Monday, September 14, 2009

മനുഷ്യശരീരത്തിനു് ഒരു സ്പെയർ പാർട്ട്‌സ്‌ സ്റ്റോർ

ഗർഭപാത്രത്തിലെ അണ്ഡവുമായി പുരുഷബീജം സംയോജിക്കുന്നതിന്റെ ഫലമായാണു് ഗർഭധാരണം നടക്കുന്നതെന്നും ഏതാനും മാസങ്ങൾക്കുശേഷം ശിശുക്കൾ ജനിക്കുന്നതെന്നും നമുക്കറിയാം. ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നതുവഴി മാതാവിന്റേയും പിതാവിന്റേയും ക്രോമോസോമുകൾ അഥവാ, അവരുടെ ജെനറ്റിക്‌ ഇൻഫർമേഷൻസ്‌ പൂർണ്ണമായി സംയോജിക്കുന്നു. അതിനാൽ, അങ്ങനെ ജനിക്കുന്ന ഒരു കുഞ്ഞു് മാതാവിലും പിതാവിലും പരമ്പരാഗതമായി ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ ഒരു 'സംയുക്തം' ആയിരിക്കും. സാധാരണഗതിയിൽ ഒരു അണ്ഡവുമായി ഒരു ബീജത്തിനേ സംയോജിക്കാൻ സാധിക്കൂ എന്നതിനാൽ, അങ്ങനെ ഫെർട്ടിലൈസ്‌ ചെയ്യപ്പെടുന്ന അണ്ഡത്തിൽ നിന്നും ഒരു ശിശു മാത്രമേ ജനിക്കുകയുള്ളു. അതേസമയം ഫെർട്ടിലൈസ്‌ ചെയ്യപ്പെട്ട അണ്ഡത്തിനു് ഒരു പ്രത്യേകസമയപരിധിക്കുള്ളിൽ രണ്ടായി വിഭജനം സംഭവിച്ചാൽ അതുവഴി ഒരേ രൂപത്തിലുള്ള ഇരട്ടകൾ പിറക്കുന്നു. രോഗം മൂലമോ മറ്റോ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പരസ്പരം 'ഓർഗൻ ഡോണർ' ആകുവാൻ സാധിക്കും എന്നൊരു ഗുണം ഇത്തരം ഇരട്ടകൾക്കുണ്ടു്. എല്ലാവർക്കും ഇരട്ടകൾ ഉണ്ടായിരുന്നെങ്കിൽ ചുരുങ്ങിയപക്ഷം, ചില ചികിത്സകളുടെ കാര്യത്തിലെങ്കിലും അതു് വളരെ സൗകര്യമായിരുന്നേനെ! നിർഭാഗ്യവശാൽ ബഹുഭൂരിപക്ഷം മനുഷ്യരും തനിയെയാണു് ഈ ഭൂമിയിലേക്കു് വരുന്നതു്!

ഈ 'ഒരേ രൂപം' എന്നതു് പക്ഷേ ശാരീരികമായി, അഥവാ കാഴ്ചയിൽ മാത്രമേ ഉണ്ടാവുകയുള്ളു. അവർ രണ്ടു് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ ഉടമകളായിരിക്കും. അതിനർത്ഥം, ഒരു ഐൻസ്റ്റൈനെ ക്ലോൺ ചെയ്താൽ ഉണ്ടാവുന്ന 'ഐൻസ്റ്റൈൻ' കാഴ്ചയിലും ജനിതകകോഡിന്റെ അടിസ്ഥാനത്തിലും മാത്രമേ ഒരു 'തികഞ്ഞ ഒറിജിനൽ ഐൻസ്റ്റൈൻ' ആയിരിക്കുകയുള്ളു. കാരണം, ഒരു മനുഷ്യന്റെ വ്യക്തിത്വരൂപീകരണം എണ്ണമറ്റ മറ്റു് പല ഘടകങ്ങളിൽ കൂടി അധിഷ്ഠിതമായിരിക്കുന്ന കാര്യമാണു്. (പലതരം ഇരട്ടകളെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ഇവിടെ വായിക്കാം.)

അതായതു്, സംയോജനം സംഭവിച്ച ഒരേയൊരു അണ്ഡത്തിൽ നിന്നുമാണു് നമ്മുടെ ശരീരത്തിലെ എത്രയോ വ്യത്യസ്തമായ ഭാഗങ്ങൾ രൂപമെടുക്കുന്നതു്. ഹൃദയത്തിന്റെ പേശികൾ, തലച്ചോറു്, ഞരമ്പുകൾ, കൈകാലുകളിലെ മസിലുകൾ, കരളിന്റെ പേശികൾ, അസ്ഥികൾ, രക്തം, പലതരം ശാരീരികദ്രാവകങ്ങൾ, അങ്ങനെ എത്രയോ തരം ശാരീരികഭാഗങ്ങളുടെ സെല്ലുകൾ മുഴുവൻ വിഭജനത്തിലൂടെ വളർന്നുവരുന്നതു് ഫെർട്ടിലൈസ്‌ ചെയ്യപ്പെട്ട ഈ ഒരേയൊരു അണ്ഡത്തിൽ നിന്നുമാണു്. അതെങ്ങനെ സംഭവിക്കുന്നു? സെൽവിഭജനങ്ങളുടെ ഏതു് ഘട്ടത്തിൽ, ഏതു് സെല്ലുകളുടെ രൂപത്തിൽ, എവിടെയാണു് ആ മാറ്റങ്ങൾ സംഭവിക്കേണ്ടതെന്നു് 'നിശ്ചയിക്കപ്പെടുന്നതിനെപ്പറ്റി' ഏതാണ്ടു് നാലു് ദശാബ്ദങ്ങൾക്കു് മുൻപുവരെ വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രത്തിനു് കഴിഞ്ഞിരുന്നില്ല. അതിസൂക്ഷ്മമായ ആധുനിക ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ പ്രകൃതിയിലെ ഇതുപോലുള്ള 'അത്ഭുതങ്ങളിലേക്കു്' വെളിച്ചം വീശാൻ മനുഷ്യനു് സാധിച്ചു. മനുഷ്യശരീരത്തിലെ എല്ലാ സെല്ലുകളിലെയും DNA-യിൽ ആ വ്യക്തിയുടെ മുഴുവൻ ജെനറ്റിക്‌ ഇൻഫർമേഷൻസും ശേഖരിക്കപ്പെട്ടിട്ടുണ്ടു്. ചർമ്മത്തിന്റെ ഒരു സെല്ലിൽ ചർമ്മത്തെ സംബന്ധിക്കുന്ന 'വിവരങ്ങൾ' മാത്രമല്ല സൂക്ഷിക്കപ്പെടുന്നതു്. (ഒരു മനുഷ്യൻ മരിച്ചു് അവന്റെ 'ആത്മാവു്' അവനെ വിട്ടൊഴിഞ്ഞാലും, അവന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു സെൽ പരിശോധിച്ചാൽ അവൻ ആരായിരുന്നു എന്നു് കൃത്യമായി തിരിച്ചറിയാനാവുമെന്ന വസ്തുത ക്രിമിനോളജി പോലെ 'തിരിച്ചറിയൽ' ആവശ്യമായ വ്യത്യസ്ത മേഖലകൾ ഇന്നു് പ്രയോജനപ്പെടുത്തുന്നു. തെളിയാതെ കിടന്ന എത്രയോ ക്രിമിനൽ കേസുകൾ ഈ മാർഗ്ഗം വഴി വർഷങ്ങൾക്കു് ശേഷവും തെളിയിക്കപ്പെട്ടിട്ടുണ്ടു്.) വിഭജിച്ചുകൊണ്ടിരിക്കുന്ന സെല്ലുകൾക്കുള്ളിൽ സമയബന്ധിതവും സ്വയം നിയന്ത്രിതവുമായി ജീനുകളിലെ ചില 'സ്വിച്ചുകൾ' ഓണോ ഓഫോ ആക്കപ്പെടുന്നതുവഴി ആ സെല്ലിന്റെ സ്വഭാവവും ഗുണങ്ങളും ചുമതലകളും നിശ്ചയിക്കപ്പെടുന്നു. ഏതു് സെല്ലിന്റെ DNA-യിലും, ആ സെൽ ഏതു് ശരീരഭാഗത്തിൽ പെടുന്നതാണു് എന്ന വ്യത്യാസമില്ലാതെ, അതിന്റെ ഉടമയുടെ എല്ലാ ജനിതകവിവരങ്ങളും ലഭ്യമാണെന്നതിനാൽ, അവയെ അനുയോജ്യമായി മാനിപ്യുലേയ്റ്റ്‌ ചെയ്യാൻ കഴിഞ്ഞാൽ ആ വ്യക്തിയുടെ/ജീവിയുടെ ഒരു ഡ്യൂപ്ലിക്കേയ്റ്റിനെ സൃഷ്ടിക്കാൻ തത്വത്തിൽ ബുദ്ധിമുട്ടൊന്നുമില്ല. ഈ രീതിയെയാണു് പൊതുവേ ക്ലോണിംഗ്‌ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്.

ഇത്തരം ഒരു ക്ലോണിംഗ്‌ സാധ്യമാണെന്നതിന്റെ തെളിവാണു് ഇതുവരെ ക്ലോൺ ചെയ്യപ്പെട്ട വിവിധ ജീവികൾ. ഏറ്റവും നല്ല ഉദാഹരണമാണു് ലോകത്തിൽ ആദ്യമായി ക്ലോൺ ചെയ്യപ്പെട്ട സസ്തനജീവിയായ 'ഡോളി' എന്ന ആടു്. ലളിതമായി ഒരു ക്ലോണിംഗ്‌ ചുരുക്കത്തിൽ ഇങ്ങനെ വിവരിക്കാം: ആദ്യം ഒരു മാതൃജീവിയിൽ നിന്നും അണ്ഡം വേർപ്പെടുത്തി എടുക്കുന്നു. ആ അണ്ഡത്തിൽ നിന്നും ശ്രദ്ധാപൂർവ്വം അതിന്റെ കേന്ദ്രം (nucleus) എടുത്തു് മാറ്റപ്പെടുന്നു. ന്യൂക്ലിയസ്‌ ഇല്ലാത്ത ആ അണ്ഡത്തിലേക്കു് ആ ജീവിയുടെ തന്നെയോ, അല്ലെങ്കിൽ മറ്റൊന്നിന്റെയോ ഏതെങ്കിലുമൊരു സെല്ലിന്റെ കേന്ദ്രത്തെ (ഉദാഹരണത്തിനു് ഒരു ചർമ്മസെല്ലിന്റെ കേന്ദ്രം) കടത്തിവിടുന്നു. ഈ അണ്ഡത്തെ രാസപരമായോ, വൈദ്യുതിമൂലമോ നൽകപ്പെടുന്ന ഒരു 'ഷോക്ക്‌' വഴി സെൽ വിഭജനത്തിനു് പ്രേരിപ്പിക്കപ്പെടുന്നു. അങ്ങനെ വിഭജിക്കപ്പെടുന്ന അണ്ഡത്തെ ഒരു ഗർഭപാത്രത്തിൽ അതിന്റെ വിഭജനം തുടരാൻ അനുവദിക്കുന്നു. പക്ഷേ തുടർവിഭജനം സംഭവിക്കുന്നതു് കുത്തിവയ്ച്ച സെൽ കേന്ദ്രത്തിന്റെ സെല്ലുകൾ മാത്രമായിട്ടല്ല, (ഉദാ. ചർമ്മസെല്ലുകൾ) പ്രത്യുത, ആ സെൽകേന്ദ്രം ദാനം ചെയ്ത 'ജീവിയുടെ' എംബ്രിയോ ആയിട്ടായിരിക്കും. ആ എംബ്രിയോ ഒരു ശിശുവായി - ഇവിടെ ഒരു ആട്ടിൻകുട്ടിയായി - വളർച്ചപ്രാപിക്കുന്നു. ഇത്രയും ക്ലോണിംഗിന്റെ തത്വം. പ്രായോഗികജീവിതത്തിൽ പക്ഷേ ക്ലോണിംഗ്‌ ഇതുവരെ അത്ര എളുപ്പമായ കാര്യമല്ല, അഥവാ, അതുസംബന്ധമായ പഠനങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിനു്, ഡോളിയുടെ ക്ലോണിംഗിൽ മൂന്നു് പെണ്ണാടുകൾ പങ്കെടുത്തു. ആദ്യത്തെ പെണ്ണാടിൽ നിന്നും എടുത്ത അണ്ഡത്തിൽ നിന്നും അതിന്റെ കേന്ദ്രം എടുത്തു് മാറ്റിയശേഷം മറ്റൊരു പെണ്ണാടിന്റെ അകിടിൽ നിന്നും എടുത്ത ഒരു സെല്ലിന്റെ കേന്ദ്രം അതിൽ ഇംപ്ലാന്റ്‌ ചെയ്തു. അതിനുശേഷം ആ അണ്ഡം മൂന്നാമത്തെ പെണ്ണാടിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടു. ഈ ആടു് പ്രസവിച്ച ഡോളി വഹിക്കുന്ന ജനിതക ഇൻഫർമേഷൻസ്‌ അകിട്ടിലെ സെല്ലിന്റെ കേന്ദ്രം ദാനം ചെയ്ത രണ്ടാമത്തെ ആടിന്റേതാണു്. അതായതു്, ഡോളി രണ്ടാമത്തെ പെണ്ണാടിന്റെ ക്ലോൺ ആയിരിക്കും. ഡോളിയുടെ ക്ലോണിംഗിനായി 277 അണ്ഡങ്ങളിൽ സെൽകേന്ദ്രങ്ങൾ ഇംപ്ലാന്റ്‌ ചെയ്യപ്പെട്ടുവെങ്കിലും അതിൽ 29 എണ്ണം മാത്രമേ എംബ്രിയോകളായി വിഭജിച്ചുള്ളു. അവയിൽ നിന്നും വളർച്ച പൂർത്തിയാക്കി ആട്ടിൻകുട്ടിയായിത്തീർന്ന ഒരേയൊരു എംബ്രിയോ ആണു് ഡോളി. സസ്തനജീവികളെ ക്ലോൺ ചെയ്യുന്നതു് പ്രയാസമേറിയ കാര്യമാണെങ്കിലും ഡോളിയുടെ ക്ലോണിംഗിനു് ശേഷം പട്ടിയും പൂച്ചയും പശുക്കുട്ടിയുമൊക്കെ ക്ലോൺ ചെയ്യപ്പെടുകയുണ്ടായി.

ഇത്രയൊക്കെ പ്രയാസമേറിയ കാര്യമാണെങ്കിൽ പിന്നെ എന്തിനുവേണ്ടി ശാസ്ത്രജ്ഞർ അവരുടെ വിലയേറിയ സമയം ക്ലോണിംഗിനുവേണ്ടി നഷ്ടപ്പെടുത്തണം? എന്താണു് ക്ലോണിംഗ്‌ കൊണ്ടു് ഒരു പ്രയോജനം? ഒറ്റനോട്ടത്തിൽ തോന്നിയേക്കാവുന്നതുപോലെ, ക്ലോണിംഗ്‌ എന്ന ആശയം ശാസ്ത്രലോകത്തിന്റെ താത്പര്യവിഷയമാകുന്നതു് അതുവഴി 'കൊള്ളാവുന്ന' കുറെ മനുഷ്യരുടെ ഡ്യൂപ്ലിക്കേയ്റ്റുകളെ ഉണ്ടാക്കിയെടുക്കാം എന്നതിനാലല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, അതു് സാധിച്ചാൽ തന്നെ, വ്യക്തികളെ അല്ലാതെ വ്യക്തിത്വം ക്ലോൺ ചെയ്യാൻ തത്കാലം ആവുകയുമില്ല. ക്ലോണിംഗ്‌ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കുന്നതു്, ഇതുവരെ മനുഷ്യനു് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന ചികിത്സാരീതികൾ അതു് തുറന്നുതരും എന്നതിനാലും, പെരുകുന്ന ജനസംഖ്യക്കനുസരിച്ചു് വളരുന്ന മനുഷ്യവർഗ്ഗത്തിന്റെ ആഹാരം പോലുള്ള പ്രാഥമികമായ ആവശ്യങ്ങളെ നേരിടാൻ ക്ലോണിംഗിനു് അതിന്റേതായ പങ്കു് ഒരു പരിധി വരെയെങ്കിലും വഹിക്കാൻ കഴിയുമെന്നതിനാലുമൊക്കെയാണു്.

ഒരു നല്ല ഉദാഹരണമാണു് കറവ കൂടുതലുള്ള ഇനം പശുക്കളെ ക്ലോൺ ചെയ്തു് ഒരു പോഷകാഹാരമായ പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന, ഒരു നല്ല പങ്കും ഇതിനോടകം വിജയിച്ചുകഴിഞ്ഞ, ശ്രമങ്ങൾ. പ്രകൃതിസഹജമായ മാർഗ്ഗത്തിലൂടെ പശുക്കൾ ഇണ ചേരുന്നതുവഴി 'ബീജദായകന്റെ' ജെനറ്റിക്ക്‌ ഇൻഫർമേഷൻസ്‌ നിർബന്ധമായും പിൻതലമുറയിലേക്കു് പകർന്നുനൽകപ്പെടും. പിൻതലമുറകളിലെ പശുക്കളിൽ കറവ കുറഞ്ഞുപോകാൻ അതുവഴി സാദ്ധ്യതയുണ്ടു്. അതേസമയം, പാലു് കൂടുതലുള്ള പശുവിൽ നിന്നും അതിന്റെ തന്നെ ജനിതകഗുണങ്ങളുള്ള പശുക്കുട്ടികളെ ജനിപ്പിക്കാൻ കഴിഞ്ഞാൽ സ്വാഭാവികമായും അവയും കറവ കൂടുതലുള്ളവയായിരിക്കും. ഒരു പശുവിന്റെ അണ്ഡത്തെ അതിന്റെതന്നെ മറ്റൊരു സെൽ കേന്ദ്രം കൊണ്ടു് ഫെർട്ടിലൈസ്‌ ചെയ്യുന്നതു് പഠനവിധേയമാക്കി കുറ്റമറ്റതാക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യം അതാണു്. ബാലാരിഷ്ടതകളിൽ നിന്നും ഇന്നും പൂർണ്ണമായി മോചിതമായിട്ടില്ലാത്ത ഒരു മേഖലയാണതു്. ഉദാഹരണത്തിനു്, സെൽകേന്ദ്രം ഇംപ്ലാന്റ്‌ ചെയ്യപ്പെട്ടശേഷം സെല്ല് വിഭജനത്തിന്റെ തുടക്കത്തിനായി നൽകപ്പെടുന്ന 'ഷോക്കുകൾ' (ഡോളിയുടെ കാര്യത്തിലെന്നപോലെ) പലപ്പോഴും പ്രവർത്തനക്ഷമമല്ല. പല അണ്ഡങ്ങളും സെൽ വിഭജനം സംഭവിക്കാതെ നശിച്ചുപോകുന്നു. അതിനാലാണു് ഈ വിഷയം കൂടുതൽ പഠനവിധേയമാക്കേണ്ടിവരുന്നതു്.
ക്ലോൺ ചെയ്തെടുത്ത എട്ടു് "ഹൈ പെർഫോമൻസ്‌" കറവപ്പശുക്കൾ

അതുപോലെതന്നെ, ക്ലോണിംഗിനു് രോഗചികിത്സാമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയും. അതാണു് സ്റ്റെം സെൽ റിസർച്ച്‌ ലക്ഷ്യമാക്കുന്നതു്. രോഗബാധിതനായ ഒരു മനുഷ്യനെ അവന്റെ ശരീരത്തിൽ നിന്നുതന്നെ ക്ലോൺ ചെയ്തെടുക്കുന്ന സെല്ലുകൾ ഉപയോഗിച്ചു് സുഖപ്പെടുത്തുക എന്നതിൽ വൈദ്യശാസ്ത്രം അങ്ങേയറ്റം പ്രതീക്ഷ വയ്ക്കുന്നു. അസ്ഥികളെയും മസ്സിലുകളെയും മറ്റും ബാധിക്കുന്ന രോഗങ്ങൾ പുതിയ എംബ്രിയോണിക്‌ സെല്ലുകൾ ഉപയോഗിച്ചു് സുഖപ്പെടുത്തുക, അതുപോലെതന്നെ, 'റീജനറേറ്റീവ്‌' അല്ലാത്ത നേർവ്‌ സെല്ലുകളിലെയും ഹൃദയത്തിന്റെ സെല്ലുകളിലെയുമൊക്കെ തകരാറുകൾ പുതിയ സ്റ്റെം സെല്ലുകൾ ഉപയോഗിച്ചു് 'റിപ്പയർ' ചെയ്യുക മുതലായ തെറാപ്പി സാദ്ധ്യതകൾ വൈദ്യശാസ്ത്രത്തിനു് പുതിയ മാനങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഒരു അണ്ഡത്തിൽ പൂർണ്ണവളർച്ചയെത്തിയ ചർമ്മത്തിന്റെ (വീണ്ടും ഒരു ഉദാഹരണം) ഒരു സെൽകേന്ദ്രം ഇംപ്ലാന്റ്‌ ചെയ്യപ്പെട്ട ശേഷം നൽകുന്ന 'ഷോക്ക്‌' വഴി ഒരു 'റീപ്രോഗ്രാമിംഗ്‌' ആരംഭിക്കുമ്പോൾ, ചർമ്മസെല്ലിനു് ആവശ്യമായതിനാൽ ആക്റ്റീവ്‌ ആയ ജെനറ്റിക്ക്‌ കോഡുകൾ മാത്രമല്ല, ചർമ്മസെല്ലുകൾ ആയി രൂപാന്തരം പ്രാപിച്ച കാലത്തു് ആവശ്യമില്ലാതായിത്തീർന്നതുമൂലം നിർജ്ജീവമാക്കപ്പെട്ട മറ്റു് കോഡുകളും റീആക്റ്റിവേറ്റ്‌ ചെയ്യപ്പെടും. ഇങ്ങനെ ഒരു റീപ്രോഗ്രാമിംഗ്‌ സാദ്ധ്യമായാൽ അതുവഴി ഒരു പുതിയ ജീവൻ ആരംഭിക്കുന്നതിനു് ആവശ്യമായ 'എംബ്രിയോണിക്‌ സ്റ്റെം സെല്ലുകൾ' രൂപമെടുക്കും. ഈ സ്റ്റേജിൽ എത്തിയാൽ ഇഷ്ടം പോലെ 'ക്ലോണുകളെ' സൃഷ്ടിക്കാൻ പിന്നെ തടസ്സമൊന്നുമില്ല. അതായതു്, 'റീപ്രോഗ്രാമിംഗ്‌' ആണു് പ്രധാനപ്രശ്നം.

അങ്ങനെ, ന്യൂക്ലിയസ്‌ നീക്കം ചെയ്യപ്പെട്ട ഒരു അണ്ഡത്തിൽ രോഗിയുടെ ആരോഗ്യമുള്ള ഏതെങ്കിലും ഒരു സെല്ലിന്റെ കേന്ദ്രം ഇംപ്ലാന്റ്‌ ചെയ്യപ്പെടുകയും, റീപ്രോഗ്രാമിംഗിനു് വിധേയമാക്കപ്പെടുകയും ചെയ്തശേഷം വിഭജനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു എംബ്രിയോ വിവിധഘട്ടങ്ങളിൽ വ്യത്യസ്തമായ ശാരീരികസെല്ലുകളുടെ ആദ്യരൂപങ്ങൾക്കു് ജന്മം നൽകുന്നു. അതുവഴി എല്ലാത്തരം ശാരീരികസെല്ലുകളും രൂപമെടുക്കുന്നു. അവയിൽ നിന്നും വേണ്ടതു് തിരഞ്ഞെടുത്തു് രോഗിയെ ചികിത്സിക്കുകയേ വേണ്ടൂ. കുറ്റമറ്റ ഒരു തെറാപ്പി എന്ന നിലയിലേക്കു് ഈ രീതി എത്തിച്ചേരാൻ ഇനിയും കുറെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടെങ്കിലും ഇന്നു് അതു് വെറുമൊരു സ്വപ്നം മാത്രമല്ല. പല മേഖലകളിലും അതു് വിജയകരമായി പരീക്ഷിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. ചുരുക്കത്തിൽ, ശാസ്ത്രം ഇന്നു് ഒരു ജനിതകവിപ്ലവത്തിന്റെ ആരംഭദശയിലാണു്.

മനുഷ്യവർഗ്ഗത്തിനു് പ്രയോജനം ചെയ്യത്തക്ക വിധത്തിൽ പ്രകൃതിയിലെ പരിമിതികൾക്കു് പരിഹാരം കാണുക, സൃഷ്ടിയിലെ കുറ്റങ്ങളും കുറവുകളും തിരുത്തുക, മനുഷ്യരെ മാരകമായ രോഗങ്ങളിൽ നിന്നു് വിമുക്തരാക്കുക, അതുവഴി അവരുടെ ആയുസ്സു് വർദ്ധിപ്പിക്കുക മുതലായ കാര്യങ്ങളിൽ ജനിതകശാസ്ത്രത്തിനു് ഇനിയും വളരെയേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. 'സൃഷ്ടികളിലെ' പ്രകൃതിസഹജമായ പോരായ്മകൾ മറ്റൊരർത്ഥത്തിൽ ദൈവത്തിന്റെ പോരായ്മകളാണെന്നതിനാൽ, അവയെ തിരുത്താൻ ശാസ്ത്രത്തിനു് കഴിയുന്നതു് അംഗീകരിക്കുക എന്നതു് മനുഷ്യനെ ദൈവത്തേക്കാൾ ശേഷിയുള്ളവനായി അംഗീകരിക്കുന്നതിനു് തുല്യമാണെന്നതിനാൽ, ദൈവത്തെക്കൊണ്ടു് ജീവിക്കുന്ന 'വിശുദ്ധരുടെ' ന്യൂനപക്ഷവും, ദൈവമില്ലാതെ ജീവിക്കാൻ കഴിയാത്ത 'അവിശുദ്ധരുടെ' ഭൂരിപക്ഷവും ശാസ്ത്രത്തിനെതിരായി പെരുമ്പറ മുഴക്കുന്നു. അങ്ങനെ, ദൈവത്തിന്റെ മെഗാഫോണുകളായി സ്വയം അവരോധിക്കുമ്പോൾ, അവർക്കുതന്നെ ഒരിക്കൽ പ്രയോജനപ്പെട്ടേക്കാവുന്ന കാര്യങ്ങൾക്കെതിരായാണു് അവർ നിലകൊള്ളുന്നതെന്ന സാമാന്യസത്യം കാണാൻ എന്തുകൊണ്ടോ അവർക്കു് കഴിയാതെ പോകുന്നു. സ്വന്തം നിലനിൽപിനെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിലപാടു് മൃഗങ്ങൾ പോലും സ്വീകരിക്കുകയില്ല എന്നിരിക്കെ, ശാസ്ത്രത്തിന്റെ വഴിമുടക്കികളാവുന്നതുവഴി, അസ്തിത്വബോധത്തിന്റെ കാര്യത്തിൽ മൃഗങ്ങളുടേതിലും താഴെയുള്ള നിലവാരത്തിലേക്കു് തങ്ങളെത്തന്നെ വലിച്ചിറക്കുകയാണു് തങ്ങൾ ചെയ്യുന്നതെന്നു് എന്തുകൊണ്ടോ അവർ അറിയുന്നില്ല.

സൃഷ്ടിയെ ദൈവവുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കാൻ കഴിയുന്ന ധാരാളം മനുഷ്യരും ഉൾപ്പെടുന്നതാണു് അധികപങ്കു് ലോകസമൂഹങ്ങളുമെന്നതിനാൽ, സ്റ്റെം സെൽ റിസർച്ച്‌ എല്ലാ രാജ്യങ്ങളിലും ഒന്നുകിൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ കർശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രം അനുവദിക്കപ്പെടുന്നു. ജനങ്ങൾക്കു് വേണ്ടത്ര വിദ്യാഭ്യാസവും ബോധവത്കരണവും ലഭ്യമാക്കുന്നതിലൂടെ മാത്രമേ ഈ അവസ്ഥ മാറ്റിയെടുക്കാനാവൂ. ഈ ഭൂമിയിലെ മനുഷ്യരുടെ ജീവിതം ജീവിതയോഗ്യമാക്കിത്തീർക്കുന്നതിനുവേണ്ടി ശാസ്ത്രം നടത്തുന്ന പരിശ്രമങ്ങൾക്കു് തടസ്സം നിൽക്കുക എന്നതു് ഏതു് എതിക്സിന്റെ പേരിലായാലും ന്യായീകരിക്കാനാവുന്നതല്ല - ഇഹലോകജീവിതത്തേക്കാൾ മരണാനന്തരജീവിതത്തെ വിലമതിക്കുന്നവർക്കു് അതു് മനസ്സിലാവണമെന്നു് നിർബന്ധമില്ലെങ്കിലും!

12 comments:

കനല്‍ September 14, 2009 at 11:19 AM  

നന്ദി , ഒരുപാട് അറിവുകള്‍ നല്‍കുന്ന പോസ്റ്റ്

Melethil September 14, 2009 at 12:37 PM  

സമൂഹത്തിന്റെ രോഗശാന്തിയ്ക്കായി പ്രയത്നിയ്ക്കുന്ന ബാബുവേ, നിങ്ങളുടെ നാമം വാഴ്ത്തപ്പെടട്ടെ!

- സാഗര്‍ : Sagar - September 14, 2009 at 5:15 PM  

"ദൈവത്തിന്റെ മെഗാഫോണുകളായി സ്വയം അവരോധിക്കുമ്പോൾ, അവർക്കുതന്നെ ഒരിക്കൽ പ്രയോജനപ്പെട്ടേക്കാവുന്ന കാര്യങ്ങൾക്കെതിരായാണു് അവർ നിലകൊള്ളുന്നതെന്ന സാമാന്യസത്യം കാണാൻ എന്തുകൊണ്ടോ അവർക്കു് കഴിയാതെ പോകുന്നു"

ഇനി വല്ലപാടും ജീവന്‍ വരെ പണയം വെച്ച് ആരെങ്കിലും എന്തെങ്കിലും കണ്ടുപിടിക്കുകയോ മറ്റോ ചെയ്താല്‍..
ആദ്യം കൊറേ തെറി.. പിന്നെ ഭീഷണി.. പറ്റിയാല്‍ കാച്ചിക്കളയും..ഇതൊന്നും നടന്നില്ലെങ്കില്‍ ലേഖനങ്ങള്‍..
രക്ഷയില്ലെങ്കില്‍ മൌനം... പിന്നെ കൊറച്ച് നാളുകള്‍ കഴിഞ്ഞ് വാലും ചുരുട്ടി വരും... ഇതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍..

വീ കെ September 14, 2009 at 5:57 PM  

ക്ലോണിങ്ങിനെക്കുറിച്ച് വായിച്ചിരുന്നെങ്കിലും
ഇത്ര വിശദമായി അറിയില്ലായിരുന്നു.
ഒരുപാട് അറിവുകൾ തരുന്ന കാര്യങ്ങൾ...

അഭിനന്ദനങ്ങൾ.

അനിൽ@ബ്ലൊഗ് September 14, 2009 at 6:04 PM  

ബാബുമാഷെ,
ഈ വൈദ്യുത ഷോക്കില്‍ എങ്ങിനെയാണ് സൊമാറ്റിക് സെല്‍ നൂക്ലിയസ്സ് ഇപ്രകാരം വിഭജനം ആരംഭിക്കുന്നതെന്ന് വല്ല ലിങ്കും ഉണ്ടോ. ഞാന്‍ കുറേ തപ്പീട്ട് കിട്ടിയില്ല.
എന്തു മാറ്റമാണ് അതിലുണ്ടാവുന്നതെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ടോ?

പാമരന്‍ September 15, 2009 at 5:30 AM  

നല്ല ലേഖനം മാഷെ.

ക്ളോണിംഗിലൂടെ ഉണ്ടാകുന്ന ജീവിയുടെ കോശങ്ങള്‍ക്ക്‌ ദാതാവിന്‍റെ പ്രായമായിരിക്കുമെന്നും അതുകൊണ്ടാണ്‌ ഡോളി ചെറുപ്പത്തില്‍ തന്നെ സാധാരണ വാര്‍ദ്ധക്യത്തോടനുബന്ധിച്ചു വരുന്ന അസുഖങ്ങള്‍ക്കടിമയായി മരിച്ചതെന്നും എവിടെയോ വായിച്ചിരുന്നു. അതേക്കുറിച്ചുകൂടി ഒന്നു വിശദീകരിക്കാമോ?

Sulfikar September 15, 2009 at 10:54 AM  

വിജ്ഞാനപ്രദമായ വിവരങ്ങള്‍ക്ക് നന്ദി. എന്നാലും ക്ഷീരം ഉള്ള അകിടിന്ച്ചുവട്ടിലും സ്കോച്ച് കിട്ടോ എന്ന് നോക്കുന്ന കാലത്തു ജനിച്ചതിന്റെ കുഴപ്പമായിരിക്കും "ഒരു മനുഷ്യൻ മരിച്ചു് അവന്റെ 'ആത്മാവു്' അവനെ വിട്ടൊഴിഞ്ഞാലും, അവന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു സെൽ പരിശോധിച്ചാൽ അവൻ ആരായിരുന്നു എന്നു് കൃത്യമായി തിരിച്ചറിയാനാവുമെന്ന വസ്തുത" എന്നതിലെ "ആത്മാവു്" എന്നെ ചിരിപ്പിച്ചു ബാബുചേട്ടാ. സോറി ഗുരുക്കന്മാരെ കളിയാക്കരുതെന്നാണ് .

സി.കെ.ബാബു September 15, 2009 at 3:55 PM  

വായിച്ച എല്ലാവർക്കും നന്ദി.

അനിൽ@ബ്ലൊഗ്‌,
stem cell, cloning മുതലായ വാക്കുകൾ ഗൂഗിളിനെക്കൊണ്ടു് അന്വേഷിപ്പിച്ചാൽ കിട്ടുന്ന ഫലങ്ങളും അവയിലെ കണക്റ്റിംഗ്‌ ലിങ്കുകളും ആവശ്യത്തിനു് ഇൻഫർമേഷൻ തരേണ്ടതാണു്. കൂടാതെ പല ലിറ്ററേച്ചറുകളും അതിൽ ലിസ്റ്റ്‌ ചെയ്തിട്ടുണ്ടു്.

പാമരൻ,

അതു് ശരിയാണു്. 05.07.1996-ൽ ജനിച്ച ഡോളിയുടെ DNA-യിലെ Telemere-ൽ മെയ്‌ 1999-ൽ തന്നെ 'നീളക്കുറവു്' ശ്രദ്ധിക്കപ്പെട്ടിരുന്നു. Telemere ഗൂഗിൾ ചെയ്താൽ 'പ്രായമാവലിനെപ്പറ്റി' കൂടുതൽ അറിയാം.

അനിൽ@ബ്ലൊഗ് September 15, 2009 at 5:37 PM  

ഇല്ല, ബാബുമാഷ്.
വൈദ്യുത പ്രവാഹത്താല്‍ നൂക്ലിയസില്‍ എന്ത് മാറ്റമാണ് വരുന്നതെന്ന് ഇതുവരെ എനിക്ക് തപ്പിയെടുക്കാന്‍ പറ്റിയില്ല.

സി.കെ.ബാബു September 15, 2009 at 6:14 PM  

അനിൽ@ബ്ലൊഗ്‌,
സെൽ ഡിവിഷനു് വൈദ്യുതിപരമോ, രാസപരമോ, ഹീറ്റോ ആയ എനർജി 'ഷോക്ക്‌' ആയി ഉപയോഗിക്കാം. ഞാൻ സൂചിപ്പിച്ച പശുക്കളുടെ ക്ലോണിംഗിൽ ഉദാഹരണത്തിനു് ഇൻക്യുബേറ്ററിലെ ഹീറ്റാണു് ഉപയോഗിച്ചതു്. 'somatic cell nuclear transfer' എന്ന ഗൂഗിൾ പേജിൽ നോക്കൂ. അതും സഹായിക്കുന്നില്ലെങ്കിൽ ഞാൻ നിസ്സഹായനാണു്. ആ പേജിൽ നിന്നുമാണു് ഈ വാക്യം: The egg, now containing the nucleus of a somatic cell, is stimulated with a 'shock' and will begin to divide. ആ 'ഷോക്കേ' ഉദ്ദേശിച്ചുള്ളു.

Bijoy September 21, 2009 at 7:29 PM  

Dear Babu

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://mutiyans-1.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP