Sunday, September 28, 2008

**മതഭീകരതയും സൗദി-അറേബ്യയും അമേരിക്കയും**

ന്യൂയോര്‍ക്ക്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ 1993-ല്‍ സംഭവിച്ച സ്ഫോടനത്തില്‍ ആരംഭിച്ചു്, സൗദി അറേബ്യ, കെനിയ, ടാന്‍സാനിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടര്‍ക്കി, സ്പെയിന്‍, ഇംഗ്ലണ്ടു്, ഈജിപ്ത്‌ മുതലായ വിവിധ രാജ്യങ്ങളിലെ സ്ഫോടനങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും പലവട്ടം ആവര്‍ത്തിക്കപ്പെട്ടു്, ആയിരക്കണക്കിനു് മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും, കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഏതാനും മതഭ്രാന്തന്മാര്‍ സൃഷ്ടിക്കുന്ന ഭീകരത എങ്ങനെ രൂപമെടുത്തു എന്നതിലേക്കു് ബ്ലോഗിന്റെ പരിമിതിയില്‍ നിന്നുകൊണ്ടുള്ള ഹ്രസ്വമായ ഒരു തിരിഞ്ഞുനോട്ടമാണിതു്.

1973-ലെ ഈജിപ്ത്‌-സിറിയന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ (Yom Kippur War) പഴയ (1948, 1956, 1967) 'അറബി-ഇസ്രായേ‍ലി' യുദ്ധങ്ങളില്‍ നിന്നു് വിപരീതമായി ആരംഭദശയില്‍ ഇസ്രായേലിനു് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. അതുവഴി രൂക്ഷമായ സാധനസാമഗ്രിക്ഷാമം അനുഭവിച്ച ഇസ്രായേല്‍ അമേരിക്കയോടു് സഹായം അഭ്യര്‍ത്ഥിക്കുന്നു. പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്സണ്‍ എമര്‍ജന്‍സി അടിസ്ഥാനത്തില്‍ ആയുധസാമഗ്രികളും മറ്റു് സഹായങ്ങളും എയര്‍ ലിഫ്റ്റ്‌ വഴി ഇസ്രായേലില്‍ എത്തിക്കാന്‍ തീരുമാനിക്കുന്നു. ഈജിപ്ത്‌, സിറിയ മുതലായ അറബിരാജ്യങ്ങള്‍ക്കു് ആയുധങ്ങള്‍ നല്‍കിയിരുന്നതു്റഷ്യയും, ഇസ്രായേലിനു് അമേരിക്കയും ആയിരുന്നു എന്നതിനാല്‍, ഇസ്രായേല്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ അതു് അമേരിക്കന്‍ ആയുധങ്ങളുടെ മേല്‍ റഷ്യന്‍ ആയുധങ്ങള്‍ കൈവരിച്ച വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നും, അതു് അനുവദിക്കാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടു്, ആദ്യനിലപാടുകള്‍ക്കു് വിപരീതമായി ഇസ്രായേലിനു് ആയുധസഹായം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തയ്യാറാവുകയായിരുന്നു.

അന്നത്തെ സൗദി രാജാവായിരുന്ന ഫൈസലിനെ ചൊടിപ്പിച്ച ഒരു നടപടിയായിരുന്നു അതു്. അതിനു് കാരണങ്ങളുമുണ്ടു്. രണ്ടാം ലോകമഹായുദ്ധകാലത്തു് ആദ്യം നിഷ്പക്ഷത പാലിക്കുകയും 1945-ല്‍ ജര്‍മ്മനിയോടു് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത സൗദി അറേബ്യയെ അമേരിക്കയും ഇംഗ്ലണ്ടും സാമ്പത്തികമായി സഹായിച്ചിരുന്നു. 1938-ല്‍ തന്നെ സൗദി അറേബ്യയില്‍ ഓയില്‍ കണ്ടെത്തിയിരുന്നെങ്കിലും ലോകയുദ്ധത്തിനു് ശേഷമാണു് ഓയിലിനുള്ള ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചതും സൗദികള്‍ക്കു് ഓയില്‍ ഒരു വരുമാനമാര്‍ഗ്ഗമായതും. അതുവരെ മെക്കാതീര്‍ത്ഥാടകരും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാര്‍ഗ്ഗങ്ങള്‍. സൗദി രാജകുടുംബത്തിനു് തീര്‍ത്തും സ്വാഗതാര്‍ഹമായിരുന്ന ഈ സാമ്പത്തികസഹായം ഒരു സൗദി-അമേരിക്കന്‍ സൗഹൃദമായി വളര്‍ന്നു. രണ്ടാം ലോകയുദ്ധശേഷം റഷ്യയും അമേരിക്കയും തമ്മില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന 'കോള്‍ഡ്‌ വാറില്‍' സൗദി അറേബ്യ അമേരിക്കന്‍ പക്ഷമായിരുന്നു. ഈ സൗഹൃദത്തിനിടയില്‍ സൗദി രാജകുടുംബത്തിന്റെ കണ്ണിലെ കരടായിരുന്നതു് അമേരിക്കയുടെ ഇസ്രായേല്‍ പക്ഷപാതം മാത്രമായിരുന്നു. അതേസമയം, അമേരിക്കയെ സംബന്ധിച്ചിടത്തോളം സൗദിയുമായുള്ള സൗഹൃദം നിലനിര്‍ത്തേണ്ടതു് സൗദിയിലെ ഓയിലിന്റെ പേരില്‍ ആവശ്യവുമായിരുന്നു. കൂടാതെ, റഷ്യയുടെ സ്വാധീനം മൂലം മറ്റു് അറബിരാജ്യങ്ങളില്‍ കമ്മ്യൂണിസം വളരുന്നതു് തടയാനും അമേരിക്കയ്ക്കു് ആ ഭാഗത്തു് ഒരു അറേബ്യന്‍ സഖ്യകക്ഷി പ്രയോജനകരമായിരുന്നു. സൗദി രാജകുടുംബത്തിന്റെ കമ്മ്യൂണിസ്റ്റ്‌ വിരോധം അതിനു് അനുയോജ്യവുമായി. ഈ രണ്ടു് രാജ്യങ്ങളുടെയും പൊതുസ്വഭാവമായ കമ്മ്യൂണിസ്റ്റ്‌ വിരോധം പല സന്ദര്‍ഭങ്ങളിലും ഭിന്നതകള്‍ മറന്നു് ഒരുമിച്ചു് നില്‍ക്കാന്‍ അവരെ നിര്‍ബന്ധിച്ചിട്ടുമുണ്ടു്.

ഇസ്രായേലിനെ സഹായിക്കാന്‍ അമേരിക്ക തയ്യാറായതില്‍ ക്ഷുഭിതനായ ഫൈസല്‍ രാജാവു് ഒരു ഓയില്‍ എംബാര്‍ഗൊ വഴി പ്രതികരിക്കുന്നു. അതുവഴി അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഓയില്‍ കിട്ടാനില്ലാതായി. ഏതാനും ആഴ്ചകള്‍കൊണ്ടു് ഓയിലിന്റെ വില ബാരലിനു് രണ്ടു് ഡോളറില്‍ നിന്നും പതിനേഴു് ഡോളറില്‍ എത്തി. വിയറ്റ്‌നാമില്‍ കമ്മ്യൂണിസത്തിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അമേരിക്കയ്ക്കു് ഒരു ഓയില്‍ എംബാര്‍ഗൊ ഒരു കാരണവശാലും താങ്ങാനാവുമായിരുന്നില്ല. എംബാര്‍ഗൊ അനിശ്ചിതമായി നീണ്ടുപോകുന്നതു് അമേരിക്കയെ വിയറ്റ്‌നാം യുദ്ധത്തില്‍ പൂര്‍ണ്ണപരാജയത്തിലേക്കു് നയിക്കുമെന്നതു് നിശ്ചയമായ കാര്യവുമായിരുന്നു. ഫൈസല്‍ രാജാവിനെ ഏതുവിധേനയും എംബാര്‍ഗൊയില്‍നിന്നും പിന്‍തിരിപ്പിക്കുക എന്ന നിര്‍ദ്ദേശവുമായി പ്രസിഡന്റു് നിക്സണ്‍ വിദേശകാര്യമന്ത്രി ഹെന്‍റി കിസിഞ്ചറെ സൗദി അറേബ്യയിലേക്കു് അയക്കുന്നു. പക്ഷേ, അറബി-ഇസ്രായേല്‍ സമാധാനചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതിനു് ശേഷമേ എംബാര്‍ഗൊയെപ്പറ്റി സംസാരിക്കൂ എന്ന നയമായിരുന്നു ഫൈസല്‍ രാജാവിന്റേതു്. അറബി-ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനു് സഹായകമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു് വച്ച കിസിഞ്ചര്‍ അവയ്ക്കു് അമേരിക്കയുടെ പൂര്‍ണ്ണമായ പിന്‍തുണ വാഗ്ദാനം ചെയ്തു. ഓയില്‍ എംബാര്‍ഗൊ നിലനില്‍ക്കുന്നിടത്തോളം എന്തെങ്കിലും ചെയ്യുക പ്രായോഗികമായി അസാദ്ധ്യമായിരിക്കുമെന്നും അതിനാല്‍ ആദ്യം എംബാര്‍ഗൊ പിന്‍വലിക്കണമെന്നുമുള്ള കിസിഞ്ചറിന്റെ തന്ത്രപൂര്‍വ്വമായ അപേക്ഷ അവസാനം ഫൈസല്‍ രാജാവു് അംഗീകരിച്ചു. കിസിഞ്ചര്‍ നല്‍കിയ വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ അഞ്ചുമാസം നീണ്ട എംബാര്‍ഗൊ അങ്ങനെ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു. പക്ഷേ കിസിഞ്ചര്‍ ഫൈസല്‍ രാജാവിനു് നല്‍കിയ വാഗ്ദാനം സ്വാഭാവികമായും പാലിക്കപ്പെട്ടില്ല.

പക്ഷേ ഈ ചര്‍ച്ചക്കും എംബാര്‍ഗൊ പിന്‍വലിക്കലിനുമൊക്കെ ഇടയില്‍ വളരെനാള്‍ രഹസ്യമായി സൂക്ഷിക്കപ്പെട്ട ചില നാടകങ്ങള്‍ വാഷിങ്ങ്ടണിലും പെന്റഗണിലും അണിയറകളില്‍ നടന്നുകൊണ്ടിരുന്നു. അമേരിക്കന്‍ നേവിയ്ക്കു് നിര്‍ബാധം ഓയില്‍ നല്‍കേണ്ടതു് Aramco (Arabian American Oil company) ആയിരുന്നു. ഓയില്‍ എംബാര്‍ഗൊ ഒരുവശത്തും വിയറ്റ്‌നാം യുദ്ധം മറുവശത്തുമായി 'ചെകുത്താനും കടലിനുമിടയില്‍' എന്ന അവസ്ഥയിലെത്തിയ അമേരിക്കയ്ക്കു് എംബാര്‍ഗൊ പിന്‍വലിപ്പിക്കുവാന്‍ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടായിരുന്നില്ല. അതിലൊന്നായിരുന്നു അമേരിക്കയിലെയും സൗദിയിലെയും Aramco പ്രതിനിധികള്‍ സ്വീകരിച്ച മറ്റൊരു തന്ത്രം. ഒരു രഹസ്യദൗത്യത്തിലൂടെ അവര്‍ സൗദികളുടെ കമ്മ്യൂണിസ്റ്റ്‌ വിരോധം എന്ന തുറുപ്പുചീട്ടു് ഇറക്കിക്കളിക്കാന്‍ തീരുമാനിക്കുന്നു. അറബി-ഇസ്രായേലി പ്രശ്നത്തിന്റെ ഗൗരവം അംഗീകരിച്ചുകൊണ്ടുതന്നെ, കമ്മ്യൂണിസത്തിനെതിരായുള്ള വിയറ്റ്‌നാം യുദ്ധത്തിനു് മുന്‍ഗണന നല്‍കാനുള്ള അമേരിക്കയുടെ താത്പര്യം സൗദികളുടെയും താത്പര്യമാണെന്നു് ഫൈസല്‍ രാജാവിനെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കു് വലിയ ബുദ്ധിമുട്ടു് വന്നില്ല. അറബ്‌ ലീഗിന്റെ ശത്രുത നേരിടേണ്ടിവന്നേക്കാമെന്നതു് കണക്കാക്കാതെ ഫൈസല്‍ രാജാവു് അമേരിക്കയ്ക്കു് അനുകൂലമായ തീരുമാനം എടുക്കുന്നു. അങ്ങനെ, Aramco രൂപം കൊടുത്ത ഒരു രഹസ്യ പ്ലാന്‍ വഴി, എംബാര്‍ഗൊ നിലനില്‍ക്കുമ്പോഴും, കിംഗ്‌ ഫൈസലിന്റെ മൗനാനുവാദത്തോടെ, പിന്നീടു് എംബാര്‍ഗൊ പിന്‍വലിക്കാന്‍ ചുമതലപ്പെട്ടവരെപ്പോലും മണ്ടന്മാരാക്കിക്കൊണ്ടു് ഓയില്‍ എത്തേണ്ടിടത്തു് തടസ്സമില്ലാതെ എത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങളോളം അതൊരു രഹസ്യമായി സൂക്ഷിക്കപ്പെട്ടു.

അതേസമയം തന്നെ, പരസ്യമോ രഹസ്യമോ ആയ ഒരു പദ്ധതിയും പ്രാവര്‍ത്തികമാവാതെ വരുന്ന ഒരു സാഹചര്യത്തെ നേരിടാനായി അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന ഹെന്‍റി കിസിഞ്ചറും, പ്രതിരോധമന്ത്രിയായിരുന്ന ജെയിംസ്‌ ഷ്ലീസിഞ്ചറും സൗദി അറേബ്യയില്‍ ഒരുപക്ഷേ വേണ്ടിവന്നേക്കാവുന്ന ഒരു ഇന്‍വേഷന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. അതായതു്, കിംഗ്‌ ഫൈസല്‍ തുടര്‍ന്നും എംബാര്‍ഗൊയില്‍ കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ 'സുഹൃത്തായ' അമേരിക്ക 1973-ല്‍ ഓയില്‍ സപ്ലൈ തടസ്സപ്പെടാതിരിക്കാനായി സൗദി അറേബ്യയെ ആക്രമിക്കുവാന്‍ മടിക്കുമായിരുന്നില്ല. എംബാര്‍ഗൊയുടെ കാര്യത്തില്‍, ചുരുങ്ങിയപക്ഷം അമേരിക്കയുടെ നേരെയെങ്കിലും, അല്‍പം അയഞ്ഞ നയം കൈക്കൊള്ളുവാന്‍ ഫൈസല്‍ രാജാവു് തീരുമാനിച്ചതുവഴി ഒരുപക്ഷേ സംഭവിച്ചേക്കാമായിരുന്ന ഒരു സൗദി-അമേരിക്കന്‍ യുദ്ധം ഒഴിവായി.

എംബാര്‍ഗൊ കഥകളെല്ലാം ഒരുവിധം ഒതുങ്ങിയ 1975-ലെ ഒരു മാര്‍ച്ച്‌ 25-നു് കിംഗ്‌ ഫൈസല്‍ ഒരു കുടുംബാംഗത്താല്‍ കൊലചെയ്യപ്പെട്ടു. ഒരു കുവൈറ്റ്‌ ഡെലിഗേഷനില്‍ സൂത്രത്തില്‍ കയറിപ്പറ്റി സൌദി കൊട്ടാരത്തിലെത്തിയ, ഒരു അനന്തരവനായ ഫൈസല്‍ ബിന്‍ മുസഇദ്‌ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. ചിത്രപ്രദര്‍ശനം ഇസ്ലാം വിരുദ്ധമാണെന്ന വാദവുമായി റിയാദിലെ ഒരു ടെലിവിഷന്‍ സ്റ്റേഷനിലേക്കു് പ്രകടനം നടത്തിയപ്പോള്‍ വെടിയേറ്റു് 1965-ല്‍ മൗലികവാദിയായിരുന്ന അവന്റെ ഒരു സഹോദരന്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കിംഗ്‌ ഫൈസലിന്റെ മരണശേഷം പ്രിന്‍സ്‌ ഖാലിദ്‌ രാജാവായി. പക്ഷേ ഭരണത്തേക്കാള്‍ പക്ഷിവേട്ടയില്‍ തല്‍പരനായിരുന്ന ഖാലിദ്‌ രാജാവു് ഭരണകാര്യങ്ങള്‍ പ്രിന്‍സ്‌ ഫാഹ്‌ദിലേക്കു് സന്തോഷപൂര്‍വ്വം തള്ളിവിട്ടുകൊണ്ടിരുന്നു. അധികാരം ഖാലിദിനെങ്കിലും എല്ലാ രാഷ്ട്രീയകാര്യങ്ങളും നിയന്ത്രിച്ചിരുന്നതു് പ്രിന്‍സ്‌ ഫാഹ്‌ദ്‌ ആയിരുന്നു.

1973-ല്‍ ഓയിലിന്റെ വില വര്‍ദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് ആ രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളര്‍ച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവര്‍ഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വരുമാനം 45 ബില്യണ്‍ സൗദി റിയാല്‍ ആയിരുന്നതു് രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യണ്‍ റിയാലിലും കൂടുതല്‍ ആയി വര്‍ദ്ധിച്ചിരുന്നു! സൗദികളുടെ ഈ 'ഓയില്‍ ബൂം' പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകര്‍ഷിച്ചു. ഈ വളര്‍ച്ചയെ താങ്ങാന്‍ വേണ്ട തൊഴില്‍ശക്തി ഇല്ലാതിരുന്ന സൗദികള്‍ വിദേശീയരെ ജോലിക്കായി എടുക്കാന്‍ നിര്‍ബന്ധിതരായി. എന്തെങ്കിലും ഒരു ജോലി ചെയ്യേണ്ട ആവശ്യമേ സൗദികള്‍ക്കില്ല എന്ന അവസ്ഥ വന്നു.

സാമ്പത്തികവളര്‍ച്ചയുടെ ഭയാനകമായ വേഗത സ്വാഭാവികമായും സമൂഹത്തിലെ വിപരീത ഘടകങ്ങള്‍ തമ്മില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു് വഴിയൊരുക്കി. ഒരുവശത്തു്, 'ഓയില്‍ബൂം' വഴി സൗദിയില്‍ എത്തിച്ചേര്‍ന്ന പാശ്ചാത്യജീവിതരീതികളുടെ സ്വാധീനം. മറുവശത്തു്, ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മാത്രം മാനസികവളര്‍ച്ച പ്രാപിക്കാത്തവരും, പാശ്ചാത്യസൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലും ഉള്ളിന്റെയുള്ളില്‍ 'അവിശ്വാസികളായ' പാശ്ചാത്യരെ വെറുപ്പോടെ വീക്ഷിക്കുന്നവരുമായ, എഴുപതു് ശതമാനത്തിലധികം വരുന്ന, മൗലികവാദികള്‍ എന്നു് പറയാവുന്നത്ര യാഥാസ്ഥിതികരായ ഇസ്ലാം വിശ്വാസികളായ ജനങ്ങളും! ഈ മതമൗലികവിഭാഗത്തിന്റെ പ്രതിനിധികള്‍ സാമൂഹിക നവീകരണം ലക്‍ഷ്യമാക്കിയ സൗദി രാജകുടുംബത്തില്‍ തങ്ങളുടെ ശത്രുചിത്രങ്ങളെ കണ്ടെത്തി. ഫൈസല്‍ രാജാവിന്റെ പൗത്രനായ പ്രിന്‍സ്‌ അമ്ര് അല്‍ ഫൈസലിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍: 'ഈന്തപ്പഴം തിന്നു്, ഒട്ടകപ്പാലു് കുടിച്ചു് മരുഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തൂക്കിയെടുത്തു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിച്ചു' എന്ന സാഹസത്തിന്റെ തിക്തഫലം കാണാന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ബൗദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയുടെ പിന്‍ബലമില്ലാതെ സംഭവിക്കുന്ന സാമ്പത്തികവളര്‍ച്ചക്കു് യഥാര്‍ത്ഥമായ സാമൂഹികവളര്‍ച്ചയെ പ്രതിനിധാനം ചെയ്യാനാവില്ലല്ലോ.

സമ്പത്തിന്റെ പെരുപ്പത്തില്‍ മാത്രം അധിഷ്ഠിതമായി തലകറങ്ങുന്ന വേഗതയില്‍ സൗദി അറേബ്യയില്‍ സംഭവിച്ച ഈ സാമൂഹികമാറ്റങ്ങള്‍ക്കെതിരായി രൂപം കൊണ്ട പ്രതിഷേധത്തിന്റെ ഒരു മുഖമാണു് മെക്കയിലെ ഗ്രാന്‍ഡ്‌ മോസ്ക്‌ പിടിച്ചെടുക്കാന്‍ 1979-ല്‍ നടന്ന ശ്രമം. Juhayman al-Otaibi എന്ന സൗദി ഉപദേശിയുടെ നേതൃത്വത്തില്‍ 1979 നവംബര്‍ 20-നു് (അറേബ്യന്‍ കലണ്ടര്‍ പ്രകാരം, പുതുവര്‍ഷത്തിലെ ആദ്യദിവസം) ആയുധധാരികളായ വിമതര്‍ (ഇവരുടെ എണ്ണം പല രേഖകളിലും പലതാണു്! പറയുന്നതാരെന്നനുസരിച്ചു് ഇരുന്നൂറു്, അഞ്ഞൂറു്, ആയിരത്തിനുമേല്‍ എന്നിങ്ങനെ പല കണക്കുകള്‍ കാണാനാവും!) ഗ്രാന്‍ഡ്‌ മോസ്കില്‍ ഒളിച്ചുകയറി പ്രഭാതനമസ്കാരസമയത്തു് മൈക്ക്‌ പിടിച്ചുവാങ്ങി 'മശീഹാ എത്തിയിരിക്കുന്നു, എല്ലാവരും വന്നു് വണങ്ങുവിന്‍' എന്നു് പ്രഖ്യാപിക്കുകയായിരുന്നു! പള്ളിയിലെ ഭക്തജനങ്ങളെ അവര്‍ തടവുകാരാക്കി. (അവരില്‍ കുറെപ്പേരെ പിന്നീടു് വിട്ടയച്ചു.) മുസ്ലീമുങ്ങള്‍ ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലം എന്നു് വിശ്വസിക്കുന്ന പള്ളിയുടെ ഗോപുരങ്ങളില്‍ നിന്നും വെടിയും പുകയും ഉയര്‍ന്നു! അവിടെ ഏതോ ഫിലിം ഷൂട്ട്‌ ചെയ്യുകയായിരിക്കുമെന്നാണത്രെ ചില ദൃക്‌സാക്ഷികള്‍ കരുതിയതു്!

സൗദി അറേബ്യയില്‍ ഏതു് രാഷ്ട്രീയ തീരുമാനവും ഇസ്ലാംനിയമങ്ങളുടെ ഒരു അരിപ്പയിലൂടെ കടന്നുപോകേണ്ടതുണ്ടു്. അതിനു് ചുമതലപ്പെട്ടവരായ ulema എന്നറിയപ്പെടുന്ന ഇസ്ലാം പണ്ഡിതരുടെ അംഗീകാരം മുന്‍കൂട്ടി വാങ്ങിയിരിക്കേണ്ടതു് സൗദിരാജാവിന്റെ തീരുമാനങ്ങളുടെ നിയമസാധുത്വത്തിനു് അനുപേക്ഷണീയമാണു്. അതിനാല്‍, അതിവിശുദ്ധമായ al-Haram പള്ളിയില്‍ ഒളിച്ചിരിക്കുന്ന മൗലികവാദികളെ പുറത്തുചാടിക്കാന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നതു് ഇസ്ലാം വിശ്വാസവുമായി പൊരുത്തപ്പെടുമോ ഇല്ലയോ എന്നതു് സംബന്ധിച്ചു് ulema-യുടെ അന്തിമാഭിപ്രായം ആരായേണ്ടതു് സൗദിരാജാവിന്റെ കടമയായിരുന്നു. പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചവരെ വിമതരായി പ്രഖ്യാപിച്ചുകൊണ്ടു്, രാജാവിന്റെ അധികാരസാധുത്വത്തിനു് ഭംഗം വരുത്താതെ, മതപണ്ഡിതര്‍ (ulema) ഒരു fatwa വഴി ആക്രമണത്തിനു് അനുമതി നല്‍കി. പ്രധാനകവാടം വഴി നേരിട്ടുള്ളതും വിപുലമായതുമായ ഒരാക്രമണത്തിനാണു് സൗദികള്‍ ആദ്യം തീരുമാനിച്ചതു്. പക്ഷേ ആ ശ്രമം ദയനീയമായി പരാജയപ്പെട്ടു. ധാരാളം യോദ്ധാക്കള്‍ വിമതരുടെ വെടിയേറ്റു് മരിക്കേണ്ടിവന്നു.

അവസാനം, സൗദി രാജകുടുംബം ഇത്തരം പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ്‌ ചെയ്ത ഫ്രഞ്ച്‌ പോലീസ്‌ വിഭാഗത്തിന്റെ (GIGN) സഹായം തേടി. ഗ്യാസും മറ്റു് ഉപകരണങ്ങളും സപ്ലൈ ചെയ്യുകയും അവ ഉപയോഗിക്കേണ്ടതു് എങ്ങനെ എന്നു് മുസ്ലീം യോദ്ധാക്കളെ പരിശീലിപ്പിക്കുകയും മാത്രമായിരുന്നു ഫ്രാന്‍സിനു് ഈ പ്രശ്നത്തില്‍ ഉണ്ടായിരുന്ന പങ്കു് എന്നതാണു് സൗദികളുടെ ഔദ്യോഗിക നിലപാടു്. 'അവിശ്വാസികളായ' ഫ്രഞ്ചുകാര്‍ പള്ളിയില്‍ പ്രവേശിക്കാതിരിക്കേണ്ടതു് മൗലികവാദികള്‍ ബഹളം വയ്ക്കാതിരിക്കാന്‍ ആവശ്യവുമായിരുന്നു. (ഫ്രഞ്ചുകാരില്‍ മൂന്നുപേരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇസ്ലാമിലേക്കു് 'അത്യാവശ്യമതപരിവര്‍ത്തനം' നടത്തി എന്നും മറ്റുമുള്ള ചില വേര്‍ഷനുകളും ഇതിനോടനുബന്ധമായി നിലവിലുണ്ടു്.) ഏതായാലും പതിനെട്ടു് ദിവസങ്ങളോളം വിമതര്‍ പിടിച്ചുനിന്നു. ജീവനോടെ പിടിക്കപ്പെട്ട 63 (ചിലയിടങ്ങളില്‍ 67 എന്നും കാണുന്നുണ്ടു്.) പേര്‍ പരസ്യമായി വധിക്കപ്പെട്ടു.

പള്ളി തിരിച്ചു് പിടിച്ചശേഷം സാമൂഹികനവീകരണം തുടരുന്നതിനു് പകരം വിമതരോടു് അനുഭാവം പുലര്‍ത്തിയിരുന്ന യാഥാസ്ഥിതികരെ തൃപ്തിപ്പെടുത്തുന്നതിനായി ഇസ്ലാം നിയമങ്ങള്‍ കര്‍ശനമാക്കുവാനാണു് സൗദി രാജകുടുംബം തീരുമാനിക്കുന്നതു്! എങ്കിലും, ഈ സംഭവം ഇസ്ലാമിലെ ഗണനീയമായ ഒരു വിഭാഗം മൗലികവാദികളുടെ പ്രതിഷേധപ്രസ്ഥാനമായി കാണാതെ, ഒറ്റപ്പെട്ടതും അപ്രധാനവുമായ ഒന്നായി ചിത്രീകരിക്കുവാനായിരുന്നു സൗദി രാജകുടുംബത്തിനു് കൂടുതല്‍ താത്പര്യം. മതമൗലികവാദികളുടെ ഈ വിഭാഗത്തിലാണു് പില്‍ക്കാലത്തു് 'അല്‍ ഖാഇദ' എന്ന, അന്തര്‍ദേശീയ ടെറര്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനേതാവായ ഒസാമ ബിന്‍ ലാദന്റെ വേരുകള്‍.

അടുത്തതില്‍: ഖുമൈനി, സദ്ദാം, ബിന്‍ ലാദന്‍ ആന്‍ഡ്‌ കൊ

28 comments:

കാവലാന്‍ September 28, 2008 at 5:45 PM  

{ഠേ}......

((( ഠോ )))........

[[[ ഠും ]]]

ആദ്യത്തെ എരട്ടക്കൊഴല്‍ തോക്ക്,
രണ്ടാമത്തെ ഏകെ 47, മൂന്നാമത്തെ ലേറ്റസ്റ്റ് ദിവ്യബോംബ്.... കൊല്ലുന്നവന്‍ സ്വര്‍ഗ്ഗത്തിലും,ചാവുന്നവന്‍ നരകത്തിലുമെത്തുന്ന ദൈവീക ബോംബ്!!!.

ഇങ്ങനെയൊക്കെയല്ലാതെ ഇതിപ്പൊ എങ്ങന്യാ ഒന്ന് ഉദ്ഘാടിയ്ക്കുക???

ഞമ്മളിനിയീ ബയിക്കില്ലേയ് ജീവനീ പ്പേടിയുള്ളതോണ്ടാ ഒന്നും കര്തര്ത് :)

യാരിദ്‌|~|Yarid September 28, 2008 at 6:01 PM  

എത്രയൊക്കെ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടു വന്നാലും സൌദിയില്‍ നടക്കേണ്ടതു നിര്‍ബാധം നടക്കുന്നുണ്ട്. അമേരിക്കക്കാര്‍ക്കും ബ്രിട്ടിഷുകാര്‍ക്കും ഒരു നിയമവും മറ്റുള്ള രാജ്യങ്ങള്‍ക്ക് മറ്റൊരു നിയമവുമാണ് അവിടെ. സൌദി അറേബ്യയുടെ ഇപ്പോള്‍ ഭരിക്കുന്ന രാ‍ജവംശം തന്നെ അവിടത്തെ പരമ്പരാഗതരായ ബദൂയിനുകളുടെ (?) ഭരണത്തെ അട്ടിമറിച്ചാണ് നിലവില്‍ വന്നത് എന്ന് കേട്ടീട്ടുണ്ട്. കറുത്ത വംശജരായ അറബികളെ( കാട്ടറബികളെന്നു നുമ്മളു മലയാളീസ് പറയും) അധികാരത്തില്‍ നിന്നും അടിച്ചോടിച്ചാണ് കിംഗ് ഫൈസലിന്റെ രാജവംശത്തിന്റെ തുടക്കമെന്നും. അമേരിക്കയിലേക്ക് കുടിയേറിയ ക്രിമിനലുകളായ വെള്ളക്കാര്‍ അവിടത്തെ റെഡ് ഇന്‍ഡ്യാക്കാരായ തദ്ദേശിയരെ ഇല്ലായ്മ ചെയ്തതു പോലെ,ആര്യന്മാര്‍ ഇന്ത്യയില്‍ ചെയ്തതു പോലെ സൌദിയിലെ തദ്ദേശിയരായ കറുത്ത അറബികളില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്.
ഒരു ഭാഗത്തു അമേരിക്കയെ സപ്പോറ്ട്ട് ചെയ്യുന്നതോടു കൂടെ തന്നെ മറുഭാഗത്തു ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്കു ചെല്ലും ചെലവും കൊടൂത്തു വളര്‍ത്തുന്നതും സൌദി അറേബിയ തന്നെ. കോടീക്കണക്കിനു പെട്രോഡോളറാണ് ഇതിനു വേണ്ടി സൌദി അറേബ്യ ചെലവിടുന്നതു. എന്നാല്‍ ന്യായമായ യാതൊന്നിനും സൌദിയുടെ പിന്തുണയുമില്ല. പലസ്തീന്‍ എന്നൊരു അറബ് രാജ്യം ഉണ്ടെന്ന യാതൊരു പരിഗണനയും ഇല്ലാതെയാണ് സൌദി അറേബ്യ മറ്റുള്ള രാജ്യങ്ങളില്‍ തീവ്രവാദികള്‍ക്കു പണം ഒഴുക്കുന്നത്.

ലോകമെമ്പാടുമുള്ള എകാധിപതികളെ അവിടങ്ങളിലെ ജനങ്ങള്‍ പുറത്താക്കുമ്പൊഴെല്ലാം അവര്‍ക്കു കൈത്താങ്ങുമായെത്തി ഷെല്‍റ്റര്‍ നല്‍കുന്നത് സൌദിയാണെന്ന് അറിയാന്‍ കഴിയും. അമേരിക്കന്‍ ഭീകരതയുടെ മിഡില്‍ ഈസ് വേറ്ഷനാണ് സൌദി അറേബ്യ. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ വലം കൈ ഇസ്രയേലും, ഇടം കൈ സൌദിയും തന്നെ. പക്ഷെ ഒരു കൈ ചെയ്യുന്നതു മറു കൈ അറിയാതിരിക്കാനുള്ള സാമര്‍ത്ഥ്യം യാങ്കിക്കുള്ളതു കൊണ്ട് കാര്യങ്ങള്‍ സ്മൂത്തായി നടക്കുന്നു അവിടെ.....

അറിയാത്ത പലതും അറിയാന്‍ കഴിയുന്നു ഇതൊക്കെ വഴി. പക്ഷെ സോഴ്സ് കൂടെ കൊടുത്താല്‍ നന്നായിരുന്നു...!

മെയിലിംഗ് ലിസ്റ്റില്‍ എന്റെ ഐ ഡീ കൂടെ ചേര്‍ക്കൂ‍ ബാബു മാഷെ...
yaridmr at gmail dot com

സി. കെ. ബാബു September 28, 2008 at 8:15 PM  

കാവലാന്‍,
ജീവനില്‍ പേടിയോ? കൊന്നാലും കൊല്ലണേന്റെ എടേലു് ചത്താലും സ്വര്‍ഗ്ഗത്തിലെത്തും. അവിടെ നല്ല മൊഞ്ചത്തി കന്യകമാരല്ലേ നിരനിരയായി നല്ല ഒന്നാംതരം ബിരിയാണീം നെയ്ച്ചോറുമൊക്കെയായി അങ്ങനെ ആറ്റുനോറ്റു് കാത്തിരിക്കുന്നതു്? വേണോങ്കി നാടന്‍ കടുമാങ്ങാ അച്ചാറു് പോലും അവിടെ കിട്ടുമെന്നാ കേള്‍വി! പിന്നെ എന്തിനാ പേടി? :)

(തലയില്ലാത്ത ഉടലുമായി സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോ അതുകൊണ്ടൊക്കെ എന്നാ ചെയ്യാനാന്നു് ആര്‍ക്കറിയാം! ജീവിച്ചിരുന്നപ്പോ അപ്പനു് ഒരുനേരത്തെ ആഹാരം കൊടുക്കാത്ത മക്കള്‍ കാരണവര്‍ വെള്ളമിറങ്ങാതെയും മിണ്ടാനാവാതെയും കിടന്നപ്പോള്‍ അപ്പന്റെ സ്വത്തിനുവേണ്ടി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിക്കൊണ്ടു് ചെന്നപ്പോള്‍ “ഇനി ആഹാരം അങ്ങോട്ടു് വച്ചാല്‍ മതി” എന്നു് ആസനത്തിലേക്കു് വിരല്‍ ചൂണ്ടിക്കാണിച്ചു എന്നൊരു കഥ കേട്ടിട്ടുണ്ടു്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ വിരലുണ്ടെങ്കില്‍ അങ്ങനെ ചൂണ്ടിക്കാണിക്കുകയോ മറ്റോ ചെയ്യാം അല്ലേ?) :)

യാരിദ്,
അറബിയുടെ ആദിമുതലുള്ള കഥ കൊല്ലിന്റെയും കൊലയുടെയും ചോര ഒഴുക്കലിന്റെയുമാണു്. വഹാബി മൂവ്‌മെന്റ്, സൌദി കുടുംബം, ഒട്ടോമാന്‍സ്, റഷീദീസ്... വിശ്വാസത്തിന്റെ മൂടുപടം വാരിപ്പുതച്ചു് വിശുദ്ധമാക്കപ്പെടുന്ന ക്രൂരതകള്‍! ഒരു ആധുനിക ജനാധിപത്യലോകത്തിനു് ഏറ്റെടുക്കാവുന്ന ഏതെങ്കിലും ഒരു നന്മ സൌദിയുടെ ചരിത്രം നമുക്കു് നല്‍കുന്നില്ല. തത്വത്തില്‍ അവര്‍‍‍ പോക്കറ്റ് നിറയെ പണവുമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ശരീരങ്ങളും ആറാം നൂറ്റാണ്ടിലെ മനസ്സുകളുമാണു്. ‍

അടുത്തതില്‍ അല്പം സൌദിചരിത്രം എഴുതണമെന്നുണ്ടു്. പലയിടങ്ങളില്‍ നിന്നു് തപ്പിയെടുക്കുന്നതാണിവ. ഇന്റര്‍നെറ്റില്‍ പല വിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടു്. വരികളുടെ ഇടയിലൂടെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ തെറ്റിദ്ധരിപ്പിക്കപ്പെടും. ദീര്‍ഘനാളത്തെ പരിശ്രമം വഴി ഒരു പരിധി വരെയെങ്കിലും വായിക്കുന്നവയിലെ നിഷ്പക്ഷമായ വസ്തുതകള്‍‍ കണ്ടെത്താന്‍ ഞാന്‍ എന്റേതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ലിസ്റ്റില്‍ ഐ.ഡി. ചേര്‍ത്തിട്ടുണ്ടു്.

നമ്മൂടെ ലോകം September 28, 2008 at 8:40 PM  

"പക്ഷേ കിസിഞ്ചര്‍ ഫൈസല്‍ രാജാവിനു് നല്‍കിയ വാഗ്ദാനം സ്വാഭാവികമായും പാലിക്കപ്പെട്ടില്ല."

ഈ ചരിത്രകഥയെന്തു വേണമെങ്കിലുമാവട്ടെ - ഇന്ന്ത്തെ ലോക രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഈ വാചകം നമ്മുക്കു ഒരു പാഠമാവേണ്ടതുണ്ട്. അന്നേമുതലുള്ള യാങ്കികളുടെ തനി നിറം!

പാലം കടക്കുവോലം നാരയണ - പാലം കടന്നാല്‍ കൂരായണ!

സി. കെ. ബാബു September 28, 2008 at 9:13 PM  

നമ്മുടെ ലോകം,

ഏതു് negotiation-ലും പാര്‍ട്ണറുടെ eye level-ല്‍ നിന്നു് സംസാരിക്കാന്‍ എന്തു് കാരണം കൊണ്ടായാലും നമുക്കു് കഴിയാതിരുന്നാല്‍ നമ്മള്‍ ചൂഷണം ചെയ്യപ്പെടും. പ്രത്യേകിച്ചും അമേരിക്ക അതു് പലവട്ടം തെളിയിച്ചിട്ടുണ്ടു്. അതുകൊണ്ടു് ഒരു ലോകശക്തിയായ അമേരിക്കയെ ഒഴിവാക്കണം എന്നല്ല. നമ്മുടെ താത്പര്യങ്ങള്‍ ആരുടെ മുന്നിലും വിജയകരമായി പ്രതിനിധീകരിക്കാനുള്ള കഴിവിലേക്കു് വളരുകയാണു് ആവശ്യം. പക്ഷേ നമ്മുടെ ‍പല സാമൂഹികഘടനകളും അത്തരമൊരു വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ല എന്നതാണു് ദുഃഖകരമായ സത്യം. അതിന്റെ കാരണങ്ങള്‍ അധികപങ്കും ചരിത്രപരമാണു്.

സിമി September 28, 2008 at 9:35 PM  

ഒരിക്കലും പോവരുത് എന്ന് ആഗ്രഹമുള്ള ഒരേയൊരു രാജ്യമാണ് സൌദി.

Sheikh Yamani, the former Saudi Oil Minister, said in 1973 during the first oil shock: "The stone age didn't end because we ran out of stones." - b.b.c. -ല്‍ നിന്നും അടിച്ചുമാറ്റിയത് :-)

സി. കെ. ബാബു September 28, 2008 at 10:18 PM  

സിമി ഒരുപക്ഷേ കേട്ടുകാണും: ഒരു സൌദിപിതാവു് മകള്‍ ക്രിസ്തുമതം സ്വീകരിച്ചു എന്നതിന്റെ പേരില്‍ അവളുടെ നാക്കു് മുറിക്കുകയും അവളെ കത്തിക്കുകയും ചെയ്തത്രെ! ഈ ക്രൂരതയേക്കാള്‍ വലിയ ക്രൂരതയാണു് ഈ വാര്‍ത്തയുടെ താഴെ ഈ കാട്ടാളത്തം നീതീകരിക്കാനായി കൊടുത്തിരിക്കുന്ന നിയമം! “ഇസ്ലാംമതം ഉപേക്ഷിക്കുന്നവരെ കൊല്ലുന്നതു് അനുവദനീയമാണു്”!

ഇതുപോലെ എത്രയെത്ര ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍! എട്ടും ഒന്‍പതും വയസ്സു് മാത്രം പ്രായമുള്ള കുട്ടികളെ അന്‍പതും അറുപതും വയസ്സുള്ള കിഴവന്മാര്‍ (അവര്‍ സാക്ഷാല്‍ “ദൈവഭക്തരാണു്‍”!) വിവാഹം‍ കഴിച്ചതിന്റെയും മറ്റും കഥകള്‍! കത്തുന്ന കെട്ടിടത്തില്‍നിന്നു് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ അവര്‍ “ശരിയായ” രീതിയിലുള്ള വസ്ത്രമല്ല ധരിച്ചിരുന്നതു് എന്നതിന്റെ പേരില്‍ തിരിച്ചു് തീയിലേക്കു് ഓടിച്ചു് കയറ്റിയതിന്റെ കഥ! പക്ഷേ ഈ നാറിത്തരമൊന്നും പോരെന്നമട്ടില്‍ അതു് നീതീകരിക്കാന്‍ “വിശുദ്ധവാക്യങ്ങള്‍” ഉദ്ധരിക്കുന്നതും വ്യാഖ്യാനിക്കുന്നതുമൊക്കെ കേള്‍ക്കേണ്ടിയും കൂടി വരുമ്പോഴാണു് ശരിക്കും ഛര്‍ദ്ദിക്കാന്‍ തോന്നുന്നതു്! ഇതൊക്കെ ഏതെങ്കിലും ഒരു ദൈവം നല്‍കിയ കല്പനകളാണെങ്കില്‍ അതൊരു നാറിയ ദൈവം തന്നെ!

തോന്ന്യാസി September 29, 2008 at 7:11 AM  

ബാബു മാഷേ,

നല്ല ഒഴുക്കുള്ള ആഖ്യാന രീതി...പതിവുപോലെ നന്നായിരിയ്ക്കുന്നു.

പരമ്പര മുഴുവനാകട്ടെ, എന്നിട്ട് വിശദമായ കമന്റ്....

പിന്നെ ലിസ്റ്റിലേക്ക് എന്റെ ഐഡി prasanthchemmalaATgmailDOTcom

ചേര്‍ക്കാന്‍ മറക്കല്ലേ.........

സി. കെ. ബാബു September 29, 2008 at 8:31 AM  

തോന്ന്യാസി,

വായനക്കു് നന്ദി. ID ചേര്‍ത്തിട്ടുണ്ടു്.

Aakash September 29, 2008 at 10:42 AM  

നല്ല ഉദ്യമം ബാബു മാഷേ... പക്ഷെ ചിലരുടെ റെറ്റിനയില്‍ ഇവ പതിയും എന്ന് തോന്നുന്നില്ല... തീവ്രവാദികള്‍ മതം ഇല്ലാത്ത മനുഷ്യരാണ് എന്നാണ് വാദം.

ആഗോള തലത്തില്‍ ഇസ്ലാമിക ഭീകരത വളരുന്നതില്‍ സൌദിക്കുള്ള പങ്ക് മുഖ്യമാണ്. റഷിദി - സൌദ്‌ ഗോത്രങ്ങള്‍ തമ്മിലുള്ള കുടിപ്പകയും രക്ത പങ്കിലമായ പോരാട്ടങ്ങളും അറേബ്യന്‍ മരുഭൂ നിവാസികളുടെ യുദ്ധം എന്നതിനെക്കാള്‍ ഇസ്ലാമികമായ ഒരു പരിവേഷം ഉണ്ടായിരുന്നില്ല.

സൌദ്‌ കുടുംബം അബ്ദുല്‍ വഹാബിന്റെ സഹായത്തോടെ ആദ്യ സൗദി രാജ്യം സ്ഥാപിക്കുന്നതോടെ (1744) യഥാസ്ഥിതിക ഇസ്ലാം അതിന്റെ ദൂരവ്യാപകമായ ഇടപെടലുകളുടെ തുടക്കം കുറിക്കുകയിരുന്നു. വഹാബി പോരാളികള്‍ രാജ്യം കയ്യടക്കിയിട്ടും യുദ്ധം മതിയാക്കാതെ രാജ്യത്തിനകത്തും പോരാട്ടം തുടര്‍ന്നു. (ചരിത്രം അഫ്ഗാനിസ്ഥാന്‍ ജിഹാദില്‍ ആവര്‍ത്തിച്ചു). ചരിത്ര സ്മാരകങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു. ആറാം നൂറ്റാണ്ടിലെക്കുള്ള പൂര്‍ണമായ ഒരു തിരിച്ചു പോക്കായിരുന്നു അത്.

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ ചരിത്രത്തിനു ശേഷം സൌദ്‌ കുടുംബം വിശാല സൗദി അറേബ്യയില്‍ പിടി മുറുക്കി. പിന്നീട് എണ്ണയുടെ കണ്ടെത്തലാണ് ആ രാജ്യത്തെ, ഒരു പക്ഷെ ആധുനിക ലോകത്ത് ഒറ്റപ്പെട്ടു പോകേണ്ടിയിരുന്ന അവസ്ഥയില്‍ നിന്നും ഉയര്‍ത്തിയത്‌. പക്ഷെ സൌദിയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ടത് എണ്ണ മാത്രം ആയിരുന്നില്ല, വഹാബിസം കൂടിയായിരുന്നു. ദിയൊബന്ദി മൂവ്മെന്റ് അടക്കം ഇന്നത്തെ ഭീകരവാദത്തിന്റെ വിത്ത് പാകിയത്‌ സൌദിയില്‍ നിന്നുമായിരുന്നു.

സൌദിയില്‍ ഇന്നും നടക്കുന്നത് വിശ്വസിക്കാന്‍ എളുപ്പമല്ല. 2002 ഇല്‍ മക്കയിലെ ഒരു ഗേള്‍സ് സ്കൂളിന് തീ പിടിച്ചപ്പോള്‍ രക്ഷാ പ്രവര്‍ത്തകരെ അകത്തു കടക്കാന്‍ അനുവദിക്കാത്ത വിധം ഒരു ജനത ബ്രെയിന്‍ വാഷ് ചെയ്യപെട്ടു. അധികാരം നിലനിര്‍ത്താന്‍ സൌദ്‌ രാജവംശം കൂടുപിടിച്ച വഴി ഇന്നു അവര്‍ക്കാണ് ഏറ്റവും ഭീഷിണി എന്നത് ചരിത്രത്തിന്റെ മറ്റൊരു തമാശ.

ഓ ടോ :
പൊട്ടിത്തെറിച്ച് സ്വര്‍ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് കന്യകമാരെ തന്നെയാണൊ എന്ന് ഉറപ്പിക്കേണ്ട.

സി. കെ. ബാബു September 29, 2008 at 11:52 AM  

aakash,
നന്ദി. പ്രത്യേകിച്ചും ആദ്യത്തെ ലിങ്കിനു്. ആ വാര്‍ത്ത‍ വായിച്ച ഓര്‍മ്മയെ ഉണ്ടായിരുന്നുള്ളു.

വഹാബി മൂവ്മെന്റിന്റെ സ്ഥാപകനെ‍ (Muhammad ibn Abdal-Wahab) സ്വാധീനിച്ചതു് 1328-ല്‍ മരിച്ച Ibn Taymiyah എന്ന പണ്ഡിതന്റെ ഫണ്ടമെന്റലിസം ആയിരുന്നല്ലോ. അങ്ങനെ പുറകോട്ടു് പോയാല്‍ എപ്പൊഴെങ്കിലും നമ്മള്‍‍ മുഹമ്മദ് നബിയില്‍ എത്തിച്ചേരും. ഏതു് മതത്തിലെയും വിശ്വാസപരമായ കാര്യങ്ങളുടെ അടിസ്ഥാനം തേടിയാല്‍ നമ്മള്‍ എത്തിച്ചേരുന്നതു് അന്തിമമായി മനുഷ്യരില്‍ മാത്രമേ ആവൂ. മതസ്ഥാപകരും മതപണ്ഡിതരും‍ അവരുടെ നിലപാടുകള്‍ക്കു് ദിവ്യത്വവും അതുവഴി വിശ്വാസയോഗ്യതയും നല്‍കുവാന്‍ ദൈവം എന്ന മനുഷ്യനിര്‍മ്മിതവാക്കിന്റെ കൂട്ടു് പിടിക്കുന്നു എന്നുമാത്രം! മനുഷ്യര്‍ക്കു് വേണ്ടതു് എന്തെന്നു് മതപണ്ഡിതര്‍ക്കറിയാം. വേദവാക്യങ്ങളെ എങ്ങനെ വ്യാഖ്യാനിച്ചാലും, എന്തു് തോന്ന്യവാസം കാണിച്ചാലും ഏതെങ്കിലും ഒരു ദൈവത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള ഒരു ഇടപെടലോ, ശിക്ഷയോ, പുകഴ്ത്തലോ ഭയക്കേണ്ട കാര്യവുമില്ല! ചെയ്യുന്നതെല്ലാം സ്വന്തം വേദഗ്രന്ഥത്തില്‍ നിന്നും ഏതെങ്കിലും ഒരു മുട്ടായുക്തി ചൂണ്ടിക്കാട്ടി നീതീകരിക്കാനാവണം, അത്രതന്നെ! വേണ്ടതു് എന്തെന്നു് അറിഞ്ഞാല്‍ അതും അതിന്റെ വിപരീതവും കണ്ടെത്താന്‍ ഏതു് വേദഗ്രന്ഥത്തിലും വേണ്ടത്ര പഴുതുകള്‍ ഉണ്ടുതാനും!

വസ്തുതകള്‍ നെറ്റിയില്‍ പതിയുന്നതിന്റെ കാര്യം:

കാണേണ്ടതു് മാത്രം കാണാനും കേള്‍ക്കേണ്ടതു് മാത്രം കേള്‍ക്കാനുമേ മനുഷ്യനു് കഴിയൂ. എന്തു് കാണണം എന്തു് കേള്‍ക്കണം എന്ന തീരുമാനം വളര്‍ത്തല്‍ വഴി ചെറുപ്പത്തില്‍ തന്നെ, സാധാരണഗതിയില്‍ പലപ്പോഴും തിരുത്താനാവാത്തവിധം, തലച്ചോറില്‍ രൂപമെടുക്കുകയും ചെയ്യും.

“പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍” എന്ന “യേശുവചനത്തിന്റെ” ലക്‍ഷ്യവും മനഃശാസ്ത്രവും ഇത്തരം ഒരു brain-washing അല്ലാതെ മറ്റൊന്നുമല്ല.

മുക്കുവന്‍ September 29, 2008 at 7:44 PM  

മതസ്ഥാപകരും മതപണ്ഡിതരും‍ അവരുടെ നിലപാടുകള്‍ക്കു് ദിവ്യത്വവും അതുവഴി വിശ്വാസയോഗ്യതയും നല്‍കുവാന്‍ ദൈവം എന്ന മനുഷ്യനിര്‍മ്മിതവാക്കിന്റെ കൂട്ടു് പിടിക്കുന്നു എന്നുമാത്രം

Waaa... thats the point I liked the most!

പ്രിയ ഉണ്ണികൃഷ്ണന്‍ September 29, 2008 at 9:28 PM  

എന്നാണാവോ നേരെന്തെന്നു തിരിച്ചറിയുക.

ചിന്തകൻ September 30, 2008 at 12:33 AM  

ഇസ് ലാം വിരോധത്തിന് നല്ല മാര്‍ക്കറ്റാ ഇവിടെയെന്നു തോന്നുന്നു.കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ. ലോകത്തിലെ ഏറ്റവും വലിയ അസഹിഷ്ണുക്കള്‍ ഒരു പക്ഷേ നിരീശ്വരവാദികളായിരിക്കും!

തോന്ന്യാസി September 30, 2008 at 7:27 AM  

ചിന്തകന്‍,

താങ്കളുടെ പേരിനോടെങ്കിലും നീതിപുലര്‍ത്തൂ.....
ചുരുങ്ങിയപക്ഷം ആ ലിങ്കുകള്‍ എങ്കിലും വായിച്ചു നോക്കൂ എന്നിട്ട് പ്രതികരിക്കൂ.......

സി. കെ. ബാബു September 30, 2008 at 9:16 AM  

മുക്കുവന്‍,
വളരെ നന്ദി.

പ്രിയ,
എന്നു് നേരു് തിരിച്ചറിയണം എന്നു് നമ്മള്‍ ആഗ്രഹിക്കുന്നുവോ അന്നുമാത്രം! :)

ചിന്തകന്‍,
:)

തോന്ന്യാസി,

aakash-നുള്ള എന്റെ മറുപടിയിലെ അവസാനത്തെ മൂന്നു് വാചകങ്ങളില്‍ ഇത്തരം നിലപാടുകള്‍ക്കുള്ള വിശദീകരണം ഉണ്ടു്. മനുഷ്യരുടെ സമയം വിലപ്പെട്ടതാണു്. അതു് ജനലിലൂടെ പുറത്തേക്കെറിയാനുള്ളതല്ല.

ചിന്തകൻ September 30, 2008 at 1:56 PM  

മഞ്ഞ കണ്ണ് കൊണ്ട് നോക്കുന്നവര്‍ എപ്പോഴും മഞ്ഞ മാത്രമേ കാണുകയുള്ളൂ നന്മ കാണുകയില്ല; പ്രിയ തോന്ന്യാസി. ആ ലിങ്കുകളെല്ലാം ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളെയും ഉള്‍പെടുത്തി സാമാന്യവത്ക്കരണത്തിനുള്ള ഒരു ശ്രമമായേ എനിക്കീ പോസ്റ്റിനെ പറ്റി വിലയിരുത്താന്‍ കഴുയുന്നുള്ളൂ. അത് ഒരു പക്ഷേ തോന്ന്യസി പറഞ്ഞ പോലെ ഞാന്‍ ചിന്തിക്കാതിന്റെ തന്നെ കുഴപ്പമായിരിക്കാം.

ബാബു മാഷ് പറഞ്ഞ പോലെ മനുഷ്യന്റെ സമയം വിലപ്പെട്ടതാണ്. വേറെയെന്തൊക്കെ നല്ലകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടു.

എല്ലാവര്‍ക്കുമെന്റെ നന്മ നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍. :)

അജ്ഞാതന്‍ October 2, 2008 at 9:51 AM  

ബാബു മാഷെ,


‘ഇസ്ലാംമതം ഉപേക്ഷിക്കുന്നവരെ കൊല്ലുന്നതു് അനുവദനീയമാണു്‘

ഇതെവിടയാ പറഞ്ഞിട്ടുള്ളത്?

കത്തുന്ന കെട്ടിടത്തില്‍നിന്നു് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ അവര്‍ “ശരിയായ” രീതിയിലുള്ള വസ്ത്രമല്ല ധരിച്ചിരുന്നതു് എന്നതിന്റെ പേരില്‍ തിരിച്ചു് തീയിലേക്കു് ഓടിച്ചു് കയറ്റിയതിന്റെ കഥ!

ഇതെവിടയാ നടന്നിട്ടുള്ളത്...?

രണ്ട് കാര്യങ്ങളെ പറ്റിയും ഇതുവരെ കേട്ടിട്ടില്ല.അതുകൊണ്ട് സോഴ്സ് സഹിതം പറഞ്ഞാല്‍ കൊള്ളാമായിരുന്നു..

വീണ്ടും വരാം!

സി. കെ. ബാബു October 2, 2008 at 12:50 PM  

അജ്ഞാതന്‍,

“ചിന്തകന്‍” പറയുന്നു ആ ലിങ്കുകളെല്ലാം ഒരുപാടു് ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നു്! “അജ്ഞാതന്‍” പറയുന്നു ഈ രണ്ടു് കാര്യങ്ങളെ പറ്റിയും ഇതുവരെ കേട്ടിട്ടില്ലെന്നു്!! “ചിന്തകന്‍” ഒരുപാടു് ചര്‍ച്ച ചെയ്തതു് “അജ്ഞാതന്‍” അറിയണമെന്നില്ല എന്നതു് ന്യായം.

1. സ്കൂള്‍ കെട്ടിടത്തില്‍ വെന്തുമരിച്ച “നിഷേധിപ്പെണ്‍കുട്ടികളുടെ കഥ” വായിക്കാന്‍ Aakash-ന്റെ കമന്റിലെ ആദ്യത്തെ ലിങ്ക് കാണുക. കൂടാതെ താഴെയുള്ളതും.

2. സ്കൂളില്‍ വെന്തുമരിച്ച പെണ്‍കുട്ടികളുടെ ഓര്‍മ്മയ്ക്കായി ഒരു ബ്ലോഗ്പോസ്റ്റ്

3. മുസ്ലീം പിതാവു് മകളുടെ നാവു് മുറിച്ചശേഷം തീവച്ചുകൊന്നു.

4. ഇറാനില്‍ ഒരു സ്ത്രീയേയും രണ്ടു് പുരുഷന്മാരേയും പരസ്യമായി പൊതുജനമദ്ധ്യേ തൂക്കിക്കൊല്ലുന്നു.

5. ആ പരസ്യതൂക്കിക്കൊല്ലലിന്റെ വീഡിയോ കാണണമെന്നുണ്ടെങ്കില്‍ ആ വാര്‍ത്തയിലെ “Click here to view the film” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതുപോലുള്ള ക്രൂരതകളുടെ നൂറുകണക്കിനു് വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും കണ്ടാലും ഒന്നുകില്‍ അവ അസത്യം, അല്ലെങ്കില്‍ അവിശ്വാസികളുടെ പ്രോപഗാന്‍ഡ എന്നൊക്കെ പറയാനും മാത്രം മതഭ്രാന്തു് ബാധിച്ചവര്‍ അവയൊക്കെ കണ്ടിട്ടും വലിയ പ്രയോജനമൊന്നുമില്ല എന്നതു് മറ്റൊരു കാര്യം! (ഇതു് ഒരു general statement ആണു്. അല്ലാതെ അജ്ഞാതന്‍ ഒരു മതഭ്രാന്തനാണു് എന്ന അര്‍ത്ഥത്തില്‍ പറയുന്നതല്ല.)

ഒരപേക്ഷയുണ്ടു്:

ഇവിടെ കമന്റുന്നതിനു് മുന്‍‌പു് പോസ്റ്റും അതിലെ കമന്റുകളും ഒന്നു് മനസ്സിരുത്തി വായിച്ചാല്‍ പല ചോദ്യങ്ങളും വേണമെങ്കില്‍ ഒഴിവാക്കാം. എനിക്കു് അതുവഴി ഒരുപാടു് സമയവും ലാഭിക്കാം. പല കമന്റുകളും പോസ്റ്റുകളെ പൂര്‍ത്തീകരിക്കുന്നവയാണു്. Akaash-ന്റെ കമന്റും ലിങ്കുകളും ഉദാഹരണം. മതഭീകരതയുടെ ക്രൂരത കാണണമെന്നും അറിയണമെന്നും ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റില്‍ അതിനു് എണ്ണമറ്റ സാദ്ധ്യതകള്‍ ഉണ്ടു്. അന്വേഷിക്കാനും അറിയാനും മനസ്സു് വേണം എന്നേയുള്ളു. എന്റെയോ മറ്റാരുടെയെങ്കിലുമോ സഹായം അതിനാവശ്യമില്ല.

ചിന്തകൻ October 2, 2008 at 2:15 PM  
This comment has been removed by the author.
ചിന്തകൻ October 2, 2008 at 2:18 PM  

പ്രിയ അജ്ഞാതന്‍

താങ്കള്‍ ചോദിച്ച ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന ഉത്തരം തന്നില്ലേ ബാബു മാഷ്. ഇനി പോരാത്തതിന് ഇന്റെര്‍നെറ്റ് സര്‍ച്ച് ചെയ്താല്‍ മതി. ധാരാളം കിട്ടും!
വെറുതെ ചോദ്യം ചോദിച്ച് ബാബു മഷിന്റ്റെ സമയം കളയാതെ.

അപരനില്‍ വര്‍ഗ്ഗീയത കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നവര്‍ അത് തന്നില്‍ തന്നെ എത്രമാത്രം അപകടകാരമായി വളര്‍ന്നിട്ടുണ്ട് എന്ന് സ്വയം മനസ്സിലാക്കത്തതിന്റെ ഒരു തെളിവ് കൂടിയാണ് ഈ പോസ്റ്റെന്നതില്‍ സംശയം വേണ്ട.

ഭൂമിപുത്രി October 4, 2008 at 7:08 PM  

നന്നായി സംഗ്രഹിച്ചെഴുതിയിരിയ്ക്കുന്ന ഈ ലേഖനത്തിലൂടെ തന്ന വിവരങ്ങൾക്ക് നന്ദി ബാബു.

സി. കെ. ബാബു October 5, 2008 at 9:17 AM  

ഭൂമിപുത്രി,
വായനക്കും അഭിപ്രായത്തിനും എന്റെയും നന്ദി.

അബ്ദുല്‍ അസീസ് വേങ്ങര November 25, 2008 at 12:24 PM  

ഇസ്ലാമിലേക്ക് സൂഫിസം കടത്തിക്കൂട്ടിയും പാശ്ചാത്യരുടെ കുരുട്ടുബുദ്ധിയും-തുര്‍ക്കി , ഇറാക്ക്- കൂടിയായപ്പോള്‍ മുഹമ്മദ് നബി(സ) നന്നാക്കിയെടുത്ത സമൂഹം വീണ്ടും ബിംബാരാധനക്ക് പകരം കിടത്തിയ്ട്ട ശവകുടീരങ്ങളെ ആരാധിക്കാനും തുടങ്നിയ സാഹജര്യത്തിലാണ്‌ സൗദ് കുടുംബം വഹാബിസമായി വീണ്ടും നന്നാക്കിയെടുക്കാന്‍ മെനക്കെട്ടിറങ്ങിയത്(അതിനല്പം രക്തം ചിന്തേണ്ടിവന്നിട്ടുണ്ട്).ഒരു കയ്യിലെ വിരലു പോലെ ഏതു മത സമൂഹത്തിലും മനുഷ്യര്‍ പലതരക്കാരാണ്‌-തിന്മകളുണ്ടാവും. കള്ളുകുടിക്കുന്നവരും പിറന്ന കുഞ്ഞിനെ ജീവനെ കുഴിച്ചുമൂടുന്നതും, ഗര്‍ഭാഷയത്തില്‍ വെച്ചു തന്നെ കൊല്ലുന്നതും, പിറന്ന മക്കള്‍ക്ക് അച്ചനും അമ്മയുമില്ലാത്ത അവസ്ഥയും എല്ലാം.ഇതെല്ലാം മതത്തിന്റെ എക്കൗണ്ടിലേക്ക് വെക്കുന്നതെന്തിനാണെന്ന് ആര്‍ക്കെങ്കിലും വിശദികരിക്കാമോ? ആത്മീയമായി മനുഷ്യനെ ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങളുടെ അക്രമങ്ങളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുകയാണ്‌ മുഹമ്മദ് നബി ചെയ്തത്. ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ-അല്ലാഹു അല്ലാതെ ഇലാഹില്ല മുഹമ്മദ് അവന്റെ തിരു ദൂതന്‍ മാത്രമാണ്‌. അല്ലാതെ അല്ലാഹുവിന്റെ മകനോ അസാധാരണ മനുഷ്യനോ മാലാഖയോ ഒന്നുമല്ല. നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും അയക്കപ്പെട്ട പ്രവാചകന്‍ മാത്രം.മതത്തില്‍ അതിരു കവിയല്‍ ഇല്ല. എല്ലാം മിതം മാത്രം. വിവാഹം കഴിക്കാത്തവരോ, വര്‍ഷം മുഴുവനും നോമ്പു നോല്‍ക്കുന്നവരോ, ഉറക്കമില്ലാതെ നമസ്കരിക്കുന്നവരോ എന്നില്‍ പെട്ടവനല്ല എന്നര്ത്ഥം വരുന്ന ഹദീസുകളിലെ നബിയുടെ വക്കുകള്‍ ശ്രദ്ധേയമാണ്‌

Monish Sharaf January 29, 2009 at 10:59 AM  

I like your blog sir..very interesting and informative..

sangeeth April 22, 2009 at 9:20 AM  

i read most of ur posts. i appreciate ur thoughts. but the same way, there are so many live like a 'believer' n never allow themselves to loose thier common sense. Isnt that enough sometimes? as they dont hesitate ur thoughts.

അബ്ദുല്‍ അസീസ് വേങ്ങര April 22, 2009 at 10:33 AM  

മതസ്ഥാപകരും:-ഇത് മുഹമ്മദ് നബിയെ(അല്ലാഹുവിന്റെ രക്ഷ അവരുടെ മേൽ സദാ വർഷിക്കുമാറാവട്ടെ) ആണ് ലക്ഷ്യമാക്കിയതെങ്കിൽ ഒന്നു പറയട്ടേ അദ്ദേഹം ഒരു മതവും സ്ഥാപിച്ചിട്ടില്ല.മതപണ്ഡിതരും‍ അവരുടെ നിലപാടുകള്‍ക്കു് ദിവ്യത്വവും അതുവഴി വിശ്വാസയോഗ്യതയും നല്‍കുവാന്‍ ദൈവം എന്ന മനുഷ്യനിര്‍മ്മിതവാക്കിന്റെ കൂട്ടു് പിടിക്കുന്നു എന്നുമാത്രം--ദൈവത്തിൽ വിശ്വാസമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ വളഞ്ഞ് മൂക്ക് പിടിക്കണോ?
അങ്ങനെ ആണത്തം കാണിച്ചാൽ അതിനു മറുപടി ഉണ്ടാവും.എല്ലാ എഴുത്തു കാരും കഞ്ചാവിന്റെ പുകയിൽ എഴുതുന്നത്.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP