Monday, February 16, 2009

മാര്‍പ്പാപ്പപിടിച്ച പുലിവാലു് - 2

'മാര്‍പ്പാപ്പ പിടിച്ച പുലിവാലു്' എന്ന പോസ്റ്റിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ചില തുടര്‍സംഭവങ്ങള്‍ കൂടി ഇവിടെ കൊടുക്കുന്നു.

വില്ല്യംസണിനു് അദ്ധ്യാപനാധികാരം നഷ്ടപ്പെട്ടു

കത്തോലിക്കാസഭയിലെ അള്‍ട്രാ കോണ്‍സെര്‍വേറ്റീവ്‌ വിഭാഗമായ പയസ്‌ സഹോദരങ്ങള്‍ ഹോളോകോസ്റ്റ്‌ നിഷേധിച്ചവനായ ബിഷപ്പ്‌ റിച്ചാര്‍ഡ്‌ വില്ല്യംസണ്‍ന്റെ അദ്ധ്യാപനാധികാരം എടുത്തുകളഞ്ഞു. പയസ്‌ സഹോദരങ്ങളുടെ അര്‍ജന്റീനയിലുള്ള ഒരു സെമിന്യരിയുടെ തലവനായിരുന്നു വില്ല്യംസണ്‍. ഈ വിവരം വെളിപ്പെടുത്തിയ ലാറ്റിന്‍ അമേരിക്കയിലെ പയസ്‌ സാഹോദര്യത്തിന്റെ തലവനായ Fr. Christian Bouchacourt ഹോളോകോസ്റ്റ്‌ സംബന്ധിച്ച വില്ല്യംസണിന്റെ അഭിപ്രായങ്ങള്‍ പയസ്‌ സഹോദരങ്ങളുടേതല്ല എന്നും വ്യക്തമാക്കി. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ജനുവരി അവസാനം വില്ല്യംസണിന്റെയും മറ്റു് മൂന്നു് ബിഷപ്പുമാരുടെയും എക്സ്കമ്മ്യൂണിക്കേഷന്‍ റദ്ദുചെയ്യാനും അവരെ കത്തോലിക്കാസഭയില്‍ പുനരധിവസിപ്പിക്കാനും തീരുമാനിച്ചതു് പല രാജ്യങ്ങളിലും അസംതൃപ്തിയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു.

കത്തോലിക്കാസഭയിലും ലോകമാസകലവും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി ഹോളോകോസ്റ്റ്‌ സംബന്ധിച്ചു് താന്‍ നടത്തിയ പരാമര്‍ശം സംശയത്തിനിടയില്ലാത്തവിധം പിന്‍വലിക്കുവാന്‍ വത്തിക്കാന്‍ വില്ല്യംസണോടു് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു് അദ്ദേഹം നിരുപാധികം തയ്യാറായിരുന്നില്ല. തനിക്കു് തെറ്റു് പറ്റി എന്നു് മനസ്സിലായാല്‍ അഭിപ്രായം പിന്‍വലിക്കുമെന്നും, പക്ഷേ അതിനു് എല്ലാ വസ്തുതകളും ഒന്നുകൂടി പരിശോധിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ടു് എന്നുമായിരുന്നു വില്ല്യംസണിന്റെ പ്രതികരണം. സ്വീഡനിലെ ഒരു ടെലിവിഷന്‍ ചാനല്‍ ജനുവരി 21-നു് പുറത്തുവിട്ട ഒരു ഇന്റര്‍വ്യൂവില്‍ നാറ്റ്‌സി ജര്‍മ്മനിയില്‍ ഗ്യാസ്‌ ചെയ്മ്പറുകള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തിലും, ഹോളോകോസ്റ്റില്‍ മരണപ്പെട്ട യഹൂദരുടെ എണ്ണത്തിന്റെ കാര്യത്തിലും വില്ല്യംസണ്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കത്തോലിക്കാസഭ വില്ല്യംസണിന്റെ ഹോളോകോസ്റ്റ്‌ നിഷേധത്തില്‍ നിന്നും അകലുന്നു

ഈ വിഷയത്തില്‍ മാര്‍പ്പാപ്പ നിലപാടു് വ്യക്തമാക്കണമെന്നു് ആവശ്യപ്പെട്ട ജര്‍മ്മന്‍ ചാന്‍സലര്‍ അന്‍ഗേലാ മെര്‍ക്കല്‍ ഇതിനോടകം ബെനഡിക്ട്‌ പതിനാറാമനുമായി ടെലഫോണില്‍ ബന്ധപ്പെടുകയുണ്ടായി. മെര്‍ക്കലിന്റെ ആഗ്രഹപ്രകാരം രൂപമെടുത്തതും, രണ്ടുപക്ഷവും 'ഹൃദയപൂര്‍വ്വവും നിര്‍മ്മാണാത്മകവും' എന്നു് വിശേഷിപ്പിച്ചതുമായ ഈ സംഭാഷണത്തിലൂടെ 'മനുഷ്യരാശിക്കുവേണ്ടി ഹോളോകോസ്റ്റിനെപ്പറ്റിയുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍' ആവശ്യമാണെന്നു് രണ്ടുപേരും അഭിപ്രായപ്പെട്ടു.

ട്രഡീഷനലിസ്റ്റുകള്‍ സൃഷ്ടിച്ച ഈ അപകീര്‍ത്തിയോടുള്ള പ്രതികരണമായി യഹൂദമതം നിര്‍ത്തിവച്ചിരുന്ന കത്തോലിക്കാസഭയുമായുള്ള സംഭാഷണങ്ങള്‍ വീണ്ടും തുടരാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടു്. ആദ്യ സമ്മേളനം മിക്കവാറും ഏപ്രില്‍ ആദ്യം ആവാനാണു് സാദ്ധ്യത. ജര്‍മ്മനിയിലെ ബിഷപ്സ്‌ കോണ്‍ഫെറന്‍സിന്റെയും, യഹൂദരുടെ സെണ്ട്രല്‍ കൗണ്‍സിലിന്റെയും ഒരു കൂടിച്ചേരല്‍ അടുത്ത നാലാഴ്ചക്കുള്ളില്‍ ഉണ്ടാവുമെന്നു് ബിഷപ്സ്‌ കോണ്‍ഫെറന്‍സ്‌ ചെയര്‍മാന്‍ ആര്‍ച്ബിഷപ്പ്‌ റോബര്‍ട്ട്‌ റ്റ്‌സൊല്ലിറ്റ്ഷ്‌ (Robert Zollitsch) പറഞ്ഞു.

മാര്‍പ്പാപ്പ നയം വ്യക്തമാക്കുന്നു

ഫെബ്രുവരി പന്ത്രണ്ടിനു് അമേരിക്കയിലെ പ്രധാന യഹൂദസംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഒരു സമ്മേളനത്തില്‍ ഹോളോകോസ്റ്റ്‌ നിഷേധം അസ്വീകാര്യമാണെന്നും അതു് ഒരിക്കലും താങ്ങാനാവുന്നതല്ലെന്നും ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. ഹോളോകോസ്റ്റ്‌ 'ദൈവത്തിനും മനുഷ്യരാശിക്കും എതിരായ കുറ്റകൃത്യം' ആണെന്നും, അതു് ഒരിക്കലും മറക്കാവുന്നതല്ലെന്നും, അതിനെ നിഷേധിക്കുന്നതും സാമാന്യവത്കരിക്കുന്നതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. ഇതു് ആത്മീയര്‍ക്കു് പ്രത്യേകം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ സന്ദര്‍ശിക്കാനുള്ള തന്റെ പ്ലാനില്‍ മാറ്റമില്ലെന്നും അതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സന്ദര്‍ശനത്തിന്റെ തീയതി വ്യക്തമാക്കാതെ അദ്ദേഹം സൂചിപ്പിച്ചു.


ഓസ്ട്രിയയില്‍ ഗെര്‍ഹാര്‍ഡ്‌ വാഗ്നര്‍ ലിന്‍സിലെ ബിഷപ്പാവില്ല

ഇതിനിടെ, കത്തോലിക്കാസഭയ്ക്കുള്ളിലെ തന്നെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി ഓസ്ട്രിയയിലെ ലിന്‍സില്‍ ബിഷപ്പായി അവരോധിക്കപ്പെടുവാന്‍ പല ബിഷപ്പുമാരുടെയും ആഗ്രഹത്തിനു് വിപരീതമായി മാര്‍പ്പാപ്പ നാമനിര്‍ദ്ദേശം ചെയ്തിരുന്ന ഗെര്‍ഹാര്‍ഡ്‌ വാഗ്നര്‍ എന്ന പുരോഹിതന്‍ തന്റെ നാമനിര്‍ദ്ദേശം പിന്‍വലിക്കണമെന്നു് വത്തിക്കാനോടു് അപേക്ഷിച്ചുവെന്നും, സഭാനേതൃത്വം തന്റെ അപേക്ഷ സ്വീകരിച്ചു എന്നും പറഞ്ഞു. വാഗ്നറുടെ നാമനിര്‍ദ്ദേശത്തിനുശേഷം ഓസ്ട്രിയയില്‍ കത്തോലിക്കാസഭയെ ഉപേക്ഷിച്ചവരുടെ എണ്ണം പതിവിനേക്കാള്‍ നാലിരട്ടിയോളമായി വര്‍ദ്ധിച്ചിരുന്നു. ഓസ്ട്രിയയിലെ ലിബറല്‍ ആയ പുരോഹിതര്‍ അടുത്ത ആഴ്ചയില്‍ വാഗ്നര്‍ക്കെതിരായി ഒരുതരം 'petition for a referendum' പ്ലാന്‍ ചെയ്തിരുന്നു. ഹോമോസെക്ഷ്വാലിറ്റി ഒരു രോഗമാണെന്നും, പ്രകൃതിദുരന്തങ്ങള്‍ ദൈവശാപമാണെന്നും, സഭയിലെ അത്മായരുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തണമെന്നും മറ്റുമുള്ള നിലപാടുകള്‍ പുലര്‍ത്തുന്നവനാണു് ഗെര്‍ഹാര്‍ഡ്‌ വാഗ്നര്‍! അത്തരം ഒരു പുരോഹിതനെ ബിഷപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ നീക്കത്തിനെതിരെ ഓസ്ട്രിയയിലെ അത്മായസംഘടനകള്‍ രംഗത്തെത്തിയതുമൂലം വിയന്നയിലെ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ്‌ ഷ്വേണ്‍ബോണ്‍ ഇന്നത്തേക്കു് (തിങ്കളാഴ്ച) ഓസ്ട്രിയന്‍ ബിഷപ്പുമാരുടെ ഒരു 'പ്രതിസന്ധിസമ്മേളനം' പ്ലാന്‍ ചെയ്തിരുന്നു. ഗെര്‍ഹാര്‍ഡ് വാഗ്നര്‍ നാമനിര്‍ദ്ദേശം പിന്‍വലിച്ചെങ്കിലും സമ്മേളനം നടക്കുമെന്നാണറിവു്.

(ചിത്രങ്ങള്‍ക്കു് കടപ്പാടു് DPA)

6 comments:

ധൂമകേതു February 16, 2009 at 1:29 PM  

ജോസഫ്‌ റാറ്റ്സിംഗര്‍ ബെനഡിക്റ്റ്‌ 16- ആയതിനു ശേഷം മാര്‍പാപ്പാ എന്നൊരാള്‍ ഉണ്ടോ എന്നു തന്നെ സംശയം തോന്നിയിരുന്നു. ഇപ്പോ വിവാദപരമായ തീരുമാനങ്ങളിലൂടെയാണെങ്കിലും ആള്‍ സജീവമായി തന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തി. തെറ്റായ തീരുമാനങ്ങള്‍ മാര്‍പാപ്പാ തിരുത്തുമോ അതു സഭയുടെ സ്വന്തം കണ്ടെത്തലായ മാര്‍പ്പായുടെ അപ്രമാദിത്വം എന്ന മൂന്നു കൊമ്പുള്ള മുയലിനെ പിടിച്ചു വച്ചിരിക്കുന്നത്‌ തുടരുമോ എന്നുള്ളതു കാത്തിറുന്നു കാണേണ്ട കാര്യം തന്നെ.

സി. കെ. ബാബു February 16, 2009 at 4:51 PM  

സഭയിലെ അധികപങ്കു് നേതാക്കള്‍‍ക്കും മുയലിനു് തുടര്‍ന്നും മൂന്നു് കൊമ്പുള്ളതാവും കൂടുതലിഷ്ടം. കാരണം പ്രത്യേകം പറയേണ്ടല്ലോ. ഒരു മനുഷ്യജീവിയുടെ അപ്രമാദിത്വവും വിശുദ്ധിയും മറ്റും മുഖവിലയ്ക്കെടുക്കാന്‍ ഇന്നു് “മൂന്നാം ലോകത്തിലെ” സാമാന്യബോധമുള്ള മനുഷ്യര്‍ ‍പോലും മടിക്കും. പിന്നെയാണു് ഭൂരിഭാഗവും ബോധവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍! ജനങ്ങള്‍ പിന്‍‌തിരിഞ്ഞാല്‍ പിന്നെ എന്തു് സഭ? മനുഷ്യരില്ലെങ്കില്‍ പിന്നെ എന്തിനൊരു ദൈവം?

“ഞങ്ങളാണു് പള്ളി” എന്നാണു് ഓസ്ട്രിയന്‍ കത്തോലിക്കരിലെ ലിബറലായ അത്മായര്‍‍ മുഴക്കുന്ന മുദ്രാവാക്യം! 1989-ല്‍ “ഞങ്ങളാണു് ജനം” എന്നു് കിഴക്കന്‍ ജര്‍മ്മനിയിലെ‍ ജനങ്ങള്‍ മുഴക്കിയ മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍! അന്നവര്‍ ഉണര്‍ന്നെഴുന്നേറ്റതും “വ്യാഖ്യാനത്തിന്റെ അധികാരികളായ” വല്യേട്ടന്മാര്‍ക്കെതിരെ ആയിരുന്നു. അവിടങ്ങളിലൊക്കെ‍ കാലവും മനുഷ്യരും വളരെ മാറിപ്പോയി. ജനങ്ങള്‍‍ക്കു് വേണ്ട വ്യാഖ്യാനം എന്തെന്നും ഏതെന്നും ഇന്നവര്‍‍ സ്വയമാണു് തീരുമാനിക്കുന്നതു്! അതിനുള്ള അറിവും ബോധവും കൈവരിക്കുന്നതില്‍ നിന്നും മനുഷ്യരെ തടയാന്‍ വല്യേട്ടന്മാര്‍ക്കു് ഇപ്പോള്‍ പഴയപോലെ അത്ര എളുപ്പവുമല്ല - ശ്രമം നിരന്തരം തുടരുന്നുണ്ടെങ്കിലും!

സഭാനേതൃത്വം മാത്രമല്ല, “ദൈവം” പോലും എന്തു് തീരുമാനിക്കണമെന്നു് തീരുമാനിക്കാനുള്ള അവകാശവും അധികാരവും മനുഷ്യരുടെ കയ്യിലാണു് - അവര്‍ക്കു് ആ അധികാരം വേണമെങ്കില്‍ മാത്രം!

BS Madai February 16, 2009 at 5:39 PM  

പക്ഷെ ഈ “അധികാരം“ അപൂര്‍വ്വമായേ ഉപയോഗപ്പെടുത്തി കണ്ടുള്ളൂ - ചുരുങ്ങിയത് കേരളചരിത്രത്തിലെങ്കിലും.

സി. കെ. ബാബു February 16, 2009 at 8:42 PM  

BS Madai,
മനുഷ്യരെ സഹസ്രാബ്ദങ്ങളിലൂടെ അറിവില്‍ നിന്നും അകറ്റിനിര്‍ത്തി, ലോകവിമുഖരായി വളര്‍ത്തി, അജ്ഞതയില്‍ ആനന്ദിക്കുന്നവരാക്കി മാറ്റി എടുത്തതിന്റെ ഫലമാണതു്. അന്വേഷിക്കാനും പഠിക്കാനും, അറിയാനും, ജീവിതവുമായി സമരം ചെയ്യാനും ശ്രമിക്കാതെ എന്തിനും ഏതിനും ആകാശത്തേക്കു് കൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ മാത്രം പരിശീലിപ്പിച്ചിരിക്കുന്ന കുറെ മനുഷ്യരുടെ ചുമതല അധികാരം ഉപയോഗിക്കലല്ല, അധികാരികളെയും അവരുടെ സമ്പല്‍സമൃദ്ധിക്കു് കാരണഭൂതനായ ദൈവത്തേയും തൊഴുകൈകളോടെ ആരാധിക്കലാണു്. മൃഗീയനൈസര്‍ഗ്ഗികതകളില്‍ ഒതുങ്ങുന്ന ജീവിതം കഷ്ടിച്ചു് തള്ളിനീക്കാന്‍‍ മാത്രം അനുവദിക്കപ്പെടുന്ന അങ്ങനെയുള്ളവര്‍ക്കു് ഭൂമിയിലെ സ്വന്തം സ്ഥാനം പിടിച്ചെടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലാവില്ല, അതിനുള്ള ധൈര്യവും ഉണ്ടാവില്ല. കാരണം, ഇതൊക്കെ ദൈവം വരുത്തുന്നതാണെന്നു് മാത്രമാണു് മേലാളന്മാര്‍ അവര്‍ക്കു് പറഞ്ഞു് കൊടുത്തിരിക്കുന്നതു്!

നിരന്തരം അധരാമൃതംകൊണ്ടു് ധാരകോരുന്ന ആത്മീയപിതാക്കളും സുധാകരസൂക്തംകൊണ്ടു് ആയുര്‍വ്വേദവിധിപ്രകാരം കിഴിപിടിക്കുന്ന രാഷ്ട്രീയനേതാക്കളുമല്ലേ അവരുടെ അദ്ധ്യാപകര്‍! പിന്നെന്തുവേണം?

suraj::സൂരജ് February 17, 2009 at 5:05 AM  

മോര്‍മോണിസക്കാരെ (Latter Day Saint movement) കുറിച്ച് സൌകര്യം കിട്ടുമ്പോള്‍ എഴുതുമോ. ‘ലാറ്റര്‍ ഡേയ്സ്’ പടം കണ്ടതില്‍ പിന്നെ കുറേ തപ്പി...കിട്ടിയതത്രയും രസകരമായ സംഗതികള്‍.. മാഷിന്റെ ശൈലിയില്‍ അടിപൊളിയാവും എന്നൊരു തോന്നല്‍ .

സി. കെ. ബാബു February 17, 2009 at 9:24 AM  

സൂരജ്,

എനിക്കൊരു “മോര്‍മോണിനെ” നേരിട്ടു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്. അവന്‍ പക്ഷേ അതു് ബുദ്ധിപൂര്‍വ്വം ചെയ്തതാണെന്നാണു് മറ്റു് പരിചയക്കാരില്‍ നിന്നറിഞ്ഞതു്. ചില രാജ്യങ്ങളില്‍ മക്കളുടെ എണ്ണം കൂടുംതോറും അവര്‍ക്കു് സ്റ്റേറ്റ് നല്‍കുന്ന സാമ്പത്തികസഹായം ക്രമാതീതമായി വര്‍ദ്ധിക്കും. ഒരു “മതവിശ്വാസത്തിന്റെ” പേരിലായതിനാല്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വച്ചുപുലര്‍ത്തുന്നതു് അനുവദിക്കാതിരിക്കാന്‍ മതേതരത്വം നിലവിലുള്ള രാജ്യത്തില്‍ ആവുകയുമില്ല. ഒരു ഭാര്യതന്നെ ഒരുപാടു് മക്കളെ പ്രസവിച്ചു് അലങ്കോലപ്പെടാതിരിക്കുകയും ചെയ്യും! തൊഴിലില്ലായ്മാവേതനം പുറമേയും! 'ജോബ് സെന്റര്‍' എവിടെയെങ്കിലും ഒരു ജോലി കണ്ടെത്തി നിര്‍ബന്ധിച്ചു് ജോലിക്കു് വിട്ടാല്‍ അവനു് നടുവേദന വരുമായിരുന്നു! രണ്ടു് ഭാര്യമാരില്‍ നിന്നായി എട്ടോ ഒന്‍പതോ മക്കളുണ്ടായിരുന്ന അവനു്‍ അങ്ങനെ ജോലി ചെയ്യാതെ പരമസുഖമായി കുടുംബത്തെ പോറ്റാന്‍ കഴിഞ്ഞിരുന്നു എന്നു് ചുരുക്കം. പക്ഷേ സമൂഹം പൊതുവേ മോര്‍മോണുകള്‍ക്കു് നേരെ അവജ്ഞയാണു് പുലര്‍ത്തുന്നതെന്നതിനാല്‍ അനുയായികളുടെ എണ്ണം വളരെ കുറവാണെന്നതു് മറ്റുള്ളവരുടെ ഭാഗ്യം. അല്ലെങ്കില്‍ “ഒരുവന്‍ എല്ലാവര്‍ക്കും എല്ലാവരും ഒരുത്തനും” എന്ന നല്ല ആശയം നിലവിലിരിക്കുന്ന സമൂഹങ്ങളില്‍ ഇത്തരം ഇത്തിക്കണ്ണികള്‍ക്കു് ചെലവിനു് കൊടുത്തു് മര്യാദക്കു് ജോലിചെയ്തു് ജീവിക്കുന്നവര്‍ തെണ്ടിപ്പോയേനെ! അദ്ധ്വാനം വഴി നേടിയാലല്ലേ പൊതുമുതല്‍ ഉണ്ടാവൂ!

മതേതരത്വവും ന്യൂനപക്ഷസംരക്ഷണവുമൊക്കെ സമുദായസമ്പത്തും അതോടൊപ്പം സ്വന്തം പോക്കറ്റും വീര്‍പ്പിക്കാനായി എങ്ങനെ ദുര്‍വിനിയോഗം ചെയ്യാമെന്നു് കേരളവും/ഭാരതവും നമ്മെ കാണിച്ചു് തരുന്നില്ലേ? ദൈവങ്ങളും മതങ്ങളുമൊക്കെ നല്‍കുന്ന ഓരോരോ അനുഗ്രഹങ്ങളേ! അനുയോജ്യനായ ദൈവത്തിന്റെ മതത്തില്‍ തക്കസമയത്തു് അംഗമായി ചേര്‍ന്നിരിക്കണം എന്നേയുള്ളു. :)

സമയം പോലെ മോര്‍മോണിസത്തെ ഒന്നു് ഡിസെക്റ്റ് ചെയ്യാന്‍ പറ്റുമോന്നു്‌ നോക്കാം!

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP