Friday, May 16, 2008

പെട്ടകവും മറ്റു് ചില ഒട്ടകങ്ങളും

മഹാപ്രളയവും മരണപ്പെട്ടകവും - (2)

തന്റെ മൂന്നു് ആണ്മക്കളായ ശേം, ഹാം, യാഫെത്ത്‌ എന്നിവര്‍ ജനിച്ചപ്പോള്‍ അഞ്ഞൂറുവയസ്സിലേറെ പ്രായമുണ്ടായിരുന്ന നോഹയുടെ അറുന്നൂറാം വയസ്സിലാണു് ജലപ്രളയം സംഭവിച്ചതു്. മൃഗങ്ങളും, പറവജാതികളും, നോഹയുടെ കുടുംബവും എങ്ങനെയോ പെട്ടകത്തിനുള്ളില്‍ കയറിപ്പറ്റി. എങ്ങനെയാ എന്താ എന്നൊന്നും ചോദിക്കാന്‍ നില്‍ക്കണ്ട. പറയുന്നതു് മറുചോദ്യം ചോദിക്കാതെ ചുമ്മാ കണ്ണുമടച്ചങ്ങു് വിശ്വസിക്കുന്നതാണു് സത്യവിശ്വാസം. അതാണു് ദൈവത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തമവിശ്വാസം! മനുഷ്യ-മൃഗ-പറവ-സമൂഹം മുഴുവന്‍ പെട്ടകത്തില്‍ കയറി ഏഴുദിവസങ്ങള്‍ക്കുശേഷം ആകാശത്തിന്റെ കിളിവാതിലുകളും ആഴിയുടെ ഉറവുകളും തുറന്നു. 'നാല്‍പതു് രാവും നാല്‍പതു് പകലും' ഈ 'പൊത്തുകള്‍' എല്ലാം തുറന്നുതന്നെ ഇരുന്നു.

'നാല്‍പതു്'! ഈ 'നാല്‍പതു്' എന്നതു് അക്കാലത്തെ ഒരു മാന്ത്രികസംഖ്യയായിരുന്നപോലെ തോന്നുന്നു. യഹൂദര്‍ക്കു് മിസ്രയിമില്‍നിന്നും കനാന്‍ദേശത്തെത്താന്‍ വേണ്ടിവന്ന സമയം നാല്‍പതു് വര്‍ഷം! സീനായി പര്‍വ്വതത്തില്‍ യഹോവയില്‍ നിന്നും കല്‍പനകളുടെ കല്‍പലകകള്‍ ഏറ്റുവാങ്ങാന്‍ മോശെ ആഹാരമോ ജലപാനമോ ഇല്ലാതെ കാത്തുകിടന്നതു് നാല്‍പതു് രാവും നാല്‍പതു് പകലും! (അതും ഒന്നല്ല, രണ്ടുപ്രാവശ്യം!) പിശാചിന്റെ പരീക്ഷയെ നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കാനായി മരുഭൂമിയില്‍ പോയി യേശു നടത്തിയ ഉപവാസത്തിന്റെ ദൈര്‍ഘ്യം നാല്‍പതു് രാവും നാല്‍പതു് പകലും! (ക്രിസ്തീയ പിതാക്കള്‍ ഈ 'നാല്‍പതിനോടു്' കൂട്ടുപലിശ അടിസ്ഥാനത്തില്‍ പത്തു് ദിവസങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണോ ഇപ്പോഴത്തെ 'അന്‍പതുനോമ്പു്' എന്ന സര്‍വ്വരോഗസംഹാരി-ആത്മസംയമന-കുറുന്തോട്ടിരസായനം-നസ്രാണി സ്പെഷ്യല്‍ തട്ടിക്കൂട്ടിയതു് എന്നെനിക്കറിയില്ല! പണ്ടേതന്നെ പട്ടിണി കിടക്കുന്നവര്‍ക്കു് എന്തിനു് പ്രത്യേകം ഒരു നോമ്പു്? ബ്ലീച്ചു് ചെയ്യാത്ത ഒരു കഷണം 'കോടിമുണ്ടു്' കീറി വാങ്ങിക്കുമ്പോള്‍ ഏതാനും സെന്റീമീറ്റര്‍ നീളം കുറച്ചു് വാങ്ങി ഇത്തിരി പൈസ ലാഭിക്കാനോ? അരമനകളില്‍ താമസിക്കുന്ന കസവുധാരികളെയല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നതു്!) അതെന്തായാലും 'നാല്‍പതു്' എന്നു് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു് ശരീരമാസകലം ഒരു എലക്ട്രോമാഗ്നറ്റിക്‌-'ആറ്റോമാറ്റിക്‌'-സെക്സോമാറ്റിക്‌-എനര്‍ജി കേറി നിറയുന്നപോലെ തോന്നുന്നില്ലേ? ആകെമൊത്തം ഒരു വിറവല്‍? പൊതുവേ എന്തെന്നില്ലാത്ത ഒരു വിചിത്ര-വികാര-വിജൃംഭണം? ചെറുകുടലും വന്‍കുടലും പ്ലീഹയുമടക്കം സര്‍വ്വതും in longitudinal and 'latritudinal' direction-ല്‍ വൈബ്രേറ്റ്‌ ചെയ്യുന്നപോലൊരു തോന്നല്‍? ഉടനെതന്നെ ഏതെങ്കിലും 'കാറ്റു്' ഗുരുവിന്റെയോ, 'ചാറ്റു്' ഗുരുവിന്റെയോ മുന്നില്‍ പോയി ഉടുതുണിയില്ലാതെ ചമ്പ്രം പടിഞ്ഞിരുന്നു് 'തവിട്ടുപഞ്ചാര' അടിക്കണമെന്ന ഒരുതരം അനിയന്ത്രിത, അനിര്‍വചനീയ അഭിനിവേശം? ഒരുതരം ആദ്ധ്യാത്മിക അന്തര്‍ദാഹം? നിങ്ങള്‍ക്കു് അങ്ങനെയൊന്നും തോന്നുന്നില്ലെന്നോ? ഇല്ലെങ്കില്‍ അതെന്റെ കുറ്റമല്ല. നിങ്ങള്‍ പോയി വേറെ വല്ല പണിയും നോക്കു്, ഹല്ല പിന്നെ! ആത്മീയമായി നന്നാവാനൊള്ള ചില കുറുക്കുവഴികള്‍ പറഞ്ഞുകൊടുക്കാമെന്നുവച്ചാല്‍ ഒരുത്തനുകള്‍ക്കും വേണ്ട. ഒരുത്തികള്‍ക്കു് ഒട്ടും വേണ്ട.

അപ്പോള്‍ പറഞ്ഞുവന്നതു് 'ജലദ്വാരങ്ങള്‍' തുറന്ന കാര്യമായിരുന്നല്ലോ. ആകാശത്തിന്റെയും ആഴിയുടെയും സകല 'ജലവാതിലുകളും ജലജന്നലുകളും' ഇക്കണ്ട നാല്‍പതുദിവസങ്ങളും അടയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ഭൂമിയില്‍ ജലനിരപ്പു് ഉയര്‍ന്നു. വീണ്ടും വീണ്ടും തന്നെയും പിന്നെയും ഉയര്‍ന്നു. അതിനുമീതെ പെട്ടകവും ഒപ്പത്തിനൊപ്പം ഉയര്‍ന്നു. 'തലയ്ക്കുമീതേ വെള്ളം പൊങ്ങിയാല്‍ അതുക്കു് മീതേ തോണി'! അങ്ങനെ പൊങ്ങിപ്പൊങ്ങി 'ആകാശത്തിന്‍കീഴെയുള്ള' സകല പര്‍വ്വതങ്ങളെയും വെള്ളം കീഴിലാക്കി. ഹിമാലയപര്‍വ്വതം വിട്ടു്, കൃത്യമായി പറഞ്ഞാല്‍, മൗണ്ട്‌ എവറസ്റ്റ്‌ വിട്ടു് പതിനഞ്ചുമുഴം കൂടി (നാല്‍പതു് മുഴമല്ല!) വെള്ളം ഉയര്‍ന്നു. ഇതിപ്പൊ ഇത്ര കൃത്യമായി ആരു് എങ്ങനെ അളന്നു എന്നൊക്കെയാവും നിങ്ങളുടെ ചോദ്യം! പറയാന്‍ ഞങ്ങള്‍ക്കു് തത്ക്കാലം മനസ്സില്ലാന്നു് കൂട്ടിക്കോളൂ! അങ്ങനെ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ (സമുദ്രനിരപ്പില്‍ നിന്നു് അളക്കുമ്പോള്‍ മാത്രം! ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നോ, ആഴിയുടെ അടിത്തട്ടില്‍ നിന്നോ ആണു് അളക്കുന്നതെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരം കൂടിയ വേറെ രണ്ടു് പര്‍വ്വതങ്ങളുണ്ടു്. ‌ പസിഫിക് സമുദ്രത്തില്‍ നില്‍ക്കുന്ന Mauna Kea‍, ഇക്വഡോറിലെ Chimborazo എന്നീ പര്‍വ്വതങ്ങള്‍!) മൗണ്ട്‌ എവറസ്റ്റും കൂടി മൂടിയപ്പോള്‍ ഭൂമി ഒരു ജലഗോളമായി മാറി! ജലഗോളത്തില്‍ സൂര്യപ്രകാശമേറ്റു് വെട്ടിത്തിളങ്ങുന്ന കാഴ്ച സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കു് നയനാനന്ദകരമായിരുന്നു! അവര്‍ 'ഹായ്‌! ഹായ്‌!' എന്നതിനു് തുല്യമായ സ്വര്‍ഗ്ഗീയ വാക്കുകള്‍ കൊണ്ടു് അവരുടെ സന്തോഷത്തിനു് sound track നല്‍കി.

വെള്ളമുയരുന്നതിനനുസരിച്ചു് അന്തരീക്ഷവായുവും മുകളിലേക്കു് തള്ളിമാറ്റപ്പെടുമെന്നതിനാല്‍ ജലോപരിതലത്തിലെ ഒരു ഏകദേശമര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദമായ 101 കിലോപാസ്കല്‍ ആയിരുന്നിരിക്കണം. ഇതെന്റെ ഒരൂഹമാണു്. കൃത്യമായ അളവുകള്‍ നടത്താന്‍ പറ്റിയ ഉപകരണങ്ങള്‍ അന്നു് ലോകത്തിലോ, തന്മൂലം പെട്ടകത്തിനകത്തോ ഉണ്ടായിരുന്നില്ലല്ലോ. സാധാരണ ഗതിയില്‍ ഉയരം കൂടുന്നതിനനുസരിച്ചു് മര്‍ദ്ദം കുറയുകയും അന്തരീക്ഷവായുവിന്റെ ഘടനയില്‍ മാറ്റം വരികയുമൊക്കെ ചെയ്യും. ഉദാഹരണത്തിനു് 5000 മീറ്റര്‍ ഉയരത്തില്‍ മര്‍ദ്ദം ഏകദേശം പകുതി (54 kPa) മാത്രമാണു്! താപനിലയില്‍ വരുന്ന വ്യത്യാസമാണെങ്കില്‍ അതിലും ഭയാനകം! ഭൂമിയുടെ ഉപരിതലത്തോടു് ചേര്‍ന്ന അന്തരീക്ഷപാളിയില്‍ (troposphere) ഓരോ ആയിരം മീറ്റര്‍ ഉയരത്തിനും അഞ്ചിനും ആറിനും ഇടയ്ക്കു് ഡിഗ്രി എന്ന തോതില്‍ താപനില കുറയും. പതിനായിരം മീറ്റര്‍ ഉയരത്തില്‍ പൂജ്യത്തിനു് താഴെ 50 ഡിഗ്രിയോളം! വെള്ളവും ഒപ്പം അന്തരീക്ഷവായുവും ഉയര്‍ന്നതുകൊണ്ടു് ഈവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പെട്ടകവാസികള്‍ക്കുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ലെന്നും, അവര്‍ പ്രളയത്തെ അതിജീവിച്ചതുകൊണ്ടു് പെട്ടകത്തിനുള്ളില്‍ conditions under normal temperature and pressure (NTP) നിലവിലിരുന്നു എന്നും വേണം കരുതുവാന്‍. അല്ലെങ്കില്‍ നോഹയും കുടുംബവും മൃഗങ്ങളും പറവകളുമെല്ലാം മരിച്ചു് മരവിച്ചു് മദ്ധ്യഭാരതത്തിലെ 'കരിനാഗപുരിയില്‍' നിന്നും North Pole-ന്റെ നിറുകയില്‍ ഐസിന്റെ പുറത്തുകേറി Adam's costume-ല്‍ തവളാസനത്തിലിരുന്നു് തപസ്സനുഷ്ഠിക്കാന്‍ പോയ ജൈനമതദിഗംബരസന്യാസിവര്യനെപ്പോലെ (കൊട്ടു)വടിയായി പോവുമായിരുന്നല്ലോ!

ആദ്യം സൂചിപ്പിച്ചപോലെ, ജീവജാലങ്ങള്‍ പെട്ടകത്തില്‍ കടന്നു് ഏഴു് ദിവസങ്ങള്‍ക്കുശേഷം മഴ പെയ്യാന്‍ തുടങ്ങി. അതു് നോഹയുടെ അറുന്നൂറാം വയസ്സില്‍ രണ്ടാം മാസം പതിനേഴാം തീയതിയായിരുന്നു. നാല്‍പതു് ദിവസം മഴ പെയ്തു. നൂറ്റമ്പതു് ദിവസം (നാലു് ഗുണം നാല്‍പതു് സമം നൂറ്റന്‍പതു് എന്നായിരുന്നു അന്നത്തെ ഗണിതം!) ഭൂമിയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. അതിനുശേഷം ദൈവം ഒരു കാറ്റടിപ്പിച്ചപ്പോള്‍ വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു. ജലനിരപ്പു് കുറയാന്‍ തുടങ്ങി. കൃത്യം അഞ്ചു് മാസങ്ങള്‍ക്കു് ശേഷം ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചു. പത്താം മാസം ഒന്നാം തീയതി പര്‍വ്വതശിഖരങ്ങള്‍ കാണായി. പിന്നെയും നാല്പതു് (!) ദിവസം കഴിഞ്ഞശേഷം നോഹ കിളിവാതില്‍ തുറന്നു് ആദ്യം ഒരു മലങ്കാക്കയെയും, പിന്നെ ഒരു പ്രാവിനെയും പുറത്തുവിട്ടു. കാക്ക വന്നും പോയും കൊണ്ടിരുന്നു (ഷട്ടില്‍ സര്‍വീസ്!) പക്ഷേ വെള്ളം കാരണം കാലുവയ്ക്കാന്‍ സ്ഥലം കാണാതെ പ്രാവു് മടങ്ങിവന്നു. ഏഴുദിവസം കഴിഞ്ഞു് അവന്‍ പ്രാവിനെ പിന്നെയും പുറത്തുവിട്ടു. പ്രാവു് വൈകിട്ടു് വായില്‍ ഒരു പച്ച ഒലിവിലയുമായി (തൊണ്ടി സഹിതം!) തിരിച്ചുവന്നു. പിന്നെയും ഏഴുദിവസം കഴിഞ്ഞു് പ്രാവിനെ വീണ്ടും പുറത്തുവിട്ടപ്പോള്‍ പ്രാവു് മടങ്ങിവന്നില്ല. Bingo! അറുന്നൂറ്റൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. നോഹയുടെ അറുന്നൂറ്റൊന്നാം വയസ്സില്‍, രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. അങ്ങനെ ഒരുവര്‍ഷവും പത്തു് ദിവസങ്ങളും കഴിഞ്ഞപ്പോള്‍ പെട്ടകത്തിലുണ്ടായിരുന്ന ജീവജാലങ്ങളെയെല്ലാം പുറത്തിറക്കാന്‍ ദൈവം ആജ്ഞാപിച്ചു. (പെട്ടകത്തില്‍ കയറിയദിവസം മുതല്‍ കൂട്ടിയാല്‍ ഒരുവര്‍ഷവും പതിനേഴു് ദിവസങ്ങളും!). അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കുകയും പെറ്റു് പെരുകുകയും ചെയ്യട്ടെ എന്നും ദൈവം കല്പിച്ചു. ദൈവം പ്രത്യേകം പറഞ്ഞില്ലെങ്കില്‍ ചില ജാതികള്‍ പെറുകയുമില്ല, പെരുകുകയുമില്ല! ദൈവം ഇതെത്ര കണ്ടിരിക്കുന്നു! ആ ദൈവത്തിനോടാ കളി! വിട്ടു് പിടി മോനേ!

പെട്ടകം അരാരത്ത്‌ പര്‍വ്വതത്തില്‍ ഉറച്ചതു് എന്തായാലും നന്നായി. പ്രളയാവസാനം അതെങ്ങാനും എവറസ്റ്റിന്റെ മുകളില്‍ (ഉയരം 8844,43 മീറ്റര്‍ - May 2005-ലെ അളവു്) ഉറച്ചുപോയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? എങ്കില്‍, ആനയും പോത്തും ജിറാഫും കടുവയും രാജവെമ്പാലയും ടര്‍ക്കിക്കോഴിയുമടക്കമുള്ള പെട്ടകവാസികളെ മുഴുവന്‍ പര്‍വ്വതത്തിനു് താഴെയെത്തിക്കുക എന്നതു് വല്ലാത്ത പൊല്ലാപ്പാവുകയും, തണുപ്പും ശ്വാസം മുട്ടലും മൂലം 'ശുദ്ധനും അശുദ്ധനുമെല്ലാം' ഇഹലോകവാസം വെടിയുകയും പത്രത്തിലെ ചരമവാര്‍ത്തയുടെ പേജില്‍ ഫോട്ടോ വരികയും ചെയ്തേനെ! 'പടയെ പേടിച്ചു് പന്തളത്തു് ചെന്നപ്പോള്‍ പന്തവും കൊളുത്തി പടയിങ്ങോട്ടു്' എന്ന അവസ്ഥ!

ഇനി താഴെ എത്തിയാല്‍ തന്നെ, നോഹക്കും കുടുംബത്തിനും പണ്ടു് താമസിച്ചിരുന്ന പ്രദേശത്തെത്താന്‍ മറ്റെങ്ങുമില്ലാത്ത നിരക്കില്‍ എയര്‍ ഇന്‍ഡ്യയുടെ ടിക്കറ്റ്‌ വാങ്ങേണ്ടിയും, പ്ലെയിനിലെ ജീവനക്കാര്‍ 'നീണ്ട മോന്തയുമായി' വച്ചുനീട്ടുന്ന ഉപ്പുമാവും തൈരുസാദവും തൈരുവടയും തൈരുമുളകും നന്ദിപൂര്‍വ്വം തിന്നു് ആഹ്ലാദവദനരായി മിണ്ടാതിരിക്കുക മാത്രമല്ല, തങ്ങള്‍ അതിഥികളെക്കാള്‍ 'യോഗ്യര്‍' എന്നു് കരുതുന്ന എയര്‍ ഇന്‍ഡ്യന്‍ ഫ്ലൈറ്റുകളിലെ മഹതീ-മഹാന്മാരുടെ അവഗണനയും, അപമര്യാദകളും സഹിക്കേണ്ടിവരികയും ചെയ്യുമായിരുന്നു. യാത്രക്കാര്‍ കുറഞ്ഞാല്‍ കമ്പനി പൂട്ടുമെന്നും, പ്രതിഫലം നല്‍കി യാത്ര ചെയ്യുന്ന യാത്രക്കാര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണെന്നും, അവരെ 'രാജാക്കന്മാരേപ്പോലെ' സ്വീകരിക്കണമെന്നും, പരിചരിക്കണമെന്നും, അവരുടെ സംതൃപ്തിയാവണം തങ്ങളുടെ ലക്‍ഷ്യമെന്നും അതൊരു ബലഹീനതയല്ലെന്നും, അതു് തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ ഭാഗമാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പൊതുവേ ഭാരതീയനു് അജ്ഞാതമാണല്ലോ. അവരുടെ അഭിപ്രായത്തില്‍ കസ്റ്റമേഴ്സ്‌ പ്രതീക്ഷിക്കേണ്ടതു് ജീവനക്കാരുടെ ഔദാര്യവും ദയയുമാണു്! ജനങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരുടെ മുന്നില്‍, ജനങ്ങള്‍ അവരുടെ ന്യായമായ, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ പോലും ലഭിക്കാന്‍ പഞ്ചപുച്ഛമടക്കി കാത്തുനില്‍ക്കേണ്ട ഗതികേടു് ഭാരതീയനെ സംബന്ധിച്ചു് ഒരു തികഞ്ഞ സ്വാഭാവികത ആയി മാറിക്കഴിഞ്ഞു. എന്നും അതു് അങ്ങനെ ആയിരുന്നു എന്നുണ്ടോ? Perhaps an indian philosophy?

ഈദൃശ പ്രശ്നങ്ങള്‍ എല്ലാം ഉള്ളതുകൊണ്ടാവാം 8000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ലോകത്തിലെ പതിനാലു് കൊടുമുടികളില്‍ ഒന്നിലും ഉറപ്പിക്കാതെ, നോഹയുടെ പെട്ടകത്തെ ടര്‍ക്കിയുടെ കിഴക്കേയറ്റത്തു് ഇറാന്റെയും അര്‍മ്മീനിയയുടെയും അതിര്‍ത്തികളോടു് ചേര്‍ന്നു് കിടക്കുന്ന അണഞ്ഞ അഗ്നിപര്‍വ്വതനിരയിലെ രണ്ടു് കൊടുമുടികളില്‍ (വലിയ അരാരത്തു് - 5165 മീറ്റര്‍, ചെറിയ അരാരത്തു് - 3896 മീറ്റര്‍) ഒന്നിലെവിടെയോ ഉറപ്പിക്കാന്‍ ദൈവം തീരുമാനിച്ചതു്.

അങ്ങനെ പെട്ടകവാസികളുടെ വീക്ഷണകോണത്തില്‍ കൂടി നോക്കിയാല്‍, പ്രളയം സമംഗളം, അഥവാ കോമഡിയായി പര്യവസാനിച്ചു എന്നു് പറയാം. മരിച്ചവരുടെ ലോകത്തില്‍ ട്രാജഡിയും കോമഡിയും ഒക്കെ ഉണ്ടോ ആവോ! പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങിയ ശുദ്ധിയുള്ള മൃഗങ്ങളിലെ ചിലതിനെങ്കിലും പ്രളയത്തിന്റെ അവസാനം ഒരു happy end ആയിരുന്നില്ല എന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, മലമുകളിലുറച്ച പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങി അവനവന്റെ ദേശീയഗാനം ആലപിച്ചുകൊണ്ടും, 'കീജേ' വിളിച്ചുകൊണ്ടും മലയിറങ്ങി സ്വന്തം നാടുകളിലേക്കു് പോകാന്‍ തുടങ്ങിയ അവയില്‍ ചിലതിനെ നോഹ ഓടിച്ചിട്ടു് പിടിച്ചു് യഹോവയ്ക്കു് സൗരഭ്യവാസനയായി ഹോമയാഗം അര്‍പ്പിച്ചുകളഞ്ഞു! ദൈവം പൊരിച്ച ഇറച്ചി തിന്നിട്ടു് ഒരു വര്‍ഷത്തില്‍ മീതെ ആവുകയും ചെയ്തിരുന്നല്ലോ! നോഹയുടെ barbecue സദ്യയില്‍ സന്തുഷ്ടനായ യഹോവ അരുളിച്ചെയ്തു: "ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു് ഞാന്‍ നിങ്ങളോടു് ഒരു നിയമം ചെയ്യുന്നു. ഞാനും നിങ്ങളും നിങ്ങളോടു് കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു്: ഞാന്‍ എന്റെ വില്ല് മേഘത്തില്‍ വയ്ക്കുന്നു. അതു് ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിനു് അടയാളമായിരിക്കും. ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ല് കാണും. അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഓര്‍ക്കും."

ഉടയതമ്പുരാനായ യഹോവയായ ദൈവമേ! തുറന്നുപറയുന്നതില്‍ എന്നെ നീ കുറ്റപ്പെടുത്തരുതു്. പണ്ടു് പഠിച്ച ഫിസിക്സ്‌ ഒക്കെ നീ മറന്നു. സമയം കിട്ടുമ്പോള്‍ പഴയ ഫിസിക്സ്‌ പുസ്തകത്തിലെ 'പ്രകാശം' എന്ന അദ്ധ്യായം ഒന്നുകൂടി മറിച്ചുനോക്കാന്‍ മറക്കണ്ട, മടിക്ക്വേം വേണ്ട. reflection, refraction ഒക്കെ ബാലപാഠങ്ങളല്ലെ? അതൊക്കെപ്പോലും ഇത്ര പെട്ടെന്നങ്ങു് മറക്ക്വാന്നു് വച്ചാ വല്ലാത്ത കഷ്ടമാണു്ട്ടോ! അതോ, ഓരോരോ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടു് അന്യദൈവങ്ങളുടെ ദേവാലയങ്ങള്‍ക്കു് ചുറ്റും ഉരുണ്ടുനിരങ്ങി, സ്വയം വിഡ്ഢിയാക്കി സകല മനുഷ്യരെയും നാണം കെടുത്തിക്കൊള്ളാമെന്നു് നീ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ?

പ്രളയപുരാണങ്ങള്‍ മിക്കവാറും എല്ലാ പുരാതനസംസ്കാരങ്ങളിലും കാണാന്‍ കഴിയും. പുരാതനസംസ്കാരങ്ങള്‍ നദീതടസംസ്കാരങ്ങള്‍ ആയിരുന്നു എന്നതാവാം അതിനു് കാരണം. വെള്ളപ്പൊക്കവും, നദികള്‍ കര കവിയുന്നതും അനേകം മനുഷ്യരും മൃഗങ്ങളും അതുവഴി ചത്തൊടുങ്ങുന്നതും ഇന്നും നമ്മള്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണല്ലോ. സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടു് പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ മരണസംഖ്യയും സാമ്പത്തികനാശവും നല്ലൊരു പരിധിവരെ കുറയ്ക്കാന്‍ അവര്‍ക്കു് കഴിയാറുണ്ടെന്നതും ഒരു വസ്തുതയാണു്. നമ്മുടെ രാഷ്ട്രീയ-സാമൂഹിക നായകന്മാര്‍ക്കു് സ്വന്തം വാലില്‍ കടിക്കാന്‍ വട്ടം ചുറ്റുന്ന നായ്ക്കളെപ്പോലെ അഴിമതിയും, അഴിഞ്ഞാട്ടവും, മന്ത്രവാദവുമായി സ്വന്തസുഖം തേടാനും സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കാനുമല്ലാതെ മറ്റൊന്നിനും നേരമില്ലല്ലോ. social science, social engineering മുതലായവയൊക്കെ ആര്‍ക്കുവേണം? വെറുതെ എന്തിനു് മനസ്സിലാവാത്തതൊക്കെ വായിച്ചു് വെറുതെ തല പുണ്ണാക്കണം?

B. C. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യഘട്ടത്തില്‍ രൂപമെടുത്ത ശ്രേഷ്ഠകൃതിയായ Epic of Gilgamesh-ല്‍ വര്‍ണ്ണിക്കുന്ന ഒരു മെസോപ്പൊട്ടേമിയന്‍ പ്രളയചരിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണു് നോഹയുടെ കാലത്തെ പ്രളയം എന്നതാണു് പണ്ഡിതമതം. 'EA' എന്ന ദൈവം Utnapishtim എന്ന രാജാവിന്റെ പട്ടണം നശിപ്പിക്കാന്‍ തീരുമാനിക്കുകയും ഒരു കപ്പല്‍ പണിയുവാന്‍ അദ്ദേഹത്തോടു് ആവശ്യപ്പെടുകയും ചെയ്യുന്നു. ഏഴുദിവസത്തെ പ്രളയത്തിനുശേഷം കപ്പല്‍ ഒരു പര്‍വ്വതമുകളില്‍ അടിയുകയും Utnapishtim രാജാവു് ഭാര്യയോടൊപ്പം അമര്‍ത്യതയിലേക്കു് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതാണു് ആ പുരാണം. B. C. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ രൂപമെടുത്ത Pindar എന്ന കവിയുടെ പ്രളയചരിതത്തില്‍ Zeus എന്ന ദൈവം ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചതായും, Deucalion എന്ന രാജാവും കുടുംബവും ഒരു പെട്ടകത്തില്‍ ആഹാരസാധനങ്ങളുമായി രക്ഷപെട്ടതായും ചിത്രീകരിക്കപ്പെടുന്നു. B. C. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഹൈന്ദവപുരാണത്തില്‍ മത്സ്യം മനുവിനെ വരാന്‍ പോകുന്ന ഒരു പ്രളയം അറിയിക്കുകയും മനു ഒരു തോണിയില്‍ രക്ഷപെടുകയും ചെയ്യുന്നതായി വര്‍ണ്ണിക്കപ്പെടുന്നു.

അതായതു്, പ്രളയവും, ദൈവത്താല്‍ 'തെരഞ്ഞെടുക്കപ്പെട്ട' ചിലരുടെ പെട്ടകം വഴിയുള്ള രക്ഷപെടലുമൊക്കെ യഹോവയുടെ 'മനസ്സില്‍' ഉദിച്ച ഒരു പ്രത്യേക പദ്ധതിയൊന്നുമല്ല. ലോകത്തില്‍ പലയിടങ്ങളില്‍ പല പല 'ദൈവങ്ങള്‍ക്കും' അതുപോലുള്ള 'നശീകരണഭ്രാന്തുകള്‍' ഉണ്ടായിട്ടുണ്ടു്. എഴുത്തുകാരന്റെ ഭാവനക്കനുസരിച്ചു് ഈ സങ്കല്‍പകഥകള്‍ക്കു് അവയുടേതായ രൂപവും ഭാവവും ഒക്കെ ലഭിച്ചു എന്നുമാത്രം. ക്രിസ്തുമതവും സഭയുടെ സമ്പത്തും യൂറോപ്പില്‍ രക്തച്ചൊരിച്ചിലുകളിലൂടെ വളര്‍ന്നപ്പോള്‍ ക്രിസ്തുമതപ്രചരണവും ലോകവ്യാപകമായി വളര്‍ന്നു. 'വട്ടോന്‍ ഇട്ടാലേ വാള പിടിക്കാന്‍ പറ്റൂ!' അതുവഴി, ബൈബിളിലെ കഥകള്‍ക്കു് മറ്റു് മതങ്ങളിലെ കഥകളെക്കാള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. പണവും ദൈവവും മാധ്യമവും എന്നും പരസ്പരപൂരകങ്ങളായിരുന്നു. കേള്‍ക്കുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന കൂടുതല്‍ കൂടുതല്‍ മനുഷ്യരെ ചാക്കിലാക്കി ഇരയാക്കുക എന്നതു് അവയുടെ പൊതുവായ രഹസ്യലക്‍ഷ്യവും!

14 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ May 16, 2008 at 8:55 PM  

എലക്ട്രോമാഗ്നറ്റിക്‌-'ആറ്റോമാറ്റിക്‌'-സെക്സോമാറ്റിക്‌-എനര്‍ജി- ഒള്ളത് തന്നെ?


പണവും ദൈവവും മാധ്യമവും എന്നും പരസ്പരപൂരകങ്ങളായിരുന്നു. ഇപ്പഴും അങ്ങനെത്തന്നെ

വളരെ രസകരമായ വിവരണം!

40(!) , നമ്മടെ മണ്ഠലക്കാലം 41 ആയത് വല്ല പിശകും ആകുമോ എന്തോ...

4*40=150 എന്നെഴുതിയതിന് 4 ആം ക്ലാസില്‍ എനിക്ക് അരമാര്‍ക്ക് കുറഞ്ഞു. :(

സി. കെ. ബാബു May 17, 2008 at 12:07 AM  

പ്രിയ,

എലക്ട്രോമാഗ്നെറ്റിക് സത്യമായിട്ടും ഉള്ളതുതന്നെ. ആറ്റോമാറ്റിക് ഞാന്‍ atomic-നെ പരിഷ്കരിച്ചതാണു്. അതു് ആട്ടോമാറ്റിക് എന്ന സാധനം അല്ല എന്നറിയാനാ‍ ആ രണ്ടു് തലേക്കെട്ടു്. സെക്സോമാറ്റിക് ഉണ്ടോന്നു് അറിയില്ല. ഇല്ലെങ്കില്‍ എന്റെ കണ്ടുപിടുത്തം! സെക്സ്-ആസാമിമാരെ സൂചിപ്പിക്കുകയായിരുന്നു ലക്‍ഷ്യം.

ഈ 'ഒന്നു്' കൂട്ടിച്ചേര്‍ക്കല്‍ നമ്മുടെ ഒരു രീതി ആണെന്നു് തോന്നുന്നു. സംഭാവനയും മറ്റും കൊടുക്കുന്നതു്‍ 100, 1000, 10000 ഒക്കെയാണെങ്കിലും വാങ്ങുന്നവര്‍ 101, 1001, 10001 എന്നെഴുതുന്നതു് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടു്. All indians are superstitious എന്ന പാശ്ചാത്യനിഗമനത്തില്‍ ആവാം അതിന്റെ വേരു്.

നാല്പതിനെ ഇത്രമാത്രം ആരാധിക്കുന്നവര്‍ ഭൂമിയില്‍ 160 ദിവസം വെള്ളം പൊങ്ങിക്കൊണ്ടിരുന്നു എന്നു് പറയാതെ 150 ദിവസം എന്നു് പറഞ്ഞതില്‍ എന്തോ ഒരു പൊരുത്തക്കേടു് തോന്നി. അങ്ങനെ 4*40=150-ല്‍ എത്തി.

നാലാം ക്ലാസില്‍ 4*40=150 എന്നെഴുതിയതിനു് ആകെ കിട്ടുമായിരുന്ന മുക്കാല്‍ മാര്‍ക്കില്‍ നിന്നു് അരമാര്‍ക്കു് കുറയ്ക്കാന്‍ ആ സാറിനു് എങ്ങനെ ധൈര്യം വന്നു? പ്രിയേടെ “ദേ ഇങ്ങോട്ടു് നോക്ക്യേ” എന്ന പോസ്റ്റും അതിലെ 'elrue'-വും ഒന്നും അയാള്‍ വായിച്ചിട്ടില്ലായിരിക്കും. അതുപോലെ മസാലപുരാണത്തില്‍ സാമ്പാറില്‍ ഫോര്‍ക്ക് മുക്കി പ്ലേറ്റില്‍ വയ്ക്കുന്ന 'നാനോടെക്നോളജിയിലെ‍' mathematical precision കണ്ടിരുന്നെങ്കില്‍ അയാള്‍ അന്തം വിട്ടേനെ! സാരമില്ല, പോട്ടെ. നാലാം ക്ലാസിലെ കാര്യമല്ലെ.

Reji May 17, 2008 at 1:05 PM  
This comment has been removed by the author.
Reji May 17, 2008 at 1:10 PM  
This comment has been removed by the author.
Reji May 17, 2008 at 1:13 PM  

വളരെ നല്ല വിവരണം ബാബു... ഏകദേശം എല്ലാ പുരാണ ഗ്രന്ഥങ്ങളിലും ഒരേപോലെയുള്ള കഥകള്‍ തന്നെയാണെന്നു കാണാന്‍ കഴിയും...പഴയം നിയമം മറ്റു പുരാണങ്ങളേക്കാള്‍ ഒരുതരത്തിലും മെച്ച്മേയല്ല...മോശമാണെങ്കിലേയുള്ളു...
പൊന്നുരുക്കിന്നിടത്തു പൂച്ചെന്താണു
കാര്യമെന്നുപോലെ യഹൂദന്റെ പുസ്തകത്തിലും ദൈവത്തിലും നമ്മള്‍ ദ്രാവിഡര്‍ക്കെന്തു കാര്യമെന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല....
ഐന്‍സ്റ്റീനിന്റെ ഈയിടെ പുറത്തുവന്ന അഭിപ്രായം ഇത്തരുണത്തില്‍ എല്ലാവരെയും കണ്ണുതുറപ്പിക്കേണ്ടതാണ്‌..

http://thatsmalayalam.oneindia.in/news/2008/05/15/world-einstein-god-is-human-weakness.html

സി. കെ. ബാബു May 17, 2008 at 2:28 PM  

പാമരന്‍,
നന്ദി.

reji,
ഐന്‍സ്റ്റൈന്‍ പറയുന്നതിനു് മുന്‍പു് ഇക്കാര്യങ്ങള്‍ മറ്റാരും പറയാത്തതുകൊണ്ടല്ല മനുഷ്യരുടെ കണ്ണു് തുറക്കാത്തതു്. കാണാനാഗ്രഹിക്കുന്നതു് മാത്രമേ മനുഷ്യന്‍ കാണൂ, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതു് മാത്രമേ അവന്‍ കേള്‍ക്കൂ എന്നതുകൊണ്ടാണതു്. Albert Einstein (14.03.1879 - 18.04.1955) ജനിക്കുന്നതിനു് 167 വര്‍ഷം മുന്‍പു് ജനിച്ച Jean-Jacques Rousseau (28.06.1712 - 02.07.1778) തന്റെ Emile: or, On Education എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ടു്: "(യിസ്രായേല്‍ എന്ന) ഒരേയൊരു ജനവിഭാഗത്തെ സ്വന്തജനമായി തെരഞ്ഞെടുക്കുകയും, മറ്റു് സകല ജനങ്ങള്‍ക്കും (ജാതികള്‍ എന്ന ഓമനപ്പേരു് നല്‍കി!) 'ഭ്രഷ്ടു്' കല്‍പ്പിക്കുകയും ചെയ്യുന്ന ഒരു ദൈവം ഒരിക്കലും മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതുവായ ദൈവം ആവുകയില്ല".

“ദ്രാവിഡര്‍‍” അടക്കമുള്ള അന്യമതസ്ഥര്‍ ‍യഹൂദന്റെ ദൈവത്തെയും പുസ്തകത്തെയും തേടി അങ്ങോട്ടു് ചെല്ലുകയായിരുന്നില്ല, അവയുമായി ക്രിസ്ത്യാനികള്‍‍ (യഹൂദര്‍ പോലുമല്ല!) ഇങ്ങോട്ടു് വരികയായിരുന്നു. അതുകൊണ്ടുതന്നെ “ദ്രാവിഡര്‍ക്കു്” ആ ദൈവത്തെയും ആ ഗ്രന്ഥത്തെയും പരിശോധിക്കാനുള്ള അവകാശവുമുണ്ടു്. അതോ “ദ്രാവിഡരും‍” മറ്റു് “മൂന്നാം ലോകക്കാരുമൊക്കെ”, കൊളോണിയല്‍ കാലത്തെപ്പോലെ, ആരു് വച്ചുനീട്ടുന്നതും മിണ്ടാതെ വാങ്ങി വിഴുങ്ങിക്കൊള്ളണമെന്നാണോ?

ഐന്‍സ്റ്റൈന്‍ പ്രസിദ്ധനായ ഒരു ഫിസിസിസ്റ്റ് ആണു്. പക്ഷേ, ദൈവത്തെയും അസ്തിത്വത്തെയുമൊക്കെ കുറിച്ചു് ഐന്‍സ്റ്റൈനേക്കാള്‍ ആധികാരികമായി പറയാന്‍ കഴിവുള്ള മറ്റു് ശാസ്ത്രജ്ഞരും ചിന്തകരും ലോകത്തില്‍ ഉണ്ടായിട്ടേയില്ല എന്നു് അതിനര്‍ത്ഥമില്ല.

രഹസ്യരേഖകള്‍ പ്രത്യക്ഷപ്പെടുന്നതും, അവ വന്‍‌തുകയ്ക്കു് ലേലം ചെയ്യപ്പെടുന്നതുമൊക്കെ മാര്‍ക്കറ്റിംഗിന്റെ മറ്റൊരു ലോകം. അതിനു് ചിന്തകളുടെ ലോകവുമായി വലിയ ബന്ധമൊന്നുമില്ല.

Reji May 18, 2008 at 1:43 AM  

ബാബു, ഞാന്‍ താങ്കളെ കുറ്റപ്പെടുത്തിയതല്ല. നമ്മളും ഈ ഇവാഞ്ജലിക്കരുമൊക്കെ ഒരു ജനത ക്കുവേണ്ടി ബാക്കിയെല്ലാ ജനതകളെയും നശിപ്പിക്കാന്‍ തുനിഞ്ഞിറക്കിയിരുക്കുന്ന ഒരു ദൈവത്തിനോടാണല്ലോ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നതെന്നു സ്വയം വിമര്‍ശനാല്‍മകമായി എഴുതിപ്പോയതാണ്‌...

സി. കെ. ബാബു May 18, 2008 at 10:30 AM  

reji,

എന്നെ കുറ്റപ്പെടുത്തുകയായിരുന്നു എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ അതു് മനസ്സിലാക്കിയതും. എന്റെ മറുപടിയില്‍ അങ്ങനെ ഒരു ധ്വനി വന്നെങ്കില്‍ ക്ഷമിക്കുക. ഫറവോയെ വിരട്ടാന്‍ “വടിയെ പാമ്പാക്കേണ്ടി” വരുന്ന ഒരു ദൈവത്തിന്റെ പേരില്‍ ചില മതപണ്ഡിതര്‍ പാവം മനുഷ്യരെ “മക്കാരാക്കുന്നതു്‌” കാണുമ്പോള്‍ ചിലപ്പോള്‍ സ്വരം പരുക്കനാവുന്നതു് സ്വാഭാവികം. അതു് ഒരിക്കലും വ്യക്തിപരമായി എടുക്കരുതെന്നു് അപേക്ഷ. reji എന്നെ വായിക്കുന്നതില്‍ എനിക്കു് സന്തോഷമേയുള്ളു. ആശംസകളോടെ‍!

Reji May 21, 2008 at 3:26 AM  

...കൊല്ലരുതെന്നു കല്‍പനയിറക്കിയിട്ട്‌ ദാവീദിനെക്കൊണ്ട്‌` പതിനായിരങ്ങളെ കൊല്ലിക്കുന്നു. മോഷ്ടിക്കരുതെന്നു പറഞ്ഞിട്ട്‌ കൊള്ളയടിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ പത്തു കല്‍പനകളില്‍ ഏതെങ്കിലും ഈ പഴനിയമത്തില്‍ പാലിക്കുന്നുണ്ടൊ?.

ബാബു, താങ്കള്‍ ഈ പത്തു കല്‍പനകളെക്കുറിച്ച്‌ ഒരു അധ്യായം എഴുതിയാല്‍ കൊള്ളാമായിരുന്നു.... .

സി. കെ. ബാബു May 21, 2008 at 7:58 AM  

reji,

പത്തുകല്പനകളില്‍ ചിലതു് ഞാന്‍ ചില ലേഖനങ്ങളില്‍‍ പരാമര്‍ശിച്ചിട്ടുണ്ടു്. വിഗ്രഹാരാധന, മോഷണം, വ്യഭിചാരം, കൊലചെയ്യല്‍ മുതലായവ. ഇതില്‍ വിഗ്രഹാരാധന പാടില്ല എന്ന കല്പന ഗ്രീക്ക് ബൈബിളിലെയുള്ളു. ലാറ്റിന്‍ ബൈബിളില്‍‍ ഈ ഭാഗം ഒഴിവാക്കിയിരിക്കുന്നു. പത്തുകല്പനകളും അവയുടെ പാലിക്കലും തമ്മിലുള്ള വൈരുദ്ധ്യം, അഥവാ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ പഴയനിയമത്തില്‍ ആദ്യാവസാനം കാണാന്‍ കഴിയുന്ന കാര്യമാണു്. അതെഴുതിയവര്‍ക്കു് ഈ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയാഞ്ഞതു് അന്നത്തെ മനുഷ്യബുദ്ധിയുടെ പരിമിതി മാത്രമായേ കാണാന്‍ കഴിയൂ. ബുദ്ധികൊണ്ടല്ല വിശ്വസിക്കുന്നതു് എന്നതിനാല്‍ വിശ്വാസികള്‍ക്കു് അവ കാണാന്‍ ഇന്നും കഴിയുന്നില്ല.

പറഞ്ഞവ ആവര്‍ത്തിച്ചാല്‍ വിരസമാവുമല്ലൊ. പരാമര്‍ശിക്കാത്തവ സന്ദര്‍ഭം പോലെ സൂചിപ്പിക്കാമെന്നു് കരുതുന്നു.

Sapna Anu B.George May 24, 2008 at 6:51 AM  

ഇന്നത്തെ ലോകത്തില്‍ നടക്കുന്നതെല്ലാം നാം കാണുന്നുണ്ടല്ലൊ????ആള്‍ ദൈവങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു.........ഇവിടെ കണ്ടത്തില്‍ സന്തോഷം.

സി. കെ. ബാബു May 24, 2008 at 1:16 PM  

sapna anu b.george,

ആള്‍ദൈവങ്ങള്‍ അവസാനിക്കണം, അര്‍ദ്ധദൈവങ്ങള്‍ അസ്തമിക്കണം. എന്നാലേ മനുഷ്യത്വത്തിന്റെ പ്രഭാതം ഉദിക്കുകയുള്ളു.

ഷിബു May 25, 2008 at 10:46 AM  

nice posting..keep it up

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP