Friday, August 24, 2007

കുരുവിളയെ വിശുദ്ധനാക്കണം

എന്റെ വിനീതമായ ഈ അഭിപ്രായം ഒരു വളിപ്പോ കളിപ്പോ അല്ല. സൂക്ഷിച്ചുനോക്കിയാല്‍ ഇതിനുപിന്നിലെ മരണതുല്യമായ ആത്മാര്‍ത്ഥത ആര്‍ക്കും കാണാന്‍ കഴിയും. കുരുവിളയെന്ന നാമത്തില്‍ ഇവിടെ ക്രൂശിക്കപ്പെടുന്നതു് കളങ്കമില്ലാത്ത ഒരാത്മാവാണു്. ആ പാപരാഹിത്യം കാണാന്‍ കഴിയാത്തതു് നോക്കുന്നവരുടെ വീക്ഷണത്രികോണത്തിന്റെ തകരാറുകൊണ്ടു് മാത്രമാണു്. അവര്‍ ഒരുനിമിഷം ജോസപ്പുപിതാവിന്റെ മൂലയിലേക്കു് മാറിനിന്നു് കാര്യങ്ങള്‍ വീക്ഷിക്കാനുള്ള സന്മനസ്സു് കാണിച്ചാല്‍ കുരുവിളപ്പിതാവിന്റെ സത്യസന്ധത മഷിയില്‍ തെളിയുന്നതുപോലെ വ്യക്തമാവുന്നതു് കാണാം.

ഹേയ്‌! പൊതുജനമേ! നിങ്ങള്‍ പണ്ടേതന്നെ കഴുതകളായതിന്റെ ഉത്തരവാദിത്തം എന്തു് നരകത്തിന്റെ പേരില്‍ പാവം കുരുവിളസാര്‍ അനുഭവിക്കണമെന്നു് ഒന്നു് പറഞ്ഞുതരുമോ?

ഒരു ക്രിസ്തീയസഭയില്‍ കുപ്പായമിടാത്തൊരു കുഞ്ഞാടിനു് ലഭിക്കാവുന്ന മുഴുവന്‍ ബഹുമതികളും ലഭിച്ച ഒരു ശുദ്ധമനസ്കനെ കുറ്റംവിധിച്ചു് കുരിശിലേറ്റുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതു് നരകവാസിയായ സാത്താനാണു്. തന്മൂലം കുഞ്ഞുങ്ങളേ! നിങ്ങള്‍ പോട്ടയിലേക്കു് ചെല്ലൂ! പിശാചുബാധയില്‍നിന്നും, ഭൂതബാധയില്‍നിന്നും നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കൂ! അങ്ങനെ, സഭയില്‍ അനിതരസാധാരണമായ ദൈവഭയവും, താഴാഴ്മയും, ആത്മശുദ്ധിയും തെളിയിച്ചതിന്റെ പേരില്‍ ലെഫ്റ്റനന്റ്‌, കമാണ്ടര്‍, മേജര്‍ ജനറല്‍, ഷെവലിയര്‍ മുതലായ പദവികളുടെ ഭാരം യാതൊരു മടിയോ, മുറുമുറുപ്പോ കൂടാതെ ഏറ്റുവാങ്ങിയ കുരുവിളപ്പിതാവിന്റെ യഥാര്‍ത്ഥവ്യക്തിത്വം മനസ്സിലാക്കാന്‍ ശ്രമിക്കൂ! സത്യം തിരിച്ചറിയാന്‍ കഴിയാതെ പോയതിനു് ദൈവത്തോടു് മാപ്പു് ചോദിക്കൂ! വീണ്ടും വീണ്ടും രട്ടുടുത്തു്, ചാരക്കുഴിയിലിരുന്നു് വിലപിക്കൂ! അനുതപിക്കൂ!

അദ്ദേഹത്തിന്റെ വസ്തു ഇടപാടുകള്‍ക്കു് ആത്മീയവും, ഭൗതികവുമായി പിന്‍തുണ നല്‍കിയവരുടെ മുന്‍പന്തിയില്‍ യേശു എന്ന പേരു് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതു് അദ്ദേഹത്തിന്റെ നിഷ്കളങ്കതയുടെ തെളിവല്ലെങ്കില്‍ പിന്നെയെന്താണു്? അജ്ഞരേ! നിങ്ങള്‍ പത്രവാര്‍ത്തകള്‍ കാണാറില്ലേ? വായിക്കാറില്ലേ? യേശുവിനെ നിങ്ങള്‍ക്കു് വിശ്വാസമില്ലെങ്കില്‍ വേണ്ട. ഏലക്കാടിന്റെ ആധാരത്തില്‍ കയ്യൊപ്പുവച്ച മോഹന്‍ലാലിനെയെങ്കിലും വിശ്വാസം വേണ്ടേ?

കേരളത്തിലെ പൊതുമരാമത്തിന്റെ പൊതുമന്ത്രിയായി അദ്ദേഹം ചെയ്യുന്ന നിസ്വാര്‍ത്ഥസേവനങ്ങളൊന്നും നിങ്ങള്‍ കാണുന്നില്ലേ? നടുറോഡില്‍ കിണറുകുഴിക്കാമെന്ന അത്യന്താധുനിക അറിവു് ജനങ്ങള്‍ക്കു് നേടിക്കൊടുക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതില്‍ അദ്ദേഹം അല്പമെങ്കിലും മടി കാണിച്ചോ? ദിനംപ്രതി എത്രപേരെയാണു് അദ്ദേഹം ജനനന്മക്കായി കേരളറോഡുകളിലെ കിണറുകളില്‍ ‍വീണു് ചാവാന്‍ വിടുന്നതു്? എത്ര പേരെയാണു് ബസുകളുടെ വീലുകള്‍ക്കടിയിലേക്കെറിഞ്ഞു് ചമ്മന്തിപ്പരുവമാക്കുന്നതു്? ഭാരതത്തിലെ ജനസംഖ്യ അല്‍പമെങ്കിലും കുറയ്ക്കാന്‍ റോഡില്‍ അപകടമരണങ്ങള്‍ വരുത്തിക്കൂട്ടി ചിക്കുന്‍ ഗുനിയയുമായി അദ്ദേഹം മത്സരിച്ചു് കഷ്ടപ്പെടുന്നതു് എന്തുകൊണ്ടു് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നില്ല? ഇതൊന്നും കാണേണ്ടതുപോലെ കാണാന്‍ നിങ്ങള്‍ക്കു് കഴിയാത്തതിനു് ആ പാവം എന്തു പിഴച്ചു?

പിടിപ്പുകേടുമൂലം, പൊതുമരാമത്തിനായി, പ്രയോജനരഹിതമായി പൊടിപൊടിച്ച കോടികളെ കേരളത്തിലെ ജനസംഖ്യ കൊണ്ടു് ഹരിച്ചാല്‍ ഓരോ കേരളീയനും തലയില്‍ വഹിക്കുന്ന കടം എത്രയെന്നു് അറിയാന്‍ കഴിയും. ഉപയോഗയോഗ്യമായ റോഡും, പാലവും ഉണ്ടാക്കാത്തതിന്റെ കടമാണു് അതെന്നതിനാല്‍ അതു് താങ്ങുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നതു് ശരിയാവാം. പക്ഷേ, കടമെടുക്കുന്ന പണം ലക്‍ഷ്യം നിറവേറ്റാതെ ഏതാനും പോക്കറ്റുകളിലേക്കൊഴുകുന്നതു് കാണാനും, അറിയാനും, കണക്കുകൂട്ടാനും നിങ്ങള്‍ക്കു് കഴിയാത്തതിന്റെ ഉത്തരവാദിത്വവും കുരുവിളസാര്‍ ഏറ്റെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നതു്? പറയുന്നതിനും വേണ്ടേ സഖാക്കളേ ഒരു മര്യാദയൊക്കെ? ഷെവലിയര്‍ കുരുവിള ഒരു പാവമാണെന്നു് കരുതി അങ്ങനെയങ്ങു് മുതലെടുക്കാമോ?

കുരുവിളസാര്‍ ചെയ്ത അത്ഭുതപ്രവൃത്തികള്‍ക്കു് എണ്ണമില്ല. ഇത്രയേറെ അത്ഭുതങ്ങള്‍ ചെയ്ത ഒരു വിശുദ്ധനും ഇന്നോളം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണു് ഓണച്ചന്തയിലെ പൊതുജനാഭിപ്രായം. അദ്ദേഹത്തിന്റെ സകല അത്ഭുതപ്രവൃത്തികളും എഴുതിയാല്‍, ആ പുസ്തകങ്ങള്‍ ലോകത്തിലെങ്ങും ഒതുങ്ങുമെന്നു് തോന്നുന്നില്ല.

ഭയം, ഭക്തി, താഴാഴ്മ, കീഴ്‌വഴക്കം, നീതിബോധം, ധര്‍മ്മബോധം, കുടുംബബോധം, കടല്‍കടന്നുള്ള അയല്‍പക്കസ്നേഹം അങ്ങനെ എണ്ണിയെണ്ണിപ്പറയാവുന്ന എത്രയോ സത്‌ഗുണങ്ങളുടെ ഉടമയായ ഒരു ജന-, സഭാ-, കുടുംബപ്രതിനിധിയും, മനുഷ്യസ്നേഹിയും, സാമൂഹികപരിഷ്കര്‍ത്താവും, മന്ത്രിയുമായ ഷെവലിയര്‍ കുരുവിളയെ അര്‍ഹിക്കുന്ന ബഹുമാനവും, ആദരവും നല്‍കി അനശ്വരനാക്കാന്‍, അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ വിശുദ്ധനാക്കി പ്രഖ്യാപിക്കണം എന്നു് ഈ വിഷയവുമായി ബന്ധപ്പെട്ടവരോടു് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

അതോടൊപ്പം, ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം വലിച്ചുവാരി തലയില്‍ കയറ്റി റാങ്കുസഹിതം പരീക്ഷ പാസ്സായി, ഇപ്പോള്‍ "നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാതെ, മൂന്നാറിലെ കാട്ടില്‍ ചെന്നുകിടക്കുന്ന" നാരായണസ്വാമിയെ മാനസികസമനില തെറ്റിയവനായി പ്രഖ്യാപിച്ചു് ആദ്യം പോട്ടയിലും, പിന്നെ കുതിരവട്ടത്തും പൂട്ടിയിടണമെന്നും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഞാന്‍ വിരമിക്കുന്നു. എനിക്കു് അല്പം തിരക്കുണ്ടു്.

(ഒരേക്കര്‍ ഏലത്തോട്ടം ഒപ്പിക്കാന്‍ പറ്റുമോന്നു് നോക്കണം! മൂന്നാറില്‍ ഒന്നു് റിസോര്‍ട്ടണം, റിസോര്‍ട്ടണംന്നൊരു മോഹം എനിക്കുംണ്ടെന്നു് കൂട്ടിക്കോളൂ!)

5 comments:

Joe August 24, 2007 at 7:40 PM  

Superrrrr Buddy...Kallakiiii kadu varuthhuuu

സിമി August 25, 2007 at 10:29 AM  

ആദ്യമേ വളിപ്പോ കളിപ്പോ അല്ല എന്നു പറഞ്ഞത് ഉപകാ‍രമായി. ഞാനും ഒപ്പുവെക്കുന്നു. ഇതില്‍ എല്ലാ ബ്ലോഗേഴ്സും ഒപ്പുവെച്ചാല്‍ ഒരു ഭീമഹര്‍ജിയായി അച്ചുവിനു കൊടുക്കാം.

മുടിയനായ പുത്രന്‍ August 25, 2007 at 1:45 PM  

നന്ദി, joe!

നന്ദി, സിമി!
ചില കാര്യങ്ങള്‍ മുന്‍പേ തുറന്നുപറഞ്ഞാല്‍ പിന്നീടു് പല തെറ്റിദ്ധാരണകളും ഒഴിവാക്കാമെന്നു് കരുതി, അത്രേയുള്ളു. ജനവികാരത്തിലെ ആന്ദോലനങ്ങള്‍ അച്ചുവിനു് ഭീമഹര്‍ജിയില്ലാതെ അറിയില്ലെന്നുണ്ടോ?

ഹരിയണ്ണന്‍@Harilal August 25, 2007 at 11:18 PM  

എന്റെ വകയും ഒരു ഒപ്പു പിടിച്ചോ...
കുരുവിളയെ(ഇപ്പോ കുരു വിളഞ്ഞുപൊട്ടി)കണ്ടപ്പോഴേ തോന്നിയതാ,ഒരു ടി.എച്ച്.മുസ്ത്ഫ ലുക്ക്!എന്തായാലും പുള്ളി കേരളാ കാങ്ക്രസിന്റെ മാനം കാത്തു.

Google+ Followers

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP