Thursday, January 21, 2010

മനോരമ വീണ്ടും തകർക്കുന്നു

മനോരമയിലെ മാനുവൽ ജോർജിന്റെ ലേഖനത്തിലൂടെ ഭൂമിമലയാളം ദർശിച്ച 3009-ലെ ലോകചിത്രത്തിന്റെ ഞെട്ടലിൽ നിന്നും വായനക്കാർ പൂർണ്ണമായി വിമുക്തരായിട്ടില്ല. അപ്പോഴേക്കും, നോഹയുടെ കാലത്തു് ലോകം മുഴുവൻ മൂടിയതായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന മഹാപ്രളയം ഒരു ചരിത്രസത്യമാണെന്നു് തെളിയിക്കാൻ ശാസ്ത്രസത്യങ്ങളുമായി മനോരമ വീണ്ടും എത്തിയിരിക്കുന്നു! 'നോഹയുടെ പെട്ടകം ഒരു യാഥാർത്ഥ്യം' എന്ന ഒരു ലേഖനത്തിലൂടെ ഒരു ഷെവ. കെ. വി. പൗലോസാണു് ഇത്തവണ എല്ലാ വായനക്കാരേയും ദൈവത്തെ സ്തുതിക്കാനായി ക്ഷണിക്കുന്നതു്. "നിങ്ങൾ പ്രാർത്ഥിക്കൂ! ഞങ്ങളെ രക്ഷപെടുത്തൂ"!

എന്താ സംഭവിച്ചതു്? കാര്യമായി ഒന്നും സംഭവിച്ചില്ല. വില്യം റിയാൻ എന്നൊരു ജിയോളജിസ്റ്റും വാൾട്ടർ പിറ്റ്‌മാൻ എന്നൊരു ജിയോ ഫിസിസിസ്റ്റും ചേർന്നു് 'നോഹയുടെ പ്രളയം' എന്ന ഒരു പുസ്തകം 1997-ൽ എഴുതിയിരുന്നു. അന്നു് വളരെ ചർച്ച ചെയ്യപ്പെട്ടെങ്കിലും വിദഗ്ദ്ധരുടെ ലോകത്തിലെ വളരെ ചുരുക്കം പേരേ അവരുടെ വാദം മുഖവിലക്കെടുത്തുള്ളു. മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെടുന്നതിനു് മുൻപു് കരിങ്കടലിനു് ഇന്നത്തേതിന്റെ പകുതി വലിപ്പമേ ഉണ്ടായിരുന്നുള്ളുവെന്നും, ആ വെള്ളപ്പൊക്കം വഴി ആ ഭാഗത്തെ സംസ്കാരം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും, ആ പ്രദേശത്തിന്റെ ഇകോസിസ്റ്റത്തിനു് അതുവഴി മൗലികമായ മാറ്റം സംഭവിച്ചു എന്നുമായിരുന്നു അതിലെ പ്രധാനമായ അവകാശവാദം. ഏകദേശം 7500 വർഷങ്ങൾക്കു് മുൻപു് ഈ വെള്ളപ്പൊക്കം സംഭവിച്ചിരിക്കാം എന്നായിരുന്നു അവരുടെ നിഗമനം. അതിലെ സ്പെക്യുലേറ്റീവ്‌ ഘടകം അവരും നിഷേധിച്ചില്ല എന്നതിനാൽ ആ പുസ്തകത്തിന്റെ പ്രസക്തിയും സാവധാനം കുറഞ്ഞു.

അങ്ങനെയിരിക്കെ, യാത്രക്കപ്പലായിരുന്ന ടൈറ്റാനിക്കിന്റേയും, നാറ്റ്‌സി പടക്കപ്പലായിരുന്ന ബിസ്മാർക്കിന്റെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അണ്ടർ വാട്ടർ ആർക്കിയോളജിസ്റ്റ്‌ റോബർട്ട്‌ ബല്യാർഡ്‌ 1999 മുതൽ 2000 അവസാനം വരെ കരിങ്കടലിന്റെ ടർക്കിത്തീരം പഠനവിധേയമാക്കി. പണ്ടു് കരയും ഇന്നു് കടലിനടിയിൽ ആയതുമായ ഭാഗങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നോ എന്നു് പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം. 100 മീറ്റർ ആഴത്തിൽനിന്നും കിട്ടിയ ആദ്യത്തെ മൂന്നു് അവശിഷ്ടങ്ങളിൽ രണ്ടെണ്ണം A.D. 200-നും 400-നും ഇടയിലും മറ്റൊന്നു് A.D. 500-നും 700-നും ഇടയിലും, 320 മീറ്റർ താഴ്ചയുള്ള മറ്റൊരിടത്തുനിന്നും കിട്ടിയ അവശിഷ്ടങ്ങൾ A.D. 410-നും 520-നും ഇടയിലും മുങ്ങിയ കപ്പലുകളുടേതാവാമെന്നു് പരിശോധനയിൽ തെളിഞ്ഞു.

പക്ഷേ, 2000 നവംബറിൽ ബല്യാർഡ്‌ കണ്ടെത്തിയ അവശിഷ്ടങ്ങൾ കരിങ്കടലിന്റെ തീരത്തിനോടടുത്ത കടൽത്തട്ടിൽ പുരാതനകാലത്തു് മനുഷ്യവാസം ഉണ്ടായിരുന്നിരുന്നു എന്നതിനുള്ള സൂചന ആയിരുന്നു. ഇതു് റിയാനും പിറ്റ്‌മാനും നടത്തിയ നിഗമനത്തെ സാധൂകരിക്കുന്നതാണെന്ന നിഗമനത്തിൽ ബല്യാർഡ്‌ എത്തിച്ചേർന്നു. അവസാനത്തെ ഐസ്‌ ഏയ്ജിനു് ശേഷമുണ്ടായ മഞ്ഞുരുകലിൽ മെഡിറ്ററേനിയൻ കടലും കരിങ്കടലും തമ്മിലുള്ള പ്രകൃതിദത്തമായ 'അണക്കെട്ടിനെ' ഭേദിച്ചു് ജലനിരപ്പു് ഉയർന്നതുവഴി ജനവാസമുണ്ടായിരുന്ന പല ഭാഗങ്ങളും കടലിനടിയിലായി. ഭൂമിയിൽ പലവട്ടം സംഭവിച്ചിട്ടുള്ള, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇനിയും സംഭവിക്കാവുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു അതും. ബുദ്ധിപൂർവ്വം വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ കുറെയൊക്കെ പരിഹാരം കാണാമെന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാവുന്നവയല്ല പ്രകൃതിക്ഷോഭങ്ങൾ എന്നു് ഇന്നു് ആർക്കുമറിയാം. അവയൊക്കെ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതത്തിന്റെ ഭാഷയിലേക്കു് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിനു് ബൈബിളിലേതുപോലുള്ള വർണ്ണനയുടെ രൂപം ലഭിക്കുന്നു എന്നു് മാത്രം. "നിന്റെ ദൈവം മഹാ കോപിയാണു്, സൂക്ഷിക്കുക, ദൈവദൂതന്മാരായ ഞങ്ങളെ മാത്രം അനുസരിക്കുക" എന്നാണു് അവ മനുഷ്യരെ ഭയപ്പെടുത്തുന്നതു്. 2004 ഡിസംബറിൽ സംഭവിച്ച സുനാമിയും ഹെയ്ത്തിയിലെ ഭൂകമ്പവുമൊക്കെ ദൈവകോപം ആണെന്നു് വ്യാഖ്യാനിക്കാൻ മടിക്കാത്തവരല്ലേ മനുഷ്യരോടു് ദൈവവചനം പ്രസംഗിക്കുന്നവർ? പുരാതനകാലത്തെന്നപോലെ വാർത്താവിതരണം ഇന്നും വായ്മൊഴിയായിട്ടായിരുന്നു എങ്കിൽ ഈ സുനാമിയും ഹെയ്ത്തി ദുരന്തവുമൊക്കെ ഏതാനും തലമുറകൾ കഴിയുമ്പോഴേക്കും ദൈവകോപത്തിന്റെ തെളിവായി മാറ്റാൻ മാത്രമല്ല, അവയെ പരമാവധി ഊതിവീർപ്പിക്കാനും ശേഷിയുള്ള നാവുകളാണു് ദൈവപ്രതിനിധികൾ അവരുടെ വായിൽ കൊണ്ടുനടക്കുന്നതു്. മനോരമ പോലുള്ള പത്രങ്ങൾ ഇന്നും ലോകത്തിനു് മുന്നിൽ വയ്ക്കാൻ ധൈര്യപ്പെടുന്ന ഓരോരോ വാർത്തകളും ലേഖനങ്ങളും ന്യായമായ മറ്റൊരു നിഗമനവും അനുവദിക്കുന്നില്ല.

ശാസ്ത്രത്തിന്റെ ഈ കണ്ടെത്തലുകളും നോഹയുടെ കാലത്തു് നോഹയും അവന്റെ ഏഴു് കുടുംബാംഗങ്ങളും ഒഴികെ ബാക്കി ലോകത്തിലെ സകല മനുഷ്യരെയും യഹോവ മുക്കിക്കൊന്നു എന്നു് ബൈബിളിൽ എഴുതി വച്ചിരിക്കുന്നതും തമ്മിൽ എന്തു് ബന്ധം? ബൈബിളിലെ ആദാം മുതലുള്ളവരുടെ തലമുറകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി രൂപീകരിച്ചിട്ടുള്ള യഹൂദകലണ്ടർ പ്രകാരം പ്രപഞ്ചസൃഷ്ടി B.C. 3760 സെപ്റ്റംബർ 25-നായിരുന്നു. അതനുസരിച്ചു് അടുത്ത സെപ്റ്റംബർ 25 ആവുമ്പോൾ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് കൃത്യം 5770 വർഷമാവും! പിന്നെയെങ്ങനെ 7500 വർഷങ്ങൾക്കു് മുൻപു് ഒരു പ്രളയം സംഭവിക്കും? പ്രപഞ്ചമുണ്ടാവുന്നതിനും മുൻപേ ഭൂമിയിൽ ഒരു പ്രളയമോ? ദൈവത്തിനും കണക്കു് തെറ്റുമോ? വന്നുവന്നു് അവസാനം ദൈവമായ യഹോവ വെളിപ്പെടുത്തിയതല്ല ബൈബിൾ എന്നു് വരുമെന്നുണ്ടോ?

അതുപോലെതന്നെയാണു് ice age-ന്റെ കാര്യവും. 240 കോടി വർഷങ്ങൾക്കു് മുൻപുമുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഭൂമിയിൽ പലവട്ടം ഐസ്‌ യുഗങ്ങൾ ഉണ്ടായിട്ടുണ്ടു്. അതും ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണു്. ശാസ്ത്രം പറയുന്ന കാര്യങ്ങളിൽ മതങ്ങൾക്കു് പ്രയോജനമുള്ളവ മാത്രം സത്യം, അല്ലാത്തവയെല്ലാം പച്ചക്കള്ളം എന്നു് വരുമോ?

മഹാപ്രളയത്തേയും നോഹയേയും ഒക്കെപ്പറ്റി അൽപം നർമ്മം കലർത്തി എഴുതിയ എന്റെ മൂന്നു് പഴയ പോസ്റ്റുകൾ:

1. മഹാപ്രളയവും മരണപ്പെട്ടകവും

2. പെട്ടകവും മറ്റു് ചില ഒട്ടകങ്ങളും

3. മദ്യപാനിയായിത്തീരുന്ന 'പരിശുദ്ധ'നോഹ

23 comments:

റ്റോംസ് കോനുമഠം January 21, 2010 at 5:39 PM  

ബാബൂജി,

സമഗ്രമായ ഒരു വായന തന്ന്തിന്‌ ആദ്യമേ നന്ദി.
താങ്കളുടെ ലിങ്കുകളിലെ ലേഖനങ്ങളും വായിച്ചു.
ഒരുപാടിഷ്ടമായി.

താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/
എന്റെ ബ്ലോഗും നോക്കുക
www.tomskonumadam.blogspot.com

അരുണ്‍ / Arun January 21, 2010 at 5:43 PM  

തന്റെ വേദപുസ്തകം മുറുക്കെപ്പിടിച്ചിരിക്കുന്ന പാവങ്ങളെ ആനന്ദം കൊള്ളിക്കാന്‍,അങ്ങനെ അവരെക്കൊണ്ട് നാളെയും മനോരമ തന്നെ വാങ്ങിപ്പിക്കാന്‍ എന്ത് വേലയും ചെയ്യും അവര്‍.
ഒരുപക്ഷേ കരിങ്കടലിലെ വെള്ളപ്പൊക്കം തന്നെയാവും ഒരു മിത്തായും കഥയായും പില്‍ക്കാലം പഴയനിയമം എഴുതി ഉണ്ടാക്കിയ കുഞ്ഞാടുകള്‍ക്ക് ഊര്‍ജം പകര്‍ന്നത് - ദൈവഭീതി വളര്‍താന്‍ :‌-)

സി.കെ.ബാബു January 21, 2010 at 6:05 PM  

റ്റോംസ് കോനുമഠം,
ഞാന്‍ എന്നും ഒരു ഒറ്റയാള്‍ പോരാളിയായിരുന്നു. അങ്ങനെതന്നെ തുടരാനാണ് എന്റെ ആഗ്രഹം. എങ്കിലും അമ്മയിലേക്കുള്ള ഓഫറിനും അതോടൊപ്പം വായനക്കും നന്ദി.

അരുണ്‍
ലൌകികജീവിതത്തില്‍ സെക്സ് പോലെ ആത്മീയജീവിതത്തില്‍ മനുഷ്യരുടെ ഭയവും എന്നാളും ഒരു നല്ല ബിസിനസ് മോഡലായിരുന്നു. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) January 21, 2010 at 7:26 PM  

ബൈബിളിലെ ആദാം മുതലുള്ളവരുടെ തലമുറകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി രൂപീകരിച്ചിട്ടുള്ള യഹൂദകലണ്ടർ പ്രകാരം പ്രപഞ്ചസൃഷ്ടി B.C. 3760 സെപ്റ്റംബർ 25-നായിരുന്നു. അതനുസരിച്ചു് അടുത്ത സെപ്റ്റംബർ 25 ആവുമ്പോൾ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് കൃത്യം 5770 വർഷമാവും! പിന്നെയെങ്ങനെ 7500 വർഷങ്ങൾക്കു് മുൻപു് ഒരു പ്രളയം സംഭവിക്കും?

യേസ്..ഇതാണു മനോരമയോട് ചോദിക്കേണ്ട ചോദ്യം! മനുഷ്യന്‍ മറന്നു തുടങ്ങിയ അനാചാരങ്ങളേയും ഇത്തരം അബദ്ധജടിലമായ കഥകളേയും പൊതു ജനമദ്ധ്യത്തില്‍ കൊണ്ടുവരാന്‍ മനോരമക്ക് ഇപ്പോള്‍ ഒരു ‘ഹിഡന്‍ അജണ്ട” ഉള്ളതു പോലെ തോന്നുന്നു.

ഡോ.സൂരജിന്റെ ഈ പോസ്റ്റും ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്.

ആശംസകള്‍ !

ഓഫ്: പോസ്റ്റുകള്‍ വായിക്കാറുണ്ടെങ്കിലും കമന്റിടുന്നത് ആദ്യമാണ്.

കാര്‍കൂന്‍ January 21, 2010 at 7:58 PM  

അഭിനന്ദനങ്ങളും ആശംസകളും ഫാബുലസുകളും പ്രവഹിക്കട്ടെ.... ഭാവുകങ്ങള്‍.....

സി.കെ.ബാബു January 21, 2010 at 8:06 PM  

സുനിൽ കൃഷ്ണൻ,

മനോരമക്കു് എന്തു് ഹിഡൻ അജണ്ട ഉണ്ടെങ്കിലും അതിന്റെ പിൻബലത്തിനായി കൊണ്ടുവരുന്ന അവരുടെ വാദഗതികൾ ചൂടു് കാറ്റു് നിറച്ച ബലൂണുകൾ ആണെങ്കിൽ അതിനെ നേരിടാൻ ഒരു ചെറിയ മൊട്ടുസൂചി മതി. ബൈബിളിനെ ശാസ്ത്രം കൊണ്ടു് ന്യായീകരിക്കാമെന്ന ധാരണയിൽ കൂടിയ ഒരു തെളിവു് വേണോ മനോരമയുടെ ബൗദ്ധികദാരിദ്ര്യത്തിനു്?

suraj::സൂരജ് January 22, 2010 at 3:56 AM  

ഷെവ: പൌലോച്ചന് നോഹയുടെ പ്രളയമായത് നുമ്മട കോവാലകൃഷ്ണയ്ന്‍ അണ്ണന് ഭാഗവതത്തിലെ പ്രളയം ആക്കിയെടുക്കാന്‍ വല്യ പാടൊന്നുമില്ല. കക്കൂസിലും ‘ദൃഷ്ടാന്തം’ തപ്പി നടക്കുന്ന ഈ സാധനങ്ങളെക്കുറിച്ചാവണം കുറച്ചുകാലം മുന്‍പ് സുപ്രസിദ്ധ കൊമേഡിയന്‍ ലൂയിസ് ബ്ലാക്ക് ഇങ്ങനെ പറഞ്ഞത്: "I cannot be kind about this..they are nuts..they are stone-cold-fuck nuts...these people watch the Flintstones as if it were a documentary" !

റഫീക്ക് കിഴാറ്റൂര്‍ January 22, 2010 at 5:17 AM  

http://rafeeqkizhattur.blogspot.com/2010/01/blog-post_21.html മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം

- സാഗര്‍ : Sagar - January 22, 2010 at 7:55 AM  

"ബൈബിളിലെ ആദാം മുതലുള്ളവരുടെ തലമുറകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി രൂപീകരിച്ചിട്ടുള്ള യഹൂദകലണ്ടർ പ്രകാരം പ്രപഞ്ചസൃഷ്ടി B.C. 3760 സെപ്റ്റംബർ 25-നായിരുന്നു."


ഇതിനെ പറ്റിയുള്ള രേഖകള്‍ എവിടെ കിട്ടുമെന്ന് പറയാമോ? നെറ്റില്‍ നിന്നായാലും മതി..

സി.കെ.ബാബു January 22, 2010 at 9:45 AM  

സൂരജ്,

"I cannot be kind about this..they are nuts..they are stone-cold-fuck nuts...these people watch the Flintstones as if it were a documentary"!

ദൈവം തണുത്തപാറയിൽ നിന്നും നട്ട്‌സ്‌ സൃഷ്ടിച്ചതിനെപ്പറ്റി ഫ്ലിന്റ്സ്റ്റോൺസ്‌ ഒരു ഡോക്യുമെന്ററി നിർമ്മിച്ചു എന്നല്ലേ അതിനർത്ഥം? :)

റഫീക്ക്‌ കീഴാറ്റൂർ,
സൂരജ്‌ കമന്റിൽ എഴുതിയ വാക്യത്തിൽ കൂടുതൽ ഈ അഭിശപ്തജന്മങ്ങളെപ്പറ്റി എന്തു് പറയാൻ?

സാഗർ,

ഇവിടെ വായിക്കാം. ആ ലേഖനത്തിലെ മറ്റു് ലിങ്കുകളും കാണുന്നതു് നന്നായിരിക്കും.

ബിനോയ്//HariNav January 22, 2010 at 10:51 AM  

ശാസ്ത്ര സത്യങ്ങളുടെ രോമം ഷേവ് ചെയ്യുന്ന ഷെവലിയേര്‍ പൗലോസുമാരുടെ ഉഡായിപ്പുകള്‍ക്കുള്ള മാര്‍ക്ക്റ്റ് മനോരമ വിട്ടുകളിക്കില്ല. ദൈവം തണുത്ത പാറയില്‍‌നിന്നും സൃഷ്ടിച്ചെടുത്ത നട്ട്സ് അച്ചടിക്കടലാസില്‍ പൊതിഞ്ഞങ്ങനെ വില്‍‌ക്കുമ്പോള്‍ കീശയില്‍ നിറയുന്ന നട്ട്സ് വെറും പീനട്ട്സ്. തലച്ചോറുകളില്‍ നിറയുന്ന അന്ധകാരമാണ് അവര്‍ ലക്ഷ്യ്ം വെക്കുന്ന ലോങ്ങ് ടേം ഇന്‍‌വസ്റ്റ്‌മെന്‍റ് :)

വികടശിരോമണി January 22, 2010 at 4:30 PM  

സൂരജിനു താഴെ ഒപ്പിടുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.

Ashok Menath January 22, 2010 at 4:53 PM  

ഛെ...അയ്യായിരത്തിച്ചില്വാനം വർഷ്മേയായുള്ളോ? ഞങ്ങടെ ശാസ്ത്രം അതിലും മൂപ്പുകൂടിയതാ..

ഇതാ ഒരു ശാസ്ത്രകഥ:

പണ്ട് പണ്ട് ഒരു മഹർഷിയുണ്ടായിരുന്നു. പേര് മനു. (സ്മൃതിയെഴുതിയ മറ്റേ പാർട്ടിയല്ല. മനു, മത്തായിയെപ്പോലെയാ, എത്രയെണ്ണമുണ്ടെന്ന് പറയാൻപ്രയാസം)
ഈ മനുവിനോട് ദൈവം (ഞങ്ങടെ ദൈവമാണ് കേട്ടോ) ഒരു പ്രളയമുണ്ടാകുമെന്നും, ഒരു പെട്ടകമുണ്ടാക്കണമെന്നും, എല്ലായിനത്തിന്റേയും ഓരോ ജോഡി വീതം അതിലുണ്ടാകണമെന്നും.....

പിന്നെ, മഴപെയ്ത്കഴിഞ്ഞപ്പോൾ, പുറത്തുവന്നതാണീക്കാണുന്ന സർവ്വവും. മനുവിന്റെ പെട്ടകത്തിൽനിന്നും വന്നവരായ ഇരുകാലികൾ, മനുഷ്യർ എന്നപേരിലാണ് പിന്നീടറിയപ്പെട്ടത്.

**************

സത്യം പറഞ്ഞാൽ എനിക്കീ Flintstones പോലെയൂള്ള documentaryകൾ പോയിട്ട്, ഒരൽപം ഉല്ലസിക്കാനായി വാർത്തകൾ കാണാൻപോലും സമയമില്ല. ശാസ്ത്രജ്ഞനായാലുള്ള ഒരു ഗതികേടേ!!

കിടങ്ങൂരാൻ January 23, 2010 at 7:27 AM  

"ബൈബിളിലെ മഹാപ്രളയം എപ്പോൾ, എവിടെ, എങ്ങനെ സംഭവിച്ചെന്ന് ഇപ്പോൾ നമുക്കറിയാം.ശാസ്ത്രകാരന്മാർ അപ്രകാരം വിശ്വസിക്കുകയും ചെയ്യുന്നു"

അത്താണുറുമീസ്‌...

'മഞ്ഞുരുകുയപ്പോൾ കടലിലെ ജലനിരപ്പുയർന്നു' എന്നാണ്‌ റവ.ഷെവ.പൗലോയുടെ കണ്ടുപിടുത്തം..അല്ലാതെ ബൈബിളിൽ പറയുന്നപോലെ 'ആകാശത്തിന്റെ വാതായനങ്ങൾ' തുറന്നതല്ല... ആരവിടെ..ബൈബിൾ തിരുത്തിയെഴുതൂ..

ഇനി റവ.ഷെവ.പൗലോ എഴുതാൻ വിട്ടുപോയ ചിലകാര്യങ്ങൾ:
നോഹയുടെ പെട്ടകത്തിൽ കയറാൻ സ്ഥലമില്ലാത്തതുകൊണ്ടാണ്‌ ദിനസോറുകളെല്ലാം ചത്തൊടുങ്ങിയത്‌..അല്ലാതെ ശാസ്ത്രലോകം പറയുന്നപോലെ ഉൽക്ക വീണിട്ടല്ല. വെള്ളപ്പൊക്കത്തിൽ ജലജീവികൾക്ക്‌ എന്തുസംഭവിച്ചു എന്നതിനെപറ്റി ശാസ്ത്രം ഇപ്പോഴും ഗവേഷണങ്ങൾ നടത്തിവരുന്നു.
വരുവിൻ ..ദൈവത്തെ സ്തുതിപ്പിൻ...

സി.കെ.ബാബു January 29, 2010 at 9:52 AM  

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

V.B.Rajan February 2, 2010 at 8:50 AM  

ഈ വര്‍ഷത്തെ മകരവിളക്കിന്റയന്നത്തെ മനോരമ വാര്‍ത്ത

"കാനനവാസനു ദേവഗണങ്ങളുടെ ദീപാരാധനയായ മകരജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം.

പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരീശനു ദീപാരാധന നടത്തുമ്പോഴാണ് കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കുന്നത്. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും"

നക്ഷത്രമുദിക്കുന്നതും ദേവഗണങ്ങളുടെ ദീപാരാധനയും എത്ര ഭംഗിയായി അന്വേഷിച്ചു കണ്ടുപിടിച്ചിരിക്കുന്നു. മനോരമ ബൈബിള്‍ വായിക്കുന്നവരുടെ മാത്രം പത്രമല്ലന്ന് തെളിഞ്ഞില്ലേ?

സി.കെ.ബാബു February 2, 2010 at 2:22 PM  

V.B.Rajan,

ജനങ്ങളിൽ നിന്നും തന്ത്രപൂർവ്വം എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നവരുടെ തുറുപ്പുചീട്ടാണു് mob psychology എന്നറിയാമല്ലോ. മനോരമ ഇറക്കിക്കളിക്കുന്ന ചീട്ടും മറ്റൊന്നുമല്ല. തിക്തമായ ജീവിതയാഥാർത്ഥ്യങ്ങൾ നിലവിലിരിക്കുന്ന സമൂഹങ്ങളിൽ മനുഷ്യർ പൊതുവേ ദൈവവിശ്വാസികളും മായാജാലങ്ങളിൽ എളുപ്പം മയങ്ങുന്നവരുമായിരിക്കും. അതറിയാവുന്ന മനോരമ ജനങ്ങൾക്കു് വേണ്ടതു് കൃത്യമായി അളന്നുമുറിച്ചു് നൽകി പണമുണ്ടാക്കുന്നു. ജനങ്ങളെ ഇത്തരം അബോധാവസ്ഥയിൽ പിടിച്ചു് നിർത്തേണ്ടതു് മനോരമയുടെ നിലനിൽപിനു് ആവശ്യമാണു്. പോസ്റ്റിൽ പറഞ്ഞ ലേഖനത്തിന്റെയൊക്കെ ഗൂഢോദ്ദേശ്യവും മറ്റൊന്നുമല്ല.

ജനങ്ങളുടെ ബോധവത്കരണം മനോരമയെപ്പോലുള്ള മാധ്യമങ്ങൾക്കു് വിഷമാണു്.

Haryjith February 19, 2010 at 9:00 PM  

Dear Babu Sir,

The post is very interesting. Thanks for your explanations about each and every points of the subject. Expect more and more topics through this blog spot.

Regards

Haryjith

Haryjith February 20, 2010 at 9:59 PM  

പ്രിയപ്പെട്ട ബാബു സര്‍,
മാതൃഭുമിയില്‍ കണ്ട ചില വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം. ദൈവത്തിന്റെ ദാസനായി ജീവിതം മുഴുവന്‍ ഹോമിച്ച ഒരു പാവത്തെ ദൈവം കടലില്‍ മുക്കിക്കൊന്നു. ദൈവം എന്ന സങ്കല്പം അത്രയ്ക്ക് നിക്രിഷ്ടമാനെന്നു വിശ്വാസികള്‍ ഇനിയെങ്കിലും മനസ്സിലാക്കുമോ..?

ഖാസിയുടെ മരണം: ദുരൂഹത അകറ്റണം -സമസ്ത
കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുള്ള മുസലിയാരുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തി ദുരൂഹതയകറ്റണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.മൗവലിയുടെ മരണം സ്വാഭാവികമല്ലെന്നും രംഗം ശാന്തമാക്കാന്‍ പോലീസ് മെനഞ്ഞതാണ് ഡയറികുറിപ്പെന്നും സമസ്തകേരള ജംഇയ്യുത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോട്ടമല ബാപ്പു മുസലിയാര്‍ എന്നിവര്‍ അറിയിച്ചു.
http://www.mathrubhumi.com/online/malayalam/news/story/169441/2010-02-21/kerala

ആര്‍ഷ ഭാരത സംസ്കാരം എന്ന് വീമ്പു പറയുന്നവരിലാണ് കൂടുതല്‍ എയിഡ്സ് വാഹകര്‍ ഉള്ളത്. ഇത് വാസ്തവത്തില്‍ വിരുദ്ധമല്ലേ...?


കേരളത്തില്‍ എച്ച്. ഐ. വി. എയ്ഡ്‌സ് ബാധിതരായി 55,167 പേര്‍
തിരുവനന്തപുരം: കേരളത്തില്‍ എച്ച്. ഐ. വി. എയ്ഡ്‌സ് ബാധിതരായി 55,167 പേരുണ്ടാകാമെന്ന് നിഗമനം. രാജ്യവ്യാപകമായ സാമ്പിള്‍സര്‍വേയുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ കണക്കെടുപ്പ് അനുസരിച്ചാണിത്. എന്നാല്‍ ഇവരില്‍ 13,000 ഓളം പേരെ മാത്രമേ ഇതുവരെ പരിശോധനകളില്‍ കണ്ടെത്തിയിട്ടുള്ളൂ. അവശേഷിക്കുന്നവര്‍ ഒരുപക്ഷെ, തങ്ങള്‍ അണുബാധിതരാണെന്ന്‌പോലും മനസ്സിലാക്കാതെ സമൂഹത്തില്‍ കഴിയുന്നു എന്നര്‍ത്ഥം.
ആരോഗ്യവകുപ്പ്‌സെക്രട്ടറി മനോജ് ജോഷിയാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഈ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തിയത്. കേരളത്തില്‍ 280 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരാണ്. അണുബാധിതരില്‍ ഇതുവരെ 950 പേര്‍ മരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഉഷസ് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 4018 പേര്‍ ആന്റി റിട്രോവൈറല്‍ ചികിത്സയ്ക്ക് വിധേയമാവുന്നു.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് കുത്തിവെയ്ക്കുന്നവരില്‍ അണുബാധയുടെ തോത് അഞ്ചുശതമാനത്തിന് മുകളിലെത്തിയത് ആശങ്കാജനകമാണ്. പ്രത്യേക വിഭാഗങ്ങളില്‍ അണുബാധ അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ മാത്രമേ ആ പ്രദേശം സുരക്ഷിതമാണെന്ന് പറയാനാവൂ. ഈ ജില്ലകളില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കേരളത്തില്‍ പുരുഷന്‍മാരിലെ സ്വവര്‍ഗ പ്രേമികളിലും അണുബാധ കൂടുതലാണ്. എന്നാല്‍ സ്ത്രീലൈംഗിക തൊഴിലാളികളില്‍ അണുബാധയുടെ തോത് കുറവാണ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് എച്ച്. ഐ. വി. എയ്ഡ്‌സ് ഭീഷണിയുടെ കാര്യത്തില്‍ കേരളം സുരക്ഷിതമാണ്.
കേരളത്തില്‍ അണുബാധയുടെ തോത് 0.26 ശതമാനമാണ്. 20നും 40നും ഇടയ്ക്കുള്ളവരാണ് ഇതിലേറെയും. ഇന്ത്യയിലെ നിരക്ക് 0.34 ശതമാനമാണ്. രാജ്യത്താകെ 24.7 ലക്ഷം എച്ച്.ഐ. വി. അണുബാധിതര്‍ ഉള്ളതായാണ് കണക്ക്.ലോകത്ത് പുതുതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും 35 വയസ്സിന് മുന്‍പ് മരിക്കുന്നു . എന്നാല്‍ പുതുതായി അണുബാധിതരാവുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍.
http://www.mathrubhumi.com/online/malayalam/news/story/169563/2010-02-21/kerala


താങ്കളുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട് ഈ രണ്ടു വിഷയത്തിലും.
regards
Haryjith alias Abdu Raheem

സി.കെ.ബാബു February 21, 2010 at 9:29 PM  

Haryjith,
ആദ്യത്തെ വിഷയത്തില്‍ കോണ്‍ക്രീറ്റ് ആയ എന്തെങ്കിലും അഭിപ്രായം പറയാന്‍ മതിയായ ഒരു ഇന്‍ഫര്‍മേഷനും എനിക്കില്ല.

അതുപോലെതന്നെ എയിഡ്സിനെപ്പറ്റിയും. ജനറല്‍ ആയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

രണ്ടിന്‍റെയും അടിത്തറ സാമൂഹികമായ പ്രശ്നങ്ങളാണ്‍. അവയുടെ ശാശ്വതമായ പരിഹാരം ബോധവത്കരണത്തിലൂടെയുള്ള സാമൂഹിക മാറ്റം വഴി മാത്രമേ നേടാന്‍ കഴിയൂ. ഗവണ്‍മെന്റിന്റെയും മാധ്യമങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമങ്ങള്‍ അതിനാവശ്യമാണ്. ഇത്തരം വിഷയങ്ങളില്‍ വേണ്ടത്ര social awareness പോലും നല്ലൊരു വിഭാഗം ജനങ്ങളിലും ഇതുവരെ രൂപമെടുത്തിട്ടില്ല എന്നതാണ് സത്യം. മാറ്റം ആരംഭിക്കേണ്ടത് തലയിലാണ് എന്നതിനാല്‍ മാറ്റങ്ങളെ സ്വീകരിക്കാന്‍ മടിയില്ലാത്ത യുവതലമുറയിലേ എന്തെങ്കിലും ആശ വച്ചിട്ട് കാര്യമുള്ളൂ. പുതിയ ആശയങ്ങളോട് സ്വാഭാവികമായിത്തന്നെ പ്രതിഷേധാത്മകമായ നിലപാട് പുലര്‍ത്തുന്ന പഴയ തലമുറയില്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ട് എന്ത് നേടാന്‍?

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP