Friday, February 6, 2009

മാര്‍പ്പാപ്പ പിടിച്ച പുലിവാലു്

ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ കഴിഞ്ഞ ജനുവരി 21-നു് എടുത്ത ഒരു തീരുമാനം അസാധാരണമായ കോളിളക്കമാണു് കത്തോലിക്കാസഭയില്‍ ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു്. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എക്സ്കമ്മ്യൂണിക്കേറ്റ്‌ ചെയ്ത സൊസൈറ്റി ഓഫ്‌ പയസ്‌-X (SSPX)-ല്‍ പെട്ട നാലു് ബിഷപ്പുമാരെ പുനരധിവസിപ്പിക്കാന്‍ ബെനഡിക്ട്‌ പതിനാറാമന്‍ തീരുമാനിച്ചതാണു് കുഴപ്പങ്ങളുടെ കാരണം. ഈ നാലുപേരില്‍ ഒരുവനായ റിച്ചാര്‍ഡ്‌ വില്ല്യംസണ്‍ സ്വീഡനിലെ ഒരു ടെലിവിഷനു് നല്‍കിയ ഇന്റര്‍വ്യൂവില്‍ രണ്ടാം ലോകയുദ്ധത്തിലെ ഹോളോകോസ്റ്റിനെ നിഷേധിച്ചുകൊണ്ടുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നാറ്റ്‌സി കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളില്‍ രണ്ടോ മൂന്നോ ലക്ഷം യൂദന്മാര്‍ മരണപ്പെട്ടിരിക്കാമെന്നും, അവരാരും പക്ഷേ ഗ്യാസ്‌ ചേയ്മ്പര്‍ വഴി കൊല്ലപ്പെടുകയായിരുന്നില്ലെന്നുമായിരുന്നു വില്ല്യംസണ്‍ നടത്തിയ പ്രസ്താവന. വില്ല്യംസണ്‍ അടക്കമുള്ള പയസ്‌ സഹോദരങ്ങള്‍ക്കു് 'അമ്മസഭയിലേക്കു്' തിരിച്ചുവരുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനം പാപ്പ ഒപ്പുവച്ച അന്നുതന്നെയാണു് ഈ ഇന്റര്‍വ്യൂ ടെലിവിഷനില്‍ വന്നതും. നാറ്റ്‌സികള്‍ ഹോളോകോസ്റ്റ്‌ വഴി കൊന്നൊടുക്കിയതു് അറുപതു് ലക്ഷത്തിലധികം യൂദന്മാരെയാണെന്നാണു് ഔദ്യോഗിക കണക്കുകള്‍. അതുപോലൊരു സംഭവത്തെ നിഷേധിക്കുന്ന ഒരു വ്യക്തിയെ കത്തോലിക്കാസഭയില്‍ പുനരധിവസിപ്പിക്കാനുള്ള തീരുമാനം ലോകമാസകലം എതിര്‍പ്പിനും രോഷത്തിനും കാരണമായി. 'ഒരു ജര്‍മ്മന്‍ മാര്‍പ്പാപ്പ കത്തോലിക്കാസഭയെ അവഹേളിക്കുന്നു' എന്നാണു് ഒരു പ്രമുഖ ജര്‍മ്മന്‍ ആഴ്ചപ്പതിപ്പു് പുറം ചട്ടയില്‍ എഴുതിയതു്! പതിവിനു് വിപരീതമായി ജര്‍മ്മനിയിലെ പല സഭാനേതാക്കളും മാര്‍പ്പാപ്പയുടെ നടപടിയില്‍ അസംതൃപ്തി രേഖപ്പെടുത്തി. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ പാര്‍ട്ടിയിലെ (CDU)അംഗവും, പ്രോട്ടസ്റ്റന്റുകാരിയുമായ ചാന്‍സ്ലര്‍ അന്‍‌ഗേല മെര്‍ക്കല്‍ ബെനഡിക്ട്‌ മാര്‍പ്പാപ്പയോടു് ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ (SPD) അഭിപ്രായം പാപ്പയുടെ തീരുമാനം തിരുത്തണമെന്നായിരുന്നു. ജര്‍മ്മനിയിലെ യഹൂദരുടെ സംഘടന അവരുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഈ നടപടി വഴി മാര്‍പ്പാപ്പ കത്തോലിക്കാസഭയെ അഞ്ഞൂറു് വര്‍ഷം പിന്നിലേക്കു് തള്ളിനീക്കുകയാണു് ചെയ്തതെന്നു് പല സാംസ്കാരിക നായകന്മാരും തുറന്നു് പ്രസ്താവിച്ചു. കത്തോലിക്കാസഭയിലെ അംഗത്വം രാജിവയ്ക്കുന്നവരുടെ നിരക്കു് പതിവിലധികം വര്‍ദ്ധിച്ചു.

ആരാണീ പയസ്‌ സഹോദരങ്ങള്‍?

കത്തോലിക്കാസഭയില്‍നിന്നും വേര്‍പെട്ടു് 1970-ല്‍ രൂപമെടുത്ത ഒരു വിഭാഗമാണു് സൊസൈറ്റി ഓഫ്‌ പയസ്‌-X (SSPX). ഒരു പൂര്‍ണ്ണ യാഥാസ്ഥിതികനും, മറ്റു് നാലു് ബിഷപ്പുമാരോടൊപ്പം 1988-ല്‍ എക്സ്കമ്മ്യൂണിക്കേറ്റ്‌ ചെയ്യപ്പെട്ടവനുമായ Marcel Lefebvre ആണു് സ്ഥാപകനേതാവു്. 1962 മുതല്‍ 1965 വരെ നാലു് ഘട്ടങ്ങളായി നടത്തപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല. സഭയെ ആധുനികലോകത്തിലേക്കു് തുറക്കേണ്ടതിന്റെയും, വിശ്വാസികളും അവിശ്വാസികളുമായുള്ള ഡയലോഗുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റേയും ആവശ്യകത ആ തീരുമാനങ്ങളുടെ ഭാഗമാണു്. പക്ഷേ അത്തരം ശ്രമങ്ങള്‍ അള്‍ട്രാ ട്രെഡീഷണലിസ്റ്റുകളായ പയസ്‌ സഹോദരങ്ങള്‍ക്കു് സ്വീകാര്യമല്ല. അതുകൊണ്ടു് അവരുടെ കുര്‍ബ്ബാന ഇന്നും ലാറ്റിനില്‍ ആഘോഷിക്കപ്പെടുന്നു. മതസ്വാതന്ത്ര്യവും എക്യൂമെനിക്കലിസവും അവര്‍ തള്ളിക്കളയുന്നു. കത്തോലിക്കാസഭയുമായി വര്‍ഷങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കുശേഷം 1988-ല്‍ ഭിന്നിപ്പു് പൂര്‍ണ്ണമായി.

വില്ല്യംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ യാദൃച്ഛികമായി പറ്റിയ ഒരു അബദ്ധമായിരുന്നില്ല. വെറുപ്പിന്റെ സുവിശേഷങ്ങള്‍ ഇക്കൂട്ടര്‍ വര്‍ഷങ്ങളായി നടത്തുന്ന 'സ്മിയര്‍ കാമ്പെയ്ന്റെ' ഭാഗമാണു്. യഹൂദര്‍ക്കും മുസ്ലീമുകള്‍ക്കും ഹോമോസെക്ഷ്വല്‍സിനും ഒക്കെ എതിരായി ഇവര്‍ ദശാബ്ദങ്ങളായി പ്രചരണം നടത്തുന്നുണ്ടു്. 'ജര്‍മ്മനി തുര്‍ക്കികളെക്കൊണ്ടും, ഫ്രാന്‍സ്‌ അറബികളെക്കൊണ്ടും, ഇംഗ്ലണ്ടും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളും പാകിസ്ഥാനികളെക്കൊണ്ടും നിറയുന്നു' എന്നാണിവരുടെ പരാതി. സ്ത്രീകളുടെ നേരെയും 'അള്‍ട്രാ ഫണ്ടമെന്റലിസ്റ്റ്‌' നിലപാടാണിവര്‍ക്കുള്ളതു്. 'നമുക്കിന്നു് വേണ്ടതു് സ്ത്രീകളായവരേയും സ്ത്രീകളാവാന്‍ ആഗ്രഹിക്കുന്നവരേയുമാണു് - അതായതു്, പുരുഷന്റെ സഹായിയും കുഞ്ഞുങ്ങളുടെ അമ്മയും!' യഹൂദന്മാരുടെ ലോകാധിപത്യത്തിനെതിരായി ജാഗരൂകരായിരിക്കണമെന്നു് ഇവര്‍ അനുയായികള്‍ക്കു് താക്കീതു് നല്‍കുന്നു. അന്തിക്രിസ്തു വരുന്നു എന്നും അവന്‍ ഒരു യഹൂദനായിരിക്കുമെന്നൊക്കെയാണു് പ്രചരണം! ഇത്തരം ഒരു വിഭാഗത്തിനാണു് ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ കത്തോലിക്കാസഭയിലേക്കു് വീണ്ടും സ്വാഗതമരുളിയതു്!

കത്തോലിക്കാസഭയിലെ ട്രെഡീഷണലിസ്റ്റുകളെ തൃപ്തിപ്പെടുത്തുക എന്നതു് തന്റെ ലക്ഷ്യമാണെന്നു് നിഷ്പക്ഷമതികള്‍ക്കു് തോന്നുന്ന വിധത്തിലുള്ള നിലപാടുകളാണു് മാര്‍പ്പാപ്പ കൈക്കൊള്ളുന്നതു്. ഓസ്ട്രിയയിലെ ലിന്‍സില്‍ ഗെര്‍ഹാര്‍ഡ്‌ വാഗ്നര്‍ എന്നൊരു പുരോഹിതനെ ബിഷപ്പായി നിയമിക്കാന്‍ എടുത്ത തീരുമാനവും ശക്തമായ വിമര്‍ശനത്തിനു് വിധേയമായിക്കൊണ്ടിരിക്കുകയാണു്. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ 2005-ല്‍ സംഭവിച്ച ചുഴലിക്കാറ്റിനു് (Hurricane Katrina)കാരണം അവിടെ വേശ്യാലയങ്ങളും ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ആശുപത്രികളും ഒക്കെ ഉണ്ടായിരുന്നതിന്റെ പേരില്‍ ദൈവം വരുത്തിയ ശാപമാണെന്നു് പ്രഖ്യാപിച്ചവനാണു് ഈ യോഗ്യന്‍! 'സാത്താനിസം' പ്രചരിപ്പിക്കുന്നതായതുകൊണ്ടു് 'ഹാരി പോട്ടര്‍' പുസ്തകം വായിക്കരുതെന്നു് കുട്ടികളെ ഉപദേശിച്ചതാണു് ഇദ്ദേഹത്തിന്റെ മറ്റൊരു ദൈവിക വെളിപാടു്! 2004-ലെ സുനാമി സംഭവിച്ചതിനു് കാരണം ധനികരായ പാശ്ചാത്യ ടൂറിസ്റ്റുകള്‍ ക്രിസ്തുമസ്‌ സമയത്തു് സ്വന്തനാട്ടില്‍ കഴിയാതെ ദരിദ്രരാജ്യമായ തായ്‌ലന്റിലേക്കു് പോയതുകൊണ്ടാണെന്നതാണു് ഈ ദൈവദാസന്റെ മറ്റൊരു മഹത്തായ കണ്ടുപിടുത്തം! ഇത്തരം എക്സെണ്ട്രിക്കുകളാണു് ആത്മീയരായി ചമഞ്ഞു് ദൈവത്തെ പ്രതിനിധീകരിക്കുന്നതു്! ഇത്തരക്കാര്‍ക്കു് ഒരു ലോകസഭയുടെ തലവനായ മാര്‍പ്പാപ്പ അംഗീകാരവും അധികാരസ്ഥാനങ്ങളും നല്‍കി ബഹുമാനിക്കുന്നതു് അതിലേറെ അത്ഭുതകരം! ഓസ്ട്രിയയിലെ കത്തോലിക്കരില്‍ 30 ശതമാനം വരുന്ന അള്‍ട്രാ കൊണ്‍സെര്‍വേറ്റീവുകളെ തൃപ്തിപ്പെടുത്തി സഭയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണിതിന്റെ പിന്നിലെങ്കിലും, അതുവഴി 'സാധാരണ' വിശ്വാസികള്‍ സഭയോടു് യാത്രപറയാന്‍ തുനിയുന്നു എന്നതാണു് ഇതിന്റെ മറുവശം! ഇപ്പോള്‍ത്തന്നെ ഓസ്ട്രിയയില്‍ കുര്‍ബ്ബാനക്കു് ആളുകളില്ല. ഉള്ളവര്‍തന്നെ അധികപങ്കും പോളണ്ടില്‍നിന്നും മറ്റും ഓസ്ട്രിയയില്‍ കുടിയേറിയ വിദേശികളും വൃദ്ധരുമൊക്കെ മാത്രവും!

ഏതായാലും, ലോകമാസകലമുള്ള പ്രതിഷേധത്തിനു് വഴങ്ങി - ചുരുങ്ങിയതു് വില്ല്യംസണിന്റെ കാര്യത്തിലെങ്കിലും - അവന്‍ ഹോളോകോസ്റ്റിനെപ്പറ്റി നടത്തിയ പരാമര്‍ശം യാതൊരു സംശയത്തിനും ഇടവരാത്തവിധം പിന്‍വലിക്കണമെന്നു് വത്തിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണു്. ജോണ്‍ പോള്‍ രണ്ടാമനെപ്പോലുള്ള മുന്‍ഗാമികളുടെ ശ്രമഫലമായി യഹൂദരും മുസ്ലീമുകളും അടക്കമുള്ള മറ്റു് മതസ്ഥരുമായി വത്തിക്കാന്‍ വളര്‍ത്തിയെടുത്ത സൗഹൃദം നല്ലൊരു പരിധിവരെ ബെനഡിക്ട്‌ പതിനാറാമന്‍ കളഞ്ഞുകുളിച്ചു എന്നു് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. മാര്‍പ്പാപ്പയ്ക്കു് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ടു എന്നുവരെയാണു് പത്രങ്ങള്‍ എഴുതുന്നതു്. മാര്‍പ്പാപ്പയുടെ അപ്രമാദിത്വവും സ്വേച്ഛാധിപത്യരീതിയിലുള്ള ഭരണവും വിമര്‍ശിക്കപ്പെടുന്നു. സഭയിലെ തീരുമാനങ്ങള്‍ മാര്‍പ്പാപ്പ ഒറ്റയ്ക്കു് കൈക്കൊള്ളുന്നതു് ശരിയോ തെറ്റോ മുതലായ കാര്യങ്ങളെപ്പറ്റി ഇന്റര്‍നെറ്റില്‍ സജീവമായ ചര്‍ച്ചകളും വോട്ടെടുപ്പുകളും നടക്കുന്നു!


(മാര്‍പ്പാപ്പമാരുടെ അപ്രമാദിത്വവും വിശുദ്ധിയും സംബന്ധിച്ചു് സഭയിലെ 'ഇരുണ്ടയുഗത്തിനു്' പറയാനുള്ളതു് മറ്റുചില കഥകളാണു്. കൊല്ലും കൊലയും വ്യഭിചാരവും മാര്‍പ്പാപ്പമാരുടെ സ്ഥിരം ചടങ്ങുകളായിരുന്ന ഒരു കാലഘട്ടം റോമിലുണ്ടായിരുന്നു. 'Pornocracy' (വേശ്യാഭരണം) എന്നു് കര്‍ദ്ദിനാളും സഭാചരിത്രകാരനുമായിരുന്ന സീസര്‍ ബറോണിയസ്‌ തന്നെ വിശേഷിപ്പിച്ച ആ കാലഘട്ടത്തിന്റെ ഒരു ലഘുവിവരണം അടുത്തതില്‍. )

15 comments:

അനില്‍@ബ്ലോഗ് February 6, 2009 at 5:50 PM  

നല്ല വിശകലനം.
സാന്ദര്‍ഭികമായി ചോദിക്കട്ടെ , ഹോമോ സെക്ഷ്വത്സിനെ പറ്റി താങ്കളുടെ കാഴ്ചപ്പാടെന്താണ്?

...പകല്‍കിനാവന്‍...daYdreamEr... February 6, 2009 at 7:03 PM  

വളരെ നല്ല വിശകലനം...
പുറത്തിറങ്ങി നടക്കേണ്ട കേട്ടോ...!
:)

Inji Pennu February 6, 2009 at 7:49 PM  

ക്രിസ്റ്റഫര്‍ ഹിച്ചിന്‍സിന്റെ ഒരു ലേഖനം ഉണ്ടായിരുന്നു ന്യൂസ് വീക്കില്‍.

സി. കെ. ബാബു February 6, 2009 at 9:17 PM  

അനില്‍@ബ്ലോഗ്,
Homosexuality ഒരു സഹജഗുണമാണു്. അതൊരു രോഗമോ മാനസികമായ തകരാറോ അല്ല. ഹോമൊസെക്‍ഷ്വല്‍ ആയതിനു് ആരെയെങ്കിലും കുറ്റം പറയുന്നതു് ഏതെങ്കിലും ഒരു ജന്മവാസന ഉള്ളവര്‍‍ അതില്ലാത്തവരേയോ, ഇല്ലാത്തവര്‍ അതുള്ളവരേയോ കുറ്റം പറയുന്നതിനു് തുല്യമാണു്. പല രാജ്യങ്ങളും ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം അനുവദിക്കുന്നുണ്ടു്. അവര്‍ക്കു് ആണും പെണ്ണും ഒരുമിച്ചുള്ള വിവാഹജീവിതത്തിനു് നികുതി മുതലായ കാര്യങ്ങളില്‍ ലഭിക്കുന്ന സാമൂഹികപരിഗണനകള്‍ക്കു് അര്‍ഹതയുമുണ്ടു്. ആണും ആണുമോ/പെണ്ണും പെണ്ണുമോ ഒരുമിച്ചു് ലൈംഗികജീവിതം നയിക്കുന്നതു് നീചമായ എന്തോ ആണെന്നു് കരുതി നിഷേധിക്കുന്ന സമൂഹങ്ങള്‍ അറിവില്ലായ്മ കൊണ്ടാണു് അങ്ങനെ ചെയ്യുന്നതു്. സ്വവര്‍ഗ്ഗാനുരാഗികളായിരുന്ന സോദോം-ഗോമോറായെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഗന്ധകവും തീയും ഇറക്കി നശിപ്പിച്ച യഹോവയുടെ ഉഗ്രകോപത്തിന്റെ തിരുശേഷിപ്പുകളാവാം അത്തരം നിലപാടുകളുടെ പിന്നിലെ പ്രേരണാശക്തി‍!

മിക്കവാറും എല്ലായ്പോഴും ന്യൂനപക്ഷമായ ഒരു സാമൂഹികവിഭാഗം അവരുടേതല്ലാത്ത കുറ്റത്തിനു് ശിക്ഷിക്കപ്പെടുന്നതിനെ നീതീകരിക്കാന്‍ സാമാന്യബോധത്തിനു് നിരക്കുന്ന കാരണങ്ങളൊന്നുമില്ല. അവരെ അവരുടെ വഴിയെ പോകുവാനും അവരുടെ ജീവിതം ആസ്വദിക്കുവാനും അനുവദിക്കുകയാണു് നമ്മുടെ സാമാന്യമായ കടമ എന്നാണെന്റെ അഭിപ്രായം.

homosexuality-യെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കാം.

പകല്‍കിനാവന്‍,
അധികം മനുഷ്യരും ചാവുന്നതു് കട്ടിലില്‍ കിടന്നാണെന്നു് കേട്ടിട്ടില്ലേ? :)

Inji Pennu,

ലിങ്കിനു് നന്ദി. സീനിയര്‍ ഗിബ്സണും ജൂണിയര്‍ ഗിബ്സണും അവര്‍ക്കു് വേണ്ടതു് മാത്രം ബൈബിളില്‍ നിന്നും തിരഞ്ഞെടുക്കാതെ മുഴുവനും വായിച്ചാല്‍ അവരുടെ നിലപാടുകള്‍ക്കു് വിപരീതമായ ചില വാക്യങ്ങളും കാണാന്‍ കഴിഞ്ഞേനെ!

ഉദാഹരണത്തിനു്: “മക്കള്‍ക്കു് പകരം അപ്പന്മാരും അപ്പന്മാര്‍ക്കു് പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു്. താന്താന്റെ പാപത്തിനു് താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.” (ആവര്‍ത്തനപുസ്തകം 24:16)

രണ്ടായിരം വര്‍ഷം മുന്‍പു് യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചെങ്കില്‍ അതിന്റെ ശിക്ഷ ഇന്നുള്ള യൂദന്മാര്‍ അനുഭവിക്കേണ്ട കാര്യമില്ല എന്നു് യഹോവ തന്നെ പറഞ്ഞാലും “ഗിബ്സണുകള്‍ക്കു്” അതൊന്നും പോര! അവര്‍ക്കു് വേണ്ടതേ അവര്‍ കാണൂ! അതവര്‍ കൃത്യമായി കാണുകയും ചെയ്യും!

പോരെങ്കില്‍ യേശുവും പറയുന്നു: “ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെ ആകയാല്‍ എന്റെ വിധി സത്യമാകുന്നു.” (യോഹന്നാന്‍ 8:16)

(ഒരുപക്ഷേ അതുകൊണ്ടാവും അപ്പന്‍ ഗിബ്സണും മകന്‍ ഗിബ്സണും ഒരുമിച്ചു് യഹൂദരെ വിധിക്കാനും പറ്റിയാല്‍ “വധിക്കാനും‍” തീരുമാനിച്ചതു്. വിധി സത്യമാവണമല്ലോ!)

ബിനോയ് February 7, 2009 at 8:13 AM  

പുറത്തു കാണുന്നത്ര അപ്രമാദിത്തവും സ്വേച്ഛാധികാരവും പാപ്പമാര്‍ക്ക് ശരിക്കുമുണ്ടോ എന്നു സംശയം. അതാതു കാലങ്ങളില്‍ അവരെ നിയന്ത്രിക്കുന്ന മാഫിയാവൃന്ദങ്ങളുടെ സ്വാധീനം നിഷേധിക്കാനാകുമോ? പണ്ടെന്നോ വായിച്ച ഡേവിഡ് യാലപ്പിന്റെ "In god's Name" എന്ന പുസ്തകത്തിന്റെ ഓര്‍മ്മയാണ് ഈ സംശയത്തിനാധാരം. യാലപ്പിന്റെ വാദം ശരിയാണെങ്കില്‍ ഒറ്റയാള്‍‌വിപ്ലവത്തിന്റെ രക്തസാക്ഷിയാണ് ജോണ്‍ പോള്‍ ഒന്നാമനെന്ന അല്‍ബീനോ ലൂച്ചിയാനി.

സി. കെ. ബാബു February 7, 2009 at 9:27 AM  

ബിനോയ്,
ഇറ്റാലിയന്‍ സമൂഹത്തില്‍ “മാഫിയോസി” എന്നാളും omnipresent and omnipotent ആയിരുന്നു. തെറ്റേതു് ശരിയേതു്, സത്യമേതു് നുണയേതു്, അനുകൂലിയാരു് പ്രതികൂലിയാരു് ഇതൊക്കെ തിരിച്ചറിയുക എന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോള്‍ തന്നെ rehabilitation അനുമതി ഒപ്പിടുമ്പോള്‍ മാര്‍പ്പാപ്പക്കു് വില്ല്യംസണ്‍ നടത്തിയ ഇന്റര്‍വ്യൂവെപ്പറ്റി അറിവില്ലായിരുന്നു എന്നൊരു വത്തിക്കാന്‍ പിതാവു് പറയുകയുണ്ടായി. ജനുവരി 19-നുതന്നെ ആ ഇന്റര്‍വ്യൂവിനെപ്പറ്റി ഒരു ജര്‍മ്മന്‍ ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. എന്നിട്ടും വത്തിക്കാന്‍ അതറിഞ്ഞില്ല എന്നു് പറഞ്ഞാല്‍ സഭയെ അറിയാവുന്ന ആരും അതൊരു തമാശ ആയേ കരുതൂ. തന്റെ വലയിലെ ഓരോ ചെറിയ ചലനം പോലും ചിലന്തി അറിയും. well planned ആയ നീക്കങ്ങള്‍ മാത്രമേ ഒരു ചിലന്തി നടത്താറുള്ളു.

ആരംഭകാലം മുതലുള്ള സഭയുടെ ചരിത്രം പഠിച്ചാല്‍ ഇത്തരം വാര്‍ത്തകള്‍ നമ്മെ അത്ഭുതപ്പെടുത്തുകയില്ല. ബാഹ്യലോകം അറിയേണ്ടതു് മാത്രം അവരെ അറിയിക്കാന്‍ സഭാനേതൃത്വം ബദ്ധശ്രദ്ധമാണു്. കാരണം, ജനങ്ങളുടെ വിശ്വാസത്തിലാണു് സഭയുടെ നിലനില്പു്.

സി. കെ. ബാബു February 7, 2009 at 7:21 PM  

വര്‍ക്കേഴ്സ് ഫോറം,
വായനക്കു് എന്റെയും നന്ദി.

t.k. formerly known as തൊമ്മന്‍ February 8, 2009 at 2:42 AM  

മാര്‍പ്പാപ്പ തന്നെ കടുത്ത യാഥാസ്തികനാണെന്ന ആശങ്ക അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഉണ്ടായിരുന്നു. അതിന്നെ ശരിവക്കുന്നതാണ് യാഥാസ്തികരെ സഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം നടത്തുന്ന ഇത്തരത്തിലുള്ള ശ്രമങ്ങള്‍.

ലോകമനസാക്ഷിയാകാന്‍ ശ്രമിക്കുന്ന വത്തിക്കാനെ, ഇത്തരത്തിലുള്ള അവരെ നീക്കങ്ങള്‍, സഭ പണ്ടു ചെയ്തുകൂട്ടിയ ഹീനകൃത്യങ്ങളുമായി ചേര്‍ത്ത് വച്ച് കാണാനേ ഉപകരിക്കുകയുള്ളൂ. പ്രത്യേകിച്ചും നാത്‌സികളെ സഭ സഹായിച്ചു എന്ന ആരോപണം നിലവിലുള്ളപ്പോള്‍.

താപ്പു February 8, 2009 at 4:09 PM  

ഞാൻ താപ്പു.....

താങ്കളുടെ പോസ്റ്റ് നന്നായിരിയ്കുന്നു.

ഒരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗ് പോസ്റ്റുകൾ വായിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവൻ,

ഒരു പുതിയ പോസ്റ്റ് ഇട്ടിരിയ്കുന്നു സന്ദര്‍ശിയ്കാന്‍ താല്പര്യപ്പെടുന്നു

http://tappulathif.blogspot.com

സി. കെ. ബാബു February 8, 2009 at 5:44 PM  

t.k.,

ജോസഫ് ററ്റ്സിങ്ങര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കര്‍ദ്ദിനാളായിരുന്ന കാലത്തുതന്നെ “ഇരുമ്പു് കര്‍ദ്ദിനാള്‍” എന്ന വിളിപ്പേരു് നേടിയിരുന്നല്ലോ! അദ്ദേഹം ഒരു യാഥാസ്ഥിതികനും പ്രതിലോമകാരിയുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ഇപ്പോള്‍ കൈക്കൊണ്ടതുപോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ ഇന്നത്തെ ബോധവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ എതിര്‍പ്പു് വിളിച്ചുവരുത്താനും വിപരീതഫലങ്ങള്‍ ഉണ്ടാക്കാനുമേ അതു് സഹായിക്കൂ. ഭക്തിയും വിശ്വാസവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളായി മന‍സ്സിലാക്കാനും, ‍അതു് സംബന്ധമായ കാര്യങ്ങള്‍ അന്യസ്വാധീനമില്ലാതെ തീരുമാനിക്കാനും ആഗ്രഹവും അറിവും കഴിവുമുള്ള ഒരു തലമുറ അവിടങ്ങളില്‍ ഉരുത്തിരിഞ്ഞുകഴിഞ്ഞു. ബൌദ്ധികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ ഈ മാറ്റം ആരംഭിച്ചിട്ടേ ഉള്ളു എങ്കിലും!

ലോകമനസ്സാക്ഷിയാവാന്‍ വത്തിക്കാനു് കഴിയില്ല എന്നാണെന്റെ അഭിപ്രായം. കാരണം, ലോകത്തിലെ പരിഹരിക്കേണ്ടതായ സാമൂഹിക നീചത്വങ്ങളില്‍ നിന്നുമുള്ള വത്തിക്കാന്റെ ഉയരം വളരെ വലുതാണു്.‍താഴേക്കിറങ്ങി ആ വിടവു് ലഘൂകരിക്കാന്‍ മതിയായ ദൈവികതയോ ആത്മീയതയോ അയല്പക്കസ്നേഹമോ ഒന്നും വത്തിക്കാനില്‍ നിലനില്‍ക്കുന്നില്ല, ഒരിക്കലും നിലനിന്നിട്ടുമില്ല. മനസ്സാക്ഷിയുള്ള മനുഷ്യര്‍ ക്രിസ്തീയസഭകളിലും മറ്റു് മതങ്ങളിലും‍ നിരീശ്വരവാദികളിലും ധാരാളമുണ്ടു്. അതു് പക്ഷേ മനുഷ്യത്വമാണു്. അതിനു് വത്തിക്കാന്‍ വേണമോ?

താപ്പു,
സന്ദര്‍ശനത്തിനും പോസ്റ്റിന്റെ ലിങ്കിനും നന്ദി.

suraj::സൂരജ് February 8, 2009 at 9:55 PM  

Yallop ന്റെ ആശയത്തെ കുറിച്ച് ചോദിക്കാന്‍ തികട്ടിവന്നപ്പോ മാഫിയോസി ബിനോയ് ജി കൊണ്ടു പോയി...ങ്ഹാ പോട്ട്... ചിലന്തി അനക്കമറിയുന്നുണ്ട്...തൂച്ചിച്ചോ ;)

സി. കെ. ബാബു February 9, 2009 at 1:58 PM  

സൂരജ്,
പലപ്പോഴും‍ മനുഷ്യര്‍‍ ഭയക്കേണ്ടതു് ചിലന്തിയെയല്ല, ദൈവത്തെ ഒരിക്കലുമല്ല! ശരിക്കും സൂക്ഷിക്കേണ്ടതു് ചിലന്തിയുടെ വലയില്‍ ഊഞ്ഞാല്‍ക്കട്ടിലില്‍ എന്നപോലെ കുരുങ്ങിക്കിടന്നാടി രസിക്കുന്ന “പാപം ചെയ്യാത്ത‍” വര്‍ഗ്ഗത്തെയാണു്! “മഹാപാപികളായ” സാദാ മനുഷ്യരെ കല്ലെറിയുന്ന ദൈവസേനാനികള്‍‍! അവരാണല്ലോ സര്‍വ്വശക്തനായ ദൈവത്തിന്റെ ഇടതും വലതും കൈകള്‍! :)

kaalidaasan February 16, 2009 at 5:41 PM  

ഈ ബ്ളോഗ് വാസ്തവത്തില്‍ എന്തിനേക്കുറിച്ചാണ്?

മാര്‍പ്പാപ്പയുടെ അപ്രമാദിതത്തേക്കുറിച്ചോ? ഹൊളോകോസ്റ്റിനേക്കുറിച്ചോ? അതോ കുറച്ച് യഹൂദ തീവ്രവാദികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റത്തേക്കുറിച്ചോ?

സി. കെ. ബാബു June 7, 2009 at 5:31 PM  

kaalidaasan,

തലക്കെട്ടു് സൂചിപ്പിക്കുന്നതുപോലെ, മാർപ്പാപ്പ പിടിച്ച പുലിവാലിനെപ്പറ്റി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP