Wednesday, January 30, 2008

സൂരജിനു് ഒരു മറുപടി

പ്രിയ സൂരജ്‌,

താരാപഥത്തിന്റെ കമന്റിലെ രണ്ടും മൂന്നും പോയിന്റുകളുടെ എന്റെ മറുപടിക്കു് (മനുഷ്യരുടെ പെരുമാറ്റം, മരണം മുതലായവയെ സംബന്ധിച്ചവ) താങ്കള്‍ നല്‍കിയ അനുബന്ധങ്ങള്‍ യുക്തമാണു്. അവയെ അതേപടി അംഗീകരിച്ചുകൊണ്ടു്, കാര്യകാരണങ്ങളെ സംബന്ധിച്ച ഒന്നാമത്തെ പോയിന്റിനു് നല്‍കിയ മറുപടിയില്‍ എനിക്കുള്ള അല്പം വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ ഇവിടെ സൂചിപ്പിക്കട്ടെ. കമന്റിന്റെ ചെറിയ frame-ല്‍ ഒതുക്കാന്‍ മാത്രം ചെറുതല്ലാത്തതിനാലാണു്‍ പോസ്റ്റുന്നതു്.

ultimate reality എന്നതു് മതങ്ങളുടെ ഭാഷയില്‍ ദൈവമാണു്. മതങ്ങളുടെ ഭാഷ ഇവിടെ ആദ്യമേ ഒഴിവാക്കുന്നു. ഭൗതികതയുടെ ഭാഷയിലെ ultimate reality വിശദീകരിക്കാന്‍ ഇതുവരെ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടില്ല. Mathematical Induction പോലെ, ഒന്നിനു് പുറകെ ഒന്നായി 'ചെറിയ ചെറിയ' reality-കള്‍ അറിയാന്‍ കഴിയുമ്പോള്‍, അതിലും ആഴമേറിയ, ഭൗതികമായ ഒരു reality ഉണ്ടാവാം എന്നു് ഊഹിക്കുകയും, അതിനോടു് സാവകാശം സമീപിക്കാന്‍ ശ്രമിക്കുകയും മാത്രമാണു് ശാസ്ത്രം ഇതുവരെ ചെയ്തതും, ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നതും. ultimate reality യില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നും, ഒരുപക്ഷേ എന്നും ആയിരിക്കുമെന്നും ഉള്ളതിനു് ഏറ്റവും നല്ല ഉദാഹരണമാണു് dark matter, dark energy മുതലായവ. 'ഭാരമേറിയ' 30000 കോടി 'സൂര്യന്മാര്‍' മണിക്കൂറില്‍ എട്ടു് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ കറങ്ങുന്ന ഒരു ഗാലക്സി, സത്യത്തില്‍ കോടാനുകോടി കഷണങ്ങളായി ചിതറിത്തെറിക്കേണ്ടതാണു്. പക്ഷേ അതു് സംഭവിക്കുന്നില്ല. അതു് നിയന്ത്രിക്കുന്ന ശക്തികളാവാന്‍ സാദ്ധ്യതയുള്ളവയാണു് dark matter, gravitational lens മുതലായവ. പ്രപഞ്ചത്തിന്റെ 85 ശതമാനം വരുന്ന ഈ പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ശാസ്ത്രം കൈവരിക്കുന്നതു് ഒരു വലിയ നേട്ടമായിരിക്കും. അറിവിന്റെ ലോകത്തില്‍ അതു് വരുത്തുന്ന മൗലികമായ മാറ്റത്തെ പണ്ടു് ഗലീലിയുടെ കാലത്തു് സൂര്യനല്ല, ഭൂമിയാണു് 'കറങ്ങുന്നതെന്ന' കണ്ടുപിടുത്തത്തിന്റെ വിപ്ലവാത്മകതയുമായി മാത്രമേ താരതമ്യം ചെയ്യാനാവൂ.

നമുക്കു് പരിചിതമായ ഒരു ലളിത atom മാതൃക എടുക്കാം. പ്രോട്ടോണും, ന്യൂട്രോണും അടങ്ങുന്ന കേന്ദ്രവും, അതിനെ 'ചുറ്റുന്ന' എലക്ട്രോണുകളും. സ്കൂള്‍ പുസ്തകങ്ങളില്‍ പലപ്പോഴും അര പേജു് നിറച്ചു് വരച്ചുകാണിക്കുന്ന മാതൃക! (ഒരു മില്ലീമീറ്റര്‍ അളവിനുള്ളില്‍ ഒതുങ്ങുന്നതു് ഏകദേശം ഒരുകോടി atom ആണെന്ന വസ്തുത മനസ്സിലാക്കാന്‍ ആ മാതൃക സഹായിക്കുന്നില്ലതാനും.) കേന്ദ്രത്തിലെ അണുഘടകങ്ങളുടെ ഭാരവും, എലക്ട്രോണുകളുടെ അവയില്‍നിന്നുള്ള അകലവും, ഭാരവും സംഖ്യാപരമായി 'കാണുവാന്‍' കഴിഞ്ഞാലേ ഒരു ആറ്റത്തില്‍ ദ്രവ്യം എന്നു് പറയാവുന്നതു് നിസ്സാരമായ ഒരംശം മാത്രമാണെന്നും, അധികപങ്കും ശൂന്യതയാണെന്നും മനസ്സിലാക്കാനാവൂ. അതായതു്, ഈ 'ശൂന്യതയെ' ഒഴിവാക്കാന്‍ കഴിഞ്ഞാല്‍, അതുവഴി രൂപമെടുക്കുന്ന 'പുതിയ' ഭൂമി 'കയ്യിലൊതുങ്ങുന്ന' വ്യാപ്തത്തിലേക്കു് ചുരുങ്ങും. ഈ 'പുതിയ' ദ്രവ്യത്തിന്റെ ഭാരം ഒരു ലിറ്റര്‍ വെള്ളത്തിന്റേതു് പോലെ ഒരു കിലോഗ്രാമല്ല, എത്രയോ കോടി കിലോഗ്രാം ആയിരിക്കുമെന്നു് മാത്രം. ലോകത്തില്‍ ദ്രവ്യം എന്നു് നമ്മള്‍ മനസ്സിലാക്കുന്ന വസ്തുക്കളിലും, യഥാര്‍ത്ഥത്തില്‍, ദ്രവ്യമല്ല 'ശൂന്യത' ആണു് കൂടുതലും! എന്താണു് ഈ ശൂന്യത? അതു് തികച്ചും 'ശൂന്യം' ആണോ?

മുകളില്‍ സൂചിപ്പിച്ച 'നിസ്സാരമായ' അളവു് മൂലം ഒരു ആറ്റത്തിന്റെ ആന്തരജീവിതം പരിശോധിക്കാന്‍ ഇതുവരെയുള്ള ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും അപര്യാപ്തമായിരുന്നു. ഈ കുറവു് പരിഹരിക്കാനുതകുന്ന ഒരു ഉപകരണം ഏതാണ്ടു് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഉപകരണത്തിന്റെ ആറ്റോസെക്കന്റ്‌ മേഖലയിലെ X-ray 'ഫ്ലാഷുകള്‍' ഉപയോഗിച്ചു് പ്രകാശതരംഗങ്ങളുടെ മാത്രമല്ല, ആറ്റത്തിന്റെ ഉള്ളിലെയും 'ഫോട്ടോ എടുക്കാന്‍' സാധിക്കും. ഒരു ആറ്റോ സെക്കന്റ്‌ (as) = 0,000 000 000 000 000 001 സെക്കന്റ്‌! ഒരു ആറ്റോ സെക്കന്റും ഒരു സെക്കന്റും തമ്മിലുള്ള അനുപാതം, ഏകദേശം ഒരു സെക്കന്റും പ്രപഞ്ചത്തിന്റെ പ്രായവും തമ്മിലേതിനു് തുല്യമാണു്! ഈ വസ്തുതകളെല്ലാം വെളിപ്പെടുത്തുന്നതു് ultimate reality-യില്‍ നിന്നും നമ്മള്‍ വളരെ അകലെയാണെന്നല്ലേ? ultimate reality വിശദീകരിക്കാന്‍ ശാസ്ത്രത്തിനാവുമെന്നു് പറയാറായിട്ടില്ലെന്നു് സൂചിപ്പിക്കാനാണു് ഞാന്‍ ശ്രമിച്ചതു്. എല്ലാം അറിയാം എന്നു് അവകാശപ്പെടാനുള്ള ധൈര്യം മതങ്ങള്‍ക്കേ ഉള്ളൂ. അവര്‍ക്കു് കൂട്ടിനു് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവവുമുണ്ടുതാനും.

ദൈനംദിനജീവിതത്തിലും, ശാസ്ത്രത്തിലും കാര്യകാരണബന്ധം നിലനില്‍ക്കുന്ന പ്രതിഭാസങ്ങളുണ്ടു്. ന്യൂട്ടോണിയന്‍ ഫിസിക്സിലും, കെമിസ്ട്രിയിലുമൊക്കെ അവയ്ക്കു് ഉദാഹരണങ്ങളുമുണ്ടു്. പക്ഷേ അതു് "ഏതു് 'A'-യില്‍ നിന്നും ഒരു 'B' ഉണ്ടാവുന്നു" എന്നതിനു് നീതീകരണമായി ഉപയോഗിക്കാവുന്നതല്ല. തന്റെ Uncertainty Priciple-നു് ഫിസിക്സ്‌ നോബല്‍പ്രൈസ്‌ നേടിയവനും തത്വചിന്തകനുമായിരുന്ന വെര്‍ണര്‍ ഹൈസെന്‍ബെര്‍ഗ്‌ പറയുന്നു: "പിണ്ഡം, ഊഷ്മാവു്, സ്ഥാനം മുതലായവയുടെ നിലവിലിരിക്കുന്ന പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തില്‍, സ്ഥല-കാലങ്ങളില്‍ തുടരുന്നതും അടുത്തതുമായ അവസ്ഥകളെ കണക്കു് കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതാണു് causality എന്നതു്. അങ്ങനെയുള്ള ഒരു പ്രവചനം അസാദ്ധ്യമായ പ്രപഞ്ചത്തില്‍ causality അടിസ്ഥാനരഹിതമാണു്. അവിടെ statistical നിയമങ്ങളേ ഉള്ളൂ. വ്യക്തമായ നിയമങ്ങള്‍ അനിവാര്യമായ causality അവിടെ അസ്ഥാനത്താണു്." quantum physics-ല്‍ elementary particles-ന്റെ സ്വയം രൂപമെടുക്കലിലും നശീകരണത്തിലും ഈ വസ്തുത ദര്‍ശിക്കാന്‍ കഴിയും. Kant, Hume, Helmholts, Comte, Mach, Hegel, Einstein തുടങ്ങി എത്രയോ പേര്‍ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ടു് പൊരുതിയ ഒരു വിഷയമാണിതു്. എഴുതപ്പെട്ട പുസ്തകങ്ങളും കുറവല്ല.

അതുപോലെ സൂരജ്‌ സൂചിപ്പിച്ച Metric tensor-ലെ two dimensions നമുക്കു് പരിചിതമായ നീളം, വീതി എന്ന രണ്ടു് ഡൈമെന്‍ഷനുകളുമായി തത്തുല്യമല്ല. Riemann surface is a multilayered surface on which a multivalued function of a complex variable can be interpreted as a single-valued function. നമുക്കു് അനുഭവമായ മൂന്നു് ഡൈമെന്‍ഷനുകള്‍ മാത്രമല്ല, എണ്ണമറ്റ ഡൈമെന്‍ഷനുകള്‍ താത്വികമായി ഗണിതശാസ്ത്രത്തില്‍ സാദ്ധ്യമാണെന്നറിയാമല്ലോ. പ്രപഞ്ചവികാസം സംബന്ധിച്ച മറ്റഭിപ്രായങ്ങളോടു് യോജിക്കുന്നു.

Big-bang എന്നാല്‍ പള്ളിപ്പെരുന്നാളുകളിലേതിനേക്കാള്‍ ഇത്തിരി വലിയ ഒരു 'കതിനവെടി' എന്നു് കരുതുന്നവര്‍ പ്രപഞ്ചവികാസം എന്നാല്‍ ഒരു 'ബലൂണ്‍ വീര്‍ക്കല്‍' ആണെന്നും കരുതും, അത്രതന്നെ. പ്രപഞ്ചത്തിനു് അതില്‍ത്തന്നെ വികസിക്കാനാവുമെന്നും, പ്രപഞ്ചം അതില്‍ത്തന്നെ അതിര്‍ത്തിയും ഉള്ളടക്കവുമാവാമെന്നുമൊക്കെ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. അതിരും പരിധിയുമൊന്നുമില്ലാത്ത പ്രപഞ്ചം എന്തു് പ്രപഞ്ചം!? നമ്മെ സംബന്ധിച്ചു് ഇന്നും സൂര്യന്‍ കിഴക്കുദിച്ചു് പടിഞ്ഞാറു് അസ്തമിക്കുകയല്ലാതെ ഭൂമി പടിഞ്ഞറുനിന്നും കിഴക്കോട്ടു് കറങ്ങുകയല്ലല്ലോ! "ആദിസ്ഫോടനം ഉണ്ടാവാന്‍ അന്നു് oxygen ഉണ്ടായിരുന്നോ?" എന്നു് ചോദിച്ച ഒരു പുരോഹിതനെ എനിക്കു് പരിചയപ്പെടേണ്ടി വന്നിട്ടുണ്ടു്! തന്റെ അറിവു് ഖണ്ഡിക്കപ്പെടാവുന്നതല്ല എന്ന പൂര്‍ണ്ണവിശ്വാസവും, 'പുരോഹിതന്‍' എന്ന പദവിയുടെ തലക്കനവും, ദൈവത്തിന്റെ പിന്‍ബലം തനിക്കുണ്ടെന്ന ഉറപ്പുമെല്ലാം മൂലം അധികാരത്തിന്റെ പ്രത്യേകതയായ ഒരുതരം പുച്ഛസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിഡ്ഢിത്ത വിളംബരം!

സാമാന്യബുദ്ധിക്കു് ഭ്രാന്തു് എന്നു് തോന്നുന്ന പലതും ശാസ്ത്രത്തിന്റെ കയ്യില്‍ പണിയായുധങ്ങള്‍ ആവാറുണ്ടെന്നതു് ശരിതന്നെ. ഉദാഹരണത്തിനു് minus one (-1) ന്റെ വര്‍ഗ്ഗമൂലം. ശാസ്ത്രത്തില്‍ പലപ്പോഴും നേരിടേണ്ടിവരുന്ന complex numbers 'ആവിഷ്കരിക്കാന്‍ ' ഉപയോഗിക്കുന്ന 'imaginary'! ഇങ്ങനെ ഒരു 'അസാദ്ധ്യതയുടെ' സഹായമില്ലാതെ ഉന്നത ഗണിതശാസ്ത്രത്തിലെയോ, Electrical Engineering-ലെയോ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമായിരുന്നോ? longitude-ഉം latitude-ഉം ഭൂമിയില്‍ കാണാനാവില്ലല്ലോ! ഉണ്ടായതെല്ലാം സ്വയമേവ ഉണ്ടായി. ഉണ്ടാക്കിയതെല്ലാം മനുഷ്യന്റെ കൈവേലയും!

6 comments:

ILA(a)இளா January 30, 2008 at 8:52 PM  

http://malayalam.blogkut.com/

സൂരജ് January 30, 2008 at 9:22 PM  

പ്രിയപ്പെട്ട, ബാബു മാഷ്,

പേരിലെ പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്. (പഴയ ചില പോസ്റ്റുകളിലും അതുണ്ടെന്നു തോന്നുന്നു. തപ്പിപ്പിടിച്ച് തിരുത്തിയേക്കാം :)

Ultimate Reality യെക്കുറിച്ചുള്ള ഒരേകാഴ്ചപ്പാടിന്റെ രണ്ടു വശങ്ങളായിട്ടാണ് നമ്മുടെ ഇക്കാര്യത്തിലെ അഭിപ്രായവ്യത്യാസത്തെ ഞാന്‍ കാണുന്നത്. ഒരു നാണയത്തിന്റെ വശങ്ങള്‍ പോലെ:

ഒന്നാമതായി വളരെ നീണ്ടൊരു ആമുഖം വേണ്ടുന്ന വിഷയമായിരുന്നു അത്. പ്രത്യേകിച്ചും ശാസ്ത്രം എന്നാലെന്ത്, മനുഷ്യയുക്തിയും ശാസ്ത്രവും ഒന്നാണോ, ശാസ്ത്രീയതയും ശാസ്ത്രവും ഒന്നാണോ എന്നിങ്ങനെ കുറേ ചോദ്യങ്ങളുടെ വിശകലനം ഒഴിവാക്കി കാച്ചിക്കുറുക്കി ആ പോസ്റ്റിന് ഞാന്‍ ഇട്ട കമന്റിന്റെ വെളിച്ചത്തിലാണെന്നു തോന്നുന്നു Ultimate universal reality എന്നതുകൊണ്ട് ഞാനുദ്ദേശിച്ചതെന്ത് എന്ന് വ്യക്തമാവാതെ പോയത്.

എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics) വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)

5. പ്രപഞ്ചനിയമങ്ങളുടെ ഭാഷയായ ഗണിതത്തിലൂടെയേ നമുക്കു പ്രപഞ്ചത്തിന്റെ സത്തയെക്കുറിച്ചും യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അറിയാനാകൂ.Because, the universe is intrinsically mathematical.

6. ആ ഗണിതമാകട്ടെ എല്ലായ്പ്പോഴും നമ്മുടെ സാമാന്യയുക്തിക്ക് നിരക്കുന്നതാവണമെന്നില്ല. നമ്മുടെ commonsense-നു കടകവിരുദ്ധമായ കാര്യങ്ങള്‍ പോലും പ്രപഞ്ചത്തിന്റെ നിയമങ്ങളിലും സത്തയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നു സാരം. കാരണം, ഗണിതം പ്രപഞ്ചനിയമങ്ങളെയാണ് അനാവരണം ചെയ്യുന്നത്. ആ ഗണിതത്തെ സാമാന്യയുക്തിക്കനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന പണിയാണ് മനുഷ്യമസ്തിഷ്കം ചെയ്യുന്നത്. ആ capacity-യാകട്ടെ നേരത്തെ പറഞ്ഞ (പോയിന്റ് -3) പ്രകാരം നമുക്കു limited ആണ്.

7. അപ്പോള്‍ ഈയൊരു അര്‍ത്ഥത്തില്‍ നോകിയാല്‍ പ്രപഞ്ചത്തിന്റെ ultimate reality എന്നത് മനുഷ്യയുക്തിക്ക് പൂര്‍ണ്ണമായി വഴങ്ങുന്ന ഒന്നല്ല.

8. പക്ഷേ, മനുഷ്യയുക്തിക്കു വഴങ്ങാത്തതാണ് എന്നുകരുതി അത് ശാസ്ത്രത്തിനോ അതിന്റെ ഭാഷയായ ഗണിതത്തിനോ‍ വഴങ്ങാതിരിക്കണമെന്നര്‍ത്ഥമില്ല.

ഒരു ഉദാഹരണത്തിലൂടെ ഈ ലോജിക് വിശദീകരിക്കാം :

പ്രപഞ്ചത്തിന്റെ, മൂന്നു ഡൈമെന്‍ഷന്‍ മാത്രമുള്ള ഒരു തലത്തിലാണ് ഭൂമിയിലെ മനുഷ്യനടക്കമുള്ള എല്ലാ ജന്തുക്കളുടെയും ഉത്ഭവവും പരിണാമവും. അപ്പോള്‍ ആ 3 ഡൈമെന്‍ഷനുകളാല്‍ പരിമിതപ്പെട്ടിരിക്കുന്നു നമ്മുടെ കാഴ്ച, കേള്‍വി എന്നിങ്ങനെയുള്ള ഇന്ദ്രിയ പ്രവര്‍ത്തനങ്ങളും അതിന്റെ ആകെത്തുകയായ മനസ്സും. എന്നാല്‍ ഗണിത നിര്‍ധാരണങ്ങള്‍ വഴി പ്രപഞ്ചത്തിന്റെ fabric-ല്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന time-നെയോ, മറ്റു ഡൈമെന്‍ഷനുകളെയോ കണ്ടെത്താന്‍ ഐന്‍സ്റ്റീനോ, ഫ്രീഡ്മാണോ ഒന്നും മനുഷ്യമസ്തിഷ്കത്തിന്റെ ഈ പരിമിതികള്‍ ഒരു തടസ്സവും ഉണ്ടാക്കിയില്ല.
എന്നാല്‍ നാലാമതൊരു ഡൈമെന്‍ഷനെയോ സ്പേസും കാലവും ഇഴചേര്‍ന്ന ഒരു പ്രപഞ്ച ജ്യാമിതിയേയോ ഒന്നും നമ്മുടെ common-man's sense-നു വഴങ്ങും വിധം ആവിഷ്കരിക്കാനാവുന്നില്ല, ഇപ്പോഴും. (നമ്മുടെ ബിഗ്-ബാംഗ് - കതിനാവെടി സങ്കല്പം നല്ലോരുദാഹരണം.)

ഇതിന്റെയര്‍ത്ഥം, പ്രപഞ്ച/പ്രകൃതി നിയമങ്ങള്‍ ഒരിക്കലും മനുഷ്യനു വഴങ്ങില്ല എന്നല്ല. . പ്രകൃതിയുടെ ഭാഷയായ ഗണിതത്തിലൂടെ നമുക്ക് പ്രപഞ്ചത്തെ decode ചെയ്തും demystify ചെയ്തും എടുക്കാവുന്നതേയുള്ളൂ. പക്ഷേ ആ decode ചെയ്ത ഭാഷ പൂര്‍ണ്ണമായും വായിക്കാനും മനസ്സിലാക്കാനും നമ്മുടെ biological ആയ പരിമിതികള്‍ മൂലം നമുക്കു കഴിയുമോ എന്ന കാര്യത്തിലേ ഉള്ളൂ സംശയം.

Causality, ക്വാണ്ടം ലോകത്തെ Uncertainty, പാര്‍ട്ടിക്കിള്‍-തരംഗ ദ്വന്ദ്വം തുടങ്ങിയവയൊക്കെ ഇതേ ആശയത്തെ ബലപ്പെടുത്തുന്നു - ഇവയൊക്കെ mathematical ആയി prove ചെയ്യാനും, testable predictions നടത്താനുമൊക്കെ നിഷ്പ്രയാസം കഴിയും.ഈ തത്വങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ആകെയുള്ള പ്രശ്നം, ഈ principles നമ്മുടെ biologically delimited ആയ യുക്തിക്ക് നിരക്കുന്നതാക്കാന്‍ ഉള്ള പ്രയാസമാണ്.
അതാകട്ടെ ശാസ്ത്രത്തിന്റെ പ്രശ്നമല്ല, അത് interpret ചെയ്യുന്ന മനുഷ്യന്റേതാണുതാനും.

ആത്യന്തികമായി നോക്കിയാല്‍, നമ്മുടെ മതങ്ങളിലോ അതിനു പുറത്തോ ഉള്ള ദൈവ സങ്കല്‍പ്പങ്ങളേക്കാളൊക്കെ അത്ഭുതാവഹവും വിചിത്രവും അവര്‍ണ്ണനീയവുമാണ് പ്രപഞ്ചം. അതിന്റെ രഹസ്യക്കെട്ടഴിക്കാന്‍ കുത്തിയിരുന്ന് ധ്യാനിക്കുകയോ, തപസ്സുചെയ്യുകയോ, നിലവിളിച്ചു പ്രാര്‍ത്ഥിക്കുകയോ അല്ല വേണ്ടത് - മറിച്ച് ശാസ്ത്രത്തെ അറിയുകയും പ്രയോഗിക്കാന്‍ പഠിക്കുകയുമാണ് വേണ്ടത്.

പറഞ്ഞുവരുമ്പോള്‍ അങ്ങ് ഇതേ ആശയം തന്നെ വേറൊരു ആംഗിളില്‍ നിന്ന് കാണുകയാണ് എന്ന് എനിക്കു തോന്നുന്നു.


മെട്രിക് ടെന്‍സറിനെക്കുറിച്ച് അപ്പു എന്ന ബ്ലോഗര്‍ ഒരു സംശയമുന്നയിചതു കണ്ടപ്പോഴാണ് ആ പോയിന്റ് അല്പം കൂടി വിശദീകരിച്ചില്ലെങ്കില്‍ ‘ബലൂണ്‍-പ്രപഞ്ചവികാസം’ പോലെ അതും തെറ്റിദ്ധരിക്കാനിടയാവുമെന്ന് മനസ്സിലായത്. താങ്കള്‍ ഇവിടെ അത് അല്പം കൂടി ഡീറ്റെയില്‍ഡ് ആക്കി. നന്ദി.

ഞാന്‍ ഈ വിഷയത്തില്‍ തയാറാക്കിക്കൊണ്ടിരുന്ന ലേഖനത്തിലെ പ്രപഞ്ച-വികാസത്തെ വിശദീകരിക്കുന്ന ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം :

ബലൂണ്‍ വീര്‍ക്കുമ്പോള്‍ ബലൂണിന്റെ പ്രതലം വലിയുന്നുണ്ടല്ലോ (stretching). ബലൂണിന്റെ ഈ വലിവ് നാം 2 ഡൈമെന്‍ഷനിലാണല്ലൊ കാണുന്നത് - അതായത് ബലൂണിന്റെ പ്രതലത്തില്‍ രണ്ടു വരകള്‍ x, y ആക്സിസുകളെ പ്രതിനിധീകരിച്ചു വരച്ചാല്‍, ബലൂണിന്റെ വലിയല്‍ ആ രണ്ടു ആക്സിസുകളില്‍ മാത്രമാണെന്നു മനസ്സിലാക്കാം. ബലൂണിന്റെ വീര്‍ക്കല്‍ എന്നത് നേരത്തെ പറഞ്ഞ x, y ആക്സിസുകള്‍ക്ക് ലംബമായി (perpendicular) സങ്കല്‍പ്പിക്കാവുന്ന ഒരു z അക്സിസിന്റെ ദിശയിലേക്കായിരിക്കും. ഈ z ആക്സിസിന്റ്റെ ദിശയിലാണ് നമ്മള്‍ ബലൂണിനുള്ളിലേയ്ക്ക് ഊതി കാറ്റു നിറയ്ക്കുന്നത്.

ഇനി പ്രപഞ്ചത്തിന്റെ മെട്രിക്കിനെ സംബന്ധിച്ച് ഈ ആക്സിസുകള്‍ ഏതെല്ലാം ഡൈമെന്‍ഷനെ പ്രതിനിധീകരിക്കുന്നു എന്നു നോക്കാം. ബലൂണിന്റെ പരപ്പ് വര്‍ധിക്കുന്നത് അതിന്റെ പ്രതലം വലിയുമ്പോഴാണല്ലൊ. ബലൂണിന് ഇത് 2 ഡൈമെന്‍ഷനിലുള്ള വലിയലാണെങ്കില്‍ പ്രപഞ്ചത്തിന് ഇത് 3 ഡൈമെന്‍ഷനിലുള്ള വലിയല്‍ ആണ്. (പ്രപഞ്ചത്തിന്റെ മൂന്നാമത്തെ ഡൈമെന്‍ഷന്‍ ബലൂണിന്റെ രണ്ടു ഡൈമെന്‍ഷനിലായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക ; വലിയ പാടാണ് അങ്ങനെ സങ്കല്പിക്കുവാന്‍, എങ്കിലും ഒന്ന് ശ്രമിക്കുക. ) ബലൂണിന്റെ മുന്നാമത്തെ ഡൈമെന്‍ഷനിലുള്ള വികാസത്തെ പ്രപഞ്ചത്തിന്റെ 4-ആം ഡൈമെന്‍ഷനിലുള്ള വികാസമായും കാണുക. പ്രപഞ്ചത്തീന്റെ ഈ നാലാം ഡൈമെന്‍ഷന്‍ ഗണിതപരമായ വ്യവഹാരങ്ങളിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളിലും ആവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും കണ്ണുകൊണ്ടോ, യന്ത്രങ്ങള്‍ കൊണ്ടോ അതിനെ കാണാനോ അനുഭവിക്കാനോ, മറ്റു ഡൈമെന്‍ഷനുകളില്‍ നിന്നും വേര്‍തിരിച്ചറിയാനോ നമുക്കു കഴിയില്ല....
അതും, ഒപ്പം ഈ കമന്റിലെ ആശയങ്ങളും ഒക്കെ വിശദമാക്കിക്കൊണ്ട് ഒരു പോസ്റ്റു തന്നെ ഡ്രാഫ്റ്റാക്കി വച്ചിട്ടുണ്ട്... പീന്നീട് ഇടാമെന്നു വിചാരിക്കുന്നു :)

regards,

suraj

സി. കെ. ബാബു January 30, 2008 at 10:11 PM  

പ്രിയ സൂരജ്,

പ്രപഞ്ചം എന്ന ഒരു objective reality ഉണ്ടു് എന്നു് നമുക്കു് അറിയാം. അതെന്തെന്നു് ഇതുവരെ പൂര്‍ണ്ണമായി നമുക്കു് അറിയുകയില്ല. പ്രപഞ്ചത്തിലെ നിയമങ്ങള്‍ statistical ആണു്. statistical നിയമങ്ങള്‍ വാഴുന്നിടത്തു് causality- ക്കു് അര്‍ത്ഥമില്ല. ഈ രണ്ടു് കാര്യങ്ങള്‍ നിഷേധിക്കാനാവില്ല എന്നതാണു് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.

സൂരജ് സൂചിപ്പിച്ച പോസ്റ്റിനു് കാത്തിരിക്കുന്നു.

ആശംസകള്‍!

സൂരജ് January 30, 2008 at 10:16 PM  

തീര്‍ച്ചയായും!
ഈ ബിന്ദുവില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒന്നാകുന്നു എന്നു തന്നെയാണ് എനിക്കു തോന്നുന്നത് :)

Jack Rabbit January 31, 2008 at 2:59 AM  

On January 30, 2008 at 9:22 PM Suraj wrote,

ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.


Dear Suraj,
Science is both a) a systematic process of enquiry AND b) collection of knowledge gained through that process. Although holding a university science degree implies expertise in second, the former comes under the study of philosophy of science and becomes relevant in the discussion of what consititutes science and how science differs from other methods of enquiry. In my humble opinion, that is missing in most of the science and technology curriculum in India.

Praveen Vattapparambath February 17, 2009 at 7:07 AM  

mashe..

dhenthutaa ithu? ithoke vayichu bloggerku enthelum sambavichaal?

chumma paranjathatto...kure waste blogukalkidayil "unnathamaya chinthayum unnathamaya nilavaravum" ulla oru blog kandu..thikachum useful..
thanks

keep it up

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP