Wednesday, December 3, 2008

**ബിന്‍ ലാദനും അല്‍-ഖാഇദയും** - (2)

1979 ഡിസംബറില്‍ റഷ്യ അഫ്ഘാനിസ്ഥാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകള്‍ ഒരു മുസ്ലീം രാജ്യത്തിനെതിരെ നടത്തുന്ന ആക്രമണവും തന്മൂലം അവിടത്തെ ദൈവജനത്തോടും ദൈവത്തോടുതന്നെയുമുള്ള നിന്ദയുമായി വിശ്വാസികളായ മുസ്ലീമുകള്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പല ഇസ്ലാമികരാജ്യങ്ങളില്‍ നിന്നും ധാരാളം യുവാക്കള്‍ റഷ്യന്‍ കടന്നാക്രമണത്തെ ചെറുത്തു് തോല്‍പിക്കാനായി സ്വമനസ്സാലെ അഫ്ഘാനിസ്ഥാനിലേക്കു് പോകാന്‍ തയ്യാറായി. ഒരു 'ജിഹാദില്‍' പങ്കെടുത്തു് ഒന്നുകില്‍ ജയിക്കുക അല്ലെങ്കില്‍ രക്തസാക്ഷിത്വം വരിക്കുക എന്നതു് ഒരു മുസ്ലീം നേടാന്‍ ശ്രമിക്കേണ്ടതും ദൈവം ആഗ്രഹിക്കുന്നതുമായ ഏറ്റവും വലിയ ജീവിതലക്ഷ്യമായി പഠിപ്പിക്കപ്പെട്ടിരുന്ന അവരില്‍ പലര്‍ക്കും അതു് അവരുടെ സ്വപ്നസാക്ഷാത്കാരത്തിനു് ഉതകുന്ന സ്വാഗതാര്‍ഹമായ ഒരു അവസരമായിരുന്നു. അവിശ്വാസികളോടു് സന്ധിയില്ലാതെ പൊരുതണം എന്നതിനു് സ്വന്തം പടയോട്ടങ്ങളിലൂടെ മാതൃക കാണിച്ചുകൊടുത്തതു് ഇസ്ലാംമതസ്ഥാപകനായ മുഹമ്മദ്നബി തന്നെ ആയിരുന്നതിനാല്‍ ഇക്കാര്യത്തില്‍‍ ഏതെങ്കിലും തരത്തിലുള്ള ഒരു സംശയത്തിനു് ഒരു മുസ്ലീമിന്റെ മനസ്സില്‍ ഒരിക്കലും ഇടവുമില്ല. അതായതു്, അവരെ സംബന്ധിച്ചു് 'അവിശ്വാസികളായ' റഷ്യക്കെതിരായുള്ള യുദ്ധത്തില്‍ പങ്കെടുക്കുക എന്നതു് അള്ളാ മുസ്ലീമുകളില്‍ നിന്നും സ്വാഭാവികമായി പ്രതീക്ഷിക്കുന്ന ഒരു കര്‍ത്തവ്യത്തിന്റെ നിര്‍വ്വഹണം മാത്രമായിരുന്നു. അതില്‍ മരണമടഞ്ഞാല്‍ അവരെ കാത്തിരിക്കുന്നതു് നിത്യസ്വര്‍ഗ്ഗമാണെന്ന വാഗ്ദാനത്തില്‍ പൂര്‍ണ്ണ സന്തുഷ്ടരായിരുന്നതിനാല്‍ അതിനപ്പുറം കടന്നു് ചിന്തിക്കേണ്ട ആവശ്യവും അവര്‍ക്കുണ്ടായിരുന്നില്ല. "പ്രസംഗിക്കരുതു്, പ്രവര്‍ത്തിക്കൂ" എന്നാണല്ലോ പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരോടു് സാധാരണഗതിയില്‍ പ്രസംഗിക്കാറുള്ളതു്! പ്രസംഗിക്കുന്നവരില്‍ അര്‍പ്പിക്കപ്പെടുന്ന അന്ധമായ വിശ്വാസമാണു് പ്രവര്‍ത്തിക്കുന്നവന്റെ ജീവവായു. അവിടെ ചോദ്യങ്ങള്‍ക്കു് പ്രസക്തിയില്ല. അവിടെ ചോദ്യങ്ങള്‍ ഉദിക്കുകയില്ല.

'ജിഹാദ്‌' എന്ന വാക്കിനു് പല അര്‍ത്ഥങ്ങളുണ്ടു്. പാപത്തിനെതിരായ സമരം, അഴിമതിക്കെതിരായ സമരം, എല്ലാത്തരം തിന്മകള്‍ക്കും എതിരായ സമരം - ഈവിധത്തിലെല്ലാം വ്യാഖ്യാനിക്കാവുന്ന 'ജിഹാദ്‌' എന്ന വാക്കിനെ അതേസമയം, വേണമെങ്കില്‍, ഇസ്ലാമിനു് വേണ്ടി ആയുധമുപയോഗിച്ചുകൊണ്ടുള്ള സമരം എന്ന അര്‍ത്ഥത്തില്‍ പരിമിതപ്പെടുത്തുകയുമാവാം. ഈ ആശയം വരുന്നതു് ഇസ്ലാമിന്റെ വിശുദ്ധഗ്രന്ധങ്ങളില്‍ നിന്നു് തന്നെയാണു്. പ്രവാചകനായ മുഹമ്മദ്‌ ആയിരുന്നു ആദ്യത്തെ ജിഹാഡിസ്റ്റ്‌ എന്നതാണു് ജിഹാദിനെ ഈവിധം വ്യാഖ്യാനിക്കുന്നവരുടെ ഒരു പ്രധാന ന്യായീകരണം. എങ്കിലും, ഇതുവരെ നടന്ന വിശുദ്ധയുദ്ധങ്ങളുടെ നിരയില്‍ ഒന്നാം സ്ഥാനം നല്‍കപ്പെടുന്നതു് ജെറുസലേമില്‍ കുരിശുയുദ്ധക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരായി ഇസ്ലാം നടത്തിയ യുദ്ധങ്ങള്‍ക്കാണു്. അവിശ്വാസികള്‍ക്കെതിരായ യുദ്ധത്തില്‍ ബിന്‍ ലാദന്‍ അടക്കമുള്ള ജിഹാഡിസ്റ്റുകളുടെ എക്കാലത്തേയും മാതൃകയാണു് ഇരുന്നൂറു് വര്‍ഷങ്ങളോളം നീണ്ടുനിന്ന Crusades! ജിഹാഡിസ്റ്റ്‌ ചിന്തകളുടെ സൂത്രധാരകനായി ഈജിപ്തുകാരനായിരുന്ന 'Sayyid Qutb' പരിഗണിക്കപ്പെടുന്നു. തന്റെ പല പുസ്തകങ്ങളിലൂടെ അദ്ദേഹം ഇസ്ലാമിന്റെ ശ്രേഷ്ഠതയും, പാശ്ചാത്യരാജ്യങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ ജീര്‍ണ്ണതയും നീചത്വവും വരച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. കോളെജ്‌ ജീവിതത്തില്‍ വച്ചാണു് ബിന്‍ ലാദന്‍ മൗലികവാദികളായ മതപണ്ഡിതരുടെ സ്വാധീനത്തില്‍ പെടുന്നതു്. Sayyid Qutb-ന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചവരില്‍ പ്രധാനി ആയിരുന്ന അവന്റെ സഹോദരന്‍ Muhammad Qutb-ന്റെ King Abdulaziz University-യിലെ ക്ലാസുകള്‍ അറ്റന്‍ഡ്‌ ചെയ്തിരുന്നവരില്‍ ബിന്‍ ലാദനും പെടുന്നു. പില്‍ക്കാലത്തു് ബിന്‍ ലാദന്റെ വലംകൈയും അല്‍-ഖാഇദയുടെ ബുദ്ധികേന്ദ്രവുമായി മാറിയ 'Ayman al-Zawahiri'-യും മുഹമ്മദ്‌ ഖുട്ടു്ബിന്റെ വിദ്യാര്‍ത്ഥി ആയിരുന്നു. ജിഹാഡിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടരായ പല മുസ്ലീമുകളെയും പോലെ, ബിന്‍ ലാദനെ സംബന്ധിച്ചും 'ജിഹാദ്‌' ജീവിതമായി മാറുകയായിരുന്നു. ഒരുവശത്തു്, മൗലികവാദികളുടെ ലിഖിതങ്ങളില്‍ നിന്നും പഠിപ്പിക്കലുകളില്‍ നിന്നും ജിഹാഡിസ്റ്റുകളുടെ തീവ്രവാദവും, മറുവശത്തു്, ഇസ്ലാമിലെ ലളിതവും മിതവുമായ ജീവിതരീതിയും ഏറ്റെടുത്തു്, രണ്ടും കൂട്ടിക്കലര്‍ത്തി ബിന്‍ ലാദന്‍ തന്റെ സ്വന്തമായ ഒരുതരം 'ഇസ്ലാം' സൃഷ്ടിച്ചെടുക്കുന്നു. തികഞ്ഞ ആഡംബരജീവിതം നയിക്കാന്‍ കഴിയുമായിരുന്നിട്ടും, സാധാരണമായ ജീവിതരീതി സ്വീകരിക്കുന്ന അതേ ബിന്‍ ലാദന്റെ തന്നെയോ എന്നു് സംശയം തോന്നിയേക്കാവുന്ന ചില വാക്കുകള്‍: "ജിഹാദും വെടിയുണ്ടകളും കൊണ്ടുമാത്രമേ ഇസ്ലാമികരാജ്യങ്ങളില്‍ കടന്നുകയറി അധികാരം സ്ഥാപിച്ചിരിക്കുന്ന അവിശ്വാസികളെ തുരത്താനാവൂ!" തന്റെ ഈ നിലപാടിനനുസൃതമായി ജിഹാദില്‍ പങ്കെടുത്തു് യുദ്ധം ചെയ്യാന്‍ ബിന്‍ ലാദന്‍ എണ്‍പതുകളുടെ മദ്ധ്യത്തില്‍ അഫ്ഘാനിസ്ഥാനിലേക്കു് പുറപ്പെടുന്നു.

അഫ്ഘാനിസ്ഥാനില്‍ ആക്രമിച്ചുകടന്ന റഷ്യന്‍ കമ്മ്യൂണിസത്തിനും നിരീശ്വരത്വത്തിനും എതിരെ യുദ്ധം ചെയ്യാന്‍ പുറപ്പെട്ടവരുടെ ഇടക്കാല കേന്ദ്രമായിരുന്നു പാകിസ്ഥാനിലെ പെഷവാര്‍. എല്ലാ തരത്തിലും നിറത്തിലും സ്വഭാവത്തിലും പെട്ട മനുഷ്യര്‍ ശ്വാസം കിട്ടാത്തവണ്ണം ഇടതിങ്ങിക്കഴിയുന്ന ഒരു 'അന്തര്‍ദ്ദേശീയ കൊടുക്കല്‍ വാങ്ങല്‍ കേന്ദ്രം'! അഫ്ഘാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, യുദ്ധത്തില്‍ പങ്കെടുക്കാനായി അഫ്ഘാനിസ്ഥാനിലേക്കു് പോകാന്‍ ആഗ്രഹിക്കുന്ന റിക്രൂട്ടുകള്‍, വിവിധ രാജ്യങ്ങളിലെ ചാരന്മാര്‍...! അവിടെ എത്തിച്ചേര്‍ന്ന അനേകം യുവസൗദികളില്‍ ഒരുവനായിരുന്നു 21 വയസ്സുകാരനും, ഒരു കോടീശ്വരന്റെ മകനുമായിരുന്ന ഒസാമ ബിന്‍ ലാദന്‍. യുദ്ധത്തില്‍ പങ്കെടുക്കുന്ന മുസ്ലീം സഹോദരങ്ങളുടെ ദുരിതങ്ങളും, അഭയാര്‍ത്ഥിക്യാമ്പുകളിലെ ദയനീയാവസ്ഥകളുമെല്ലാം കേട്ടറിഞ്ഞു് സഹായഹസ്തവുമായി എത്തിയ ഒരു സാധാരണ യുവാവായിരുന്നു അക്കാലത്തെ ഒസാമ. ലക്ഷാധിപതി എങ്കിലും സമ്പത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നതിനേക്കാള്‍ സാമാന്യജീവിതത്തിനു് മുന്‍ഗണന നല്‍കിയിരുന്നവന്‍. ചിലര്‍ക്കു് ഒരു ആദര്‍ശശാലി, മറ്റുചിലര്‍ക്കു് ഒരു 'അരക്കിറുക്കന്‍'! (It is all a question of the corner where you are staying!) പക്ഷേ, പെഷവാറില്‍ നിന്നും അഫ്ഘാനിസ്ഥാനിലെ യുദ്ധത്തിന്റെ മുന്‍നിരയില്‍ തന്നെയെത്തിയ ഓസാമയുടെ ശക്തി നേരിട്ടു് യുദ്ധം ചെയ്യുന്നതിലായിരുന്നില്ല, കൂടുതലും ലോജിസ്റ്റിക്സിലായിരുന്നു. തന്മൂലം, സൗദികളില്‍ നിന്നും 'ജിഹാദിനു്' പണവും ഉപകരണങ്ങളും ശേഖരിച്ചു് അഫ്ഘാനിസ്ഥാനില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വം ഒസാമ ഏറ്റെടുക്കുന്നു. യുദ്ധത്തിലേര്‍പ്പെട്ടിരുന്ന മുജ്ജാഹിദ്ദീനുകള്‍ക്കു് അത്യന്താപേക്ഷിതമായിരുന്ന കിണറുകളും റോഡുകളും മറ്റും നിര്‍മ്മിക്കുന്നതിലും അവന്‍ മുന്‍കൈ എടുത്തു. പിതാവു് മുഹമ്മദ്‌ ബിന്‍ ലാദന്‍ മൂന്നിലേറെ ദശാബ്ദങ്ങളിലൂടെ സൗദിയില്‍ പടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നതും, അവന്റെ മരണശേഷം മക്കള്‍ ഏറ്റെടുത്തു് വിപുലീകരിച്ചതുമായ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളുടെ മഹാസാമ്രാജ്യം ഒസാമയുടെ ജോലി എളുപ്പവുമാക്കി.

റഷ്യക്കെതിരായ യുദ്ധമായതിനാല്‍, അമേരിക്കയും മറ്റു് പാശ്ചാത്യരാജ്യങ്ങളും മുജ്ജാഹിദ്ദീനു് ഏറ്റവും ആധുനികമായ ആയുധങ്ങള്‍തന്നെ നല്‍കി സഹായിച്ചു. അതുപോലെ, സൗദി അറേബ്യയില്‍ നിന്നും യോദ്ധാക്കളുടെ കൈകളിലേക്കു് ഒസാമ വഴി പണവും നിരന്തരം ഒഴുകിക്കൊണ്ടിരുന്നു. സൗദി അറേബ്യന്‍ പടയാളികളുടെ ഇടയില്‍ ഒസാമ ബിന്‍ ലാദന്‍ ഒരു ഹീറോ ആവാന്‍ പിന്നെ അധികനാള്‍ വേണ്ടിവന്നില്ല. ഇതുപോലുള്ള കാര്യങ്ങളിലെ സാധാരണ രീതിപോലെ, 'ഹീറോ ഒസാമ'യുടെ അത്ഭുതശേഷി വര്‍ണ്ണിക്കുന്ന കഥകള്‍ മുജ്ജാഹിദ്ദീനുകളുടെ ഇടയില്‍ പ്രചരിക്കാന്‍ തുടങ്ങി: ഒരിക്കല്‍ പൊരിഞ്ഞ യുദ്ധം നടക്കുന്നതിടയില്‍ ഒന്നും സംഭവിക്കുന്നില്ല എന്നപോലെ ഒസാമ ഉറങ്ങാന്‍ കിടന്നു. ഉറക്കമുണര്‍ന്നപ്പോഴേക്കും അതാ, റഷ്യാക്കാര്‍ ഒന്നുകില്‍ ചത്തുവീണിരുന്നു, അല്ലെങ്കില്‍ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു! അതു് അള്ളാ തന്റെ ശക്തി ഒസാമയിലൂടെ വെളിപ്പെടുത്തിയതാണെന്ന കാര്യത്തില്‍ ഒരു സൗദി പടയാളിക്കും സംശയമുണ്ടായിരുന്നില്ല. ഇതുപോലുള്ള വീരകഥകള്‍ ചെവികളില്‍ നിന്നും ചെവികളിലേക്കു് പടര്‍ന്നപ്പോള്‍ ഒസാമ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി മാറി. ലോകത്തില്‍ നിന്നും അവിശ്വാസികളെ തുടച്ചുമാറ്റുവാന്‍ ദൈവം തെരഞ്ഞെടുത്ത 'മശിഹ'യാണു് താനെന്നു് സാവകാശം ഒസാമയ്ക്കും തോന്നാന്‍ തുടങ്ങി. ഇത്രയൊക്കെ ആയിരുന്നെങ്കിലും ഈ കാലഘട്ടത്തില്‍ ഒസാമ സൗദി മുജ്ജാഹിദ്ദീനുകളുടെ മാത്രം ഹീറോ ആയിരുന്നു. അഫ്ഘാനികള്‍ക്കും മറ്റു് മുസ്ലീം രാജ്യക്കാര്‍ക്കുമിടയില്‍ അന്നു് അവന്‍ അജ്ഞാതനായിരുന്നു. പില്‍ക്കാലത്തു് ഈ സ്ഥിതി മാറിയതും ഒസാമ ലോകം മുഴുവന്‍ അറിയപ്പെട്ടതും നമ്മള്‍ ഇതിനോടകം കണ്ടതും, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതുമാണല്ലോ!

പത്തു് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പൊരുതല്‍ കഴിഞ്ഞപ്പോള്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു് നേരിടുന്ന നഷ്ടം ലഭിക്കുന്ന പ്രയോജനത്തിലും വളരെ കൂടുതലാണെന്നു് തിരിച്ചറിഞ്ഞ റഷ്യ അഫ്ഘാനിസ്ഥാനില്‍ നിന്നും 1989-ല്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചു. ഒരു 'ലോകശക്തി' ആയ റഷ്യയെ ഒറ്റയ്ക്കു് തോല്‍പിക്കാന്‍ കഴിവുള്ളവരാണു് തങ്ങളെന്നു് മുജ്ജാഹിദ്ദീനുകള്‍ ആടിത്തിമിര്‍ത്തു. വിജയത്തിന്റെ ലഹരിയില്‍ അടുത്ത ലോകശക്തിയായ അമേരിക്കയേയും തോല്‍പിക്കാന്‍ തങ്ങള്‍ ശക്തരാണെന്ന തോന്നല്‍ അവരെ പിടികൂടി. ആ സുന്ദരസ്വപ്നത്തില്‍ ആറാടുന്നതിനിടയില്‍ അഫ്ഘാനിലെ വിജയത്തില്‍ സൗദികളുടെ പണവും പാശ്ചാത്യരുടെ ആയുധങ്ങളും വഹിച്ച പങ്കു് സൗകര്യത്തിന്റെ പേരില്‍ അവര്‍ വിസ്മരിച്ചു. റഷ്യക്കെതിരായ യുദ്ധത്തില്‍ അമേരിക്കയും സൗദിരാജകുടുംബവും പിന്നില്‍ നിന്നു് നടത്തിയ ചരടുവലികളും കണക്കുകൂട്ടലുകളും മുജ്ജാഹിദ്ദീനുകള്‍ക്കു് പണ്ടേതന്നെ പിടികിട്ടിയിരുന്നുമില്ല!

പെഷവാറിലും അഫ്ഘാനിസ്ഥാനിലും വച്ചു് ശേഖരിച്ച മുജ്ജാഹിദ്ദീനുകളുടെ ഡെയ്റ്റബെയ്സുമായി 1990-ല്‍ ഒസാമ ബിന്‍ ലാദന്‍ സൗദി അറേബ്യയില്‍ മടങ്ങി എത്തുന്നു. ഈ ലിസ്റ്റില്‍ നിന്നുള്ളവരാണു് ബിന്‍ ലാദന്റെ 'The Base' എന്നര്‍ത്ഥമുള്ള 'അല്‍-ഖാഇദ' പ്രസ്ഥാനത്തിലെ ആദ്യകാല അംഗങ്ങള്‍ ! ഒസാമയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവു് ആവാനെന്നോണം 1990 ഓഗസ്റ്റ്‌ രണ്ടിനു് സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റ്‌ അധീനപ്പെടുത്തുന്നു. സൗദികളുടെ എണ്ണപ്പാടങ്ങളും സദ്ദാം നോട്ടമിടുന്നുണ്ടാവുമെന്ന ഭയം സൗദി രാജകുടുംബത്തെ സജീവമാവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അല്‍-ഖാഇദയുടെ പിന്‍ബലത്തില്‍ സഹായവാഗ്ദാനവുമായി ഒസാമയെത്തുന്നു. പക്ഷേ, സൗദി രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒസാമയെന്ന 'കറിവേപ്പില'യെക്കൊണ്ടുള്ള ആവശ്യം പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു! ഏതാനും മുജ്ജാഹിദ്ദീനുകളുടെ സഹായത്തോടെ സദ്ദാമിനെ കുവൈറ്റില്‍ നിന്നും പുറത്താക്കാനാവുമെന്ന ബിന്‍ ലാദന്റെ സ്വാഭാവികമായും ബാലിശമായിരുന്ന നിര്‍ദ്ദേശം സൗദിരാജകുടുംബം ബഹുമാനപുരസരം തന്നെ തള്ളിക്കളയുന്നു. പകരം അവര്‍ അവിശ്വാസികളായ അമേരിക്കക്കാരുടെ സഹായമാണു് തേടുന്നതു്. അഫ്ഘാനിസ്ഥാനില്‍ നിന്നും അവിശ്വാസികളെ പുറത്താക്കാന്‍ അനേകവര്‍ഷങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്ത ബിന്‍ ലാദനും അനുയായികള്‍ക്കും സഹിക്കാനാവുന്നതായിരുന്നില്ല അതു്. പോരാത്തതിനു് ഇപ്പോള്‍ അവിശ്വാസികള്‍ കടന്നുവരുന്നതു് ഇസ്ലാമിനു് അതിവിശുദ്ധമായ പള്ളികള്‍ സ്ഥിതിചെയ്യുന്ന സൗദി അറേബ്യയിലേക്കു് തന്നെയാണു്! ഇസ്ലാം മതസ്ഥാപകനായ മുഹമ്മദിന്റെ ജന്മനാടിനെയാണു് ക്രിസ്ത്യാനികളും, യഹൂദരും, പട്ടാളവേഷം ധരിച്ച സ്ത്രീകളും അടങ്ങുന്ന അഞ്ചുലക്ഷം അമേരിക്കന്‍ പട്ടാളക്കാര്‍ കടന്നുവന്നു് മലിനീകരിക്കുന്നതു്! ബിന്‍ ലാദന്റെ നിലപാടു്: "ഇസ്ലാമിന്റെ വിശുദ്ധനാടിനെ സംരക്ഷിക്കേണ്ട ചുമതല മുസ്ലീം സഹോദരങ്ങള്‍ക്കാണു്. ആ ചുമതല ഒരിക്കലും നമുക്കു് അമേരിക്കക്കാരെയോ, യഹൂദരേയോ ക്രിസ്ത്യാനികളെയോ ഏല്‍പിക്കാനാവില്ല." ഇസ്ലാം ഉപദേശികളും ബിന്‍ ലാദനും പള്ളികള്‍ തോറും പ്രസംഗങ്ങളിലൂടെ അമേരിക്കയെ ചാട്ടവാറിനടിച്ചുകൊണ്ടു് ജനരോഷത്തിനു് തീകൊളുത്തി!

അമേരിക്കയ്ക്കെതിരായ ബിന്‍ ലാദന്റെ നിലപാടുകള്‍ സൗദിരാജകുടുംബത്തിനു് താങ്ങാനാവാതെയായി. അവര്‍ അവനു് നിരോധനം ഏര്‍പ്പെടുത്തുന്നു. 1991-ല്‍ ബിന്‍ ലാദന്‍ സൗദി അറേബ്യയോടു് യാത്ര പറഞ്ഞു് സുഡാനില്‍ എത്തിച്ചേരുന്നു. ഒരു 'ഇസ്ലാമിക ദൈവരാജ്യം' സ്വപ്നം കണ്ടിരുന്ന സുഡാനിലെ ഭരണാധികാരികള്‍ക്കു് ബിന്‍ ലാദനെപ്പോലൊരുത്തന്‍ സ്വാഗതാര്‍ഹനായിരുന്നു. പോക്കറ്റില്‍ കോടിക്കണക്കിനു് ഡോളര്‍ ഉള്ള ഒരുവന്‍ അരികിലുള്ളപ്പോള്‍ അല്ലെങ്കിലും അധികാരികളുടെ സ്വപ്നങ്ങള്‍ കൂടുതല്‍ വര്‍ണ്ണശബളമാവുമല്ലോ! സുഡാനില്‍ റോഡുകളും പള്ളികളും പണിതു് ഔദ്യോഗികമായി ദീനദയാലു എന്ന ഇമേജ്‌ സൃഷ്ടിച്ചുകൊണ്ടിരുന്ന ബിന്‍ ലാദന്‍ രഹസ്യമായി ഭീകരതയുടെ റോഡുകള്‍ നിരപ്പാക്കുവാനും പണം നല്‍കിക്കൊണ്ടിരുന്നു. തന്റെ ഡെയ്റ്റബെയ്സില്‍പ്പെട്ട ചിലരെ ബിന്‍ ലാദന്‍ സുഡാനില്‍ എത്തിക്കുന്നതോടെ 'അല്‍-ഖാഇദ'യുടെ ആദ്യത്തെ ട്രെയിനിംഗ്‌ ക്യാമ്പ്‌ രൂപമെടുക്കുന്നു. സുഡാന്‍ കേന്ദ്രീകരിച്ചുകൊണ്ടു് ലോകത്തില്‍ പലയിടങ്ങളിലെ അല്‍-ഖാഇദ ഭീകരാക്രമണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന ബിന്‍ ലാദനെ പിന്‍തിരിപ്പിക്കാന്‍ സൗദി ഭരണകൂടത്തിന്റെ പ്രതിനിധികളും, അവന്റെ അമ്മ അടക്കമുള്ള പല ബന്ധുക്കളും സുഡാനിലെത്തി ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ പരിശ്രമങ്ങള്‍ എല്ലാം നിഷ്ഫലമാവുകയായിരുന്നു. അധികം താമസിയാതെ ബിന്‍ ലാദന്‍ സുഡാനികള്‍ക്കും ഭാരമായിത്തീര്‍ന്നു. കാരണം, ബിന്‍ ലാദനെ സംരക്ഷിക്കുന്നവര്‍ അമേരിക്കയെ ആണു് വെല്ലുവിളിക്കുന്നതു്. സുഡാനില്‍ നിന്നും രക്ഷപെടാനുള്ള ലക്ഷ്യമായി ബിന്‍ ലാദന്‍ കണ്ടതു് പഴയ അഫ്ഘാനിസ്ഥാന്‍ തന്നെ ആയിരുന്നു. സുഡാനെ ഉപേക്ഷിച്ചു് അഫ്ഘാനിസ്ഥനിലേക്കുള്ള തന്റെ യാത്ര ബിന്‍ ലാദന്‍ കാണുന്നതു് മുഹമ്മദ്നബിയുടെ മെക്കയില്‍ നിന്നും മെദീനയിലേക്കുള്ള യാത്രക്കു് തുല്യമായാണു്. അവിശ്വാസികള്‍ക്കെതിരായ ജിഹാദിനായി അള്ളാ തെരഞ്ഞെടുത്ത ഒസാമ ബിന്‍ ലാദനും പ്രവാചകനായ മുഹമ്മദ്‌ മെക്കയില്‍ നിന്നും മെദീനയിലേക്കെന്നപോലെ വിശുദ്ധപോരാട്ടത്തിനിടയില്‍ സുഡാനില്‍ നിന്നും അഫ്ഘാനിസ്ഥാനിലേക്കു് താത്കാലികമായി രക്ഷപെടേണ്ടിവരുന്നു എന്ന രീതിയില്‍!

തീവ്രവിശ്വാസികളായ റ്റാലിബാനുകള്‍ക്കു് റഷ്യക്കെതിരായ യുദ്ധത്തിലെ ഹീറോ ആയ ബിന്‍ ലാദന്‍ ആരാധ്യനും സ്വാഗതാര്‍ഹനുമായിരുന്നു. സ്വന്തം കുടുംബവും വേണ്ടപെട്ട അനുയായികളുമായി ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനില്‍ താമസം ആരംഭിക്കുന്നു. ഇസ്ലാമിന്റെ പരമശത്രുവായ അമേരിക്കയ്ക്കെതിരെയുള്ള യുദ്ധത്തിനു് മാധ്യമം നല്ലൊരു ഉപകരണമാണെന്നു് മനസ്സിലാക്കിയ ബിന്‍ ലാദന്‍ ഒറ്റപ്പെട്ട ഗുഹകളില്‍ വച്ചു് തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കു് ഇടയ്ക്കിടെ ഇന്റര്‍വ്യൂകള്‍ നല്‍കിക്കൊണ്ടിരുന്നു. ക്രൂരനായ ഒരു ഭീകരന്റേതിനു് പകരം മിതഭാഷിയും, മിതഭോജിയും, ലളിതജീവിതം ഇഷ്ടപ്പെടുന്നവനും, സഹാനുഭൂതി അര്‍ഹിക്കുന്നവനുമായ ഒരുവന്റെ ചിത്രമാണു് അതുവഴി ലോകം കണ്ട ഒസാമയുടെ ചിത്രം. ജിഹാഡിസ്റ്റുകളെ അതു് കൂടുതല്‍ ആവേശഭരിതരാക്കുകയായിരുന്നു. 'ഒസാമ നമ്മളില്‍ ഒരുവന്‍'! മരണശിക്ഷകള്‍ പരസ്യപ്രദര്‍ശനം പോലെ ആഘോഷിച്ചു് ഖുര്‍ ആന്‍ വിദ്യാര്‍ത്ഥികള്‍ ദൈവഹിതം നിറവേറ്റുന്ന റ്റാലിബാന്റെ അഫ്ഘാനിസ്ഥാനില്‍ സ്ത്രീകള്‍ക്കു് യാതൊരുവിധ അവകാശങ്ങളുമില്ല. സ്ത്രീക്കു് പുരുഷന്റെ അടിമയും പ്രസവയന്ത്രവും എന്നതില്‍ കവിഞ്ഞ ഒരു വിലയോ നിലയോ അനുവദിച്ചുകൊടുക്കാന്‍ റ്റാലിബാന്‍ തയ്യാറായിരുന്നില്ല. വീഡിയോ മുതലായ ആധുനികതകള്‍ റ്റാലിബാനു് വിരുദ്ധമാണെങ്കിലും മൂത്ത മകന്റെ വിവാഹം വീഡിയോയില്‍ പകര്‍ത്തുവാന്‍ ബിന്‍ ലാദന്‍ തീരുമാനിക്കുന്നു. 'ഞാനും നിങ്ങളില്‍ ഒരുവന്‍' എന്ന സന്ദേശമായിരുന്നു അവിടെയും ഒസാമയുടെ ലക്ഷ്യം.

ബിന്‍ ലാദനുമൊരുമിച്ചു് റഷ്യക്കെതിരായി പോരാടിയ, മുകളില്‍ സൂചിപ്പിച്ച Ayman al-Zawahiri ഇതിനോടകം ബിന്‍ ലാദന്റെ വളരെ അടുത്ത ചങ്ങാതിയായി മാറിക്കഴിഞ്ഞിരുന്നു. അയ്മാന്‍ അല്‍-സവാഹിരി അല്‍-ഖാഇദയുടെ പിന്നിലെ ബുദ്ധികേന്ദ്രവും ആസൂത്രകനുമാണു്. സവാഹിരിയുടെ ജീവിതം തന്നെ ഭീകരതയുടേതാണു്. 1981-ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ 'Anwar El Sadat' കൊലചെയ്യപ്പെട്ട കേസില്‍ തടവിലാക്കപ്പെട്ട സവാഹിരി 1984-ല്‍ മോചിപ്പിക്കപ്പെടുകയും തുടര്‍ന്നു് അഫ്ഘാനിസ്ഥാനില്‍ എത്തുകയുമായിരുന്നു. സവാഹിരിയുടെ ഒരു പഴയ സഹകാരി ആയിരുന്ന Montaser al-Zayat ഒരു ഇന്റര്‍വ്യൂവില്‍ സവാഹിരിയെ വിദ്യാലയജീവിതം മുതല്‍തന്നെ ഈജിപ്ഷ്യന്‍ ഭരണകൂടത്തെ തകര്‍ക്കണമെന്നും, പകരം ഒരു ഇസ്ലാമിക ഈജിപ്റ്റ്‌ സ്ഥാപിക്കണമെന്നുമുള്ള ആശയവുമായി നടന്നിരുന്ന ഒരുവനായി ചിത്രീകരിക്കുന്നു. അല്‍-ഖാഇദയില്‍ എത്തിയതോടെ സവാഹിരിയുടെ ഈ ഭ്രാന്തന്‍ ആശയം മറ്റു് രാജ്യങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ നശീകരണവും ലോക-ഇസ്ലാമീകരണവും എന്ന ലക്ഷ്യത്തിലേക്കു് വിപുലീകരിക്കപ്പെട്ടു. ഈജിപ്റ്റില്‍ നിന്നും റിക്രൂട്ടുകളെയും, മതമൗലികവാദപരമായ ആശയങ്ങളെയും അല്‍-ഖാഇദയില്‍ എത്തിച്ച സവാഹിരി 1998-ല്‍ ബിന്‍ ലാദനോടു് ചേര്‍ന്നു് ഒരു പ്രസ്താവന പുറത്തിറക്കുന്നു - ഒരുതരം 'അല്‍ ഖാഇദ മാനിഫെസ്റ്റോ'! അതിന്‍പ്രകാരം "അമേരിക്കയുടെയും സഹായികളുടെയും പട്ടാളങ്ങള്‍ ശിഥിലീകരിക്കപ്പെട്ടു്, അവരുടെ ചിറകുകള്‍ തകര്‍ന്നു്, അറബിരാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങി, ഇസ്ലാമിനു് ഒരിക്കലും ഒരു ഭീഷണി ആവാത്ത നിലയില്‍ എത്തുന്നതുവരെ സാദ്ധ്യമാവുന്ന ഇടങ്ങളിലെല്ലാംവച്ചു് മിലിറ്ററിയും സിവിലിയനുമായ എല്ലാ അമേരിക്കക്കാരെയും അവരുടെ സഖ്യകക്ഷികളില്‍പെട്ടവരേയും കൊല്ലേണ്ടതു് ഓരോ മുസ്ലീമിന്റേയും കടമയാണു്". ആധുനികലോകത്തിലെ 'വിശുദ്ധയുദ്ധത്തിനു്' ബിന്‍ ലാദനും സവാഹിരിയും ഉപയോഗിക്കുന്ന അന്ധകാരയുഗത്തിന്റെ ഭാഷാപ്രയോഗങ്ങള്‍!

1993 ജനുവരിയില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ അണ്ടര്‍ഗ്രൗണ്ട്‌ പാര്‍ക്കിംഗില്‍ ഒരു ബോംബ്‌ സ്ഫോടനം നടക്കുന്നു. World Trade Center തകര്‍ക്കുക എന്ന ലക്ഷ്യം നിറവേറിയില്ലെങ്കിലും ആറുപേരുടെ മരണത്തിനിടയാക്കിയ ഈ സ്ഫോടനത്തിന്റെ സൂത്രധാരകന്‍ Omar Abdel-Rahman എന്ന അന്ധനായ ഈജിപ്ഷ്യന്‍ ഷെയ്ഖ്‌ ആയിരുന്നു. സ്ഫോടനത്തിനു് വേണ്ട പണം സുഡാനില്‍നിന്നുമായിരുന്നു വന്നതു്. ആ ധനസഹായത്തിനു് പിന്നില്‍ ഒസാമ ബിന്‍ ലാദന്‍ ആയിരുന്നിരിക്കാം. അബ്ദള്‍ റഹ്മാനെ ബിന്‍ ലാദനു് അഫ്ഘാനിസ്ഥാനില്‍ വച്ചു് പരിചയവുമുണ്ടു്. ഒസാമ ബിന്‍ ലാദന്‍ എന്ന പേരു് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നതുതന്നെ സ്ഫോടനങ്ങളുടെ പിന്നിലെ സാമ്പത്തികസഹായി എന്ന നിലയിലാണു്. World Trade Center നശിപ്പിക്കുക എന്ന, അന്നു് നിറവേറ്റാന്‍ കഴിയാതെ പോയ ലക്ഷ്യം 2001 സെപ്റ്റംബര്‍ 11-ലെ സ്ഫോടനത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതു് ലോകം കാണുകയും ചെയ്തു! ആയിരക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിച്ച ആ ആക്രമണമാണല്ലോ അല്‍-ഖാഇദ അവരുടെ ഏറ്റവും വലിയ 'നേട്ടം' ആയി ഘോഷിക്കുന്നതു്!

1995 നവംബര്‍ 13-നു് സൗദി തലസ്ഥാനമായ റിയാദില്‍ ഒരു ബോബു് സ്ഫോടനം സംഭവിക്കുന്നു. 1996 ജുണില്‍ ദഹ്രാനു് സമീപം മറ്റൊരു സ്ഫോടനവും. രണ്ടിന്റേയും ലക്‍ഷ്യം അമേരിക്കന്‍ സ്ഥാപനങ്ങളും, ഉത്തരവാദി ഒസാമ ബിന്‍ ലാദനും ആയിരുന്നു. ബിന്‍ ലാദനു് അതുവഴി സൗദി പൗരത്വം നഷ്ടപ്പെടുന്നു.

1998 ഓഗസ്റ്റില്‍ നൈറോബിയിലെയും (കെനിയ) ഡാര്‍ എസ്‌ സലാമിലെയും (ടാന്‍സനിയ) അമേരിക്കന്‍ എംബസികളുടെ മുന്നിലെ സ്ഫോടനങ്ങളില്‍ ഇരുന്നൂറില്‍ പരം മനുഷ്യര്‍ മരിക്കുന്നു. ലക്ഷ്യം അമേരിക്കരെ ആയിരുന്നെങ്കിലും മരിച്ചവരില്‍ പന്ത്രണ്ടു് പേരൊഴികെ എല്ലാവരും ആ നാട്ടുകാരായിരുന്നു. അമേരിക്കയെസംബന്ധിച്ചിടത്തോളം ഈ ആക്രമണങ്ങള്‍ക്കു്പിന്നില്‍ ആരാണെന്ന കാര്യത്തില്‍ പിന്നെ സംശയമൊന്നുമുണ്ടായിരുന്നില്ല. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ്‌ ക്ലിന്റണ്‍ ഒസാമ ബിന്‍ ലാദനെ ഒരു ഭീകരന്‍‌ ആയി പ്രഖ്യാപിക്കുകയും, അവനെ ജീവനോടെയോ അല്ലാതെയോ പിടിക്കാന്‍ ഉത്തരവിടുകയും ചെയ്യുന്നു. ഒരു ലോകമഹാശക്തിയുടെ തലവന്‍ ഒരു വ്യക്തിക്കെതിരായി യുദ്ധം പ്രഖ്യാപിക്കുന്നു! ക്ലിന്റണ്‍ ബിന്‍ ലാദനെ അമേരിക്കയുടെ നിയമാനുസൃത ശത്രുവായി പ്രഖ്യാപിച്ചപ്പോള്‍ ഇസ്ലാം ലോകത്തില്‍ ഒരു മശിഹാ രൂപമെടുക്കുകയായിരുന്നു! ഒസാമ ബിന്‍ ലാദന്‍ എന്ന ലോകരക്ഷകന്‍! ഒസാമ-സൂപ്പര്‍ സ്റ്റാര്‍!

കാലാകാലങ്ങളായി പരസ്പരം ഭിന്നതയില്‍ കഴിയുന്ന അറബികളുടെ ലോകത്തില്‍ ഒരു നല്ല നായകന്‍ ഇല്ല. അനുകരണീയരും സ്വഭാവശുദ്ധിയുള്ളവരുമായ ചിന്തകരോ, നീതിബോധവും വ്യക്തിപ്രഭാവവുമുള്ള നേതാക്കളോ ഇല്ല. മുസ്ലീമുകളുടെ ദൃഷ്ടിയില്‍ ഈ സ്വഭാവഗുണങ്ങള്‍ എല്ലാമുള്ളവനായി മാറിയ ഒസാമ ബിന്‍ ലാദന്‍ ഈ നേതൃത്വശൂന്യതയില്‍ രക്ഷകനായി പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. മുസ്ലീമുകളുടെ പാശ്ചാത്യര്‍ക്കെതിരെയുള്ള എതിര്‍പ്പിന്റെയും വെറുപ്പിന്റെയും പ്രതീകമായി ബിന്‍ ലാദന്‍ അവരോധിക്കപ്പെട്ടു. അമേരിക്കയുടെ തെറ്റായ നയങ്ങള്‍ അതിനു് കൂടുതല്‍ കരുത്തു് നല്‍കി. ബിന്‍ ലാദനെതിരായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു. അതു് മുസ്ലീം ലോകത്തെ അമേരിക്കയെന്ന പൊതുശത്രുവിനെതിരെ താത്കാലികമായിട്ടാണെങ്കിലും ഒരുമിച്ചു് അണിനിരക്കുവാന്‍ സഹായിച്ചു. അല്‍-ഖാഇദ ഭീകരതയെ അമേരിക്കന്‍ ഭീകരത കൊണ്ടു് നശിപ്പിക്കാന്‍ ആവില്ല എന്നു് ചിന്തിക്കുന്നവരുടെ ലോകം അന്നും പറഞ്ഞിരുന്നു. ഇന്നു് അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സായുധസമരമല്ല, ഡിപ്ലോമറ്റിക്‌ സ്റ്റ്‌റാറ്റെജി ആണു് പരിഹാരം. കിഴക്കന്‍ സമൂഹമനഃശാസ്ത്രം അറിയാവുന്ന പടിഞ്ഞാറന്‍ ബുദ്ധിയാണു് അതിനു് ആവശ്യം.

അല്‍-ഖാഇദ ഭീകരരുടെ ആക്രമണങ്ങള്‍ക്കു് കല്‍പന നല്‍കാന്‍ കഴിയുന്ന ഒരു 'കമാന്‍ഡര്‍' അല്ല ഇന്നു് ബിന്‍ ലാദന്‍. ഒരുപക്ഷേ ബിന്‍ ലാദന്‍ പണ്ടേ മരിച്ചിട്ടുമുണ്ടാവാം. പക്ഷേ, അല്‍-ഖാഇദയുടെ ഒരു വിഗ്രഹമായി ബിന്‍ ലാദന്‍ ഇതിനോടകം മാറിക്കഴിഞ്ഞു. വിവിധരാജ്യങ്ങളിലെ അല്‍-ഖാഇദയുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി ആവിഷ്കരിക്കപ്പെടുന്നവയാണു്. അവ ഇന്നൊരു കേന്ദ്ര കമാന്‍ഡോയുടെ കീഴിലല്ല. അതുകൊണ്ടുതന്നെ അല്‍-ഖാഇദ ഭീകരന്മാരെ സംബന്ധിച്ചു് ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നോ അല്ലെങ്കില്‍ മരിച്ചോ എന്നതു് ഒരു പ്രശ്നമേയല്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന 'നിശ്ചയം' അല്ല, ദൈവം ഉണ്ടു് എന്ന വിശ്വാസിയുടെ 'വിശ്വാസം' ആണു് രക്ഷയിലുള്ള 'വിശ്വാസ'ത്തിന്റെയും അടിസ്ഥാനം എന്നപോലെയാണതു്. മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിന്റെ തെളിവല്ല, അപ്രമാദിത്വത്തില്‍ കത്തോലിക്കര്‍ക്കുള്ള വിശ്വാസമാണു് മാര്‍പ്പാപ്പയുടെ അപ്രമാദിത്വം അംഗീകരിക്കപ്പെടുന്നതിന്റെ ആധാരം. ഈ അര്‍ത്ഥത്തില്‍ ബിന്‍ ലാദന്‍ ഒരു 'ജിഹാദ്‌-ദൈവമോ' അല്ലെങ്കില്‍ ഒരു 'അല്‍-ഖാഇദ-മാര്‍പ്പാപ്പയോ' മാത്രമാണിന്നു്. മുസ്ലീം ഭീകരന്മാരുടെ ഒരു പ്രതീകം! ലോകത്തിലെ ഇസ്ലാമിന്റെ അധീശത്വം എന്ന ബിന്‍ ലാദന്റെ ആശയമാണു് അവരെ നയിക്കുന്നതു്. ബിന്‍ ലാദന്റെ അഭിപ്രായത്തില്‍ അതിനു് ആദ്യം ചെയ്യേണ്ടതു്, അഫ്ഘാന്‍ യുദ്ധത്തില്‍ റഷ്യയെ എന്നപോലെ അമേരിക്കയെ ഭീകരാക്രമണങ്ങള്‍ വഴി ഒതുക്കുക എന്നതാണു്. അതിനുശേഷം ദുഷിച്ചവരും യഥാര്‍ത്ഥ ഇസ്ലാമിനെതിരായവരുമായ അറബിരാജ്യങ്ങളിലെ ഭരണാധികാരികളെ താഴെയിറക്കുക. പാശ്ചാത്യരുമായി ഇടപഴകുന്നു, അവരുടെ ജീവിതരീതികള്‍ മാതൃകയാക്കുന്നു എന്നതാണു് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റു്! ജീര്‍ണ്ണിച്ച ഭരണാധികാരികളില്‍ ഒന്നാം സ്ഥാനം ബിന്‍ ലാദന്‍ നല്‍കുന്നതു് സൗദി രാജകുടുംബത്തിനാണു്. തുടര്‍ന്നു്, പണ്ടു് ഇസ്ലാമിന്റെ പതാകകള്‍ പറന്നിരുന്ന രാജ്യങ്ങളെ എല്ലാം തിരിച്ചുപിടിക്കുക. അവസാനം ഇസ്ലാമിന്റെ ലോകാധിപത്യം സ്ഥാപിക്കുക! കുരിശുയുദ്ധക്കാരെ തുരത്തുവാന്‍ ഇരുന്നൂറു് വര്‍ഷങ്ങള്‍ വേണ്ടിവന്നതും, ബ്രിട്ടീഷുകാരെ ഈജിപ്റ്റില്‍ നിന്നും ഓടിക്കുവാന്‍ എഴുപതു് വര്‍ഷങ്ങള്‍ എടുത്തതുമെല്ലാം തങ്ങളുടെ അന്തിമവിജയത്തിന്റെ തെളിവുകളായി നിരത്തുന്ന സവാഹിരിയെയും ബിന്‍ ലാദനെയും പോലെയുള്ളവര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുന്നവരാണു്. പക്ഷേ, ലോകത്തിലെ ഇന്നത്തെ ആയുധങ്ങള്‍ ഈ ലോകത്തെ തന്നെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ മതിയായ ശക്തിയുള്ളവയാണെന്ന വസ്തുത ഒന്നുകില്‍ അവര്‍ക്കറിയില്ല, അല്ലെങ്കില്‍ അവര്‍ അതു് മനഃപൂര്‍വ്വം മറച്ചുപിടിക്കുന്നു!

മനുഷ്യരില്ലെങ്കില്‍ ലോകത്തില്‍ മതമുണ്ടാവുമോ? ലോകത്തില്‍ മനുഷ്യരില്ലെങ്കില്‍ മരുഭൂമിയുടെ അടിയിലെ ഓയില്‍ ഖനനം ചെയ്യാനോ ശുദ്ധീകരിക്കാനോ വില്‍ക്കാനോ വാങ്ങാനോ കഴിയുമോ? മനുഷ്യരില്ലെങ്കില്‍ ആയുധങ്ങളോ ഡോളറോ അവയുടെ പരസ്പരകൈമാറ്റമോ സാദ്ധ്യമാവുമോ? മനുഷ്യരില്ലെങ്കില്‍ ബോംബ്‌ നിര്‍മ്മിക്കാന്‍ ആരു് ഡോളര്‍ നല്‍കും? ആരു് ബോംബിടും? ആരു് ചാവും? മനുഷ്യരില്ലെങ്കില്‍ മതങ്ങളുണ്ടോ? ദൈവമുണ്ടോ? അഥവാ ദൈവം ഉണ്ടെങ്കില്‍തന്നെ, മനുഷ്യരില്ലെങ്കില്‍ ആ ദൈവം ഏതു് പ്രവാചകനു് വെളിപ്പെടും? ഇനി, ആര്‍ക്കെങ്കിലും വെളിപ്പെടാതിരിക്കാന്‍ നിവൃത്തിയില്ലാത്തവനാണു് ദൈവമെങ്കില്‍‍ തനിക്കു് വെളിപ്പെടാന്‍ വേണ്ടി ദൈവം ആദ്യം മനുഷ്യരെയോ, അതോ ആദ്യം ഒരു പ്രവാചകനെയോ മുന്‍ഗണന നല്‍കി സൃഷ്ടിക്കുക? അങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍! ചോദ്യങ്ങള്‍ എത്ര എളുപ്പം അല്ലേ?

23 comments:

മാരീചന്‍ December 3, 2008 at 11:57 AM  

ഭീകരതയുടെ രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ലേഖനം. പ്രവീണ്‍ സ്വാമി ദി ഹിന്ദുവില്‍ എഴുതിയ ഈ ലേഖനം കണ്ടിരുന്നോ?

- സാഗര്‍ : Sagar - December 3, 2008 at 12:40 PM  

.സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അല്ലേ..

പിന്നെ എവന്മാര്‍ ഉപയോഗിക്കുന്ന ഈ തോക്കും വെടീം പടക്കവും ഒക്കെ ഈ അവിശ്വാസികള്‍ ഉണ്ടാക്കിയത്‌ തന്നെ ആണല്ലോ??? (അതോ ആരെങ്കിലും നൂലേല്‍ കെട്ടി ഇറക്കിയതാണോ ആവോ..)


Quote of the year.. :)

"പ്രസംഗിക്കരുതു്, പ്രവര്‍ത്തിക്കൂ" എന്നാണല്ലോ പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരോടു് സാധാരണഗതിയില്‍ പ്രസംഗിക്കാറുള്ളതു്!

സുനില്‍‌ എരുമേലി. December 3, 2008 at 12:45 PM  

TOTALLY BASELESS ARGUEMENTS AGAINST ISLAM.I AM NOT OPPOSING YOUR VIEWS ABOUT LADEN,BUT I CANT ACCEPT THE VIEW AGAINST ISLAM,JIHAAD,AND MUHAMMED.BEFORE WRITING THIS TYPE OF ARTICLES OR TRANSLATING PLEASE TRY TO LEARN ABOUT THE BASE.DONT MAKE MISTAKES LIKE PRAVEEN SWAMI.

മാരീചന്‍ December 3, 2008 at 12:47 PM  

പ്രവീണ്‍ സ്വാമിയുടെ മിസ്റ്റേക്കുകള്‍ കൂടി ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ ഇനിയുളള കാലത്ത് ശ്രദ്ധിക്കാമായിരുന്നു.

- സാഗര്‍ : Sagar - December 3, 2008 at 1:05 PM  

Hi Sunil ,
In
Terror mail analysis supports claim of Lashkar authorship by
Praveen Swami, what all mistakes did u find. What all statements are baseless ?

Did you read it ?? Did you learn about the 'base' of it ?

സി. കെ. ബാബു December 3, 2008 at 3:45 PM  

മാരീചന്‍ ,
ലിങ്കിനു് നന്ദി.

സാഗര്‍,
നന്ദി.

സുനില്‍ എരുമേലി,
An argument is better than no argument. Just like Maareechan and Sagar I am also interested in hearing your intelligent and meaningful arguments about “The Base”. Are you a member of it? Then you must know a lot of significant things about these religious killers and martyrs of God. Please let everybody know more about such an extravagant group of eccentrics - “The Killers of Allah”!

സൂരജ് December 3, 2008 at 4:30 PM  

ആദ്യലക്കം വായിച്ചത് ത്രില്ലര്‍ ആസ്വദിക്കുന്ന ലാഘവത്തോടെയാണ്. ഇപ്പോള്‍ ഉള്‍ക്കിടിലത്തോടെ വായിക്കുന്നു, ഇതു പോലെ തലതിരിഞ്ഞവമ്മാര്‍ ഒരു പത്ത് പേരുണ്ടെങ്കില്‍ ഉമ്മറപ്പടിപോലും സുരക്ഷിതമല്ലല്ലോ എന്നോര്‍ത്ത്.

ദൈവമേ...നിന്റെ പ്രവാചകന്മാരുടെ സ്റ്റോക്ക് തീര്‍ന്നോ ? പ്ല്ലീസ്..ഒരുത്തനെക്കൂടെ ഒന്നയയ്ക്കൂ...ഈ മൈഗുണന്മാരുടെ തലമണ്ടയ്ക്ക് ശകലം ഐസ് വയ്ക്കാനെങ്കിലും.

സി. കെ. ബാബു December 3, 2008 at 5:30 PM  

സൂരജ്,

ഈ കൊണാപ്പന്മാര്‍ കൊണാപ്പിച്ചില്ലെങ്കില്‍ ഉടയതമ്പുരാന്‍ കിടപ്പിലായി പോകില്ലയോ?

തങ്ങള്‍ മുടങ്ങാതെ തുത്തു് കുണുക്കിയില്ലെങ്കില്‍ ഭൂമി ചലനമറ്റുപോകും എന്ന അളവറ്റ ഭയവും ദുഃഖവും മൂലമാണല്ലോ “തുത്തുകുണുക്കിപ്പക്ഷികള്‍” ഇങ്ങനെ നിരന്തരം തുത്തുകുണുക്കുന്നതു്! ദൈവത്തിന്റെ വിശുദ്ധകൊലയാളികളുടെ തുത്തിന്റെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് തുത്തുകുണുക്കിപ്പക്ഷികളുടേതുപോലെ ഫ്രീക്വെന്റ് ആയ തുത്തുകുണുക്കലുകള്‍ക്കു് അനുയോജ്യമല്ലാത്തതു് എന്തായാലും നന്നായി. അല്ലെങ്കില്‍ എന്തായിരുന്നേനെ ഭൂമികുലുക്കം!

പാമരന്‍ December 4, 2008 at 4:53 AM  

""പ്രസംഗിക്കരുതു്, പ്രവര്‍ത്തിക്കൂ" എന്നാണല്ലോ പ്രസംഗിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവരോടു് സാധാരണഗതിയില്‍ പ്രസംഗിക്കാറുള്ളതു്!"

അതു കലക്കി!

സൂരജ്‌ജി പറഞ്ഞപോലെ ഒരു ഭീതിയുണ്ടാക്കുന്നുന്ട്‌ ഈ ലേഖനം.

സി. കെ. ബാബു December 4, 2008 at 8:54 AM  

പാമരന്‍,
സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണെന്നല്ലേ? സത്യങ്ങള്‍ തുറന്നു് പറയേണ്ടതു് ആവശ്യമാണു്. ഭീതി ഉണ്ടാക്കാനല്ല, നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി. വോട്ടിനുവേണ്ടി പാര്‍ട്ടികളും, സിംഹാസനം കുലുങ്ങാതിരിക്കാന്‍ വേണ്ടി മതനേതാക്കളും ജനങ്ങളില്‍ നിന്നും മനഃപൂര്‍വ്വം മറച്ചുപിടിക്കുന്നതോ, വളച്ചൊടിക്കുന്നതോ ആയ സത്യങ്ങള്‍! കണ്ണുമടച്ചു് അവരെയൊക്കെ വിശ്വസിച്ചു് പുറകെ നടന്നു് ശീലിച്ചതുകൊണ്ടു് അവ അറിയുമ്പോള്‍ ആരംഭത്തില്‍ അല്പം അസ്വസ്ഥത ഉണ്ടായേക്കാം! പക്ഷേ, അതു് താത്കാലികമാണു്. കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതാണു് നല്ലതെന്നു് പിന്നീടു് ജനങ്ങള്‍‍ മനസ്സിലാക്കിക്കൊള്ളും.

Unni(ജോജി) December 4, 2008 at 11:21 AM  

ഹുമ്, മുക്രിമാരും ആനന്ദമാരും പിന്നെ അച്ചന്‍മാരും ഉണ്ടയതുകൊണ്ടു ദൈവം ഉണ്ടായി, അതുകൊണ്ടു ഫൂമിയും, ഫൂമിയെ ചുറ്റാന്‍ സുര്യനും ബാക്കി ലൊട്ടു ലൊടുക്കും ഉണ്ടായി, എന്നിട്ടിപ്പൊള്‍ അവരെ കുട്ടം പറയുകയും കളിയാക്കുകയും ചെയ്യുന്ന്നൂ

Rajeeve Chelanat December 4, 2008 at 11:54 AM  

അതെ, മതമൌലികവാദത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ഇടക്കിടക്ക് ആളുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാനായിട്ടെങ്കിലും ഇതൊക്കെ എഴുതണം ബാബൂ..

അഭിവാദ്യങ്ങളോടെ

Siju | സിജു December 4, 2008 at 12:59 PM  

സികെ,
നന്ദി. ഒബാമയുടെ ജീവചരിത്രം ഇത്ര ഡീറ്റെയിലായിട്ട് വേറെയെങ്ങും വായിച്ചിട്ടില്ല.
സെപ്റ്റംബര്‍ 11 ഉണ്ടായപ്പോള്‍ അമേരിക്കയുടെ നാശം കണ്ട് പൊതുവെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ സന്തോഷിക്കുകയാണുണ്ടായത്. ഒബാമ വീരനായകനുമായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലുണ്ടാകുന്ന സ്ഫോടനങ്ങള്‍ അവരെ ഒബാമയെ തള്ളിപറഞ്ഞില്ലെങ്കില്‍ തങ്ങളുടെ ദേശസ്നേഹം സംശയിക്കപ്പെടും എന്ന ഗതികേടിലെത്തിച്ചു. ഒരു വിധത്തില്‍ അതു നന്നായി. ഭൂരിപക്ഷം മുസ്ലീങ്ങള്‍ക്കും ഒബാമയുടെ ജിഹാദിനോടുണ്ടായിരുന്ന മാനസിക പിന്തുണ നഷ്ടപ്പെടാന്‍ അതു കാരണമായി.

Unni(ജോജി) December 4, 2008 at 1:06 PM  

siju,
I think its a typo you had meant "oSama" and not oBama"
joji

സി. കെ. ബാബു December 4, 2008 at 3:30 PM  

Unni(ജോജി),
സിജുവിന്റേതു് അക്ഷരപ്പിശാചാവാനാണു് സാദ്ധ്യത.

രാജീവ്,
തുടരണം എന്നുതന്നെയാണു് ആഗ്രഹം. ദൈവത്തിന്റെ സേനാനികളെ പിന്‍‌തുണയ്ക്കുന്നവരില്‍ ഒന്നോ രണ്ടോ എണ്ണത്തിനെങ്കിലും വെളിവുണ്ടായാല്‍ അത്രയുമായി.

മോശെ പഴയനിയമത്തിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങള്‍ വഴി അധികവും പറഞ്ഞതുതന്നെ പറഞ്ഞു് യഹൂദരെ ബ്രെയിന്‍ വാഷ് ചെയ്തതില്‍ നിന്നും വലിയ വ്യത്യാസമില്ലാത്ത അവസ്ഥയല്ലേ ദൈവവിശ്വാസം എന്നാല്‍ അന്യവിശ്വാസികളെ കൊലചെയ്യലാണെന്നു് വിശുദ്ധവെറുപ്പിന്റെ പ്രവാചകന്മാരാല്‍ സ്ഥിരം ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്ന പയ്യന്‍സിന്റേതും! പടക്കം പൊട്ടിച്ചു് നിറപരാധികളെ കൊന്നു് സ്വര്‍ഗ്ഗത്തിലെത്തി യുവകന്യകമാരെ പ്രാപിക്കാമെന്നു് സ്വപ്നം കാണുന്ന “ചര്രിത്രപുരുഷന്മാര്‍”!

Maximum dosage പോലും വലിയ ഫലം ചെയ്യാത്ത നിലയിലേക്കു് മൂത്തുപോയതാണു് മിക്കവാറും കേയ്സ് കെട്ടുകള്‍! ഇല്ലാത്ത ചുണ്ടെലികളെ കാണുന്ന അവസ്ഥയൊക്കെ പണ്ടേ കഴിഞ്ഞുപോയി. ഇപ്പോള്‍ ഇക്കൂട്ടര്‍ ദൈവത്തെ നേരിട്ടാണു്‍ കാണുന്നതത്രെ!

Siju,
സാധാരണഗതിയില്‍ ഭീകരന്മാര്‍ അവരുടെ‍ നയപരമായ കാര്യങ്ങളില്‍ വാചകമടിക്കുമ്പോള്‍ അതിന്റെ നേരേ വിപരീതമാണു് അവര്‍ ഉദ്ദേശിക്കാറു്. പുകമറ സൃഷ്ടിക്കുക, വെള്ളം കലക്കി മീന്‍ പിടിക്കുക എന്നതൊക്കെയല്ലേ ഇത്തരക്കാരുടെ ക്ലാസിക്കല്‍ സ്റ്റൈല്‍?

Siju | സിജു December 5, 2008 at 6:49 AM  

ഛെ.. മോശമായിപ്പോയി.. :(

Althu December 5, 2008 at 8:39 AM  

ബാബുജി , ഒരു കാര്യം പരാമര്‍ശിക്കാന്‍ മറന്നു പോയി. ഇസ്രാഎലിനു അമേരിക്ക നല്കി വന്ന നിരുപാധിക പിന്തുണ , യു എന്‍ സെക്യൂരിടി കൌണ്‍സിലില്‍ ഇസ്രാഎലിനു എതിരെ വന്ന എല്ലാ നടപടികളും, അമേരിക്ക വീറ്റോ ചെയ്യുകയാനുണ്ടായത്. ഇത് മിഡില്‍ ഈസ്റ്റില്‍ ഉണ്ടാക്കിയ ആന്റി അമേരികനിസം , exploit ചെയ്യാന്‍ ഇവര്‍ക്ക് കഴിന്നിട്ടുണ്ട്.

കമ്മ്യുനിസത്തിനു ശേഷം നേരിടാന്‍ ഒരു എതിരാളി ആവശ്യമായിരുന്ന അമേരികന്‍ കൌബോയ് വിദേശ നയങ്ങളുടെ ഭാഗമായി ഇസ്ലാമിക തീവ്രവാദത്തിനു ഒരു ikon വേണമെന്ന അമേരികയുടെ അവശ്യം സഫലീകരിച്ചു കൊടുത്തത് ലാദനും കൂടരുമാണ്. തീര്‍ത്തും രാക്ഷ്ട്രീയപരമായിരുന്ന അമേരിക്കന്‍ വിരുദ്ധത ഉപയോഗിച്ചു അറബ് യുവാക്കളെ radical വശങ്ങളിലേക്ക് കൊണ്ടുവരാനും ലാദന് സാധിച്ചിട്ടുണ്ട് .

സി. കെ. ബാബു December 5, 2008 at 12:46 PM  

Siju,
Take it easy. None of us is free of error!

Althu,
അമേരിക്കയിലെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ കീ പൊസിഷനുകളിലെ യഹൂദരുടെ അളവാണു് അമേരിക്ക‍യുടെ പ്രോ ഇസ്രായേല്‍ നയങ്ങളുടെ പ്രധാന രഹസ്യം. അറബികളില്‍ നിന്നും വിരുദ്ധമായി യഹൂദര്‍ ഭിന്നിതരുമല്ല. “എന്റെ ശത്രുവിന്റെ ശത്രു എന്റെ സുഹൃത്തു്” എന്നതു് ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നതു് അറബികളുടെ ഇടയിലാണു് എന്നതിനാല്‍ അമേരിക്ക അവിടത്തെ മുതലെടുപ്പിനു് അതേ നയം തന്നെ പലപ്പോഴും ഉപയോഗിക്കുന്നു. അഫ്ഘാന്‍ യുദ്ധത്തില്‍ പങ്കുചേരാന്‍ സൌദി രാജകുടുംബത്തെ അമേരിക്ക സമ്മതിപ്പിച്ചതും അവരുടെ കമ്മ്യൂണിസ്റ്റ് വിരോധം എന്ന തുറുപ്പു് കാണിച്ചുകൊണ്ടല്ലേ?

ജനങ്ങളെ ഇളക്കിവിടാന്‍ അനുയോജ്യമായ ശത്രുചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്ന തന്ത്രം ഭാരതത്തിലും സ്വാര്‍ത്ഥമതികളായ നേതാക്കള്‍ തന്മയത്വമായി ദുരുപയോഗം ചെയ്യുന്നതു് നമ്മള്‍ കാണുന്നില്ലേ? ശത്രുക്കള്‍ ഇല്ലാത്തിടത്തു് വിര്‍ച്വല്‍ ശത്രുക്കളെ സൃഷ്ടിക്കാന്‍ പോലും ഇക്കൂട്ടര്‍ മടിക്കാറുമില്ല.

ഭ്രമരന്‍ December 5, 2008 at 11:16 PM  
This comment has been removed by the author.
ഭ്രമരന്‍ December 5, 2008 at 11:21 PM  

ലേഖനം വളരെ മനോഹരം.
അൽ-ഖൈദയുടെ സാമ്പത്തിക സ്രോദസ്സുകൾ ഇപ്പോൾ എവിടെ നിന്നാണു?വഹാബിസ്സവും അൽ-ഖൈദയും തമ്മിൽ എന്താണു ബന്ധം?

സി. കെ. ബാബു December 6, 2008 at 9:08 AM  

ഭ്രമരന്‍,
എന്റെ ഈ വിഷയത്തിലെ കഴിഞ്ഞ പോസ്റ്റുകളില്‍ നിന്നും ഈ ചോദ്യങ്ങളുടെ മറുപടി വായിച്ചെടുക്കാന്‍ കഴിയുമെന്നാണെന്റെ വിശ്വാസം.

ഗുപ്തന്‍ December 8, 2008 at 6:12 PM  

ithu kaanaan vaiki maashE :)


nalla lekhanam . thanks

സി. കെ. ബാബു December 10, 2008 at 12:53 PM  

ഗുപ്തന്‍,

വൈകിയായാലും വരുന്നതാണു് ഒരിക്കലും വരാതിരിക്കുന്നതിലും എന്തുകൊണ്ടും ഭേദം എന്നു് ഞാന്‍ കഠിനമായി വിശ്വസിക്കുന്നു! :)

വന്നതിനും വായിച്ചതിനും നന്ദി.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP