Tuesday, October 13, 2009

കൃത്രിമബുദ്ധിയും തലച്ചോറും

മനുഷ്യനു് അപ്രാപ്യമോ അസാദ്ധ്യമോ ആയ പല തൊഴിലുകളും ഏറ്റെടുക്കാനാവും എന്നതാണു് റോബോട്ടുകളെ ശ്രദ്ധാർഹമാക്കുന്നതു്. ശൂന്യാകാശഗവേഷണങ്ങളിൽ, സമുദ്രാന്തർഭാഗപരീക്ഷണങ്ങളിൽ, ജീവാപായസാദ്ധ്യതയുള്ള തൊഴിലുകളിൽ, അപകടകരമായ ശാസ്ത്രീയ പഠനങ്ങളിൽ, വൃദ്ധജനസംരക്ഷണത്തിൽ എല്ലാം റോബോട്ടുകൾക്കു് വിലപ്പെട്ട പങ്കു് വഹിക്കാനാവും. റോബോട്ടുകൾ, അഥവാ, അവയിലെ കൃത്രിമബുദ്ധി നിരന്തരം കൈവരിക്കുന്ന അസൂയാവഹമായ പുരോഗതി ഭാവിയിൽ അവ മനുഷ്യനെത്തന്നെ ഈ ഭൂമിയിൽ അധികപ്പറ്റാക്കുമോ എന്ന ചോദ്യത്തിലേക്കു് ചിലരെയെങ്കിലും നയിച്ചുകൊണ്ടിരിക്കുന്നു. സ്വയം പെരുകാൻ കഴിയുന്ന അവസ്ഥയിലേക്കു് റോബോട്ടുകൾ വളരുന്ന ഭാവിയെപ്പറ്റി വരെ ചിന്തിക്കുന്നവരുണ്ടു്. സയൻസ്‌ ഫിക്ഷൻ സിനിമകളും നോവലുകളും അവരുടെ പേടിസ്വപ്നങ്ങൾക്കു് മതിയായ ആഹാരം നൽകുന്നു. മനുഷ്യന്റെതന്നെ തലച്ചോറിന്റെ സൃഷ്ടിയായ റോബോട്ടുകൾ ഇന്നു് പല പ്രവർത്തനമേഖലകളിലും കൃത്യതയുടെയും വേഗതയുടെയും കാര്യത്തിൽ മനുഷ്യനെ എത്രയോ മടങ്ങു് പിന്നിലാക്കിക്കഴിഞ്ഞു എന്നതൊരു സത്യമാണു്. ഓട്ടോമൊബിൽ നിർമ്മാണത്തിലും, എലക്ട്രിക്കൽ എഞ്ചിനിയറിംഗിലും മറ്റു് പല വ്യാവസായിക മേഖലകളിലും ഈ വിജയം ദർശിക്കാൻ കഴിയും. ചെസ്സ്‌ കളിയിൽ 1997-ൽ ലോകചാമ്പ്യൻ ഗാറി കസ്പാറോവ്‌ 'ഡീപ്‌ ബ്ലൂ' എന്ന കമ്പ്യൂട്ടറിനോടും, 2006-ൽ ലോകചാമ്പ്യൻ വ്ലാഡിമിയർ ക്രമ്നിക്ക്‌ 'ഡീപ്‌ ഫ്രിറ്റ്‌സ്‌' എന്ന കമ്പ്യൂട്ടറിനോടും മത്സരിച്ചു് പരാജയപ്പെട്ട കഥ നമ്മിൽ ചിലർക്കെങ്കിലും അറിയാം. എങ്കിൽത്തന്നെയും, മനുഷ്യന്റെ തലച്ചോറിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നതിൽ നിന്നും റോബോട്ടുകൾ വളരെ ദൂരെയാണെന്നതു് ഒരു യാഥാർത്ഥ്യമാണു്. ഇൻഡസ്ട്രിയിലും ചെസ്‌ കളിയിലും ഒക്കെ ഉപയോഗിക്കുന്ന റോബോട്ടുകളെ (കമ്പ്യൂട്ടറുകളെ) വിജയത്തിലേക്കു് എത്തിക്കുന്നതു് ഇപ്പോഴും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യബുദ്ധി തന്നെയാണു്. മനുഷ്യനു് കഴിയുന്നതു് അനേകമടങ്ങു് വേഗതയിൽ കഴിയുമെന്നതു് അവയെ 'അമാനുഷികം' ആക്കുന്നു എന്നുമാത്രം. കമ്പ്യൂട്ടറുകളുടെ മനുഷ്യരുടെ മേലുള്ള വിജയം സാദ്ധ്യമാക്കുന്ന മറ്റൊരു ഘടകം അവ ഏതു് പ്രവർത്തനമേഖലയിൽ ഉപയോഗിക്കപ്പെടുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. വ്യക്തമായി നിർവചിക്കപ്പെടാവുന്ന, അഥവാ, ഗണിതശാസ്ത്രപരമായ നിശ്ചിതപരിധികൾക്കുള്ളിൽ നിന്നുകൊണ്ടു് മാത്രം 'തീരുമാനങ്ങൾ' എടുക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതായിട്ടുള്ള സാഹചര്യങ്ങളിൽ മനുഷ്യനു് കമ്പ്യൂട്ടറിനെ - ചുരുങ്ങിയപക്ഷം വേഗതയുടെയും കൃത്യതയുടെയും കാര്യത്തിലെങ്കിലും - തോൽപ്പിക്കാനാവില്ല. ഇന്നു് മിക്കവാറും പൂർണ്ണമായി റോബോട്ടുകളാൽ നിർവഹിക്കപ്പെടുന്ന കമ്പ്യൂട്ടർ നിർമ്മാണവും വാഹനനിർമ്മാണവുമെല്ലാം അത്തരം മേഖലകളാണു്. അതേസമയം, ഗണിതശാസ്ത്രപരമായി അനന്തമായ സാദ്ധ്യതകൾ ഉണ്ടാകാവുന്ന സന്ദർഭങ്ങളിൽ (ഉദാ. ഫുട്ബോൾ കളി) വ്യക്തമായ ഒരു ആൾഗൊരിഥം കണ്ടെത്തുക എളുപ്പമല്ല. അതായതു്, ആദ്യവിഭാഗത്തിന്റെ കാര്യത്തിൽ ഉദാഹരണത്തിനു്, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗിൽ പരിഗണിക്കപ്പെടേണ്ട സാദ്ധ്യതകളുടെ എണ്ണം നിശ്ചിതമായിരിക്കുമ്പോൾ, രണ്ടാമത്തെ വിഭാഗത്തിൽ അനന്തമായ സാദ്ധ്യതകളാണു് പരിഗണിക്കപ്പെടേണ്ടതായി വരുന്നതു്. അതിനാൽ, അതുപോലുള്ള അവ്യക്തമായ സാഹചര്യങ്ങളിൽ റോബോട്ടുകൾ ഇന്നത്തെ അവസ്ഥയിൽ അവയുടെ പരിധിയെ നേരിടേണ്ടിവരുന്നു. അതുകൊണ്ടു്, റോബോട്ടുകൾക്കു് ഭാവിയിൽ ഒരിക്കലും ഫുട്ബോൾ കളിയിലോ സമാനമായ മറ്റു് മേഖലകളിലോ മനുഷ്യർക്കെതിരായി അണിനിരക്കാനോ അവരെ തോൽപിക്കാനോ സാദ്ധ്യമാവില്ല എന്നർത്ഥവുമില്ല. അസാദ്ധ്യം എന്നു് കരുതിയ പലതും സാദ്ധ്യമായി മാറിയ ഭൂതകാല അനുഭവങ്ങൾ അതാണു് വെളിപ്പെടുത്തുന്നതു്. മനുഷ്യന്റെ തലച്ചോറിന്റെ സങ്കീർണ്ണത കൈവരിക്കാൻ ഒരുപക്ഷേ ആയില്ലെങ്കിലും, റോബോട്ടുകൾ സ്വയം പ്രേരിതമായി ഒരു പരിണാമത്തിനു്, ഒരു 'സ്വയം പെരുകലിനു്' വേണ്ട കഴിവു് നേടിയേക്കാവുന്ന ഒരു വിദൂരഭാവികാലം പൂർണ്ണമായി തള്ളിക്കളയാൻ ആവില്ല.

ചുറ്റുപാടുകളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു്, മ്യൂട്ടേഷന്റേയും സെലക്ഷന്റെയും അടിസ്ഥാനത്തിൽ ജീവജാലങ്ങളിൽ പരിണാമം സംഭവിക്കുന്നു എന്ന കണ്ടെത്തലിലൂടെ ചാൾസ്‌ ഡാർവിൻ യഥാർത്ഥത്തിൽ ന്യൂട്ടണും ഐൻസ്റ്റൈനും നടത്തിയ കണ്ടുപിടുത്തങ്ങളോടു് കിടപിടിക്കാനാവുന്ന ഒരു പ്രകൃതിനിയമം വെളിപ്പെടുത്തുകയായിരുന്നു. മ്യൂട്ടേഷനും സെലക്ഷനും പക്ഷികൾക്കോ, കുരങ്ങുകൾക്കോ, മറ്റു് ജീവജാലങ്ങൾക്കോ പരിസ്ഥിതിയുടെ സ്വാധീനം മൂലം സംഭവിക്കുന്ന പരിണാമത്തിൽ മാത്രം ഒതുക്കി നിർത്താവുന്ന സിദ്ധാന്തങ്ങളല്ല. പ്രകൃതിയിൽ നിലവിലിരിക്കുന്ന മ്യൂട്ടേഷനുകളിൽ നിന്നും അനുയോജ്യമായതു് തിരഞ്ഞെടുക്കുകയാണു് 'സെലക്ഷൻ' ചെയ്യുന്നതു്. അതേസമയം, പ്രകൃതിയിൽ മ്യൂട്ടേഷൻ സംഭവിക്കുന്നതു് യാദൃച്ഛികമായും നിരങ്കുശമായും ലക്ഷ്യബോധമില്ലാതെയും ആണു്. സ്വയംസംഘടന (self organisation) എന്ന ഒരു പ്രധാന പ്രകൃതിനിയമം അതിനു് പിന്നിൽ നമുക്കു് കാണാനാവും. അനുകൂലസാഹചര്യങ്ങളിൽ നിശ്ചിത മൂലകങ്ങളുടെ സംയോജനഫലമായി നിശ്ചിതമായ സംയുക്തങ്ങളും അവയിൽ നിന്നും കൂടുതൽ കൂടുതൽ സങ്കീർണ്ണമായ മറ്റു് പദാർത്ഥങ്ങളും രൂപമെടുക്കുന്നതും, സങ്കീർണ്ണമായവ വിഘടിക്കുന്നതും നമുക്കറിവുള്ള കാര്യമാണു്. അതുപോലെതന്നെ, യാതൊരു 'ബുദ്ധിയും' അവകാശപ്പെടാനാവാത്ത, രാസപരമായ വ്യവസ്ഥകളുടെ യാദൃച്ഛികമായ വിതരണത്തിൽ നിന്നും സ്വയംസംഘടന വഴി പുതിയ ഘടനകൾ രൂപമെടുക്കുമെന്നും നമുക്കറിയാം. അതുതന്നെയാണു് ഡാർവിന്റെ ഇവൊല്യൂഷനിൽ അടങ്ങിയിരിക്കുന്ന മൗലികമായ ചിന്തയും. മനുഷ്യൻ എന്നൊരു അന്തിമജീവി പുറത്തുവരുന്നതിനായി പ്രപഞ്ചനിർമ്മാതാവായ ഏതെങ്കിലുമൊരു മൂത്താശാരിയോ, അല്ലെങ്കിൽ ഒരു പ്ലാനിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലുമൊരു ഇന്റലിജെന്റ്‌ ഡിസൈനറോ ലക്ഷ്യബോധത്തോടെ പ്രപഞ്ചാരംഭം മുതലേ പ്രവർത്തിക്കുകയായിരുന്നില്ല എന്നു് സാരം. കോടാനുകോടി വർഷങ്ങളിലൂടെ കേവലമായ മൂലകങ്ങളിൽ നിന്നും സംയുക്തങ്ങളിലേക്കും, അവിടെനിന്നും ആദ്യം സമുദ്രത്തിലെ ഏകകോശജീവികളിലേക്കും പിന്നീടു് ബഹുകോശജീവികളിലേക്കും, കാലാന്തരത്തിൽ സമുദ്രത്തിൽ നിന്നും കരയിലേക്കുള്ള ജീവന്റെ വ്യാപിക്കലിലേക്കും, തുടർന്നു് മനുഷ്യനിലേക്കും അവന്റെ അതിസങ്കീർണ്ണമായ തലച്ചോറിലേക്കും, അതുവഴി ബുദ്ധിയിലേക്കും സംഭവിച്ച പരിണാമം ഏതെങ്കിലും ഒരു ദൈവമോ പിശാചോ ആലോചിച്ചെടുത്ത ഒരു പ്ലാനിന്റെയോ പദ്ധതിയുടെയോ ഭാഗമായിരുന്നില്ല. പ്രകൃതിക്കതീതമായ ഒരു ശക്തിയും അതുപോലൊരു പരിണാമത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടില്ല, പ്രവർത്തിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണു് കൃത്രിമബുദ്ധിയുടെ ഭാവിയിലെ സ്വയം പ്രേരിതപരിണാമം എന്ന സാദ്ധ്യത പൂർണ്ണമായി തള്ളിക്കളയാൻ ആവാത്തതും.

സ്വന്തവലിപ്പവുമായി തട്ടിച്ചു് നോക്കുമ്പോൾ ഭീമാകാരവും ഭംഗിയുടെ കാര്യത്തിൽ ആരെയും അതിശയിപ്പിക്കുന്നവയുമായ ചിതൽപ്പുറ്റുകൾ പണിതീർക്കുന്ന ചിതലുകളിൽ ഓരോന്നിന്റെയും തലയിൽ അത്തരം ഒരു നിർമ്മാണപ്രവൃത്തിക്കു് വേണ്ട ബുദ്ധിയോ പ്ലാനോ ഇല്ല. അവയോടു് എപ്പോൾ എന്തു് ചെയ്യണം എന്നു് കൽപിക്കുന്ന ഒരു രാജാവോ നേതാവോ അവയ്ക്കില്ല. എന്നിട്ടും അതുപോലൊരു നിർമ്മിതിക്കു് അവയെ പ്രാപ്തരാക്കുന്നതിന്റെ പിന്നിലെ രഹസ്യം അവ ഇവൊല്യൂഷൻ വഴി സ്വായത്തമാക്കിയ ഒരു ആൾഗൊരിഥത്തിന്റെ അടിസ്ഥാനത്തിലെ സെൽഫ്‌ ഓർഗനൈസേഷൻ എന്ന പ്രതിഭാസമാണു്. ഓരോ ചിതലുകളും തമ്മിൽത്തമ്മിലുള്ള ബയോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി 'ചിതൽസമൂഹം' എന്നൊരു സൂപ്പർ ഓർഗനിസവും അതിന്റേതായ ഒരു 'പൊതുബുദ്ധിയും' രൂപമെടുക്കുന്നു. ഇത്തരത്തിലുള്ള സെൽഫ്‌ ഓർഗനൈസേഷൻ സാദ്ധ്യമാവണമെങ്കിൽ ആ സംരംഭത്തിലെ പങ്കാളികളുടെ അംഗസംഖ്യ വലുതായിരിക്കണം. ഏതാനും ചിതലുകൾക്കു് മാത്രം സാധിക്കുന്ന ഒരു കാര്യമല്ല അതെന്നു് ചുരുക്കം. തത്വത്തിൽ നമ്മുടെ തലച്ചോറും ഇതിൽ നിന്നും വിഭിന്നമല്ല. തലച്ചോറിലെ ഒരു ന്യൂറോണിനു് ഒറ്റയായെടുത്താൽ അനുഭവിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവില്ല. എങ്കിലും, എത്രയോ ന്യൂറോണുകൾ തമ്മിൽത്തമ്മിൽ സംഭവിക്കുന്ന ന്യൂറോകെമിക്കൽ പ്രതിപ്രവർത്തനങ്ങൾ വഴി ബുദ്ധിയും ബോധവും വികാരവും വിചാരവുമെല്ലാം തലച്ചോറിൽ രൂപമെടുക്കുന്നു. അതോടോപ്പം തന്നെ, തലച്ചോറിൽ നിന്നും ലഭിക്കുന്ന 'കൽപനകളെ' അന്ധമായി അടിമയെപ്പോലെ പ്രാവർത്തികമാക്കുക എന്ന ജോലി മാത്രമല്ല ശരീരത്തിനുള്ളതു്. പ്രകൃതിയുമായുള്ള ഇന്ററാക്ഷൻ വഴി ശരീരം ഇൻഫർമേഷൻസ്‌ ശേഖരിക്കാതിരുന്നാൽ അവയെ അസ്തിത്വത്തിനു് അനുകൂലമോ പ്രതികൂലമോ എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനും അതിനനുസരിച്ചു് പ്രതികരിക്കാനും അതോടൊപ്പം ഭാവിയിലേക്കായി ആ അനുഭവങ്ങളിൽ നിന്നു് പഠിച്ച പാഠങ്ങൾ ശേഖരിച്ചു് വയ്ക്കുവാനും തലച്ചോറിനു് കഴിയുകയില്ല. ശരീരം എന്നതു് ബുദ്ധി രൂപമെടുക്കുന്നതിനുള്ള പ്രാഥമികമായ ആവശ്യമാണു്. അതോടൊപ്പം അതു് ഇവൊല്യൂഷന്റെ ഒഴിവാക്കാനാവാത്ത നിബന്ധനയുമാണു്. അതായതു്, പ്രകൃതിയിൽ നിന്നും സ്വയം വേർപ്പെടുത്തിക്കൊണ്ടു് പ്രകൃതിയുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ വളർച്ചയോ ബുദ്ധിയോ സാദ്ധ്യമാവില്ല. ആദ്യത്തെ ഏകകോശജീവികൾക്കു് സ്വയം പൊതിയാൻ ഉതകുന്ന തനുസ്തരം ലഭിച്ചപ്പോൾ ഈ നിബന്ധനയാണു് നിറവേറ്റപ്പെട്ടതു്.

ഇന്ദ്രിയാനുഭവങ്ങളുടെ വിലയിരുത്തലുകളുടെയും ചിന്തയുടെയും ബോധത്തിന്റേയും ഇരിപ്പിടമായ തലച്ചോറിന്റെ (cerebrum) പാളികളിലെ നെർവ്‌ സെല്ലുകൾ തമ്മിൽത്തമ്മിൽ ചുരുങ്ങിയപക്ഷം ആകെ ഒരു ലക്ഷം കിലോമീറ്റർ എങ്കിലും നീളം വരുന്ന നെർവ്‌ ഫൈബർ വലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നെർവ്‌ ഫൈബറുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതു് ബയോകെമിക്കൽ മാർഗ്ഗത്തിലൂടെ മാത്രം മറികടക്കാൻ കഴിയുന്ന സിനാപ്സുകൾ വഴിയും. നെർവ്‌ സെല്ലുകൾക്കു് ഉദ്ദീപനം സംഭവിക്കുമ്പോൾ വ്യത്യസ്ത ബയോകെമിക്കൽ പദാർത്ഥങ്ങൾ ഇവയിലെ നിശ്ചിത ബന്ധിപ്പിക്കലുകളെ ഓണോ ഓഫോ ആക്കുന്നതു് ഓർമ്മ, ബോധം, പ്രതികരണം എന്നിവക്കു് കാരണഭൂതമാവുന്നു. ഗ്രഹണം ബോധം ഭാഷ മുതലായവ തലച്ചോറിലെ ഏതേതു് ഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു എന്നു് കണ്ടെത്താൻ ഇതിനോടകം ആധുനിക ന്യൂറോസയൻസിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ദ്രിയാനുഭവങ്ങൾ മനുഷ്യമനസ്സിലെ വികാരവിചാരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, എങ്ങനെ തീരുമാനങ്ങളിലേക്കു് നയിക്കുന്നു എന്നതു് പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. അതേസമയം, ഇന്ദ്രിയപരമായ ഗ്രഹണത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിയേയും, പ്രവൃത്തികളെയും നിയന്ത്രിക്കുന്നതിലും നിർമ്മാണാത്മകമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും വികാരങ്ങളും മുൻകാല അനുഭവങ്ങളും പ്രധാന പങ്കു് വഹിക്കുന്നുണ്ടു് എന്നതു് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യവുമാണു്. ചുരുക്കത്തിൽ, നമ്മുടെ തലച്ചോറു് സങ്കീർണ്ണമായതും, ചലനാത്മകമായതും, സ്വയംസംഘടനാ-, സ്വയംഭരണ-, സ്വയംഅധ്യയനശേഷിയുള്ളതും, ചുറ്റുപാടുകളിൽ നിന്നും നിരന്തരം ലഭിക്കുന്ന അനുഭവങ്ങളെ അനുകൂലമോ പ്രതികൂലമോ എന്നു് തിരിച്ചറിഞ്ഞു് അതിനനുസരിച്ചു് പ്രതികരിക്കാൻ കഴിവുള്ളതും, അത്തരം അറിവുകളെ ഏതുസമയവും വീണ്ടും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ശേഷിയുള്ളതുമായ ഒരു വ്യവസ്ഥയാണു്. കോടാനുകോടി വർഷങ്ങൾ പിന്നിട്ട വളർച്ചയുടെ ഒരു ചരിത്രം അതിനു് പറയാനുണ്ടു്.

യുക്തമായ വിധിനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള കഴിവിനെയാണു് നമ്മൾ പൊതുവേ ബുദ്ധി എന്നു് വിശേഷിപ്പിക്കുന്നതു്. ചുറ്റുപാടുകളിൽ നിന്നും ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന സിഗ്നലുകളുടെ പശ്ചാത്തലത്തിൽ ഒരു ജീവി തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. കൃത്രിമബുദ്ധിയുടെ 'ഉടമകളായ' റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി, ജന്തുലോകത്തിൽ ഈ സിഗ്നലുകൾ അനുഭവങ്ങളുമാണു്. നിർമ്മാണാത്മകമായ ബുദ്ധി എന്നതു് നിമിഷം കൊണ്ടു് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അതിനനുസരിച്ചു് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള കഴിവാണു്. ഒരു നിശ്ചിത ജോലി ചെയ്യുന്നതിനായി നിർമ്മിക്കപ്പെട്ട ഒരു റോബോട്ട്‌ ചെയ്യുന്നതും മറ്റൊന്നുമല്ല. പക്ഷേ, റോബോട്ടുകളിൽ പ്രോസസിംഗിനായി എത്തിച്ചേരുന്ന സിഗ്നലുകൾ അവയിൽ ഏതെങ്കിലും വിധത്തിലുള്ള വൈകാരികതകൾ ജനിപ്പിക്കുന്നില്ല. വിജയത്തിൽ സന്തോഷമോ, പരാജയത്തിൽ ദുഃഖമോ റോബോട്ടുകൾ അനുഭവിക്കുന്നില്ല. എല്ലാവിധത്തിലും മനുഷ്യനു് തുല്യമായ ഒരു റോബോട്ട്‌ നിർമ്മിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇവിടെയാണു് സ്ഥിതിചെയ്യുന്നതു്. സ്വയംഭരണശേഷി, അതിജീവനം എന്ന ലക്ഷ്യം, നന്മയും തിന്മയും, സുഖവും ദുഃഖവും വ്യക്തിപരമായ മുൻകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ തരം തിരിക്കുന്നതിനും അതിനനുസരിച്ചു് തനിക്കു് അനുകൂലമായ ഒരു തീരുമാനത്തിൽ നിമിഷാർദ്ധം കൊണ്ടു് എത്തിച്ചേരുന്നതിനുമുള്ള കഴിവു് - അവയൊക്കെ ഒരു കമ്പ്യൂട്ടറിൽ പണിതോ എഴുതിയോ പിടിപ്പിക്കാവുന്ന കാര്യങ്ങളല്ല. ഒരു യന്ത്രത്തിനു് ആഗ്രഹവും താത്പര്യവുമില്ല, ഉണ്ടാക്കാൻ തത്കാലം ആവുകയുമില്ല. വേദന സന്തോഷം മുതലായ വികാരങ്ങൾ മനുഷ്യനിൽ നിന്നോ മറ്റേതെങ്കിലും ജീവികളിൽ നിന്നോ വേർപെടുത്തിയെടുത്തു് ഒരു കമ്പ്യൂട്ടറിൽ സ്ഥാപിക്കാവുന്നവയല്ല.

എങ്കിൽത്തന്നെയും, പ്രാഥമികസംരംഭങ്ങൾ എന്ന നിലയിൽ ചിതലുകളുടെയും, ഉറുമ്പുകളുടെയും, തേനീച്ചകളുടെയുമൊക്കെ സാമൂഹികപെരുമാറ്റങ്ങളിലെ ആൾഗൊരിഥം മാതൃകയാക്കി ചെറിയ റോബോട്ടുകളുടെ കൂട്ടത്തെ പഠിപ്പിക്കാനുള്ള ശാസ്ത്രീയ പരിശ്രമങ്ങൾ നടക്കുന്നുണ്ടു്. പക്ഷേ, അത്തരം സ്വോം ഇന്റെലിജെൻസിൽ നിന്നും സോഷ്യൽ കോമ്പിറ്റെൻസിലേക്കുള്ള ദൂരം വളരെ ഏറെയാണു്. ഉദാഹരണത്തിനു്, മറ്റു് സസ്തനജീവികൾ പോലും ഫുട്ബോൾ പോയിട്ടു് ചെസ്‌ പോലും കളിക്കാറില്ല. അതായതു്, ലക്ഷക്കണക്കിനു് വർഷങ്ങളിലൂടെ പ്രകൃതി വളർത്തിയെടുത്ത മനുഷ്യന്റെ സോഷ്യൽ കോമ്പിറ്റെൻസിലേക്കു്, പദ്ധതികൾ പ്ലാൻ ചെയ്തു് നടപ്പാക്കാൻ കഴിയുന്ന അവന്റെ ബുദ്ധിയിലേക്കു്, സ്വയം വിശകലനം ചെയ്യാൻ കഴിയുന്ന അവന്റെ ആത്മബോധത്തിലേക്കു് വളർന്നു് അവനോടൊപ്പമെത്താൻ റോബോട്ടുകൾ ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. ആ ലക്ഷ്യത്തിൽ വിദൂരഭാവിയിലെങ്കിലും എത്തിച്ചേരാനും മനുഷ്യന്റെ സഹായമില്ലാതെ റോബോട്ടുകൾക്കു് കഴിയുകയുമില്ല.

19 comments:

അനോണി ആന്റണി October 13, 2009 at 1:36 PM  

റോബോട്ടുകളെ വികസിപ്പിക്കുന്നത് "ഇന്റലിജന്‍സ്" എന്ന ട്രെയിറ്റ് മാത്രം മുന്നില്‍ കണ്ടതുകൊണ്ടാവണം മനുഷ്യന്റെ തലച്ചോറുപോലെ വൈവിദ്ധ്യസ്വഭാവമുള്ള ഒരു യന്ത്രത്തലച്ചോറ് ഉണ്ടാവാന്‍ ഇനിയും കാലമേറെ വേണ്ടത്.

മറ്റുതരം സ്കില്ലുകള്‍ വേണം മനസ്സുള്ള ഒരു പ്രോഗ്രാം ഉണ്ടാക്കാന്‍. ഒരു സിനിമ കണ്ടാല്‍ പതിനെട്ടു റീല്‍, എട്ടു പാട്ട്, ഒടുക്കം നായകന്‍ ചത്തു എന്നല്ല, "എത്ര ടച്ചിങ്ങ് അന്ത്യം" എന്നു പറയാന്‍ പറ്റണം. ഒരു ബിസിനസ്സ് തുടങ്ങിയാല്‍ സ്വഭാവം മാറി സ്വല്പ്പം ഗര്‍‌വിഷ്ഠനാകണം, അതു പൊളിയുമ്പോല്‍ മദ്യാസക്തനും ഒക്കെയാകണം.


ഒരു റോബോട്ടിന്റെ ഡെമോയില്‍ അതിനു വികാരമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. വഴക്കു പറഞ്ഞാല്‍ അതിനു വിഷമമാകുമെന്നും പ്രശംസിച്ചാല്‍ സന്തോഷമാവുമെന്നതും അത്ര വലിയ കാര്യമൊന്നുമല്ല, റെസ്പോണ്‍സുകള്‍ മാത്രമാണത്. നല്ല മൂഡില്‍ ഓട്ടോ വിളിച്ചാല്‍ പത്തുരൂപ മീറ്ററില്‍ വന്നിട്ട് പതിനഞ്ചു രൂപ ചോദിക്കുന്ന ഓട്ടോക്കാരനു അതു കൊടുക്കുകയും ഭാര്യയുമായി പിണങ്ങിയിരിക്കുമ്പോള്‍ പന്ത്രണ്ടു രൂപ ചോദിച്ചവനെ തല്ലാന്‍ കയ്യോങ്ങുകയും വേണം. അത്തരത്തില്‍ സ്വയം തിരുത്തിയെഴുതി സ്ഥായിയായും താല്‍ക്കാലികമായും അപ്‌ഡേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം. അത്തരം ഒരു പ്രോഗ്രാമിനു മനസ്സ് വളര്‍ത്തിയെടുക്കാന്‍ കഴിയേണ്ടതാണ്‌. എന്റിറ്റി എന്ന സങ്കല്പ്പം പെട്ടെന്നു കാണുമ്പോള്‍ അന്തം വിടുന്നത്ര ദുരൂഹമൊന്നുമല്ലല്ലോ. (മായിക പ്രതിഭാസമായ മനസ്സും ദേഹത്തു ചേര്‍ന്നു നില്‍ക്കുന്ന ആത്മാവുമൊക്കെ കവികള്‍ എടുത്തിട്ട് ചാമ്പിക്കോട്ടെ)

അനിൽ@ബ്ലൊഗ് October 13, 2009 at 4:27 PM  

സവിശേഷ ബുദ്ധി എന്നത് ഒരു സംഭവം തന്നെയാണെ !!
നന്ദി, ഈ കുറിപ്പിന്.

സി.കെ.ബാബു October 13, 2009 at 5:07 PM  

അനോണി ആന്റണി,

എന്റെ സ്വന്തം അഭിപ്രായത്തിൽ മനുഷ്യമനസ്സു് ലോകത്തിലെ ഏറ്റവും വലിയ സമുദ്രത്തേക്കാൾ പരപ്പും ആഴവുമുള്ള ഒരു പ്രതിഭാസമാണു്. അതു് അളക്കാൻ കഴിഞ്ഞിട്ടുള്ള മനഃശാസ്ത്രജ്ഞർ (എല്ലാവരും ചൂണ്ടിക്കാണിക്കുന്ന സീഗ്‌മുണ്ട്‌ ഫ്രോയിഡ്‌ അടക്കം) ഇതുവരെ ലോകത്തിൽ ഉണ്ടായിട്ടില്ലെന്നാണെന്റെ വിശ്വാസം. ഗണിതശാസ്ത്രപരമായ ആൾഗൊരിഥത്തിൽ ഒതുങ്ങുന്നതല്ല മനുഷ്യമനസ്സു്. കമ്പ്യൂട്ടർ സയൻസിലെ കോമ്പ്ലെക്സിറ്റി തിയറി (ജർമ്മൻ ഭാഷയിൽ ഈ തിയറി കൂടുതൽ വിശദമായി വിവരിച്ചിട്ടുണ്ടു്) ഇന്നത്തെ അവസ്ഥയിൽ മനസ്സിന്റെ കോമ്പ്ലെക്സിറ്റിയെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നതൊരു യാഥാർത്ഥ്യമാണു്. തലച്ചോറിനെ സംബന്ധിച്ച പഠനങ്ങൾ പൂർത്തീകരിക്കാൻ ന്യൂറോസയൻസിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ഇതിനോടു് ചേർത്തു് വായിക്കാം. അതേസമയം, സങ്കീർണ്ണമായ പ്രശ്നങ്ങളുടെ പരിഹാരത്തിനു് (അവ നിശ്ചിതമായ പരിധിയിൽ ഒതുങ്ങുന്നിടത്തോളം) റോബോട്ടുകളെ വെല്ലാൻ മനുഷ്യനാവില്ല എന്നതു് നിഷേധിക്കാനാവാത്ത സത്യവുമാണു്. ഭാവിയിൽ ഇതു് മാറിക്കൂടെന്നില്ല. (ഇത്തരം കാര്യങ്ങളിൽ ഞാൻ ശുഭാപ്തിവിശ്വാസക്കാരനാണു്!) :)

ഇന്നത്തെ ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു റോബോട്ടിനു് 'വികാരം' ഉണ്ടെന്ന അവകാശവാദം, - 'വികാരം' എന്ന വാക്കിന്റെ മാനുഷികമായ അർത്ഥത്തിൽ - മണ്ടത്തരമാണു്. അത്തരമൊരു വികാരം അതു് നിർമ്മിച്ച എഞ്ചിനിയറുടെ വികാരം മാത്രമേ ആവൂ. അത്തരമൊരു റോബോട്ടാണു് Bernd Kleinjohann എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ നിർമ്മിച്ചു് പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്ന മെക്സി (machine with emotional extended intelligence) എന്ന റോബോട്ട്‌. അവിടെയും സംഭവിക്കുന്നതു് 'വികാരം' സിമ്യുലേയ്റ്റ്‌ ചെയ്യുക മാത്രമാണു്. അഥവാ, മെക്സി ഇപ്പോഴും മാനുഷികമായ അർത്ഥത്തിലെ 'വികാരത്തിൽ' നിന്നും വളരെ ദൂരെയാണു്. ചില പ്രത്യേക സിഗ്നലുകൾക്കനുസൃതമായി ചില പ്രത്യേക രീതിയിൽ പ്രതികരിക്കാൻ ഒരു കമ്പ്യൂട്ടറിനെ പ്രോഗ്രാം ചെയ്യുക എന്നതു് ഒരു വലിയ പ്രശ്നമല്ല. അത്തരം 'വികാരപ്രകടനം' ഏറ്റവും കൂടിയാൽ ഉള്ളി അരിയുമ്പോൾ കണ്ണു് നിറയുന്നതിനു് സമം മാത്രമേ ആവൂ എന്നതിനാൽ ഒരു തുടക്കം എന്ന നിലയിൽ പ്രോത്സാഹനീയമാണെന്നല്ലാതെ അതുവഴി കാര്യമായി നമ്മൾ ഒന്നും നേടുന്നില്ല.

അനിൽ@ബ്ലൊഗ്‌,

നന്ദി.

വേഗാഡ് October 13, 2009 at 6:25 PM  

മനുഷ്യര്‍ കംപ്യൂട്ടര്‍‍ സ്വന്തം തലച്ചോറിന്റെ ഒരു പ്രതിരൂപം യെന്നനിലക്കാണോ ഡിസൈന്‍ ചെയുന്നത് ? അങിനെയെങ്കില്‍ ന്യുരൊലൊജിയില് നേടുന്ന അറിവുകളും കമ്പ്യൂട്ടര്‍ വിന്ഞാനവും സമാന്തരമായി വളരും മനുഷ്യ മസ്തിഷ്ക്കത്തിന്റെ എനര്‍ജി എഫിഷ്നസീ ആണ് വേറൊരു പ്രശ്നം നമ്മള്‍ നമ്മളെ പൂര്‍ണ മായി മനസിലാക്കുന്ന അന്ന് നമ്മുക്ക് ഒരു perfect കംപ്യൂട്ടര്‍‍ with embeded സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്യാനാവും അതുവരെ കാത്തിരിക്കുക.. അറിവും അറിയപ്പെടുന്നതും ഒന്നായി തീരുന്ന അവസ്ഥ കാവ്യാന്മാകം എന്നതിലുപരി ശാസ്ത്രാന്മകം എന്നതാവുമോ? ദയവായി ഒന്നുകൂടി വിശദീകരിക്കാമോ ?
ബഹുമാനത്തോടെ

സി.കെ.ബാബു October 13, 2009 at 6:43 PM  

വേഗാഡ്‌,
അനോണി ആന്റണിക്കുള്ള മറുപടി പോസ്റ്റുമായി കൂട്ടിച്ചേർത്തു് വായിച്ചാൽ സംശയം തീരേണ്ടതാണു്. വായനക്കു് നന്ദി.

പാമരന്‍ October 13, 2009 at 8:16 PM  

കണ്ടിന്യുവസ്‌ ലേണിംഗ്‌ വഴിയല്ലേ മനുഷ്യബുദ്ധി അനന്തമായ സാധ്യതകളെ നേരിടാന്‍ തയ്യാറാവുന്നത്‌? അതേ ടാക്റ്റിക്‌ ഉപയോഗിച്ച്‌ യന്ത്രബുദ്ധിക്കും വികസിക്കാന്‍ കഴിയുമെന്നൊരു വാദമില്ലേ?

മാഷെ വേറൊരു സംശയം, ശകലം ഓഫ്‌ ടോപ്പിക്ക്‌ പോകട്ടേ..

മനുഷ്യന്‍റെ ഇടപെടല്‍ പ്രകൃതിയിലെ സ്വാഭാവികമായ സെലെക്ഷന്‍ പ്രോസസിന്‌ എന്തൊക്കെ വ്യതിയാനങ്ങളാണു വരുത്തുന്നത്‌? എന്തായിരിക്കും അതിന്‍റെയൊക്കെ പരിണിതഫലങ്ങള്‍? ഉദാഹരണത്തിന്‌ രോഗ പ്രതിരോധം, വികലാംഗത്വം (നാച്വറല്‍ സെലെക്ഷന്‍ മൂലം വികലാംഗത്വം ക്രമേണ തിരസ്കരിക്കപ്പെടേണ്ടതല്ലേ? പക്ഷേ വികലാംഗര്‍ക്കും സര്‍വൈവു ചെയ്യാനുള്ള സഹായം കമ്യൂണിറ്റി ചെയ്യുന്നതു വഴി സെലെക്ഷന്‍ നിരാകരിക്കപ്പെടുകയല്ലേ?)

ജിവി/JiVi October 13, 2009 at 8:56 PM  

യെസ്, മറുപടികമന്റുകളും കൂട്ടിവായിച്ചാല്‍ സമ്പൂര്‍ണ്ണലേഖനം. നന്ദി ബാബുജി.

cALviN::കാല്‍‌വിന്‍ October 13, 2009 at 10:54 PM  

ചുമ്മാ ഒരോഫ്:
ഏതോ ഒരു സയൻസ് ഫിക്ഷനിൽ വായിച്ചത്.

ദൂരെ ഏതോ ഒരു പ്ലാനറ്റിൽ യന്ത്രങ്ങളുടെ അടിയന്തിര മീറ്റിംഗ്. പർക്ഷണത്തിനു വേണ്ടി ലാബോറട്ടറിയിൽ നിർമ്മിച്ച ജീവൻ അവർ പരീക്ഷണാർത്ഥം ഭൂമി എന്നൊരു ഗ്രഹത്തിൽ നിക്ഷേപിച്ചിരുന്നു. അനേകം മാറ്റങ്ങൾക്കൊടുവിൽ മനുഷ്യൻ എന്നൊരു സ്പീഷീസ് ഉരുത്തിരിഞ്ഞിട്ടുണ്ട്. പ്രശ്നം അതല്ല. മനുഷ്യർ യന്ത്രമനുഷ്യരെ സൃഷ്ടിച്ചുതുടങ്ങിയിരിക്കുന്നു! സൃഷ്ടി സ്രഷ്ടാവിനെ സൃഷ്ടിക്കാൻ പ്രാപ്തനാവുക!. നാളെ ഈ ജീവൻ എന്നു പറയുന്ന സാധനങ്ങൾ യന്ത്രങ്ങളുടെ ഗ്രഹം കണ്ട്പിടിക്കില്ലെന്നും അവരെ കീഴടക്കില്ലെന്നും എന്താണുറപ്പ്?

ആർക്കറിയാം ;‌)

സി.കെ.ബാബു October 13, 2009 at 10:54 PM  

പാമരൻ,
മനുഷ്യബുദ്ധി വിപുലീകരിക്കപ്പെടുന്നതു് കണ്ടിന്യുവസ്‌ ലേണിംഗ്‌ വഴിയാണെന്നതിനു് സംശയമൊന്നുമില്ല. പക്ഷേ, മനുഷ്യനും ജീവജാലങ്ങൾക്കും അതിജീവനം എന്നൊരു ലക്ഷ്യമുണ്ടു്. അതു് ഒരു റോബോട്ടിനു് ഇല്ല. പിന്നെ, 'പഠനം' എന്നതു് എങ്ങനെ നിർവചിക്കുന്നു എന്നതാണു് കാര്യം. പഠിക്കുക എന്ന ക്രിയ മാത്രമാണു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് ലേഖനത്തിൽ സൂചിപ്പിച്ച മിനി കമ്പ്യൂട്ടറുകളുടെ കൂട്ടങ്ങൾക്കു് ഇപ്പോൾത്തന്നെ കഴിയുന്ന കാര്യമാണു്. ഒരുദാഹരണം: രണ്ടു് പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന 'ആഹാരവും' 'വിഷവും' തമ്മിൽ വേർത്തിരിച്ചറിയാനുള്ള പരിശീലനത്തിൽ കൂടുതൽ പോയിന്റുകൾ നേടാനായ മിനികമ്പ്യൂട്ടറുകളുടെ 'അനുഭവസമ്പത്തു്' പകർന്നുകൊടുക്കപ്പെട്ട പുതിയ തലമുറകളിലെ കമ്പ്യൂട്ടറുകൾക്കു് ആദ്യതലമുറയേക്കാൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും വിഷപ്പാത്രം നിരാകരിക്കാനും 'ആഹാരം' സൂക്ഷിച്ചിരിക്കുന്ന പാത്രം കണ്ടെത്താനും കഴിഞ്ഞു.

'പഠനം' എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിച്ചതു് പക്ഷേ മനുഷ്യരുടെ മാതൃകയിൽ, അഥവാ, പഠനത്തിലൂടെയും അനുഭവങ്ങളിലൂടെയും സോഷ്യൽ കോമ്പിറ്റെൻസ്‌ കൈവരിക്കാൻ കഴിയുന്നതിനെപ്പറ്റിയാണു്. ആ ലക്ഷ്യം വളരെ ദൂരെയാണു്. എങ്കിലും ഒരിക്കലും കഴിയില്ല എന്നു് ഞാൻ പറയുകയില്ല.

മനുഷ്യന്റെ ഇടപെടൽ പ്രകൃതിയിലെ നാചുറൽ സെലക്ഷൻ പ്രോസസിൽ എന്തു് മാറ്റങ്ങൾ വരുത്തുമെന്നതു് നമ്മൾ എങ്ങനെ ഇടപെടുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഇംഗ്ലണ്ടിൽ ഈ കഴിഞ്ഞയിട മാതാപിതാക്കളുടെ ഇഷ്ടപ്രകാരം ബ്രെസ്റ്റ്‌ ക്യാൻസർ ജീൻ ഇല്ലാത്ത ഒരു കുഞ്ഞിനു് ഡോക്ടേഴ്സ്‌ ജന്മം നൽകി. പരമ്പരാഗതമായി ബ്രെസ്റ്റ്‌ ക്യാൻസർ വരുന്ന ഒരു കുടുംബമായതിനാൽ സ്വന്തം കുഞ്ഞിനെ ഈ വിധിയിൽ നിന്നും രക്ഷപെടുത്താൻ ആ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ചില വിശ്വാസികളും സഭയും സ്വാഭാവികമായും അതിനെതിരാണെങ്കിലും ഇംഗ്ലണ്ടിൽ അതു് നിയമപരമായി അനുവദനീയമാണു്. തെറ്റും ശരിയുമൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിൽ അധിഷ്ഠിതമാണു്. അത്തരം കാര്യങ്ങളിൽ വിദഗ്ദ്ധാഭിപ്രായം കേട്ടതിനുശേഷം സ്വന്തമായ തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവർക്കു് അവകാശം വേണമെന്നാണെന്റെ പക്ഷം.

വികലാംഗർക്കും ജീവിക്കാൻ അവകാശമുണ്ടു്. മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗമാണു് എന്നതുകൊണ്ടു് പ്രകൃതി നൽകുന്ന കയ്പുനീർ മുഴുവൻ നിശബ്ദമായി കുടിച്ചുതീർക്കാനുള്ള ബാദ്ധ്യതയൊന്നും മനുഷ്യനില്ല. വികലാംഗത്വം ദൈവം നൽകുന്നതാണെന്നു് പഠിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്തു് മനുഷ്യർ അതു് മിണ്ടാതെ സഹിക്കാൻ തയ്യാറായതു് മറ്റു് വഴികൾ ഇല്ലാതിരുന്നതുകൊണ്ടാണു്. വികലാംഗത്വം ദൈവം നൽകുന്നതല്ലെന്നും , വികലാംഗത്വം നൽകി മനുഷ്യരെ പീഡിപ്പിക്കുന്ന ഒരു ദൈവം ദൈവമാവില്ലെന്നും ഇന്നു് ധാരാളം മനുഷ്യർക്കറിയാം. ഇന്നു് വേണമെങ്കിൽ വികലാംഗർക്കു് അവരുടേതായ ഒളിമ്പിക്സിൽ പോലും പങ്കെടുക്കാം. ഇന്നത്തെ മനുഷ്യൻ പ്രകൃതിയിൽ അരങ്ങേറുന്ന നാടകങ്ങളുടെ ഒരു കാഴ്ചക്കാരൻ മാത്രമല്ല, അവയിൽ ആക്റ്റീവ്‌ ആയി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഒരു അഭിനേതാവു് കൂടിയാണു്. രോഗപ്രതിരോധത്തിനും മറ്റുമായി നടത്തുന്ന പരിശ്രമങ്ങൾ ഒരർത്ഥത്തിൽ വികലാഗത്വം പോലുള്ള പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ കൂടിയാണു്. ജ്ഞാനവൃക്ഷത്തിന്റെ ഫലം തിന്നു് മനുഷ്യൻ 'ദൈവത്തെപ്പോലെ' ആവുമ്പോൾ, അവൻ രോഗിയോ വികലാംഗനോ അല്ലാതാവുമ്പോൾ, രോഗശാന്തിശുശ്രൂഷകൊണ്ടു് അപ്പം തിന്നുന്നവർ പട്ടിണി കിടക്കേണ്ടിവരും. അതുകൊണ്ടു് ശാസ്ത്രം എന്നു് കേൾക്കുമ്പോൾ അവർ പേയിളകി അസ്വസ്ഥരാവുന്നു!

ജിവി,
നന്ദി.

പാമരന്‍ October 13, 2009 at 11:59 PM  

ഉത്തരങ്ങള്‍ക്ക്‌ നന്ദി മാഷെ.

അനോണി ആന്റണി October 14, 2009 at 8:40 AM  

ഒരതിമോഹമായിരിക്കാം ബാബുമാഷേ, അല്ലെങ്കില്‍ മനുഷ്യന്റെ നിലവിലുള്ള കഴിവുകളെപ്പറ്റിയുള്ള അമിതമായ വിശ്വാസമായിരിക്കാം, അതുമല്ലെങ്കില്‍ സംഗതികളുടെ സങ്കീര്‍ണ്ണതയെപ്പറ്റി മുഴുവന്‍ ധാരണയുമില്ലാതിരിക്കുന്നതായിരിക്കാം.

കൃത്രിമ ബ്രെയിന്‍ സെല്ലുകള്‍ ഉണ്ടാക്കുന്ന പ്രോജക്റ്റ് ഫോളോ ചെയ്യുന്നതേയില്ല ഞാന്‍ (പത്തു കൊല്ലം കൊണ്ട് മാര്‍ക്കറ്റില്‍ ഇറക്കുമെന്ന് ചിലര്‍ ആശിക്കുന്നുണ്ടത്രേ), തലച്ചോറിന്റെ മെഷീനറി അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ എന്തായിരിക്കണം എന്നതിലല്ല, അതിന്റെ പ്രോഗ്രാമിലാണ്‌ ആശ വച്ചിരിക്കുന്നത്.

കോമ്പ്ലക്സ് സിസ്റ്റങ്ങളെ ഇന്നത്തെ സോഫ്റ്റ്വെയറുകള്‍ക്ക് ഭയമില്ല. അതിന്റെ പല ചെറുകഷണങ്ങളും- നോണ്‍ ലീനിയര്‍ നേച്ചര്‍, ഓപ്പണ്‍ സിസ്റ്റം നേച്ചര്‍, മള്‍ട്ടി ത്രെഡ് ഇന്റെറാക്ഷന്‍, മോഡിഫിക്കേഷന്‍ ബൈ ഫീഡ്ബാക്ക് (ലളിതമായ ലേണിങ്ങ് പ്രോസസ്സ്) തുടങ്ങിയവ ഇപ്പോള്‍ തന്നെ ഡീല്‍ ചെയ്യാന്‍ പറ്റുന്നതാണെന്ന് അറിയുന്നു (ഞാന്‍ സോഫ്റ്റ്വെയര്‍ വിദഗ്ദ്ധനല്ല)

നിലവിലുള്ള റോബോട്ടുകളുടെ ഇമോഷന്‍ വ്യാജമാണെന്നതില്‍ രണ്ടുപക്ഷമില്ല. അറ്റ് ബെസ്റ്റ്, അവയ്ക്ക് നല്ല ഡിസിഷന്‍ മേക്കിങ്ങ് സ്കില്‍ ഉണ്ട്- ഹോണ്ട അസെമോഫിനെ പൊക്കത്തില്‍ എടുത്തു വിട്ടാല്‍ അവന്‍ പടിയിറങ്ങുന്നതാണോ എടുത്തു ചാടുന്നതാണോ സുരക്ഷിതം അതോ രണ്ടും വയ്യ ഇവിടെ നിന്ന് ഇറങ്ങാന്‍ പരസഹായം വേണമോ എന്ന് തീരുമാനിക്കുന്നതും മറ്റും അതിന്റെ ഉദാഹരണമാണ്‌.

ഇമോഷന്‍ ഇല്ലാത്തത് എന്റിറ്റി അല്ലെങ്കില്‍ സ്വത്വബോധം ബില്‍ഡ് ചെയ്യാന്‍ ഒരുത്തര്‍ക്കും കഴിയാത്തതിന്റെ കുഴപ്പമാണെന്നാണ്‌ എന്റെ തോന്നല്‍ (അബദ്ധം വാ സുബദ്ധം വാ). റോബോട്ട്, അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ അതിനു സ്വന്തം വ്യക്തിത്വമുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഇമോഷനുകള്‍ നിര്‍മ്മിക്കാന്‍ കഴിയേണ്ടതല്ലേ? ഭയം, വേദന, ആകാംക്ഷ, നിസ്സയാവസ്ഥ, സന്തോഷം ഒക്കെ സ്വത്വബോധത്തില്‍ നിന്നല്ലേ? ആള്‍ട്രൂയിസം എങ്ങനെ ഉണ്ടാകുന്നെന്ന ചോദ്യം ബാക്കിയാവുന്നു.

വെല്‍, ആള്‍ട്രൂയിസം സത്വബോധത്തിന്റെ സന്തതിയാണെന്നും സെല്‍ഫ് എസ്റ്റീം കൂട്ടാനുള്ള വ്യക്തമോ അല്ലാതെയോ ഉള്ള ഒരു എന്‍ഡീവര്‍ ആണെന്നും പറഞ്ഞാല്‍ മനുഷ്യത്വത്തെ നിസ്സാരവല്‍ക്കരിക്കുകയായേക്കാം. മാതൃരാജ്യത്തിനു വേണ്ടി എന്റിറ്റി വെടിഞ്ഞ ഒരു മെഷീന്‍ എന്താണു ചെയ്തത്? തന്റെ ഫിസിക്കല്‍ എക്സിസ്റ്റന്‍സ് തീര്‍ന്നാലും എസ്റ്റീം ഉയര്‍ന്നു തന്നെ നില്‍ക്കാന്‍ നടത്തിയ സെല്‍ഫ് ഡിസസ്ട്രക്ഷനോ- ഞാന്‍ ഓടി!


വിശ്വാസങ്ങള്‍, പ്രമാണങ്ങള്‍ ഒക്കെയാണ്‌ മറ്റൊരു വെല്ലുവിളി- വിഷ്വലൈസേഷന്‍ ഫംഗ്ഷന്‍ എങ്ങനെ ഡിസൈന്‍ ചെയ്യണം എന്നതിലായിരിക്കാം അതിന്റെ ഉത്തരവും.

ബോധമനസ്സ് അബോധമനസ്സ് എന്നത് അറ്റെന്‍ഷന്‍, അവെയര്‍നെസ്സ് എന്നിവയുടെ വെളിച്ചത്തില്‍ ഒന്നു പരിശോധിച്ചാല്‍?

(ലളിതമായ ഒരു സൊല്യൂഷന്‍ കഠിനമായ ഒരു പ്രശ്നത്തിനു തോന്നിയാല്‍ ഒന്നുകില്‍ പ്രശ്നം ശരിക്കു മനസ്സിലാക്കിയിട്ടില്ല, അല്ലെങ്കില്‍ അതു പരിഹരിക്കാനുള്ള വിവരമില്ല എന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്!)

സി.കെ.ബാബു October 14, 2009 at 10:44 AM  

കാൽവിൻ,

ആർക്കറിയാം? ഗ്രന്ഥത്തിനറിയാം. :)

അനോണി ആന്റണി,

ബയോളജിക്കൽ സെൻസിലെ കൃത്രിമ ബ്രെയിൻ സെല്ലുകൾ അധികം താമസിയാതെ ഒരു യാഥാർത്ഥ്യമാവുമെന്നതിൽ സംശയത്തിനു് അവകാശമില്ല. അതു് ഇവിടെ വിഷയവുമല്ലല്ലോ.

റോബോട്ടുകളുടെ കാര്യത്തിൽ 'സ്വത്വബോധം' ഒരു പ്രധാന പ്രശ്നമാണു്. ബുദ്ധി രൂപമെടുക്കാൻ ഒരു ശരീരം ആവശ്യമാണെന്നു് ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യവും മറ്റൊന്നായിരുന്നില്ല. ഒരു റോബോട്ടിനു് സ്വത്വബോധമുണ്ടോ? കൃത്യമായി പറഞ്ഞാൽ നമുക്കറിയില്ല എന്നതാണു് മറുപടി. അതു് അവബോധപരമായ തത്വചിന്തയുടെ ഒരു ഭാഗമാണു്. "എന്നെപ്പറ്റി എനിക്കറിയാം, മറ്റുള്ളവരെപ്പറ്റി എനിക്കറിയില്ല."

അസെമോഫ്‌ ചാടുന്നതും ഓടുന്നതുമൊക്കെ ഞാൻ വീഡിയോയിൽ കണ്ടിരുന്നു. ആ റോബോട്ട്‌ എടുക്കുന്ന 'തീരുമാനങ്ങൾ' അവന്റെ സ്വന്തമാണു് എന്നു് പറയാൻ കഴിയുന്നതിൽ നിന്നും വളരെ അകലെയാണു്. ഒറിജിനലിൽ നിന്നും കാര്യമായ വ്യത്യാസമൊന്നും തോന്നാത്ത വിധത്തിലുള്ള സിമ്യുലേഷൻ പ്രോഗ്രാമുകൾ പോലും (പ്ലെയിനിന്റെ ലാൻഡിംഗ്‌, ടേക്‌ ഓഫ്‌ മുതലായവ) പഠനലക്ഷ്യങ്ങൾക്കായി ഇന്നു് ലഭിക്കുന്നുണ്ടു്. വയലിൻ വായിക്കുന്ന, ഫുട്ബോൾ കളിക്കുന്ന റോബോട്ടുകളും ഉണ്ടു്. പക്ഷേ, അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്നതു് ഒരു പ്രോഗ്രാമാണെന്നു് അറിയാൻ കഴിയാത്തത്ര പെർഫെക്ഷൻ അവ കൈവരിച്ചിട്ടില്ല. അടുത്തകാലത്തു് കൈവരിക്കുമെന്നും തോന്നുന്നില്ല.

ഇമോഷൻ ഇല്ലാത്തതു് സ്വത്വബോധം ഇല്ലാത്തതുകൊണ്ടാണെന്ന അഭിപ്രായത്തിനോടു് ഞാനും പൂർണ്ണമായി യോജിക്കുന്നു. പക്ഷേ, റോബോട്ടുകൾക്കു് ഈ സ്വത്വബോധം എങ്ങനെ നൽകാൻ കഴിയും? ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിൽ 'നൽകപ്പെടുന്ന സ്വത്വബോധം' റോബോട്ടിന്റേതാവുമോ? ആ സ്വത്വബോധശേഷി അടുത്ത തലമുറകളിലേക്കു് പകർന്നു് കൊടുക്കാനാവുമോ? അതാണു് പ്രശ്നം.

സയൻസ്‌ ഫിക്ഷൻ തീർച്ചയായും നല്ലതാണു്. പല പിൽക്കാല കണ്ടുപിടുപിത്തങ്ങളിലേക്കും ശാസ്ത്രജ്ഞരെ
നയിച്ചതു് അവർ ചെറുപ്പത്തിൽ വായിച്ചതും കണ്ടതുമായ സയൻസ്‌ ഫിക്ഷൻ പുസ്തകങ്ങളും സിനിമകളുമാണെന്നതും ഒരു വാസ്തവമാണു്.

ബയോളജിയുമായി ബന്ധമില്ലാത്ത റോബോട്ടുകൾ യാന്ത്രികബുദ്ധി കൈവരിക്കുന്നതാണു് പ്രശ്നം. ആ വിഷയത്തിൽ പ്രാഥമികത പോലും നമ്മൾ കൈവെടിഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു്, ബോധമനസ്സു് അബോധമനസ്സു് ഇവയൊക്കെ - ചുരുങ്ങിയതു് ഇതുവരെയെങ്കിലും - എത്രയോ അന്യമായ മേഖലകളാണെന്നു് പറയേണ്ടതില്ലല്ലോ.

"(ലളിതമായ ഒരു സൊല്യൂഷന്‍ കഠിനമായ ഒരു പ്രശ്നത്തിനു തോന്നിയാല്‍ ഒന്നുകില്‍ പ്രശ്നം ശരിക്കു മനസ്സിലാക്കിയിട്ടില്ല, അല്ലെങ്കില്‍ അതു പരിഹരിക്കാനുള്ള വിവരമില്ല എന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്!)"

അതു് പറഞ്ഞവനു് വിവരമില്ല എന്നു് കരുതിയാൽ മതി. :)

ബ്രൈറ്റ്‌ നൽകിയ ലിങ്കിൽ പറയുന്ന, സാറ മിറ്റ്രിയും ഡാരിയോ ഫ്ലോറിയാനോയും നടത്തുന്ന പരീക്ഷണം ശാസ്ത്രത്തിനു് ലാളിത്യം ഒരു തടസ്സമല്ല എന്നതിനു് ഏറ്റവും നല്ല ഉദാഹരണമാണു്. ലാളിത്യമോ കാഠിന്യമോ അല്ല, plausibility ആണു് കാര്യം. :)

bright,

ഞാൻ പാമരനു് കൊടുത്ത മറുപടിയിൽ സൂചിപ്പിച്ച 'മിനികമ്പ്യൂട്ടറുകൾ' ഈ ലിങ്കിൽ പറയുന്ന പരീക്ഷണത്തിലേതായിരുന്നു. അതുപോലുള്ള മറ്റു് പല പരീക്ഷണങ്ങളും നടക്കുന്നുണ്ടു്.

bright October 14, 2009 at 2:48 PM  

.ആരെങ്കിലും സ്റ്റീവന്‍ പിങ്കറിന്റെ HOW THE MIND WORKS വായിച്ചിട്ടുണ്ടോ?അതില്‍ computational theory of mind വിവരിച്ചിട്ടുണ്ട്.നാച്ചുറല്‍ ഇന്റലിജന്‍സിനെപ്പറ്റി മനസ്സിലാക്കിയാലേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് വ്യക്തമാവുകയുള്ളു.പുസ്തകത്തില്‍ നിന്ന്....

..a thinker cannot crank out predictions about all the side effects either.The philosopher Daniel Dennett asks us to imagine a robot designed to fetch a spare battery from a room that also contained a time bomb.Version 1saw that the battery was on a wagon and that if it pulled the wagon out of the room,the battery would come with it. Unfortunately the bomb was also on the wagon,and the robot failed to deduce that pulling the wagon out brought the bomb out,too.Version 2 was programmed to consider all the side effects of is actions.It had just finished computing that pulling the wagon will not change the color of the room's walls and was proving that the wheels would turn more revolutions than there are wheels on the wagon,when the bomb went off.Version 3 was programmed to distinguish between relevant implications and irrelevant ones.It sat there cranking out millions of implications and putting all the relevant ones on a list of facts to consider and all the irrelevant ones on a list of facts to ignore,as the bomb ticked away.

An intelligent being has to deduce the implications of what it knows,but only the relevant implications.Dennett points out that this requirement poses a deep problem not only for robot design,but for epistemology,the analysis of how we know.The problem escaped the notice of generations of philosophers,who were left complacent by the illusionary effortlessness of their own common sense.Only when artificial intelligence researchers tried to duplicate common sense in computers,the ultimate blank slate did the conundrum,now called the ''frame problem'' come to light.Yet somehow we all solve the frame problem whenever we use our common sense.

സി.കെ.ബാബു October 14, 2009 at 3:57 PM  

ജബ്ബാർ മാഷ്‌,

ലിങ്കിനു് നന്ദി.

bright,

പിങ്കറും ഡെന്നറ്റും ബ്രൈറ്റുകളാണെന്നറിയാമെന്നല്ലാതെ, അവരെ രണ്ടുപേരെയും ഞാൻ വായിച്ചിട്ടില്ല.

To tell about robot and 'common' sense: just try to induce our 'common' sense in a robot and you will see without much delay where you are and what you get! :)

വേഗാഡ് October 27, 2009 at 3:29 AM  

പ്രീയപ്പെട്ട ബാബു;
സംഗീതം ,കണക്ക്‌ ,ചിത്രകല എന്നിവയെ ആധാരമാക്കി മനസിനെയും Machines നെയും പഠിക്കാന്‍ ശ്രമിക്കുന്ന പഴയ ഒരു ബുക്ക്‌ ഉണ്ട് Douglas R Hofstadter എഴുതിയ "GODEL ,EASHER,BACH an Eternal Golden Braid " ഈ ചര്‍ച്ചയില്‍ ഉന്നയിക്കുന്ന അടിസ്ഥാന പ്രശ്നങളിലേക്ക് വെളിച്ചം വീശുന്ന ഒന്ന്

nandana November 9, 2009 at 11:13 AM  

സി കെ ..ഇത്തരം പോസ്റ്റുകള്‍ ..ബ്ലോഗ്‌ വായിക്കാന്‍ പ്രേരണ നല്‍കുന്നു ..വായനക്കാരുടെ നന്‍മയ്ക്ക്‌ വേണ്ടി ..അറിവിന്‌ വേണ്ടി ..കുടുതല്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP