Tuesday, March 18, 2008

സോദോം-ഗോമോറയും ലോത്തിന്റെ അഗമ്യഗമനവും

=തുടര്‍ച്ച=

അങ്ങനെ, സാറ പാകം ചെയ്ത രുചികരമായ അപ്പം, അബ്രാമിന്റെ പരിചാരകര്‍ കൊന്നു്, തൊലിപൊളിച്ചു്, 'നന്മതിന്മകളെ' വേര്‍പെടുത്തി, കഷണമാക്കി, അരച്ചതും പൊടിച്ചതുമായ ചേരുവകള്‍ ചേര്‍ത്തു് കറിപ്പരുവത്തിലാക്കിയ കാളക്കുട്ടിയെ കത്തിയും മുള്ളുമൊന്നുമില്ലാഞ്ഞിട്ടും, വൃത്തത്തിനും അലങ്കാരത്തിനും ഭംഗം വരാത്തവിധത്തില്‍, കമിതാക്കള്‍ മരം ചുറ്റി ഓടുമ്പോള്‍ കറിവേപ്പു് ചൊല്ലുന്ന പ്രേമഗാനം പോലെ, കൈകൊണ്ടുതന്നെ വിശദമായി കുഴച്ചുരുട്ടി യഹോവയും രണ്ടു് കൂട്ടുകാരും പരമാവധി ആസ്വാദ്യതയോടെ വിഴുങ്ങി ആനന്ദപുളകിതരായി. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെ വര്‍ണ്ണിക്കാന്‍ വരികളില്ല. ശകലമെങ്കിലും അതിനോടു് അടുത്തു് നില്‍ക്കുന്ന ഒരു വരി എന്നു് വേണമെങ്കില്‍ പറയാവുന്നതു് ഇതുമാത്രം: "പ്രാണനാഥനെനിക്കു് നല്‍കിയ പരമാനന്ദസുഖത്തെ പറവതിനെളുതാമോ... ഓ... ഔ... അം...അഃ..."

പ്രായോഗികജീവിതത്തിലെ കടമകള്‍ മാടിവിളിക്കുമ്പോള്‍ കവിത ആസ്വദിക്കാന്‍ പുരുഷവര്‍ഗ്ഗത്തിനാവില്ല. അതിനാല്‍, ആഹാരത്തിനു് ശേഷം യഹോവയുടെ രണ്ടു് കൂട്ടുകാരും ദൗത്യനിര്‍വ്വഹണത്തിനായി സോദോം-ഗോമോറയിലേക്കു് പുറപ്പെട്ടു. വിരഹവേദനയോടെ പറഞ്ഞുവിടാന്‍ കൊതിച്ച രണ്ടു് ഏമ്പക്കം പോലും വഴിമദ്ധ്യേ വിടാനായി അവര്‍ postpone ചെയ്യുകയായിരുന്നു. ഇന്നത്തെ മനുഷ്യരെപ്പോലെ പോര്‍ഷെയോ, പ്രൈവറ്റ്‌ ജെറ്റോ ഒക്കെ ഉപയോഗിക്കുന്ന രീതി സ്വര്‍ഗ്ഗവാസികള്‍ അന്നു് തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ ആ വഴിമുഴുവന്‍ അവര്‍ രണ്ടുകാലില്‍ നടന്നുതീര്‍ക്കേണ്ടിവന്നു. "ആളകലം, പാറവെടി" എന്ന മാതിരി വിളിച്ചുകൂവിക്കൊണ്ടു് അസമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു K.S.R.T.C ബസുപോലും അന്നു് ആ വഴി ഓടുന്നുണ്ടായിരുന്നില്ല. 'നിനക്കു് നിന്റെ ദൈവം പിടിപ്പിച്ച കാലുകളെ ഓര്‍ത്തു് നീ നിന്റെ ദൈവത്തെ സ്തുതിക്കുക' എന്നു് ഇടതടവില്ലാതെ പ്രാര്‍ത്ഥിച്ചു് എല്ലാവരും സംതൃപ്തി അടയുകയായിരുന്നു പതിവു്. "ദൈവം നിങ്ങള്‍ക്കു് കാലുകള്‍ നല്‍കാതിരുന്നെങ്കില്‍ നിങ്ങള്‍ ഉരുളേണ്ടി വരുമായിരുന്നില്ലേ?" എന്ന, ഉണ്ടുണ്ടു് ഉരുളപോലെ ഉരുണ്ട ചില മഹാപുരോഹിതന്മാരുടെ ചോദ്യങ്ങള്‍ക്കു് മുന്നില്‍ ജനം ചൂളിപ്പോയി. "പള്ളീലച്ചന്‍ പറയണതിലു് എന്നാടി പുള്ളേ ഒരു തെറ്റു്?" എന്നു് ചൂണ്ടുവിരല്‍ സ്വര്‍ഗ്ഗത്തിലേക്കു് ചൂണ്ടിയ ഒരു പീരങ്കി പോലെ മൂക്കില്‍ ചേര്‍ത്തു് വച്ചുകൊണ്ടു്, ഏലി മറിയയോടും, മറിയ സാറയോടും, സാറ കണ്ണീല്‍ കണ്ട സര്‍വ്വ പെണ്ണുങ്ങളോടും, ഇവരെല്ലാവരും തലയിണമന്ത്രമായി, 'പാപഫലം' തിന്നുന്നതിനു് മുന്‍പുള്ള സൂപ്പുകുടിപോലെ, അവരവരുടെ കെട്ട്യോന്മാരോടും ചിലച്ചപ്പോള്‍ കാലുകള്‍ ദൈവം തന്നതാണെന്ന കാര്യം സംശയിക്കാന്‍ പാടില്ലാത്ത വിശ്വാസമായി ഓരോരുത്തരുടേയും തലച്ചോറില്‍ കിനാവള്ളി പോലെ പിടിമുറുക്കി. ഉള്ള കാലുകള്‍ നഷ്ടപ്പെട്ടു് ഉരുണ്ടുരുണ്ടു് ചന്തയിലേക്കു് പോകേണ്ടിവരാതിരിക്കാന്‍ ചിലര്‍ ഉരുണ്ടുനേര്‍ച്ചപോലും കഴിക്കാന്‍ സന്നദ്ധരായി.

പൊടിപിടിച്ച മരുപ്രദേശങ്ങളിലൂടെ നടന്നുനടന്നു് വൈകുന്നേരമായപ്പോഴേക്കും ദൈവത്തിന്റെ കൂട്ടുകാര്‍ സോദോമില്‍ എത്തി. ലോത്ത്‌ പട്ടണവാതില്‍ക്കല്‍ കുത്തിയിരിക്കുന്നുണ്ടായിരുന്നു. പട്ടണവാതില്‍ക്കല്‍ ചുറ്റിത്തിരിയുക എന്ന ഹോബിയില്‍നിന്നും പൂര്‍ണ്ണമായി തങ്ങളെ മോചിപ്പിക്കാന്‍ സോക്രട്ടീസ്‌ അടക്കമുള്ള പുരുഷന്മാര്‍ക്കു് ഇന്നോളം കഴിഞ്ഞിട്ടില്ല. വീട്ടില്‍ തങ്ങളെ കാത്തിരിക്കുന്ന ബാന്റുമേളത്തെപ്പറ്റി വ്യക്തമായ ചില ധാരണകളൊക്കെയുള്ളതുകൊണ്ടു് അതിനായി ആത്മാര്‍ത്ഥമായ ഒരു ശ്രമം ആരും ഇതുവരെ നടത്തിയിട്ടുമില്ല. അവരെ കണ്ടപാടെ ലോത്ത്‌ പറഞ്ഞു: "കയറിവരൂ, കാല്‍ കഴുകൂ, അപ്പം തിന്നൂ, മാംസം കഴിക്കൂ, കിടന്നുറങ്ങൂ, അതിരാവിലെ കെട്ടുകെട്ടൂ! (വഴിയെ പോകുന്നവരെ മുഴുവന്‍ വീട്ടില്‍ വിളിച്ചുകേറ്റി കാലുകഴുകിച്ചു് തീറ്റകൊടുത്തു് ഉറക്കുന്നതു് അക്കാലത്തെ ഒരു രീതി ആയിരുന്നു എന്നു് തോന്നുന്നു. അവര്‍ അതിനു് പ്രതിഫലം കൊടുത്തിരുന്നതുകൊണ്ടാണൊ എന്നറിയില്ല, അവര്‍ പലപ്പോഴും 'ദൈവങ്ങള്‍' എന്നു് സംബോധന ചെയ്യപ്പെട്ടിരുന്നതു്! സത്രങ്ങള്‍ അത്ര സുലഭമായിരുന്നില്ലല്ലോ.) ക്ഷണിക്കുന്നതു് ആരായാലും, അതങ്ങനെ ചാടിപ്പിടിച്ചു് സ്വീകരിക്കുന്നതു് അപമര്യാദ ആയതുകൊണ്ടാവാം, അവര്‍ പറഞ്ഞു: "വേണ്ട, ഞങ്ങള്‍ വീഥിയില്‍ കിടന്നോളാം." 'നിഷേധിക്കേണ്ടതു് അവരുടെ കടമ, നിര്‍ബന്ധിക്കേണ്ടതു് തന്റെ ചുമതല' എന്നറിയാവുന്ന ലോത്ത്‌ അവരെ പിടിച്ചപിടിയാലെ വീട്ടിലെത്തിച്ചു.

ശുചീകരണത്തിനും, ആഹാരത്തിനും ശേഷം അവര്‍ ഉറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും പുരുഷമൈഥുനക്കാരായ സോദോം നിവാസികള്‍ വീടുവളഞ്ഞു. അതും ഒന്നും രണ്ടും പേരല്ല. 'സോദോം പട്ടണത്തിലെ പുരുഷന്മാര്‍ സകലഭാഗത്തുനിന്നും ആബാലവൃദ്ധം' ലോത്തിന്റെ മുറ്റത്തും പറമ്പിലുമായി ഒരു പാര്‍ട്ടിസമ്മേളനത്തിനെന്നപോലെ തടിച്ചുകൂടുകയായിരുന്നു! പുറത്തു് കവാത്തു് ചെയ്യുന്ന കാമരാജകോമാളികളോടു് ലോത്ത്‌ പറഞ്ഞു: "ബ്രദറണ്‍സ്‌! എനിക്കു് പുരുഷന്‍ തൊടാത്ത രണ്ടു് പുത്രീസ്‌ ഉണ്ടു്. they are at your disposal. പക്ഷേ, പുരുഷന്മാരെ മാത്രം ചോദിക്കരുതു്". "എടാ വിദേശി! നീ ആരെടാ ഞങ്ങളെ പഠിപ്പിക്കാന്‍?" എന്നും പറഞ്ഞു് അവര്‍ വാതില്‍ തല്ലിപ്പൊളിക്കാന്‍ കാഹളമൂതി. അപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത ഒരു മഹാത്ഭുതം! സ്തോത്രം കര്‍ത്താവേ! (ഞാന്‍ കൊസ്തിപൊന്തനാണേ! അത്ഭുതമെന്നു് കേട്ടാ ഉടനെ 'സ്തോത്രം' എന്നു് പറയണതു് ഞങ്ങളുടെ ഒരു രീതിയാ. അതങ്ങനെ എളുപ്പം മാറണ രോഗമല്ല. ന്യൂനപക്ഷസ്വാതന്ത്ര്യമെന്നും പറയും!) ആ രണ്ടു് ദൈവന്‍സ്‌ അതിശയകരമായി അവര്‍ക്കെല്ലാം അന്ധത പിടിപ്പിക്കുന്നു! ജനം ലോത്തിന്റെ വീടിന്റെ വാതില്‍ തപ്പിനടന്നു് വിഷമിക്കുന്നു! കണ്ണറിയാതെ, അവര്‍ തമ്മില്‍ത്തമ്മില്‍ ചുമ്മാ വേണ്ടാത്തിടത്തൊക്കെ കേറി പിടിക്കുന്നു. പിടിച്ചതെവിടെ എന്നതിന്റെ അടിസ്ഥാനത്തില്‍, ചിലര്‍ ഇക്കിളി മൂലം പൊട്ടിച്ചിരിക്കുന്നു. മറ്റുചിലര്‍ വേദനമൂലം പൊട്ടിക്കരയുന്നു!

അതിനുശേഷം ദൈവത്തിന്റെ ആ രണ്ടു് കൂട്ടുകാര്‍ ലോത്തിനോടു് പറഞ്ഞു: "നിനക്കു് വേണ്ടപ്പെട്ടവരെയെല്ലാം immediately വിവരം അറിയിച്ചോളൂ. എന്നിട്ടു് അവരേയും കൂട്ടി വല്ല ഗള്‍ഫിലേക്കോ കാനഡേലേക്കൊ മറ്റോ ഓടിയാല്‍ തത്ക്കാലം തടി രക്ഷപെടുത്താം." ജനങ്ങളുടെ കൃത്യമായ സെന്‍സസ്‌ കൈവശം ഇല്ലാതിരുന്നതിനാല്‍ ലോത്തിനു് വേണ്ടപ്പെട്ടവര്‍ ആരെല്ലാമെന്നതു് ദൈവത്തിനും നല്ല നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടു് ഡീസന്റാവാന്‍ ഒരു decentralization തന്നെ ആണു് ഭേദം എന്നു് ദൈവം കരുതി. ലോത്ത്‌ രാത്രിതന്നെ പെണ്മക്കളെ 'കൂച്ചിക്കെട്ടേണ്ടവരായ' ഭാവിമരുമക്കളോടു് കാര്യം പറഞ്ഞു. "ചുമ്മാ കളി പറയാതെ വീട്ടീ പോടോ കാര്‍ന്നോരെ! ഞങ്ങ ഇതെത്ര കേട്ടേക്കണു" എന്നായിരുന്നു അവരുടെ മറുപടി. വെളുപ്പിനുതന്നെ ആ രണ്ടു് പുരുഷന്മാര്‍ ലോത്തിനേയും ഭാര്യയേയും രണ്ടു് പെണ്മക്കളേയും കയ്യോടെ, അഥവാ ഓരോ കയ്യില്‍ ഓരോരുത്തരായി, പട്ടണത്തിനു് വെളിയില്‍ കൊണ്ടുപോയി ആക്കിയശേഷം പറഞ്ഞു: "ജീവന്‍ വേണമെങ്കില്‍ പുറകോട്ടു് തിരിഞ്ഞുനോക്കാതെ പര്‍വ്വതത്തിലേക്കു് ഓടിക്കോ!"

ഈ ദൈവങ്ങളു് പറയുന്നതെല്ലാം മുഖവിലക്കെടുത്താല്‍ ശരിയാവില്ല എന്നറിയാവുന്ന ലോത്ത്‌ പറഞ്ഞു: "എനിക്കെങ്ങും പറ്റൂല്ല അവടം വരെ ഓടാന്‍. ഞാന്‍ വേണോങ്കി ദോ, ദാക്കാണണെ ചെറിയ പട്ടണം വരെ ഓടാം."

ലെവന്‍ ആളു് പുലിയാണല്ലോ എന്നു് ആത്മഗതിച്ചുകൊണ്ടു് 'ദൈവം' പറഞ്ഞു: "മുടിഞ്ഞു് മുദ്രയിടാനക്കൊണ്ടു്! അങ്ങനേങ്കി അങ്ങനെ. നീ ഒന്നോടിയാല്‍ മതി!"

അങ്ങനെ ഓടിയോടി സൂര്യന്‍ ഉദിച്ചപ്പോഴത്തേക്കും ലോത്ത്‌ 'സോവര്‍' എന്ന പട്ടണത്തില്‍ എത്തി. തിരിഞ്ഞുനോക്കാതെ ഓടീതുകൊണ്ടു് കെട്ട്യോളു് കൂട്ടത്തിലില്ല എന്ന കാര്യം ലോത്തു് അറിയണതു് അവിടെ എത്തിയശേഷമാണു്! ഓട്ടത്തിനിടയില്‍, "ഉപ്പിടണ പാത്രം പോലും എടുക്കാന്‍ എനിക്കു് പറ്റീല്ലല്ലോ ന്റെ ഫറവോന്റെ 'പട്ടിപന്നിഗരുഡനാദിത്യനിത്യാദി' ദൈവങ്ങളേ" എന്നോര്‍ത്തു് നിലവിളിച്ചോണ്ടു് പുറകോട്ടു് തിരിഞ്ഞുനോക്കിയതിനാല്‍ അവള്‍ ഉപ്പുതൂണായിപ്പോവുകയായിരുന്നു! അന്തുപ്പു് എന്തുപ്പാ, ഇന്തുപ്പായിരുന്നോ എന്നെനിക്കറിയില്ല. ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, നൈട്രേറ്റ്‌ അങ്ങനെ എന്തെന്തെല്ലാം 'ഉപ്പുകള്‍'! ലോത്തും രണ്ടു് പെണ്മക്കളും സോവറില്‍ എത്തിയെന്നു് ഉറപ്പായപ്പോള്‍ യഹോവ തന്റെ സന്നിധിയില്‍നിന്നു്, 'ആകാശത്തില്‍നിന്നുതന്നെ', ഗന്ധകവും തീയും വര്‍ഷിപ്പിച്ചു് സോദോമിനേയും ഗോമോറയേയും നിശ്ശേഷം നശിപ്പിച്ചു. 'കമ്മ്യൂണിസ്റ്റ്‌ പച്ച' പോലും ബാക്കിവന്നില്ല.

പക്ഷേ എന്തുകൊണ്ടോ ലോത്ത്‌ സോവറില്‍ പാര്‍പ്പാന്‍ ഭയപ്പെട്ടു. അതിനാല്‍ അവന്‍ പെണ്മക്കളുമായി പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ ചെന്നു് പാര്‍ത്തു. അങ്ങനെയിരിക്കെ, 'ഭൂമിയില്‍ എല്ലാടവുമുള്ള നടപ്പുപോലെ' തങ്ങളുടെ അടുത്തു് വരുവാന്‍ 'ഭൂമിയില്‍' (സോവറും പരിസരപ്രദേശങ്ങളും ഭൂമിയില്‍ പെടുകയില്ലേ എന്നു് ചോദിക്കരുതു്!) പുരുഷന്മാര്‍ ആരുമില്ലെന്ന ഭയാനകസത്യം ആദ്യം മൂത്തവളും, അവള്‍വഴി ഇളയവളും മനസ്സിലാക്കുന്നു. മൂത്തവള്‍ പറഞ്ഞു: "വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിനു് അവനെ വീഞ്ഞു് കുടിപ്പിച്ചു് അവനോടുകൂടെ ശയിക്ക." അങ്ങനെ, ലോത്തിനെ വീഞ്ഞുകുടിപ്പിച്ചശേഷം മൂത്തവള്‍ അപ്പനോടൊത്തു് ശയിക്കുന്നു. 'അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല!' 'ഉഷസ്സായി സന്ധ്യയുമായി, ഒന്നാം രാത്രി'. പിറ്റേന്നു് രണ്ടാമത്തവളും ഇതേ നടപടിക്രമങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കുന്നു. 'അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല!' 'ഉഷസ്സായി സന്ധ്യയുമായി, രണ്ടാം രാത്രി'. സൃഷ്ടിയുടെ രണ്ടു് രാത്രികള്‍! മൂന്നാം രാത്രി ശബത്തായിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ അവര്‍ രണ്ടുപേരും പിതാവില്‍നിന്നും ഗര്‍ഭം ധരിക്കുന്നു! സ്രഷ്ടാവറിയാതെ സൃഷ്ടി നടത്തിക്കാന്‍ മാത്രം ബോധം കെടുത്തുന്ന സോവറിലെ വീഞ്ഞു് ഉഗ്രന്‍ സാധനമായിരുന്നിരിക്കണം! ഏതായാലും ഗുഹയിലേക്കു് പോയപ്പോള്‍ രണ്ടുകലം വീഞ്ഞു് കൂട്ടത്തില്‍ കരുതാന്‍ ആ കുട്ടികള്‍ക്കു് തോന്നിയതു് നന്നായി. ഒരു വംശം നശിക്കാതെ കഴിഞ്ഞല്ലോ! മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു. അവനു് മോവാബ്‌ എന്നു് പേര്‍. അവന്‍ മോവാബ്യരുടെ പിതാവു്. രണ്ടാമത്തവള്‍ ബെന്‍-അമ്മീ എന്നവനെ പ്രസവിച്ചു. അവന്‍ അമ്മോന്യര്‍ക്കു് പിതാവു്.

സോദോം-ഗോമോറയെ മുഴുവന്‍ തീയും ഗന്ധകവും കൊണ്ടു് നശിപ്പിക്കുന്നതിനു്, അവിടത്തെ ജനങ്ങള്‍ പുരുഷമൈഥുനക്കാരായിരുന്നു എന്ന മഹാപരാധം കാരണമായി ചൂണ്ടിക്കാണിക്കുന്ന യഹോവ, അതുവഴി രണ്ടു് പെണ്‍കുട്ടികളെ എത്തിക്കുന്നതു് വംശം നശിക്കാതിരിക്കാന്‍ സ്വന്തം അപ്പനോടൊത്തു് ശയിക്കേണ്ടിവരുന്ന ദുരവസ്ഥയിലേക്കാണു്. അപ്പവും കാളയിറച്ചിയും തിന്നു് ആമോദം കൊള്ളുന്ന യഹോവയ്ക്കു് ഇത്തരമൊരു ദയനീയാവസ്ഥയില്‍ എന്തുകൊണ്ടാണാവോ മനുഷ്യനു് കേള്‍ക്കാന്‍ കൊള്ളാവുന്ന മറ്റു് strategy-കളൊന്നും 'തലയില്‍' ഉദിക്കാതിരുന്നതു്? അതോ ദൈവം ഒരു L. D. Clerck-ന്റെ പോലും കാര്യക്ഷമതയോ വസ്തുനിഷ്ഠതയോ ഇല്ലാത്ത വെറുമൊരു കണക്കപ്പിള്ളയോ? ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു നേരിയ നുറുങ്ങുമാത്രം, അതും പക്ഷവാദപരമായി, കുത്തിക്കുറിക്കുവാന്‍ ഒരു ദൈവം തന്നെ വേണമെന്നുണ്ടോ? അതൊക്കെ വളരെ വിശദമായി, നിഷ്പക്ഷമായി എത്രയോ ചരിത്രകാരന്മാര്‍ ചെയ്തിരിക്കുന്നു, ഇന്നും ചെയ്യുന്നു?!

ഈ ആധുനിക ലോകത്തില്‍ ദൈവത്തിന്റെയോ മതങ്ങളുടെയോ പേരില്‍ മനുഷ്യനെ അജ്ഞതയുടെ അന്ധകാരത്തില്‍ തപ്പിത്തടയാന്‍ വിടുന്നതു്, ഒരു അംഗീകൃതലോകതത്വമായി മാറിക്കഴിഞ്ഞ ജനാധിപത്യവ്യവസ്ഥിതിയില്‍ നീതീകരിക്കാനാവുമോ എന്നെനിക്കറിയില്ല. അന്ധവിശ്വാസികളായവരുടെ 'ജനാധിപത്യം' അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ആധിപത്യമാണു്. ജനാധിപത്യത്തിന്റെ അടിസ്ഥാനനിബന്ധനകള്‍ അവിടെ പാലിക്കപ്പെടുകയില്ല. ശുദ്ധഗതിക്കാരായ മനുഷ്യരില്‍ കാലഹരണപ്പെട്ട ആശയങ്ങളും ആദര്‍ശങ്ങളും ഇന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു് അനുവദിക്കാനാവുമോ എന്നു് എല്ലാ ജനാധിപത്യശക്തികളും പരസ്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണെനിക്കു് തോന്നുന്നതു്. സ്വന്തം ഇഷ്ടമോ 'കുറ്റമോ' മൂലമല്ലാതെ, പിറന്നുവീഴുന്നതിന്റെ മാത്രം പേരില്‍ അവരുടേതായിത്തീരുന്ന മതങ്ങളിലും വിശ്വാസങ്ങളിലും മനുഷ്യരെ തുടരാന്‍ അനുവദിക്കുകയും, നിഷ്പക്ഷമായ ബോധവല്‍ക്കരണം വഴി, അഥവാ വിവിധ വിജ്ഞാനമേഖലകളിലേക്കുള്ള പ്രവേശനം മുന്‍വിധിയില്ലാതെ, 'ആത്മീയരക്ഷാധികാരി' ചമയാതെ, സാദ്ധ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതുവഴി സമൂഹത്തിന്റെ ജീര്‍ണ്ണത മനസ്സിലാക്കാനും, ജനാധിപത്യത്തില്‍ അധിഷ്ഠിതമായ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ, ശാസ്ത്രത്തിന്റെ സഹായത്തോടെ സാമൂഹികപുനര്‍നിര്‍മ്മാണത്തിന്റെ ആവശ്യം സ്വയം ഉള്‍ക്കൊള്ളാനുതകുന്ന മാനസികവളര്‍ച്ച നേടിയെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ലേ, വിഡ്ഢിത്തപാരായണം വഴി, മൂഢമുദ്രാവാക്യങ്ങള്‍ വഴി, മനുഷ്യരെ തിരുത്താനാവാത്ത മസ്തിഷ്കപ്രക്ഷാളനത്തിനു് വിധേയരാക്കുന്ന മതങ്ങളുടെയും, രാഷ്ട്രീയത്തിലെ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളുടെയും നീരാളിപ്പിടുത്തത്തിനു് വിട്ടുകൊടുക്കുന്നതിനേക്കാള്‍ അഭികാമ്യം?

(ലേഖനത്തിനാധാരം: ഉത്പത്തി: അദ്ധ്യായം 18, 19)

15 comments:

Unni(ജൊജി) March 19, 2008 at 9:21 AM  

Good article, keep it up

ഓഫ് : ഈ ര്‍ീതിയില്‍ പൊയാല്‍ കതൊലിക്കാ സഭ കൊട്ടെഷന്‍ കൊടുക്കുമെ ......

സി. കെ. ബാബു March 19, 2008 at 9:30 AM  

unni(ജൊജി),

നന്ദി. വൈറസുകളെ കൂടുതല്‍ ഭയപ്പെടണം! :)

തോന്ന്യാസി March 19, 2008 at 3:01 PM  

മാഷേ ഒരു തോന്ന്യാസം ചോയ്ച്ചോട്ടെ?

ആ കുട്ടികള്‍ അമ്മേ എന്ന് വിളിക്കുമോ അതോ ചേച്ചീന്നു വിളിക്കുമോ?

അപ്പാ എന്നു വിളിക്കുമോ അതോ അപ്പൂപ്പാ എന്നു വിളിക്കുമോ?


ഒന്നു മനസ്സിലായി മാഷാളൊരു പുലിയാണെന്ന്........

സി. കെ. ബാബു March 19, 2008 at 3:36 PM  

തോന്ന്യാസി,

ഇതു് വല്ലാത്തൊരു തോന്ന്യാസമായിപ്പോയല്ലോ. ഇതിനു് മറുപടി പറയാന്‍‍ നിതാന്തവന്ദ്യദിവ്യശ്രീ അനോഫിലീസ് മാര്‍ ക്യൂലക്സ് തിരുമേനിക്കു് മാത്രമേ കഴിയുമായിരുന്നുള്ളു. അങ്ങേരു് കാലം ചെയ്തു. (അങ്ങേരെ കാലന്‍ ചെയ്തു എന്നും പറയും!)

പിന്നെ, പുലീന്നൊക്കെ ഇത്ര ഉറക്കെ വിളിക്കല്ലെ, കണ്ണുകിട്ടും. :)

കടവന്‍ March 19, 2008 at 5:50 PM  

ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു നേരിയ നുറുങ്ങുമാത്രം, അതും പക്ഷവാദപരമായി, കുത്തിക്കുറിക്കുവാന്‍ ഒരു ദൈവം തന്നെ വേണമെന്നുണ്ടോ? അതൊക്കെ വളരെ വിശദമായി, നിഷ്പക്ഷമായി എത്രയോ ചരിത്രകാരന്മാര്‍ ചെയ്തിരിക്കുന്നു, ഇന്നും ചെയ്യുന്നു?!കലക്കി

സി. കെ. ബാബു March 19, 2008 at 7:01 PM  

നന്ദി, കടവന്‍.

സൂരജ് :: suraj March 19, 2008 at 10:33 PM  

Sodomy-യും sin of gomorrah-യും ഫൊറന്‍സിക് മെഡിസിനില്‍ പഠിപ്പിച്ച സമയത്ത് പ്രൊഫസര്‍ ഈ കഥ ചുരുക്കി പറഞ്ഞിരുന്നു. അന്ന് അതിന്റെ സെക്ഷ്വല്‍ ഡീറ്റെയിത്സില്‍ ആയിരുന്നു ശ്രദ്ധയെന്നതുകൊണ്ട് കഥ വിശദമായി നോക്കിയിരുന്നില്ല. ( ‘ലൈംഗിക കുറ്റകൃത്യങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഏറ്റവും കൂടുതല് അറ്റന്‍സ്ഡന്‍സ് ഉള്ള ലെക്ചറുകള്‍...ഹ ഹ ഹ! പ്രൊഫസറാണെങ്കില്‍ ദ്വന്ദ്വാര്‍ത്ഥപ്രയോഗങ്ങലുടെ ആശാനും!)
പുതിയ മാനങ്ങളിലുള്ള സരസമായ ഈ വിവരണം ഓര്‍മ്മപുതുക്കലായി. നന്ദി ബാബു മാഷ്.

കിരണ്‍ തോമസ് തോമ്പില്‍ March 20, 2008 at 8:04 AM  

ബാബു സാറെ നിങ്ങള്‍ ഉള്ള വിശ്വാസം കു‌ടി കളയുമാല്ലോ. ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ ഉള്ള കഥകള്‍ ഒരു മിത്താണ് എന്ന് കത്തോലിക്ക സഭ മുന്കു‌ര്‍ ജാമ്യം എടുത്തത് വെറുതെ അല്ല.

സി. കെ. ബാബു March 20, 2008 at 10:14 AM  

നന്ദി, സൂരജ്.

കിരണ്‍,

മനുഷ്യനാണു് മദ്ധ്യബിന്ദു, ദൈവമല്ല. മനുഷ്യന്‍ വിശ്വസിക്കേണ്ടതു് അവനില്‍ തന്നെയാണു്. കാരണം, അവന്‍ സൃഷ്ടിക്കാത്തതായ ഒരു ദൈവവുമില്ല. ദൈവത്തെ ചോദ്യം ചെയ്യുന്ന മനുഷ്യനെ മുഖാമുഖം നേരിടാന്‍ കരുത്തുള്ള ദൈവമെവിടെ? അവിശ്വാസികളോടു് 'ദൈവനാമത്തില്‍' ഇന്നുവരെ
വിശുദ്ധയുദ്ധം പ്രഖ്യാപിച്ചിട്ടുള്ളതു് മനുഷ്യരല്ലാതെ എന്നെങ്കിലും ദൈവമായിരുന്നോ? അവിശ്വാസിക്കു് ഒരു ജലദോഷം വന്നാല്‍ അതു് ദൈവശാപമാണെന്നു് പറഞ്ഞുപരത്തി ദൈവാസ്തിത്വം 'സ്ഥാപിക്കുന്നതും' മനുഷ്യന്‍ തന്നെയല്ലാതെ ദൈവമാണോ?

The demystification of all values based on baseless assumptions is an unconditional necessity for a functioning modern society.

വെള്ളെഴുത്ത് March 20, 2008 at 6:43 PM  
This comment has been removed by the author.
Harold March 21, 2008 at 7:18 AM  

ബാബു
ഇന്നു ദു:ഖ വെള്ളി...
എന്നാലും ഈ വിശകലനംഇഷ്ടപ്പെട്ടു.
ഓ.. ഇതൊക്കെ ഐതിഹ്യമാണല്ലോ...:)

സി. കെ. ബാബു March 21, 2008 at 11:33 AM  

വെള്ളെഴുത്തു്,

ലോത്തിന്റെ കഥ കൂടുതലും Sodomy-യെയും, incest-നെയുമാണല്ലോ കേന്ദ്രീകരിക്കുന്നതു്. അതില്‍ ഒരു sadist-ന്റെ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അതു് 'ദൈവം' മാത്രമാണെന്നു് തോന്നുന്നു. കുരിശുമരണത്തിലും 'കണ്ണില്‍ ചോരയില്ലായ്മ' ആണല്ലോ 'പിതാവിന്റെ' അടിസ്ഥാന നിലപാടു്!

Pier Paolo Pasolini നിര്‍മ്മിച്ച Salò or the 120 Days of Sodom എന്ന ചിത്രവും, അതു് ആധാരമാക്കിയിരിക്കുന്ന Marquis de Sade-യുടെ 120 days of Sodom എന്ന പുസ്തകവും sexual perversion മുഖം‌മൂടിയില്ലാതെ തുറന്നു കാണിക്കുകയല്ലേ? പസോളിനിയുടെ ബാല്യവും, ഡെ സാഡിന്റെ ജീവിതവും, അവരുടെ കാലഘട്ടങ്ങളിലെ യൂറോപ്പുമൊക്കെ അവയുടെ സൃഷ്ടിയില്‍ അതിന്റേതായ പങ്കു് വഹിക്കുകയും ചെയ്തു. നിയന്ത്രണമില്ലാത്ത അധികാരം ലഭിച്ചാല്‍ എന്തെന്തു് ക്രൂരതകള്‍ക്കു് മനുഷ്യന്‍ തയ്യാറാവുകയില്ല എന്നതിന്റെ തെളിവുകള്‍ മദ്ധ്യകാല-യുദ്ധകാല യൂറോപ്പില്‍ എത്ര വേണമെങ്കിലും ഉണ്ടല്ലോ.

harold,

ദുഃഖവെള്ളിയാഴ്ചയില്‍ യേശു അനുഭവിച്ചതിനേക്കാള്‍ എത്രയോ ഭയാനകമായ ക്രൂരതകള്‍ക്കു് ഇന്നും നിര്‍മ്മലരായ അനേകം മനുഷ്യര്‍ വിധേയരാവുന്നുണ്ടു്. കുറ്റമില്ലാത്ത രക്തം ഇന്നും ഏറെ ചൊരിയപ്പെടുന്നുണ്ടു്. അത്തരം വാര്‍ത്തകള്‍ക്കു് കച്ചവടപ്രാധാന്യം ഇല്ലാത്തതിനാല്‍ പലതും നമ്മള്‍ അറിയുന്നില്ലെന്നു് മാത്രം! അറിഞ്ഞാലും അതു് ശ്രദ്ധിക്കാതിരിക്കാന്‍ നമ്മള്‍ ശീലിച്ചുകൊണ്ടിരിക്കുകയുമല്ലേ? മനുഷ്യന്‍ എന്നാല്‍ എന്റെ ജാതിക്കാര്‍, എന്റെ വര്‍ഗ്ഗത്തില്‍ പെട്ടവര്‍, എന്റെ മതാനുയായികള്‍ എന്നൊക്കെയല്ലേ ഇന്നു് അര്‍ത്ഥം?

വെള്ളെഴുത്ത് March 21, 2008 at 8:25 PM  

സാദ് മനഃശാസ്ത്രത്തിനാണ് നോവലില്‍ ഊന്നല്‍ നല്‍കിയത്, പസ്സോളിനി അതിനെ നാസികളിലേയ്ക്കെടുത്തപ്പോള്‍ ഐഡിയോളജിയ്ക്കും. രണ്ടിടത്തും അധികാരം ആധാരശ്രുതി. ഈ രണ്ടിന്റെയും മൂലകങ്ങള്‍ ഇവിടെ വിവരിക്കുന്ന കഥയില്‍ വരുന്നതായി തോന്നി. ഇല്ലേ? വഴിവിട്ട ലൈംഗികത ശിക്ഷിക്കേണ്ട സംഗതിയാണെന്ന്, അതുമാത്രമായിക്കഴിയുന്നത് ശരിയല്ലെന്ന സാമൂഹികമായ മൂല്യബോധമാണ് ഗോദോമിനെ ഗന്ധകജ്വാലയുപയോഗിച്ച് കത്തിച്ചത്. സിനിമയില്‍ അത്തരമൊരു ശുഭാപ്തി സംഭവിക്കുന്നില്ല.. അതാണ് ആലോചിച്ചുകൊണ്ടിരുന്നത്. (ദൈവത്തെ ഞാന്‍ പിന്നെയും വെറുതേ വിടുന്നു...)

സി. കെ. ബാബു March 22, 2008 at 9:35 AM  

ശുഭാപ്തി'വിശ്വാസം' നല്ലതാണെങ്കിലും സ്വന്തം ജീവിതാനുഭവങ്ങള്‍ വഴി അതിന്റെ real life-ലെ അസംഗത അറിഞ്ഞതാവാം പസോളിനി Salò- യെ ശുഭാപ്തിയിലെത്തിക്കാതിരുന്നതിന്റെ കാരണം. അധികാരം അതില്‍ത്തന്നെ തിന്മയാണെന്നു് എവിടെയോ വായിച്ചിട്ടുണ്ടു്. അതു് പൂര്‍ണ്ണമായും ശരിയാവണമെന്നില്ലെങ്കിലും, അനിയന്ത്രിതമായ അധികാരം മനുഷ്യനെ തിന്മയിലേക്കേ നയിക്കൂ. കാരണം, കാന്റ് പറഞ്ഞതുപോലെ മനുഷ്യനു് തിന്മയിലേക്കു്‌ സ്ഥായിയായ ഒരു ചായ്‌വുണ്ടു്. Sadism എന്ന വാക്കിന്റെ തന്നെ കാരണഭൂതനായ സാഡ് തന്റെ മനഃശാസ്ത്രം എഴുതുക മാത്രമല്ല, സാധിച്ചപ്പോഴൊക്കെ ജീവിക്കുകയുമായിരുന്നു, അഥവാ നിഷേധിക്കുകയായിരുന്നില്ലല്ലോ.

ലോത്തില്‍ (അക്കാലത്തു്!) 'വഴിവിട്ട' ലൈംഗികത ശിക്ഷിക്കപ്പെടുമ്പോള്‍, സാഡ് 'സ്വതന്ത്രവും ക്രൂരവുമായ' ലൈംഗികതയുടെ വക്താവാകുന്നു. Sade-ന്റെ അടിത്തറയില്‍ പണിയുന്ന പസോളിനി, താങ്കളുടെ ശരിയായ നിഗമനം പോലെ, അതിലേക്കു് നാസി ഐഡിയോളജിയുടെ കയ്പുരസം കൂടി കലര്‍ത്തുന്നു!

പിന്നെ, ദൈവത്തെ വെറുതെ വിടുമ്പോഴും, ശിക്ഷിക്കുമ്പോഴും ദൈവത്തില്‍നിന്നും ഒരു പ്രതികരണമാണു് പ്രതീക്ഷിക്കുന്നതെങ്കില്‍ അതുണ്ടാവില്ല. അതുറപ്പു്‌ നല്‍കാന്‍ ഈ എനിക്കുപോലും കഴിയും. വെറുതെവിട്ടാല്‍ സമയമെങ്കിലും ലാഭിക്കാം! :)

ചാര്‍വാകന്‍ July 2, 2009 at 7:22 PM  

ഒരുനാട്ടില്‍ ഇത്രയും സ്വവര്‍ഗ്ഗാനുയായികള്‍ ഉണ്ടാകുമോ..?
ആര്‍ക്കറിയാം ,ചെലപ്പോ ദൈവത്തിന്റെ കാലത്തുകാണുമായിരിക്കാം .

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP