Saturday, March 14, 2009

സഭയും ജനാധിപത്യവും

പരിപൂര്‍ണ്ണബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്കു് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ അവര്‍ ആത്മവഞ്ചകരാണു്. കാരണം അവരുടെ മനസ്സാക്ഷിക്കും ബോധ്യത്തിനും വിരുദ്ധമായാണു് അവര്‍ പ്രവര്‍ത്തിക്കുന്നതു്. ജനങ്ങളില്‍ നിന്നു് ജനങ്ങളാല്‍ ജനങ്ങള്‍ക്കു് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായ ജനാധിപത്യം വ്യക്തികളെ അംഗീകരിക്കുന്നതിനും അവരെ ബഹുമാനിക്കുന്നതിനുമാണു് മുന്‍തൂക്കം നല്‍കുന്നതു്. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് മറ്റുള്ളവരെ അംഗീകരിക്കാനുമാവില്ല” - ഇതു് കര്‍ദ്ദിനാള്‍ വിതയത്തില്‍ പറഞ്ഞതായി ദീപിക ഓണ്‍ലൈനില്‍ (13.03.2009) വായിച്ചതാണു്.

ഇതു് വായിക്കുമ്പോള്‍ നിങ്ങള്‍ക്കു് എന്തു് തോന്നുന്നു എന്നെനിക്കറിയില്ല. പക്ഷേ, എനിക്കു് തോന്നുന്നതു് ഇതുപോലുള്ള ബുദ്ധിമാന്മാരാണു് ദൈവത്തെ താങ്ങിനിര്‍ത്തുന്നതെങ്കില്‍ ആ ദൈവം തീര്‍ച്ചയായും സഹാനുഭൂതി അര്‍ഹിക്കുന്നുണ്ടെന്നാണു്. ഇതുപോലുള്ള ആദ്ധ്യാത്മികവായ്മൊഴികള്‍ തേന്മൊഴിയായി അനര്‍ഗ്ഗളം വിനിര്‍ഗ്ഗമിക്കുന്നതു് മുടക്കമില്ലാതെ സഹിക്കേണ്ടിവരുന്നുണ്ടെങ്കിലും മനുഷ്യനു് വേറെ ജോലിയുള്ളതിനാല്‍ എപ്പോഴും പ്രതികരിക്കുക അസാദ്ധ്യം. പക്ഷേ, ഇടക്കെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഈ മൊഴിമുത്തുകള്‍ കേള്‍ക്കുന്ന ഈരേഴു് പതിനാലു് ലോകങ്ങളിലുമുള്ള സകലരും ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങി ഉണക്കിയ വടുകപ്പുളിനാരങ്ങയുടെ അച്ചാറും തൊട്ടുനക്കി ആനന്ദകുഞ്ചുക്കളായി ആമോദിക്കുകയാണെന്നും, ആടുന്നതെല്ലാം ആടുകളാണെന്നുമൊക്കെ പിതാക്കന്മാര്‍ കരുതും. കാണുന്നതിനെ കാണാത്തതും, കാണാത്തതിനെ കാണുന്നതുമാണല്ലോ ആത്മീയം!

കര്‍ദ്ദിനാളന്മാരില്‍ നിന്നു് കര്‍ദ്ദിനാളന്മാരാല്‍ കര്‍ദ്ദിനാളന്മാര്‍ക്കു് വേണ്ടി എന്ന തത്വത്തില്‍ അടിസ്ഥാനമായി ആണല്ലോ “ജനാധിപത്യപരമായി” കത്തോലിക്കാസഭയില്‍ മാര്‍പ്പാപ്പമാര്‍ തെരഞ്ഞെടുക്കപ്പെടുന്നതു്!

ജനാധിപത്യം എന്താണെന്നതിനെ സംബന്ധിച്ചു് നമുക്കു് മിക്കവര്‍ക്കും ഒരു ഏകദേശധാരണയുണ്ടു്. ജനാധിപത്യത്തിന്റെ ഏറ്റവും ചുരുങ്ങിയ ഒരു നിര്‍വചനം ഒരമേരിക്കന്‍ പ്രസിഡന്റ്‌ പണ്ടു് പറഞ്ഞതു് ഇങ്ങനെയാണു്: “Democracy is a government of the people, by the people, for the people”. അതു് പറഞ്ഞതു് ദൈവമോ, ഗബ്രിയേല്‍ മാലാഖയോ, സാത്താനോ കുട്ടിത്തേമാങ്കോ ഒന്നുമല്ല, അബ്രഹാം ലിങ്കണ്‍ എന്ന ഒരു മനുഷ്യനാണു്. കുടുംബത്തിലെ സാമ്പത്തികപരാധീനതകള്‍ മൂലം അദ്ദേഹത്തിനു് പലപ്പോഴും സ്ട്രീറ്റ്‌ ലൈറ്റിന്റെ ചുവട്ടില്‍ ഇരുന്നു് പഠിക്കേണ്ടി വന്നിട്ടുണ്ടത്രെ! ഏതായാലും ആ സമയത്തു് ദൈവത്തിന്റെ കോപവും ശാപവുമേറ്റു് ഇടിവെട്ടിച്ചാവാതിരുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാനും, പില്‍ക്കാലത്തു് അമേരിക്കയുടെ പ്രസിഡന്റ്‌ ആവാനും അദ്ദേഹത്തിനു് കഴിഞ്ഞു! അതുപോലൊരു വ്യക്തി ജനാധിപത്യത്തിനു് നല്‍കിയ ഈ നിര്‍വചനം കേരളത്തിലെ വിദ്യാഭ്യാസം കച്ചവടമാക്കിയ ആത്മീയപിതാക്കള്‍ ക്വോട്ട്‌ ചെയ്യാതിരിക്കുന്നതല്ലേ ഭംഗിയും സാമാന്യമര്യാദയും? കേള്‍ക്കുന്ന കുഞ്ഞാടുകളില്‍ അധികവും ഇതൊന്നും മനസ്സിലാക്കുന്നവരല്ലെന്നതു് ശരിതന്നെ. പക്ഷേ, അതു് കാര്യസാദ്ധ്യത്തിനായി വായില്‍ തോന്നിയതെന്തും വിളിച്ചുപറയുന്നതിനുള്ള ലൈസന്‍സ്‌ ആവണമെന്നില്ലല്ലോ. പറയുന്നതെന്തെന്നു് ബോധപൂര്‍വ്വം തരംതിരിക്കാന്‍ കഴിവില്ലാത്ത മാനസികരോഗികളാണു് ഇതൊക്കെ വിളിച്ചുപറയുന്നതെങ്കില്‍ അതു് ക്ഷമിക്കാതെയും കേട്ടില്ലെന്നു് നടിക്കാതെയും നിവൃത്തിയില്ലെന്നു് സമ്മതിക്കാമായിരുന്നു.

വിശ്വാസപരമായ നിലപാടുകളിലെ വ്യത്യസ്തത മൂലം സഹജീവികളെ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യര്‍ ആത്മീയപിതാക്കള്‍തന്നെ! ആത്മാവിനെസംബന്ധിച്ചു് ആധികാരികമായി പറയാന്‍ ആത്മാവിന്റെ ദല്ലാളന്മാരായ അവരേക്കാള്‍ കൂടുതല്‍ അര്‍ഹത മറ്റാര്‍ക്കു്? എന്നിരുന്നാലും ഒരു ചെറിയ സംശയം: നിരീശ്വരവാദികളായിട്ടും ജനാധിപത്യവാദികളായി എന്നതിന്റെ പേരില്‍ ചുരുങ്ങിയതു് ജന്മം കൊണ്ടെങ്കിലും മനുഷ്യരായവരെ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കുന്നതു് തിളങ്ങുന്ന കസവുകുപ്പായമിട്ടവരും, കീറിനാറിയ തോര്‍ത്തുമുണ്ടുടത്തവരും, അരമനകളില്‍ സുഖജീവിതം നയിക്കുന്നവരും, തെരുവരികില്‍ ഭിക്ഷയെടുത്തു് ജീവിക്കുന്നവരും, ഭാഗ്യവാന്മാരും, നിര്‍ഭാഗ്യവാന്മാരും, പരിശുദ്ധന്മാരും, പാപികളുമായ എല്ലാ മനുഷ്യരെയും സൃഷ്ടിച്ചവനായ അതേ ഏകദൈവത്തെ ആത്മവഞ്ചകന്‍ എന്നു് വിളിക്കുന്നതിനു് തുല്യമല്ലേ? അതോ എനിക്കങ്ങനെ തോന്നുന്നതു് എന്റെ അജ്ഞത മൂലമാണോ ബഹുമാന്യനായ കര്‍ദ്ദിനാളേ? സര്‍വ്വവ്യാപിയായ ഒരു സര്‍വ്വശക്തന്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയാത്തതാണോ ഈ ഭൂമിയിലെ ഉച്ചനീചത്വങ്ങള്‍? എങ്കില്‍പ്പിന്നെ എന്തിനു് ദിവസത്തില്‍ എത്രയോവട്ടം മുകളിലേക്കു് നോക്കി നെഞ്ചത്തടിച്ചു് മനുഷ്യന്‍ അലമുറയിടണം? (സര്‍വ്വവ്യാപിയെങ്കിലും ദൈവത്തിന്റെ സ്ഥിരതാമസം മുകളില്‍ എവിടെയോ ആണു്, അതുറപ്പു്!) അത്തരം ഗോഷ്ടികള്‍ കാണുന്നവരായി പക്ഷേ ചില നാട്ടുകാരെ മാത്രമേ ഞാന്‍ കാണുന്നുള്ളു! “The show must go on!” എന്നാവുമോ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കല്‍പന? ഇനി, ഒരുപക്ഷേ ഇതൊക്കെ ഞാന്‍ ആത്മീയമായി വേണ്ടത്ര വളര്‍ച്ച പ്രാപിക്കാത്ത ഒരു കുട്ടി ആയതുകൊണ്ടു് തോന്നുന്നതാവുമെന്നുണ്ടോ? അങ്ങനെ ആണെങ്കില്‍ നിങ്ങളുടെയൊക്കെ കര്‍ത്താവായ യേശു പറഞ്ഞതു് ഒന്നുകൂടി കേട്ടോളൂ: “നിങ്ങള്‍ തിരിഞ്ഞു് ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു”.

“ഞാന്‍ സത്യമായിട്ടു്പറയുന്നു” എന്നും മറ്റും ഏകദൈവത്തിന്റെ ഏകപുത്രന്‍ പറയുന്നതു് മദ്ധ്യപൂര്‍വപ്രദേശങ്ങളിലെ ജനങ്ങളുടെ ഇടയിലെ ഒരു സാധാരണ സംസാരരീതിപോലെ വെറുതെ ഒരു ചേര്‍ച്ചയ്ക്കു് വേണ്ടി പറഞ്ഞതാണെന്നുണ്ടോ? ആത്മീയപണ്ഡിതരും ദൈവശാസ്ത്രജ്ഞരുമായവര്‍ കുട്ടികളെ അജ്ഞര്‍ എന്നു് പരിഹസിക്കണമെന്നാവുമോ അതിന്റെ കാനോനികവ്യാഖ്യാനം? നിങ്ങളെപ്പോലുള്ളവരല്ലേ അറിവില്ലാത്തവരായ പിന്നാടുകള്‍ക്കു് ദൈവവചനങ്ങള്‍ നേരാംവിധം വ്യാഖ്യാനിച്ചു് കൊടുക്കേണ്ടതു്? മനുഷ്യരെ അവരുടെ വ്യത്യസ്തനിലപാടിന്റെ മാത്രം പേരില്‍ ആത്മവഞ്ചകര്‍ എന്നൊക്കെ വിളിക്കുന്നതാണോ പിതാവേ ക്രിസ്തീയവിശ്വാസപ്രകാരം “മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ” മാനദണ്ഡം? ഇത്തരം മനുഷ്യനിന്ദക്കു് പിന്‍വലിക്കലും മാപ്പുപറയലും ഒന്നും വേണ്ട എന്നുണ്ടോ? അതോ മനുഷ്യനിന്ദയും നിഷേധവും വിമര്‍ശനവുമൊക്കെ പിതാക്കന്മാര്‍ക്കു് മറ്റുള്ളവരുടെ നേരെ പ്രയോഗിക്കാനായി മാത്രം യഹോവ അനുവദിച്ചിട്ടുള്ള ഒരുതരം “വണ്‍വേ ട്രാഫിക്കോ”?

“പരിപൂര്‍ണ്ണബോധ്യത്തോടെ നിരീശ്വരവാദിയായവര്‍ക്കു് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല.” -പിതാവു് ഉത്തമബോദ്ധ്യത്തോടെ പറയുന്നു. എനിക്കു് ജനാധിപത്യവാദികളായ ധാരാളം നിരീശ്വരവാദികളെ നേരിട്ടും അല്ലാതെയും അറിയാം. അവരില്‍ സാധാരണക്കാരായ സമ്മതിദായകരുണ്ടു്, ജനപ്രതിനിധികളുണ്ടു്, എന്തിനു്, ഉന്നത അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലുമുണ്ടു്. നിരീശ്വരവാദവും ജനാധിപത്യവും തമ്മില്‍ പുലബന്ധം പോലുമില്ല എന്നതിനു് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. നിരീശ്വരവാദിക്കു് മനസ്സാക്ഷിയില്ല എന്നു് പറയാന്‍ മനസ്സാക്ഷി ഇല്ലാത്ത ഒരുവനു് മാത്രമേ കഴിയൂ. അവനു് മനസ്സാക്ഷി എന്നാല്‍ എന്തെന്നോ, ഈശ്വരന്‍ എന്നാല്‍ എന്തെന്നു് പോലുമോ അറിയില്ല എന്നതിനു് തെളിവാണതു്. അവനെസംബന്ധിച്ചു് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ നേടുന്നതിനുള്ള, വെള്ളംകുടിയും കോഴിവെട്ടും നേര്‍ച്ചയും കൊണ്ടു് തൃപ്തിപ്പെടുത്താന്‍ കഴിയുന്ന, അഥവാ, മൂര്‍ത്തമായ എന്തോ ഒന്നാണു് ദൈവം. മണ്ണുകുഴച്ചും വാരിയെല്ല് തല്ലിയൂരിയും മറ്റും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കാന്‍ കൈകള്‍, സുഗന്ധധൂപങ്ങള്‍ മണക്കാന്‍ മൂക്കു്, പ്രാര്‍ത്ഥന കേള്‍ക്കാന്‍ ചെവികള്‍ ഇവയെല്ലാമുള്ള ഇമ്മിണി വല്യ, എല്ലാം തികഞ്ഞ ഒരു മനുഷ്യന്‍! ചുരുക്കത്തില്‍, സ്വര്‍ഗ്ഗീയസിംഹാസനത്തില്‍ ഇരുന്നു് വാണരുളുന്ന ഒരു രാജാധിരാജാവു്! അതുപോലൊരു ദൈവചിത്രം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയതു് ഒരു നൂറു് വര്‍ഷമെങ്കിലും പിറകിലാണു് ജീവിക്കുന്നതു്. ഇന്നത്തെ ഏതൊരു നിരീശ്വരവാദിയും അതുപോലൊരു വിശ്വാസിയേക്കാള്‍ ബൗദ്ധികമായി എത്രയോ പുരോഗമിച്ചവനാണെന്നതില്‍ സംശയം വേണ്ട.

കര്‍ദ്ദിനാള്‍ വിതയത്തില്‍ വീണ്ടും പറയുന്നു: “ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് മറ്റുള്ളവരെ അംഗീകരിക്കാനാവില്ല”. ഇതു് ഞാന്‍ വളരെക്കാലമായി കേട്ടതില്‍ വച്ചു് ഏറ്റവും വലിയ തമാശയാണെന്നേ പറയാനുള്ളു. പക്ഷേ, കര്‍ദ്ദിനാളിനെപ്പോലെ നിലയും വിലയുമൊക്കെ ഉള്ള ഒരാള്‍ അങ്ങനെയൊക്കെ പറയുമ്പോള്‍ എങ്ങനെയാണു് ചാര്‍ലി ചാപ്ലിന്റെ സിനിമ കാണുമ്പോള്‍ എന്നപോലെ നിയന്ത്രണം വിട്ടു് ചിരിക്കുന്നതു്? ഒരു ആത്മീയപിതാവു് മനുഷ്യനെ ദയവുചെയ്തു് ഇങ്ങനെ ചിരിപ്പിക്കരുതു്. അതോ ചിരിച്ചുചിരിച്ചു് ചത്താല്‍ സൂത്രത്തില്‍ ഒരു ശവമടക്കു് ഒത്തു എന്നാണോ? മനുഷ്യന്‍ ജീവിച്ചാലും ചത്താലും നേട്ടമുണ്ടാക്കുന്ന ഒരു വിഭാഗമാണല്ലോ പൗരോഹിത്യം! വിശ്വാസി ഒരു കൊമ്പനാനയെപ്പോലെയാണു്! ജീവിച്ചിരിക്കുമ്പോള്‍ തടിപിടിപ്പിച്ചും എഴുന്നള്ളിച്ചും പണമുണ്ടാക്കാം, ചത്താല്‍ കൊമ്പു് വിറ്റു് പണമുണ്ടാക്കാം! മറ്റുള്ളവരെ അംഗീകരിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കണമത്രെ! ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ മാത്രം പേരില്‍ മറ്റു് മനുഷ്യരെ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്ന ആത്മീയചെക്കട്ടക്കോഴികളെ തടഞ്ഞിട്ടു് നടക്കാനാവാത്ത സ്ഥിതിയല്ലേ ഇന്നു് കേരളത്തില്‍? അതിന്റെ അലയൊലികളല്ലേ നമ്മള്‍ ഇടയലേഖനങ്ങളിലൂടെയും മറ്റും അനവരതം ശ്രവിച്ചുകൊണ്ടിരിക്കുന്നതു്? കര്‍ത്താവിന്റെ വിശുദ്ധമണവാട്ടിയാവാന്‍ ചാടിപ്പുറപ്പെട്ടു് ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട സ്വന്തം മകള്‍ എങ്ങനെ മരിച്ചു എന്നറിയാന്‍ നാടുനീളെ കരഞ്ഞുവിളിച്ചു് നടക്കുന്ന അര്‍ദ്ധപ്രാണരായ മാതാപിതാക്കളെ ദൈവത്തില്‍ വിശ്വസിക്കുന്ന അത്തരം കാര്‍ണിവല്‍ വേഷധാരികള്‍ വാരിപ്പുണര്‍ന്നു് “അംഗീകരിക്കുന്നതു്” കേരളീയര്‍ അത്ഭുതപരതന്ത്രരായി, വികാരനിര്‍ഭരരായി അനുദിനമെന്നോണം കണ്ടുകൊണ്ടിരിക്കുകയല്ലേ?

ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയുടെ അന്തിമമായ ഉത്തരവാദിത്വം അവന്റെ മനസ്സാക്ഷിയോടാണു്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ദൈവനാമത്തിലോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വേദഗ്രന്ഥത്തില്‍ കൈവച്ചോ പ്രതിജ്ഞയെടുക്കണം എന്ന നിര്‍ബന്ധം പല സമൂഹങ്ങളും ഇതിനോടകം ഒഴിവാക്കിക്കഴിഞ്ഞു. അതേസമയംതന്നെ, ഒരുവന്റെ മനസ്സാക്ഷി എന്നതു് അവന്റെ സമൂഹം, കുടുംബം, വിദ്യാഭ്യാസം, ജീവിതാനുഭവങ്ങള്‍, അങ്ങനെ എത്രയോ ഘടകങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുക്കുന്ന ഒന്നാണെന്നതിനാല്‍, ഒരു പൂര്‍ണ്ണസ്വതന്ത്രമനസ്സാക്ഷിയുടെ ഉടമയാണു് താനെന്നു് അവകാശപ്പെടാന്‍ ഒരു മനുഷ്യനും ആവില്ല. അതാണു് വാസ്തവം എന്നിരിക്കെ, മറ്റേതെങ്കിലുമൊരു ശക്തിക്കോ ആശയത്തിനോ നിരുപാധികം കീഴ്പെട്ടിരുന്നുകൊണ്ടു് ജനാധിപത്യം പ്രസംഗിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ ആത്മവഞ്ചന? ഒരു ആത്മീയപിതാവിന്റെ അപ്രമാദിത്വത്തില്‍ നിരുപാധികം വിശ്വസിച്ചുകൊണ്ടു്, അവന്റെ കല്‍പനകള്‍ക്കു് മറുചോദ്യമില്ലാതെ കീഴ്പെട്ടുകൊണ്ടു് ഒരുവന്‍ ജനാധിപത്യം ഘോഷിച്ചാല്‍ അതാണു് എന്റെ അഭിപ്രായത്തില്‍ ആത്മവഞ്ചന. യേശു പറഞ്ഞതായി ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ, “രണ്ടു് യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴിയില്ല. ... ... നിങ്ങള്‍ക്കു് ദൈവത്തേയും മാമോനേയും സേവിപ്പാന്‍ കഴികയില്ല”. കത്തോലിക്കാസഭ ജനാധിപത്യം പ്രസംഗിക്കുന്നതു്, ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ചെകുത്താന്‍ വേദമോതുന്നതിനു് തുല്യമാണു്. ആരോതുന്നു, എന്തോതുന്നു എന്നതിനേക്കാള്‍ ഏതെങ്കിലും ഒരാത്മീയന്‍ എന്തെങ്കിലും ഒന്നോതുന്നതു് കേട്ടാല്‍ മതി എന്നുകരുതി ഇടിച്ചുകയറാന്‍ ആട്ടിന്‍കൂട്ടമുള്ളപ്പോള്‍ ആത്മീയപിതാക്കള്‍ പിച്ചും പേയും പറഞ്ഞാല്‍പോലും കിട്ടുന്ന വിടവുകളിലെല്ലാം ദിഗന്തം ഭേദിക്കുമാറുള്ള ആമേന്‍ വിളികള്‍ ഉറപ്പു്! ഭാരതത്തിന്റെ ദേശീയപതാകയുടെ വര്‍ണ്ണങ്ങള്‍ക്കു് അത്യന്താധുനികമായ പൊന്തിക്കൊസ്തു് നിര്‍വചനം നല്‍കുന്ന ജുബ്ബാധാരിയായ, തുള്ളല്‍ വിദഗ്ദ്ധനായ ഒരു ഉപദേശിയെ കാണാനും അവന്റെ ഭ്രാന്തു് കേള്‍ക്കാനും ചെന്നു് കുത്തിയിരിക്കുന്ന കുറെ വിശ്വാസികളെ (അധികപങ്കും സ്ത്രീകള്‍! അവരാണല്ലോ ദൈവത്തെ നിരുപാധികം നിലനിര്‍ത്തിക്കൊള്ളാമെന്നു് ഉപദേശികളോടു് ക്വൊട്ടേഷന്‍ എടുത്തിരിക്കുന്നവര്‍!) ഒരു വീഡിയോയില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും! ഇല്ലെങ്കില്‍ ആ വീഡിയോയും, ഭക്തിഭ്രാന്തിന്റെ മറ്റു് രണ്ടു് വീഡിയോകളും അനിലിന്റെ ഈ പോസ്റ്റില്‍ കാണാം.‍

ഒരു ജനതയുടെ ദൈവങ്ങള്‍, അവരുടെ വിശ്വാസങ്ങള്‍, അവരുടെ സംസ്കാരം, അവരുടെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം മുതലായവയെല്ലാം വിശപ്പും ദാഹവും പോലെ അവരുടെ ജീവിതത്തിന്റെ വേര്‍പെടുത്താനാവാത്ത ഒരു ഭാഗമാണു്. അവയുടെ പരമാധികാരികള്‍ അവര്‍ മാത്രമാണു്. അവയുടെ രൂപമെടുക്കലും, വളര്‍ച്ചയും, തുടര്‍ന്നുള്ള നിലനില്‍പും അവരുടെ സ്വന്തം നിലനില്‍പില്‍ അധിഷ്ഠിതമാണു്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനങ്ങളാണു് പരമാധികാരികള്‍. രാഷ്ട്രീയനേതാക്കളും ആത്മീയപിതാക്കളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം ജനങ്ങളുടെ സേവകര്‍ മാത്രവും! ജനനന്മക്കായി പ്രവര്‍ത്തിക്കാന്‍ സമൂഹം നല്‍കിയ സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്തു് സേവകരാവേണ്ടവര്‍ നാടുവാഴികളായി, അവകാശികളാവേണ്ട ജനങ്ങള്‍ ശക്തിഹീനരും ആശ്രിതരും ആലംബഹീനരുമായി മാറുന്നതോടെയാണു് ഒരു സമൂഹത്തിന്റെ ജീര്‍ണ്ണത ആരംഭിക്കുന്നതു്.

ഏതൊരു സമൂഹത്തിനും മറ്റു് ലോകസമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെങ്കില്‍ ലോകത്തിലെ നിരന്തരം വളരുന്ന അറിവുകള്‍ക്കനുസരിച്ചു്, നിലവിലിരിക്കുന്ന പൊതുധാരണകള്‍ തിരുത്തപ്പെടുന്നതിനനുസരിച്ചു്, സ്വന്തനിലപാടുകളിലും, പഴകിജീര്‍ണ്ണിച്ച വിശ്വാസപ്രമാണങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരു സമൂഹം തയ്യാറായിരിക്കണമെന്നു് ബോധമുള്ള ഏതു് ജനതയ്ക്കും അറിയാം. ജനങ്ങളെ മാറ്റങ്ങള്‍ക്കെതിരായി അണിനിരത്താന്‍ ശ്രമിക്കുന്നവര്‍, ലോകത്തിന്റെ വളര്‍ച്ചയുടെ ഗതിയില്‍ നിന്നും അവരെ മുഖം തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, അവര്‍ ഏതു് സാമൂഹികസ്ഥാപനത്തിന്റെ നായകരായാലും, ജനദ്രോഹികളാണു്. അവര്‍ ജനങ്ങളെ വളര്‍ത്തുന്നവരല്ല, തളര്‍ത്തുന്നവരാണു്. അവരുടെ പിന്നാലെ ഓടുന്നവര്‍ അജ്ഞരാണു്, താത്കാലികനേട്ടങ്ങള്‍ മാത്രം കാണാന്‍ കഴിയുന്നവരാണു്. ആധുനിക ലോകത്തിലെ പുതിയ അവസരങ്ങള്‍ മുതലെടുക്കാന്‍, ആന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാന്‍ ജനങ്ങള്‍ക്കു് കഴിയണമെങ്കില്‍ ആ നിലയിലേക്കു് സമൂഹം വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരണം. അതിനു് തടസ്സമായി നില്‍ക്കുന്നവര്‍ പിന്‍തള്ളപ്പെടണം. ജനതയുണ്ടെങ്കിലേ അവരുടെ ദൈവമുള്ളു, മതമുള്ളു, സംസ്കാരമുള്ളു, സ്വഭാവജന്യതകള്‍ ഉള്ളു.

ചരിത്രത്തില്‍ ഇന്നോളമുള്ള മനുഷ്യരുടെ പുരോഗതിയുടെയും അധോഗതിയുടെയും കാരണഭൂതര്‍ മനുഷ്യര്‍ തന്നെയായിരുന്നു. അവനൊപ്പം വളരാന്‍ കഴിയാതിരുന്ന ദൈവങ്ങളെയും ചെകുത്താന്മാരെയും മനുഷ്യവിഗ്രഹങ്ങളെയും അവന്‍ എക്കാലവും തല്ലിത്തകര്‍ത്തിട്ടുമുണ്ടു്. ജീവിതത്തിന്റെ എല്ലാ തുറകളിലും മനുഷ്യന്‍ മാത്രമാവണം മാനദണ്ഡം. ദൈവവിശ്വാസത്തെ മനുഷ്യജീവനും മനുഷ്യജീവിതത്തിനും ഉപരിയായി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതു് സാമൂഹികനന്മയല്ല, സ്വാര്‍ത്ഥതാത്പര്യങ്ങളാണു്. പ്രബുദ്ധരായ ഒരു ജനതക്കേ സമൂഹത്തിലെ കീടങ്ങളെ തിരിച്ചറിയാനുള്ള കഴിവു് ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ടുതന്നെ, ജനങ്ങള്‍ പ്രബുദ്ധരാവരുതു് എന്നതു് സമൂഹത്തെ തുരന്നു് ജീവിക്കുന്ന കീടങ്ങളുടെ ആത്യന്തികമായ ആവശ്യവും ലക്ഷ്യവുമാണു്.


പുഡിംഗ്‌: “അഭയ-ജനാധിപത്യം”

അഭയം എന്നാല്‍ എന്തെന്നു് നമുക്കെല്ലാമറിയാം. ഭയമില്ലാത്ത അവസ്ഥയാണു് അഭയം. അഭയം തേടുക എന്നാല്‍ ഒരു രക്ഷാസങ്കേതം തേടുക എന്നാണു് നമ്മള്‍ മനസ്സിലാക്കുന്നതു്. ഭയത്തില്‍ നിന്നും രക്ഷപെടാമെന്ന വിശ്വാസത്തില്‍ മനുഷ്യന്‍ എത്തിപ്പെടുന്ന സങ്കേതം ചെന്നായ്ക്കളുടെ ഗുഹയാണെങ്കിലോ? അപ്പോള്‍ അതൊരു രക്ഷാസങ്കേതം എന്നതിനുപകരം ഒരു നരകമായി മാറും - മരണശേഷമല്ലാതെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ എത്തിച്ചേരാനാവുന്ന ഭൂമിയിലെ സാക്ഷാല്‍ നരകം. അവിടെവച്ചു് സംഭവിച്ചേക്കാവുന്ന ഏതൊരു നിസാര അബദ്ധവും ആകെയുള്ളൊരു ജീവിതത്തെത്തന്നെ എന്നേക്കുമായി നശിപ്പിച്ചേക്കാം, അവസാനിപ്പിച്ചേക്കാം. ആ അര്‍ത്ഥത്തില്‍, “അഭയ-ജനാധിപത്യം” എന്നതിനെ ഭയം ആവശ്യമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്ന ജനാധിപത്യം എന്നു് വിളിക്കാമെങ്കിലും, ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ സ്വേച്ഛാധിപതി-മതാധിപതിച്ചെന്നായ്ക്കള്‍ സമൂഹത്തിലെ പ്രധാനസ്ഥാനങ്ങളില്‍ പണ്ടേ നുഴഞ്ഞുകയിട്ടുണ്ടെന്നതിനാല്‍ അങ്ങേയറ്റം ശ്രദ്ധിച്ചില്ലെങ്കില്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്നോട്ടു് നയിക്കപ്പെടുന്നതിനും പകരം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയും “തേനും പാലുമൊഴുകിയിരുന്ന” ജാംബവാന്റെ ചെറുപ്പകാലത്തെ അവസ്ഥകളിലേക്കു് രഥയാത്രയായി കെട്ടിയെടുക്കപ്പെടുകയും ചെയ്യും.

(മാവേലി നാടുവാണിരുന്നപ്പോള്‍ മാലോകര്‍ എല്ലാവരും ഒന്നുപോലെ കുത്തിനിന്നു് പാകം ചെയ്യാനുള്ള അരി കഴുകിയിരുന്നതു് വെള്ളത്തിലും പാലിലും ഗോമൂത്രത്തിലും മാറി മാറി ആയിരുന്നു എന്നതു് നമ്മള്‍ മറക്കണ്ട!)

20 comments:

കൂതറ തിരുമേനി March 14, 2009 at 12:43 PM  

നല്ല ലേഖനം സി.കെ.ബാബു. അഭിനന്ദനങ്ങള്‍. ഇതേ വിഷയങ്ങള്‍ എഴുതിയ എന്റെ പോസ്റ്റ് ഇവിടെ വായിക്കാം.ഈ മെത്രാന്‍മാരെക്കൊണ്ട് തോറ്റു.ചിരിപ്പിച്ചു കൊല്ലും.

bright March 14, 2009 at 1:30 PM  

നല്ല ലേഖനം .നിരീശ്വരവാദിയായവര്‍ക്കു് ജനാധിപത്യവാദിയായിരിക്കാന്‍ കഴിയുകയില്ല എന്ന വിതയത്തിലിന്റെ അഭിപ്രായം നിരീശ്വരവാദിയായ എനിക്ക് അപമാനമായാണ് തോന്നുന്നത്. ഈ അസംബന്ധം കുഞ്ഞാടുകള്‍ വിശ്വസിക്കും എന്നതാണ് വലിയ ദോഷം.

സി. കെ. ബാബു March 14, 2009 at 2:02 PM  

കൂതറ തിരുമേനി,
വായനക്കും ലിങ്കിനും നന്ദി. നമ്മുടെ ആത്മീയപിതാക്കന്മാരുടെ പാണ്ഡിത്യവും, സര്‍വ്വോപരി എന്തും നിത്യസത്യമായാലെന്നപോലെ വിളിച്ചുപറയുന്നതിനുള്ള തൊലിക്കട്ടിയും സമ്മതിച്ചേ പറ്റൂ! ഞാന്‍ ലിങ്കില്‍ സൂചിപ്പിച്ച ഉപദേശിയുടെ സദസ്സിലെ കേള്‍വിക്കാരെ ശ്രദ്ധിച്ചാല്‍ എവിടെനിന്നാണു് പിതാക്കന്മാര്‍ക്കു് ഈ ധൈര്യം കിട്ടുന്നതെന്നു് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. മൂക്കില്ലാത്തിടത്തു് മുറിമൂക്കന്‍ രാജാവു്! ദൈവത്തെ “ഭയപ്പെടേണ്ട” എന്ന ഉറപ്പുമൂലം പാതിരി പരമാധികാരി, ദൈവതുല്യന്‍!

bright,
മനുഷ്യര്‍ വിശ്വാസികളോ നിരീശ്വരവാദികളോ ആവുന്നതൊക്കെ മനുഷ്യരുടെ വ്യക്തിപരമായ കാര്യങ്ങളാണു്. അതംഗീകരിക്കാന്‍ ആത്മീയത വിറ്റു് ജീവിക്കുന്നവര്‍ മടിക്കുമെന്നതും മനസ്സിലാക്കാം. അതിനു് മനുഷ്യര്‍ മുഴുവന്‍ നിരീശ്വരവാദികളായാല്‍ പട്ടിണി കിടക്കേണ്ടി വരുന്നതു് ആരായിരിക്കുമെന്നു് ചിന്തിച്ചാല്‍ മതി. പക്ഷേ, theology പഠിച്ചവന്‍ എന്നും, ഒരുപക്ഷേ പല doctorate-കളും എടുത്തവനെന്നുമൊക്കെ നമ്മള്‍ വിശ്വസിക്കുന്ന ഒരു കര്‍ദ്ദിനാളോ തത്തുല്യനോ‍ മനസ്സാക്ഷിയെപ്പറ്റിയും, ജനാധിപത്യത്തെപ്പറ്റിയുമൊക്കെ ലോകം മുഴുവന്‍ കേള്‍ക്കെ വിളിച്ചുകൂവുന്നതിനു് മുന്‍പു് അതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണ്ടേ?

ബ്രൈറ്റ് പറഞ്ഞതാണു് ശരി. കുഞ്ഞാടുകള്‍ ഇതൊക്കെ വിശ്വസിച്ചുകൊള്ളും എന്നതാണു് ഈ കോമാളികളുടെ ധൈര്യം. വായനക്കും അഭിപ്രായത്തിനും നന്ദി.

വടക്കൂടന്‍ | Vadakkoodan March 14, 2009 at 2:10 PM  

ദൈവത്തില്‍ വിശ്വസിക്കാത്ത ഒരാള്‍ക്ക് മറ്റുള്ളവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിന് പിന്നിലെ കാര്യകാരണങ്ങള്‍ ഒരുപക്ഷേ മനസിലായെന്നിരിക്കും. പക്ഷേ ഈശ്വരവിശ്വാസിയായ ഒരാള്‍ക്ക് പലപ്പോഴും ഒരു അവിശ്വാസി നല്ലവനായ മനുഷ്യനായി ജീവിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അവനെ സംബന്ധിച്ചേടത്തോളം ഒരു അവിശ്വാസിയെ അംഗീകരിക്കുന്നതോടെ സ്വന്തം വിശ്വാസത്തിന്റെ അടിത്തറ തന്നെ ഇല്ലാതാവുകയാണ് (വിശ്വാസം ഇല്ലാതെ തന്നെ നല്ലവനാകാമെങ്കില്‍ പിന്നെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതെന്തിന്? - ആകെ ബാക്കിയുള്ള പിടിവള്ളി മരണശേഷമുള്ള സ്വര്‍ഗ്ഗാരോഹണമാണ് - അവനെ ദൈവം എണ്ണയിലിട്ട് പൊരിച്ചോളും എന്ന ലൈന്‍)

ഒരു കോണിലൂടെ മാത്രം ലോകത്തെ കണ്ട് ശീലിച്ചതിന്റെ ദോഷം. നിരീശ്വരവാദികളിലും ഇത്തരം ഞാന്‍-പിടിച്ച-മുയലിന്-മൂന്ന്-കൊമ്പന്മാര്‍ ഇല്ലെന്നല്ല, പക്ഷേ കുറവാണ്.

സി. കെ. ബാബു March 14, 2009 at 3:47 PM  

വടക്കൂടന്‍,
കുറ്റമില്ലായ്മ, പൂര്‍ണ്ണത അങ്ങനെ എല്ലാവിധ superlative-കളുമാണല്ലോ (മനുഷ്യ)നിര്‍വചനപ്രകാരം ദൈവം എന്ന സങ്കല്പം! അതായതു്, ഒരു വിശ്വാസിയെ സംബന്ധിച്ചു് ദൈവം എന്നാല്‍ omnipresent, omnipotent, and omniscient ആയ, അ‍തിനതീതമായി ഒന്നുമില്ലാത്ത, മറ്റാര്‍ക്കും, പ്രത്യേകിച്ചു് ഒരവിശ്വാസിക്കു് തൊടാന്‍ അവകാശമില്ലാത്ത അതിവിശുദ്ധമായ എന്തോ ഒന്നാണു്.

ഈ ദൈവസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണു്‍ ഒരു ദൈവവിശ്വാസി ലോകത്തിലെ ബാക്കി സകല മനുഷ്യരെയും വിമര്‍ശിക്കാനും കുറ്റം വിധിക്കാനുമുള്ള തന്റെ അവകാശം സ്ഥാപിക്കുന്നതു്! സത്യത്തില്‍ തെറ്റായ ഒരു സങ്കല്പത്തില്‍ നിന്നുള്ള തെറ്റായ ഒരു നിലപാടും അവകാശവാദവും. അജ്ഞതയുടെ ഫലം! പലപ്പോഴും അറിവു് ഉള്‍ക്കൊള്ളാനുള്ള അവന്റെ കഴിവില്ലായ്മയാണു് അതിനു് പിന്നില്‍. അപ്പോഴും ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തിനു് അവകാശി എന്ന ചിന്ത അവനെ സ്വയം “ജ്ഞാനി” എന്നു് തെറ്റിദ്ധരിപ്പിക്കുന്നു. സാധാരണ മാര്‍ഗ്ഗങ്ങളിലൂടെയൊന്നും തിരുത്താനാവാത്ത ഒരവസ്ഥ! അടിസ്ഥാനഗണിതം അറിയാത്തവനെ ഉന്നതഗണിതം പഠിപ്പിക്കാനാവുമോ? പക്ഷേ “ആയിരം ഉന്നതഗണിതങ്ങള്‍ക്കും പതിനായിരം ശാസ്ത്രങ്ങള്‍ക്കും ഉപരിയായ ദൈവത്തിലെ” വിശ്വാസം അവനെ സകല ജ്ഞാനത്തിലും ഉപരിയായ ദൈവികജ്ഞാനത്തിന്റെ ഉടമ എന്ന തോന്നലിനു് അടിമയാക്കുന്നു. അങ്ങനെ അവന്‍ തന്റെ ദൈവത്തിനുവേണ്ടി, തന്റെ വിശ്വാസത്തിനുവേണ്ടി, തന്റെ ദൈവികവും അതിനാല്‍ത്തന്നെ സംശയരഹിതവും പൂര്‍ണ്ണവുമായ ജ്ഞാനത്തിന്റെ സംരക്ഷണത്തിനുവേണ്ടി ബോംബും പടവാളുമെടുക്കുന്നു! അതാണു് പ്രശ്നം. അവനു് ആര്‍ക്കും ഒന്നും പറഞ്ഞോ തെളിയിച്ചോ മനസ്സിലാക്കി കൊടുക്കാനാവില്ല. അവനുമായി ഒരു യുക്തിസഹമായ സംഭാഷണം പോലും സാദ്ധ്യമല്ല. അതിനുവേണ്ടി ശ്രമിക്കുന്നവരെയെല്ലാം അവന്‍ ഉള്ളിന്റെയുള്ളില്‍ തന്‍റെ ശത്രുക്കളായി കാണുന്നു. കാരണം, അറിവിന്റെ പണിയായുധങ്ങള്‍ അവനു് പരിചിതമോ സ്വീകാര്യമോ അല്ല. അവനു് അവന്റെ ദൈവമുണ്ടു്, അവനതു് മതി!

ചിന്താശേഷിയുള്ള മറ്റു് മനുഷ്യര്‍ക്കു് ചെയ്യാന്‍ കഴിയുന്നതു് അവനെ അവന്റെ വഴിക്കു് വിടുക എന്നതുമാത്രമാണു്. അവന്‍ സമൂഹത്തിനു് ഒരു ഭീഷണി ആവുന്നു എന്നു് വന്നാല്‍, അതിനെ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ടു് നേരിടുക. അതേ ഒരു നിയമരാഷ്ട്രത്തിനു് ചെയ്യാനുള്ളു.

abhilash attelil March 14, 2009 at 4:16 PM  

വളരെ നല്ല ലേഖനം.അവരുടെ വയട്ടിപിഴപ്പാന് എങ്ങനെ ഉള്ള ലേഖനങ്ങള്‍.ഞാന്‍ ജോലി ചെയ്യുന്നത് അയര്‍ലണ്ടില്‍ ആണ്.ഇതു ഒരു കത്തോലിക്കാ രാജ്യം.നമ്മുടെ നാട്ടിലെ കത്തോലിക്കരുടെ രീതികളും പ്രവര്‍ത്തികളും വീക്ഷനങളും കേട്ടാല്‍ ഇവര്‍ ചിരിച്ചു മറിയും.

പാമരന്‍ March 14, 2009 at 4:25 PM  

രോഷപ്രകടനം നന്നായി മാഷെ. ആ പ്രസ്താവന വായിച്ച്‌ കലികേറിയിരിക്കുകയായിരുന്നു ഞാനും.

വടക്കൂടന്‍ | Vadakkoodan March 14, 2009 at 4:37 PM  

ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തിനു് അവകാശി എന്ന ചിന്ത അവനെ സ്വയം “ജ്ഞാനി” എന്നു് തെറ്റിദ്ധരിപ്പിക്കുന്നു -- മൂത്ത ചട്ടമ്പിയുടെ പേരില്‍ ജഗതിയും കൊച്ചിന്‍ ഹനീഫയും ഗുണ്ടാപിരിവ് നടത്തുന്നത് ഓര്‍മ്മ വന്നു :)

@.. അതിനെ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ടു് നേരിടുക.

ദൈവത്തിന്റെ പേരില്‍ നടക്കുന്ന പല കാര്യങ്ങളും നിയമത്തിനതീതമായി കൊണ്ടിരിക്കുകയല്ലേ. വിശ്വാസം വൃണപ്പെടുമെന്ന പേരില്‍ എന്തും സ്റ്റുപ്പിഡിറ്റിയും സാധിച്ചെടുക്കാവുന്ന കാലമല്ലേ ഇത്.

ദൈവസങ്കല്പം എല്ലാ തരത്തിലുള്ള പരിപൂര്‍ണ്ണതകളുടെയും ആകെത്തുകയാവുന്നതില്‍ തെറ്റില്ല - അതില്‍ കുറഞ്ഞ ഒന്നിലും മനുഷ്യന്‍ വിശ്വസിക്കില്ലല്ലോ. പക്ഷേ അത് അവിടെ അവസാനിച്ചിരുന്നെങ്കില്‍ - മറ്റുള്ളവരെ അടിച്ചേല്പിക്കാതിരുന്നെങ്കില്‍ ... മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലാക്കാതിരുന്നെങ്കില്‍ ... സച്ചിന് 167ല്‍ വച്ച് പരിക്ക് പറ്റാതിരുന്നെങ്കില്‍ ഇരുന്നൂറടിച്ചേനെ എന്നൊക്കെ മോഹിക്കാനല്ലേ പറ്റൂ :)

ലേഖനം നന്നായിരുന്നു - സമയം കിട്ടുമ്പോള്‍ ആര്‍ക്കൈവ്സ് വായിക്കും :)

അനില്‍@ബ്ലോഗ് March 14, 2009 at 6:00 PM  

മാഷെ,
അഭിനന്ദനം.
സഭയും “പിതാക്കന്മാരും” തിരഞ്ഞെടുപ്പ് കാലത്ത് പ്രസ്താവനകളുമായി വരുന്നതിനെ ഒരു സ്ഥിരം ഹാസ്യ പരിപാടിയായി ആസ്വദിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇത്ര പച്ചയായി രാഷ്ടീയത്തിനെയും ദൈവത്തിനേയും കൂട്ടിക്കെട്ടാന്‍ സഭമാത്രമേ തയ്യാറാവുന്നുള്ളൂ എന്നത് വര്‍ദ്ധിച്ചു വരുന്ന് വെളിവില്ലായ്മയായി കാണാമെന്നു തോന്നുന്നു. അവനവന്റ് കുഴിമാടം ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞ് വലിയ പള്ളി ബന്ധം ഒന്നും ഭൂരിപക്ഷം മലയാളികള്‍ക്കും ഉണ്ടാവില്ലെന്നതാണ് സത്യം.

suraj::സൂരജ് March 14, 2009 at 6:22 PM  

‘ജനാധിപത്യാക്രാന്ത’ത്തിന്റെ മൂലക്കുരു തിരുവനന്തപുരം ലൂര്‍ദ്ദ് ഫോറേയ്ന്‍ പള്ളിയില്‍ രണ്ട് ദിവസത്തിനകം പൊട്ടിയൊഴുകും...അവിടെ കര്‍ത്താവിന്റെ നെഞ്ചത്ത് കേറിനിന്ന് പാതിരിമാര്‍ വിസര്‍ജ്ജിക്കാന്‍ പോകുന്ന ഇടയലേഖനമലവും ചലവും ശൂടോടെ തോണ്ടിയെടുത്ത് നാട്ടാരെ കാട്ടി കോള്‍മയിരു കൊള്ളും ചാനലുകളും പത്രശിങ്കങ്ങളും... ഹാവൂ...അതോടെ കേരളം ധന്യമാവും.

സി. കെ. ബാബു March 15, 2009 at 8:34 AM  

abhilash attelil, പാമരന്‍, വടക്കൂടന്‍, അനില്‍@ബ്ലോഗ്, സൂരജ്,

എല്ലാവര്‍ക്കും നന്ദി.

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ “എനിക്കു്” എല്ലാവിധ നന്മകളും സ്വൈര്യവും സമാധാനവും ഉണ്ടാവട്ടെ! അതിനായി അദ്ധ്വാനത്തിന്റെ വില നിങ്ങള്‍ മറക്കരുതു്. ചുരുക്കത്തില്‍, എന്റെ ശാരീരികസുഖത്തിന്റെ ചുമതല നിങ്ങള്‍ക്കു്, നിങ്ങളുടെ ആത്മീയ സുഖത്തിന്റെ ചുമതല എനിക്കു്! നിങ്ങളുടെ സുഖം സ്വര്‍ഗ്ഗത്തിലാണെന്നു് മാത്രം എപ്പോഴും ദൈവനാമത്തില്‍ ഓര്‍മ്മിക്കുക! അതിനായി നിത്യവും മുടക്കമില്ലാതെ മനമുരുകി ഉറച്ച വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക! കാരണം, ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവും നാട്ടുമാവും കോട്ടമാവും അവനു് നഷ്ടമായാല്‍ പിന്നെ അവന്റെ കോപ്പു് ജീവിതംകൊണ്ടു് അവനു് എന്തു് പ്രയോജനം? :)

BS Madai March 15, 2009 at 3:56 PM  

ഇത്തരം ചില തമാശകളില്ലെങ്കില്‍ ജീവിതം എത്രമാത്രം വിരസമായിപ്പോയേനെ മാഷെ..!

പൊന്‍കുരിശ് March 15, 2009 at 8:01 PM  

കര്‍ദ്ദിനാള്‍ അനിമല്‍ ഫാമിലെ സ്ക്വീലറുടെ വേഷം ചെയ്യുകയാണിവിടെ. കാണുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന്, കാണാനാവാത്ത ദൈവത്തെ സ്നേഹിക്കാനാവില്ല എന്ന് തിരുവചനം. ‘ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് മറ്റുള്ളവരെ അംഗീകരിക്കാനുമാവില്ല’ എന്ന് തിരുമേനിയുടെ നിര്‍വചനം!

The very word 'Christianity' is a misunderstanding - at bottom there was only one Christian, and he died on the cross, എന്ന് മറ്റേ അങ്ങേരു പറഞ്ഞത് പാതിരിയുടെ മകളെ കെട്ടാന്‍ പറ്റാത്തതിന്റെ കൊതിക്കെറുവുകൊണ്ടു മാത്രമല്ലല്ലോ! :)

t.k. formerly known as തൊമ്മന്‍ March 15, 2009 at 9:46 PM  

ഈ 21ആം നൂറ്റാണ്ടില്‍, നമ്മുടെ സ്വകാ‍ര്യജീവിതത്തിനപ്പുറം, മതങ്ങള്‍ സമൂഹത്തില്‍ സ്വാധീനം നേടാന്‍ നടത്തുന്ന ഇത്തരം പരിശ്രമങ്ങള്‍ തികച്ചും അപഹാസ്യമാണ്. കര്‍ദ്ദിനാള്‍ വിതയത്തില്‍ ജനാധിപത്യവാദികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് (മതങ്ങളെപ്പോലെ തന്നെ ജനാധിപത്യത്തെ പുച്ഛത്തോടെ കാണുന്ന, ഏറ്റവും പുതിയ മതത്തിന്റെ അനുയായികളായ) കമ്യൂണിസ്റ്റുകാരെ ആണെന്നു തോന്നുന്നു. മതങ്ങള്‍ തമ്മില്‍ അടിച്ചു തീര്‍ക്കട്ടെ!

നിരീശ്വരവാദികള്‍ക്ക് ജനാധിപത്യവാദികള്‍ ആവാന്‍ കഴിയില്ല എന്ന കര്‍ദ്ദിനാളിന്റെ നിരീക്ഷണം മതങ്ങളും സാധാരണക്കാരന്റെ ജീവിതവും തമ്മില്‍ എത്രയോ ദൂരത്തിലാണ് എന്നതിന്ന് ഒരു തെളിവും ആകുന്നു.

സി. കെ. ബാബു March 16, 2009 at 9:12 AM  

Siju, BS Madai,പൊന്‍‌കുരിശ്, t.k.,

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

t.k.,

ജനാധിപത്യത്തെ ജനാധിപത്യമെന്നും, കമ്മ്യൂണിസത്തെ കമ്മ്യൂണിസമെന്നും പേരുപറഞ്ഞു് വിളിക്കാന്‍ മതിയായ ആത്മാര്‍ത്ഥതയും അറിവും ഒരു ഉന്നത ആത്മീയപിതാവില്‍നിന്നും മനുഷ്യര്‍ പ്രതീക്ഷിച്ചാല്‍ അതിനു് അവരെ കുറ്റം പറയാനാവുമോ? ചുരുങ്ങിയതു്, ജനാധിപത്യത്തിന്റെ മഹത്വമൊക്കെ കാര്യസാദ്ധ്യത്തിനായി വലിയവായില്‍ ഘോഷിക്കുന്നതിനു് മുന്‍പു് തങ്ങള്‍ പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതി ജനാധിപത്യമാതൃകയിലുള്ളതല്ല എന്നെങ്കിലും ഇക്കൂട്ടര്‍ തിരിച്ചറിയണ്ടേ?

മതനേതൃത്വം എല്ലാക്കാലത്തും സാധാരണജനങ്ങളുടെ എതിര്‍പക്ഷത്തായിരുന്നു. അവര്‍ ദൈവത്തിന്റെ പക്ഷക്കാരാണു്. പ്രസംഗവും മുതലക്കണ്ണീര്‍ ഒഴുക്കലുമൊക്കെ സാധാരണക്കാരെപ്പറ്റിയും! ഈ ഇരട്ടത്താപ്പു് പൌരോഹിത്യത്തിനു് വ്യക്തമായി അറിയുകയും ചെയ്യാം. അതു് തിരിച്ചറിയാത്തതു് അവരുടെ പുറകെ നടക്കുന്നവരായ അതേ സാധാരണക്കാര്‍ക്കു് മാത്രവും!

ജീവിതത്തിലെ അനിശ്ചിതത്വം‍ എന്ന പ്രപഞ്ചനിയമമാണു് മനുഷ്യനെ ദൈവത്തില്‍ നിന്നും അകലാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നതു്‌. ജീവിതത്തിലെ തികച്ചും യാദൃച്ഛികമായ നന്മയും തിന്മയുമെല്ലാം ദൈവത്തില്‍ നിന്നും വരുന്നതാണെന്നു് ജനങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലുമാണു് മതങ്ങളുടെ വിജയം. പോരാത്തതിനു്, മറ്റു് സകല ജീവജാലങ്ങളെയും പോലെ മനുഷ്യരിലുമുള്ള നൈസര്‍ഗ്ഗികവികാരങ്ങള്‍ എല്ലാം ദൈവത്തിനു് എതിരാണെന്നും, അവയെല്ലാം പാപമാണെന്നും അവരുടെ തലച്ചോറില്‍ കുത്തിത്തിരുകി അവരെക്കൊണ്ടു് പാപപരിഹാരം ചെയ്യിച്ചു് പുരോഹിതര്‍ ഉപജീവനവും കഴിക്കുന്നു.

മനുഷ്യന്‍ ജനിക്കുന്നതിനും ജീവിക്കുന്നതിനും മരിക്കുന്നതിനും അവനെ ഉത്തരവാദിയാക്കാനാവില്ല. അക്കാര്യങ്ങള്‍ക്കു് ഒരു ദൈവത്തിന്റെയും ആവശ്യവുമില്ല. പക്ഷേ കാലാന്തരങ്ങളിലൂടെ പൌരോഹിത്യം മനുഷ്യജീവിതത്തെ ദൈവം എന്ന കരിനിഴല്‍കൊണ്ടു് മൂടുകയായിരുന്നു. ഇന്നും അവര്‍ ചെയ്യുന്നതു് മറ്റൊന്നുമല്ല. പുരോഹിതന്റെ ദൃഷ്ടിയില്‍ അറിവു് ദൈവത്തിനു് എതിരാണു്! ദൈവത്തെ (പുരോഹിതനെ!) വെല്ലുവിളിക്കലാണു്!ജ്ഞാനവൃക്ഷത്തിന്റെ ഫലം തിന്നുന്നതു് മനുഷ്യനെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കുന്നതിനുള്ള കാരണമായിരുന്നല്ലോ!!!

സ്വയം അറിവുതേടി, പുരോഹിതന്‍ സൃഷ്ടിച്ച ആ അന്ധകാരത്തില്‍ നിന്നും രക്ഷപെടുത്താത്ത, അതിനു് കഴിവോ ധൈര്യമോ ഇല്ലാത്ത ബഹുഭൂരിപക്ഷം മനുഷ്യരും ആ ഇരുട്ടില്‍ ഇന്നും തപ്പിത്തടയുന്നു, അതാണു് വെളിച്ചം എന്നു് വിശ്വസിക്കുന്നു! കാരണം, ഒരുവന്‍ വിശ്വസിക്കുന്നതു് മുഴുവന്‍ സത്യമാണെന്നു് വിശ്വസിക്കുന്നിടത്തോളം എളുപ്പമായി “ചിന്തകളുടെ” ലോകത്തില്‍ മറ്റൊന്നുമില്ല.

കണ്ണുകാണാത്തവനു് വെളിച്ചമെന്തു്? ഇരുട്ടെന്തു്?

വീ.കെ.ബാല March 17, 2009 at 1:32 PM  

ലേഖനം നന്നായിരിക്കുന്നു., ഇത്തരം പരാമർശങ്ങൾ ഇതിനു മുൻപും തിരുമേനിമാർ നടത്തിയിട്ടുണ്ട്, മതാടിസ്ഥാനത്തിൽ ദ്രുവീകരണം നടത്താൻ ഉതകുന്ന തരത്തിൽ പ്രസ്ഥാവനകൾ ഇറക്കിയിട്ടുണ്ട്. കേരളം ആയതുകൊണ്ട് മാത്രമാണ് ദുരന്തങ്ങൾ ഉണ്ടാകാതിരിക്കുന്നത്.സമാനമായ ഒന്ന് ഇവിടെയും ഉണ്ട് കറുത്ത കുറുബാന നടത്തുന്നവർ

സി. കെ. ബാബു March 18, 2009 at 9:36 AM  

വീ.കെ.ബാല,
അഭിപ്രായത്തിനും ലിങ്കിനും നന്ദി. മനസ്സില്‍ കാളകൂടവുമായി നടക്കുന്ന ഈ കസവുധാരികളെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ട കാലം പണ്ടേ അതിക്രമിച്ചു. സമൂഹത്തിന്റെ പുരോഗതിക്കു് തടസ്സമായി നില്‍ക്കുന്ന ഏറ്റവും വലിയ ഘടകമാണു് പൌരോഹിത്യം. എന്തു് താന്തോന്നിത്തവും, ഏതു് കാട്ടാളത്തവും ചെയ്യാന്‍ മടിക്കാത്ത, ദൈവത്തെയും മനുഷ്യനെയും വിറ്റു് ജീവിക്കുന്ന കാപാലികന്മാര്‍! ദൈവനാമം പൊക്കിപ്പിടിച്ചു് മനുഷ്യരെ മയക്കുന്ന ഇത്തരം മന്ത്രവാദികള്‍ പതിനെട്ടാം നൂറ്റാണ്ടിനും പുറകില്‍ എവിടെയോ ജീവിക്കേണ്ട ജനുസ്സുകളാണു്! ഇവരുടെ തന്ത്രങ്ങള്‍ തിരിച്ചറിയാത്തതിനാലാണു് കുറെപ്പേരെങ്കിലും ഇവരുടെ പിന്നാലെ നടക്കുന്നതു്.

ഇപ്പോള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മാര്‍പ്പാപ്പ നടത്തിയ ഒരു പരാമര്‍ശം വാര്‍ത്തയില്‍ കേട്ടുകൊണ്ടാണു് ഞാന്‍ ഇതെഴുതുന്നതു്. കോണ്ടം വിതരണം ചെയ്യുന്നതല്ലത്രേ ആഫ്രിക്കയിലെ എയിഡ്സിനെതിരായ ശരിയായ നടപടി! മനുഷ്യര്‍ സംയമനം പാലിക്കുകയാണു് വേണ്ടതത്രേ! കേരളകത്തോലിക്കാസഭയിലെ ചില പാതിരിമാരും കന്യാസ്ത്രീമാരും പാലിക്കുന്ന തരം സംയമനമാണോ ആഫ്രിക്കക്കാര്‍ പാലിക്കേണ്ടതു് എന്നു് അദ്ദേഹം വ്യക്തമാക്കിയില്ല. ‍പണ്ടേ ജീര്‍ണ്ണിച്ച ഏതോ ഡോഗ്മയുടെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ക്രൂരമായി പന്താടാന്‍ മടിക്കാത്ത ആത്മീയത! യൂണിസെഫ്, ആഫ്രിക്കയിലെ എയിഡ്സ് ബോധവത്ക്കരണസംഘടനകള്‍ മുതലായവരെല്ലാം മാര്‍പ്പാപ്പയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ആരു് വിമര്‍ശിച്ചാലെന്തു്? ആത്മീയരുടെ ഉത്തരവാദിത്വം മനുഷ്യരോടല്ലല്ലോ, ദൈവത്തോടല്ലേ? ഇവരൊക്കെ ദൈവനാമം ഉച്ചരിക്കുന്നതു് കേള്‍ക്കുമ്പോള്‍ അറപ്പാണു് തോന്നുന്നതു്.

ആഫ്രിക്ക സന്ദര്‍ശിക്കുന്ന വിശുദ്ധപിതാവിനെ കണ്ടു് കൈമൊത്താനുള്ള അനുവാദം ചില തിരഞ്ഞെടുക്കപ്പെട്ട ചന്തികള്‍ക്കു് മാത്രമേ ഉള്ളു. പട്ടിണിയോടും രോഗത്തോടും മല്ലിട്ടു് എല്ലും തോലും മാത്രമായവര്‍ നേര്‍ച്ചയിട്ടാല്‍ അതു് വാങ്ങി നക്കാന്‍ നാണവുമില്ല! നേര്‍ച്ചയിടാത്തതാണല്ലോ അവരുടെ ദുരിതങ്ങള്‍ക്കു് മുഴുവന്‍ കാരണം! ലോകത്തെയും മനുഷ്യരെയും നന്നാക്കാനെന്നും പറഞ്ഞു്‍ നടക്കാന്‍ ഉളുപ്പില്ലാത്ത കുറെ ദൈവപ്രതിനിധികള്‍!!

t.k. formerly known as തൊമ്മന്‍ March 18, 2009 at 6:38 PM  

ബാബു,
ലോകത്ത് എവിടെയെങ്കിലും സഭയ്ക്ക് അത്മായരുടെ മേല്‍ എന്തെങ്കിലും അധികാരമുണ്ടെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ജനാധിപത്യരാജ്യങ്ങളില്‍. അതുകൊണ്ട് സഭ പുരോഗതിക്ക് തടസമാണ് എന്ന് പറയുന്നതില്‍ വലിയ അര്‍ഥം ഇക്കാലത്ത് ഉണ്ടെന്ന് തോന്നുന്നില്ല. മറിച്ച്, വികസിതരാജ്യങ്ങളിലടക്കം, മതേതര വിദ്യാഭ്യാസ/സാമൂഹികസേവന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയക്കാരുടെ പിടിപ്പുകേടുകൊണ്ട് തകര്‍ന്നടിയുമ്പോള്‍ സാധാരണക്കാരന് അത്താണിയാകുന്നത് സഭയുമായി ബന്ധപ്പെട്ട, ജസ്യൂട്ടുകള്‍ പോലെയുള്ളവര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും സോഷ്യല്‍ സര്‍വീസ് സംഘടനകളുമാണ്. അവര്‍ക്ക് ചൂഷണവും മതപരിവര്‍ത്തനവുമൊക്കെയാണ് പ്രധാനലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് സത്യത്തിനെതിരെ പുറം തിരിഞ്ഞുനില്‍ക്കലാവും.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP