Tuesday, May 5, 2009

ദൈവത്തിന്റെ വക്കീലന്മാർ

( പോസ്റ്റും PDF-ലേക്കു് മാറ്റിയ മറ്റു് പോസ്റ്റുകളും sidebar-ലെ Scribd- ക്ലിക്ക്‌ ചെയ്താൽ PDF- വായിക്കാം.)

ആരാ നിന്റെ ദൈവം എന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ യഹൂദ-, ക്രൈസ്തവ-, ഇസ്ലാം മതങ്ങൾ ആധാരമാക്കുന്ന ദൈവം ഒന്നുതന്നെയാണു്, വ്യത്യസ്തരല്ല. ആദാം ആദിമനുഷ്യനെന്നും, അബ്രാഹാം പുരാതനപിതാവെന്നും വിശ്വസിക്കുന്ന മൂന്നു് മതങ്ങൾക്കും ആദാമിനെ സൃഷ്ടിച്ചവനും, അബ്രാഹാമിനു് വാഗ്ദാനങ്ങൾ നൽകിയവനുമായ യഹോവ എന്ന ദൈവമല്ല തങ്ങളുടെ ദൈവം എന്നു് പറയാനാവില്ല എന്നു് പ്രത്യേകം പറയേണ്ടല്ലോ. മുസ്ലീമുകൾ അവരുടെ ദൈവത്തെ അല്ലാഹു എന്നു് വിളിക്കുന്നതിനു് ഭാരതീയൻ ദൈവത്തെ ഈശ്വരൻ എന്നു് വിളിക്കുന്ന അത്രയും മാത്രം അർത്ഥമേ കൽപിക്കേണ്ടതുള്ളു. വിളിപ്പേരിൽ വ്യത്യാസം വരുത്തുന്നതുവഴി വിളിക്കപ്പെടുന്നവനിൽ വ്യത്യാസം വരുത്താനാവുമോ?

മൂന്നു് മതങ്ങളും അടിസ്ഥാനമാക്കുന്നതു് ഇതേ ഏകദൈവം നൽകിയതെന്നു് വിശ്വസിക്കപ്പെടുന്ന ദൈവികനിയമങ്ങളുടെ ക്രോഡീകരണമായ അവവരവരുടെ മതഗ്രന്ഥങ്ങളാണു് - ബൈബിളിലെ പഴയനിയമം, പുതിയനിയമം, ഖുർ ആൻ, പിന്നെ അവയുടെ ചില അനുബന്ധഗ്രന്ധങ്ങളും. യേശു സ്വന്തമായി ഗ്രന്ഥമൊന്നും എഴുതിയിട്ടില്ലെങ്കിലും, അവൻ പറഞ്ഞ കാര്യങ്ങൾ എന്നു് കുറിച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ബൈബിളിലെ പുതിയനിയമത്തിൽനിന്നും യേശു യഹോവ എന്ന ദൈവത്തിന്റെ പുത്രനാണെന്നും, അവൻ ഭൂമിയിൽ വന്നതു് പഴയനിയമത്തിലെ ദൈവവചനങ്ങൾ നീക്കം ചെയ്യാനല്ലെന്നും, അവയെ പൂർത്തീകരിക്കാനാണെന്നും സംശയത്തിനിടയില്ലാത്തവണ്ണം പറയുന്നുണ്ടു്. 'ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനേക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു് എളുപ്പം.' - (ലൂക്കോസ്‌ 16:17)

ഏറ്റവും ചുരുങ്ങിയപക്ഷം ഇത്രയും വസ്തുതകളെങ്കിലും നിഷേധിക്കാൻ അവിശ്വാസിക്കോ വിശ്വാസിക്കോ ആവില്ല. ഒരു വിശ്വാസി അങ്ങനെ ചെയ്താൽ അവൻ നിഷേധിക്കുന്നതു് അവന്റെ ദൈവത്തേയും ദൈവനാമത്തിൽ സ്ഥാപിതമായിരിക്കുന്ന അവന്റെ മതത്തേയും തന്നെയായിരിക്കും.

ഇക്കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ സ്ഥിരപരിശ്രമം കൊണ്ടു് മനുഷ്യൻ നേടിയെടുത്ത ആധുനിക അറിവുകൾ മുഴുവൻ മേൽപറഞ്ഞ ഏതെങ്കിലും മതത്തിലെ കിത്താബുകളിൽ പണ്ടേതന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു് മുക്രയിടുന്നതിനു് മുൻപു് അറിവുകൾ വെളിപ്പെടുത്തിക്കൊടുത്ത ദൈവം തന്റെ നല്ലപ്രായത്തിൽ ചെയ്ത സാഹസങ്ങൾ എന്തൊക്കെയെന്നു് ആസനത്തിൽ കൃമി ബാധിച്ചാലെന്നപോലെ ഞെളിപിരിക്കൊള്ളാതെ ഒരുനിമിഷം സ്വസ്ഥമായി ഇരുന്നു് ഒന്നു് ആലോചിക്കുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു. തന്റെ സ്വന്തം മതഗ്രന്ഥത്തിൽ വലിയ വ്യാഖ്യാനമൊന്നും ആവശ്യമില്ലാത്തവിധം വ്യക്തമായി, ഏതു് സാദാ വിശ്വാസിക്കും വലിയ ബുദ്ധിയുടെ ഒന്നും ആവശ്യമില്ലാതെ മനസ്സിലാവുന്ന വിധത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും ദൈവത്തിന്റെ വക്കീലന്മാർ സന്നദ്ധത പ്രകടിപ്പിച്ചാൽ നിമിഷം അവസാനിക്കുന്ന ചർച്ചകളാണു് പലപ്പോഴും കേന്ദ്രബിന്ദുവിൽ നിന്നും വ്യതിചലിപ്പിച്ചു്, അറ്റമില്ലാതെ വലിച്ചുനീട്ടപ്പെടുന്നതു്.


ചർച്ച വലിച്ചുനീട്ടുക എന്നതു് വളരെ എളുപ്പമാണു്. എങ്ങനെയെന്നല്ലേ? ഒരു ചോദ്യത്തിന്റെ മറുപടി മറ്റൊരു ചോദ്യമാവണം. എതിരാളിയുടെ മറുപടികളിലെ പ്രസ്താവനകൾ ക്വോട്ട്‌ ചെയ്യുമ്പോൾ നമുക്കു് ഏതെങ്കിലും വിധത്തിൽ ദോഷം ചെയ്യാൻ സാദ്ധ്യതയുള്ള ഭാഗങ്ങൾ ഒഴിവാക്കി ക്വോട്ട്‌ ചെയ്യണം. നിവർത്തിയുണ്ടെങ്കിൽ എതിരാളി പറയുന്ന മറുപടികൾ വായിക്കുക പോലും ചെയ്യാതിരിക്കണം. അവ വായിക്കാതിരുന്നാൽ വായിച്ചാലും മനസ്സിലാവാത്ത കാര്യങ്ങളെ ഒറ്റയടിക്കു് ഒഴിവാക്കാം എന്ന മറ്റൊരു ഗുണവുമുണ്ടു്. സർവ്വോപരി, അവൻ പറയുന്നതു് തെറ്റേ ആവൂ എന്ന മുൻവിധി ചത്താലും കൈവിടാതിരിക്കണം. വേദഗ്രന്ഥത്തിൽ നിന്നും വല്ലതും ക്വോട്ട്‌ ചെയ്യുമ്പോഴാണു് ഏറ്റവും സൂക്ഷിക്കേണ്ടതു്. വിശ്വാസിക്കു് അനുകൂലമായ വാക്യങ്ങളെക്കാൾ കൂടുതൽ അവിശ്വാസിക്കു് അനുകൂലമായ വാക്യങ്ങൾ ഏതു് വേദഗ്രന്ഥത്തിലും ഉണ്ടെന്നതിനാൽ സെൽഫ്‌ ഗോൾ അടിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. ഉദാഹരണത്തിനു്, 'മനുഷ്യർക്കു് ഭവിക്കുന്നതു് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നെ അതു് മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യനു് മൃഗത്തേക്കാൾ വിശേഷതയില്ല; എല്ലാം ഒരുസ്ഥലത്തേക്കു് തന്നേ പോകുന്നു, എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു. മനുഷ്യരുടെ ആത്മാവു് മേലോട്ടു് പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു് കീഴോട്ടു് ഭൂമിയിലേക്കു് പോകുന്നുവോ? ആർക്കറിയാം?' (സഭാപ്രസംഗി 3:19 - 21) മുതലായ വാക്യങ്ങൾ ഒരിക്കലും ക്വോട്ട്‌ ചെയ്യരുതു്. അത്തരം വാക്യങ്ങൾ നിന്റെ വേദഗ്രന്ഥത്തിൽ ഉള്ളതായിപ്പോലും ഭാവിക്കരുതു്. 'സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു', 'ദൈവം സ്നേഹമാകുന്നു' മുതലായ കേട്ടാൽ കരയാനും മൂക്കുചീറ്റാനും തോന്നുന്ന വാക്യങ്ങളേ ഉദ്ധരിക്കാവൂ. അല്ലെങ്കിൽ പിന്നെ ഒരുപാടു് ഉരുണ്ടുകളിച്ചാലേ സംഗതി വീണ്ടും ട്രാക്കിൽ വീഴൂ. ഇത്രയും കാര്യങ്ങൾ സ്വന്തമാക്കിയാൽ മതപരമായ ഏതു് ചർച്ചയും ലോകാവസാനം വരെ നീട്ടിക്കൊണ്ടുപോകാം. ലോകാവസാനം വരെ എന്നുവച്ചാൽ, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയിലേക്കു് കൽമഴയോ ആലിപ്പഴമോ ഒക്കെ പെയ്യുന്നപോലെ പെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ യേശു മേഘക്കുതിരയുടെ പുറത്തുകയറി മാലാഖമാർ സഹിതം കോലാട്ടിൻകൊമ്പുകൊണ്ടുള്ള കാഹളമൂത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ വരവു് വരുന്നതുവരെയും, വേണമെങ്കിൽ അതിനും ശേഷവും നീട്ടാമെന്നർത്ഥം! സൂര്യനും നക്ഷത്രങ്ങളും ഭൂമിയിലേക്കു് വന്നു് വീണുകൊണ്ടിരിക്കുന്നു എന്നുകരുതി മേഘവും കാഹളവും, പാപികളും പരിശുദ്ധന്മാരും, ഇന്റർനെറ്റും ഗൂഗിളും ബ്ലോഗുമൊന്നും ഇല്ലാതാവുന്നില്ലല്ലോ!

ഒരു ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ടു് നേരിടുക എന്നതു് പഴയ ഒരു യഹൂദതന്ത്രമാണു്. പക്ഷേ, അവർ മാർഗ്ഗം സ്വീകരിക്കുന്നതു് ആദ്യത്തെ ചോദ്യത്തിനു് നൽകേണ്ട മറുപടി ആലോചിക്കാനുള്ള സമയം ലഭിക്കുന്നതിനു് വേണ്ടിയാണു്. അതേസമയം, വിശ്വാസി തന്ത്രം ഉപയോഗിക്കുന്നതു് എതിരാളിയുടെ ചോദ്യങ്ങൾക്കു് യുക്തമായ മറുപടി നൽകാൻ ആവില്ല എന്നു് വരുമ്പോൾ മറുപടി നൽകാതെ രക്ഷപെടാനായിട്ടും. ഏതു് വിഡ്ഢിക്കും ചോദിക്കാൻ കഴിയുന്നതും എത്ര വലിയ ബുദ്ധിമാനും മറുപടി നൽകാൻ കഴിയാത്തതുമായ ധാരാളം ചോദ്യങ്ങൾ ലോകത്തിലുണ്ടു്. അതുപോലെതന്നെ, ഏതു് ചോദ്യത്തിനും ഏതു് മണ്ടനും നൽകാൻ കഴിയുന്ന ഒരു ഒറ്റമൂലി മറുപടിയും ലോകത്തിലുണ്ടു് - 'ദൈവം'! ദൈവമാണു് വിശ്വാസിയുടെ സർവ്വസംഹാരിയായ ആയുധം. അതിനാൽ വജ്രായുധം എന്നു് അവൻ കരുതുന്ന ദൈവത്തിന്റെ അടിസ്ഥാനമില്ലായ്മ അതേ ദൈവം നൽകിയതെന്നു് വിശ്വസിക്കപ്പെടുന്ന അതിബുദ്ധിമൊഴിമുത്തുകൾതന്നെ ഉപയോഗിച്ചു് തെളിയിക്കപ്പെടാവുന്നവയാണെന്നു് വരുമ്പോൾ ഒന്നുകിൽ അവൻ വ്യതിചലനത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നു അല്ലെങ്കിൽ പ്രകോപിതനാവുന്നു. സ്വന്തം ക്ഷോഭം മറച്ചുപിടിക്കാൻ എതിരാളിയോടു് "ക്ഷോഭിക്കല്ലേ, ക്ഷോഭിക്കല്ലേ" എന്നു് പരിഹാസസ്വരത്തിൽ അവൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നതു് തന്ത്രത്തിന്റെ ഒരു ഭാഗവും അവന്റെ ക്ഷോഭത്തിന്റെ തെളിവും മാത്രമായി മനസ്സിലാക്കിയാൽ മതി.

'നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ' എന്ന ചോദ്യത്തിനു് ജീവിതത്തിൽ എപ്പോഴെങ്കിലും 'ദൈവം' എന്ന ആശയവുമായി ബന്ധപ്പെട്ടിട്ടുള്ളവർക്കു് ഉണ്ടു് അല്ലെങ്കിൽ ഇല്ല എന്ന രണ്ടു് മറുപടികളിൽ ഒന്നേ ന്യായമായി നൽകാനാവൂ. അതുപോലെതന്നെ, ഏകദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തിന്റെ മാറ്റമില്ലായ്മയിലും വിശ്വസിക്കാൻ ബാദ്ധ്യസ്ഥനാണു്. അതായതു്, 6000 വർഷമോ അതിനും വളരെ വളരെ മുൻപോ ഉള്ള ദൈവം തന്നെയാവണം ഇന്നത്തെയും എന്നത്തെയും ദൈവം. ഇക്കാലത്തു് കക്ഷത്തിൽ 'കുർബ്ബാനക്രമവുമായി' നാടുചുറ്റുന്ന ഏതു് ഉപദേശിയും യമുനാനദീതീരത്തെ പാറക്കല്ലുകളിൽ ഔറംഗസേബിന്റെ അണ്ടർവെയറിലെ അണ്ടിക്കറ അലക്കിവെളുപ്പിക്കാൻ ആഞ്ഞാഞ്ഞടിക്കുന്ന വെളുത്തേടത്തികളെപ്പോലെ നെഞ്ചത്തടിച്ചു് അലമുറയിടുന്ന ഒരു വാക്കാണല്ലോ 'ബിഗ്‌-ബാംഗ്‌'! അതുവഴി അവർ ഉദ്ദേശിക്കുന്നതു് ഏതു് ബിഗ്‌-പൈങ്ങയുടെ വിണ്ടുപൊട്ടലോ, അല്ലെങ്കിൽ ഏതു് അമിട്ടിന്റെ പൊട്ടിത്തെറിക്കലോ ആയിരുന്നാൽത്തന്നെയും 'ബിഗ്‌-ബാംഗ്‌' എന്ന വലിയപെരുന്നാൾവെടിക്കെട്ടിനും വളരെ മുൻപു് മുതലേ ഇപ്പറയുന്ന ദൈവം നിലനിൽക്കുന്നുണ്ടാവണം. ചുരുക്കത്തിൽ, സകല പ്രപഞ്ചത്തിനും ഉപരിയായി, ഉന്നതനായി സങ്കൽപിക്കപ്പെടുന്ന ഒരു ദൈവം അനാദിയും, അനന്തനും, സ്ഥലകാലങ്ങൾക്കു് അതീതനും ആയിരിക്കണമെന്നതു് ഒരുവനു്, അവനൊരു ദൈവവിശ്വാസിയാണെങ്കിൽ, നിഷേധിക്കാനാവാത്ത കാര്യമാണു്.

'നിലനിൽക്കുന്നു' എന്നതുകൊണ്ടു് സാധാരണഗതിയിൽ നമ്മൾ ഉദ്ദേശിക്കുന്നതു് രൂപമെടുക്കലിനും അവസാനിക്കലിനും ഇടയിലുള്ള കാലഘട്ടത്തിലെ വസ്തുക്കളുടെ അവസ്ഥയാണു്. മനുഷ്യരെ സംബന്ധിച്ചു് നിലനിൽപു് എന്നതു് അവരുടെ ജീവിതമാണു്. ലോകത്തിൽ ജീവിച്ചിരിക്കണമെങ്കിൽ ചത്തുപോകാതിരിക്കുകയല്ലാതെ വേറെ വഴിയില്ല. വിശപ്പിനും ദാഹത്തിനും പരിഹാരം കാണാതെ ഏറെനാൾ ജീവിച്ചിരിക്കാൻ മനുഷ്യനാവുകയുമില്ല. ശ്വാസോച്ഛ്വാസം ചെയ്യാൻ കഴിയാതെ വന്നാൽ ഏതാനും മിനുട്ടുകൾക്കുള്ളിൽത്തന്നെ മനുഷ്യന്റെ നിലനിൽപു് അവസാനിക്കും. ഇങ്ങനെ, ജീവജാലങ്ങളുടേതുപോലെ രൂപമെടുക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു നിലനിൽപാണോ ദൈവത്തിന്റേതു്? കപ്പയും കഞ്ഞിയുമെങ്കിലും കഴിച്ചില്ലെങ്കിൽ, ശ്വാസോച്ഛ്വാസം ചെയ്തില്ലെങ്കിൽ ചത്തുപോകുന്നവനാണോ ദൈവം? അതുപോലൊരു 'കഞ്ഞികുടിയൻ' ദൈവം ബിഗ്‌-ബാംഗിനും മുൻപു് നിലനിന്നിരുന്നു എന്നു് പറഞ്ഞാൽ ദൈവത്തിന്റെ പേരിൽ ഒരു മുക്രി പോലും ബാങ്ക്‌ വിളിക്കുമോ? സാമാന്യബോധമുള്ള ഏതെങ്കിലുമൊരു മനുഷ്യൻ അതുപോലൊരു ദൈവത്തിൽ വിശ്വസിക്കുമോ? ദൈവത്തിനായി കോടികൾ മുടക്കി ആരെങ്കിലും ദേവാലയങ്ങൾ പണികഴിപ്പിക്കുമോ? ഇല്ല എന്നു് മറുപടി പറയാൻ വരട്ടെ. കൃത്യമായി അത്തരം ഒരു ദൈവചിത്രമാണു് പല വേദഗ്രന്ഥങ്ങളിലും, പ്രത്യേകിച്ചു് ബൈബിളിൽ, വരച്ചുകാണിക്കപ്പെടുന്നതു്. ദൈവത്തിലാണു് കോടിക്കണക്കിനു് മനുഷ്യർ ഇന്നും വിശ്വസിക്കുന്നതു്. ദൈവത്തിന്റെ കരുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണു് പതിനായിരങ്ങൾ കാഴ്ചയും, ബലിയും, വഴിപാടും, പള്ളിക്കുചുറ്റും പൊടിമണ്ണിൽ ഉരുണ്ടുനേർച്ചയും അനുഷ്ഠിക്കുന്നതു്! ദൈവത്തിന്റെ പേരിലാണു് നിരപരാധികളെ ബോബെറിഞ്ഞു് കൊല്ലാൻ ഭക്തവാനരന്മാർ മാസങ്ങളും വർഷങ്ങളും തയ്യാറെടുപ്പു് നടത്തുന്നതു്! ദൈവത്തിലെ വിശ്വാസം സംരക്ഷിക്കാനാണു് അതേ ഏകദൈവത്തിൽ തന്നെ വിശ്വസിക്കുന്ന ജനങ്ങൾ തമ്മിൽ ബദ്ധശത്രുക്കളെപ്പോലെ കാലാകാലങ്ങളായി യുദ്ധത്തിലേർപ്പെടുന്നതു്! അത്തരം ഒരു ദൈവത്തിനു് വക്കീലന്മാരുടെ സഹായമില്ലാതെ 'നിലനിൽക്കാൻ' ആവില്ലെന്നതു് തീർച്ചയായും സത്യം തന്നെ!

അതെ, സംശയം വേണ്ട, യഹോവ വിശപ്പും ദാഹവുമുള്ള ദൈവമാണു്. യഹോവ മാംസത്തിലും മറ്റു് ആഹാരപദാർത്ഥങ്ങളിലും ഏറ്റവും നല്ലതു് മാത്രം തിന്നു് ശീലിച്ചവനാണു്. തനിക്കു് ബലിയായി നൽകുന്ന ആഹാരത്തിന്റെ കിറുകൃത്യമായ വർണ്ണന പഴയനിയമത്തിൽ യഹോവ എന്ന ദൈവം നൽകുന്നുണ്ടു് എന്നതു് മാത്രം മതി ദൈവവും നമ്മേപ്പോലെതന്നെ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണെന്നു് മനസ്സിലാക്കാൻ! അല്ലെങ്കിൽത്തന്നെ മനുഷ്യനെ സൃഷ്ടിക്കാൻ പശമണ്ണു് കുഴക്കേണ്ടിവന്ന ഒരു ദൈവത്തിനു്, സ്ത്രീയെ സൃഷ്ടിക്കാൻ പുരുഷന്റെ വാരിയെല്ല് എടുക്കേണ്ടിവന്ന ഒരു ദൈവത്തിനു്, ആറുദിവസം വിശ്രമമില്ലാതെ ജോലിചെയ്യാൻ മാത്രം അദ്ധ്വാനിയായ ഒരു ദൈവത്തിനു് വിശപ്പും ദാഹവും ഉണ്ടാവും എന്നു് ചിന്തിക്കുന്നതിൽ എന്താണൊരു വൈരുദ്ധ്യം?

എന്തൊക്കെയാണു് യഹോവയുടെ ഇഷ്ടഭോജനം എന്നറിയേണ്ടേ?

1. അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം. അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. ...

2. ഹോമയാഗത്തിനുള്ള അവന്റെ വഴിപാടു് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. ....

3. യഹോവക്കു് അവന്റെ വഴിപാടു് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നുവെങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം. ...

4. ആരെങ്കിലും യഹോവക്കു് ഭോജനയാഗമായി വഴിപാടു് കഴിക്കുമ്പോൾ അവന്റെ വഴിപാടു് നേരിയ മാവു് ആയിരിക്കേണം. അവൻ അതിന്മേൽ എണ്ണ ഒഴിച്ചു് കുന്തുരുക്കവും ഇടേണം. ...

5. ഒരുവന്റെ വഴിപാടു് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

ദഹനയാഗം, ഹനനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം അങ്ങനെ ഇനിയുമുണ്ടു് ഇഷ്ടം പോലെ യഹോവയുടെ പാചകവിധികൾ! കൂടുതൽ അറിയണമെന്നുള്ളവർ ബൈബിളിലെ ലേവ്യപുസ്തകം വായിക്കുക. മൃഗങ്ങളുടെ മാംസവും രക്തവും, പണ്ടവും കുടലും, അങ്ങനെ മറ്റു് പലതും എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്നു് യഹോവ അവിടെ കൃത്യമായി വർണ്ണിക്കുന്നുണ്ടു്. യഹോവ ബ്ലോഗെഴുതിയിരുന്നെങ്കിൽ അതു് തീർച്ചയായും 'ABCD-പാചകം' എന്ന പേരിൽ ഒരു പാചകബ്ലോഗായിരുന്നേനെ എന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. യഹോവയുടെ പുരോഹിതന്മാരേപ്പോലെതന്നെ, യഹോവയ്ക്കും ഊനമില്ലാത്തവയുടെ മാംസമേ വേണ്ടൂ! പ്രപഞ്ചവും താരാപഥങ്ങളുമൊക്കെ സൃഷ്ടിച്ചശേഷം ദൈവം മനുഷ്യരെ സൃഷ്ടിച്ചു് അവരെ പാചകവിധിയിൽ ഡോക്ടറേറ്റ്‌ എടുത്ത മഹാപുരോഹിതന്മാരുടെയും അവരുടെ മൂടുതാങ്ങികളുടെയും ചുമതലയിൽ ഏൽപിച്ചതു് ഇത്തിരി രുചികരമായ ശാപ്പാടു് ലഭിക്കാനല്ലെങ്കിൽ പിന്നെ എന്തിനു് വേണ്ടിയാണെന്നു് കരുതി? ബൈബിളിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങൾ വിമർശനബുദ്ധിയോടെ വായിച്ചശേഷവും യഹോവയെ പ്രപഞ്ചസ്രഷ്ടാവായി പരിഗണിക്കുന്ന ഒരുവനുമായി ഒരു ചർച്ചക്കു് പോകാതിരിക്കാൻ സ്വതന്ത്രബുദ്ധികളായ എല്ലാ നല്ല മനുഷ്യരോടും അപേക്ഷിക്കാനേ എനിക്കു് കഴിയൂ. കാരണം, അത്തരം ഒരു ശിക്ഷ നിങ്ങൾ അർഹിക്കുന്നില്ല.

തനിക്കു് ഊനമില്ലാത്ത മൃഗങ്ങളെ മാത്രമേ യാഗമായി അർപ്പിക്കാവൂ എന്നു് നിഷ്കർഷിക്കുന്ന ദൈവം! ഊനമില്ലായ്മയെ ദൈവം ഇത്ര വിലമതിക്കുന്നുവെങ്കിൽ ഊനമുള്ളവയെ എന്തിനു് ജന്മമെടുക്കാൻ അനുവദിക്കണം? ഊനമുള്ളവയുടെ രൂപമെടുക്കൽ തടയാൻ കഴിയാത്ത ഒരു ദൈവം ഊനമുള്ളവയെ യാഗങ്ങളിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെടുന്നതു് തന്റെ കഴിവുകേടു് സ്വയം അംഗീകരിക്കുന്നതിനു് തുല്യമല്ലേ? മനുഷ്യരെപ്പോലും ഊനമില്ലാത്തവരായി സൃഷ്ടിക്കാൻ കഴിയാത്ത ഒരു ദൈവം അവരോടു് ഊനമില്ലാത്തവയെ യാഗമായി ആവശ്യപ്പെടുന്നു! പുരോഹിതവേഷം ധരിച്ച മനുഷ്യനല്ലാതെ മറ്റാരാണു് നാറുന്ന കൽപനകൾക്കു് പുറകിൽ ചുരുണ്ടുകൂടി ഒളിച്ചിരിക്കുന്നതു്? തനിക്കു് പൊരിച്ചുതിന്നാൻ മൃഗങ്ങളെ സൃഷ്ടിക്കുന്ന ദൈവം! പക്ഷേ, അവയെ ഊനമില്ലാത്തവയായി സൃഷ്ടിക്കാൻ എന്തുകൊണ്ടോ കഴിയാതെ പോകുന്ന സ്വർഗ്ഗീയ വിദഗ്ദ്ധൻ! എന്തിനു്, തന്റെ തനിരൂപമായ മനുഷ്യരുടെ സൃഷ്ടിയിൽ പോലും പലതരം കയ്യബദ്ധങ്ങൾ പറ്റുന്ന പാവം ദൈവം! അവയിൽ പലതും നരകത്തിന്റേയും പിശാചിന്റേയും സൂത്രം എന്നു് വിശുദ്ധ വിശ്വാസികൾ വിശേഷിപ്പിക്കുന്ന മനുഷ്യരുടെ കണ്ടുപിടുത്തമായ ശാസ്ത്രത്തിനു് തിരുത്താൻ കഴിയുന്നവയാണു് എന്നതാണു് അതിലേറെ രസം. ദൈവത്തിനു് തിരുത്താൻ കഴിയാഞ്ഞവയിൽ ശാസ്ത്രത്തിനു് തിരുത്താൻ കഴിയുന്ന 'ഊനങ്ങളുടെ' എണ്ണം അനുദിനമെന്നോണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി, ദൈവേഷ്ടപ്രകാരമാണു് അത്തരം ഹതഭാഗ്യർ സൃഷ്ടിക്കപ്പെട്ടതെങ്കിൽ, അവരുടെ സ്രഷ്ടാവെന്ന നിലയിൽ തന്റെ സ്വന്തം സൃഷ്ടികളെ തള്ളിപ്പറയാൻ മാത്രം ഒരു ദൈവം നികൃഷ്ടനാവുമോ? ഊനമില്ലാത്തവയെ സൃഷ്ടിക്കാൻ കഴിവുണ്ടായിരുന്നിട്ടും അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുക മാത്രമല്ല, അവരെ താഴ്‌ന്നതരം മനുഷ്യരായി ചിത്രീകരിക്കുക കൂടി ചെയ്യുന്ന ഒരു ദൈവം ലജ്ജിച്ചു് തലതാഴ്ത്തുകയല്ലേ ചെയ്യേണ്ടതു്? ഒരു ദൈവം ഉണ്ടെങ്കിൽ ദൈവത്തെ എത്ര നീചമായ അവസ്ഥയിലാണു് പൗരോഹിത്യം കൊണ്ടെത്തിച്ചതെന്നു് നോക്കൂ:

യഹോവയായ ദൈവം മോശെയോടു് അരുളിച്ചെയ്യുന്നതായി ബൈബിളിൽ എഴുതിയിരിക്കുന്ന ചില വാക്യങ്ങൾ ശ്രദ്ധിക്കൂ: "നീ അഹരോനോടു് പറയേണ്ടതെന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തു് വരരുതു്. അംഗഹീനനായ യാതൊരുത്തനും അടുത്തു് വരരുതു്. കുരുടൻ, മുടന്തൻ, പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കയ്യൊടിഞ്ഞവൻ, കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു്. ... തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു് ഭക്ഷിക്കാം. എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു്. അവൻ അംഗഹീനനല്ലോ. അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു്. ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു." എന്തൊരു ദൈവസ്നേഹം! എന്തൊരു ദൈവകരുണ! കുരുടനെയും മുടന്തനെയും സൃഷ്ടിച്ചപ്പോൾ എന്തുകൊണ്ടു് ഇത്തരം കാര്യങ്ങൾ ഓർത്തില്ല എന്നും, ഒരു ദൈവം അത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയേണ്ടവനല്ലേ എന്നൊന്നും ചോദിക്കരുതു്. യാഗപീഠത്തിലെ നാലു് ചട്ടിയും കലവും അംഗഹീനർ തൊട്ടു് അശുദ്ധമാക്കരുതെന്നു് നിഷ്കർഷിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽത്തന്നെ ദൈവത്തെ ഇല്ലായ്മ ചെയ്യേണ്ട കാലം കഴിഞ്ഞില്ലേ?

'ദൈവവചനങ്ങൾ' ഒരിക്കലും ഒരു പ്രപഞ്ചസ്രഷ്ടാവിന്റേതാവാൻ കഴിയില്ല എന്ന സാമാന്യസത്യത്തിലേക്കല്ലേ വസ്തുതകളെല്ലാം വിരൽ ചൂണ്ടുന്നതു്? എന്നിട്ടും അടുക്കളദൈവത്തിന്റെ കിത്താബിൽ ബിഗ്‌-ബാംഗും പ്രപഞ്ചസൃഷ്ടിയും കാണുന്നു ചിലർ! ദൈവത്തിന്റെ സംരക്ഷകരായി ചമയുന്നു മറ്റുചിലർ. സ്വന്തം അജ്ഞത ഏതെല്ലാം വിധത്തിൽ വെളിപ്പെടുത്താമെന്നതിന്റെ ഉദാഹരണങ്ങൾ. കേൾവിക്കാർ പാത്തുമ്മയും പാത്തുമ്മയുടെ ആടുകളുമായിരിക്കുന്നിടത്തോളം കയ്യിൽ കിട്ടുന്ന ഏതു് കൊച്ചുപുസ്തകം പൊക്കിക്കാണിച്ചും ആർക്കും മതപണ്ഡിതനായി ചമയാം, അല്ലാതെന്തു് പറയാൻ?

15 comments:

പാവപ്പെട്ടവന്‍ May 6, 2009 at 12:50 AM  

സാമാന്യസത്യത്തിലേക്കല്ലേ ഈ വസ്തുതകളെല്ലാം വിരല്‍ ചൂണ്ടുന്നതു്?
മതം അഭിപ്രായം എന്നേ അര്‍ത്ഥമുള്ള് ഈ അഭിപ്രായങ്ങളുടെ എല്ലാം വ്യാഖ്യാനങ്ങളും മനുഷ്യ നന്മകളിലേക്ക് വിരല്‍ ചുണ്ടുന്നു

പാത്തുമ്മയുടെ ആട് May 6, 2009 at 2:26 AM  

ബൂലോകത്തില്‍ പിച്ചവെച്ചുനടക്കുന്ന ഒരു ബ്ലോഗര്‍ക്കെതിരേ ഇത്ര ക്രൂരമായി സംസാരിച്ച താങ്കളോട് ദൈവം ചോദിച്ചോളും.

പാമരന്‍ May 6, 2009 at 3:02 AM  

"യാഗപീഠത്തിലെ നാലു് ചട്ടിയും കലവും അംഗഹീനർ തൊട്ടു് അശുദ്ധമാക്കരുതെന്നു് നിഷ്കർഷിക്കുന്ന ഒരു ദൈവം"

അതൊരു ഒന്നൊന്നര ദൈവമാണല്ലോ മാഷെ.. പുറത്തായ പെണ്ണുങ്ങള്‍ തൊറ്റണ്ട, അടുത്തെങ്ങാനും വന്നാല്‍ അശുദ്ധമായിപ്പോകുന്ന പടച്ചോനെയും പടച്ചോതിയെയും പറ്റി കേട്ടിട്ടുണ്ട്‌. ഇതിപ്പം അതിലും വലുതാണല്ല്‌!

BS Madai May 6, 2009 at 8:26 AM  

"മരിക്കുന്ന ദൈവങ്ങള്‍"...!
മാഷേ, വായന അറിയിക്കുന്നു. എല്ലാ ഭാവുകങ്ങളും.

സി. കെ. ബാബു May 6, 2009 at 1:15 PM  

പാവപ്പെട്ടവൻ,
അപ്പോ അങ്ങനെയാണു് കാര്യങ്ങൾ! വായനക്കു് നന്ദി. :)

പാത്തുമ്മയുടെ ആടു്,
വായിച്ചതിനും ബ്ലോഗിലെ സാന്നിദ്ധ്യം അറിയിച്ചതിനും നന്ദി. :)

പാമരൻ,
ആണും പെണ്ണുമൊക്കെ അശുദ്ധമാവുന്നതിന്റേയും അതിനുള്ള പരിഹാരങ്ങളുടേയും കൽപനകൾ ധാരാളം വേറെയുണ്ടു്! കിനാവള്ളി പിടിക്കുന്നതുപോലെയല്ലേ പുരോഹിതൻ എന്ന 'ദൈവം' മനുഷ്യനെ പിടിച്ചുനിർത്തി അവന്റെ ശാരീരിക അനിവാര്യതകളെ മുഴുവൻ തെറ്റും കുറ്റവും പാപവുമാക്കി പ്രഖ്യാപിച്ചു് പരിഹാരം ആവശ്യപ്പെടുന്നതു്!

BS Madai,
നന്ദി.

hAnLLaLaTh,
'no comment' is also a comment! Than-Q.

പ്രിയ ഉണ്ണികൃഷ്ണന്‍ May 6, 2009 at 5:39 PM  

പറഞ്ഞതുപോലെ ഒക്കെ ഒന്നൊന്നരദൈവങ്ങള്‍ തന്നെ

ന്നാലും യഹോവയുടെ ബ്ലോഗ്... ഹോ!

അനില്‍@ബ്ലോഗ് May 6, 2009 at 7:31 PM  

നന്നായി മാഷെ ഈ ശ്രമം.

ആശംസകള്‍.

ബിനോയ് May 6, 2009 at 8:34 PM  

"..ഒരു ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തെ എത്ര നീചമായ അവസ്ഥയിലാണു് പൗരോഹിത്യം കൊണ്ടെത്തിച്ചതെന്നു് നോക്കൂ:.."

"..നിഷ്കർഷിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽത്തന്നെ ആ ദൈവത്തെ ഇല്ലായ്മ ചെയ്യേണ്ട കാലം കഴിഞ്ഞില്ലേ?.."

വോയ്സില്ലാ വൊയ്സില്ല ഇനി മാഷിന് വോയ്സില്ല. ദൈവം ഉണ്ടെന്ന് മാഷ് തന്നെ സമ്മതിച്ചുകഴിഞ്ഞു. ഇനീം തര്‍ക്കിച്ചാല്‍ ഞങ്ങള്‍ തോക്കെടുക്കും.. അല്ലെങ്കില്‍ വേണ്ട ബോംബിടും.. അല്ലേ വേണ്ട തീയിലിട്ട് പൊരിച്ച്, കണ്ണ് കുത്തിപ്പൊട്ടിച്ചിട്ട്..
:)

മുക്കുവന്‍ May 6, 2009 at 9:22 PM  

its all written by some philosophers. those guys did not had any idea about the universe. yeaa.. its a fiction story for me.

there are good things written in it. follow that if you can!

when I hear the old testments I keep laughing. why it is reading every day in church? I dont see any value to it.


good post buddy :)

സി. കെ. ബാബു May 6, 2009 at 10:03 PM  

പ്രിയ,
:)

അനിൽ@ബ്ലോഗ്‌,
നന്ദി.

ബിനോയ്‌,
ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം മനുഷ്യബുദ്ധിക്കു് ഏതെങ്കിലും വിധത്തിൽ അറിയാനോ അനുഭവിക്കാനോ കഴിയുന്ന ഒന്നാവില്ല. നമുക്കു് ഇന്നും പൂർണ്ണമായി പിടിതരാത്ത, ഒരുപക്ഷേ സകലകാലത്തേക്കും പിടിതരാൻ സാദ്ധ്യതയില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ 'നിയന്ത്രകൻ' ആവേണ്ടതായ എന്തോ ഒന്നായ ഒരു 'ദൈവത്തെ'പ്പറ്റി എന്തെങ്കിലും പറയാൻ എന്തു് അർഹതയാണു് മനുഷ്യർക്കുള്ളതു്? അതുകൊണ്ടുതന്നെ ദൈവത്തെ പ്രതിനിധീകരിക്കുന്നവരും, ദൈവത്തിന്റെ മതങ്ങൾ സ്ഥാപിക്കുന്നവരും, ദൈവത്തിനു് ആലയങ്ങൾ പണിയുന്നവരും, മനുഷ്യരുടെ ഭാഗ്യത്തിലും, നിർഭാഗ്യത്തിലും, പാപത്തിലും പുണ്യത്തിലും ദൈവത്തിന്റെ വിഹിതമായി നേർച്ചകാഴ്ചകൾ നൽകാൻ അവരോടു് ആഹ്വാനം ചെയ്യുന്നവരും എന്റെ ദൃഷ്ടിയിൽ കപടന്മാരാണു്. ഗത്യന്തരമില്ലായ്മയിൽ അവരെ ആശ്രയിക്കുന്നവരെ ഒരു മനസ്സക്ഷിക്കുത്തുമില്ലാതെ സ്വന്തജീവിതസുഖത്തിനു് ഇരകളാക്കുന്നതിനാൽ അവർ അധമരും ചൂഷകരും പോലുമാണു്.

അവരെ പിൻതുടരുന്ന, അഥവാ, പൗരോഹിത്യത്തിന്റെ വലയിലേക്കു് സന്തോഷത്തോടെ ചെന്നു് വീഴുന്ന മനുഷ്യർ ബോധവത്കരണത്തിനുള്ള ഏതു് ശ്രമവും പരിഹാസത്തോടേയും ശത്രുതയോടെയും വീക്ഷിക്കുന്നതു് മാത്രമാണു് അവരെ സഹാനുഭൂതിക്കു് അർഹതയില്ലാത്തവരാക്കുന്നതു്. പക്ഷേ, ഒരു മനുഷ്യൻ വിഡ്ഢിയായിരിക്കുന്നതിനു് അവനെ കുറ്റപ്പെടുത്താനാവുമോ? വളർത്തി വളർത്തി സ്വപ്നജീവികളും നിഷ്ക്രിയരുമാക്കി മാറ്റിയ മനുഷ്യർക്കു് ഭാഗ്യത്തിൽ (= ദൈവത്തിൽ) ആശ്രയിക്കുന്നവരാനേ കഴിയൂ എന്നതു് മറ്റൊരു സത്യം.

'ദൈവം' എന്ന വാക്കിനു് ഇന്നു് ലോകത്തിൽ നൽകപ്പെടുന്ന അർത്ഥത്തിലുള്ള ഒരു ദൈവം, അല്ലെങ്കിൽ 99 ശതമാനം ദൈവവിശ്വാസികളും വിശ്വസിക്കുന്നതുപോലുള്ള ഒരു ദൈവം ഒരിക്കലും പ്രപഞ്ചത്തിൽ ഉണ്ടാവാൻ കഴിയില്ല എന്ന കാര്യത്തിൽ ഒരു നേരിയ സംശയം പോലും എനിക്കില്ല - അതിനെ ഏതു് പ്രത്യയശാസ്ത്രത്തിൽ, ഏതു് തത്വചിന്തയിൽ പൊതിഞ്ഞുകെട്ടിയാലും.

ദൈവത്തെ അറിയുന്നു എന്ന മനുഷ്യന്റെ അവകാശവാദമാണു് അങ്ങനെയൊരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവു്. ഒരു വിശ്വാസിക്കു് അതു് മനസ്സിലാവാത്തതു് അവൻ ഒരു വിശ്വാസിയായതുകൊണ്ടും!

മുക്കുവൻ,
Than-X.

anil May 7, 2009 at 8:09 PM  

"തന്റെ സ്വന്തം മതഗ്രന്ഥത്തിൽ വലിയ വ്യാഖ്യാനമൊന്നും .............
അറ്റമില്ലാതെ വലിച്ചുനീട്ടപ്പെടുന്നതു്."

അതെങ്ങിനാ അറബിയിലും സംസ്കൃതത്തിലും എഴുതിയിരിക്കുന്നതു തന്നെ നേരെചൊവ്വേ ആർക്കും മനസ്സിലാകരുതെന്ന് നിർബന്ധമുള്ളതുപോലെയ്‌
അല്ലേ.എങ്ങിനേയും വ്യാഖ്യാനിക്കാമല്ലോ?

നല്ല കാതലുള്ള പോസ്റ്റ്‌.നന്ദി

സത May 8, 2009 at 2:57 PM  

നല്ല പോസ്റ്റ്‌. മതത്തിന്റെ പുസ്തകങ്ങള്‍ വള്ളി പുള്ളി ഒക്കെ വളച്ചെടുത്ത്, സ്വന്തം മനസ്സിലെ ആഗ്രഹങ്ങള്‍ അതില്‍ കൂട്ടി ചേര്‍ക്കാന്‍ ഇവിടെ പലരും വെമ്പുന്നു. അതുകൊണ്ടാണ് ഒരു ഗ്രന്ഥത്തിലെ പലതിലും ഞങ്ങളെ കുറിച്ച നല്ലത് പറഞ്ഞിട്ടൊണ്ട്‌ എന്നൊക്കെ ആവേശത്തോടെ പറയുന്നത്.. സ്വന്തം മതത്തിനെ അവലോകനം ചെയ്യുമ്പോള്‍ വിശ്വാസം അടിസ്ഥാനമാക്കി വിശദീകരിക്കുകയും മറ്റു മതങ്ങളെ അവലോകനം ചെയ്യുമ്പോള്‍ യുക്തി അടിസ്ഥാനമാക്കി വിമര്‍ശിക്കുകയും എന്നിട്ട് ഞങ്ങളുടെ പുസ്തകത്തില്‍ എന്തെങ്ങിലും തെറ്റുകള്‍ ഒണ്ടോ എന്ന് നിരന്തരം ചോദിക്കുകയും ചെയ്യുന്നു..

സി. കെ. ബാബു May 9, 2009 at 8:07 AM  

anil, സത,
വായനക്കും അഭിപ്രായത്തിനും നന്ദി.

ചാര്‍വാകന്‍ July 2, 2009 at 6:59 PM  

താങ്കള്‍ ശ്രദ്ധിചിട്ടുണ്ടോന്നറിയില്ല,പൊയ്കയില്‍ യോഹനാനെന്ന ഉപദേശി(പി.ആര്‍.ഡി.എസ്സ്. എന്നപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍)
1910-ല്‍,ബൈബിള്‍ കൂട്ടിയിട്ടുകത്തിച്ചിട്ട്,പ്രഖ്യാപിച്ചു.ചിലപ്രത്യേകജനത്തിനുവേണ്ടിയുള്ള ഈപുസ്തകത്തെ നാമിതാ കൈയൊഴിയുന്നു.ഇസ്രയേല്‍ ജനത്തിന്റെ മോചന ത്തിന്‍ അവതരിച്ച ദൈവത്തിന്റെ വെളിപാടുകളില്‍ സം ശയാലുവായ"നീ"
ബാബുമാഷ്,നരകതീയൊറപ്പാ.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP