Monday, September 28, 2009

ആഹാരം, ഡാർവിൻ, ലാമാർക്ക്‌

"നീ കഴിക്കുന്നതെന്തോ അതാണു് നീ" എന്നൊരു ചൊല്ലുണ്ടു്. അതു് മിക്കവാറും ശരിയാണെന്നു് അംഗീകരിക്കേണ്ടിവരുന്ന വിധത്തിലാണു് താരതമ്യേന ഒരു പുതിയ ശാസ്ത്രശാഖയായ എപ്പിജെനറ്റിക്സ്‌ (Epigenetics) നടത്തിക്കൊണ്ടിരിക്കുന്ന കണ്ടെത്തലുകൾ. നമ്മുടെ ആഹാരരീതികൾ ജീനുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലും അവയുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനോ നിഷ്ക്രിയമാക്കുവാനോ അവ പര്യാപ്തമാണു്. അത്തരം എപ്പിജെനറ്റിക്കൽ മാറ്റങ്ങൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുകയും ചെയ്യുന്നുണ്ടു്. ആഹാരം വഴി മാത്രമല്ല, പരിസ്ഥിതിയിൽ നിന്നുള്ള മറ്റു് ഘടകങ്ങൾവഴിയും ഈവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം. എപ്പിജെനറ്റിക്കൽ ആയി സംഭവിച്ച മാറ്റങ്ങൾ അടുത്ത തലമുറയിലേക്കു് പകർന്നു് കൊടുക്കപ്പെടാം എന്നതു് ചാൾസ്‌ ഡാർവിൻ നിഷേധിച്ചിരുന്ന ഒരു കാര്യമായിരുന്നു എന്നതിനാൽ ഈ കണ്ടെത്തലിനും, അതുപോലെതന്നെ, ഭാഗികമായെങ്കിലും ലാമാർക്കിനും പ്രസക്തിയേറുന്നു.

അണ്ഡവും ബീജവും തമ്മിലുള്ള സംയോജനം വഴി ഒരു പുതിയ ജീവൻ രൂപമെടുക്കുന്നതിനു് പിന്നിൽ ജീനുകൾ മാത്രമാണു് പ്രവർത്തിക്കുന്നതെന്ന ധാരണയായിരുന്നു പൊതുവേ ഇതുവരെ ഉണ്ടായിരുന്നതു്. ജീനുകളിലെ മ്യൂട്ടേഷൻസ്‌ മാത്രമേ ശാശ്വതമായി പകർന്നുകൊടുക്കപ്പെടുന്നുള്ളു എന്നും, ജീനുകളെ ഓണും ഓഫും ആക്കുന്നതിനു് ആവശ്യമായ എപ്പിജെനറ്റിക്കൽ ഇൻഫർമേഷൻസ്‌ സംയോജനസമയത്തു് 'പൂജ്യമാക്കി' മാറ്റി അകറ്റിനിർത്തപ്പെടുമെന്നുമായിരുന്നു ശാസ്ത്രപുസ്തകങ്ങൾ ഇതുവരെ പൊതുവേ നൽകിയിരുന്ന അറിവു്. പക്ഷേ, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എപ്പിജെനറ്റിക്സ്‌ കൈവരിക്കുന്ന പുരോഗതി ഈ അഭിപ്രായത്തെ തിരുത്തി എഴുതാൻ പര്യാപ്തമായവയാണു്.

പരിസ്ഥിതിയുടെ സ്വാധീനം ജീവികളിൽ പ്രത്യക്ഷമായ പരിണാമത്തിനു് കാരണമാവുമെന്നും ആ മാറ്റങ്ങൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുമെന്നുമുള്ളതിന്റെ ഒരു തെളിവാണു് സ്വിറ്റ്‌സർലണ്ടിലെ റെനാറ്റോ പാറൊ എന്ന എപിജെനറ്റിക്സ്‌ വിദഗ്ദ്ധൻ ഒരേ തരം ജീനുകളുള്ള പഴഈച്ചകളുടെ മുട്ടകളിൽ നടത്തിയ പരീക്ഷണം. ഒരുവിഭാഗം മുട്ടകൾക്കു് 37°C ചൂടിൽ ഒരു ഹീറ്റ്‌ ഷോക്ക്‌ നൽകപ്പെട്ടു. അത്തരം ഒരു ഷോക്ക്‌ പരിസ്ഥിതിസ്വാധീനത്തിന്റെ പരിധിയിൽ വരുന്ന ലഘുവായ ഒരു അനുഭവം ആണു്. ജീനുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന റേഡിയോ ആക്റ്റിവിറ്റി പോലെ ശക്തമായ ഒരു പ്രവർത്തനം അല്ലെന്നു് സാരം. ഷോക്ക്‌ നൽകപ്പെട്ട മുട്ടകൾ വിരിഞ്ഞപ്പോൾ സാധാരണഗതിയിൽ വെളുത്തനിറമായിരിക്കേണ്ട അവയുടെ കണ്ണുകൾ ചുവന്ന നിറമുള്ളവയായി മാറിയിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ നീതീകരണത്തിനായി അത്തരം ഏറെ ഈച്ചകളെ സാധാരണ രീതിയിൽ (ഹീറ്റ്‌ ഷോക്ക്‌ നൽകാതെ) തുടർന്നു് വളരാൻ അനുവദിച്ചു. അവയുടെ മുട്ടകളിൽ നിന്നും വിരിഞ്ഞ രണ്ടാമത്തെ തലമുറയും ചുവന്ന കണ്ണുകളുള്ളവയായി വിരിഞ്ഞതു് അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ഈ വസ്തുത പൊതുവേ പിൻതള്ളപ്പെട്ടുകഴിഞ്ഞ ലാമാർക്കിസത്തെ ഭാഗികമായെങ്കിലും പുനരധിവസിപ്പിക്കുന്നതിനു് തുല്യമാണു്. ജീവിതകാലത്തു് ആർജ്ജിച്ച സവിശേഷതകൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുന്നുണ്ടു് എന്നതാണു് (soft inheritance) ഡാർവിനു് 65 വർഷം മുൻപു് ജനിച്ച ലാമാർക്കിന്റെ സിദ്ധാന്തം. എപ്പിജെനറ്റിക്ക്‌ ഇൻഫർമേഷൻസ്‌ ജെനറ്റിക്‌ ഇൻഫർമേഷനുകളെ അപേക്ഷിച്ചു് ലളിതമായി സ്വാധീനിക്കപ്പെടാവുന്നതാണു്. എപ്പിജെനറ്റിക്‌ സ്വാധീനം വഴി ഒരേ തലമുറയിൽ തന്നെ പരിണാമം സാദ്ധ്യമാണു് എന്നതിനർത്ഥം, ജീവികളിൽ സംഭവിക്കുന്ന പരിണാമം പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചു് അങ്ങേയറ്റം ത്വരിതപ്പെടുത്താവുന്നവയാണെന്നാണല്ലോ. ഈ വസ്തുത ഡാർവിന്റെ പരിണാമസിദ്ധാന്തവുമായി കൂട്ടി വായിക്കുമ്പോൾ തന്റെ പരിണാമസിദ്ധാന്തത്തിനു് ഡാർവിനു് അത്ര തൃപ്തികരമായി നൽകാൻ കഴിയാതിരുന്ന ഒരു വിശദീകരണം നമുക്കു് ലഭിക്കുന്നു, അഥവാ, പരിണാമത്തിന്റെ ഗതിവേഗവർദ്ധനവിനു് നൽകാൻ കഴിയുന്ന തൃപ്തികരമായ ഒരു വിശദീകരണം.

എപ്പിജെനറ്റിക്കൽ ആയി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കു് ഏറ്റവും അനുയോജ്യരായ മറ്റൊരു വിഭാഗമാണു് ബാല്യവും കൗമാരവും മാതാപിതാക്കളോടൊപ്പം കഴിഞ്ഞശേഷം വിദ്യാഭ്യാസത്തിനും മറ്റുമായി വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഏകഅണ്ഡഇരട്ടകൾ. ആഫ്രിക്കയിലേയും തെക്കേ അമേരിക്കയിലേയും യൂറോപ്പിലേയുമൊക്കെ കാലാവസ്ഥക്കും, സാമൂഹികചുറ്റുപാടുകൾക്കും അനുസൃതമായി അവിടങ്ങളിലെ ആഹാരരീതികളും മറ്റു് പരിസ്ഥിതിസ്വാധീനങ്ങളും പരസ്പരം വ്യത്യസ്തമായിരിക്കുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ വ്യത്യസ്തസമൂഹങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഇരട്ടകളുടെ ജീവിതരീതികളും ശീലങ്ങളും രോഗങ്ങളും അവരുടെ ജീനുകളും പഠനവിധേയമാക്കപ്പെടുകയായിരുന്നു. ആഹാരരീതികളിലെ വ്യത്യാസങ്ങൾ ഏകഅണ്ഡഇരട്ടകളിൽ പോലും വ്യക്തമായ മാറ്റങ്ങൾ (ഒരേ തലമുറയിൽ തന്നെ) വരുത്താനാവും എന്നതായിരുന്നു പഠനഫലം.

അതുപോലെ, യുദ്ധം മൂലമോ മറ്റു് കാരണങ്ങളാലോ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന മനുഷ്യരേയും അവരുടെ പിൻതലമുറകളെയും പരിശോധനാവിധേയരാക്കി. ഉദാഹരണത്തിനു്, രണ്ടാം ലോകമഹായുദ്ധകാലത്തു് 1944-ലെ വിന്ററിൽ നാറ്റ്‌സികൾ ഒരു ശിക്ഷയായി ഹോളണ്ടിലെ ആഹാരപദാർത്ഥങ്ങളുടെ സപ്ലൈ തടഞ്ഞതുവഴി അനേകം ഹോളണ്ടുകാർ ദാരിദ്ര്യം മൂലം മരണമടഞ്ഞിരുന്നു. ദാരിദ്ര്യത്തിന്റെ ഏറ്റവും തിക്തമായ ഫലം അനുഭവിക്കേണ്ടിവന്നതു് സ്വാഭാവികമായും ഗർഭിണികളും കുഞ്ഞുങ്ങളുമായിരുന്നു. ആറുമാസം നീണ്ടുനിന്ന ആ ക്ഷാമകാലത്തു് ജനിക്കുകയും അതിജീവിക്കുകയും ചെയ്തവരിലും അവരുടെ പിൻതലമുറകളിലും ദീർഘകാലപഠനങ്ങൾ നടത്തി അവ മറ്റു് കാലഘട്ടങ്ങളിലെ സ്റ്റാറ്റിസ്റ്റിക്സുമായി താരതമ്യം ചെയ്യപ്പെട്ടു. ജനനമരണങ്ങളുടെ വിശദമായ കണക്കുകളും വിവരങ്ങളും നൂറ്റാണ്ടുകളിലൂടെ കൃത്യമായി എഴുതി സൂക്ഷിക്കുന്ന ആശുപത്രികൾ, മറ്റു് സാമൂഹികസ്ഥാപനങ്ങൾ മുതലായവ ഇത്തരം പഠനങ്ങൾക്കു് സഹായകമായി. ദാരിദ്ര്യം പോലുള്ള സാമൂഹികസാഹചര്യങ്ങൾ മൂലം വേണ്ടത്ര ഭാരമില്ലാതെ ജനിക്കേണ്ടിവരുന്ന കുഞ്ഞുങ്ങൾക്കു് ഭാവിയിൽ ഡയബെറ്റിസ്‌, ഹൃദയസംബന്ധമായ രോഗങ്ങൾ മുതലായവ ബാധിക്കുന്നതിനുള്ള സാദ്ധ്യതകൾ കൂടുതലാണെന്ന വസ്തുതയിലേക്കാണു് ഈ പഠനങ്ങൾ വിരൽ ചൂണ്ടിയതു്. അതായതു്, ശൈശവത്തിലെ പോഷകാഹാരക്കുറവു് സെല്ലുകളിൽ ഒരു ഓർമ്മയായി സൂക്ഷിക്കപ്പെടുന്നു.

എന്തൊക്കെയാണു് നമ്മുടെ ജീനുകളെ പ്രവർത്തനരഹിതമാക്കാനും വീണ്ടും പ്രവർത്തനക്ഷമമാക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? പ്രധാനമായും നമ്മുടെ ആഹാരരീതികൾ, പുകവലി, മദ്യം ഇവയെല്ലാമാണവ. കൂടാതെ, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്‌ രശ്മികൾ, നമ്മൾ സ്പർശിക്കുന്ന പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ, തൊഴിൽപരമോ അല്ലാത്തതോ ആയ സ്ട്രെസ്‌ മൂലം ശരീരത്തിൽ രൂപമെടുക്കുന്ന ഹോർമോണുകൾ ഇവയെല്ലാം ജീനുകളിലെ ആക്റ്റിവിറ്റിയെ സ്വാധീനിക്കുന്ന കാര്യത്തിൽ അവയുടേതായ പങ്കു് വഹിക്കുന്നുണ്ടു്.

കൈകൊണ്ടു് ആഹാരം കഴിക്കുന്ന ഭാരതീയർ പാശ്ചാത്യരുടെ കാഴ്ചപ്പാടിൽ ഒരുപക്ഷേ വേണ്ടത്ര ഹൈജീൻ പാലിക്കാത്തവരാണെങ്കിലും, പൊതുവേ അവർ ആരോഗ്യവാന്മാരാണു്. മതപരമായ കാരണങ്ങളാൽ മാംസാഹാരം പാടേ ഉപേക്ഷിക്കുന്ന ജനവിഭാഗങ്ങൾ പോലും ഭാരതത്തിൽ ആയിരിക്കുന്നിടത്തോളം അനാരോഗ്യവാന്മാരല്ല. പക്ഷേ, അവരിൽത്തന്നെ പലരും ശുചിത്വത്തിനും ആഹാരപദാർത്ഥങ്ങളുടെ നൂറുശതമാനം വൃത്തിക്കും പരമപ്രാധാന്യം നൽകുന്ന പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറി പാർക്കുമ്പോൾ ഹൃദയസംബന്ധമായ ബലഹീനതകൾക്കു് വിധേയരാവുന്നു! അതിന്റെ കാരണം തേടി അവരുടെ ആഹാരരീതികൾ പഠനവിധേയമാക്കിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതു് നൂറുശതമാനം ശുദ്ധീകരിക്കപ്പെട്ടു് മാർക്കറ്റിൽ എത്തുന്ന പാശ്ചാത്യപച്ചക്കറികളിൽ നിന്നും ജന്മനാട്ടിലെ പച്ചക്കറികളിലെ മൈക്രോ ഓർഗനിസങ്ങളിലൂടെ അവർക്കു് ലഭിച്ചുകൊണ്ടിരുന്ന വൈറ്റമിൻ B-12 ലഭിക്കുന്നില്ല എന്നതായിരുന്നു. അതായതു്, എപ്പിജെനറ്റിക്കൽ ആയി പ്രാധാന്യം അർഹിക്കുന്ന ഒരു പദാർത്ഥം അവർ ഉപയോഗിച്ചിരുന്ന പാശ്ചാത്യപച്ചക്കറികളിൽ നിന്നും അവർക്കു് ലഭിച്ചിരുന്നില്ല.

അതുപോലെതന്നെ രസകരമായ മറ്റൊരു വസ്തുതയാണു് വ്യാവസായികപുരോഗതിയിലും ജീവിതത്തിരക്കിലും തത്തുല്യമായ സമൂഹങ്ങളെ അപേക്ഷിച്ചു് ജപ്പാൻകാരുടെ ഇടയിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം പൊതുവേ കുറവാണെന്നതു്. ജപ്പാനിൽ സർവ്വവ്യാപകമായി പാനം ചെയ്യപ്പെടുന്ന ഗ്രീൻ റ്റീ ആണു് അതിന്റെ കാരണമായി മനസ്സിലാക്കപ്പെടുന്നതു്. ചൂടുവെള്ളവുമായി ചേരുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന ഈ ചായയിലെ സ്വാഭാവികമായ ഒരു രാസപദാർത്ഥം വാർദ്ധക്യത്തിൽ സാധാരണഗതിയിൽ നിഷ്ക്രിയമാക്കപ്പെടുന്ന ഒരു പ്രത്യേക ജീനിനെ വീണ്ടും ആക്റ്റിവേറ്റ്‌ ചെയ്യാൻ പര്യാപ്തമാണെന്നു് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടു്. അങ്ങനെ, DNA Methylation മൂലം ഓഫ്‌ ചെയ്യപ്പെട്ടിരുന്ന ജീൻ ആക്റ്റീവ്‌ ആവുന്നതോടെ ശരീരത്തിന്റെ സ്വന്തവും ക്യാൻസറിനെ നേരിടാൻ കഴിവുള്ളതുമായ ഒരു പദാർത്ഥം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണു് ജപ്പാനിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഗ്രീൻ റ്റീയുടെ പ്രവർത്തനത്തിനു് പിന്നിലെ എപ്പിജെനറ്റിക്‌ രഹസ്യം.

നമ്മുടെ എല്ലാ രോഗങ്ങളുടെയും പിന്നിൽ പ്രധാനപ്പെട്ട ഒരു എപ്പിജെനറ്റിക്‌ ഘടകം ഉണ്ടാവണം. കാരണം, നമ്മുടെ ജീനോമിലെ മിക്കവാറും എല്ലാ ജീനുകളും എപ്പിജെനറ്റിക്കൽ 'മുദ്രകളാൽ' നിയന്ത്രിക്കപ്പെടുന്നവയാണു്. ശരീരത്തിലെ സെല്ലുകളുടെ നവീകരണത്തിനുവേണ്ടി ജീവിതകാലത്തിലുടനീളം സംഭവിക്കുന്ന സെൽവിഭജനത്തിന്റെ വേഗത ഭയാനകവും, നമ്മൾ കഴിക്കുന്ന ആഹാരം അതിന്റെ ഒരു അവിഭാജ്യഘടകവുമാണു്. ഒരേയൊരു DNA-യിൽ 320 കോടി Base pairs ആണു് ഉള്ളതു്! അതായതു്, ഇരുപതു് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു സെൽ വിഭജനത്തിൽ ഒരു സെക്കന്റിൽ(!) 44000-ത്തിലേറെ Base pairs ആണു് കൃത്യമായ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെടേണ്ടതു്! ക്ഷാമകാലങ്ങളിൽ സെൽ വിഭജനത്തിനു് ആവശ്യമായ പല പോഷകപദാർത്ഥങ്ങളും ശരീരത്തിൽ ഉണ്ടാവാറില്ല എന്നതിനാൽ പല ജെനറ്റിക്‌ ഇൻഫർമേഷൻസും നഷ്ടപ്പെട്ടുപോകാം. സെൽ വിഭജനത്തിൽ ജീനുകളിലെ മുഴുവൻ 'സർക്ക്യൂട്ടുകളും' തെറ്റുകൂടാതെ പകർത്തപ്പെടുന്നതിനു് നിർബന്ധമായും വേണ്ട പദാർത്ഥങ്ങളാണു് Folic acid, vitamin B-12 മുതലായവ. ഗർഭപാത്രത്തിൽ തന്നെ ഇത്തരം പദാർത്ഥങ്ങൾ ഭ്രൂണത്തിനു് ലഭ്യമല്ലെന്നുവന്നാൽ ഭാവിയിലെ രോഗങ്ങൾ അവിടെ വച്ചുതന്നെ നിശ്ചയിക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഫാഷൻ ലോകത്തിൽ മാർക്കറ്റുകളുടെ ഡിമാൻഡിനെ തൃപ്തിപ്പെടുത്താനായി മനഃപൂർവ്വം ആഹാരം ഉപേക്ഷിച്ചു് എല്ലും തൊലിയും മാത്രമായി ഉണങ്ങിവരണ്ട മോഡലുകൾ ഗർഭിണികളായാൽ അതു് കുഞ്ഞിന്റെ ആരോഗ്യത്തെ തീർച്ചയായും പ്രതികൂലമായി ബാധിക്കും. 'മാതൃകാ'സൗന്ദര്യത്തിനുവേണ്ടിയോ, അതോ ദാരിദ്ര്യം മൂലമോ പട്ടിണി കിടന്നതെന്ന കാര്യം പ്രകൃതിക്കു് അറിയണമെന്നു് നിർബന്ധമില്ല. ഗർഭിണികൾ ആവാൻ ആഗ്രഹിക്കുന്നവർ അവരുടെ ആഹാരം ബോധപൂർവ്വം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണു് ഇതു് വിരൽ ചൂണ്ടുന്നതു്. അതുപോലെതന്നെ, ഗർഭധാരണത്തിനു് മുൻപുള്ള കാലഘട്ടത്തിൽ ഭർത്താവു് അമിതമായ മദ്യോപയോഗത്തിനു് അടിമയായിരുന്നുവെങ്കിൽ കുഞ്ഞിന്റെ പ്രസവസമയത്തെ ഭാരം കുറഞ്ഞിരിക്കുമെന്നു് പഠനങ്ങൾ തെളിയിക്കുന്നു. നമ്മൾ എന്തു് കഴിക്കുന്നു എന്നതു് ഏതു് വിധത്തിൽ നോക്കിയാലും അപ്രധാനമായ ഒരു കാര്യമല്ല.

schizophrenia, autism മുതലായ മാനസികരോഗങ്ങൾ ഉള്ളവരിൽ തലച്ചോറിൽ ഒരു വാഹകപദാർത്ഥം രൂപമെടുക്കുന്നതിനെ തടയുന്ന ഒരു എപ്പിജെനറ്റിക്‌ ബയോമാർക്കർ കണ്ടെത്താനായിട്ടുണ്ടു്. ഈ ബയോമാർക്കർ ആഹാരം വഴി രൂപമെടുക്കുന്നതാണെന്നതും മിക്കവാറും ഉറപ്പായ കാര്യമാണു്. മേഥിൽ ഗ്രൂപ്‌ (Methyl group) അടങ്ങുന്ന ആഹാരങ്ങൾ കഴിക്കുന്നതുവഴി methylisation സാദ്ധ്യമാക്കുന്ന എൻസൈമുകൾ ആക്റ്റീവ്‌ ആവുമെന്നതിനാൽ ജീനുകളിലെ സ്വിച്ചുകളുടെ ഓൺ-ഓഫ്‌ പ്രക്രിയ നിയന്ത്രിക്കാനാവും. ഈ നിയന്ത്രണസാദ്ധ്യത ചികിത്സാരംഗത്തിനു് തീർച്ചയായും ഒരു മുതൽക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണു്.

അതായതു്, നമ്മുടെ ജീനുകൾ മാത്രമല്ല, അവയുടെ 'സർക്ക്യൂട്ട്‌ പ്ലാനുകളും' തലമുറയിൽ നിന്നും തലമുറയിലേക്കു് പകർന്നു് കൊടുക്കപ്പെടുന്നുണ്ടു്. ഒരു കുഞ്ഞിന്റെ ആദ്യമാസങ്ങളിലെ ആഹാരം ഭാവിജീവിതത്തെ മുഴുവൻ ബാധിക്കത്തക്ക വിധത്തിൽ ശരീരത്തിൽ സ്ഥിരമായി പ്രോഗ്രാം ചെയ്യപ്പെടുന്നു എന്നു് ചുരുക്കം. ആഹാരം മാത്രമല്ല, ഒരു കുഞ്ഞിന്റെ ശരീരം നേരിട്ടു് ബന്ധപ്പെടേണ്ടിവരുന്ന ഉപകരണങ്ങൾ ഏതു് പദാർത്ഥം കൊണ്ടുള്ളതാണെന്നതുവരെ വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണു്. ഉദാഹരണത്തിനു്, കുഞ്ഞിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാവുന്ന ഒരു പദാർത്ഥമാണു് പല നിത്യോപയോഗ പ്ലാസ്റ്റിക്‌ ഉപകരണങ്ങളിലുമെന്നപോലെതന്നെ പോളികാർബണേറ്റ്‌ മുലക്കുപ്പികളിലെയും ഒരു രാസഘടകമായ Bisphenol A. ചൂടാക്കുന്നതുവഴി ചെറിയ തോതിൽ വേർപ്പെടുന്ന ഈ രാസഘടകം കുഞ്ഞുങ്ങൾ പാലിനോടൊപ്പം ഉള്ളിലാക്കുന്നു. Bisphenol A നേരിട്ടു് ഒരു വിഷമല്ലെങ്കിലും അതിന്റെ പ്രത്യേക മോളിക്യൂൾ ഘടനയുടെ ഫലമായി അതു് എസ്റ്റ്രോജെൻ റിസപ്റ്റേഴ്സിൽ പറ്റിപ്പിടിക്കുകയും അതുവഴി ഓഫ്‌ ആയിരിക്കേണ്ട ജീനുകളിലെ സ്വിച്ചുകളെ ഓൺ ആക്കി മാറ്റുകയും ചെയ്യുന്നു. പെൺകുട്ടികളിൽ അതു്, ഉദാഹരണത്തിനു്, ബാല്യത്തിൽ തന്നെ യൗവനാരംഭത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുന്നതിനു് കാരണമാവാം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളായ മാതാപിതാക്കൾ ഒന്നുകിൽ ഗ്ലാസ്‌ കുപ്പികൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ബിസ്ഫിനോൾ എ ഇല്ലാത്ത പ്ലാസ്റ്റിക്ക്‌ കുപ്പികൾ (അവ ലഭ്യമായ രാജ്യങ്ങളിൽ) ഉപയോഗിക്കുകയോ ചെയ്യുന്നതു് ഉത്തമമായിരിക്കും.

(അവലംബം: ഇന്റർനെറ്റ്‌ അടക്കം വിവിധ സോഴ്സുകൾ)

18 comments:

അനിൽ@ബ്ലൊഗ് September 28, 2009 at 4:47 PM  

പ്രസക്തമായ വിവരങ്ങള്‍.
നന്ദി ബാബുമാഷ്.
ന്യൂക്ലിയസിനു പുറത്തുള്ള ജനിതക വസ്തുക്കള്‍ (മൈറ്റോ കോണ്ഡ്രിയയില്‍ ഉള്ളവ), കൂടാതെ അണ്ഡ കോശത്തിലെ മറ്റ് കോശഘടങ്ങളുടെ പ്രകടനം എല്ലാം പുതു തലമുറയെ ബാധിക്കുന്നവയുമാണല്ലോ.

cALviN::കാല്‍‌വിന്‍ September 28, 2009 at 5:09 PM  

ആഹാരകാര്യങ്ങളിലെ അശ്രദ്ധ ഇനിയെങ്കിലും മാറ്റേണ്ടിയിരിക്കുന്നു :-/

ഞാന്‍ September 28, 2009 at 9:54 PM  

അവസാനത്തെ ഖണ്ഡികയുമായി നേരിട്ടു ബന്ധമില്ലെങ്കിലും...

പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ബ്രോയ്‌ലര്‍ ചിക്കന്‍ ഒരുപാടു കഴിക്കുന്നത് പെണ്‍കുട്ടികള്‍ പ്രായമാകുന്നതിന് മുമ്പേ sexually matured ആകുന്നതിന് കാരണമാകുന്നു എന്ന്. ബ്രോയ്‌ലര്‍ ചിക്കനെ പെട്ടെന്ന് തടി വെക്കുവാന്‍ കുത്തി വയ്ക്കുന്ന ഹോര്‍മോണുകളാണ് ഇതിലെ വില്ലനെന്നും വായിച്ചു. എന്റെ സംശയം, ചൂടാക്കുമ്പോള്‍ നശിക്കുന്ന പ്രോട്ടീനുകളായ ഹോര്‍മോണുകള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ "മാത്രം" ബാധിക്കുന്നത്? ആണുങ്ങളില്‍ ഇത് യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ലേ?

suraj::സൂരജ് September 29, 2009 at 12:24 AM  

രസകരമായ ഒരു വിഷയത്തിലേക്കാണ് ടോര്‍ച്ചടിച്ചത്. വളരെ നന്ദി മാഷേ. "ഉപരിജനിതകസ്വാധീനം" എന്ന് epigenetic influencesനെ വിളിക്കാമോ ? അങ്ങനെ വിളിക്കാന്‍ തോന്നുന്നു ;)

ഇതിനെക്കുറിച്ച് പോസ്റ്റാക്കാന്‍ കുറിച്ചിട്ട ചിലത് ഇവിടെ ചില അനുബന്ധ ചിന്തകളായി പോസ്റ്റുന്നു. ബോറാകില്ലെന്ന് കരുതട്ടെ :

1. എപ്പിജെനറ്റിക്സിന്റെ അപാരസാധ്യതകള്‍ വൈദ്യലോകം അന്വേഷിച്ചുതുടങ്ങുന്നതേയുള്ളൂ. വിവിധതരം കാന്‍സറുകളുടെ കാരണങ്ങളന്വേഷിച്ചുള്ള ഗവേഷണങ്ങളിലാണ് എപ്പിജെനറ്റിക്സിന്റെ കളി ഏറ്റവും അത്ഭുതകരമായി നമുക്കു മുന്നില്‍ തുറന്നത്. ഉദാഹരണത്തിന് ഡി.എന്‍.ഏ ചുരുളുകളില്‍ 'ഉറങ്ങിക്കിടക്കുന്ന' ജീനുകളെ അനിയന്ത്രിതമായ വിഘടിക്കലുകളില്‍ നിന്നും പെരുകലില്‍ നിന്നും സംരക്ഷിക്കുന്ന പ്രോട്ടീനുകളാണ് ഹിസ്റ്റോണുകള്‍. ഇവയുടെ രാസഘടനയില്‍ ചില മാറ്റങ്ങള്‍ വരുന്നതു മൂലം ജീനുകള്‍ ഉണര്‍ത്തപ്പെടുകയോ അമര്‍ച്ച ചെയ്യപ്പെടുകയോ ആവാം. പലവിധ എപ്പിജെനറ്റിക് സ്വാധീനങ്ങള്‍ മൂലം ഹിസ്റ്റോണ്‍ പ്രോട്ടീനുകളുടെ ഘടന മാറുകയും ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ജീനുകള്‍ നിശബ്ദമാക്കപ്പെടുകയും ചെയ്യാറുണ്ട്. ഇതിനെ തടയുന്ന Panobinostat പോലുള്ള മരുന്നുകള്‍ ഇന്ന് തൊലിപ്പുറത്തെ ചില ക്യാന്‍സറുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.


2. ഡയബീടിസ് ഗവേഷണമാണ് വളരെയധികം സാധ്യതകള്‍ തുറക്കുന്ന മറ്റൊരു രംഗം:

സൈറ്റോകയ്നുകള്‍ എന്നുവിളിക്കുന്ന ഒരു കൂട്ടം ജൈവകണികകളുണ്ട്. ശരീരത്തിലെ മിക്ക കോശങ്ങളും മറ്റ് കോശങ്ങളുമായി സിഗ്നലുകള്‍ കൈമാറുന്നതിനും കലകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സൈറ്റോകയ്നുകള്‍ വിസര്‍ജ്ജിക്കാറുണ്ട്. പ്രമേഹരോഗികളില്‍, വിശേഷിച്ച് പ്രായമാകുമ്പോള്‍ വരുന്ന ടൈപ്-2 പ്രമേഹത്തില്‍, ഉയര്‍ന്ന സൈറ്റൊകയ്ന്‍ അളവുകള്‍ കാണുന്നു. ഇത്തരക്കാരില്‍ ഉയര്‍ന്ന അളവില്‍ രക്ത ഇന്‍സുലിന്‍ ഉണ്ടായിരുന്നാലും കോശങ്ങളില്‍ അതിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ സൈറ്റൊകയ്നുകള്‍ പലവിധമെക്കാനിസങ്ങളിലൂടെ തടയുന്ന അവസ്ഥയുണ്ട്. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (ഇന്‍സുലിന്‍ പ്രതിരോധം) എന്ന്‍ ചുരുക്കി പറയാം. ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തടിയും കൊഴുപ്പും കുറയ്ക്കുന്നവരില്‍ ഈ സൈറ്റൊകയ്നുകളുടെ അളവു താഴുന്നതായും തന്മൂലം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയുന്നതായും കൊടുക്കുന്ന ഇന്‍സുലിന്‍ നന്നായി പ്രവര്‍ത്തിക്കുന്നതായും കണ്ടിട്ടുണ്ട്. ഇതിനു സമാനമായ ഇഫക്റ്റ് ആസ്പിരിനും ട്രോഗ്ലിറ്റസോണും പോലുള്ള മരുന്നു കഴിക്കുന്ന പ്രമേഹരോഗികളിലും കണ്ടുവരുന്നു.

സൈറ്റൊകയ്ന്‍ നിര്‍മ്മാണത്തിന്റെ ബ്ലൂപ്രിന്റ് അടങ്ങുന്ന ജീനുകളുടെ മേല്‍ ഒരു അടപ്പു പോലെയാണ് മെഥൈല്‍ അംഗങ്ങള്‍ (methyl groups) പ്രവര്‍ത്തിക്കുക. ഈ മെഥൈല്‍ 'അടപ്പു'ള്ളപ്പോള്‍ പ്രസ്തുത ജീനുകളുടെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമായിരിക്കും. അതായത് ഈ ജീനുകള്‍ ആവശ്യത്തിനുമാത്രം പ്രവര്‍ത്തിച്ച് സൈറ്റൊകയ്നുകള്‍ റിലീസ് ചെയ്യുക എന്ന രീതി. അമിതവണ്ണമുള്ളവരില്‍ കൊഴുപ്പുകോശങ്ങളും അധികമായിരിക്കും. ഈ കൊഴുപ്പു കോശങ്ങളിലെ എണ്ണതന്മാത്രകള്‍ വിഘടിച്ചുണ്ടാകുന്ന ചില രാസവസ്തുക്കള്‍ ജീനുകള്‍ക്ക് മേല്‍ "അടപ്പാ"യി വര്‍ത്തിക്കുന്ന മെഥൈല്‍ അംഗങ്ങളെ മറ്റ് രാസമാറ്റങ്ങള്‍ക്കായി വലിച്ചെടുക്കുന്നു. ഇത് ജീനുകളുടെ മെഥിലേയ്ഷന്‍ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു, മെഥൈല്‍ അംഗങ്ങളെ നഷ്ടപ്പെടുന്നതിനുമിടയാക്കുന്നു (ഡീ-മെഥിലേയ്ഷന്‍). കൂടുതല്‍ കൊഴുപ്പു കോശങ്ങളുള്ള പ്രമേഹരോഗികളില്‍ ഈ കൊഴുപ്പു വിഘടിക്കലും സൈറ്റൊകയ്ന്‍ ജീനുകളുടെ ഡീ-മെഥിലേയ്ഷനും കൂടുതലാകുന്നു. ആത്യന്തികമായി സൈറ്റൊകയ്നുകളുല്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീനുകള്‍ക്ക് നിയന്ത്രണം നഷ്ടമാകുന്നു, തുടര്‍ന്ന് കൂടുതല്‍ സൈറ്റോകയ്നുകള്‍ ഉത്സര്‍ജിക്കപ്പെടുന്നു, ഇന്‍സുലിന്‍ റെസിസ്റ്റന്‍സും കൂടുന്നു. അമിതവണ്ണമുള്ള പ്രമേഹക്കാരില്‍ ഇന്‍സുലിന്റെ ആവശ്യകത ക്രമമായി കൂട്ടേണ്ടിയും വരുന്നു.

continued below:

suraj::സൂരജ് September 29, 2009 at 12:25 AM  

3. ആഹാരത്തിലൂടെ ലഭിക്കുന്ന കൊച്ചുകൊച്ചു പോഷകങ്ങള്‍ ജനികവ്യവസ്ഥയെ തലമുറകളോളം സ്വാധീനിക്കുന്നതിനെയാണ് എപ്പിജെനറ്റിക്സില്‍ കൂടുതലും അന്വേഷിക്കുന്നതെങ്കിലും ആഹാരം മാത്രമല്ല, നമ്മുടെ വളര്‍ച്ചാഘട്ടത്തില്‍ സമൂഹം, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവരൊക്കെ ചെലുത്തുന്ന സ്വാധീനങ്ങളെയും എപ്പിജെനറ്റിക്സിന്റെ പരിധിയില്പെടുത്തി ഗവേഷിക്കുന്നുണ്ട്.

രസകരമായ ഒരു പഠനം 2004-05 കാലത്ത് എലികളില്‍ നടന്നതാണ്. അമ്മ എലി കുഞ്ഞുങ്ങളെ ലാളിക്കുന്നത് അവയുടെ ഭാവി വളര്‍ച്ചയെ ബാധിക്കുമോ എന്നതായിരുന്നു വിഷയം. കുറച്ചു ലാളന മാത്രം കിട്ടിയ കുഞ്ഞെലികളില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് കുറവാണെന്നാണ് കണ്ടെത്തിയത്. അമ്മയുടെ ലാളന കുഞ്ഞെലി തലച്ചോറുകളില്‍ പലവിധ ജൈവരാസമാറ്റങ്ങളുണ്ടാക്കുന്നു. സമ്മര്‍ദ്ദവേളയില്‍ ജന്തുശരീരത്തില്‍ റിലീസ് ചെയ്യുന്ന സ്ട്രെസ് ഹോര്‍മോണായ ഗ്ലൂക്കോ കോര്‍ട്ടിക്കോയ്ഡുകളോട് തലച്ചോറ് പ്രതികരിക്കുന്ന രീതിയിലാണ് ഈ മാതൃവാല്‍സല്യം മൂലം മാറ്റമുണ്ടാകുന്നത്രെ ! ലാളന കിട്ടാത്ത എലിക്കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ അവരുടെ തലച്ചോറുകളിലെ ഗ്ലൂക്കൊകോര്‍ട്ടിക്കോയ്ഡ് സ്വീകരിണികളുടെ (GC receptors) എണ്ണം കുറവായിരിക്കും. കാരണം മാതൃലാളന കുറയുന്നതു മൂലം ഉണ്ടാകുന്ന തലച്ചോറിലെ രാസമാറ്റങ്ങള്‍ ഗ്ലൂക്കകോര്‍ട്ടിക്കോയ്ഡ് സ്വീകരിണികളെ നിര്‍മ്മിക്കുന്ന ജീനുകളെ മന്ദീഭവിപ്പിക്കുന്നു എന്നതു തന്നെ. ഈ എലികളില്‍ ഗ്ലൂക്കകോര്‍ട്ടിക്കോയ്ഡ് സ്വീകരിണികളുടെ എണ്ണം കുറയുന്നു. തന്മൂലം അവര്‍ കൂടുതല്‍ 'വെപ്രാള'ക്കാരായി വളരുന്നു. കൂടുതല്‍ ലാളന കിട്ടുന്നവരില്‍ മെഥിലേയ്ഷന്‍ കുറവായതിനാല്‍ ജീനുകള്‍ നന്നായി പ്രവര്‍ത്തിക്കുകയും GC receptors കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു. തന്മൂലം അവര്‍ സ്ട്രെസ് ഹോര്‍മോണ്‍ കൂടുന്ന സന്ദിഗ്ധാവസ്ഥകളെ കൂടുതല്‍ "സമചിത്തത"യോടെ കൈകാര്യം ചെയ്യുന്നു.

അതേ സമയം ഇതിന് പരിണാമപരമായി ഒരു ഹ്രസ്വകാല നേട്ടവുമുണ്ട്. "ക്ഷാമ" കാലത്ത് ജനിക്കുന്നതോ പ്രതികൂലമായ ചുറ്റുപാടുകളിലോ ജനിക്കുന്ന കുട്ടികളാണ് പൊതുവേ മാതൃലാളന ലഭിക്കാതെ വളരുന്നവര്‍ . അത്തരക്കാരില്‍ സ്ട്രെസ് കൂടുതലാണ് എന്നതുകൊണ്ട് ഒരു ഗുണവുമുണ്ട്. പ്രതികൂല പരിതസ്ഥിതിയോട് അവര്‍ എളുപ്പം പ്രതികരിക്കുന്നു, കൂടുതല്‍ ജാഗ്രത്തായി ഇരിക്കുന്നു, അപകടങ്ങളെ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവും അവരില്‍ കൂടുതലാണ്.

മനുഷ്യരില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. മാതാപിതാക്കളുടെ ശ്രദ്ധ കുട്ടിക്കാലത്ത് കിട്ടാതെ പോകുന്നത് പില്‍ക്കാലത്ത് ക്രിമിനല്‍ മനോഭാവവും സ്കീറ്റ്സൊഫ്രീനിയ (മനോവിദളനം) പോലുള്ള അവസ്ഥകളും ആത്മഹത്യാപ്രവണതകളും ഉണ്ടാകുന്നതിന്റെ ഒരു കാരണമാകാമെന്ന് ചില തിയറികളുണ്ട്. മുകളില്പറഞ്ഞ എലിപരീക്ഷണം അതിലേക്കാണോ ചൂണ്ടുന്നത് എന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്.

4. ഇതൊക്കെയാണെങ്കിലും ജന്തുപരിണാമത്തില്‍ എപ്പിജെനറ്റിക് വ്യതിയാനങ്ങള്‍ക്കുള്ള പങ്ക് പരിമിതമാണ്. നാലഞ്ചു തലമുറകള്‍ക്കപ്പുറം എപ്പിജെനറ്റിക് വ്യതിയാനങ്ങള്‍ ജനിതകസങ്കലനത്തിന്റെ മഹാപ്രവാഹത്തില്‍ നേര്‍ത്തു പോകുകയാണ് ചെയ്യാറ്. പരിണാമത്തിന്റെ അനേകം മെക്കാനിസങ്ങളില്‍ ഒന്നായി എപ്പിജെനറ്റിക് വ്യവഹാരങ്ങളെ കാണുന്നതാവും ഉചിതം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിണാമത്തിന്റെ വേഗതകുറഞ്ഞ ഡാര്വീനിയന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സ്വഭാവമാറ്റങ്ങള്‍ വിശദീകരിക്കാന്‍ എപ്പിജെനറ്റിക് ട്രെയിറ്റുകളുടെ വിശകലനം ശാസ്ത്രത്തെ സഹായിക്കും. മതം, സംസ്കാരം, തലമുറകളിലൂടെ ലഭിക്കുന്ന വാസനകള്‍, മാതാപിതാക്കളില്‍ നിന്ന് നേരിട്ടുണ്ടാകുന്ന സ്വാധീനങ്ങള്‍ ഇവയൊക്കെ എങ്ങനെയാണ് ജന്തുസമൂഹങ്ങളില്‍ വ്യാപിക്കുന്നതും inherit ചെയ്യപ്പെടുന്നതും എന്നതിന് എപ്പിജെനറ്റിക്സിന് ഉത്തരം നല്‍കാനാവും.

ഉസ്മാനിക്ക September 29, 2009 at 1:15 AM  

വിലപ്പെട്ട ചില വിവരങ്ങൾ. നന്ദി..

ഓഫ്: ജനിതക ശാസ്ത്രജ്ഞൻ(ർ) ഇവിടെ ഇനിയെന്തൊക്കെ പുകിലോണോ ഉണ്ടാക്കാൻ പൊകുന്നത് ദൈവമേ.....

:)

Manoj മനോജ് September 29, 2009 at 5:27 AM  

ബിസ്നോഫില്‍ ഒഴിവാക്കുവാന്‍ അതില്ലാത്ത കുപ്പികള്‍ ഉപയോഗിക്കാം. ലക്കും ലഗാനുമില്ലാതെ നാം ഉപയോഗിച്ച ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രാസ കീടനാശിനികള്‍ അമ്മയുടെ മുലപ്പാല്‍ വഴി കുഞ്ഞിന് ലഭിക്കുമ്പോള്‍ അതിന് പകരം എന്താണ് കൊടുക്കേണ്ടത്?

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പരിണിത ഫലമായി കാസര്‍ഗോഡുള്ള പദ്രയില്‍ ഇന്നും കുട്ടികള്‍ അംഗവൈകല്യത്തോടെയും, ബുദ്ധിശൂന്യരായും, തലയോട്ടികളില്ലാതെയും ജനിക്കുന്നു!

രാസ കീടനാശീനികള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴിയുള്ള ബയോ അക്കുമുലേഷന്‍ നിമിത്തം ഡി.എന്‍.എ.യിലുണ്ടാകുന്ന മ്യൂട്ടേഷന്‍ അടുത്ത തലമുറയിലേയ്ക്ക് പകരുന്നു എന്നത് നാം മനപൂര്‍വ്വം വിസ്മരിക്കുന്നു.

Melethil September 29, 2009 at 6:25 AM  

ഈയിടെയായി we were cheated in school എന്നൊരു തോന്നല്‍..ഇതും bright -ന്റെ പുതിയ പോസ്റ്റും ഒക്കെ വായിച്ചപ്പോള്‍ പ്രത്യേകിച്ചും...

- സാഗര്‍ : Sagar - September 29, 2009 at 12:50 PM  

അടുത്ത ബെല്ലോട് കൂടി നാടകം ആരംഭിക്കുന്നു..

എന്ത് ?????? എപ്പിജെനറ്റിക്സ്‌ ഇത് വരെ മണ്ണടിഞ്ഞില്ലേ .. ല്ലേ.. ല്ലേ.. ല്ലേ..... ???? (എക്കോ....)

സി.കെ.ബാബു September 29, 2009 at 2:58 PM  

അനിൽ@ബ്ലൊഗ്‌,

ഇതൊരു വിശാലമായ വിഷയമാണെന്നറിയാമല്ലോ. Mitochondrial DNA-യെപ്പറ്റി കൂടുതൽ വായിക്കണം എന്നുള്ളവർക്കായി ഒരു ലിങ്ക്‌ നൽകുന്നു.

കാൽവിൻ,

അങ്ങനെ നല്ല കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്തു് ശരീരവും മനസ്സും നന്നാക്കാൻ നോക്കു്! :)

ഞാൻ,

ഇത്തരം വിഷയങ്ങളെപ്പറ്റി ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ വരാറുണ്ടു്. സൗന്ദര്യത്തിനുവേണ്ടി അൽപം ചില്ലറ മുടക്കാൻ സ്ത്രീകൾ മടിക്കാറില്ല എന്നതിനാൽ അവരെ ലക്ഷ്യമാക്കി മാർക്കറ്റിൽ എത്തുന്നവയുടെ അനുപാതം കൂടുതലുമാണു്. അവയൊക്കെ മുഖവിലക്കെടുത്താൽ 'ധനനഷ്ടവും മാനഹാനിയും' ആവും ഫലം. :)

സൂരജ്‌,

epi എന്ന ഗ്രീക്ക്‌ പദത്തിനു് over, above എന്നൊക്കെ അർത്ഥമുള്ളതുകൊണ്ടു് epigenetic influence-നെ ഉപരിജനിതകസ്വാധീനമെന്നോ അതിജനിതകസ്വാധീനമെന്നോ വിളിക്കേണ്ടതെന്നു് സംശയരൂപത്തിൽ ഒരു കമന്റ്‌ വെള്ളെഴുത്തിന്റെയോ ചിത്രകാരന്റെയോ പുതിയ പോസ്റ്റുകളിൽ ഇട്ടാലോ? :)

വിശദമായ കമന്റുവഴി ലേഖനത്തെ വിപുലീകരിച്ചതിനു് നന്ദി.

ഉസ്മാനിക്ക,

ലേഖനത്തിൽ പറഞ്ഞ ജപ്പാൻ green tea പോലെ ശാന്തമാക്കുന്ന ഏതെങ്കിലും ചായ കുടിച്ചു് ജനിതകശാസ്ത്രജ്ഞർ നിർവ്വാണാവസ്ഥയിലാവാം. :)

പാമരൻ,

നന്ദി.

മനോജ്‌,

കീടനാശിനികൾ അമിതവും അവിദഗ്ദ്ധവുമായി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി എന്റെ ചില ലേഖനങ്ങളിൽ ഞാനും സൂചിപ്പിച്ചിട്ടുണ്ടു്. സെൻസേഷൻ ഒന്നുമില്ലാത്ത അത്തരം കാര്യങ്ങൾ പക്ഷേ ആർക്കു് വേണം? ആർക്കു് അതൊക്കെ അറിയണം? എനിക്കു് ശേഷം പ്രളയം, അത്രതന്നെ! 'നാടുവാഴികൾ' മാത്രമായ കേരളത്തിലെ ഭരണകർത്താക്കളിൽ ഒരാളെ ചൂണ്ടിക്കാണിക്കാനാവുമോ ഈ വിഷയങ്ങളിൽ പ്രാഥമികമായ വിവരങ്ങൾ എങ്കിലും ശേഖരിച്ചിട്ടുള്ളവരായി? എന്തു് നിബന്ധനകൾ നിറവേറ്റിയാണു് നമ്മുടെ നാടുവാഴികൾ അധികാരത്തിൽ എത്തുന്നതു് എന്നു് ചിന്തിച്ചാൽ മതി, അവരിൽ പ്രത്യാശ വയ്ക്കുന്നതു് മണ്ടത്തരമാണെന്നറിയാൻ. പരിഷ്കൃതമെന്നു് വിലയിരുത്തപ്പെടുന്ന പാശ്ചാത്യരാജ്യങ്ങളിൽ പോലും വിവിധ ലോബികൾ ശക്തമാണെന്നിരിക്കെ, ബഹുഭൂരിപക്ഷവും അജ്ഞതയിൽ കഴിയുന്ന ഭാരതം പോലുള്ള ഒരു രാജ്യത്തിന്റെ കാര്യം പറയണോ? തുടങ്ങിയാലേ അവസാനിക്കൂ എന്നപോലെ, ആരെങ്കിലുമൊക്കെ ആരംഭിച്ചാലേ ഭാവിയിലെങ്കിലും ഈ അവസ്ഥക്കു് ചെറിയ മാറ്റമെങ്കിലും വരൂ.

Melethil,

ഇവിടെ പറഞ്ഞവ പൊതുവേ പുതിയ കാര്യങ്ങളാണെങ്കിലും പഴയവയുടെ കാര്യത്തിലും നമ്മുടെ വിദ്യാലയങ്ങളിൽ 'ചീറ്റിംഗ്‌' നിലനിൽക്കുന്നുണ്ടെന്നതു് ഒരു വസ്തുതയാണു്. അതെങ്ങനെ, സഭാപിതാക്കളും കപ്യാരന്മാരുമല്ലേ സിലബസ്‌ നിശ്ചയിക്കുന്നതു്!? അവരുടെ താളത്തിനു് തുള്ളിയില്ലെങ്കിൽ വോട്ട്‌ ബാങ്കും വിമോചനസമരവും കാണിച്ചു് ഭീഷണീപ്പെടുത്തും. അതിൽ വീഴാൻ മാത്രം പോന്ന രാഷ്ട്രീയക്കാരും! അവരെയൊക്കെ കാണുമ്പോൾ മുട്ടും വാലും മടക്കി ഓച്ഛാനിച്ചുനിൽക്കുന്ന വിശ്വാസി-അനുയായിസമൂഹം! പിന്നെയെന്തുവേണം‌?

കേരളത്തിലെ വിദ്യാഭ്യാസമേഖല ഒരു സമൂലപരിവർത്തനത്തിനു് വിധേയമാക്കേണ്ട കാലം പണ്ടേ കഴിഞ്ഞു. പക്ഷേ, പരിവർത്തനത്തിനു് മുൻകൈ എടുക്കേണ്ടവർ പോലും അജ്ഞരും അന്ധവിശ്വാസികളുമാണെങ്കിൽ എന്തു് ചെയ്യാൻ? ഐൻസ്റ്റൈന്റെ തിയറികൾക്കു് ഒരു പതിനഞ്ചുകാരി തുരങ്കം വച്ചു എന്നു് യാതൊരു അടിസ്ഥാനവുമില്ലാതെ മുൻപേജിൽ തന്നെ കൊട്ടിഘോഷിക്കാൻ കേരളത്തിലെ ഒരു പ്രമുഖപത്രം ലജ്ജിക്കുന്നില്ലെങ്കിൽ, ആ സമൂഹത്തിന്റെ അവസ്ഥ ദയനീയം എന്നല്ലാതെ എന്തു് പറയാൻ? അതൊക്കെ അപ്പാടെ വിശ്വസിക്കുന്ന, സ്വന്തം 'സാക്ഷരത്വത്തിൽ' അങ്ങേയറ്റം അഹങ്കരിക്കുന്ന ഒരു ജനവിഭാഗവും! വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ സമൂഹത്തിൽ നിന്നോ പഠിക്കാനാവാഞ്ഞാൽ പിന്നെ ജനങ്ങൾ എവിടെനിന്നു് എന്തെങ്കിലും പഠിക്കാൻ?

Baiju Elikkaattoor,

നന്ദി.

സാഗർ,
:)

ബിനോയ്//HariNav October 1, 2009 at 8:43 AM  

ബാബുമാഷേ ലേഖനം കാണാന്‍ വൈകി. എങ്കിലും miss ആകാതെ പിടികൂടി!
മണ്ടയെ ഒന്നുക്കൂടി ഉത്തേജിപ്പിച്ചതിന് നന്ദി :)

ജ്വാല October 1, 2009 at 5:53 PM  

ഈ വിവരങ്ങള്‍ക്ക് നന്ദി

‍ശരീഫ് സാഗര്‍ October 3, 2009 at 10:11 AM  

വായിച്ചത്‌ വൈകിയാണെങ്കിലും തെരഞ്ഞെടുത്ത വിഷയം അത്ഭുതപ്പെടുത്തി.
ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹമുണ്ട്‌. താങ്കളുടെ അനുവാദം അറിയിച്ചാലും.

shareefsagar@gmail.com
9846553231

സി.കെ.ബാബു October 3, 2009 at 11:55 AM  

ബിനോയ്‌, ജ്വാല,
രണ്ടുപേർക്കും നന്ദി.

ശരീഫ്‌ സാഗർ,
എന്റെ മറ്റു് ബ്ലോഗുകളും അതിലെ ലേഖനങ്ങളും വായിച്ചിട്ടുണ്ടാവും എന്നു് കരുതുന്നു. എന്റെ നിലപാടുകളും നിങ്ങളുടെ പത്രത്തിന്റെ നിലപാടുകളും തമ്മിൽ എത്രത്തോളം പൊരുത്തപ്പെടുമെന്നെനിക്കറിയില്ല. അതേസമയം ശാസ്ത്രീയമായ ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ എത്തേണ്ടതു് ബോധവത്കരണത്തിനു് ആവശ്യവുമാണു്.

So, I am obliged to tell you this much to avoid any misunderstanding in the future: if you know my standpoints for sure and still want to publish this article, you may do so. Thank you.

അനോണി ആന്റണി October 13, 2009 at 1:19 PM  

മാഷേ,

വൈറ്റമിന്‍ ബി പന്ത്രണ്ടിന്റെ ഇടപട് എന്നെ കണ്‍ഫ്യൂഷന്‍ ആക്കാറുണ്ട്.

മനുഷ്യന്റെ ഗട്ട് ഫ്ലോറെ ബി പന്ത്രണ്ട് ഉത്പാദിപ്പിക്കുന്നത് കുടലിന്റെ കീഴിലായതുകൊണ്ട് അവിടെ നിന്നും ശരീരത്തിനുള്‍ക്കൊള്ളാന്‍ വയ്യ. പക്ഷേ അമേദ്ധ്യം വളമായി ഉപയോഗിക്കുന്ന രീതി (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ ഉള്ളികൃഷി- അവര്‍ പന്നിക്കാട്ടം എന്നു പറഞ്ഞാണു വളമിടുന്നത്, പക്ഷേ എവിടെ ഇരിക്കുന്നു ഇതിനു മാത്രം പന്നി- സംഗതി മനുഷ്യന്റേതാണ്‌ മിക്കപ്പോഴും)കൊണ്ട് പച്ചക്കറിയില്‍ നിന്നു നല്ലയളവില്‍ കിട്ടുമെന്ന് ഇറാനില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. [ചപ്പാത്തിക്കൊപ്പം പച്ചയുള്ളി കടിച്ചു തിന്നുന്ന പാവത്തിനു വൈറ്റമിന്‍ മാത്രമല്ല നാടവിരയും മഞ്ഞപ്പിത്തവും പോളിയോയും ബോണസ് ആയും കിട്ടും എന്നതു വേറേയും] പോരാഞ്ഞിട്ടു ഇന്ത്യയില്‍ വെജിറ്റേറിയന്‍ എന്ന് അവകാശപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും പാലുകുടിക്കുന്ന ലാക്റ്റോ വെജിറ്റേറിയന്മാര്‍ ആയതുകാരണം ബി ട്വേല്വ് അവര്‍ക്കതില്‍ നിന്നു കിട്ടേണ്ടതല്ലേ?


ഇതെല്ലാമായാലും ഇന്ത്യന്‍ ജനതയിലെ പകുതിയിലധികവും ബി പന്ത്രണ്ട് ആവശ്യത്തിനു ലഭിക്കാത്തരാണെന്നാണ്‌ സ്ഥിതിവിവരം- ഒരുപക്ഷേ പൊതുവില്‍ ദരിദ്രര്‍ നേരിടുന്ന ഓവറാള്‍ പോഷണമില്ലായ്മയുടെ ഭാഗമായിരിക്കാം. ഇന്ത്യയോട് താരതമ്യം ചെയ്യാവുന്ന വികസനത്തോത് ഉള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഹൃദയരോഗങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ കാണുന്നതിനെയും വിറ്റാമിന്‍ ബി പന്ത്രണ്ടിന്റെ കുറവ് (പലതില്‍) ഒരു കാരണമായിരിക്കാം.[പ്രവാസികളില്‍ ഹൃദ്രോഗസാദ്ധ്യത കൂടുതലാകുന്നതിനു നിരവധി കാരണങ്ങളുണ്ട്, അമിതപോഷണം, വ്യായാമമില്ലായ്മ, ഒറ്റപ്പെടല്‍, മാനസികസമ്മര്‍ദ്ദം, പരിചയിച്ച സാഹചര്യങ്ങളുടെ അഭാവം ....]

എപ്പിജെനെറ്റിക്സിനെക്കുറിച്ച് ആദ്യ അറിവു കിട്ടുന്നത് എക്കണോമിക്സ് ക്ലാസ്സിലായിരുന്നു. പരമദാരിദ്ര്യം അനുഭവിക്കുന്നവരില്‍ എന്തുകൊണ്ട് ഫെര്‍ട്ടിലിറ്റി റേറ്റ് സകല ആരോഗ്യാവസ്ഥയെയും വെന്ന് കൂടുന്നു എന്ന ചോദ്യത്തിനു ഡെകാസ്റ്റ്റോയുടെ ജ്യോഗ്രഫി ഓഫ് ഹംഗര്‍ എന്ന പുസ്തകം ഉത്തരമാക്കുന്നത് ശിശുമരണങ്ങളും പകര്‍ച്ചവ്യാധികളും നിലനില്പ്പിനെ വെല്ലുവിളിച്ചാല്‍ ഫെര്‍ട്ടിലിറ്റി ന്യായമായും കൂടും എന്നാണ്‌(അറുപത്തഞ്ചു കൊല്ലം മുന്നേയാണ്‌ ജ്യോഗ്രഫി ഓഫ് ഹംഗര്‍ എഴുതിയത്)

സി.കെ.ബാബു October 13, 2009 at 6:19 PM  

അനോണി ആന്റണി,

വൈറ്റമിൻ B-12 ലേഖനത്തിൽ പ്രധാനമായും പരാമർശിക്കപ്പെട്ടതു് ക്ഷാമകാലത്തു് ജനിക്കുന്ന കുഞ്ഞുങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു. സെൽ വിഭജനത്തെ മറ്റു് പോഷകാംശങ്ങളുടെ പരിമിതിയും തീർച്ചയായും പ്രതികൂലമായി ബാധിക്കുമെന്നതു് സംശയിക്കേണ്ട കാര്യമല്ലല്ലോ.

ലേഖനത്തിൽ സൂചിപ്പിച്ച ഭാരതീയരായ രോഗികളെ പഠനവിധേയരാക്കിയവർ അവരുടെ ആഹാരരീതിയെപ്പറ്റിയുള്ള വിവരങ്ങളിൽ നിന്നും B-12 കുറഞ്ഞതിന്റെ കാരണമായി അങ്ങനെയൊരു നിഗമനത്തിൽ എത്തുകയായിരുന്നു.

ഭാരതം പോലെ ദരിദ്രരായവർ ധാരളമുള്ള ഒരു രാജ്യത്തിൽ മറ്റു് പല പോഷകാംശങ്ങളിലും കുറവുണ്ടാവാമെന്നതുപോലെ B-12-ലും കുറവുണ്ടെങ്കിൽ അത്ഭുതമെന്തു്?

ഹൃദയരോഗങ്ങൾക്കു് മറ്റു് പലതും പോലെ B-12-ഉം പ്രധാനമായ ഒരു കാരണമാണെന്നല്ലാതെ അതു് മാത്രമാണെന്ന നിഗമനം അബദ്ധമാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എപ്പിജെനറ്റിക്സിൽ ആഹാരത്തിനുള്ള പങ്കു് ലേഖനത്തിന്റെ പ്രധാന ലക്ഷ്യമായതിനാലാവാം, മറ്റു് പല ഘടകങ്ങളും 'ഉപരിജനിതക' സ്വാധീനത്തിനു് കാരണമാവുന്നുണ്ടെന്ന അതിലെ സൂചന ശ്രദ്ധിക്കപ്പെടാതെ പോയതു്. അതുകൊണ്ടു് സൂരജ്‌ അതു് കമന്റുകളിലൂടെ കുറച്ചുകൂടി വിപുലീകരിച്ചതു് നന്നാവുകയും ചെയ്തു.

രോഗവും ദാരിദ്ര്യവുമൊക്കെ മൂലം അതിജീവനസാദ്ധ്യത കുറയുമ്പോൾ ജനനനിരക്കു് കൂട്ടാനുള്ള പ്രവണത പ്രകൃതി പ്രദർശിപ്പിക്കുമെന്ന നിഗമനം ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാവുന്നതാണു്. അറുപത്തഞ്ചു് വർഷത്തിനു് മുൻപുള്ള 'പിന്നാക്കാവസ്ഥയെ' ശാസ്ത്രവും ഭാഗ്യത്തിനു് നല്ലൊരംശം തരണം ചെയ്തുകഴിഞ്ഞതിനാൽ ഇന്നു് സ്റ്റാറ്റിസ്റ്റിക്സ്‌ മാത്രമല്ല, അനുയോജ്യമായ ഉപകരണങ്ങളും പഠനങ്ങളെ സഹായിക്കുന്നു. അതുവഴി പഠനങ്ങൾ കൂടുതൽ ശാസ്ത്രീയവും ആധികാരികവുമാവുന്നു, പല നിഗമനങ്ങൾക്കും (ആത്യന്തികം എന്നു് കരുതിയിരുന്ന എത്രയോ വേദവാക്യങ്ങൾക്കുപോലും!) അനുകൂലമോ പ്രതികൂലമോ ആയ 'ശാപമോക്ഷം' ലഭിക്കുന്നു.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP