Monday, April 20, 2009

ആരാ നിന്റെ ദൈവം?

(ഇതടക്കം PDF-ലേക്കു് മാറ്റിയ എന്റെ പോസ്റ്റുകൾ sidebar-ലെ Scribd-ൽ ക്ലിക്ക്‌ ചെയ്താൽ PDF-ൽ വായിക്കാം.)

സത്യത്തിൽ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവത്തെ വിമര്‍ശിക്കുന്നതു് ഒരു മഹാ പാതകമാണു്. വിമര്‍ശനവും കുറ്റംചാർത്തലും ശിക്ഷവിധിക്കലുമൊക്കെ സാധാരണ ഗതിയിൽ അർഹിക്കുന്നതു് തെറ്റു് ചെയ്തവരാണു്. അതുകൊണ്ടു് ഇന്നുവരെ നന്മയോ തിന്മയോ ചെയ്തിട്ടില്ലാത്ത, കുറ്റമോ കുറവോ ഉണ്ടാവാനോ, ഏതെങ്കിലും അർത്ഥത്തിൽ ഒരു തെറ്റു് ചെയ്യാനോ കഴിയാനാവാത്തത്ര പൂർണ്ണനായി, തനിക്കതീതമായി മറ്റൊന്നില്ലാത്തവിധം എല്ലാറ്റിനേയും ഉൾക്കൊള്ളുന്നവനായി, എല്ലാറ്റിലും ഉള്ളവനായി സങ്കൽപിക്കപ്പെടുന്ന ഒരു ദൈവത്തെ ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്തുന്നതു് ന്യായീകരിക്കാവുന്നതല്ല. ദൈവം ഇതുവരെ ഒരു തെറ്റോ കുറ്റമോ ചെയ്തിട്ടില്ലെന്നു് മാത്രമല്ല, തെറ്റോ കുറ്റമോ ചെയ്തവരെ ശിക്ഷിച്ചിട്ടുമില്ല. അങ്ങനെ, നിരപരാധിയായ, നിർഗ്ഗുണനായ, നിർവ്വികാരനായ, നിർദ്ദോഷിയായ ഒരു ദൈവത്തെ എന്തിന്റെ പേരിൽ ഒരുത്തൻ കുറ്റം വിധിക്കും? ദൈവത്തെ വിമര്‍ശിക്കുന്ന ഒരു മനുഷ്യനു് ഏതെങ്കിലും വിധത്തിലുള്ള ഒരു പ്രതികാരം ദൈവത്തിൽ നിന്നും നേരിട്ടു് പ്രതീക്ഷിക്കാനുമില്ല. നമ്മുടെ ദൃഷ്ടിയിൽ തെറ്റെന്നു് തോന്നുന്ന കാര്യങ്ങൾ ചെയ്തവർ എന്നു് നമ്മൾ കരുതുന്ന, നമുക്കു് അത്ര പൊരുത്തപ്പെടാൻ കഴിയാത്ത ചില മനുഷ്യർക്കു് എന്തെങ്കിലും ഭാഗ്യദോഷങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതു് ദൈവശാപമാണെന്നു് നമ്മൾ വിധിയെഴുതാറുണ്ടെന്നു് സമ്മതിക്കുന്നു. പക്ഷേ, നമ്മൾ അങ്ങനെ ഓരോ ഇഷ്ടസ്വപ്നങ്ങൾ കാണുന്നതിനു് ദൈവത്തെ കുറ്റപ്പെടുത്താനാവില്ല. മാത്രവുമല്ല, അവർക്കു് അത്തരം അപകടങ്ങൾ സംഭവിച്ചതിന്റെ ഉത്തരവാദിത്വം ദൈവം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടുള്ളതായി, അതു് പറഞ്ഞു് പരത്തുന്നവർക്കനുകൂലമായ ചില ഊഹാപോഹങ്ങളല്ലാതെ, വ്യക്തമായ യാതൊരറിവും ചരിത്രത്തിലിന്നോളം ആർക്കും ലഭിച്ചിട്ടുമില്ല. അതിനാൽ, 'പൊട്ടനെ ദുഷ്ടനോ, നേരെ മറിച്ചോ ചതിച്ചാൽ അതിൽ ചതിയന്റെ റോൾ അഭിനയിച്ചവനെ ദൈവം ചതിക്കും' എന്നു് നമ്മൾ പറയാറുണ്ടെങ്കിലും അവിടെ ദൈവം ഒരു ചതിയനായി തരംതാഴ്ത്തപ്പെടുന്നു എന്നതിനാൽ അതു് നിരപരാധിയായ ദൈവത്തെ നിന്ദിക്കുന്നതിനു് തുല്യം പോലുമാണു്. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ പിന്നെ ദൈവത്തെ വിമര്ശിച്ചാല്‍ എന്താണു് പ്രശ്നം? പ്രശ്നം ഉണ്ടാക്കുന്നവർ ദൈവത്തെ സംരക്ഷിക്കാനുള്ള ചുമതല തങ്ങളുടേതാണെന്നു് വിശ്വസിക്കുന്ന ഏതാനും വിശ്വാസികളാണു്, അല്ലാതെ ഒരിക്കലും ദൈവമല്ല എന്നതാണു് പ്രശ്നം.

'ദൈവം ഏറ്റവും വലിയവൻ' എന്നു് ആർപ്പിടുമ്പോഴും അതേ ദൈവത്തിലുള്ള മനുഷ്യരുടെ വിശ്വാസം സംരക്ഷിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നു് കരുതുന്ന മനുഷ്യർ അവരുടെ ദൈവത്തേക്കാൾ ചെറിയവരോ അതോ വലിയവരോ? മനുഷ്യർക്കു് തന്നിലുള്ള വിശ്വാസം സ്വയം സംരക്ഷിക്കാൻ കഴിയാത്ത ദൈവം, അതായതു്, അതിനുപോലും മനുഷ്യസഹായം വേണ്ടിവരുന്ന ഒരു 'ആശ്രിതൻ' ആണു് ദൈവമെങ്കിൽ അവൻ എങ്ങനെ മനുഷ്യരേക്കാൾ വലിയവനാവും? അറിഞ്ഞോ, അറിയാതെയോ, ദൈവത്തേക്കാൾ നീതിജ്ഞരെന്നും, നിയമജ്ഞരെന്നും, മനുഷ്യരെ കുറ്റം വിധിക്കാനും ശിക്ഷിക്കാനും എന്തുകൊണ്ടും യോഗ്യരെന്നും ഭാവിച്ചു് നാടുനീളെ കല്ലേറും ചാട്ടവാറടിയും നടപ്പാക്കുന്ന സാക്ഷാൽ വിശ്വാസിക്കൂട്ടമല്ലേ സത്യത്തിൽ ദൈവത്തേക്കാൾ വലിയവർ? ദൈവവിമര്‍ശനം എന്നു് കേട്ടപാതി കേൾക്കാത്തപാതി വാളും ബോംബുമായി അറുകൊലക്കു് ആഹ്വാനം ചെയ്യുന്നവരാണു് എന്റെ അഭിപ്രായത്തിൽ യഥാർത്ഥ ദൈവങ്ങൾ. അവരെയാണു് മനുഷ്യർ ഭയപ്പെടേണ്ടതു്, അല്ലാതെ ദൈവത്തെയല്ല. കാരണം, ദൈവത്തെ സഹായിക്കണം എന്നു് കരുതി മനുഷ്യരെ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന വിശ്വാസികളായ എക്സെന്റ്റിക്കുകളെപ്പോലെ ദൈവമൊരു ഭ്രാന്തനല്ല. തങ്ങളുടെ ചെയ്തികളെ നീതീകരിക്കാൻ അവർ ആധാരമാക്കുന്നതു് ദൈവത്തിൽ നിന്നും ചില പ്രത്യേക മനുഷ്യർക്കു് ലഭിച്ചതു് എന്നു് അവർ വിശ്വസിക്കുന്ന, പലപ്പോഴും അവരുടേതല്ലാത്ത ഭാഷകളിൽ മനുഷ്യരാൽ മാത്രം പണ്ടെന്നോ എഴുതപ്പെട്ട ഏതാനും അക്ഷരങ്ങളാണു്. അവരെ സംബന്ധിച്ചു് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പ്രപഞ്ചരഹസ്യങ്ങളുടെയും ആത്യന്തികസത്യങ്ങളുടെയും ക്രോഡീകരണമാണതു് - ശരിയായി വ്യാഖ്യാനിക്കാനുള്ള അവകാശം മതപണ്ഡിതർക്കു് മാത്രമായി ദൈവം പകുത്തുകൊടുത്തിരിക്കുന്ന ദൈവികരഹസ്യം എന്ന ഒരുതരം 'ചാക്കിലെ പൂച്ച'! ചാക്കു് തുറക്കാൻ മറ്റാരെയും അനുവദിക്കാത്തിടത്തോളം ചാക്കിന്റെ ചുമതലക്കാർക്കു് പൂച്ചയെ പട്ടിയാക്കാം, പട്ടിയെ ആടാക്കാം ആടിനെ മറ്റു് പലതുമാക്കാം! അതുകൊണ്ടുതന്നെ, പ്രപഞ്ചരഹസ്യങ്ങളുടെ ഇരുണ്ട അറകളിലേക്കു് വെളിച്ചം വീശുക എന്നതു് അടിസ്ഥാനലക്ഷ്യമായി ഏറ്റെടുത്തിരിക്കുന്ന ശാസ്ത്രത്തെ വിശ്വാസസംരക്ഷകർ വെറുക്കുന്നു. അനുയായികളുടെ കണ്ണു് തുറക്കാതിരിക്കേണ്ടതു്, അവരെ ബൗദ്ധികമായും അതുവഴി സാമൂഹികമായും തങ്ങളേക്കാൾ കഴിയുന്നത്ര പിന്നാക്കം നിർത്തേണ്ടതു്, സ്വർഗ്ഗവും നരകവും കാണിച്ചു് ഭയപ്പെടുത്തി സുഖജീവിതം നയിക്കുന്ന ദൈവരഹസ്യവ്യാഖ്യാതാക്കളുടെ നിലനിൽപിന്റെ പ്രശ്നമാണു്. അനുയായികളിൽ അധികവും, ആത്യന്തികസത്യം എന്നു് പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥങ്ങളിലെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു് വായിക്കാനോ അർത്ഥം മനസ്സിലാക്കാനോ പോലും ദൈവത്തിന്റെ ദല്ലാളുകളായി സ്വയം അവരോധിച്ചിരിക്കുന്ന വല്യേട്ടന്മാരുടെ വായ്ത്താരികളെ ആശ്രയിക്കേണ്ടി വരുന്നവരാണുതാനും. അതിനാൽ, അത്തരം വല്യേട്ടന്മാർ സ്ക്രൂ ചെയ്യുന്നതിനനുസരിച്ചു് ചലിക്കാനല്ലാതെ, സ്വന്തമായി ചിന്തിക്കാനോ തീരുമാനങ്ങൾ കൈക്കൊള്ളാനോ കഴിവില്ലാത്ത കളിപ്പാട്ടങ്ങളായി മരണാനന്തരജീവിതം സ്വപ്നം കണ്ടുകൊണ്ടു് അവർ ഉപദേശികളുടെ പിറകേ നടക്കുന്നു! ഒരവിശ്വാസിയെക്കൊന്നാൽ നാളെ സ്വർഗ്ഗത്തിൽ വാഴാം എന്നു് ഏതെങ്കിലും നേതാവു് പറഞ്ഞാൽ അവർ അതിനായി നിരപരാധികളെപ്പോലും കൊന്നു് രക്തസാക്ഷികളാവും. രക്തസാക്ഷികൾ തിരിച്ചുവരുന്നില്ല എന്നതു് നേതാക്കളുടെ ഭാഗ്യം!

ഏതു് ദൈവത്തിൽ നിന്നുമാണു് വിശ്വാസികൾക്കു് അവരുടെ ആത്യന്തികസത്യത്തെ പ്രതിനിധീകരിക്കുന്ന ഈ അക്ഷരങ്ങൾ ലഭിച്ചതു്? യഹൂദമതത്തിലും, ക്രിസ്തുമതത്തിലും, ഇസ്ലാമിലും ഈ ദൈവം ഒന്നുതന്നെയാണു്. തീജ്വാലകളുടെ നടുവിൽ എരിഞ്ഞു് പോകാതെ നിൽക്കുന്നതായി കണ്ട ഒരു മുൾമരത്തിന്റെ രൂപത്തിൽ മോശെക്കു് പ്രത്യക്ഷനായ യഹോവയാണു് യഹൂദരുടെ ദൈവം. അതേ യഹോവയാണു് ലോകത്തെ പാപത്തിൽ നിന്നും മോചിപ്പിക്കാനായി മറിയയിൽ നിന്നും യേശുവിനു് ജന്മം നൽകിയതായി വിശ്വസിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെയും ദൈവം. അബ്രാഹാമിന്റേയും, അവനു് സാറയിൽ നിന്നും ജനിച്ച മകനായ ഇസ്‌ഹാക്കിന്റെയും, അവന്റെ മകനായ യാക്കോബിന്റേയും, അതുപോലെതന്നെ, അബ്രാഹാമിനു് ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ നിന്നും ജനിച്ച മകനായ യിശ്മായേലിന്റേയും ദൈവമായ അതേ യഹോവ തന്നെയാണു് മുഹമ്മദ്‌ നബിക്കു് പ്രത്യക്ഷനായി കൽപനകൾ നൽകിയവൻ എന്നു് വിശ്വസിക്കപ്പെടുന്ന, അല്ലാഹു എന്നു് വിളിക്കപ്പെടുന്ന, മുസ്ലീമുകളുടെ ദൈവം. അതായതു്, വിശ്വാസപരമായ കാര്യങ്ങളിൽ ഈ മതങ്ങൾ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തുക, അല്ലെങ്കിൽ ഒരുമതം മറ്റൊന്നിനേക്കാൾ മെച്ചമെന്നു് വിധിയെഴുതുക എന്നാൽ അതു് അവരുടെ സ്വന്തം ദൈവത്തെത്തന്നെ കുറ്റപ്പെടുത്തുന്നതിനു് തുല്യമാണു്. ഈ 'മരുഭൂമി-ദൈവം' തന്റെ പ്രവർത്തനമേഖല ആരംഭകാലങ്ങളിൽ എന്തുകൊണ്ടോ ആ പ്രദേശങ്ങളിലെ ഏതാനും മനുഷ്യരിൽ മാത്രമായി ഒതുക്കിയപ്പോൾ ലോകത്തിലെ മറ്റു് പ്രദേശങ്ങളിൽ മനുഷ്യർ വെറുതെ ഇരിക്കുകയായിരുന്നില്ല. അവർ അവരുടേതായ രീതിയിൽ തങ്ങൾക്കും ദൈവങ്ങളേയും മതങ്ങളേയും സൃഷ്ടിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ, യൂറോപ്യൻ രാജ്യങ്ങളിൽ, ഭാരതത്തിൽ, ചൈനയിൽ...

ഒരേ ദൈവത്തിന്റെ നാമത്തിൽ സ്ഥാപിതമായവ എന്നതിനാൽ, ഇവയിലെ ആദ്യത്തെ മൂന്നു് മതങ്ങളെ നമുക്കൊന്നു് ശ്രദ്ധിക്കാം. ഒരു ദൈവം മൂന്നു് വ്യത്യസ്ത കാലഘട്ടങ്ങളിൽ മൂന്നു് വ്യത്യസ്ത മതങ്ങൾ സ്ഥാപിക്കുക എന്നതിൽ നിന്നും, ആദ്യം സ്ഥാപിക്കപ്പെട്ട മതങ്ങളിൽ പുതുക്കലുകളും പരിഷ്കരണങ്ങളും ആവശ്യമായി വന്നു എന്നല്ലേ മനസ്സിലാക്കേണ്ടതു്? തന്റെ 'പഴയ' തീരുമാനങ്ങൾ ഒരു പുനഃപരിശോധനക്കും പുനരാവിഷ്കരണത്തിനും വിധേയമാക്കേണ്ടിവരുന്നു എങ്കിൽ അതുപോലൊരു ദൈവം എങ്ങനെ സർവ്വജ്ഞാനിയും സർവ്വശക്തനും സമ്പൂർണ്ണനും ഒക്കെയാവും? ഒരു സർവ്വസമ്പൂർണ്ണന്റെ തീരുമാനങ്ങളിലും നടപടികളിലും അപൂർണ്ണത ആരോപിക്കുന്നതു് ഏതെങ്കിലും വിധത്തിൽ സാമാന്യയുക്തിക്കു് നിരക്കുന്നതാവുമോ? കാലചക്രം തിരിയുമ്പോൾ തിരുത്തേണ്ടിവരുന്നതാവുമോ ഒരിക്കൽ നൽകപ്പെട്ട ദൈവനിയമങ്ങൾ? അങ്ങനെ തിരുത്തേണ്ടിവരുന്നു എങ്കിൽ ദൈവത്തിന്റെ ത്രികാലജ്ഞാനത്തിനു് എന്തർത്ഥം? സർവ്വസമ്പൂർണ്ണനായ ഒരു ദൈവത്തിന്റെ സൃഷ്ടികളിൽ കാണുന്ന, അപൂർണ്ണതയുടെ തെളിവുകളായ, മാനസികവും ശാരീരികവുമായ പോരായ്മകളുടെ കാര്യം അവിടെ നിൽക്കട്ടെ. അതുപോലെതന്നെ, എല്ലാം തികഞ്ഞവനായ ഒരു ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കപ്പെടുന്ന ഈ ഭൂമിയിൽ മനുഷ്യവാസത്തിനു് അനുയോജ്യമായതു് എത്ര പരിമിതമായ ഭാഗം മാത്രമാണെന്നതും തത്കാലം നമുക്കു് ഒഴിവാക്കാം. ഒരു ദൈവം തന്നെ എന്തടിസ്ഥാനത്തിൽ മൂന്നു് മതങ്ങൾക്കു് ജന്മം നൽകണം? എന്തു് കാരണത്താലായാലും, മതപരമായ തിരുത്തൽ ആയിരുന്നു ലക്ഷ്യം എങ്കിൽ പഴയ മതത്തെ പുതുക്കിയാൽ ധാരാളം മതിയായിരുന്നു. എങ്കിൽ ഏറ്റവും ചുരുങ്ങിയതു് പുതിയതായി രൂപം നൽകിയ മതങ്ങൾ തമ്മിൽ ഇന്നു് നമ്മൾ കാണുന്നതുപോലുള്ള രക്തരൂഷിതമായ യുദ്ധങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. അതോ മനുഷ്യരക്തം ഒഴുകുന്നതു് കാണുന്നതു് ദൈവത്തിനു് ഒരു രസമാണോ? മനുഷ്യരുടേതു് മാത്രമല്ലാതെ, ഏതെങ്കിലും ഒരു ദൈവത്തിന്റെ കയ്യൊപ്പു് ഈ വ്യത്യസ്തമതങ്ങളുടെ സ്ഥാപനങ്ങൾക്കു് പിന്നിൽ ഇല്ല എന്നതല്ലാതെ ന്യായമായ മറ്റെന്തു് വിശദീകരണമാണു് സാമാന്യബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ഇതിനു് നൽകാൻ കഴിയുക? തീർച്ചയായും ഇതിനൊക്കെ ഏതെങ്കിലും മുട്ടായുക്തികൾ 'വിശദീകരണം' എന്ന പേരിൽ വിളമ്പാൻ റെഡിയായി നിൽക്കുന്ന 'മതപണ്ഡിതന്മാർ' ഉണ്ടു്. അവരെ കേൾക്കുന്നവരുടെ ബൗദ്ധികനിലവാരത്തെ തൃപ്തിപ്പെടുത്താൻ അവരുടെ വർണ്ണനകൾക്കു് കഴിയുന്നുമുണ്ടാവാം. എല്ലാ അർത്ഥത്തിലും പൂർണ്ണതയുടെ പര്യായമായ ഒരു ദൈവത്തിനു് തന്റെ 'കൽപനകൾ' തന്റെതന്നെ സൃഷ്ടികളായ മനുഷ്യർക്കു് പൊരുൾ തിരിച്ചു് കൊടുക്കാൻ മറ്റു് ചില മനുഷ്യരുടെ സഹായം തേടേണ്ടി വരുന്നുവെങ്കിൽ അതു് ആ ദൈവത്തിന്റെ കഴിവുകേടിന്റെ, അവന്റെ അപൂർണ്ണതയുടെ, അവന്റെ അശക്തിയുടെ തെളിവല്ലാതെ മറ്റെന്താണു്? അതോ വ്യാഖ്യാതാക്കളുടെ ഉപജീവനം സുരക്ഷിതമാക്കാനാണോ ഒരു ദൈവം മനുഷ്യവർഗ്ഗത്തിനു് മുഴുവൻ എന്ന പേരും പറഞ്ഞു് കൽപനകൾ നൽകുന്നതു്? മനുഷ്യരെ തമ്മിൽ തല്ലിക്കാനാണോ ഒരു ദൈവംതന്നെ വിവിധ മതങ്ങൾ സ്ഥാപിച്ചതു്?

ഇന്നത്തെ ലോകത്തിൽ, ആരാണു് അല്ലെങ്കിൽ എന്താണു് ദൈവം എന്ന ചോദ്യത്തിനു് പലതരം മറുപടികൾ കേൾക്കാറുണ്ടു്. ദൈവം ശക്തിയാണു്, സ്നേഹമാണു്. ജ്ഞാനമാണു്, സർവ്വവ്യാപിയാണു്, പ്രപഞ്ചത്തിന്റെ മുഴുവൻ സ്രഷ്ടാവും, നിയന്ത്രകനും, ആവശ്യം വന്നാൽ അന്തകനുമാണു്... ഈ അഭിപ്രായങ്ങളിലേക്കൊന്നു് സൂക്ഷിച്ചു് നോക്കൂ! ആദര്‍ശവത്കരിക്കപ്പെട്ട മാനുഷികഗുണദോഷങ്ങൾ യഥേഷ്ടം കുത്തിത്തിരുകി, ഊതി വീർപ്പിച്ചു് അറിയുന്ന പ്രപഞ്ചത്തോളവും അതിലേറെയും വലുതാക്കപ്പെട്ട ഒരു 'അതിമനുഷ്യൻ' അല്ലാതെ മറ്റെന്താണു്, ആരാണു് ഈ ദൈവവിശേഷണങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ദൈവം? മനുഷ്യർ ദൈവത്തിനു് സങ്കൽപിക്കുന്ന ഈ സവിശേഷഗുണങ്ങളെ നമ്മൾ അടുത്തു് പരിശോധിച്ചാൽ, അതുപോലൊരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നതിന്റെ തെളിവുകളും അതേ വിശേഷണങ്ങൾ തന്നെ നമുക്കു് നൽകുന്നില്ലേ? പക്ഷേ, ആ തെളിവുകൾ കാണണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ, അതു് മനസ്സിലാക്കണം എന്ന ആഗ്രഹം മനുഷ്യനു് ഉണ്ടാവണം. ഒരു വിശ്വാസിക്കു് അങ്ങനെയൊരു ആഗ്രഹം ഉണ്ടാവില്ല. കാരണം, ദൈവം ഉണ്ടോ ഇല്ലയോ എന്നറിയാനല്ല, ദൈവം ഉണ്ടെന്നു് വിശ്വസിക്കാനാണു് ഒരു ഭക്തൻ ആഗ്രഹിക്കുന്നതു്. ബുദ്ധിയോ ചിന്തയോ അല്ല, വിശ്വാസമാണു് ഭക്തരെ നയിക്കുന്നതു്. ദൈവം ഉണ്ടു് എന്ന ഉത്തമബോദ്ധ്യം മൂലം ദൈവം ഉണ്ടോ ഇല്ലയോ എന്നതു് ഒരു വിശ്വാസിയെ സംബന്ധിച്ചു് ചർച്ചാവിഷയമേ അല്ല. ദൈവം ഉണ്ടു് എന്ന അവന്റെ അടിസ്ഥാന നിഗമനത്തിൽ നിന്നുമാണു് അവന്റെ ചർച്ചകൾ ആരംഭിക്കുന്നതും പടുത്തുയർത്തപ്പെടുന്നതും. അവിടെ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും അവൻ തയ്യാറില്ല. ഏതൊരു ശാസ്ത്രീയ പരീക്ഷണത്തിന്റേയും കാര്യത്തിൽ എന്നപോലെതന്നെ, സ്വന്തനിലപാടുകളുടെ പിന്നിൽ ഒരു ചോദ്യചിഹ്നം ഇടാനുള്ള സന്നദ്ധതയാണു് ഏതൊരു ക്രിയാത്മക ചർച്ചയുടെയും മുൻവ്യവസ്ഥ. തന്റെ ദൈവത്തോടുള്ള ഭയഭക്തിബഹുമാനങ്ങൾ മൂലം ഒരു ഭക്തനു് അതുപോലൊരു മുൻവ്യവസ്ഥ അംഗീകരിക്കുന്നതിനുള്ള തന്റേടം ഉണ്ടാവില്ല. അങ്ങനെ ഒരാവശ്യം മനസ്സിലാക്കപ്പെടുന്നുമില്ല. അതിനേക്കാൾ എതിരാളിയെ ഉന്മൂലനം ചെയ്യുന്നതാണു് അവൻ കൂടുതൽ ഇഷ്ടപ്പെടുന്നതു്. അങ്ങനെ അവൻ തന്റെ എതിരാളിയെ കൊന്നിട്ടായാലും സ്വന്തം ദൈവത്തെ സംരക്ഷിക്കുന്നു! ഇനി, ഒരു ദൈവവും ഇല്ലാത്ത ഒരവസ്ഥ എങ്ങാനും വന്നാൽ ഒരു പുതിയ ദൈവത്തെ സൃഷ്ടിച്ചുകൊണ്ടല്ലാതെ ജീവിതത്തിൽ ഒരടി മുന്നോട്ടു് വയ്ക്കാൻ കഴിയാത്തവനെയാണു് നമ്മൾ ഭക്തൻ എന്നു് വിളിക്കുന്നതു്. തികവിന്റെ മികവായ ഒരു ദൈവത്തിനു് എങ്ങനെ ഇതുപോലൊരു കൈപ്പിഴ സംഭവിച്ചു എന്നറിയില്ല, ഏതായാലും പുരോഹിതവർഗ്ഗത്തോടൊപ്പം തന്നെ സ്വയം ചിന്തിക്കാൻ കഴിവില്ലാത്ത കുറെ ഏറെ മനുഷ്യരേയും സർവ്വശക്തനായ ദൈവം സൃഷ്ടിച്ചിട്ടുണ്ടു്. അടിമകളേയും ഫറവോയേയും, സായിപ്പിനേയും ആഫ്രിക്കക്കാരനേയും, ചൈനാക്കാരനേയും ഭാരതീയനേയും ഒക്കെ സൃഷ്ടിച്ച അതേ ദൈവം!

പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സർവ്വശക്തിയാണു് ദൈവം എന്ന അഭിപ്രായം ഒരു ഉദാഹരണമായി എടുക്കാം. ഒരു സർവ്വശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചമാണോ നമ്മൾ ദിനംപ്രതി കാണുന്നതും അനുഭവിക്കുന്നതും? ലോകത്തിൽ, പ്രത്യേകിച്ചും ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത, ദൈവത്തിനു് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി ആരാധിക്കുന്ന, ദൈവവിശ്വാസം ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായി കരുതുന്ന ദരിദ്രരിൽ ദരിദ്രരായ മനുഷ്യർ ജീവിക്കുന്ന ('ജീർണ്ണിക്കുന്ന' എന്നതാവും യാഥാർത്ഥ്യത്തോടു് കൂടുതൽ അടുത്തു് നിൽക്കുന്നു എന്നതിനാൽ ഇവിടെ കുറച്ചുകൂടി അനുയോജ്യമായ വാക്കു്!) 'മൂന്നാംലോക'രാജ്യങ്ങളെ മോചനമില്ലാത്തവണ്ണം വായും മൂക്കും മൂടി ശ്വാസം മുട്ടിക്കുന്ന പട്ടിണിമരണങ്ങളും, കൂട്ടക്കൊലകളും, അർത്ഥശൂന്യമായ യുദ്ധങ്ങളും, ബലാൽസംഗങ്ങളും, പകർച്ചവ്യാധി മൂലമുള്ള മരണങ്ങളും, പുഴുക്കൾക്കു് തുല്യം ഇഴയുന്ന മനുഷ്യജീവിതവും ചിത്രങ്ങളിലെങ്കിലും കണ്ടിട്ടുള്ളവർ ദൈവം എന്ന ഒരു സർവ്വശക്തിയുടെ സാന്നിദ്ധ്യം ഏറ്റവും ചുരുങ്ങിയ പക്ഷം ആഫ്രിക്കയിലെങ്കിലും നിഷേധിക്കും. അതിനു് തയ്യാറാവാതെ, ഡോഗ്മ കൊണ്ടോ, മുട്ടായുക്തികൊണ്ടോ, ഇതിലൊക്കെ ദൈവം മുൻകൂട്ടി കാണുന്ന 'ഒരു പ്ലാൻ' ഛർദ്ദിച്ചു് കാണിച്ചോ ഈ അവസ്ഥയെ നീതീകരിക്കാൻ ശ്രമിക്കുന്ന ദൈവമക്കൾ ഉണ്ടെങ്കിൽ, ഒന്നുകിൽ അവർ ഭേദപ്പെടുത്താൻ കഴിയാത്ത മാനസികരോഗികൾ, അല്ലെങ്കിൽ ചിന്താശേഷി നഷ്ടപ്പെട്ട ഭോഷന്മാർ എന്നേ മനസ്സിലാക്കേണ്ടതുള്ളു. അത്തരം അഗതികളുടെ ഇടയിൽ പോലും കുറുക്കനെപ്പോലെ ചുറ്റിത്തിരിഞ്ഞു് മതം മാറ്റാൻ ശ്രമിക്കുന്നവരെയാണു്, ദൈവത്തെയല്ല അവിടങ്ങളിൽ കാണാൻ കഴിയുന്നതു്. മതം മാറാത്തതുകൊണ്ടാണു് അവിടെ പിഞ്ചുകുഞ്ഞുങ്ങൾ എല്ലും തോലും മാത്രമായി പട്ടിണിമരണത്തിനു് കീഴ്പെടാൻ ദൈവം അനുവദിക്കുന്നതെങ്കിൽ, സുഹൃത്തേ, അങ്ങനെയൊരു ദൈവം ഉണ്ടാവില്ല, ഉണ്ടെങ്കിൽ തന്നെ മനുഷ്യവർഗ്ഗത്തിനു് അങ്ങനെയൊരു ദൈവത്തിന്റെ ആവശ്യമില്ല. പ്രത്യേകിച്ചും, മനുഷ്യകാരുണ്യത്തിന്റെ പേരിൽ ധനികരാജ്യങ്ങൾ അങ്ങോട്ടയക്കുന്ന സാമ്പത്തികസഹായം ആയുധങ്ങൾ വാങ്ങാനും ജനങ്ങളെ കൂടുതൽ കൂടുതൽ അടിച്ചമർത്താനും വിനിയോഗിക്കുന്ന, അധികപങ്കും പട്ടാളമേധാവികളായ ഭരണാധികാരികളേയും, അവരുടെ ശിങ്കിടികളായ ആഫ്രിക്കൻ മാനദണ്ഡത്തിലെ 'അരിസ്റ്റോക്രാറ്റുകളേയും' സ്വൈര്യവിഹാരം ചെയ്യാൻ അതേ ദൈവം തന്നെയാവണം സംരക്ഷണം നൽകി സഹായിക്കുന്നതെന്ന നീചസത്യം മനസ്സിലാക്കേണ്ടിവരുമ്പോൾ.

ഇത്രയൊക്കെയായാലും നിനക്കു് ആരാധിക്കണമെന്നാണെങ്കിൽ നീ രൂപിയേയോ, അരൂപിയേയോ, കല്ലിനെയോ തടിയേയോ, പാമ്പിനേയോ പഴുതാരയേയോ ആരാധിച്ചുകൊള്ളൂ! അവ ദൈവങ്ങൾ ആയതുകൊണ്ടല്ല, നിന്റെ സ്വഭാവഗുണമായി രക്തത്തിൽ അലിഞ്ഞുചേർന്ന അടിമപ്പെടാനുള്ള നിന്റെ ദാഹത്തെ തൃപ്തിപ്പെടുത്താൻ അത്തരം ചില ഭ്രാന്തുകൾ കൂടാതെ നിനക്കു് കഴിയില്ല എന്നതുകൊണ്ടു്! നിന്റെ സുഖത്തിലും സന്തോഷത്തിലും നീ സ്വയം മറക്കുമെന്നു് നിനക്കുതന്നെ സംശയമാണെങ്കിൽ, ഏതാനും ദിവസങ്ങളിലല്ലാതെ എല്ലാ ദിവസങ്ങളിലും സംയമനം പാലിക്കാനും നിന്നെത്തന്നെ നിയന്തിക്കാനും നിനക്കു് കഴിയില്ലെങ്കിൽ നീ 'വിധിപ്രകാരം' നോമ്പു് നോക്കൂ! ആരോ കൽപിച്ചതിനു് അനുസൃതമായി വ്രതമെടുക്കൂ! ഓരോ മണിക്കൂറിലും പ്രാർത്ഥിക്കൂ! ഒരു പ്രാർത്ഥന ഇത്രവട്ടം ആവർത്തിച്ചാലേ നിന്റെ ദൈവം കണ്ണുതുറക്കൂ എന്നു് നിന്നെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രാർത്ഥനകളുടെ എണ്ണം പിശകാതിരിക്കാൻ നീ ജപമാലകൾ ഉപയോഗിക്കൂ! അതെല്ലാം നിന്റെ സ്വാതന്ത്ര്യം. പക്ഷേ, 'തന്റെ സ്വന്തം ജനം' എന്നു് തിരഞ്ഞെടുത്ത യഹൂദജനത്തെ ഈജിപ്റ്റിൽ നിന്നും കനാൻ വരെ എത്തിക്കുവാൻ നാൽപതു് വർഷങ്ങൾ അവരെ മരുഭൂമിയിലൂടെ അലഞ്ഞുതിരിയാൻ വിടേണ്ടിവന്ന 'കാരുണ്യവാനായ' യഹോവ അവർക്കു് ആഹാരത്തിനു് നിവൃത്തിയില്ലാതെ വന്നപ്പോൾ ആകാശത്തുനിന്നും മന്നായും കാടപക്ഷിയും ഇറക്കിക്കൊടുത്തു് തീറ്റി തൃപ്തരാക്കിയെന്നും മറ്റുമുള്ള കരളലിയിപ്പിക്കുന്ന കണ്ണീർക്കാവ്യങ്ങൾ ദൈവസ്നേഹത്തിന്റെ സംശയരഹിതമായ തെളിവുകളായി നീ മനുഷ്യരെ പാടിക്കേൾപ്പിച്ചു് അവർക്കു് മനം പിരട്ടൽ ഉണ്ടാക്കാതെയെങ്കിലും ഇരിക്കൂ!

സീൻ മരുഭൂമിയിൽ മന്നായും കാടപ്പക്ഷിയും വർഷിപ്പിക്കുവാൻ 'ആബ്ര കദാബ്ര' ചൊല്ലിയ യഹോവ ആഫ്രിക്കയിലെ ജനകോടികളുടെ ദാരിദ്ര്യം കാണുന്നില്ലെന്നുണ്ടോ? അതോ, വാർദ്ധക്യം മൂലം മാന്ത്രികവാക്യം യഹോവ മറന്നുപോയോ? അതോ ഇനി, ആഫ്രിക്കക്കാർ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനം അല്ലാത്തതുകൊണ്ടു് അവർക്കു് മന്നായും കാടപ്പക്ഷിയും വേണ്ടെന്നോ? സകല മനുഷ്യരുടെയും സ്രഷ്ടാവു് യഹോവ ആണെന്നൊക്കെ ആണല്ലോ വേദോപദേശക്ലാസുകളിൽ പഠിപ്പിക്കപ്പെടുന്നതു്? ചെലവിനു് കൊടുക്കാൻ കഴിയുന്നതിൽ കൂടുതൽ മക്കളെ സൃഷ്ടിക്കരുതെന്നു് ഇന്നു് സാമാന്യബോധമുള്ള ഏതു് കൂലിപ്പണിക്കാരനും അറിയാമെന്നിരിക്കെ, (കൂലിപ്പണി മോശമാണെന്നു് ഇതിനർത്ഥമില്ല. 'ദൈവങ്ങളേക്കാൾ' വളരെ താഴെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരിൽനിന്നും ഒരു ഉദാഹരണം മാത്രം!) ചെലവിനു് കൊടുക്കാൻ കഴിയില്ലെങ്കിൽ മനുഷ്യരെ സൃഷ്ടിക്കരുതെന്നു് പ്രിയ വിശ്വാസീ, നിന്റെ ദൈവത്തിനു് മാത്രം എത്ര കണ്ടാലും എത്ര അനുഭവിച്ചാലും മനസ്സിലാവാത്തതെന്തേ? പണ്ടു് അബ്രാഹാമിന്റെ കാലത്തു് സാറയുടെ നിമിത്തം അബീമേലെക്കിന്റെ ഭവനത്തിലെ സ്ത്രീകളുടെ ഗർഭം 'അടച്ചുപിടിച്ചവനാണു്' യഹോവ എന്ന ഈ ദൈവം! (ഉൽപത്തി 20:18) അത്തരം ചില പൊടിക്കൈകളെങ്കിലും ചെയ്തു് ദരിദ്രരാജ്യങ്ങളിലെ ജനസംഖ്യ അൽപം കുറച്ചിരുന്നെങ്കിൽ മക്കൾക്കു് ആഹാരം വിളമ്പേണ്ടിവരുന്ന അമ്മമാർക്കു് ഏതാനും പാത്രങ്ങൾ കുറച്ചു് വിളമ്പിയാൽ മതിയായിരുന്നില്ലേ, കാരുണ്യവാനായ കർത്താവേ?

ഫറവോയിൽ നിന്നും സമ്പത്തു് പിടുങ്ങാൻ വേണ്ടി അബ്രാഹാം തന്റെ ഭാര്യ സാറയെ സഹോദരി എന്നു് പരിചയപ്പെടുത്തി ഫറവോയുടെ കിടപ്പറയിൽ വരെയെത്തിച്ചതു് പോരാഞ്ഞിട്ടു് അതേ തന്ത്രം ഗെരാർ രാജാവായ അബീമേലെക്കിന്റെ അടുത്തും അവൻ പ്രയോഗിക്കുന്നു! (ഉൽപത്തി 12: 10-20, 20: 1-18) അബീമേലെക്കിന്റെ കിടപ്പറയിൽ എത്തുന്ന സാറയെ അവൻ തൊടാതിരിക്കാൻ അവനു് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു് കഷ്ടപ്പെടുന്ന യഹോവ! അബീമേലെക്ക്‌ സാറയെ കിടപ്പറയിലേക്കു് കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ ഉത്തരവാദിത്വം ഭാര്യയെ സഹോദരി എന്നു് അബീമേലെക്കിനോടു് പരിചയപ്പെടുത്തിയ ഭർത്താവായ അബ്രാഹാമിനു്! പക്ഷേ, അബീമേലെക്ക്‌ സാറയെ തൊടാതിരിക്കാൻ അവന്റെ കിടപ്പറയിൽ കാവലിരിക്കേണ്ടി വരുന്നവൻ യഹോവയും! ശൂന്യാകാശവും, അതിൽ കോടാനുകോടി താരാപഥങ്ങളും, ആണവഘടകങ്ങളും, ഇന്നും മനുഷ്യർക്കു് പിടികിട്ടാത്ത മറ്റെത്രയോ പ്രപഞ്ചരഹസ്യങ്ങളും സൃഷ്ടിച്ചവനാവേണ്ട അതേ ദൈവം പുരാതനപിതാക്കന്മാരുടെ കാലത്തു് ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുത്ത ജോലിയാണു് അബീമേലെക്ക്‌ എന്നൊരു ഛോട്ടാ പ്രമാണി സാറയെന്നൊരു സ്ത്രീയെ വ്യഭിചരിക്കാതിരിക്കാൻ അവന്റെ കിടപ്പറയിൽ 'കാവലിരിക്കുക' എന്നതു്! ഇന്നു് കാലം ഏറെ കഴിഞ്ഞു എന്നതു് ശരി. പക്ഷേ, കാലം മാറുമ്പോൾ കോലം മാറുന്നവനാണോ സുഹൃത്തേ നിന്റെ ദൈവം? നീ പലതും പറയാൻ മടിക്കാത്തവനാണെന്നറിയാമെങ്കിലും, യൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങളിലെ ഏകദൈവം അന്നും ഇന്നും ഒന്നല്ല എന്നെങ്കിലും നീ പറയാതിരിക്കൂ! നിന്റെ ആത്മീയനേതാക്കൾ ദൈവത്തേയും മതങ്ങളെയും വിമര്‍ശിക്കുന്നതു് നിരോധിക്കണം എന്നു് ഒച്ച വയ്ക്കുന്നതിന്റെ രഹസ്യം ഇപ്പോഴെങ്കിലും നിനക്കു് പിടി കിട്ടിയോ? നിന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ മാത്രം വിഡ്ഢിയാവാതിരിക്കാനെങ്കിലുമുള്ള സാമാന്യബോധവും ആത്മാഭിമാനവും നിനക്കു് വേണ്ടേ?

ഇനി നിങ്ങൾതന്നെ പറയൂ! അബീമേലെക്ക്‌ സാറയെ വ്യഭിചരിക്കാതിരിക്കാൻ അവന്റെ കിടപ്പറയിൽ 'കാവലിരിക്കുന്ന', തനിക്കു് ഭോജനയാഗമായി അർപ്പിക്കപ്പെടുന്ന ദോശയ്ക്കും വടയ്ക്കും വേണ്ടത്ര ഉപ്പു് ചേർത്തില്ലെങ്കിൽ ഇഷ്ടപ്പെടാത്തവനായ (ലേവ്യപുസ്തകം 2:18), ഒരു രാത്രി മുഴുവൻ ഗുസ്തി പിടിച്ചിട്ടും യാക്കോബിനെ ജയിക്കാൻ കഴിയാത്തവനായ (ഉൽപത്തി 32:22-32), യഹോവ എന്ന ദൈവമാണു് സത്യത്തിൽ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളും, സൂര്യനും, ചന്ദ്രനും, കോടിക്കണക്കിനു് താരാപഥങ്ങളും, ബ്ലാക്ക്‌ ഹോൾസും, ഡാർക്ക്‌ എനർജ്ജിയും, ഡാർക്ക്‌ മാറ്ററും എല്ലാം ഉൾപ്പെടുന്ന പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്ത്രകനും എന്ന കാര്യത്തിൽ നിങ്ങൾക്കു് ഇനിയും സംശയമോ?

ഇതുപോലൊരു ദൈവത്തെ കണ്ണുമടച്ചു് പ്രപഞ്ചസ്രഷ്ടാവു് എന്നും മറ്റും ഘോഷിക്കുന്ന നീയാണോ സുഹൃത്തേ നിന്റെ വാദമുഖങ്ങൾ ശാസ്ത്രീയമാണെന്നു് അവകാശപ്പെടുന്നതു്? ആദ്യം നീ നിന്റെ വേദഗ്രന്ഥം വിമര്‍ശനാത്മകമായി വായിച്ചു് മനസ്സിലാക്കാൻ ശ്രമിക്കൂ. അവയിലെ വിഡ്ഢിത്തങ്ങളും, വിരോധാഭാസങ്ങളും, പരസ്പരവൈരുദ്ധ്യങ്ങളും കാണാൻ മാത്രമുള്ള സാമാന്യബോധവും, പൊതുവിജ്ഞാനവും, യുക്തിബോധവും നിനക്കില്ലെങ്കിൽ നീ നിന്റെ വാദഗതികൾക്കുണ്ടെന്നു് അവകാശപ്പെടുന്ന ശാസ്ത്രീയതക്കു് എന്തർത്ഥം? ഒട്ടകങ്ങളിലും കോവർക്കഴുതകളിലും കുതിരച്ചാണകത്തിലും സ്പെഷ്യലൈസ്‌ ചെയ്ത ഒരു ദൈവത്തിന്റെ വചനങ്ങളിൽ ശാസ്ത്രരഹസ്യങ്ങൾ തപ്പുന്ന നീയാണോ ചങ്ങാതീ, ആധുനിക ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരെയും ചോദ്യം ചെയ്യുന്നതു്? ഗൗളിശാസ്ത്രവും, മഷിനോട്ടവും, കവടി നിരത്തലുമാണു് നിനക്കു് കൂടുതൽ യോജിച്ചതു്. ഇതുപോലൊരു 'ദൈവത്തിൽ' വിശ്വസിക്കുന്നു എന്നതിൽ കൂടിയ ഒരു തെളിവു് ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നതിനുള്ള നിന്റെ അയോഗ്യതക്കു് ആവശ്യമില്ല. ബോധവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഭാഗമാവാൻ നിനക്കു് യോഗ്യതയോ അർഹതയോ ഇല്ലെങ്കിൽ അതിനുത്തരവാദി ആ സമൂഹമല്ല, നീ തന്നെയാണു്. സമൂഹത്തെ നിന്റെ നിലവാരത്തിലേക്കു് വലിച്ചു് താഴ്ത്താനല്ല, സാമൂഹികനിലവാരത്തിനൊത്തു് വളരാനാണു് കഴിയുമെങ്കിൽ നീ ശ്രമിക്കേണ്ടതു്. ആത്യന്തികസത്യം എന്നൊന്നില്ല എന്നു് നിനക്കു് മനസ്സിലായിരുന്നെങ്കിൽ, വോട്ട്‌ ബാങ്കും മറ്റു് സ്വാധീനങ്ങളും ഉപയോഗിച്ചു് നിന്റെ ആത്യന്തികസത്യങ്ങളെ വിമര്‍ശിക്കുന്നതു് നിയമപരമായി നിരോധിക്കാൻ നീ ശ്രമിക്കുമായിരുന്നില്ല. നിരോധനത്തിലൂടെയല്ല, വസ്തുനിഷ്ഠമായ വിമര്‍ശനത്തിലൂടെയാണു് ഏതൊരു സമൂഹവും പഴയ ഭാരങ്ങൾ വലിച്ചെറിയാനുള്ള കരുത്തു് നേടുന്നതു്.

സ്ത്രീക്കു് യോനിയും ഗർഭപാത്രവും ഉള്ളതു്, പുരുഷനു് ലിംഗമുള്ളതു്, നിന്നെപ്പോലെതന്നെ മറ്റു് മനുഷ്യർക്കു് പ്ലീഹയും ചെറുകുടലും വൻകുടലും മലദ്വാരവും ഉള്ളതു് - അതൊക്കെ ജീവന്റെ നിലനിൽപിന്റെ അനിവാര്യതകളാണെന്നു് നീയും നിന്റെ ഛോട്ടാദൈവവും എന്നാണു് മനസ്സിലാക്കുന്നതു്? പ്രായപൂർത്തിയായ ഒരു സ്ത്രീയുടെയോ പുരുഷന്റേയോ ശരീരത്തിന്റെയും മനസ്സിന്റെയും മേലുള്ള പൂർണ്ണമായ ഉടമസ്ഥാവകാശം അവർക്കു് ഓരോരുത്തർക്കും സ്വന്തമാണു്. അവർ അതു് എപ്പോൾ എങ്ങനെ ഉപയോഗിക്കണം, ഏതു് വസ്ത്രം ധരിക്കണം, പൊതുസമൂഹവുമായി ഏതുവിധത്തിൽ ഇന്ററാക്റ്റ്‌ ചെയ്യണം, എന്തു് ജോലി ചെയ്യണം, ഏതു് പുസ്തകം വായിക്കണം, ഏതു് സിനിമ കാണണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം നിന്റെ ദൈവത്തിനാണെന്നു് പറയാനുള്ള നിന്റെ അധികാരം നിനക്കു് ആരു് നൽകി? നിന്റെ ദൈവമാണു് അതു് നിനക്കു് നൽകിയതു് എന്നാണു് നീ അവകാശപ്പെടുന്നതെങ്കിൽ, മുകളിൽ സൂചിപ്പിച്ചവനും, വ്യഭിചാരത്തിനു് കാവൽ നിൽക്കുന്നവനും, മനുഷ്യരുടെ കൊഴിയുന്ന രോമങ്ങളുടെ കണക്കെടുക്കുന്നവനും, ദഹനയാഗവും ഭോജനയാഗവും നൽകി തൃപ്തിപ്പെടുത്തുന്നവനൊക്കെ കടൽത്തീരത്തെ മണൽത്തരികൾ പോലെ, അഥവാ തവളമുട്ടകൾ പോലെ, മക്കൾ ജനിക്കും എന്നു് വാഗ്ദാനം ചെയ്യുന്നവനും ഒക്കെ ആയ ഒരു മണ്ടന്‍ ദൈവത്തിനു് നിന്നേപ്പോലൊരു വിഡ്ഢിയുടെ തലയിൽ ഈ ആധുനികലോകത്തിലെ മറ്റു് മനുഷ്യരുടെ തെറ്റും ശരികളും നിശ്ചയിക്കുന്നതിനുള്ള ചുമതല വച്ചുകെട്ടാനുള്ള യാതൊരു അർഹതയോ, അവകാശമോ, അധികാരമോ, യോഗ്യതയോ, ഇല്ല എന്നും, ഉണ്ടാവാൻ പാടില്ല എന്നും നീ ദയവുചെയ്തു് മനസ്സിലാക്കാൻ ശ്രമിക്കൂ. നിന്നേപ്പോലൊരുവനാൽ നിയന്ത്രിക്കപ്പെട്ടു് ഭ്രാന്തരാക്കപ്പെടുവാൻ മാത്രമുള്ള തെറ്റുകളൊന്നും ചെയ്തവരല്ല ഈ ലോകത്തിലെ മനുഷ്യർ. മനുഷ്യൻ ജനിക്കുന്നതുതന്നെ ഒരു പാപമാണെന്ന ഭ്രാന്തു് ദൈവനാമത്തിൽ പഠിപ്പിക്കുന്ന ആത്മീയരെ ശരിവക്കാനല്ലാതെ മറ്റൊന്നിനും കഴിവോ തന്റേടമോ ഇല്ലാത്ത നിനക്കു് നിന്റെ മതഭ്രാന്തു് തിരിച്ചറിയാനാവില്ല. അതുകൊണ്ടു് നിന്റെ ഭ്രാന്തു് അനുകരിക്കാത്തവരെ നീ ഭ്രാന്തരായി മുദ്രകുത്തി നിന്റെ പൊട്ടക്കിണറ്റിലെ സഹവാസികളായ വാൽമാക്രികളുടെ ഇടയിൽ അവരെ അവഹേളിക്കുവാനും ദ്രോഹിക്കുവാനും നശിപ്പിക്കുവാനും ശ്രമിക്കുന്നു. സഹജീവിയെ പീഡിപ്പിക്കുന്ന നീ നിന്നെത്തന്നെ വിശുദ്ധനാക്കി ദൈവത്തിന്റെ മടിയിൽ കുടിയിരുത്തുന്നു. നിന്റെ ഇല്ലാത്ത ദൈവത്തിന്റെ വല്ലാത്ത ഗുണങ്ങൾ അറിയുന്നവർ നിന്നിൽ നിന്നും അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല. നിന്റെ ദൈവത്തിന്റെ യോഗ്യതകൾ നീ മുകളിൽ കണ്ടല്ലോ.

മറ്റൊരു ദൈവവിശേഷണം: ദൈവം സർവ്വവ്യാപിയാണു്! പിന്നെ എന്തിനാണു് സുഹൃത്തേ നീ നിന്റെ ദൈവത്തിനു് കൂടുതൽ ഉയരത്തിൽ, കൂടുതൽ വലിപ്പത്തിൽ ആലയങ്ങൾ പണിതുയർത്തുന്നതു്? നീ പണിയുന്ന കെട്ടിടങ്ങളിൽ ഒതുങ്ങുന്നവനാണു് നിന്റെ ദൈവമെങ്കിൽ, ആ ദൈവമോ, അതോ അവ പണിയുന്ന നീയോ കൂടുതൽ വലിയവൻ? ഏറ്റവും ചുരുങ്ങിയതു്, ദൈവത്തിനു് അംബരചുംബികളായ ആലയങ്ങൾ പണിയണമെന്നു് നീ നിന്റെ അനുയായികളോടു് ആഹ്വാനം ചെയ്യുന്ന അതേ നാവുകൊണ്ടുതന്നെ, അതേ ദൈവം പുരാതനകാലത്തു് 'ഏകഭാഷ' സംസാരിച്ചിരുന്നവരായ 'ഭൂമിയിലെ' സകല മനുഷ്യരും ചേർന്നു് ബാബേൽ ഗോപുരം പണിതപ്പോൾ അതു് സ്വർഗ്ഗത്തിൽ മുട്ടുമെന്നു് ഭയന്നു് അവരുടെ ഭാഷ കലക്കിക്കളഞ്ഞുവെന്നും, അങ്ങനെ ഗോപുരത്തിന്റെ പണിതീർക്കാൻ അവർക്കു് കഴിയാതെ പോയി എന്നും മറ്റുമുള്ള കഥകൾ പ്രസംഗിക്കാതിരിക്കൂ! നീ വിശ്വസിക്കുന്നതും, പറയുന്നതും, പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ പൊരുത്തപ്പെടാതിരിക്കുന്നതു് ആത്മവഞ്ചനയാണെന്നു് ഒരു കറതീർന്ന ദൈവവിശ്വാസിയായ നീ അറിഞ്ഞിരിക്കേണ്ടേ?

ഇനി മറ്റൊരു ദൈവവിശേഷണം: ദൈവം സ്നേഹമാണു്! പ്രകൃതിസഹജമായ മാനുഷികവികാരങ്ങൾ, ജീവന്റെ നിലനിൽപിനു് അനിവാര്യമായ ലൈംഗികപ്രേരണകൾ, സസ്യലോകത്തിലും ജന്തുലോകത്തിലും സ്വാഭാവികമായി കാണുന്നതുപോലെ, യുവത്വത്തിന്റെ ഭംഗിയും ദാഹങ്ങളും ആസ്വദിക്കാൻ ശ്രമിക്കുന്ന യുവമനുഷ്യർ! അതിന്റെ പേരിൽ നീ നിന്റെ സഹജീവികളെ ചാട്ടവാറിനടിക്കുമ്പോൾ, കല്ലെറിഞ്ഞു് കൊല്ലുമ്പോൾ, പരസ്യമായി തൂക്കിലേറ്റി ദൈവനാമത്തിൽ ആർപ്പിട്ടു് ആഘോഷിക്കുമ്പോൾ, ആ ജന്മവാസനകൾ മനുഷ്യരിൽ രൂപമെടുത്തതിനു് കാരണക്കാരനായ അതേ ദൈവത്തിനു് നേരെയല്ലേ സുഹൃത്തേ നീ കല്ലെറിയുന്നതു്, നീ കൊല ചെയ്യുന്നതു് - നീ ഒരു ദൈവവിശ്വാസിയാണെങ്കിൽ? ജീവിതത്തിന്റെ ഇതുപോലുള്ള മൗലികഘടകങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമായിരുന്നെങ്കിൽ അതു് സൃഷ്ടിയിലേ ചെയ്യാൻ നിന്റെ ദൈവത്തിനു് കഴിയുമായിരുന്നില്ലേ? അത്തരം കാര്യങ്ങളിൽ നീ ഇടപെടുമ്പോൾ, എല്ലാം കഴിയുന്നവനെന്നു് നീതന്നെ അവകാശപ്പെടുന്ന നിന്റെ ദൈവം ചില കാര്യങ്ങൾ ചെയ്യാൻ കഴിവില്ലാത്തവനാണെന്നു് പരോക്ഷമായി അംഗീകരിക്കുകയല്ലേ നീ ചെയ്യുന്നതു്? നിന്റെ ഇരട്ടത്താപ്പുകളുടെ ഫലം നിരപരാധികളായ മനുഷ്യർ അനുഭവിക്കണമെന്നാണോ? മനുഷ്യരേക്കാൾ ദൈവമാണു് നിനക്കു് കൂടുതൽ വിലപ്പെട്ടതെങ്കിൽ മനുഷ്യരേയും ഭൂമിയേയും വിട്ടു് കഴിവതും നേരത്തേ സ്വർഗ്ഗത്തിൽ എത്താനല്ലേ നീ ശ്രമിക്കേണ്ടതു്? മനുഷ്യരോടു് നീ ആവശ്യപ്പെടുന്ന പെരുമാറ്റച്ചട്ടങ്ങൾക്കനുസൃതമായി നീ പറയുന്ന സ്ഥലത്തും സമയത്തും രീതിയിലും ഇണചേരാത്ത സകലമൃഗങ്ങളെയും നീ എന്തുകൊണ്ടു് കല്ലെറിയുന്നില്ല? കൊല ചെയ്യുന്നില്ല? വെറും മൃഗങ്ങൾക്കുപോലും നിന്റെ ദൈവം അനുവദിച്ച സ്വാതന്ത്ര്യം അവന്റെ സ്പെഷ്യൽ സൃഷ്ടിയെന്നു് നീതന്നെ ഘോഷിക്കുന്ന മനുഷ്യർക്കു് അവൻ അനുവദിച്ചിട്ടില്ലെന്നാണോ നീ വ്യാഖ്യാനിക്കാൻ ബദ്ധപ്പെടുന്നതു്? നിന്റെ ഭ്രാന്തിന്റെ മാനദണ്ഡങ്ങൾ മറ്റു് മനുഷ്യരുടെയും മാനദണ്ഡങ്ങളാണെന്നും, ആവണമെന്നുമുള്ള നിന്റെ പമ്പരവിഡ്ഢിത്തത്തിനു് മറ്റു് മനുഷ്യർ എന്തു് പിഴച്ചു? ദൈവത്തിനു് നിയന്ത്രിക്കണമെന്നു് തോന്നാതിരുന്നതു് നിയന്ത്രിക്കണമെന്നു് നിനക്കു് തോന്നുന്നുവെങ്കിൽ, ദൈവത്തിന്റെ ഈ പിഴവു് പരിഹരിക്കാനുള്ള യോഗ്യതയുള്ളവനായി നീ നിന്നെത്തന്നെ വിലമതിക്കുന്നുവെങ്കിൽ, അതുവഴി നീ നിന്നെ ദൈവത്തേക്കാൾ വലിയവനാക്കുകയല്ലേ ചെയ്യുന്നതു്? നിന്റെ ചെറുപ്പത്തെ, നിന്റെ ഒന്നുമല്ലായ്മയെ, നിന്റെ മണ്ണിരക്കു് തുല്യമായ നശ്വരതയെ ദൈവത്തിന്റെ വലിപ്പം കൊണ്ടു് കോമ്പെൻസേറ്റ്‌ ചെയ്യുക എന്നതല്ലാതെ എന്താണു് ഇത്തരം ഭ്രാന്തുകൾക്കു് നിന്നെ പ്രേരിപ്പിക്കുന്നതു്? അതു് നിനക്കറിയില്ലെങ്കിൽ അതിനുത്തരവാദി നീയല്ലാതെ മറ്റു് മനുഷ്യരാണോ? വലിപ്പം എന്നതിനെ വല്ലാതെ വിലമതിക്കുന്ന വെറുമൊരു പൊങ്ങച്ചക്കാരനാണു് നീയെന്ന നിഗൂഢരഹസ്യമല്ലേ അതുവഴി നീ വെളിപ്പെടുത്തുന്നതു്?

എന്തു് ചെയ്യണം എന്ന തീരുമാനം എടുക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ദൈവം മനുഷ്യർക്കു് നൽകിയിട്ടുണ്ടെന്നു് നീ ഘോഷിക്കുന്നു. അതോടൊപ്പം, ദൈവം ഭൂതവും വർത്തമാനവും ഭാവിയും അറിയുന്നവനാണെന്നും നീതന്നെ കൃത്യമായി പ്രഖ്യാപിക്കുന്നു. ഏതെങ്കിലുമൊരു മനുഷ്യനിൽ നിന്നല്ലാതെ മറ്റാരിൽ നിന്നു് നിനക്കു് ഈ അറിവുകൾ ലഭിച്ചു എന്നു് ഞാൻ തത്കാലം ചോദിക്കുന്നില്ല. എന്താണു് ഈ രണ്ടു് പ്രസ്താവനകളുടെ അർത്ഥം? ഒന്നാമതു്, അതോ ഇതോ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു്. രണ്ടാമതു്, ഞാൻ ചെയ്യാൻ പോകുന്നതു് അവയില്‍ ഏതെന്നു് ഞാൻ ചെയ്യാൻ തുടങ്ങുന്നതിനു് മുൻപേ ദൈവത്തിനറിയാം. അതായതു്, ദൈവത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ ഞാൻ ചെയ്യുന്നതു്, അഥവാ, ചെയ്യാൻ പോകുന്നതു് എന്തെന്നു് കാലാകാലങ്ങൾക്കു് മുൻപേ, ഒരുപക്ഷേ മനുഷ്യസൃഷ്ടിക്കു് മുൻപുതന്നെ ദൈവത്താൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാര്യമാണു്. ഉദാഹരണത്തിനു്, തെറ്റും ശരിയും ചെയ്യാനുള്ള രണ്ടു് സാദ്ധ്യതകളിൽ തെറ്റു് ചെയ്യാനാണു് ഞാൻ തീരുമാനിക്കുന്നതെങ്കിൽ ആ വിവരം പണ്ടേതന്നെ ദൈവത്തിനറിയാം. മരണാനന്തരം ആ തെറ്റിന്റെ പേരിൽ ഞാൻ ശിക്ഷിക്കപ്പെടുന്നതിനെയാണോ നീ ദൈവനീതി എന്നു് വിളിക്കുന്നതു്? അതു് മനുഷ്യനീതി പോലുമാവുമോ? രണ്ടു് സാദ്ധ്യതകളിൽനിന്നു് ഒന്നു് തിരഞ്ഞെടുക്കാൻ എനിക്കു് സ്വാതന്ത്ര്യമുണ്ടു് എന്നു് പറയുന്നതിനു് ഈ അവസ്ഥയിൽ സാമാന്യബോധത്തിനു് നിരക്കുന്ന യാതൊരു പ്രസക്തിയുമില്ല. ഞാൻ എന്തു് ചെയ്യുമെന്നു് ദൈവത്താൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, ആ പ്രവർത്തി ചെയ്യാൻ എനിക്കു് സ്വാതന്ത്ര്യമുണ്ടു് എന്നു് പറയുന്നതിനു് എന്തു് അർത്ഥമാണുള്ളതു്? ഇവിടെ ഞാൻ ചെയ്യുന്ന പ്രവർത്തിയുടെ പൂർണ്ണ ഉത്തരവാദിത്വം അതു് ആരംഭത്തിലേ അറിയാമായിരുന്നവനായ (വേണമെങ്കിൽ എന്നേക്കൊണ്ടു് വിപരീതമായതു് ചെയ്യിക്കാൻ കഴിയുമായിരുന്നവനായ!) ദൈവത്തിനാണെന്നിരിക്കെ, അന്ത്യവിധിയിൽ ശിക്ഷ ലഭിക്കേണ്ടതു് എനിക്കോ, അതോ ആ ദൈവത്തിനോ?

അതായതു്, ഭൂമിയിലെ 'നന്മതിന്മകൾക്കപ്പുറം' സ്വർഗ്ഗത്തിൽ എവിടെയോ വാഴുന്ന 'സർവ്വവ്യാപിയും' ഏകനുമായ ദൈവം, ഓരോ മനുഷ്യരും അവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ചെയ്യേണ്ടുന്ന കാര്യങ്ങളിൽ നന്മയോ തിന്മയോ തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നതു് എന്നു് വ്യക്തമായി സർവ്വലോകങ്ങൾക്കും മുൻപേ അറിഞ്ഞുകൊണ്ടു്, അഥവാ മനഃപൂർവ്വം, നന്മയോ തിന്മയോ ചെയ്യാനുള്ള 'പൂർണ്ണ' അവകാശം മനുഷ്യർക്കു് അനുവദിച്ചു് കൊടുക്കുന്നു! എന്നിട്ടു് അന്ത്യവിധിയിൽ അവനു് അവന്റെ പ്രവർത്തിക്കനുസരിച്ചു് പ്രതിഫലം നൽകുന്നു! അവന്റെ പ്രവർത്തികൾ എന്തൊക്കെ ആയിരിക്കുമെന്നു് കാലേകൂട്ടി അറിയാവുന്ന ദൈവത്തിനു്, അവനു് അന്ത്യവിധിയിൽ ലഭിക്കുന്ന പ്രതിഫലം എന്തായിരിക്കുമെന്നും കാലേകൂട്ടിത്തന്നെ അറിയില്ലേ എന്നൊന്നും ചോദിക്കരുതു്. വിഷയം ദൈവികമായതുകൊണ്ടു് കാര്യം ഗൗരവത്തിലെടുക്കണം! ചിരിക്കരുതു്! ചിരിക്കുന്നവരെ ഞങ്ങൾ ദൈവനാമത്തിൽ തല്ലിക്കൊല്ലും! ചാവുന്നവർ നേർരേഖയായി ഉടനെതന്നെ നരകത്തിലെത്തി പൊരിഞ്ഞ തീയിൽ കത്തിക്കരിഞ്ഞു് വീണ്ടും വീണ്ടും നിത്യമായി ചത്തുകൊണ്ടേയിരിക്കും!

ഞാൻ ഒരു അന്ത്യവിധിയിലോ സ്വർഗ്ഗത്തിലോ നരകത്തിലോ വിശ്വസിക്കുന്നതുകൊണ്ടല്ല, ദൈവ'ശാസ്ത്രജ്ഞരുടെ' വാദമുഖങ്ങളിലെ വൈരുദ്ധ്യങ്ങളും യുക്തിഹീനതകളും മനസ്സിലാക്കിയിരിക്കാൻ വേണ്ടി ചൂണ്ടിക്കാണിച്ചതാണു് ഇക്കാര്യങ്ങൾ. ദൈവത്തിൽ വിശ്വസിക്കുന്നവർക്കല്ലാതെ മറ്റാർക്കും വോട്ട്‌ ചെയ്യരുതെന്നും മറ്റും ജനങ്ങളോടു് ആഹ്വാനം ചെയ്യുന്ന ആത്മീയപിതാക്കൾ ഉയർത്തിപ്പിടിക്കുന്ന ദൈവത്തെ മറ്റൊരു perspective-ൽ നിന്നു് നോക്കിക്കാനാനുള്ള ഒരു ശ്രമം. മനുഷ്യരുടെ ബൗദ്ധികവും സാംസ്കാരികവും സാമൂഹികവുമായ വളർച്ച ഏറ്റവും പ്രതികൂലമായി ബാധിക്കുന്നവർ എന്നു് വ്യക്തമായി അറിയാവുന്നതുകൊണ്ടു് വിദ്യാഭ്യാസപരമായ ഏതു് സാമൂഹിക നവീകരണത്തിനുമെതിരെ വിപ്ലവകാഹളമൂതുന്ന ദൈവദാസന്മാർ ഏതു് 'ദൈവ'ത്തിന്റെ ദാസന്മാരാണു് എന്നറിഞ്ഞിരുന്നാൽ അവർ അർഹിക്കുന്നതിൽ കൂടിയ വില അവർക്കു് നൽകുക എന്നൊരു തിരുത്താനാവാത്ത തെറ്റു് ഒഴിവാക്കാം. അതുവഴി സമൂഹത്തിനു് അന്തിമാർത്ഥത്തിൽ നേട്ടമേ ഉണ്ടാവൂ!

24 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ April 20, 2009 at 5:11 PM  

ചാക്കിലെ പൂച്ച ! അതിഷ്ടപ്പെട്ടു

അനില്‍@ബ്ലോഗ് April 20, 2009 at 7:54 PM  

ദൈവത്തെക്കുറിച്ചുള്ള പോസ്റ്റ് നന്നായി.

ദൈവത്തിനു നാം നല്‍കിയിട്ടുള്ള ഒരോ ഡഫനിഷനുകളും മനുഷ്യന്റെ ഒരോ മാനസിക ബലഹീനതകള്‍ക്ക് താങ്ങായാണ് എന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. നാളെ എന്ത് എന്ന് മുങ്കൂട്ടി മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത മനുഷ്യന്‍ , ഇന്നലെ നടന്നവയെപറ്റിയുള്ള ഓര്‍മകളില്‍ നിന്നും മോചനം നേടാന്‍, നേടാം എന്ന പ്രതീക്ഷയില്‍ ദൈവത്തെ വിളിക്കുന്നു.
മനസ്ഥിരത, മനോധൈര്യം എന്നിവ നഷ്ടമായേക്കാവുന്ന ഒരു നാളെ സി.കെ.ബാബുവും ദൈവത്തെ വിളിച്ചേക്കാം, ഞാനും.
അത്രയേ ഉള്ളൂ, അല്ലെ?

'ദൈവം ഏറ്റവും വലിയവൻ' എന്നു് ആർപ്പിടുമ്പോഴും അതേ ദൈവത്തിലുള്ള മനുഷ്യരുടെ വിശ്വാസം സംരക്ഷിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നു് കരുതുന്ന മനുഷ്യർ അവരുടെ ദൈവത്തേക്കാൾ ചെറിയവരോ അതോ വലിയവരോ?
നല്ല ചോദ്യം.
:)

ബിനോയ് April 20, 2009 at 8:42 PM  

മാഷേ, വായിക്കുന്നുണ്ട്. ഭാഷ വളരെ ലളിതമാക്കിയത് കൂടുതല്‍ വായനക്കാര്‍ക്ക് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു. ആശംസകള്‍

പാര്‍ത്ഥന്‍ April 20, 2009 at 9:42 PM  

ഇത്ര നീട്ടിപരത്തണമായിരുന്നോ ഈ കൊച്ചു ദൈവത്തെപ്പറ്റി പറയാൻ.

എല്ലാവർക്കും ദൈവത്തിൽ നിന്നും വേണം. ദൈവത്തിനെ ആർക്കും വേണ്ട. എന്തെങ്കിലും വിചാരിച്ചത് കിട്ടാതിരുന്നാൽ ദൈവം ഈ പറഞ്ഞതൊക്കെയാണ്. മനസ്സിൽ വിചാരിച്ചതൊക്കെ നടന്നാലോ ദൈവം അനുഗ്രഹം വാരിക്കോരി തരുന്നവനാകും. അത്രേയുള്ളൂ ദൈവത്തിന്റെ കാര്യം.

സി. കെ. ബാബു April 20, 2009 at 10:25 PM  

പ്രിയ,
:)

അനിൽ@ബ്ലോഗ്‌,
മനസ്ഥിരത നഷ്ടപ്പെട്ടതുമൂലം ദൈവത്തേയോ പിശാചിനേയോ പോയിട്ടു് അടുത്തു് നിൽക്കുന്ന ബന്ധുക്കളെ പോലും തിരിച്ചറിയാനോ വിളിക്കാനോ കഴിയാത്തവരെയും ഞാൻ കണ്ടിട്ടുണ്ടു്. അല്ലാത്തവർ അത്യാഹിതസമയങ്ങളിൽ എന്റീശോ എന്നോ, കൃഷ്ണാ ഗുരുവായൂരപ്പാ എന്നോ, ന്റള്ളാ എന്നോ വിളിക്കുന്നതു് ശീലിപ്പിച്ചതുപോലെ! ശീലിപ്പിച്ചിട്ടില്ലെങ്കിൽ വിളിയും ഇല്ല. അത്തരക്കാരും എനിക്കു് ജീവിതത്തിൽ അപരിചിതരല്ല. :)

ബിനോയ്‌,
ഇതു് എന്റെ ഭാഷയാണു്, നീറ്റ്‌സ്‌ഷെയുടേതല്ല. :)

പാർത്ഥൻ,
അതുപിന്നെ അങ്ങനെയല്ലേ വരൂ. ദൈവത്തിനു് അനുകൂലമാണെങ്കിൽ സഹസ്രാബ്ദങ്ങളിലൂടെ ചപ്പാത്തി പരത്തുന്നതുപോലെ പരത്തി എഴുതിയാലും കുഴപ്പമില്ല. ദൈവവിമർശ്ശനം അങ്ങനെ പരന്നുകൂടല്ലോ! :)

അപ്പു April 21, 2009 at 4:57 AM  

ബാബുമാഷേ...ഇതും വായിച്ചു :-)

ഈ ബ്ലോഗിലെ പോസ്റ്റുകളത്രയും വായിക്കുമ്പോള്‍ ഒരുകാര്യം മനസ്സിലായിട്ടുണ്ട്. അക്ഷരങ്ങളില്‍, മത്രഗ്രന്ഥങ്ങളില്‍, മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന ദൈവസങ്കല്‍പ്പം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ അകലെയാണെന്ന്; അതുപോലെ യുക്തിയില്‍ നിന്നും !

ചിന്തകള്‍ക്ക് നന്ദി.

പാമരന്‍ April 21, 2009 at 6:40 AM  

ദൈവത്തിനെ മനുഷ്യന്‌ ഇനിയും ആവശ്യമുണ്ടോ എന്തോ..

- സാഗര്‍ : Sagar - April 21, 2009 at 8:08 AM  

അപ്പൊ ഇതൊന്നും അറിഞ്ഞില്ലേ.... ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ എന്ന മണ്ടന്മാര്‍ കഷ്ടപ്പെട്ട് തലകുത്തി നിന്ന് ചിന്തിച്ച് ഒണ്ടാക്കിയെടുത്ത തിയറികളൊക്കെ ദേ..... ദിങ്ങട് നോക്യേ.. ഞങ്ങടെ കിത്താബില്‌ നല്ല പുട്ടു പുട്ടു പോലെ എഴുതീട്ടൊണ്ട്..... പണ്ട് ദൈവം ഡയറക്ടായി പറഞ്ഞ് തന്നതാ..!!

പിന്നെ പ്രശ്നമെന്താണെന്ന് ചോദിച്ചാല്‍ നാളെ ഇതേ ശാസ്ത്രജ്ഞന്മാര്‍ തന്നെ വെറെ ഒരു തിയറിയുമായി വന്നാല്‍ , ഈ പറഞ്ഞതൊക്കെ നമ്മള്‌ തന്നെ തിരുത്തേണ്ടി വരും.. സാരമില്ലാ.... അപ്പൊ വെറെ എന്തേലും  കണ്ടുപിടിച്ചോളാം........ ഹും ...നമ്മളൊടാ കളീ....!!!!

സി. കെ. ബാബു April 21, 2009 at 8:21 AM  

അപ്പു,
മനുഷ്യരുടെ 'യാഥാർത്ഥ്യനിർവ്വചനം' തന്നെ തിരുത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിലെ 95 ശതമാനം കാര്യങ്ങളും ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ 'യാഥാർത്ഥ്യത്തിനു്' എന്തർത്ഥം? യാഥാർത്ഥ്യം = ദൈനംദിന കാര്യങ്ങൾ = കാണുന്നതും, കേൾക്കുന്നതും, അനുഭവിക്കുന്നതും എന്നൊരു സമവാക്യം തെറ്റാണു്. ദൈവത്തേയും ഇന്ദ്രിയാതീത്വത്തേയും വച്ചു് കിലുക്കിക്കുത്താൻ ചില 'താടിക്കാർക്കു്' കഴിയുന്നതു് ആ 'യാഥാർത്ഥ്യത്തിനു്' അപ്പുറമുള്ള ലോകം മനുഷ്യബുദ്ധിക്കു് അപ്രവേശ്യമാണു് എന്നതിനാലാണു്. അവിടേക്കു് ഒരു ചെറുചുവടെങ്കിലും വയ്ക്കാൻ കഴിഞ്ഞിട്ടുള്ളതു് ആധുനികശാസ്ത്രത്തിനു് മാത്രമാണു്. കിലുക്കിക്കുത്തുകാർക്കും അവരുടെ അനുയായികൾക്കും ആധുനികശാസ്ത്രം പോലും അപ്രവേശ്യമാണെന്നതിനാൽ ഏലസ്സു് കച്ചവടം പൊടിപൊടിക്കുന്നു. ചുവടുചുവടായുള്ള ബോധവത്കരണത്തിലൂടെ അവരിൽ ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും വസ്തുതകൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ അത്രയുമായി. അനിശ്ചിതത്വം പ്രപഞ്ചനിയമമാണെന്നതിനാൽ മനുഷ്യരെ 'കിലുക്കിക്കുത്തിൽ' നിന്നും പൂർണ്ണമായി മോചിപ്പിക്കാൻ ആവുകയില്ല. ദൈവം = ഭാഗ്യം എന്നായതിനാൽ ജീവിതം വഴിമുട്ടുന്ന സന്ദർഭങ്ങളിൽ മനുഷ്യർ 'ദൈവത്തെ' വിളിക്കുന്നു. അതു് ദൈവാസ്തിത്വത്തിനു് തെളിവായി ഒരുകാരണവശാലും ചൂണ്ടിക്കാണിക്കാവുന്നതല്ല. ഇതു് മനസ്സിലാക്കുന്ന മനുഷ്യർ ഒരുപക്ഷേ ഭാരതത്തിൽ വിരളമാണെങ്കിലും ബോധവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ ധാരാളമുണ്ടു്.

പാമരൻ,
ദൈവത്തിനെ ആവശ്യമില്ലെന്നു് മനുഷ്യർ മനസ്സിലാക്കുന്ന അതേ നിമിഷം ദൈവം പ്രപഞ്ചത്തിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാവും. പക്ഷേ, ദൈവമുണ്ടായാൽ മാത്രം മനുഷ്യരുടെ ചിലവിൽ സുഖമായി ജീവിക്കാൻ കഴിയുന്നവർ ദൈവം ഉണ്ടെന്നു് മനുഷ്യരെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവം ഉണ്ടെന്നു് ഇടതടവില്ലാത്ത പ്രാർത്ഥനവഴി സ്വയം ഹിപ്നോടൈസ്‌ ചെയ്യുവാൻ അവർ മനുഷ്യരെ ജനനം മുതൽ പഠിപ്പിക്കുന്നു. വലയിൽ വീഴുന്ന ചെറുജീവികളെ ചിലന്തി വീണ്ടും വീണ്ടും തന്റെ സ്രവത്തിന്റെ 'നൂൽ' കൊണ്ടു് വരിയുന്നതുപോലെ, മനുഷ്യരെ പൗരോഹിത്യം ദൈവവിശ്വാസം എന്ന വേർപ്പെടുത്താനാവാതെ ഒട്ടിപ്പിടിക്കുന്ന നൂലുകൊണ്ടു് നിരന്തരം വരിഞ്ഞുമുറുക്കുന്നു. പൗരോഹിത്യം മനുഷ്യരുടെ മേൽ സ്ഥാപിച്ച അധികാരം ദൈവം എന്ന ആശയം ഉപയോഗിച്ചായതിനാൽ അതുപോലൊരു നീരാളിപ്പിടുത്തത്തിൽ നിന്നും തങ്ങളെ മോചിപ്പിക്കാൻ മനുഷ്യർ ധൈര്യപ്പെടുന്നില്ല. ജീവിതത്തിൽ മനുഷ്യർ ജനനം മുതൽ മരണം വരെ സ്വാഭാവികമായും കടക്കാൻ ബാദ്ധ്യസ്ഥരായ എത്രയോ കടമ്പകളിൽ ഭാഗ്യം ഒരു അവിഭാജ്യഘടകമാണെന്നതിനാൽ ഭാഗ്യത്തിന്റെ മറ്റൊരു രൂപമായ ദൈവം എന്ന നൂലുകൊണ്ടു് സ്വയം വരിഞ്ഞുമുറുക്കാൻപോലും മനുഷ്യർ തയ്യാറാവുന്നു! അഥവാ, പൗരോഹിത്യത്തിന്റെ വരിഞ്ഞുമുറുക്കലുകൾ അവർ ഒരുതരം നിഗൂഢസംതൃപ്തിയോടെ ഏറ്റുവാങ്ങുന്നു. മനുഷ്യരുടെ ഗതികേടു് കണ്ടു് ഉള്ളിൽ പൊട്ടിച്ചിരിക്കുന്ന നീചത്വത്തിന്റെ പേരാണു് പൗരോഹിത്യം! മനുഷ്യവർഗ്ഗത്തിൽ മറ്റൊരു താരതമ്യം ഇല്ലാത്തവിധം മനുഷ്യരെ ചൂഷണം ചെയ്യുന്ന ദൈവത്തിന്റെ കള്ളനാണയങ്ങൾ!

സാഗര്‍,
:)

BS Madai April 22, 2009 at 7:15 AM  

മാഷേ, ലളിതമായ ഈ ഭാഷക്ക് നന്ദി. മനുഷ്യമനസ്സുകളില്‍ ദൈവസങ്കല്‍പ്പത്തെപ്പറ്റി ഏറെ തിരുത്തലുകള്‍ ആവശ്യപ്പെടുന്ന ഒരു നല്ല ലേഖനം. പക്ഷെ സാമ്പ്രദായിക ചിന്താ പരിധിക്കുള്ളില്‍ നിന്ന് എത്രപേര്‍ പുറത്തുവരും?! മാഷ്‌ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളപോലെ സയന്‍സും വിദ്യാഭ്യാസവും ഇത്തരം കാര്യങ്ങളെ ഒന്ന് വിമര്‍ശന ബുദ്ധിയോടെ നോക്കികാണാന്‍ ആരും ഉപയോഗിക്കില്ലല്ലോ, everyone wants to get maximum benefits out of it, but their so called knowledge or intelligence never demand anything else - thats all!. (my transliteration service gone off). Once again thanks for the nice post.

sangeeth April 22, 2009 at 9:30 AM  

By agreeing with u, n knowing that world's most of the unsolved problems are bcos of religion, i ve a question. Do u think that world will be more nice without religion? i dont think so! Bcos, 95% people cant think like u.. Hope u will reply.

സി. കെ. ബാബു April 22, 2009 at 12:00 PM  

BS Madai,
മനുഷ്യർ പൊതുവേ എളുപ്പത്തിന്റേയും മടിയുടേയും പേരിൽ അടിമത്വത്തെ സന്തോഷപൂർവ്വം അംഗീകരിക്കുന്നവരാണു്. ചിന്താശേഷി കുത്തിവയ്ക്കാനാവില്ല. അതു് ഒരുവനിൽ സ്വയമേവ രൂപമെടുക്കണം.

sangeeth,
I don't know to which group of people you want to belong - to the 95% or to the rest 5%. As you mentioned, if you really agree with me and recognize that a change is necessary, what you can do is to change yourself. It is none of your business nor of mine to change the world as a whole.

Religions themselves supposedly tried thousands of years to change the world and failed bitterly in this goal. But they succeeded in enriching themselves in 'this world', preaching a life in a world 'beyond'!

It depends on your own perspective how you understand such points.

sangeeth April 23, 2009 at 2:23 PM  

Dear babu,

Thanx 4 the reply.

I ‘believe’, I also belong to 5% but I never mind going to temple as it gives me some sort of ‘peace mind’. I am just a human being and when I feel I am lost n there is nobody to help me, it is a good medicine-‘spirituality’. I consider it as a personal thing and i do it or believe it knowing that what ever I believe can’t be true. I admit that even before itself! But I don’t mind following it as long as it hurts either me or society in anyway. One more point- it sometimes helps me to get a close family by traditions. For me, tradition and culture are religion. I agree, it is meaningless, as there is no tradition, culture and religion in our subject. This is about me n my question is something different and it is as follows,


How can u predict, how society n individuals will behave, in case, there is no religion? We can only imagine it as there is no prototype available. Even if 1 or 2 are available (which I may not be knowing), that may not be applicable everywhere. Because, society depends on various things such as the government, rich-poor ratio, availability of food, family structure etc etc.. What I am afraid, if religion is not present in the world, some people, who don’t have moral values, will do to the world. U know that most of people in the present world are having some morals (it could be because they afraid of ‘sin’) can be because of some religion.

I agree your viewpoints fully, but not sure of its effectiveness, when it is ‘real’. Hope u got my point n question.
(I am sorry writing in English, as I don’t know how I can upload Malayalam fonts in ur blog. I will give a try once, hopefully after getting ur reply. It will be nice if u can reply me in Malayalam so that everyone can read in our mother tongue.)

sangeeth April 23, 2009 at 2:32 PM  

1 more point.
U said, "It is none of your business nor of mine to change the world as a whole"

But i care, when i say,believe or do something, not to have a bad effect on society or to the world.

Same way, i wont believe that, a world with out religions will be more peaceful as long as i am satisfied about it.
May be this discussion will help me to come to a conclusion.

Regards,

സി. കെ. ബാബു April 23, 2009 at 2:40 PM  

sangeeth,
My blog is not the right place for you.

മി | Mi April 24, 2009 at 8:45 PM  

ഈയടുത്തു വായിച്ച മികച്ച എഴൂത്തുകളിലൊന്ന്..

എന്റെ ചോദ്യങ്ങള്‍, എനിക്ക് ഈ ലോകത്തിനോട് പറയാനുള്ളത് ,താങ്കളിലൂടെ, അതി വ്യക്തമായ ഭാഷയില്‍ കേള്‍ക്കുമ്പോള്‍ ഒരു സുഖം..

നന്ദി.. തെളിഞ്ഞ ചിന്തയോടെ ഇനിയും എഴുതൂ...

CKLatheef November 17, 2009 at 3:50 AM  

ഈ ലേഖനത്തോട് വിയോജിക്കുന്നവര്‍ക്കും ഇതിന് മറുപടി പറയാന്‍ ശ്രമിക്കുന്നവര്‍ക്കും മുന്‍കൂറായി ധാരാളം വിശേഷണങ്ങള്‍ നല്‍കപ്പെട്ട സ്ഥിതിക്ക് ഈ പോസ്റ്റിന് പ്രതികരണമായി നന്ദി എന്നും വളരെ നന്നായി എന്നും പറഞ്ഞ് നിര്‍ത്തുന്നതായിരിക്കും നല്ലത്. അതുകൊണ്ടുതന്നെ ഇങ്ങനെ പറഞ്ഞുകൊള്ളട്ടേ. അവതരണം ഗംഭീരമായിരിക്കുന്നു. എല്ലാ മതസങ്കല്‍പങ്ങളും കൂടികുഴഞ്ഞുകിടക്കുന്നതിനാല്‍ ആര്‍ക്കും മറുപടി പറയാനാകില്ല. പോസ്റ്റിലുള്ളതിനോട് ഭാഗികമായി യോജിക്കുന്നു. എങ്കിലും ഞാന്‍ ഖുര്‍ആനില്‍ നിന്ന് പരിചയപ്പെട്ട ദൈവത്തെ ഇവിടെ പരാമര്‍ശിക്കപ്പെട്ടതായി കാണുന്നില്ല. 'ആരാ നിന്റെ ദൈവം?' എന്നാണല്ലോ ചോദ്യം. ഇതിലാരുമല്ല എന്നാണ് എന്റെ ഉത്തരം.

പാര്‍ത്ഥന്‍ November 17, 2009 at 9:47 PM  

CKLatheef said...

'ആരാ നിന്റെ ദൈവം?' എന്നാണല്ലോ ചോദ്യം. ഇതിലാരുമല്ല എന്നാണ് എന്റെ ഉത്തരം.

അപ്പോൾ ദൈവം പലതുണ്ടെന്ന് ലത്തീഫ് സമ്മതിക്കുന്നു.

CKLatheef November 20, 2009 at 3:32 AM  

ഇല്ല. പാര്‍ത്ഥന്‍ ..
പ്രപഞ്ചസ്രഷ്ടാവായ ദൈവം ഒന്നേ ഉള്ളൂ എന്നാണ് എന്റെ വിശ്വാസം. പക്ഷേ അതേ ദൈവത്തെ പലവിധത്തില്‍
സങ്കല്‍പ്പിക്കുമ്പോള്‍ വ്യത്യസ്ഥ ദൈവങ്ങള്‍ എന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. അത്രമാത്രം. പാര്‍ത്ഥനില്ലാത്ത വിശേഷണങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ ആ പാര്‍ത്ഥന്‍ ഞാനല്ല എന്ന് താങ്കള്‍ പറയില്ലേ. അപ്പോള്‍ പിന്നെ ദൈവത്തിന്റെ കൃത്യമായ വിശേഷണങ്ങള്‍ നിങ്ങള്‍ പറയുന്നതാണ് എന്നതിന് എന്തുണ്ട് ന്യായം എന്ന ചോദ്യം പ്രസക്തവും മറുപടിയര്‍ഹിക്കുന്നതുമാണ്. തല്‍കാലം അതിന് ഞാനിവിടെ മുതിരുന്നില്ല. ഓഫ് ടോപിക്കായതിനാല്‍.

CKLatheef November 20, 2009 at 3:45 AM  

പ്രിയ ബാബു..
മതവിശ്വാസങ്ങളെ പൗരോഹിത്യം സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു എന്ന വീക്ഷണത്തോടും താങ്കളുടെ കമന്റില്‍ സൂചിപ്പിച്ച ഉപമയോടും യോജിക്കുന്നു. പൗരോഹിത്യമാണ് ഏത് മതത്തിലായാലും ആ മതത്തിന്റെ ഏറ്റവും വലിയ ശത്രു. ദൈവം ഒരു മതത്തിലും മനുഷ്യന്റെയും തന്റെയും ഇടയില്‍ അത്തരമൊരു ദല്ലാല്‍പണിക്ക് ആരെയും നിയോഗിച്ചിട്ടില്ല എന്ന് വേദഗ്രന്ഥങ്ങള്‍ വായിച്ചാല്‍ അറിയാന്‍ കഴിയും. ഇസ്്‌ലാമില്‍ പൗരോഹിത്യമില്ല എന്ന് മുഹമ്മദ് നബി വ്യക്തമായി പറഞ്ഞു. മോശയുടെയും യേശുവിന്റെയും മാര്‍ഗത്തിലും പൗരോഹിത്യം നിയമമാക്കിയിട്ടില്ലെന്നും അതവര്‍ കെട്ടിച്ചമച്ചതാണെന്നും ഖുര്‍ആനും വ്യക്തമാക്കി. പൗരോഹിത്യം മതത്തിനുമേല്‍ അടിച്ചേല്‍പിച്ച ജീര്‍ണത കഴുകിക്കളഞ്ഞാല്‍ മതങ്ങളില്‍ താങ്കളെ പോലെയുള്ളവര്‍ക്ക് വിമര്‍ശിക്കാന്‍ കാര്യമായൊന്നുമുണ്ടാകില്ല എന്നതാണ് സത്യം.

സി.കെ.ബാബു November 20, 2009 at 9:07 AM  

CKLatheef,
വായിച്ചതിനു് നന്ദി. ലേഖനത്തിലെ എന്റെ അഭിപ്രായങ്ങളോടു് നിങ്ങൾക്കു് യോജിക്കാം, വിയോജിക്കാം. പക്ഷേ, നമ്മൾ തമ്മിലുള്ള ഒരു ചർച്ച എങ്ങുമെത്തുകയില്ല എന്നു് ഉറപ്പുള്ളതിനാൽ ഒരു ചർച്ചക്കു് ഞാനില്ല.

വിഷയത്തിൽ ഒതുങ്ങിയുള്ള ഒരു ചർച്ച പാർത്ഥനോ മറ്റാരെങ്കിലുമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു് ഞാൻ എതിരുമല്ല. അതിനാൽ ഈ ബ്ലോഗിൽ നിന്നും കമന്റ്‌ മോഡറേഷൻ ഒഴിവാക്കുന്നു. വ്യക്തിഹത്യയും തെറിവിളിയും തുടങ്ങിയാൽ അത്തരം കമന്റുകൾ ഡിലീറ്റ്‌ ചെയ്യാനും വീണ്ടും മോഡറേഷൻ വയ്ക്കാനും ഞാൻ നിർബന്ധിതനാവും.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP