ലിംകള്‍ നിര്‍മിച്ചതാണെന്ന് കരുതുന്നതിലെ അബദ്ധം താങ്കള്‍ ഇതിനകം മനസ്സിലാക്കിയിരിക്കും. ഈ കാലഘട്ടത്തിലൊന്നും ഖുര്‍ആന് വ്യാഖ്യാനം നല്‍കിയ മുസ്്‌ലിംകള്‍ക്കാര്‍ക്കും ലഭിക്കാതെ ക്രൈസ്തവരുടെ അടുത്തെത്തുകയും പിന്നീട് അവര്‍ പുറത്ത് വിട്ടപ്പോള്‍ മാത്രം മുസ്്‌ലികള്‍ കാണുകയും ചെയ്ത ഒരു സുവിശേഷം തീര്‍ചയായും ബാബുവിന്റെ ഏകപക്ഷിയമായ വിശകലനത്തേക്കാളേറെ ചര്‍ചയര്‍ഹിക്കുന്നു എന്നുതന്നെ ഞാന്‍ കരുതുന്നു. താങ്കള്‍ക്ക് ലഭിച്ച ചില അറിവുകള്‍ വെച്ച് ഇത് മുസ്്‌ലിംകള്‍ എഴുതിയുണ്ടാക്കിയത് തന്നെ എന്ന് ആരെയെങ്കിലും കണ്‍വിന്‍സ് ചെയ്യാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങളുടെ കമന്റ് ഡിലീറ്റ് ചെയ്ത് അടുത്ത പോസ്റ്റിടുക. താങ്കള്‍ ഇത് തുടരും എന്നുള്ളത് പറഞ്ഞ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തടസ്സമല്ല.

ഒന്നും നിലവിലില്ല എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ലഭിച്ചില്ല് എന്ന് മാത്രമല്ലേ അര്‍ഥമാക്കേണ്ടതുള്ളൂ. രണ്ട് ലിസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോള്‍ അത് നിലനിന്നിരുന്നു എന്ന വസ്തുത ഒന്നുകൂടി ഉറപ്പാകുക മാത്രമാണ് ചെയ്യുക.

അത്തരമൊരു സുവിശേഷം രചിച ആള്‍ക്ക് ബാബുവിന് മനസ്സിലായ ചില നിസ്സാര കാര്യങ്ങളില്‍ അബദ്ധം സംഭവിച്ചതെങ്ങനെ എന്ന് ബര്‍ണബാസിന്റെത് യഥാര്‍ഥ സുവിശേഷമാണ് എന്ന വാദിക്കുന്നവര്‍ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

താങ്കളോ ചിന്തകനോ ആരെയെങ്കിലും കണ്‍വിന്‌സ് ചെയ്യാന്‍ വേണ്ടി പാടുപെടേണ്ടതില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇക്കാര്യത്തില്‍ ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും വലിയ പിടിപാടുണ്ടാവില്ല. നിങ്ങളുടെ വിശകലനത്തില്‍ നിന്ന് അവര്‍ ഒരു തീരുമാനത്തിലെത്തും. രണ്ടു പേര്‍ക്കും അതുപോരെ.

ചിന്തകനോടൊരുവാക്ക്. ഇത് ബാബുവിന്റെ പോസ്റ്റാണ് എന്നതിനാല്‍ കൂടുതല്‍ നല്ലത് അദ്ദേഹത്തോട് വിയോജിപ്പുള്ള അല്ലെങ്കില്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് താങ്കള്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം കമന്റ് ബോക്‌സില്‍ നല്‍കുന്നതാകും നീണ്ട താങ്കളുടെ പോസ്റ്റില്‍ നിന്നു പേസ്റ്റ് ചെയ്യുന്നതിനേക്കാള്‍ വായനക്കാരായ ഞങ്ങള്‍ക്ക് ഗുണം ചെയ്യുക.

CKLatheef March 10, 2010 at 11:33 AM  

'യൂദാസാണു് യേശുവിനു് പകരം കുരിശിൽ മരിച്ചതു് എന്നു് ആരംഭകാലക്രിസ്തുമതത്തിൽ തന്നെ ബർണബാസ്‌ രേഖപ്പെടുത്തിയിരുന്നിട്ടും അതിനും ഏഴു് നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഖുർആനിൽ "ഈസായുടെ കാര്യത്തിൽ ഭിന്നിച്ചവർ ഊഹാപോഹങ്ങളെ പിന്തുടരുന്നല്ലാതെ അവർക്കു് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല" എന്നു് എഴുതേണ്ടിവരുന്നതിൽനിന്നും ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റി മുഹമ്മദിനും അറിവുണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്?'

ഒരു ചോദ്യമാണ് താങ്കളിതുകൊണ്ട് ഉദ്ദേശിച്ചത് എങ്കില്‍ അതിന് മറുപടി പറയാന്‍ ബാധ്യത ഞങ്ങള്‍ക്കുണ്ട്. പ്രവാചകന്‍ ആഗതനാകുമ്പോള്‍ ക്രൈസ്തവലോകം വിശ്വസിച്ചിരുന്നത് യേശുക്രൂശിക്കപ്പെട്ടു എന്നുതന്നെയാണ്. ഈ സന്ദര്‍ഭത്തിലാണ് പ്രസ്തുത സൂക്തം അര്‍ഥശങ്കക്കിടയില്ലാത്തവിധം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. അവര്‍ കൊന്നിട്ടില്ല. അവര്‍ ക്രൂശിച്ചിട്ടുമില്ല. നിശ്ചയം അവര്‍ കൊന്നിട്ടില്ല എന്ന്. അതോടൊപ്പം അവര്‍ക്ക് അപ്രകാരം തോന്നപ്പെട്ടു എന്ന് പറയുകയും ചെയ്തു. ഇവിടെ താങ്കളുടെ ചോദ്യം മുഹമ്മദ് നബിക്കും അത് യൂദാസാണെന്ന് അറിയുമായിരുന്നില്ലേ എന്നാണ്. ഇല്ല എന്നാണ് എന്റെ ഉത്തരം. കാരണം അക്കാര്യത്തില്‍ ദിവ്യബോധനം പിന്തുടരുക മാത്രമാണ് അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ വിശദാംശങ്ങളുടെ ഗ്രന്ഥമല്ല. ആരെയാണ് പകരം ക്രൂശിക്കപ്പെട്ടത് എന്നത് ഖുര്‍ആനെ സംബന്ധിച്ച് പ്രസക്തമായ ഒരു സംഗതിയല്ല.

സി.കെ.ബാബു March 10, 2010 at 12:11 PM  

CKLatheef said...

മുഹമ്മദ് നബിയുടെ ജനനത്തിന് മുമ്പ് തന്നെ അത്തരമൊരു സുവിശേഷത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെടുകയും പിന്നീട് അത് ലഭിക്കുകയും ചെയ്താല്‍. അതിലുള്ള വിഷയത്തിന്റെ സ്വഭാവം വെച്ച് അത് മുസ്ലിംകള്‍ നിര്‍മിച്ചതാണെന്ന് കരുതുന്നതിലെ അബദ്ധം താങ്കള്‍ ഇതിനകം മനസ്സിലാക്കിയിരിക്കും.

മുഹമ്മദിന്റെ ജനനത്തിന് മുന്പ് എഴുതിയ സുവിശേഷത്തെപ്പറ്റിയോ അത് മുസ്ലീമുകള്‍ നിര്‍മ്മിച്ചതാണെന്നോ ഒന്നുമല്ലല്ലോ ലത്തീഫേ ഇവിടെ ഞാന്‍ എഴുതിയത്. ഇറ്റലിയില്‍ കണ്ടെടുത്ത ഒരു ബര്‍ണബാസ് സുവിശേഷവും അതിന്റെ ഉള്ളടക്കവുമായിരുന്നു ഇവിടെ വിഷയം എന്നുപോലും മനസ്സിലായില്ലേ?

ഈ രീതിയിലാണ് 'ചര്‍ച്ച'! ബ്ലോഗെഴുത്ത് മാത്രമായിരുന്നു എനിക്ക് ജോലി എങ്കില്‍ ഞാനും നിങ്ങളെപ്പോലെ കുത്തിയിരുന്ന് ചര്‍ച്ചിച്ചേനെ.

ഒരിക്കല്‍ കൂടി: ആരംഭകാലക്രിസ്തുമതത്തില്‍ നിലനിന്നിരുന്ന ഒരു ബര്‍ണബാസ് സുവിശേഷമല്ല ഇവിടെ പരാമര്‍ശിച്ചത്. അത് വേ, ഇത് റേ. അതിനെപ്പറ്റി എപ്പോള്‍ എഴുതണമെന്നൊക്കെ തീരുമാനിക്കാന്‍ തത്കാലം ലത്തീഫിന്‍റെ സഹായം എനിക്കാവശ്യമില്ല. എന്‍റെ ബ്ലോഗിലെ ഏത് കമന്റുകള്‍ എപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്ന കാര്യവും അതുപോലെതന്നെ.

ലത്തീഫുമായോ ചിന്തകനുമായോ ഒരു ചര്ച്ച ആഗ്രഹിക്കുന്നില്ല എന്ന് ഇതിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ തുടര്‍ന്നുള്ള കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യും. കാരണം, എന്‍റെ ബ്ലോഗില്‍ കുറേ ചവറുകമന്‍റുകള്‍ വന്ന് നിറയണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല.

നിങ്ങള്‍ ദിവസേനയെന്നോണം പോസ്റ്റെഴുതുന്നവരായതിനാല്‍ അഭിപ്രായം സ്വന്തം ബ്ലോഗില്‍ എഴുതുകയുമാവാം. വായിക്കേണ്ട 'മാന്യന്‍മാര്‍ ' അവിടെവന്ന് വായിച്ചുകൊള്ളും. പിന്നെ എന്താ പ്രശ്നം?

- സാഗര്‍ : Sagar - March 10, 2010 at 3:23 PM  

ചര്‍ച്ചയാണ്‌ പിന്നേം താരം...

എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ തീര്‍ന്നു .. യുക്തിവാദിയുടെ അഹമ്മതി.. അത് വരെ "ഫയങ്കര" ചര്‍ച്ച.. "ഫയങ്കരത്തില്‍ ഫയങ്കരം"

സി.കെ.ബാബു March 10, 2010 at 4:00 PM  

അവനവന്റെ ബ്ലോഗില്‍ സ്വന്തം നിലപാട് പോലും എഴുതാന്‍ പാടില്ലാത്ത അവസ്ഥയായി. കേട്ടപാതി കേള്‍ക്കാത്തപാതി ചാടിവീഴും, ചക്കെന്ന് പറഞ്ഞാല്‍ കൊക്കെന്ന് തിരിയുന്ന കുറെ പണ്ഡിതകൂശ്മാണ്ഡങ്ങള്‍ ‍. പിന്നെ ഛര്‍ദിക്കുവോളവും അതിനുശേഷവും ചര്‍ച്ചിച്ചോണ്ടിരിക്കാം.

സംശയദൂരീകരണത്തിനായി ന്യായമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് മറുപടി പറയാന്‍ നേരമില്ല. അപ്പോഴാണ് എല്ലാം അറിയുന്ന ദൈവത്തെ ഇടംകയ്യില്‍ അമ്മാനമാടുന്നു എന്ന് ഭാവിക്കുന്ന കുറെ നിസ്കാരക്കിണ്ടികള്‍ക്കുവേണ്ടി സമയം നഷ്ടപ്പെടുത്തേണ്ടത്! പറയുന്നതിന്റെ വാച്യാര്‍ത്ഥമെങ്കിലും ഒരുനടയ്ക്ക് പോകുമായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു.

സന്തോഷ്‌ March 14, 2010 at 6:27 AM  

മാർപ്പാപ്പ തെറ്റു് പറ്റാത്തവനായതുകൊണ്ടു് പാപ്പ വിശ്വസിക്കുന്നതെല്ലാം ശരിയാണു്

- ഒരു ചെറിയ തിരുത്ത്‌......

മാർപ്പാപ്പ ആത്മീയകാര്യങ്ങളില്‍ തെറ്റു് പറ്റാത്തവനായതുകൊണ്ടു് പാപ്പ ആത്മീയപരമായി വിശ്വസിക്കുന്നതെല്ലാം ശരിയാണു്, പഠിപ്പിക്കുന്നതും (കത്തോലിക്കാ വിശ്വാസം അനുസ്സരിച്ച്)

kaalidaasan March 15, 2010 at 11:12 AM  

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന് ശക്തിപകരാന്‍ ബര്‍ണബാസിന്റെ സുവിശേഷം അവശ്യഘടകമേ അല്ല. ഇന്നും അതിന്റെ പ്രബോധത്തിലോ പ്രചാരണത്തിലോ ആ സുവിശേഷം വല്ല പങ്കുവഹിക്കുന്നുണ്ടോ എന്നറിയാന്‍ പുതിയഗവേഷണം വേണ്ടിവരും.

എങ്കിലും ഒരു തമാശക്ക് ഇടക്കിടക്ക് ഇതുപോലെയുള്ള കാര്യങ്ങള്‍ നീണ്ട കഥകളായി എഴുതും. ക്രിസ്തുവിന്റെ പൈതൃകം അവകാശപ്പെട്ടിട്ട് സുവിശേഷങ്ങള്‍ പ്രബോധനത്തില്‍ പങ്കു വഹിക്കുന്നുണ്ടോ എന്നു ഗവേഷണം തന്നെ നടത്തണം. ക്രിസ്തുവിനെ പ്രബൊധനത്തിനുപയോഗിക്കാന്‍ മടിക്കാത്തവര്‍ വളച്ചൊടിച്ച സുവിശേഷമുപയോഗിക്കുന്നതില്‍ ഒരു അത്ഭുതവുമില്ല.

ഖുറാനില്‍ മൊഹമ്മദ് എഴുതി ചേര്‍ത്ത ക്രിസ്തുവിന്റെ അതേ കഥയാണു ബര്‍ണ്ണബാസിന്റെ സുവിശേഷമെന്ന പേരില്‍ ഇറക്കിയിരിക്കുന്നത്. ബര്‍ണ്ണബാസിന്റെ പേരില്‍ ഒരു സുവിശേഷമുണ്ടായിരുന്നു എന്നും അതിനു ക്രൈസ്തവ സഭ തള്ളിക്കളഞ്ഞിട്ടുമുണ്ടെന്ന് അറിയാവുന്ന ഒരു മുസ്ലിം മദ്ധ്യ ശതകങ്ങളിലെന്നോ എഴുതിയുണ്ടാക്കിയ ഒന്നാണീ സുവിശേഷം. ഖുറാനിലെ ക്രിസ്തുവിനെ സംബന്ധിച്ചു പറയുന്ന കാര്യങ്ങള്‍ വലിയ വ്യത്യാസമില്ലാതെ തന്നെ ഇതിലുമെഴുതി ചേര്‍ക്കാന്‍ ഇതിന്റെ കര്‍ത്താവു മറന്നില്ല. ഖുറാനില്‍ മൊഹമ്മദ് പറഞ്ഞ കഥക്ക് സാധൂകരണം ഉദ്ദേശിച്ചു തന്നെയാണിത് എഴുതിയിട്ടുള്ളത്. ഇനി ഗവേഷണം തന്നെ നടത്തേണ്ടവര്‍ നടത്തിയാല്‍ എന്തായിരിക്കും ഫലം. ക്രിസ്ത്യാനികള്‍ ഗവേഷണം നടത്തിയാല്‍ ഇതൊരു വ്യാജ കൃതിയാണെനു കണ്ടെത്തും ചിന്തകനേപ്പോലുള്ള മുസ്ലിം പണ്ഡിതര്‍ ഗവേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്‍ തുടര്‍ക്കഥകളായി ബ്ളോഗില്‍ തന്നെയുണ്ട്.

സി.കെ.ബാബു March 15, 2010 at 1:47 PM  

സന്തോഷ്‌,
logical fallacy-യുടെ ഒരു ഉദാഹരണമാണതു്. അതു് ആ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ ഇതുപോലൊരു തിരുത്തലിന്റെ ആവശ്യം വരുമായിരുന്നില്ല. ഖുർആനിൽ പറയുന്നതു് ശരിയാണെന്നു് ഖുർആനിൽ എഴുതിയിട്ടുണ്ടെന്നു് പറയുന്നതുപോലെതന്നെയുള്ള ഒരു ഹേത്വാഭാസം. ഇത്തരം സർക്ക്യുലർ ആർഗ്യുമെന്റുകളിൽ കിടന്നു് തിരിയുന്നവയാണു് മതബ്ലോഗുകളിലെ മിക്കവാറും എല്ലാ ചർച്ചകളും. അവരുടെ ചർച്ചാഭാസങ്ങളിലേക്കു് ആളെക്കൂട്ടാൻ പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ടെങ്കിലും വെളിവുള്ള ആരും അതിൽ പങ്കെടുക്കാത്തതും അതുകൊണ്ടുതന്നെ. അബദ്ധത്തിൽ ആ വഴി പോയിട്ടുള്ള സാമാന്യബോധമുള്ളവർ പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതിരിക്കുന്നതായാണു് കണ്ടിട്ടുള്ളതു്. അതാണു് അവർക്കു് ലഭിക്കേണ്ട ചികിത്സയും. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, കണ്ടാൽ അറിയുന്നവരുണ്ടു്, കൊണ്ടാലും അറിയാത്തവരുമുണ്ടു് ഈ ലോകത്തിൽ.

കാളിദാസൻ,
ബൈബിളിനെയും ഖുർആനെയും ബർണബാസ്‌ സുവിശേഷത്തെയും കൂടാതെ ഈ വിഷയത്തിൽ നടത്തിയ നിഷ്പക്ഷവും ക്രിസ്തീയവുമായ രണ്ടുതരം ഗവേഷണങ്ങളെയാണു് ഞാനും ആധാരമാക്കുന്നതു്. ലേഖനം തീരുമ്പോൾ അവലംബം കൊടുക്കാം എന്നു് കരുതിയെന്നേയുള്ളു.

ഇവിടെ പരാമർശവിഷയമായ ബർണബാസ്‌ സുവിശേഷം ഒരു വ്യാജകൃതിയാണു്. അക്കാര്യത്തിൽ ഒരു സംശയത്തിനു് യാതൊരു അവകാശവുമില്ല.

ബ്ലോഗിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന 'ഇസ്ലാം പണ്ഡിതരിൽ' ആരെങ്കിലും ഏതെങ്കിലും ഒരർത്ഥത്തിൽ ഗൗരവതരമായ ശ്രദ്ധയോ പരിഗണനയോ അർഹിക്കുന്നുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. ചിരിക്കാൻ പറ്റിയ കുറെ കോമാളി നമ്പറുകൾ, അത്രതന്നെ. മതവിശ്വാസത്തിനു് എതിരായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ തെളിവാണു് എന്റെ അഭിപ്രായത്തിൽ മതബ്ലോഗുകൾ!

ഞാൻ എന്തായാലും ഇക്കൂട്ടരുമായി ഒരു ചർച്ച ആഗ്രഹിക്കുന്നില്ല. ഞാൻ എഴുതുന്നതു് അത്തരക്കാരെ ലക്ഷ്യമാക്കിയുമല്ല. അവർക്കു് അവരുടെ വഴി, എനിക്കെന്റെ വഴി.

Manoj മനോജ് March 17, 2010 at 3:43 AM  

മലയാള ബ്ലോഗില്‍ ജൂത/ബഹായ് വിശ്വാസികള്‍ തീരെ ഇല്ലാത്തത് വായനക്കാരുടെ ഒരു ദൌര്‍ഭാഗ്യം തന്നെ.... ഇല്ലായിരുന്നുവെങ്കില്‍ അബ്രഹാം മതക്കാരുടെ ഒരു കണ്ടിന്വിവിറ്റി (....ജൂത-ക്രൈസ്തവ-മുസ്ലീം-ബഹായി...) വായനക്കാര്‍ക്ക് ലഭിക്കുമായിരുന്നു.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP